ഹീമോലിംഫ് ഉറക്കെ പറയുന്നത്

ശഹീദ് ശാഹിദ് അസ്മിയുടെ കഥാപാത്രം ഉൾപ്പടെ ശക്തരായ അഭിഭാഷകരുടെയും ആവേശകരമായ അവരുടെ കോടതി രംഗങ്ങളും ഉൾപ്പെടുത്താമായിരുന്നിട്ടും അത് സമ്പൂർണമായി സിനിമയിൽ നിന്ന് ഒഴിവായത്, രക്ഷകരായ ജ്യുഡിഷ്യറി എന്ന ഉപരിപ്ലവമായ സങ്കൽപത്തെ അപനിർമ്മിക്കുവാനും ഇന്ത്യൻ ദേശ രാഷ്ട്രത്തോട് സൂക്ഷമവും മൂർച്ചയേറിയതുമായ പുതിയ ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി കൂടിയുണ്.

Update: 2022-09-23 05:10 GMT
Click the Play button to listen to article

ഹീമോലിംഫ് 7/11 മുംബൈ ട്രെയിൻ ബ്ലാസ്റ്റ് കേസിൽ അന്യായമായി പ്രതി ചേർക്കപ്പെട്ട, മുംബൈ ATS  (Anti terrorist squad) അടക്കമുള്ള ഇന്ത്യൻ ദേശ രാഷ്ട്ര സംവിധാനത്താലും ഇന്ത്യയിലെ ഡീപ്പ് സ്റ്റേറ്റ് നിയമങ്ങളാലും വേട്ടയാടപ്പെട്ട, സ്‌കൂൾ അധ്യാപകനായ അബ്ദുൽ വാഹിദ് ശൈഖിൻ്റെ കഥയല്ല. മറിച്ച് ഇന്ത്യൻ ഭരണകൂടത്തിൻ്റെ സങ്കീർണവും ആഴത്തിൽ വേരൂന്നിയതുമായ ബ്രാഹ്മണ്യ താൽപര്യങ്ങൾക്കു വേണ്ടി ഭരണകൂടം വേട്ടയാടിയ അനേകായിരം മുസ്ലീങ്ങളുടെ കഥയാണ്, ഇന്ത്യൻ ദേശ രാഷ്ട്രത്തിൻ്റെയും ഇന്ത്യൻ പോതുബോധത്തിൻ്റെയും ഇസ്ലാമോഫോബിക്കായ മനോഘടനയുടെ ചരിത്രമാണ്, ഇന്ത്യൻ ഭരണകൂടത്തിൻ്റെ വംശീയമായ വെറുപ്പ് എപ്പോൾ വേണമെങ്കിലും ഒരു ഭീകരാരോപണമായി തങ്ങളുടെ മേൽ വന്നു പതിക്കാമെന്ന തിരിച്ചറിവിനാൽ ഭയപ്പെടുന്ന അനേക കോടി ഇന്ത്യൻ മുസ്ലിംകളുടെ ഭീതിയുടെ കഥയാണ്. ഇത് എഴുതുന്ന എൻ്റെയും വായിക്കുന്ന നിങ്ങളിൽ പലരുടെയും ചരിത്രമാണ് ഹീമോലിംഫ്. അതുകൊണ്ടു തന്നെ അബ്ദുൽ വാഹിദ് ശൈഖ് ഇന്ത്യൻ ദേശ രാഷ്ട്രം അപരവൽക്കരിച്ച മുസ്ലിം ജനസമുഹത്തിൻ്റെ പ്രതിനിധിയാണ്.

