അധിനിവേശത്തിന്റെ 'മുള്‍പടര്‍പ്പും' ചെറുത്തുനില്‍പ്പിന്റെ 'ഗ്രാമ്പൂവും'; യഹ്‌യ സിന്‍വാറിന്റെ നോവല്‍ വായന

ഫലസ്തീന്‍ ജനതയുടെ വേദനകളും പ്രതീക്ഷകളും വേട്ടയാടുന്ന 'അശ്ശൗകു വല്‍ ഖറന്‍ഫുല്‍' നോവല്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ കഥ കൂടിയാണ്. ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ എഴുതിയ 'മുള്‍പടര്‍പ്പും ഗ്രാമ്പൂവും' നോവലിന്റെ വായന.

Update: 2023-12-29 10:29 GMT
Advertising

യഹ്‌യ സിന്‍വാറിന്റെ 'മുള്‍പടര്‍പ്പും ഗ്രാമ്പൂവും' 1948-നു ശേഷമുള്ള, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 1917-നു ശേഷമുള്ള ഫലസ്തീന്റെ കഥയാണ്. ഫലസ്തീനിലെ മക്കള്‍ നഷ്ടപ്പെട്ടുപോയ വൃദ്ധരും ഭര്‍ത്താവ് മരണപ്പെട്ടുപോയ സ്ത്രീകളും അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളും വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടു പോയവരും അനുഭവിക്കുന്ന ദുഃഖത്തിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും രുചിയും ഉപ്പുമാണ് ഈ നോവല്‍.

ഫലസ്തീന്‍ ജനതയുടെ വേദനകളും പ്രതീക്ഷകളും വേട്ടയാടുന്ന നോവല്‍, 'അശ്ശൗകു വല്‍ ഖറന്‍ഫുല്‍' ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ കഥ കൂടിയാണ്. നോവല്‍ സാഹിത്യത്തില്‍ ഈ നൂറ്റാണ്ട് കണ്ട ഉജ്ജ്വലവും മനോഹരവുമായ സാഹിത്യ സൃഷ്ടിയാവുകയാണ് 'മുള്‍പടര്‍പ്പും ഗ്രാമ്പൂവും'. 1988-ല്‍ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷത്തോളം നാലു ജീവപര്യന്തം തടവിനു (426 വര്‍ഷം) ശിക്ഷിക്കപ്പെട്ട് ഇസ്രയേല്‍ തടവറയില്‍ കഴിയവേയാണ് സിന്‍വാര്‍ തന്റെ നോവലിന്റെ രചന പൂര്‍ത്തിയാക്കിയത്. അധിനിവേശത്തിന്റെ 'മുള്‍പ്പടര്‍പ്പും' ചെറുത്തുനില്‍പ്പിന്റെ 'ഗ്രാമ്പൂവും' എന്നാണ് എഴുത്തുകാരനും പൊളിറ്റിക്കല്‍ സോഷ്യോളജിയില്‍ ഗവേഷകനുമായ ഡോ. അമ്മാര്‍ അലി ഹസന്‍ സിന്‍വാറിന്റെ നോവലിന്റെ പേരിനെ വിശദീകരിച്ചത്. ഈ ഒരൊറ്റ വാചകത്തില്‍ തന്നെ, എന്താണ് നോവലിന്റെ ഉള്ളടക്കം എന്ന് നമുക്ക് മനസ്സിലാക്കാം. ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ആരും അറിയാത്ത മുഖം, ഒരു സാഹിത്യകാരന്‍ എന്ന വ്യക്തിത്വം അനാവരണം ചെയ്യുന്നു കൂടിയുണ്ട് ''അശ്ശൗകു വല്‍ ഖറന്‍ഫുല്‍''.

1988 മുതല്‍ 2011-ല്‍ മോചിതനാകുന്നതുവരെ 23 വര്‍ഷം തുടര്‍ച്ചയായി താന്‍ ചെലവഴിച്ച ഇസ്രായേല്‍ ജയിലുകളുടെ കന്‍മതിലുകള്‍ക്കുള്ളിലിരുന്നാണ് സിന്‍വാര്‍ തന്റെ നോവല്‍ എഴുതിയത്. 2011-ല്‍ ഇസ്രായേലി സൈനികനായ ഗിലാദ് ഷാലിത്തിന് പകരമായി മോചിപ്പിക്കപ്പെട്ട 1,200 ഫലസ്തീന്‍ തടവുകാരില്‍ ഒരാളായിരുന്നു സിന്‍വാര്‍.

