ഗ്രഹാം സ്റ്റെയിന്‍സിനും സ്റ്റാന്‍ സാമിയും അജ്ഞാത സ്റ്റോറിയല്ല

ഇപ്പോള്‍ രാജ്യത്തു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഫാഷിസ്റ്റ് ഭരണകൂടത്തെ മാറ്റാനുള്ള ഒരവസരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ അവസരവും പാഴാക്കിയാല്‍ ദീര്‍ഘകാലം പഴയ ആഭ്യന്തര അടിമത്തത്തിലേക്ക് നമ്മള്‍ നീങ്ങിയെന്ന് വരാം. ഹിന്ദുത്വ വര്‍ഗീയവാദികള്‍ കൊലചെയ്ത ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുട്ടികളുടെയും അഗ്‌നിഗോളത്തില്‍ നിന്നും ഉയരുന്ന രോദനം രൂപതകളില്‍ മുഴങ്ങുന്നില്ലെങ്കിലും ബോധം നഷ്ടപ്പെടാത്ത ജനങ്ങളുടെ കാതില്‍ മുഴങ്ങുന്നുണ്ട്.

Update: 2024-04-13 16:56 GMT
Advertising

Weakness of attitude becomes weakness of character - Albert Einstein

എന്റെ മുന്നിലിപ്പോള്‍ എണ്‍പതു വയസ്സു കഴിഞ്ഞ ഒരു വൃദ്ധനായ മനുഷ്യന്‍ വിറക്കുന്ന ചുണ്ട് കൊണ്ട് എന്തോ പറയുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്. അയാളുടെ കൈകള്‍ വിറക്കുന്നുണ്ട്. പാര്‍ക്കിന്‍സണ്‍ ബാധിച്ചു ചായകോപ്പ കൈകള്‍ കൊണ്ട് പിടിക്കാന്‍ കഴിയാതെ വിറച്ച് കൊണ്ട് ജീവിച്ച ആ വൃദ്ധന്റെ പേരാണ് സ്റ്റാന്‍ സാമിയെന്ന സ്റ്റാനിസ്ലോസ് ലൂര്‍ദ് സാമി. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. അദ്ദേഹത്തിന് തടവറയില്‍ പാനീയങ്ങള്‍ ഇറക്കുന്നതിന് സ്‌ട്രോ നാല്‍കാത്ത ഒരു ഭരണകൂടം നമ്മെ തുറിച്ചു നോക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടം വൃദ്ധനായ ആ രോഗിയെ അറസ്റ്റ് ചെയ്തു തടവിലാക്കിയത് ഭീമാ കോറെഗാവ് കലാപത്തിന് നേതൃത്വം കൊടുത്ത മാവോയിസ്റ്റ് ആണെന്ന മുദ്ര ചാര്‍ത്തിയാണ്. ആ മഹാത്മാവിനെ തടവിലാക്കുന്ന സന്ദര്‍ഭത്തില്‍ പറഞ്ഞ വാക്കുകളുടെ അവ്യക്തമായ ശബ്ദം നമ്മോടു പറഞ്ഞത് ഇത്രയുമാണ് '' ഇതൊരു പ്രക്രിയയും പ്രതിഭാസവും ആണ്. ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍, കവികള്‍, വക്കീലന്മാര്‍ അങ്ങിനെ പലരുമുണ്ട്. ഞാന്‍ മൗനിയല്ല. അതിനാല്‍ ഞാന്‍ സംതൃപ്തനാണ്.'' കൈകള്‍ വിറക്കുമ്പോളും അദ്ദേഹത്തിന്റെ പതറാത്ത ഹൃദയം സ്ഫുരിക്കുന്ന കണ്ണുകളില്‍ എനിക്കു കാണാന്‍ കഴിയുന്നുണ്ട്. മുഖഭാവത്തിലെ ദൃഢത ഒരു അതിഭൗതീക ആത്മവിശ്വാസം പ്രകാശിപ്പിക്കുന്നപോലെ എനിക്കു തോന്നി. മാനവികതയെ ആശ്ലേഷിക്കാതെ ദൈവത്തിലേക്കുള്ള വഴികാണില്ലെന്ന ഉറച്ച ബോധ്യം ആ നെറ്റിയില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. ഫാദര്‍ ജിന്‍സ് കാരക്കാട്ടില്‍ ഇതൊന്നും അറിയാത്തവരില്‍ പെട്ട അജ്ഞനാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കത്തോലിക്കാ പുരോഹിതനായ ഫാദര്‍ ജീന്‍സ് ചരിത്രത്തില്‍ ഒരു പുതിയ പ്രതിഭാസവുമല്ല.

