ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നവര്‍ ആര്‍ക്കും തൊടാന്‍ പറ്റാത്തവരല്ല; അവരുടെ പേരുകള്‍ പുറത്തുവരണം - ഡോ. ജെ. ദേവിക
എല്ലാ അധികാര അഹന്തയ്ക്കും അറുതിയുണ്ടാകും, അത് അപ്രതീക്ഷിതമായിരിക്കും, എന്നതിന്റെ പാഠമാണ് ഡബ്‌ള്യൂ.സി.സിയുടെ ഈ വിജയം നമ്മെ പഠിപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതുപോലെ തന്നെ; മലയാള സിനിമാ വ്യവസായത്തിന്റെ ഫ്യൂഡല്‍ അടിവേരുകള്‍ പച്ചയായിത്തന്നെ നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നു അത്. 1920-30കളില്‍ ഇന്ത്യന്‍ പ്രാദേശിക ഭൂവുടമകളും പലിശക്കാരും കര്‍ഷകര്‍ക്കു കടം കൊടുക്കുന്നത് ലാഭകരമല്ലെന്നു കണ്ട് പുതിയ വ്യവസായമായ സിനിമയില്‍ പണമിറക്കാമെന്ന് തീരുമാനിച്ചു. അവരുടെ വൃത്തികെട്ട ഫ്യൂഡല്‍മൂല്യങ്ങളെ സാധാരണവത്കരിച്ചുകൊണ്ടാണ് സിനിമ വളര്‍ന്നത്. പരമ്പരാഗത കലാകാരികളെ ജാതീയമായി താഴ്ത്തിക്കെട്ടി ഉന്നതജാതി പുരുഷന്മാരുടെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയിരുന്ന കാലത്തെ സംസ്‌കാരത്തെ വലിയ മാറ്റം കൂടാതെ ഇങ്ങോട്ടു പകര്‍ത്തുന്നതും സാധൂകരിക്കപ്പെട്ടു - സിനിമ വ്യവസായമല്ല, കലയാണെന്ന അര്‍ധസത്യത്തിലൂടെ.
കലയല്ലാത്തതുകൊണ്ട് ഈ സ്ത്രീകളാരും തൊഴിലാളികളല്ല, ആര്‍ട്ടിസ്റ്റുകളാണെന്നും, കലാകാരന്മാര്‍ക്ക് ലൈംഗികമര്യാദകള്‍ അത്രയൊന്നും പാലിക്കേണ്ടതില്ലെന്ന പരമ്പരാഗതധാരണയും, അതിനുമീതെ ഉറഞ്ഞുകൂടിയ ആധുനികതാ ആണത്തഹുങ്കും (സെക്‌സ് കലാകാരന്മാരുടെ അസ്തിത്വുദുഃഖത്തിന്റെ കേവലം താത്കാലിക പരിഹാരം മാത്രം, അതിന്റെ ഉപകരണങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ എന്നും മറ്റുമുള്ള ധാരണകള്‍) കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു. അടിസ്ഥാന ഫ്യൂഡല്‍ മൂല്യങ്ങളും അതിനു മീതേ പടര്‍ന്ന ഇത്തരം ആധുനികതാ ന്യായീകരണങ്ങളുമാണ് ചില നടന്മാരുടെ ആല്‍ഫാ മെയ്ല്‍ കളികളെ ഏതാണ്ട് സ്ഥാപനവത്കരിക്കുന്നതിന്റെ വക്കോളം എത്തിച്ചത്. അമ്മ എന്ന സംഘടന അത്തരം സ്ഥാപനവത്കരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഡബ്‌ള്യൂ.സി.സിയുടെ പ്രവര്‍ത്തകര്‍ക്ക് അഭിമാനനിമിഷമാണിത്. സാമൂഹ്യമൂലധനമുള്ള സ്ത്രീകള്‍ ആ വിഭവമുപയോഗിച്ച് സിനിമാരംഗത്തെ അറപ്പുളവാക്കുന്ന ഫ്യൂഡല്‍ സ്വഭാവത്തെ വെളിപ്പെടുത്തുന്നതില്‍ വിജയിച്ചത്, മലയാളി പിതൃമേധാവിത്വപോരാട്ടങ്ങളുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവം തന്നെയാണ്.
