തെല്‍അവീവില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള ദൂരം

അന്താരാഷ്ട്ര ചട്ടങ്ങളേയും മര്യാദകളേയും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ കണ്ണടക്കുകയും അതേസമയം ജനാധിപത്യ മൂല്യങ്ങളേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന അമേരിക്ക ഒരേസമയം സമാധാന ദൂതനും ആരാച്ചാരുമായിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Update: 2024-01-22 14:49 GMT
Advertising

അമേരിക്ക ഭയപ്പെടേണ്ട, ഇസ്രായേല്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട് (don 't worry America - Israel is behind you ) എന്ന് മുദ്രണം ചെയ്ത ടി ഷര്‍ട്ടുകള്‍, 2001 സെപ്തംബര്‍ 11ലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഇസ്രയേലില്‍ വ്യാപകമായി പ്രചാരം നേടിയ വാര്‍ത്തകള്‍ അക്കാലത്ത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ലെ ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേല്‍വാര്‍ത്തയെ ഇസ്രായേല്‍ ഭയപ്പെടേണ്ട - അമേരിക്ക നിങ്ങള്‍ക്ക് ഒപ്പമുണ്ട് (don 't worry Israel - America is behind you ) എന്ന് തിരിച്ചു വായിച്ചാല്‍ ആശയമോ അര്‍ഥമോ ചോര്‍ന്നു പോകില്ലെന്ന് ഈ വിഷയത്തില്‍ വാഷിംഗ്ടണ്‍ നിലപാടുകള്‍ വിലയിരുത്തുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള കിരാത നടപടികളും ഇതിനോടുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടുകളും വിലയിരുത്തുമ്പോള്‍ തെല്‍അവീവിന്റെയും വാഷിംഗ്ടണിന്റേയും നയങ്ങള്‍ ഒരുപോലെ തോന്നുന്നത് മുന്നറിയിപ്പ് വാചകം പോലെ തികച്ചും സ്വാഭാവികം മാത്രമാണ്.

ഇരു രാജ്യങ്ങളുടെയും 'ബൗദ്ധിക പ്രഭവ കേന്ദ്രങ്ങള്‍' ഒന്നു തന്നെയായതാണ് ഈ സമാനതകള്‍ക്കും പരസ്പര പൂരണങ്ങള്‍ക്കും കാരണം. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ തൃണവത്കരിച്ചുള്ള അധിനിവേശാക്രമണങ്ങള്‍, കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരെ കൊന്നൊടുക്കുക, വിചാരണ കൂടാതെയുള്ള അറസ്റ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങളും ആതുരാലയങ്ങളും നശിപ്പിക്കുക, കൊടും പീഡനമുറകള്‍ നടപ്പാക്കുക എന്നിവയെ ഇരുരാജ്യങ്ങളും സ്ഥിരം 'ക്ലീഷേ'കള്‍ കൊണ്ട് ന്യായീകരിക്കുന്ന 'നാടക'ക്കാഴ്ചകള്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശ വാദമുണ്ടെന്ന വിചിത്രവാദവുമായി രംഗത്തെത്തിയ ബൈഡന്‍ ഭരണകൂടം നിരാശപ്പെടുത്തിയത് സമാധാന കാംക്ഷികളായ നിരവധി രാജ്യങ്ങളുടെയും യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെയും മഹത്വമേറിയ ആശയങ്ങളേയും ആഗ്രഹങ്ങളേയുമാണ്. മേല്‍പറഞ്ഞ ആശയം തന്നെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും. സംഭവങ്ങളുടെ തുടക്കം മുതല്‍ തന്നെ ഇത്തരം ആദാന പ്രദാനങ്ങള്‍ ( give and take ) ഇരു രാജ്യങ്ങളും പരസ്യമായിത്തന്നെ നടത്തിവരുന്ന കാഴ്ചകളാണ് മാധ്യമങ്ങള്‍ തെളിവുസഹിതം വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര ചട്ടങ്ങളേയും മര്യാദകളേയും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ കണ്ണടക്കുകയും അതേസമയം ജനാധിപത്യ മൂല്യങ്ങളേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന അമേരിക്ക ഒരേസമയം സമാധാന ദൂതനും ആരാച്ചാരുമായിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബില്ല്യണ്‍ കണക്കിന് ഡോളര്‍ സാമ്പത്തിക സഹായമായും, മാരക പ്രഹരശേഷിയുള്ള ബോംബുകളും മിസൈലുകളും നല്‍കി സൈനികമായും ഇസ്രായേലിനെ പരസ്യമായി സഹായിച്ചു കൊണ്ടിരിക്കുന്ന ബൈഡന്‍ ഭരണകൂടം ലോകത്തിന് നല്‍കുന്ന സന്ദേശമെന്താണ് എന്നതാണ് ചോദ്യ ചിഹ്നം.