ഇന്ത്യയെ ഒരു മനുവാദ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ തുടര്‍ച്ചയിലാണ് കേരളാ സ്റ്റോറി സിനിമയുടെ നിര്‍മാണവും പ്രദര്‍ശനങ്ങളും നടക്കുന്നത്. കേരളത്തില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കുന്നതായി പറയുന്ന ടീസറുകളില്‍ തിരുത്തല്‍ വരുത്തിയതു ജനാധിപത്യവാദികളുടെ ഇടപെടല്‍ മൂലമാണ്.

പുരോഹിതന്മാര്‍ മുതല്‍ കള്ളന്മാരില്‍ വരെ വ്യത്യസ്ത സമീപനങ്ങളും മാനസികാവസ്ഥയും ഉണ്ടാവും. സര്‍ഗധനനും എഴുത്തുകാരനും ആയിരുന്ന ഷെനെ ഒരു കള്ളന്‍ കൂടിയായിരുന്നു. കള്ളനായിരുന്ന മണിയന്‍ പിള്ള കുറ്റസമ്മതം നടത്തി സത്യസന്ധമായി ജീവിക്കാന്‍ തീരുമാനിച്ചതും നമ്മള്‍ വായിച്ചതാണല്ലോ. കത്തോലിക്കാ പുരോഹിതരില്‍ ദീര്‍ഘകാലം മൗനം പാലിക്കുന്നതിലൂടെ നാസിസത്തിന് പിന്തുണ നല്‍കിയതിന് പ്രായശ്ചിതം ചെയ്ത മാര്‍ട്ടിന്‍ നെയ്‌മൊളറുടെ കവിതയും ലോകം മുഴുവന്‍ വായിച്ചതാണ്. ഹിറ്റ്‌ലറെ ആവേശപൂര്‍വം പിന്തുണച്ച കത്തോലിക്കക്കാരായ തവിട്ടു പുരോഹിതരേയും (Brown Priests ) ലോകം കണ്ടതാണ്. തൊട്ടടുത്ത മുറിയില്‍ നിന്നും സഹപ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ സര്‍വകലാശാലകള്‍ വൃത്തിയാകുമല്ലോ എന്നാശ്വസിച്ച പണ്ഡിതന്മാരും ബെര്‍ലിന്‍ സര്‍വകലാശാലയുടെ ഭാഗമായിരുന്നു. അതിനാല്‍ ഇടുക്കിയിലെ സീറോ മലബാര്‍ കാത്തോലിക്ക ചര്‍ച്ചില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനു നേതൃത്വം കൊടുത്ത ഫാദര്‍ ജീന്‍സ് ചരിത്രത്തില്‍ എന്നും മര്‍ദകരെയും ചൂഷകരെയും മാത്രമല്ല, വംശഹത്യകളെപ്പോലും പിന്തുണച്ച പലരില്‍ ഒരാള്‍ മാത്രമായി കണ്ടാല്‍ മതിയാവും.  


