ഫ്രാന്‍സില്‍ മുഴങ്ങുന്നത് അപകടമണിയോ?
ധര്‍മ്മസങ്കടത്തിലായിരിക്കുന്നത് ഫ്രാന്‍സിലെ മുസ്‌ലിംകളാണ്. മറിന്‍ ലു പെന്‍ തീവ്ര ഫാഷിസ്റ്റാണെങ്കില്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇസ്‌ലാമോഫോബിക്കാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം മക്രോണിനെ സഹിച്ച മുസ്‌ലിംകള്‍ക്ക് രാജ്യം രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മറ്റൊരു ഓപ്ഷന്‍ ഇല്ലാതായിരിക്കുന്നു.
പാരിസിലെ എലിസീ കൊട്ടാരത്തില്‍ ഭരണചക്രം തിരിക്കുന്നത് ആരെന്നറിയാന്‍ ഏപ്രില്‍ 24ന് നടക്കുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ് കഴിയണം. എന്നാല്‍, ഫ്രാന്‍സിന്റെ സഞ്ചാരം എങ്ങോട്ടാണ് എന്നതിനെക്കുറിച്ച് ധാരണയായിക്കഴിഞ്ഞു. ഒന്നുകില്‍ നിലവിലുള്ള പ്രസിഡന്റും സെന്‍ട്രിസ്റ്റുമായ ഇമ്മാനുവല്‍ മക്രോണ്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും വിജയിച്ച് ചരിത്രം കുറിക്കും. അതല്ലെങ്കില്‍ തീവ്ര വലതുപക്ഷക്കാരിയായ നാഷനല്‍ റാലി പാര്‍ട്ടി നേതാവ് മറിന്‍ ലു പെന്‍ വിജയക്കൊടി നാട്ടും. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ദിശമാറ്റിയെഴുതുന്ന ചരിത്ര സംഭവമായി അതും മാറും.
ഞായറാഴ്ചത്തെ ആദ്യ റൗണ്ടില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയ ഇരു സ്ഥാനാര്‍ഥികളും രണ്ടാം റൗണ്ടില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഫ്രഞ്ച് രാഷ്ട്രീയം എങ്ങോട്ടാണെന്ന ചോദ്യം മുമ്പത്തേക്കാള്‍ ശക്തിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഒന്നാം റൗണ്ടില്‍ മക്രോണിന്റെയും മറിന്‍ ലു പെനിന്റെയും എതിരാളികള്‍ക്ക് വോട്ടു ചെയ്തവര്‍ രണ്ടാം റൗണ്ടില്‍ ഇവരിലാരെ പിന്തുണക്കുമെന്നത് നിര്‍ണായകമാണ്. 2002ലും 2017ലും കണ്ടതുപോലെ തീവ്ര വലതുപക്ഷം അധികാരത്തില്‍വരുന്നത് തടയാന്‍ ഇടതു, വലതുപക്ഷ വിഭാഗങ്ങള്‍ ഐക്യപ്പെടാനാണ് സാധ്യത.
മല്‍സര രംഗത്തുണ്ടായിരുന്ന മറ്റൊരു തീവ്ര വലതുപക്ഷക്കാരനായ എറിക് സെമ്മൂര്‍ ഒഴികെയുള്ള സ്ഥാനാര്‍ഥികള്‍ രണ്ടാം റൗണ്ടില്‍ മക്രോണിനെ പിന്തുണക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മക്രോണ്‍ പരാജയപ്പെടുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി വാലെറി പെക്രെസ്സെ നല്‍കുന്ന മുന്നറിയിപ്പ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ഫ്രാന്‍സ് എടുത്തെറിയപ്പെടാതിരിക്കാന്‍ രണ്ടാം റൗണ്ടില്‍ മക്രോണിന് വോട്ടു ചെയ്യണമെന്ന് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ആന്‍ ഹിദാല്‍ഗോയും ഓര്‍മിപ്പിക്കുന്നു. ഒരൊറ്റ വോട്ടും ലു പെന്നിന് പോകരുതെന്നാണ് തീവ്ര ഇടതുപക്ഷ ലെ ഫ്രാന്‍സ് ഇന്‍സൗമൈസ് (എല്‍.എഫ്.ഐ) സ്ഥാനാര്‍ഥി ആഹ്വാനം ചെയ്യുന്നത്. മക്രോണിനും ലു പെന്നിനും പിന്നില്‍ മൂന്നാമതായെത്തിയ ജാന്‍ ലുക് മിലോഷെന്‍ 20 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫാബിയന്‍ റൂസ്സല്‍, ഗ്രീന്‍സിന്റെ യാന്നിക് യാദോത് എന്നിവരും മക്രോണിനു വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തവരാണ്.