ഒക്ടോബര്‍ 18 ന് ലോക രാജ്യങ്ങള്‍ ശാശ്വതമായ വെടി നിര്‍ത്തലിനായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം കൊണ്ടു വന്നപ്പോള്‍ യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ് പറഞ്ഞത്, യു.എന്‍ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ്. ഇതേ ലോജിക്കാണ് ബൈഡനും നെതന്യാഹുവും ഇസ്രായേലി മധ്യമങ്ങളും തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത്.

സാറ്റലൈറ്റ് ഡാറ്റ വിശകലനം ആസ്പദമാക്കി അസോസിയേറ്റ്‌സ് പ്രസ് ഈയിടെ പുറത്തുവിട്ട നിഗമനം അനുസരിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന രക്തച്ചൊരിച്ചിലും നരനായാട്ടും നശീകരണവും രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനി നടത്തിയ കൂട്ട ബോംബ് വര്‍ഷത്തേക്കാളും മാരകമാണ് എന്നാണ്. ലോകരാജ്യങ്ങളും സംഘടനകളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും സത്വര വെടിനിര്‍ത്തലിനും ശാശ്വത സമാധാനത്തിനും ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അന്താരാഷ്ട്ര വേദികളില്‍ 'വീറ്റോ' പവര്‍ ഉപയോഗിച്ച് ലോകസമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ചെയ്തികളാണ്

വാഷിംഗ്ടണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം ചെയ്തികള്‍ ലോകത്തെ അമേരിക്കയുടെ വിദേശനയങ്ങളുടെ അസ്ഥിവാരത്തെ ദുര്‍ബലപ്പെടുത്തും എന്ന ലളിതമായ ബോധം പോലും വൈറ്റ്ഹൗസ് തിംഗ്ടാങ്കിന് ഇല്ലാതെ പോയി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 ന് ലോക രാജ്യങ്ങള്‍ ശാശ്വതമായ വെടി നിര്‍ത്തലിനായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം കൊണ്ടു വന്നപ്പോള്‍ യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ് പറഞ്ഞത്, യു.എന്‍ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ്. ഇതേ ലോജിക്കാണ് ബൈഡനും നെതന്യാഹുവും ഇസ്രായേലി മധ്യമങ്ങളും തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത്. 


25,000 ത്തിലധികം സാധാരണക്കാരുടെ ജീവനെടുത്ത് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേല്‍ നരനായാട്ടില്‍ ഏറ്റവും പുതിയ UNICEF കണക്കനുസരിച്ച് 70% കുട്ടികളും സ്ത്രീകളുമാണ്. ആക്രമണങ്ങളുടെയും നാശനഷ്ടങ്ങളുടെയും മരണ സംഖ്യയുടേയും തീവ്രതയും കണക്കുകളും പരിശോധിച്ച് യുദ്ധ വിരുദ്ധ സംഘടനകളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്രായേല്‍ വംശഹത്യയാണ് ലക്ഷ്യമിടുന്നതെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തുന്നുണ്ട്. കൂട്ടനരനായാട്ടിനൊപ്പം ഗസ്സയിലേക്ക് വരുന്ന അന്താരാഷ്ട്ര സഹായങ്ങളേ തടയുകയും അവശ്യസാധനങ്ങളുടെയും മരുന്നുകളുടേയും ഇന്ധനത്തിന്റേയും ലഭ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിലൂടെ ഇസ്രായേലിന്റെ അന്തിമ ലക്ഷ്യം പകല്‍വെളിച്ചംപോലെ വ്യക്തമാണ് താനും. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ഇസ്രായേലിന്റെ ഗസ്സയിലെ നടപടികള്‍ അമേരിക്കന്‍ ഫോറിന്‍ അസിസ്റ്റന്‍സ് ആക്ട് (US Foreign Assistance Act) ന്റെ 6201-ാം സെക്ഷന്‍ അനുസരിച്ചുള്ള നിയമങ്ങളുടെ ലംഘനമാണ്. ഈ നഗ്‌നമായ ലംഘനങ്ങളെ ഇസ്രായേല്‍ ആയിരുന്നതിനാല്‍ മാത്രമാണ് അമേരിക്ക മൗനമായി അംഗീകരികരിക്കുന്നതും പിന്തുണക്കുന്നതും. ഇസ്രായേല്‍ വാര്‍ത്താ ചാനലായ 'ചാനല്‍ 12' ഡിസംബര്‍ 25 ന് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അമേരിക്ക ഇസ്രായേലിനായി ഇതുവരെ 20 യുദ്ധക്കപ്പലുകളും 244 യുദ്ധ വിമാനങ്ങളും 10,000 ടണ്‍ സൈനിക ഉപകരണങ്ങളും ആയുധങ്ങളും സംഭാവനയായി നല്‍കിയെന്നാണ്. അതുപോലെത്തന്നെ വാള്‍സ്ട്രീറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഉപയോഗിച്ചു വരുന്ന കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കുവാനുള്ള 100 ലധികം ബ്ലു- 109 (Blue - 109 ) ബോംബുകളും അഫ്ഗാന്‍ അധിനിവേശത്തില്‍ ഉപയോഗിച്ച സര്‍വ്വനാശകാരിയായ 2000 ത്തിലധികം ബങ്കര്‍ബസ്റ്റര്‍ ബോംബുകളും 15,000 സാധാരണ ബോംബുകളും 57,000 ഉഗ്രശേഷിയുള്ള ഷെല്ലുകളും ഇസ്രായോലിന് ഈയിടെ നല്‍കിയിട്ടുണ്ട്. 


അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കാര്‍ബി (John Kirbi) ഈയിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗസ്സയിലെ ജനങ്ങളുടെ വിഷമതകള്‍ പരിഹരിക്കുവാന്‍ അമേരിക്ക പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും മറ്റൊരു രാജ്യാവും തങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നില്ലായെന്നും അവകാശപ്പെടുകയുണ്ടായി. ഗസ്സയിലെ ജനതയുടെ വിഷമതകള്‍ അകറ്റുവാന്‍ മാരക പ്രഹരശേഷിയുള്ള അത്യാധുനിക ബോംബുകളും മിസൈലുകളും നല്‍കുന്നതെന്തിന് എന്ന ലളിതമായ ചോദ്യത്തോടെ മേല്‍ അവകാശവാദത്തിന്റെ പ്രസക്തി നഷ്ടമാവുകയാണ്. ഇസ്രായേല്‍ ആക്രമണം തുടങ്ങി ഇന്നുവരെ അമേരിക്ക എടുത്ത ആകെയുള്ള ഒരു നടപടിയെന്നത് 'ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍' ( Operation Prosperity Guardian ) എന്ന സഹകരണ മുന്നണിയുണ്ടാക്കി എന്നതു മാത്രമാണ്. പക്ഷെ, പല രാജ്യങ്ങളും പിന്നീട് ഈ മുന്നണിയില്‍ നിന്നും പിന്‍വാങ്ങുകയുമുണ്ടായി. ഈ മൂന്നണിയാകട്ടെ ഇസ്രായേലിന്റെ കപ്പലുകളുടെ ചെങ്കടലിലൂടെയുള്ള സഞ്ചാരം സുരക്ഷിതമാക്കാന്‍ വേണ്ടിയായിരുന്നു എന്നതാണ് പ്രധാനം.

ഇസ്രായേല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ICV) കൊടുത്ത പരാതിയില്‍ ജനുവരി 11ന് പ്രാരംഭ നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. 84 പേജുകളുള്ള പരാതിയില്‍ ആദ്യ 10 പേജുകളില്‍ വംശഹത്യക്കുള്ള തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണറിവ്. പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഹെര്‍സോഗ്, പ്രതിരോധ മന്ത്രി ഗാലന്റ്, 5 കാബിനറ്റ് മന്ത്രിമാര്‍, ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, പാര്‍ലമന്റ് അംഗങ്ങള്‍ തുടങ്ങിയവരുടെ പ്രസ്താവനകളും മാധ്യമ റിപ്പോര്‍ട്ടുകളും മറ്റു കണക്കുകളും തെളിവുകളായി റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങളേയും ഇടപെടലുകളേയും അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അമേരിക്കയുടെ മധ്യപൗരസ്ത്യ നയങ്ങള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടും ഭീകരതക്കെതിരെ യുദ്ധം ( War on Terror) എന്നത് ഇറാഖിലും അഫ്ഗാനിസ്ഥാനിലും വന്‍പരാജയമായി ഭവിച്ചിട്ടും പാഠമുള്‍ക്കൊള്ളാന്‍ കഴിയാത്ത തിംഗ്ടാങ്കിന് ഇസ്രയേല്‍ അധിനിവേശ 'സൗഹൃദം' എന്ത് നേടിത്തരും എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ അമേരിക്കക്ക് ലഭിച്ചേക്കാവുന്ന സ്വീകാര്യതയെ കുറിച്ച് ദേശീയ തലത്തില പോലെ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചകള്‍ സജീവമാണിപ്പോള്‍. വിതച്ചതേ കൊയ്യൂ എന്ന ചരിത്രകാവ്യ നീതി എല്ലാ അധിനിവേശ ശക്തികളെപ്പോലെ യാങ്കിയേയും തേടിയെത്തുമെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. നസീർ അയിരൂർ

Writer

Similar News