ഗ്യാന്‍വാപി മസ്ജിദും വാരാണസിയിലെ കോടതി വിധിയും

തെളിവുകളൊന്നും ആവശ്യപ്പെടാതെയാണ് ഹിന്ദത്വ പക്ഷം ഉന്നയിച്ച അവകാശവാദങ്ങള്‍ കോടതി അംഗീകരിക്കുന്നതായി പ്രസ്താവിക്കുന്നത്.

Update: 2024-02-01 12:50 GMT
Advertising

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി ദിവസങ്ങള്‍ക്കകം ആണ് മുസ്‌ലിംകള്‍ നിലവില്‍ ആരാധന നടത്തികൊണ്ടിരിക്കുന്ന യു.പിയിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു മതവിശ്വാസികള്‍ക്ക് കൂടി ആരാധന നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുന്ന നിയമ പോരാട്ടത്തിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ വന്ന വിധി. 1991 ലാണ് ഈ വിഷയത്തിലെ ആദ്യ ഹര്‍ജി കോടതിയില്‍ എത്തുന്നത്. വിക്രമാദിത്യ മഹാരാജാവ് നിര്‍മിച്ച കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് ഔറംഗസീബ് ഗ്യാന്‍വാപി പള്ളി പണിതെന്നായിരുന്നു വാദം. തുടര്‍ന്ന് 1998ല്‍ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ നിന്ന് 22 വര്‍ഷത്തേക്ക് സ്റ്റേ വാങ്ങി. 2019 ല്‍ സര്‍വ്വെ നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രാനുകൂലികള്‍ വീണ്ടും ഹര്‍ജി നല്‍കുകയും 2021 സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുകയും ചെയ്തു. സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. 2022 ല്‍ വീഡിയോ സര്‍വേക്ക് ഉത്തരവ് നല്‍കി. സര്‍വേയില്‍ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് വാദിച്ചു. തുടര്‍ന്ന് 2023 ല്‍ വാരാണസി ഹൈക്കോടതി ശാസ്ത്രീയ തെളിവിന് ഉത്തരവിട്ടു. ഡിസംബര്‍ 18ന് സമര്‍പ്പിച്ച ശാസ്ത്രീയ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് 2024 ജനുവരി 31ന് ഹിന്ദുമത വിശ്വാസികള്‍ക്ക് ആരാധനക്ക് അനുമതി നല്‍കുകയും ചെയ്തു.

തെളിവുകളൊന്നും ആവശ്യപ്പെടാതെയാണ് ക്ഷേത്രപക്ഷം ഉന്നയിച്ച അവകാശവാദങ്ങള്‍ കോടതി അംഗീകരിക്കുന്നതായി പ്രസ്താവിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ.്‌ഐ) ഗ്യാന്‍വാപി മസ്ജിദിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ നിലവിലുള്ള ഘടനയിലുള്ള പള്ളി നിര്‍മിക്കുന്നതിന് മുമ്പ് അവിടെ ഒരു 'വലിയ ഹിന്ദു ക്ഷേത്രം' ഉണ്ടായിരുന്നുവെന്നും ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഇസ്‌ലാമിക ആരാധനാലയത്തിന്റെ നിര്‍മാണത്തില്‍ പരിഷ്‌കരിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നും അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വാരണാസി കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ പള്ളിയുടെ തെക്കന്‍ വുദുഖാനയില്‍ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. അടുത്തുള്ള കാശി വിശ്വനാഥ മന്ദിര്‍ കൈകാര്യം ചെയ്യുന്ന ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച പുരോഹിതന്‍ വഴി വുദുഖാനയ്ക്കുള്ളില്‍ വിഗ്രഹങ്ങളുടെ പൂജ നടത്താന്‍ കോടതി ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. 


ആചാര്യ വേദ് വ്യാസ് പീഠത്തിലെ പ്രാദേശിക പുരോഹിതന്‍ ശൈലേന്ദ്ര കുമാര്‍ പഥക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പ് സീല്‍ ചെയ്ത നിലവറയില്‍ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ നിലവറയ്ക്കുള്ളില്‍ പൂജ നടത്താറുണ്ടായിരുന്നു എന്നതുമടക്കം പഥക് ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും പള്ളിയുടെ പരിപാലകര്‍ നിരസിച്ചു. എന്നാല്‍, ജഡ്ജി വിശ്വേശ ഹിന്ദുപക്ഷ പരാതിക്കാര്‍ക്ക് അനുകൂലമായി വിധി പറയുകയും പൂജയ്ക്ക് ആവശ്യമായ ഇരുമ്പ് വേലി നിര്‍മിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജനുവരി 17 ന് കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് നിലവറ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും അദ്ദേഹത്തെ അതിന്റെ റിസീവറായി നിയമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ജനുവരി 24 ന് ജില്ലാ മജിസ്‌ട്രേറ്റ് നിലവറ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പള്ളിയുടെ തെക്കന്‍ നിലവറയില്‍ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നും പുരോഹിതന്മാരായി തന്റെ പൂര്‍വ്വികര്‍ അവിടെ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങളുടെ ആരാധന നടത്തിയിരുന്നുവെന്നും പഥക് തന്റെ അപേക്ഷയില്‍ അവകാശപ്പെട്ടു.