എന്നാല്‍, മക്രോണിനെതിരെ അതിശക്തമായ വിമര്‍ശനമാണ് സ്ഥാനാര്‍ഥികള്‍ അഴിച്ചുവിട്ടത്. മക്രോണിന്റെ ജനവിരുദ്ധ നയങ്ങളെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെങ്കിലും ഫ്രാന്‍സിന്റെ ഭാവിയാണ് തങ്ങള്‍ക്ക് വലുതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. മക്രോണിനോടുള്ള അതൃപ്തി പരസ്യമായി പ്രകടമാക്കുന്ന ചിലരെങ്കിലും രണ്ടാം റൗണ്ടില്‍ അദ്ദേഹത്തിന് വോട്ടു ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നതും കാണാതിരുന്നുകൂടാ. ഉദാഹരണത്തിന് വാലെറി പെക്രെസ്സെയുടെ പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ എറിക് സിയോറ്റി മക്രോണിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ വിട്ടുനില്‍ക്കുന്നതു പോലും ലു പെന്നിനെയാണ് സഹായിക്കുക.
2017ല്‍ 66.1 ശതമാനം വോട്ടു നേടി വിജയിച്ച മക്രോണിന് ഇത്തവണ രണ്ടാം റൗണ്ടിലും കടുത്ത മത്സരമാണ് കാത്തിരിക്കുന്നതെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഇഫോപിന്റെ സര്‍വേയില്‍ 51 ശതമാനം വോട്ടാണ് രണ്ടാം റൗണ്ടില്‍ മക്രോണിന് പ്രവചിക്കുന്നത്. 49 ശതമാനത്തോടെ തൊട്ടു പിന്നിലായി ലു പെന്‍ ഉണ്ട്. മാര്‍ച്ച് മധ്യത്തോടെ എതിരാളിയേക്കാള്‍ പത്തു പോയന്റ് ലീഡുണ്ടായിരുന്ന മക്രോണിന്റെ ഇപ്പോഴത്തെ ലീഡ് വലുതായി ഇടിഞ്ഞിരിക്കുന്നു. പ്രചാരണത്തിന് ഇറങ്ങാന്‍ വൈകിയത് മക്രോണിന് തിരിച്ചടിയായപ്പോള്‍ ലു പെന്‍ ഗ്രാമങ്ങളില്‍ വരെ പ്രചാരണവുമായി കടന്നുചെന്നു കഴിഞ്ഞിരുന്നു.
ധര്‍മ്മസങ്കടത്തിലായിരിക്കുന്നത് ഫ്രാന്‍സിലെ മുസ്‌ലിംകളാണ്. മറിന്‍ ലു പെന്‍ തീവ്ര ഫാഷിസ്റ്റാണെങ്കില്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇസ്‌ലാമോഫോബിക്കാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം മക്രോണിനെ സഹിച്ച മുസ്‌ലിംകള്‍ക്ക് രാജ്യം രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മറ്റൊരു ഓപ്ഷന്‍ ഇല്ലാതായിരിക്കുന്നു. അറുപത് ലക്ഷത്തിലേറെ മുസ്‌ലിംകള്‍ വസിക്കുന്ന, യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള ഫ്രാന്‍സ് ഇസ്‌ലാമോഫോബിയയുടെ കേന്ദ്രമായി മാറുമോയെന്ന ആശങ്ക മുമ്പത്തെക്കാളും ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം പോലും പല ഘട്ടങ്ങളിലും ആ ദിശയിലേക്കാണ് നീങ്ങിയത്.