സ്റ്റാന്‍ സാമി

ഇപ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലൂടെ നമ്മള്‍ കടന്നു പോവുകയാണ്. പ്രണയം ഏത് കലുഷമായ അന്തരീക്ഷത്തിലും രൂപപ്പെടാറുള്ള ഒരു സാമൂഹിക പ്രതിഭാസമാണ്. ജയിലിലെ മതിലിനപ്പൂറത്ത് നാരായണിയും ഇപ്പുറത്ത് കാമുകനും പരസ്പരം കാതോര്‍ത്തു കഴിയുന്നത് പ്രണയത്തിന്റെ ഒരു സവിശേഷതയാണ്. പുരുഷനും സ്ത്രീയും പരസ്പരം കാണാന്‍ അനുവാദമില്ലാതിരുന്ന ലെബനന്‍ കുന്നുകളിലാണ് ഖലീല്‍ ജിബ്രാന്‍ സല്‍മയെ കാത്തുകൊണ്ടു കണ്‍പോളയടക്കാതെ കാത്തു കിടന്നത്. സല്‍മ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഹലാ ദഹിര്‍ എന്ന സ്ത്രീയായിരുന്നെന്ന് ജിബ്രാന്റെ ജീവ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകളിലെ (The Broken Wings ) വില്ലന്‍ ബിഷപ്പ് ആണ്. ഫാറിസ് എഫണ്ടിയുടെ മകള്‍ സെല്‍മ ഏത് കൂട്ടില്‍ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ബിഷപ്പ് ആണ്. ബിഷപ്പിന്റെ ദൂതന്‍ കത്തുമായി വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ വധശിക്ഷ വിധിച്ചപോലെയാണ് പ്രണയാതുരമായി അച്ഛനോടും കാമുകനോടുമൊപ്പം ഇരുന്നു സംസാരിച്ചുകൊണ്ടിരുന്ന അവള്‍ക്കു തോന്നിയത്. എനിക്കു വേണ്ടി ബിഷപ്പ് തയാറാക്കിയ കൂട്ടിലേക്ക് ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയാണോ ആവശ്യം എന്നു അവള്‍ എഫണ്ടിയോട് ചോദിക്കുന്നുണ്ട്. പ്രകൃതിയുടെ അനന്തമായ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ഇരുട്ടിന് മറച്ചുവെക്കാനാവാത്ത ഹൃദയങ്ങളുടെ പ്രണയത്തെക്കുറിച്ച് ലെബനോന്‍ കുന്നിന്‍ ചരുവിലെ ആ ഗ്രാമ വിശുദ്ധിയിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന അവര്‍ക്കിടയിലേക്ക് അധികാരത്തിന്റെ വാറോലയാണ് ദൂതന്‍ കൊണ്ടുവന്നത്. പിന്നീട് സാത്താന്‍ എന്ന കഥയില്‍ സാത്താനെ രക്ഷിക്കുന്ന പുരോഹിതനെയാണ് ജിബ്രാന്‍ ആവിഷ്‌കരിക്കുന്നത്. മരിക്കാന്‍ പോകുന്ന സാത്താനെ എടുത്തു കൊണ്ടുപോയി രക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പ്രണയ വിരോധവുമായി രംഗത്തെത്തിയ സര്‍വ ചെകുത്താന്‍മാര്‍ക്കും കൂട്ടിനുണ്ടാവുന്നത് ആരാണെന്ന ചോദ്യം കൂടി ഇവിടെ പ്രസക്തമാവുകയാണ്.

ക്രിസ്ത്യാനികള്‍ക്കൊ ദലിതര്‍ക്കോ പിന്നോക്കക്കാര്‍ക്കോ തുല്യപൗരത്വം കിട്ടാത്ത ഒരു ഭാവി ഇന്ത്യ ഉണ്ടാവുകയെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് ഹിന്ദുത്വശക്തികള്‍ അടുത്തുകൊണ്ടിരിക്കയാണ്. തുല്യപൗരത്വം ബ്രാഹ്മണിസത്തിന്റെ ഭാഗമായി നിലനില്‍ക്കാന്‍ കഴിയില്ല. ജന്മംകൊണ്ട് ശ്രേഷ്ഠതയും ഹീനതയും കല്‍പ്പിക്കുന്ന ഒരേ ഒരു പ്രത്യയശാസ്ത്രമാണ് ബ്രാഹ്മണിസം. അതിനാല്‍ കോര്‍പ്പറേറ്റ് ബ്രാഹ്മണിസം പൂര്‍ണമായി സാക്ഷാല്‍കരിക്കപ്പെടുകയാണെങ്കില്‍ നമ്മുടെ നിലവിലുള്ള ഭരണഘടന സമ്പൂര്‍ണമായി റദ്ദ് ചെയ്യപ്പെടും.

കേരളാ സ്റ്റോറി ഇന്ത്യയിലെ സംഘ്പരിവര്‍ ശക്തികള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ നിര്‍മിച്ച കെട്ടുകഥയാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞതാണ്. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചത് കുട്ടികളില്‍ പ്രണയത്തെക്കുറിച്ച് ബോധ്യം വരുത്താനാണെന്ന് ഫാദര്‍ ജീന്‍സ് പറഞ്ഞതായി വാര്‍ത്തകള്‍. കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത് പ്രദര്‍ശിപ്പിച്ചതെന്നും വാര്‍ത്തകള്‍. എന്നാല്‍, സര്‍ക്കാര്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അതിനു നേതൃത്വം കൊടുത്ത പുരോഹിതന്‍ കേരള വിരുദ്ധവും, മുസ്‌ലിം വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രചാരണ പരിപാടിക്ക് കൂട്ട് നിന്നിരിക്കയാണ്. ഇതൊരു വേറിട്ട പ്രചാരണവുമല്ല എന്നു പ്രത്യേകം കാണേണ്ടതുണ്ട്. ഇന്ത്യയെ ഒരു മനുവാദ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ തുടര്‍ച്ചയിലാണ് ഈ സിനിമയുടെ നിര്‍മാണവും പ്രദര്‍ശനങ്ങളും നടക്കുന്നത്. കേരളത്തില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കുന്നതായി പറയുന്ന ടീസറുകളില്‍ തിരുത്തല്‍ വരുത്തിയതു ജനാധിപത്യവാദികളുടെ ഇടപെടല്‍ മൂലമാണ്. 