എല്ലാ അധികാര അഹന്തയ്ക്കും അറുതിയുണ്ടാകും, അത് അപ്രതീക്ഷിതമായിരിക്കും, എന്നതിന്റെ പാഠമാണ് ഡബ്‌ള്യൂ. സി.സിയുടെ ഈ വിജയം നമ്മെ പഠിപ്പിക്കുന്നത്. 1990കള്‍ മുതല്‍ അഭ്യസ്തവിദ്യരും മേല്‍വര്‍ഗാംഗങ്ങളും മേല്‍ജാതിക്കാരികളുമായ സ്ത്രീകള്‍ സിനിമാഭിനയരംഗത്തേയ്ക്കു മാത്രമല്ല, അതിന്റെ മറ്റ് പ്രധാനപ്പെട്ട ക്രിയാത്മക ഇടങ്ങളിലേക്കും കടന്നു. 2000നു ശേഷം ഈ പ്രവണത ശക്തമായി - അത് മേല്‍പ്പറഞ്ഞ ഫ്യൂഡല്‍ - ആധുനികതാ അധികാരത്തിന്റെ അടിത്തറയിളക്കുമെന്ന് അധികാരികള്‍ കരുതിയില്ല. എന്നാല്‍, പഴയകാലം മാറിയിരുന്നു. ഉന്നതകുലജാതകളായ പഴയകാല നടികള്‍ പലരും ദൂരസ്ഥലങ്ങളില്‍ വിവാഹംകഴിച്ചും മറ്റുമാണ് ഫ്യൂഡല്‍ സംസ്‌കാരം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഈ തലമുറ, പക്ഷേ, സ്വയം തൊഴിലെടുക്കുന്നവരായി തിരിച്ചറിഞ്ഞവരാണ്. അധികാരികള്‍ പ്രതീക്ഷിക്കാത്ത ആകസ്മികമായ ചെറുത്തുനില്‍പ്പ് ദിലീപ് കേസില്‍ ആക്രമിക്കപ്പെട്ട കലാകാരി നടത്തിയത് തങ്ങളുടെ പതനത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള വിവേകം സിനിമാരംഗം അടക്കിവാണവര്‍ക്കുണ്ടായില്ല.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ വെറുമൊരു scandal public ആയി ചുരുക്കരുത്. നമ്മുടെ ചരിത്രത്തില്‍ അധികാരികളുടെ ലൈംഗിക കുറ്റകൃത്യത്തെ ചുറ്റിപ്പറ്റി അടക്കിപ്പിടിച്ച് നടന്ന ചര്‍ച്ചകളെയാണ്് scandal publisc എന്നു വിളിക്കുന്നത്. ആളുടെ പേരു പറയാന്‍ മടിച്ച്, നിങ്ങള്‍ക്കെല്ലാം ആളെ അറിയാമല്ലോ എന്ന സൂചനയോടെ നടന്ന ചര്‍ചകളാണ് അവ. സ്വദേശാഭിമാനിയുടെ കാലം മുതല്‍ ഉണ്ടായവ. പക്ഷേ, വമ്പന്‍മാരോടുള്ള പോരാട്ടങ്ങളില്‍, അല്ലെങ്കില്‍ അധികാരവും ജനസമ്മതിയുമുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ, ആണ് അവ പ്രയോഗിക്കപ്പെട്ടത്, പലപ്പോഴും തിരിച്ചടിയെ ഭയന്നുതന്നെ. നിങ്ങള്‍ ദയവായി തിരിച്ചറിയുക - ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നവര്‍ അങ്ങനെ ആര്‍ക്കും തൊടാന്‍ പറ്റാത്തവരല്ല, അല്ലെങ്കില്‍ അവര്‍ അങ്ങനെ ആയിക്കൂട. അവരുടെ പേരുകള്‍ പുറത്തുവരണം. അവര്‍ നടത്തിയിരിക്കുന്ന, ക്ഷമ തീരെ അര്‍ഹിക്കാത്ത കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ നിയമത്തെ അഭിമുഖീകരിക്കുകതന്നെ വേണം.