സാംസ്‌കാരിക വൈജാത്യത്തെ അംഗീകരിക്കുന്നതും എല്ലാ വിഭാഗം ജനങ്ങളെയു ഉള്‍ക്കൊള്ളുന്നതുമായ ഭരണം വാഗ്ദാനം ചെയ്താണ് 2017ല്‍ വലിയ ഭൂരിപക്ഷത്തോടെ ഇമ്മാനുവല്‍ മക്രോണ്‍ അധികാരത്തിലേറിയത്. 62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകളില്‍ 90 ശതമാനവും (ഏതാണ്ട് 21 ലക്ഷം) മക്രോണിന്റെ പെട്ടിയിലാണ് വീണത്. എന്നാല്‍, തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെ ഞെട്ടിച്ച് തീവ്ര വലതുപക്ഷ നിലപാടുകളുമായി സഞ്ചരിക്കുന്ന മക്രോണിനെയാണ് പിന്നീട് കണ്ടത്. രാജ്യത്തെ രണ്ടാമത്ത വലിയ മത വിഭാഗമായ മുസ്‌ലിംകളില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് ഇത് സൃഷ്ടിച്ചത്. മുസ്‌ലിം വിരുദ്ധതയും കുടിയേറ്റക്കാര്‍ക്കെതിരായ നിലപാടുകളുമാണ് മുന്‍ പ്രസിഡന്റുമാരില്‍നിന്ന് മക്രോണിനെ വ്യത്യസ്തനാക്കുന്നത് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന കാര്യം.
ഭീകരതക്കും ഇസ്‌ലാമിസത്തിനും എതിരായ പോരാട്ടമെന്ന പേരില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ പോലും ചോദ്യം ചെയ്യുന്ന നിയമങ്ങളാണ് മക്രോണ്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രവാചക നിന്ദ നടത്തിയ ചാര്‍ലി ഹെബ്‌ദോ പത്രത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കുകയും പ്രവാചക നിന്ദക്ക് പച്ചക്കൊടി കാട്ടുകയും ചെയ്ത മക്രോണ്‍ ഇസ്‌ലാമിനെ ഫ്രഞ്ച് സംസ്‌കാരത്തിന് അനുസൃതമായി പരിഷ്‌കരിക്കാനുള്ള നീക്കങ്ങളും നടത്തി. ഡസന്‍ കണക്കിന് പള്ളികള്‍ അടച്ചുപൂട്ടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ നിരോധിച്ചു. എന്തിനേറെ, കളക്റ്റീവ് എഗന്‍സ്റ്റ് ഇസ്‌ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് (സി.സി.ഐ.എഫ്) എന്ന സംഘടനക്ക് പോലും പ്രവര്‍ത്തനാനുമതി നിഷേധിച്ചു.
ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചാമ്പ്യന്‍ പട്ടമണിയുന്ന രാജ്യമാണ് ഫ്രാന്‍സ്. ആ സ്വാതന്ത്ര്യം പറഞ്ഞാണ് മുസ്‌ലിം ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പും വകവെക്കാതെ പ്രവാചകനെതിരായ അധമ കാര്‍ട്ടൂണ്‍രചനകളെ മക്രോണ്‍ പ്രോത്സാഹിപ്പിച്ചത്്. എന്നാല്‍, സയണിസ്റ്റ് ഭീകരര്‍ക്കെതിരെ വല്ലതും പറയുകയോ എഴുതുകയോ ചെയ്യുന്നിടത്ത് ഈ ഈ സ്വാതന്ത്ര്യത്തിന് ചങ്ങല വീഴും. സയണിസത്തെ പറഞ്ഞാല്‍ അത് ആന്റി സെമിറ്റിസമാകും. ഗസ്സയില്‍ കുഞ്ഞുങ്ങളെയടക്കം ബോംബ് വര്‍ഷിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ തെരുവില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. പാരീസില്‍ ഫലസ്ത്വീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ചത് ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. പ്രസിഡന്റ് പദവിയില്‍ തുടര്‍ച്ച കിട്ടാന്‍ തീവ്ര വലതുപക്ഷത്തെ കവച്ചുവെക്കുന്ന നയങ്ങള്‍ നടപ്പാക്കിയാലേ രക്ഷയുള്ളൂവെന്ന നിലയിലേക്ക് മക്രോണ്‍ മാറിക്കഴിഞ്ഞിരുന്നു എന്നത് പരസ്യമായ കാര്യമാണ്.
മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യമുള്ള റെവല്യൂഷന്‍ പെര്‍മനന്റ് നേതാവ് അനസ് കാതിബിന്റെ അനുഭവം ഫ്രാന്‍സ് എത്രത്തോളം മുസ്‌ലിം വിരുദ്ധമായി മാറിയിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്. മുപ്പത്തഞ്ചുകാരനായ ഈ മൊറോക്കന്‍ കുടിയേറ്റക്കാരന് മാര്‍ക്‌സിസ്റ്റ ആയിട്ടും മത്സരിക്കാന്‍ അനുമതി ലഭിച്ചില്ല. ബാലറ്റ് പേപ്പറില്‍ പേരു വരാന്‍ തെരഞ്ഞെടുക്കപ്പെട്ട 500 പേരുടെ പിന്തുണ വേണം. എന്നാല്‍, അത് കിട്ടിയില്ല. മുസ്‌ലിം ആയതാണ് കാരണം. മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാരീസിലുടനീളം കാതിബിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂജ്യം ശതമാനം ഫ്രഞ്ച്, നൂറു ശതമാനം ഇസ്‌ലാമിസ്റ്റ് എന്നായിരുന്നു അതിലെ വാചകങ്ങള്‍! നിങ്ങളൊരു രാ്ഷ്ട്രീയ പ്രവര്‍ത്തകന്‍ ആവണമെങ്കില്‍ മുസ്‌ലിം പോയിട്ട് അറബ് വംശജന്‍ പോലുമാവരുത് എന്നാണ് ഫ്രാന്‍സ് നല്‍കുന്ന സന്ദേശമെന്ന് കാത്തിബ് ഓര്‍മിപ്പിക്കുന്നു. മാധ്യമങ്ങള്‍ പോലും മുസ്‌ലിം നാമം പേറുന്നതിന്റെ പേരില്‍ തന്നെ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.
കടുത്ത മുസ്‌ലിം വിരുദ്ധത മറയില്ലാതെ പുറത്തുകാട്ടുന്നയാളാണ് ലു പെന്‍. അറബ്, മുസ്‌ലിം കുടിയേറ്റക്കാരോടുള്ള അവരുടെ വെറുപ്പിലും പുതുമയില്ല. തനിക്ക് അധികാരം ലഭിച്ചാല്‍, വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാരെ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്നതിനു സമാനമായി ഹിജാബ് ധരിക്കുന്നവര്‍ക്കും പിഴയിടുമെന്നാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന. എന്നാല്‍, ഇലക് ഷന്‍ പ്രചാരണത്തിനിടെ ഹിജാബ് ധരിച്ച പെണ്‍കുട്ടിയുമൊത്ത് സെല്‍ഫിയെടുക്കാനും അതിനെ ന്യായീകരിക്കാനും അവര്‍ തയ്യാറായി. ഒന്നാം റൗണ്ടിനു തൊട്ടുമുമ്പ് അറബ് യുവാക്കളെ പ്രത്യേകംക്ഷണിച്ച് വോട്ടഭ്യര്‍ഥിക്കാന്‍ മക്രോണും താല്‍പര്യം കാണിച്ചിരുന്നു.
ലു പെന്‍ വിജയിക്കുകയാണെങ്കില്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന അപകടങ്ങള്‍ വേറെയുമുണ്ട്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുവന്ന ബ്രിട്ടന്റെ (ബ്രക്സിറ്റ്) പിന്നാലെ ഒരു ഫ്രെക്സിറ്റ് ഉണ്ടാകുമോയെന്നതാണ് ആശങ്കകളിലൊന്ന്. യൂറോപ്യന്‍ യൂനിയനിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാന്‍സ് നാറ്റോയിലെയും സുപ്രധാന അംഗമാണ്. 2017ല്‍ ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രവേശനം പോലെയുള്ള ദുരന്തമായിരിക്കും എലിസി പാലസിലെ ലു പെന്‍. എന്നാല്‍, അതേവഴിക്ക് നീങ്ങുന്ന മക്രോണ്‍ നല്‍കുന്ന സന്ദേശവും ആശാവഹമായിരിക്കില്ല.
(ഖത്തറിലെ 'ദി പെനിന്‍സുല' ദിനപത്രത്തില്‍ സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)