ഇസ്‌ലാമോഫോബിയയും ഭീകരവാദവും ചേര്‍ത്താണ് ഇന്ത്യയില്‍ ഹിന്ദുത്വം അതിന്റെ വേരുകള്‍ ഉറപ്പിച്ചത്. ഇസ്‌ലാമും മുസ്‌ലിമും പേടിക്കേണ്ട സാന്നിധ്യമായി ആര്‍.എസ്.എസ് നിരവധി വര്‍ഷങ്ങളായി അവരുടെ ശാഖകള്‍ വഴി ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുബോധം ഉല്‍പാദിപ്പിച്ചു കഴിഞ്ഞതാണ്. സോവിയറ്റ് അനന്തരകാലം സാമ്രാജ്യത്വം അതിന്റെ ആയുധ വിപണിക്കും അധിനിവേശത്തിനും ഇസ്‌ലാമോഫോബിയ അജണ്ട ആക്കിയതോട് കൂടി ലോകവ്യാപകമായി ഇസ്‌ലാം എന്നാല്‍ ഭീകരവാദമാണെന്ന കാഴ്ചപ്പാട് വികസിച്ചു. വാസ്തവത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന മിക്കവാറും എല്ലാ വര്‍ഗീയ കലാപങ്ങളും ആര്‍.എസ്.എസ് ആസൂത്രിതമായി നടത്തിയതാണെന്നു കൃത്യമായ പഠനങ്ങള്‍ വന്നിട്ടുണ്ട്. അതിനെക്കാളുപരി ഗുജറാത്തിലും മണിപ്പൂരിലും ഒറീസ്സയിലും വംശഹത്യകള്‍ നടത്തിയതും നഗ്‌നയാഥാര്‍ഥ്യങ്ങളായി നിലക്കൊള്ളുന്നു.

ഹിന്ദുത്വ രാഷ്ട്രീയം മുസ്‌ലിം വിരോധത്തിനെ മുന്നില്‍ നിര്‍ത്തി വളര്‍ത്തിയെടുക്കുന്ന കോര്‍പ്പറേറ്റ് ബ്രാഹ്മണിസം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല നമ്മുടെ കേരളത്തിലെ ക്രിസ്തീയ പുരോഹിതര്‍. ക്രിസ്ത്യാനികള്‍ക്കൊ ദലിതര്‍ക്കോ പിന്നോക്കക്കാര്‍ക്കോ തുല്യപൗരത്വം കിട്ടാത്ത ഒരു ഭാവി ഇന്ത്യ ഉണ്ടാവുകയെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് ഹിന്ദുത്വശക്തികള്‍ അടുത്തുകൊണ്ടിരിക്കയാണ്. തുല്യപൗരത്വം ബ്രാഹ്മണിസത്തിന്റെ ഭാഗമായി നിലനില്‍ക്കാന്‍ കഴിയില്ല. ജന്മംകൊണ്ട് ശ്രേഷ്ഠതയും ഹീനതയും കല്‍പ്പിക്കുന്ന ഒരേ ഒരു പ്രത്യയശാസ്ത്രമാണ് ബ്രാഹ്മണിസം. അതിനാല്‍ കോര്‍പ്പറേറ്റ് ബ്രാഹ്മണിസം പൂര്‍ണമായി സാക്ഷാല്‍കരിക്കപ്പെടുകയാണെങ്കില്‍ നമ്മുടെ നിലവിലുള്ള ഭരണഘടന സമ്പൂര്‍ണമായി റദ്ദ് ചെയ്യപ്പെടും. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ പാകിയ സവര്‍ക്കര്‍ രൂപകല്‍പന ചെയ്ത ഭാരതത്തില്‍ മുസ്‌ലിംകള്‍ക്കൊ കൃസ്ത്യാനികള്‍ക്കൊ പൗരത്വം അനുവദനീയമല്ല. അതിന്റെ കാരണമായി സവര്‍ക്കര്‍ പറയുന്നതു രണ്ടു വിഭാഗത്തിന്റെയും പുണ്യസ്ഥലം ഭാരതത്തിന് പുറത്താണെന്നാണ്. മോദിക്കാലത്ത് വ്യാപകമായിരുന്ന ഘര്‍വാപസി ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കരുടെയും സിദ്ധാന്തങ്ങളെ പിന്‍പറ്റുന്ന പൗരത്വ നിര്‍മാണത്തിന്റെ സന്ദേശമാണ് നല്‍കിയത്. പാഠ്യപദ്ധതികളും ചരിത്രവും തിരുത്തുന്നു. നിലനിന്ന നാമകരണങ്ങള്‍ എടുത്തുമാറ്റി പുതിയ നാമകരണങ്ങള്‍ നല്‍കുന്നു. വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമായി. 2025 ഇല്‍ ലക്ഷ്യമിടുന്ന ഇന്ത്യ പഴയകാലത്ത് നിലനിന്ന ജാതി അടിമത്തമല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ല.