''ഞാന്‍ യഹ്‌യ സിന്‍വാര്‍ ആണ്, നിങ്ങള്‍ ഇവിടെ സുരക്ഷിതരായിരിക്കും. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല.'' ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങളില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാര്‍ക്ക് ഹമാസ് നേതാവ് നല്‍കിയ സന്ദേശം ഇതായിരുന്നു. അവന്‍ തന്റെ ആശ്വാസകരമായ വാക്കുകള്‍ ഹിബ്രു ഭാഷയില്‍ തടവുകാരുമായി പങ്കുവെച്ചു. 'സിന്‍വാറിനെ' പൈശാചികവത്കരിക്കാനും തീവ്രവാദിയായി മുദ്രകുത്താനുമുള്ള എല്ലാ ശ്രമങ്ങളും ഹമാസ് പുറത്തുവിട്ട ചിത്രങ്ങളുടെയും വസ്തുതകളുടെയും ശക്തിയാല്‍ തകര്‍ന്നടിഞ്ഞു. അതേസമയം ഇസ്രായേല്‍, തടവുകാരോടും ബന്ദികളോടും പെരുമാറിയ രീതിയും ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേലി ജയിലുകളില്‍ അനുഭവിച്ച പീഡനങ്ങളും കഷ്ടതകളും ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രം ഉള്ളില്‍ പേറുന്ന, ദുര്‍ഗന്ധം വമിക്കുന്ന വെറുപ്പിന്റെ മാറാപ്പിനെ ലോകത്തിനു മുന്നില്‍ തുറന്നുവെച്ചു.

'' ഓ മനുഷ്യാ, ദൈവത്തിന്റെ വരദാനമേ, അധിനിവേശ സൈനികരുടെ ബൂട്ടിനു കീഴില്‍ അമര്‍ന്നു പോയ ജനതയുടെ അഭിമാനവും അന്തസ്സുമാണ് താങ്കള്‍. സഹസ്രാബ്ദങ്ങളല്ല, അതിലും അധികം മേലയാണ് താങ്കളുടെ ജീവിതത്തിന്റെ വിലയും മൂല്യവും.'' 'മുള്‍ച്ചെടികളും ഗ്രാമ്പൂകളും' എന്ന നോവലിലെ ഈ വാചകങ്ങള്‍ മുഴുവന്‍ കൃതിയെയും പ്രകാശിപ്പിക്കുന്ന ഒരു സ്‌പോട്ട്‌ലൈറ്റാണ് എന്നാണ് അറൂബ 22-വില്‍ അബ്ദുല്ലാ സനാവി കുറിച്ചത്. 2004-ല്‍ നോവല്‍ ആദ്യമായി പ്രസിദ്ധീകൃതമായപ്പോള്‍, സാഹിത്യ-രാഷ്ട്രീയ ജീവിതത്തില്‍ അറിയപ്പെടുന്ന പേര് ആയിരുന്നില്ല സിന്‍വാറിന്റെത്. തന്റെ നോവലിന്റെ പുറംചട്ടയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് 'തടവുകാരന്‍ യഹ്‌യ അല്‍-സിന്‍വാര്‍-അബു ഇബ്രാഹിം' എന്നായിരുന്നു.