2015-ൽ, നീണ്ട ഒമ്പത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കിയ അബ്ദുൽ വാഹിദ് ശൈഖ്, അദ്ദേഹം ജയിലിൽ ആയിരുന്ന ഘട്ടത്തിൽ തന്നെ എഴുതിയ Begunah Qaidi (Innocent prisoner) എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ ആസ്പദമാക്കി കൊണ്ടാണ് ഹീമോലിംഫ് എന്ന സിനിമ തയാറാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഭരണകൂടം 'ഭീകരവാദികളെ' നിർമ്മിചെടുക്കുന്നത് എന്നും ഇന്ത്യൻ പോലീസ് സംവിധാനങ്ങൾ എങ്ങനെ, എത്രമാത്രം വംശീയമായ വിദ്വേഷത്തോടെയാണ് മുസ്ലിം ജീവിതങ്ങളെ നോക്കി കാണുകയും കൈകാര്യം ചെയുകയും ചെയുന്നത് എന്നും ഭരണകൂടം എത്രമാത്രം ക്രൂരമായ ഒരു സംവിധാനമാണെന്നും വംശീയതയും ജാതീയതയും ഇസ്ലാമോഫോബിയയും അഴിമതിയും എങ്ങനെ ഭരണകൂടമടക്കമുള്ള ഇന്ത്യൻ ദേശ രാഷ്ട്ര സംവിധാനങ്ങളുടെ മുഖമുദ്ര ആയിരിക്കുന്നു എന്നും സ്വന്തം അനുഭവങ്ങളെ മുൻനിറുത്തി പ്രസ്തുത പുസ്തകത്തിൽ ശൈഖ് ചർച്ച ചെയുന്നുണ്ട്. ഭരണകൂട ഭീകരത കേന്ദ്ര പ്രമേയമായ ഒരുപാട് സിനിമകൾ ഈ അടുത്ത കാലത്ത് ഇന്ത്യയിലെ പല സിനിമ ഇൻഡസ്ട്രികളിൽ നിന്നായി വന്നിട്ടുണ്ട്. ജയ് ഭീം, ജനഗണമന,  തുടങ്ങിയവ എല്ലാം അതിൽ വളരെ അധികം പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രങ്ങളാണ്. ഈ സിനിമകളിൽ നിന്ന് വിത്യസ്തമായി, നായകനായ അഭിഭാഷകൻ്റെ നാടകീയമായ കോടതി രംഗങ്ങളൊ കോടതി വിചാരണക്കിടയിൽ അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ നടത്തുന്ന വിപ്ലവാവേശം ഉയർത്തുന്ന ശക്തമായ ഡയലോഗുകളൊ, അനീതിക്കെതിരെ പ്രതികരിക്കുന്ന നായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന  തരത്തിലുള്ള  വിപ്ലവ സീനുകളൊ ഒന്നും ഫീമോലിംഫ് എന്ന സിനിമയിൽ ഇല്ല. ഒരു പക്ഷേ നമ്മുടെയെല്ലാം നായകത്വ സങ്കൽപങ്ങൾക്കും വിപ്ലവ ധാരണകൾക്കും പുറത്ത്, അതിൽ തീർത്തും വ്യത്യസ്തമായ ഒരു ആഖ്യാന രീതിയും ഭരണകൂട അനീതിയോട് "ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാംശീകരിച്ച ഭരണഘടനയുടെയും സ്വന്തന്ത്ര്യമായ ജുഡീഷ്യൽ സംവിധാനത്തിൻ്റെ" പിന്തുണയോടെ എറ്റുമുട്ടുന്ന നായകൻ എന്ന ഇന്ത്യൻ ക്ലീഷേ സങ്കൽപങ്ങളെയും അട്ടിമറിച്ചു കൊണ്ട്, വളരെ വ്യത്യസ്തമായ മറ്റൊരു കോണിലൂടെ, അസ്വസ്ഥപ്പെടുത്തുന്ന ഫ്രേമുകളിലൂടെയാണ് ഹീമോലിംഫ് സംസാരിക്കുന്നത്.