ഡബ്‌ള്യൂ.സി.സിയുടെ പ്രവര്‍ത്തകര്‍ക്ക് അഭിമാനനിമിഷമാണിത്. സാമൂഹ്യമൂലധനമുള്ള സ്ത്രീകള്‍ ആ വിഭവമുപയോഗിച്ച് സിനിമാരംഗത്തെ അറപ്പുളവാക്കുന്ന ഫ്യൂഡല്‍ സ്വഭാവത്തെ വെളിപ്പെടുത്തുന്നതില്‍ വിജയിച്ചത്, മലയാളി പിതൃമേധാവിത്വപോരാട്ടങ്ങളുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവം തന്നെയാണ്. പാര്‍വതിയെപ്പോലുള്ള കലാകാരികള്‍ വലിയ വിലയാണ് വ്യക്തിപരമായിത്തന്നെ ഇതിനു കൊടുത്തത്. സ്വന്തം മേല്‍ഗതി മാത്രം നോക്കാതെ പൊതുകാര്യത്തിനായി അത് മാറ്റിവയ്ക്കാനുള്ള മനസ്സ് ഇന്നത്തെ കാലത്ത് അത്യപൂര്‍വമാണ് - അതുള്ളവരായി സ്വയം തെളിയിച്ച ഡബ്‌ള്യൂ.സി.സി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.
ഇതേക്കുറിച്ച് കുറച്ചുവര്‍ഷങ്ങള്‍ മുന്‍പ് എഴുതിയ ഒരു ഇംഗ്‌ളിഷ് കുറിപ്പില്‍ ഞാന്‍ ഡബ്‌ള്യൂ.സി.സിയെ (അധികാരികളോടു ദിനംതോറും പൊരുതുന്നവരെയും) ചിതലുകളോട് താരതമ്യം ചെയ്തിരുന്നു. ചിതലുകളുടെ ശക്തി ചെറുതല്ല. ക്ഷമയയോടെ, ദിനംതോറുമുള്ള പോരാട്ടത്തിന്റെ വില കുറച്ചുകാണേണ്ടതില്ലെന്ന് ഈ സമരം തെളിയിക്കുന്നു.
ഏറ്റവും നാണംകെട്ട കളി ഇതില്‍ കളിച്ചത് പുരോഗമനസര്‍ക്കാരും സജി ചെറിയാനും മറ്റുമാണെന്ന് വ്യക്തം. ഡബ്‌ള്യു.സി.സി അംഗങ്ങളെ തങ്ങളുടെ പ്രചരണപരിപാടികളില്‍ ഉപയോഗിക്കാന്‍ മടിയില്ലായിരുന്നു അവര്‍ക്ക്. അതിനുശേഷം ഉടന്‍ അവരെ അപമാനിക്കുന്നതില്‍ മുന്നില്‍ നിന്ന ഒരാളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയും, വനിതാസംവിധായര്‍ക്ക് ധനസഹായം നല്‍കിയും, രണ്ടുകൂട്ടരേയും ഒരുമിച്ച് കൂടെനിര്‍ത്താനായിരുന്നു ശ്രമം. വനിതാസംവിധായകര്‍ക്കുള്ള പ്രത്യേക ധനസഹായത്തെ പിന്നീട് സര്‍ക്കാര്‍ പ്രചരണത്തോട് അടുത്തുവരുന്ന സിനിമയ്ക്ക് (ശ്രുതി നമ്പൂതിരിയുടെ സിനിമ) കൊടുത്ത് ഒരുവെടിക്ക് രണ്ടു പക്ഷിയെ കൈയിലാക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതു സംബന്ധിച്ചു നടത്തിയ കളികളെപ്പറ്റി പ്രത്യേകിച്ചു പറയാനുമില്ല. കഷ്ടം! ഇനിയെങ്കിലും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍കുറ്റങ്ങള്‍ അന്വേഷിക്കപ്പെടണം, കുറ്റവാളികള്‍ നിമയത്തെ നേരിടണം. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പുരോഗമനക്കുപ്പായം പൂര്‍ണമായും അഴിച്ചുവയ്ക്കണം.
(ജെ. ദേവികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്)