കോര്‍പ്പറേറ്റ് ബ്രാഹ്മണിസം അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ എത്തിയാല്‍ രാജ്യത്തു ക്ഷേമരാഷ്ട്ര സങ്കല്‍പമോ ഉദാര ജനാധിപത്യ സങ്കല്‍പമോ പ്രണയമോ എന്തിന് ആശയ പ്രകാശന സ്വാതന്ത്ര്യമോ പോലും ഉണ്ടാവാനിടയില്ല. ഇന്ത്യ ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് പോലെ അതിവേഗം ബ്രാഹ്മണ്യത്തിന്റെ തടവറയായി മാറുമെന്ന് പറഞ്ഞുതരാന്‍ ഒരു പുതിയ പ്രവാചകന്റെ ആവശ്യമില്ല.

ആ കാലത്ത് നമ്മുടെ കേരളം എങ്ങിനെയായിരുന്നു നിലനിന്നതെന്ന് കൂടി ഒന്നു നോക്കാം.''പ്രാദേശിക മേഖലകളില്‍ ജാതിനിയമം തെറ്റിക്കുന്നവരെ അപ്പോള്‍ തന്നെ അവര്‍ ശിക്ഷിച്ചിരുന്നു. ഒരു നായര്‍ക്ക് തന്നെ തൊട്ട് അശുദ്ധമാക്കിയ ഈഴവനെയോ മുക്കുവനെയോ ഉടനടി ഗളച്ഛേദം ചെയ്യാവുന്നതാണ്. എന്നാല്‍, നായര്‍ക്ക് വഴി മാറിക്കൊടുക്കാത്ത അടിമജാതിയില്‍ പെട്ട ആള്‍ക്കു മരണമായിരിക്കും അനുഭവം. (അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം, വിനില്‍ പോള്‍, പു. 51) തെളിവുകളുടെ അടിസ്ഥാനത്തില്‍ വിനില്‍ പോള്‍ നല്‍കുന്ന ചരിത്രം സഹോദരന്‍ അയ്യപ്പന്റെ വാക്കുകളെ സാധൂകരിക്കുകയാണ്, അയ്യപ്പന്‍ 1940 - ല്‍ എഴുതിയതിങ്ങനെ, ''സ്മൃതികള്‍ പണ്ടത്തെ മെയിന്‍ കാംഫുകളാണ്. ഹിറ്റ്‌ലറുടെ ആര്യസിദ്ധാന്തവും മനുവിന്റെയും മറ്റും വര്‍ണ സിദ്ധാന്തവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മനുവിനോടും മറ്റും താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ പാവമാണ്. മനുവും മറ്റും അടിമത്തം സ്വയം സമ്മതിക്കുന്ന കൂട്ടരാക്കി മാറ്റിമെരുക്കി. അത്ര ദ്രോഹം ഹിറ്റ്‌ലര്‍ക്ക് ജൂതരോടു ചെയ്യാന്‍ സാധിച്ചിട്ടില്ല.'' (സഹോദരന്‍ പത്രത്തിലെ മുഖ പ്രസംഗം, 1940, മെയ് 18, വി.ടി.യുടെ സമ്പൂര്‍ണ കൃതികള്‍, പു. 621)