അബ്ദുൽ വാഹിദ് ശൈഖ് എന്ന ഒരു കുടുംബനാഥനായ ഒരു സ്‌കൂൾ അധ്യാപകനിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. വളരെ ശാന്തമായ ഒരു ജീവിതം തൻ്റെ കുടുംബത്തോടൊപ്പം നയിക്കുന്ന സ്‌കൂൾ അധ്യാപകനായ അബ്ദുൽ വാഹിദ് ശൈഖിനെ 2006-ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ പ്രതിചേർക്കുന്നതോടെയാണ് ശൈഖിൻ്റെ ജീവിതം മറ്റൊരു ഗതിയിലേക്ക് തിരിയുന്നത്. 2006-ലെ ട്രെയിൻ സ്ഫോടന പരമ്പരയുടെ ഭാഗമായ ആറ് പാക്കിസ്ഥാനി പൗരന്മാർക്ക് തൻ്റെ മുംമ്പറയിലുള്ള വീട്ടീൽ ഒളിച്ചു താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകി എന്നതായിരിന്നു ശൈഖിനെതിരെ മഹാരാഷ്ട്ര എ.ടി.എസ് ചാർജ്ജ് ചെയ്ത കുറ്റം.  പ്രസ്തുത കുറ്റത്തിന് ആദ്യം അദ്ദേഹം പഠിപ്പിക്കുന്ന സ്ക്കൂളിൽ നിന്ന് പോലീസ് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും പിന്നീട് വിട്ടയ്ക്കുകയും ശേഷം ഒരു ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും അവിടെ നിന്ന് പോലീസ് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തത്. ഈ സംഭവവും ശേഷം നടന്ന, മഹാരാഷ്ട്ര എ.ടി.എസിൻ്റെ കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് അബ്ദുൽ വാഹിദ് ശൈഖ് നേരിടേണ്ടി വന്ന പോലീസ് അതിക്രമങ്ങൾ, സിനിമ സവിശേഷമായി ശ്രദ്ധയൂന്നിയ വിഷയങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ പോലീസ് അടക്കമുള്ള സംവിധാനങ്ങൾ എങ്ങനെയാണ് നിരപരാധികളെ കൊണ്ട് കുറ്റം സമതിപ്പിക്കുന്നത് എന്നതിൻ്റെ നേർകാഴ്ച്ചയാണ് പ്രസ്തുത രംഗങ്ങൾ. അതിഭീകരമായിട്ടുള്ള, ഒരു തടവുകാരന് ലഭിക്കേണ്ട മുഴുവൻ അവകാശങ്ങളെയും അട്ടിമറിച്ചു കൊണ്ട് അതിക്രൂരമായ മർദനോപാധികളിലൂടെയാണ് പോലീസ് കുറ്റവാളികളെ നിർമ്മിചെടുക്കുന്നത് എന്ന സത്യം ഹീമോലിംഫ് വിളിച്ചു പറയുന്നുണ്ട്. അതിനെ കുറിച്ച് അബ്ദുൽ വാഹിദ് ശൈഖ് നടത്തിയ ഒരു പരാമർശം ഇവിടെ പ്രസക്തമാണ്. "ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്ന അനീയന്ത്രിതമായ പിന്തുണ കാരണം എന്തും ചെയാനുള്ള അധികാരം പോലീസിന് കൈവന്നിരിക്കുന്നു.അവർ ലോക്കപ്പ് മർദ്ദനങ്ങളും കൊലപാതകങ്ങളും നടത്തുന്നു, അവർ വ്യാജ എറ്റുമുട്ടൽ കൊലകൾ നടത്തുന്നു, അക്രമകാരികൾക്ക് ആയുധങ്ങൾ നൽകുന്നു, വംശഹത്യയുടെ ഘട്ടങ്ങളിൽ അക്രമകാരികൾകൊപ്പം സംഘം ചേരുന്നു, ഇതെല്ലാം അവർക്ക് നിയമത്തിൻ്റെയും ഭരണകൂടത്തിൻ്റെയും പിന്തുണയുള്ളതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്'' എന്നാണ് അബ്ദുൽ വാഹിദ് ശൈഖ് പ്രസ്ഥാവിച്ചത്.