കേസില്‍ ക്ഷേത്രപക്ഷത്തിന്റെ അഭിഭാഷകരില്‍ ഒരാളായ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതി ഉത്തരവിനെ ചരിത്രപരമെന്ന് പ്രശംസിച്ചു. 'വാരണാസി ജില്ലാ കോടതി ഇന്ന് ചരിത്രം സൃഷ്ടിച്ചു' എന്നാണ് ജെയിന്‍ ട്വീറ്റ് ചെയ്തത്. പള്ളിയുടെ ഉടമസ്ഥാവകാശം നേടുന്നതിനുള്ള ഹിന്ദുക്കളുടെ ആദ്യപടിയാണിതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ' 1986 ഫെബ്രുവരി ഒന്നിന് ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറക്കാന്‍ ജസ്റ്റിസ് കെ.എം പാണ്ഡെ ഉത്തരവിട്ടു. ഈ നടപടി ക്രമത്തെ ഞാന്‍ സമാനമായ രീതിയില്‍ കാണുന്നു. ഇതാണ് ഈ കേസില്‍ വഴിത്തിരിവാകുന്നത്. ഇതൊരു ചരിത്രപരമായ ഉത്തരവാണ്' - ജെയിന്‍ പറഞ്ഞു. 


ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശ  

വാരാണസി ജില്ലാ കോടതി വിധിയില്‍ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി യാസിന്‍ നിരാശപ്രകടിപ്പിക്കുന്നു. ' ഇപ്പോള്‍ ഈ രാജ്യത്ത് നീതി ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല'- യാസിന്‍ പറഞ്ഞു. ക്ഷേത്രപക്ഷത്തിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച യാസിന്‍, വുദുഖാനയില്‍ ഒരിക്കലും പൂജ നടന്നിട്ടില്ലെന്നും അവിടെ വിഗ്രഹങ്ങളില്ലെന്നും പറഞ്ഞു. 'അവിടെ മുള തൂണുകള്‍ മാത്രമേയുള്ളൂ' അതിനോടൊപ്പം തന്നെ ഇതെല്ലാം നുണയാണെന്നും അവരുടെ കയ്യില്‍ തെളിവുകളൊന്നുമില്ല എന്നും യാസിന്‍ പറയുന്നു. തെളിവുകളൊന്നുമില്ലാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് എന്നും യാസീന്‍

കുറ്റപ്പെടുത്തുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം 1995ല്‍ നിലവറ സീല്‍ ചെയ്യുകയും പരിസരത്ത് ബാരിക്കേഡ് തീര്‍ക്കുകയും ചെയ്ത ജില്ലാ ഭരണകൂടത്തില്‍ നിന്ന് ജഡ്ജി എന്തുകൊണ്ടാണ് വസ്തുതാപരമായ നിലപാട് തേടാത്തതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഒരു കെട്ടിടത്തില്‍ തന്നെ രണ്ട് മത വിഭാഗത്തിലെ ആളുകള്‍ ആരാധന നടത്തുമ്പോള്‍ സാഹചര്യം കൂടുതല്‍ വഷളാവാനുള്ള സാധ്യതയും ഊഹിക്കാവുന്നതാണ്. ഗ്യാന്‍വ്യാപി മസ്ജിദ് കമ്മിറ്റി മേല്‍ക്കോടതിയില്‍ പോവുകയാണെങ്കില്‍ എന്തായിരിക്കും കോടതിയുടെ വിധി എന്നതിലെ ആകാംശ നിലനില്‍ക്കുകയാണ്. അടുത്ത വാദം കേള്‍ക്കല്‍ ഫെബ്രുവരി എട്ടിനാണ്, അപ്പോഴേക്കും മസ്ജിദ് കമ്മിറ്റിക്ക് അവരുടെ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയും.

തയ്യാറാക്കിയത്: ഇസ്ഹാഖ് കെ.സി

അവലംബം: ന്യൂസ് ഡീക്കോഡ്


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News