1988 മുതല്‍ 2011-ല്‍ മോചിതനാകുന്നതുവരെ 23 വര്‍ഷം തുടര്‍ച്ചയായി താന്‍ ചെലവഴിച്ച ഇസ്രായേല്‍ ജയിലുകളുടെ കന്‍മതിലുകള്‍ക്കുള്ളിലിരുന്നാണ് സിന്‍വാര്‍ തന്റെ നോവല്‍ എഴുതിയത്. 2011-ല്‍ ഇസ്രായേലി സൈനികനായ ഗിലാദ് ഷാലിത്തിന് പകരമായി മോചിപ്പിക്കപ്പെട്ട 1,200 ഫലസ്തീന്‍ തടവുകാരില്‍ ഒരാളായിരുന്നു സിന്‍വാര്‍. ഇസ്രയേലുമായുള്ള ഏറ്റവും അപകടകരമായ, തുല്യതയില്ലാത്ത സൈനിക ഏറ്റുമുട്ടലില്‍ ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന വ്യക്തിയുമാണ് സിന്‍വാര്‍. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റ ഇടപാടുകള്‍ സമഗ്രതയോടെയും കാര്യക്ഷമതയോടെയും നടത്തുന്ന രാഷ്ട്രീയ നയതന്ത്രജ്ഞന്‍ കൂടിയാണ് ഗസ്സയെ സംബന്ധിച്ചിടത്തോളം സിന്‍വാര്‍. 


2011ല്‍ ഇസ്രായേല്‍ ജയിലില്‍നിന്ന് മോചിതനായി പുറത്തേക്കുവരുന്ന യഹ്‌യ സിന്‍വാര്‍

 'ഞങ്ങളുടെ കഥ ഒരോ ഫലസ്തീനിയുടെയും കയ്‌പേറിയ കഥയാണ്.' തന്റെ നോവലിന്റെ ആമുഖത്തില്‍, അദ്ദേഹം എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ പരമാര്‍ത്ഥമാണ്: ''ഇതില്‍ വന്ന എല്ലാ സംഭവങ്ങളും വസ്തുതയും സത്യവുമാണ് എങ്കിലും, ഇത് എന്റെ വ്യക്തിപരമായ കഥയല്ല. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ കഥയുമല്ല.'' തന്റെ ജീവിതാനുഭവവും വ്യക്തിത്വത്തിന്റെ സ്വഭാവവും അഗാധമായി സ്പര്‍ശിക്കുന്നതാണ് അതിലെ ഓരോ വാചകങ്ങളും. കൂടാതെ അദ്ദേഹം കടന്നുപോയതും അദ്ദേഹത്തെ ബാധിച്ചതുമായ പ്രധാന ഘട്ടങ്ങളെ നോവല്‍ പ്രകാശിപ്പിക്കുന്നുമുണ്ട്. നോവലിന്റെ പേര് തന്നെ മറ്റൊരു സിമുലേഷന്റെ സൂചന കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. വിഖ്യാത അറബി സാഹിത്യകാരന്‍ നജീബ് മഹ്ഫൂദ് വലിയ നിലയല്‍ ഈ നാമകരണത്തെ സ്വാധീനിച്ചതായി കാണാം. തന്റെ 'സാക്ഷികളും കണ്ണീരും' എന്ന പ്രയോഗത്തിന്റെ അനുകരണമാകാം 'മുള്ളുകളും ഗ്രാമ്പൂവും' എന്നത്.

ഈജിപ്ഷ്യന്‍ ഭരണത്തിന്‍ കീഴിലായിരുന്ന ഗസ്സയില്‍ 1967 ജൂണ്‍ 5-ലെ യുദ്ധത്തിനും അധിനിവേശത്തിനും തൊട്ടു മുമ്പുളള ശൈത്യകാലത്തെ സംഭവങ്ങള്‍ വിവരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. 1962ല്‍ ജനിച്ച ഗ്രന്ഥകാരന്റെ അതേ പ്രായമാണ് ആഖ്യാതാവിന്. രണ്ടുപേര്‍ക്കും അഞ്ച് വയസ്സ്. സായുധ ഭീഷണികളാല്‍ നിര്‍ബന്ധിതമായി ഗസ്സയിലേക്ക് കുടിയേറുന്നതിന് മുമ്പ് നോവലിലെ നായകന്‍ 1948 മുതല്‍ അധിനിവേശ പ്രദേശങ്ങളിലെ ഫല്ലൂജ പട്ടണത്തിലെ ഒരു കുടുംബത്തില്‍ നിന്നുളളയാളാണ്. സിന്‍വാര്‍ തന്റെ നാട് ഫല്ലൂജ പട്ടണമാണെന്ന് പറയുന്നത്, നാടകീയവും ചരിത്രപരവുമായ ഒരു ചിത്രം അനുവാചക ഹൃദയത്തില്‍ കൊത്തിവെക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ്. ജമാല്‍ അബ്ദുല്‍ നാസര്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ആറാമത്തെ ബറ്റാലിയന്‍ ആ പട്ടണത്തില്‍ വെച്ചു ഉപരോധിക്കപ്പെട്ടു.