രാജ്യത്തു ഒരു ഭരണ മാറ്റമുണ്ടായല്‍ പോലും ഇപ്പോള്‍ കൊണ്ടുവന്ന സി.എ.എ നിലനില്‍ക്കാനാണ് സാധ്യത. 2003 - ല്‍ വാജ്‌പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം ഭരണമാറ്റങ്ങള്‍ ഉണ്ടായിട്ടും ഇവിടെ നിലനില്‍ക്കുകയാണ്. 2003 - ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ''നിയമ വിരുദ്ധ കുടിയേറ്റക്കാര്‍'' എന്നതാണു പ്രത്യേകം ചേര്‍ത്തത്. ''നിയമ വിരുദ്ധ കുടിയേറ്റം'' (illegal migration) എന്നത് എപ്പോഴും വ്യാഖ്യാന സാധ്യത ഉള്ളതാണ്. എങ്കിലും അന്ന് ഇപ്പോഴത്തെ സി.എ.എ പോലെ മതപരമായ വേര്‍തിരിവ് ബില്ലില്‍ രേഖപ്പെട്ടിരുന്നില്ല. ഇപ്പോള്‍ നടപ്പാക്കുന്ന സി.എ.എയുടെയും പൗരത്വ രജിസ്റ്ററിന്റെയും സ്വതന്ത്ര ഇന്ത്യയിലെ നിയമപരമായ ആരംഭം കുറിച്ചത് എല്‍.കെ അദ്വാനി 2003-ല്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമമാണ്. ഇത്രയും പൗരത്വത്തെ സംബന്ധിച്ചു ഇവിടെ പ്രതിപാദിച്ചത് മനുഷ്യരെ തട്ടുകളാക്കി തിരിക്കുന്ന ജാതി ശ്രേണിയുടെ തുടര്‍ച്ച വാസ്തവത്തില്‍ വളര്‍ത്തിയെടുത്തത് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിരുത്തരവാദിത്തം കാരണമാണെന്ന വസ്തുത സൂചിപ്പിക്കാനാണ്.


ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും

കോര്‍പ്പറേറ്റ് ബ്രാഹ്മണിസം അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ എത്തിയാല്‍ രാജ്യത്തു ക്ഷേമരാഷ്ട്ര സങ്കല്‍പമോ ഉദാര ജനാധിപത്യ സങ്കല്‍പമോ പ്രണയമോ എന്തിന് ആശയ പ്രകാശന സ്വാതന്ത്ര്യമോ പോലും ഉണ്ടാവാനിടയില്ല. ഇന്ത്യ ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് പോലെ അതിവേഗം ബ്രാഹ്മണ്യത്തിന്റെ തടവറയായി മാറുമെന്ന് പറഞ്ഞുതരാന്‍ ഒരു പുതിയ പ്രവാചകന്റെ ആവശ്യമില്ല. ഇപ്പോള്‍ രാജ്യത്തു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഫാഷിസ്റ്റ് ഭരണകൂടത്തെ മാറ്റാനുള്ള ഒരവസരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ അവസരവും പാഴാക്കിയാല്‍ ദീര്‍ഘകാലം പഴയ ആഭ്യന്തര അടിമത്തത്തിലേക്ക് നമ്മള്‍ നീങ്ങിയെന്ന് വരാം. ഹിന്ദുത്വ വര്‍ഗീയവാദികള്‍ കൊലചെയ്ത ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുട്ടികളുടെയും അഗ്‌നിഗോളത്തില്‍ നിന്നും ഉയരുന്ന രോദനം രൂപതകളില്‍ മുഴങ്ങുന്നില്ലെങ്കിലും ബോധം നഷ്ടപ്പെടാത്ത ജനങ്ങളുടെ കാതില്‍ മുഴങ്ങുന്നുണ്ട്. വംശീയ ശുദ്ധികലശമാണു മണിപ്പൂരില്‍ നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പുരോഹിതന്മാരെ ബഹുജനം കാത്തിരിക്കില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ രക്ഷിക്കേണ്ടത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബഹുസ്വരതയുടെ അനിവാര്യതയാണ്. ദീര്‍ഘകാലം അടിമകളാക്കപ്പെട്ടപ്പോലെ ഇനി അത് നടപ്പില്ലെന്നും കീഴടങ്ങുന്ന കാലം അവസാനിച്ചെന്നും ഇന്ത്യന്‍ ബഹുജനം വിധിയെഴുതുമെന്ന് ആശിക്കാം.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. പി.കെ പോക്കര്‍

Writer

Similar News