ഇസ്ലാമിക പ്രസ്ഥാനത്തെ വ്രണപ്പെടുത്തുന്ന ചില പ്രവണതകള്‍ ഗസ്സയിലും വെസ്റ്റു ബാങ്കിലും നടന്നത് നോവല്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫത്ഹ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ രക്തസാക്ഷികളാണോ അല്ലയോ?! തുടങ്ങിയ അര്‍ത്ഥശൂന്യമായ ചര്‍ച്ചകളാണ് അത്.

1967-ല്‍, ഈജിപ്ഷ്യന്‍ പട്ടാളക്കാരോട് 'സിന്‍വാര്‍' തന്നെയായ ആഖ്യാതാവ്, അമിതമായ സ്‌നേഹം കാണിക്കുന്നുണ്ട്. ഈ പട്ടാളക്കാര്‍ മിഠായി നല്‍കാന്‍ തന്റെ പ്രായത്തിലുള്ള കുട്ടികളെ തങ്ങളുടെ ക്യാമ്പിലേക്ക് വിളിച്ചിരുന്നു. ഗസ്സയെ കുറിച്ച ഓര്‍മയില്‍ ഈജിപ്ഷ്യന്‍ സൈനികന്റെ സാന്നിധ്യം കൊണ്ടുവരുന്നത് പ്രതീകാത്മകമായ ഭാവമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതായി തോന്നാം. നോവല്‍ ക്യാമ്പുകളിലെ മനുഷ്യരുടെ ജീവിതത്തെ ആസ്പദിച്ച പച്ചയായ അവതരണമാണ്.

ദുരിതപൂര്‍ണ്ണമായ ജീവിതമെങ്കിലും, അഭയാര്‍ഥി ക്യാമ്പുകളിലെ മനുഷ്യര്‍ എല്ലാ മനുഷ്യരെയും പോലെയാണ്. മറ്റുള്ളവര്‍ ജീവിക്കുന്നത് പോലെ തന്നെയാണ് അവരും ജീവിക്കുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഈ മാനുഷിക വീക്ഷണം അതിന്റെ ആഴത്തില്‍ സ്പര്‍ശിക്കുന്നത് മഹാനായ ഫലസ്തീനിയന്‍ കവി മഹമൂദ് ദാര്‍വീഷിന്റെ എഴുത്തുകളിലാണ്: '' ഞങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നു... അതിലേക്ക് ഒരു വഴി കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിയുവോളം.''

ഗസ്സ ക്യാമ്പുകളില്‍ ഇസ്ലാമിക പ്രസ്ഥാനം ഉടലെടുത്തത് എന്തുകൊണ്ട്, എങ്ങനെ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ നോവല്‍. തന്റെ ചുറ്റും സംഭവിക്കുന്ന പ്രതിഭാസങ്ങളെയും സംവാദങ്ങളെയും നിരീക്ഷിക്കുന്നതില്‍ പക്ഷപാതമില്ലാതെ വസ്തുനിഷ്ഠമായ രീതി സ്വീരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു എന്നു തന്നെ പറയാം. ഇസ്ലാമിക പ്രസ്ഥാനത്തെ വ്രണപ്പെടുത്തുന്ന ചില പ്രവണതകള്‍ ഗസ്സയിലും വെസ്റ്റു ബാങ്കിലും നടന്നത് നോവല്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫത്ഹ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ രക്തസാക്ഷികളാണോ അല്ലയോ?! തുടങ്ങിയ അര്‍ത്ഥശൂന്യമായ ചര്‍ച്ചകളാണ് അത്.  


അശ്ശൗകു വല്‍ ഖറന്‍ഫുല്‍ ('മുള്‍പടര്‍പ്പും' ഗ്രാമ്പൂവും) നോവലിന്റെ കവര്‍ ചിത്രം.

ഇവിടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ആഖ്യാതാവിന്റെ ജ്യേഷ്ഠന്‍ ഫത്ഹ് പാര്‍ട്ടിയിലെ അംഗമാണ് എന്നതാണ്. ഫത്ഹും ഹമാസും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം കണക്കിലെടുത്ത് 'ശത്രുക്കളായ സഹോദരന്മാര്‍' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് നമുക്ക് കാണാം. മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ നാസറിന്റെ നിലപാടാണ് ചില വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തത്.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിക്കാത്തതിനാലും 'അബ്ദല്‍ നാസറി'നും അറബ് ഐക്യത്തിനും എതിരായതിനാലും ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനെതിരെ തന്റെ കുടുംബത്തിനകത്തു നിന്നും പുറത്തു നിന്നും ആവര്‍ത്തിച്ചുള്ള വിലക്കുകള്‍ കേട്ടതായി സിന്‍വാര്‍ ഓര്‍ക്കുന്നുണ്ട്.

ഒരുപക്ഷേ, ഇസ്രായേല്‍ ഇപ്പോള്‍ അതിന്റെ പ്രഥമ ശത്രുവായി കരുതുന്ന വ്യക്തിയും ഇസ്രായേല്‍ നേതാക്കള്‍ ജീവനെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ഈ മനുഷ്യന്‍ വലിയ അത്ഭുതം തന്നെയാണ്. ഫലസ്തീന്‍ സമൂഹത്തിന്റെ വ്യത്യസ്ത ഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം വികസിക്കുവാന്‍ ഇത് കാരണമായി ഭവിച്ചു എന്ന് പറയാം. അറബ് ലോകത്തിലേക്കും അതിന്റെ വിമോചനത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള അഭിലാഷങ്ങളിലേക്കുമുള്ള പ്രവേശികയായി അദ്ദേഹം മാറിയിരിക്കുന്നു. കൊടിയ വേദനകള്‍ അനുഭവിച്ച നാടായിരുന്നിട്ടും അറബ് ലോകത്തിന്റെ വിമോചന സ്വപ്നം തന്റെ അവസാനത്തെ ജീവനാഡിയായി തുടരുന്നതും എന്തുകൊണ്ടാണെന്ന് നോവല്‍ പറഞ്ഞ് വെക്കുന്നു.

2017-ലെ രേഖ അനുസരിച്ച്, തന്റെ പ്രസ്ഥാനം മുസ്ലിം ബ്രദര്‍ഹുഡുമായുള്ള പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ബന്ധങ്ങള്‍ വിഛേദിച്ചതായി കാണാം. വരാനിരിക്കുന്ന വെല്ലുവിളികളുടെ കോമ്പസ് തിരിച്ചു വെക്കുന്നത് എവിടേക്കായിരിക്കും എന്നതിന്റെ സൂചന നല്‍കുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഇത്. താന്‍ അനുഭവിച്ച നീണ്ട ജയില്‍വാസം നല്‍കിയ അനുഭവം സംഘടനാ പാടവവും ശുഭാപ്തിയും അദ്ദേഹത്തില്‍ വളര്‍ത്താന്‍ സഹായിച്ചു. തത്ഫലമായി ഹമാസ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരാനും സിന്‍വാറിനെ പ്രാപ്തനാക്കി. '' ജയില്‍ ഒരു സ്‌കൂളായി മാറുന്നത് ഇങ്ങനെയാണ് ...; വിദ്യാര്‍ത്ഥി തന്നെ മറ്റുള്ളവരെ പഠിപ്പിക്കുന്ന വിദ്യാലയം. പരിചയമില്ലാത്ത വ്യക്തി സംവാദത്തിലും രാഷ്ട്രീയ ചിന്തയിലും അവിടെ വെച്ച് പരിശീലിപ്പിക്കപ്പെടുന്നു.''

'മുള്‍പടര്‍പ്പും ഗ്രാമ്പൂവും' എന്ന തന്റെ നോവല്‍ എഴുതി ഇരുപത് വര്‍ഷത്തിന് ശേഷം, കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം കൈവരിക്കാന്‍ ആ മനുഷ്യനു തന്നെ വിധിയുണ്ടായി.

1973 ഒക്ടോബറിലെ യുദ്ധം ഫലസ്തീന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഒരു നിര്‍ണായക സന്ധിയായിരുന്നു. ഇസ്രായേല്‍ തകരും എന്നതില്‍ ഒരു സംശയവും അവര്‍ക്കുണ്ടായിരുന്നില്ല. ഈജിപ്ഷ്യന്‍, സിറിയന്‍ പട്ടാളക്കാരുടെ കഴിവിനും ഇച്ഛാശക്തിക്കും മുമ്പില്‍ തങ്ങളുടെ അജയ്യതയെ കുറിച്ചും സൈനീക ശേഷിയെ കുറിച്ചുള്ള ഇസ്രായേലിന്റെ മിഥ്യാധാരണ തകര്‍ന്നുവെന്ന് അവര്‍ക്ക് ബോധ്യമായി. 'ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ളെഡ്' സംഘടിപ്പിക്കപ്പെട്ടത് ഒക്ടോബര്‍ ഏഴിനാണ് എന്നത് യാദൃശ്ചികമായിരുന്നില്ല. എന്നിരുന്നാലും, സാദത്തിന്റെ ജറുസലേം സന്ദര്‍ശനം കവര്‍ ചെയ്യുന്ന റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന വേളയില്‍, നമുക്ക് പൂര്‍ണ്ണമായും സംഭവിച്ച ദുരന്തത്തെ കുറിച്ച തന്റെ ഞെട്ടല്‍ ആഖ്യാതാവ് മറച്ചുവെച്ചില്ല.

ഭൂമുഖത്ത് ഇന്നോളം വിരചിതമായ എല്ലാ സാഹിത്യ സൃഷ്ടികളും, അത് ഏത് സ്വഭാവത്തില്‍ പെട്ടതായി കൊള്ളട്ടെ, അത് രചിക്കപ്പെട്ട കാലത്തിന്റെയും ചുറ്റുപാടിന്റെയും സ്പന്ദനങ്ങളെ പൂര്‍ണ്ണമായും ഒപ്പിയെടുത്തവയായിരുന്നു. സിന്‍വാറിന്റെ 'മുള്‍പ്പടര്‍പ്പും ഗ്രാമ്പൂവും'' 1948-നു ശേഷമുള്ള, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 1917-നു ശേഷമുള്ള ഫലസ്തീന്റെ കഥയാണ്. ഫലസ്തീനിലെ മക്കള്‍ നഷ്ടപ്പെട്ടുപോയ വൃദ്ധരും ഭര്‍ത്താവ് മരണപ്പെട്ടുപോയ സ്ത്രീകളും അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളും വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടു പോയവരും അനുഭവിക്കുന്ന ദുഃഖത്തിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും രുചിയും ഉപ്പുമാണ് ഈ നോവല്‍.

ഫലസ്തീന് മറ്റൊരു സവിശേഷത കൂടിയുണ്ട്. സമാനമായ അധിനിവേശം നടന്ന മറ്റൊരു പ്രദേശം ഭൂമുഖത്ത് വേറെയൊരിടത്തും കാണാന്‍ കഴിയുകയില്ല. ആലോചിച്ചാല്‍ പരിഹരിക്കാന്‍ വഴി എന്ത് എന്ന് ആര്‍ക്കും ഒരു എത്തും പിടുത്തവും നല്‍കാത്ത പ്രശ്‌നമാണ് ഫലസ്തീന്‍. സിന്‍വാറിന്റെ നോവല്‍ കയ്യില്‍ കിട്ടുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഈ ചരിത്രമെല്ലാം ഇരച്ചുകയറും. ഒരു നോവല്‍ എന്ന നിലയില്‍ രചിക്കപ്പെട്ട സാഹിത്യസൃഷ്ടിയാണ് ഇത് എങ്കിലും യഹ്യാ സിന്‍വാറിന്റെ ജീവിതകഥ കൂടിയാണ് ഇത്. ഇതു വായിക്കുന്നവരില്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിലേക്കുള്ള പ്രചോദനവും ആവേശവും പകര്‍ന്ന് നല്‍കപ്പെടും. താന്‍ ചെയ്ത പ്രവര്‍ത്തികള്‍ ഏറ്റുപറഞ്ഞിരിക്കുന്നു എന്ന് ആരോപിച്ച് ഇസ്രയേല്‍ ഗവണ്‍മെന്റിന് സിന്‍വാറിനെ കുറ്റവാളിയായി പ്രഖ്യാപിക്കാം. അറസ്റ്റു ചെയ്യാം. ശിക്ഷിക്കാം. പക്ഷേ, ഒരാള്‍ എഴുതിയ നോവല്‍ അയാളുടെ സമ്മതമായി വ്യാഖ്യാനിച്ച് അയാളെ പിടികൂടുവാനുള്ള തെളിവാക്കാന്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഒരു നിയമസംഹിതയ്ക്കും സാധിക്കുകയില്ല. സാഹിത്യസൃഷ്ടിക്ക് മുമ്പില്‍ ലോകത്തിലെ വന്‍ സൈനികശക്തി മുട്ടുമടക്കുന്നത് ഇങ്ങനെയാണ്. 


നോവലില്‍ സിന്‍വാര്‍, മിക്കവാറും, 'അഹമ്മദ്' എന്ന ആഖ്യാതാവാണ്. തന്റെ കുട്ടിക്കാലം മുതല്‍ ഹമാസ് മൂവ്‌മെന്റിലെ തന്റെ നേതൃപരമായ പങ്കാളിത്തം വരെ നീണ്ടുകിടക്കുന്ന സിന്‍വാറിന്റെ ജീവചരിത്രം കൂടിയാണ് നാം വായിക്കുന്നത്. അറബികള്‍ തോല്‍വിയുടെ കയ്പുനീരു കുടിച്ച നിമിഷം മുതല്‍ 1967-ലെ യുദ്ധത്തില്‍ ഇസ്രായേല്‍ ഗസ്സ മുനമ്പ് പിടിച്ചടക്കിയതതടക്കം ചുറ്റുമുള്ള എല്ലാത്തിനും അവന്‍ സാക്ഷിയായിരുന്നു. അത് അദ്ദേഹം രണ്ട് രംഗങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു.

ആദ്യത്തേത്: ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്റെ തന്നോടുള്ള പെരുമാറ്റത്തില്‍ വന്ന പെട്ടെന്നുള്ള മാറ്റം. തനിക്കു മിഠായി നല്‍കി തലോടിക്കൊണ്ട് ഇടപഴകിയിരുന്നവര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവന് അപകടം ഒന്നും പിണയാതിരിക്കാന്‍ വീട്ടിലേക്കു പോകാന്‍ ശാസിക്കുന്നത്.

രണ്ടാമത്തേത്: ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ബീച്ച് ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയത്. അതില്‍ കുറേ പേരെ അന്യായമായി വെടിവെച്ചു കൊന്നത്. ശേഷിച്ചവരെ ഈജിപ്ഷ്യന്‍ അതിര്‍ത്തി കടത്തി വിടുന്നത്. അവരോട് പരുഷമായി പട്ടാളക്കാര്‍ പെരുമാറുന്നത്. ആരും പിന്നിലേക്ക് തിരിഞ്ഞു നോക്കരുത് എന്ന് ആക്രോശിക്കുന്നത്. അങ്ങനെ ചെയ്താല്‍ വെടിവച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയത്.....

'മുള്‍പ്പടര്‍പ്പും ഗ്രാമ്പൂവും' എന്ന തന്റെ നോവല്‍ എഴുതി ഇരുപത് വര്‍ഷത്തിന് ശേഷം, കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം കൈവരിക്കാന്‍ ആ മനുഷ്യനു തന്നെ വിധിയുണ്ടായി. ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച ചര്‍ച്ച അഭൂതപൂര്‍വമായ വേഗതയില്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ത്വൂഫാനുല്‍ അഖ്‌സ്വയ്ക്ക് കഴിഞ്ഞു. ഒരുപക്ഷേ അധികം താമസിയാതെ മുള്ളുകള്‍ കൊണ്ട് രക്തം വാര്‍ന്ന് വേദനിക്കുന്ന ഫലസ്തീനില്‍ ഗ്രാമ്പൂവിന്റെ പരിമളവും സുഗന്ധവും പരക്കുക തന്നെ ചെയ്യും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - എസ്.എം സൈനുദ്ദീന്‍

Writer

Similar News