മുൻപ് സൂചിപ്പിച്ചത് പോലെ, പോലീസ് അതിക്രമങ്ങൾ എന്നത് ഫീമോലിംഫ് എന്ന സിനിമയും സിനിമയുടെ തീരക്കഥക്ക് അടിസ്ഥാനമായ പുസ്തകവും സൂക്ഷമമായി വിശകലനം ചെയുന്ന പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്നാണ്. പോലീസ് അടക്കമുള്ള സായുധ - അർദ്ധ സായുധ വിഭാഗങ്ങൾ നടത്തുന്ന അതിക്രമങ്ങളെ,  അധികാര ദുർവിനിയോഗം എന്ന കേവല വിമർശന ഉപാധിയെ മറികടന്നു കൊണ്ട്, ദേശ രാഷ്ട്രം, ഭരണകൂടം,  ഡീപ് സ്റ്റേറ്റ് നിയമങ്ങൾ, മീഡിയ, ജ്യുഡീഷ്യറി, പൗര സമൂഹം എന്നീ സ്ഥാപനങ്ങളെ കൂടി ബന്ധപ്പെടുത്തി കൊണ്ടാണ് ഹീമോലിംഫ് വിശകലനം ചെയുന്നത്. ഭീകരവാദികൾ എന്ന് മുദ്രകുത്തി ഇന്ത്യൻ അന്വേഷണ എജൻസികൾ അറസ്റ്റ് ചെയുന്ന വ്യക്തികൾ യാതൊരു സംശയത്തിനും ഇടയിലാത്ത വിധം കുറ്റവാളികൾ തന്നെയാണ് എന്ന് സ്ഥാപിക്കുന്ന വലിയൊരു മാധ്യമ പ്രചാരണം ന്യൂനപക്ഷ-ദലിത്  വിഭാഗങ്ങൾ അറസ്റ്റ് ചെയപ്പെടുമ്പോൾ ഇന്ത്യയിൽ ഉണ്ടാവുന്നുണ്ട് എന്ന് മഹാരാഷ്ട്ര മുൻ ഐ.ജി ആയിരുന്ന എസ് എം മുഷരിഫ് എഴുതിയ Brahminist bombed, Muslims hanged എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഈ പ്രോപഗണ്ട വഴി അറസ്റ്റ് ചെയപ്പെട്ട വ്യക്തികൾ ക്രൂരമായി ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന പോതുബോധ നിർമ്മിതിയെ കൂറ്റാരോപിതരെ ക്രൂരമായി പീഡിപ്പിക്കാനും വ്യാജ എറ്റുമുട്ടൽ കൊലകൾ നടത്തുന്നതിനും ഉള്ള സാധൂകരണ ഉപാധിയായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം പ്രസ്തുത പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ അന്വേഷണ എജൻസികളുടെ ഇത്തരം നയങ്ങൾ, നിയമത്തിനും നിയമവാഴ്ച്ചക്കും പുറത്ത്, അന്വേഷണ എജൻസികളുടെ ചില പരിധിവിടലുകൾ ആയാണ് പലപ്പോഴും വിമർശിക്കപ്പെടുന്നത്. പ്രസ്തുത ആഖ്യാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് അബ്ദുൽ വാഹിദ് ശൈഖിൻ്റെ ജീവിത കഥ പറയുന്നതിലൂടെ ഹീമോലിംഫ് ചെയുന്നത്. സ്വാഭാവിക നീതി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ ജസ്റ്റിസ് സിസ്റ്റമാണ് ഇന്ത്യക്കുള്ളത് എന്ന ബ്രഹദാഖ്യാനത്തെ അത് ചോദ്യം ചെയുന്നു. പോലീസ് കസ്റ്റഡിയിൽ ഉളളപോൾ നൽകപ്പെടുന്ന Custodial confession തെളിവായി സ്വീകരിക്കുന്ന വ്യവസ്ഥയിൽ എങ്ങനെയാണ് ക്രിമിനൽ വിചാരണ നീതിയുക്തമാകുന്നത് എന്ന് ശൈഖിൻ്റെ ജീവിതം ഇന്ത്യൻ ദേശ രാഷ്ട്രത്തോട് ചോദിക്കുന്നത്.  ഉത്തർപ്രദേശ് പോലീസാണ് ഇന്ത്യയിലെ എറ്റവും വലിയ ക്രിമിനൽ സംഘമെന്ന് 1950 വിധി പറഞ്ഞ കോടതികൾക്ക് പക്ഷേ ഒരു കുറ്റാരോപിതനെ കൊണ്ട് പല തരത്തിൽ ഉള്ള മർദനോപാധികളിലൂടെ  അന്വേഷണ എജൻസികൾക്കു വേണ്ട എതു കഥയും കുറ്റസമ്മത മൊഴിയായി പറയിപ്പിക്കാൻ സാധിക്കും എന്നത് തിരിച്ചറിയാൻ പറ്റാത്തത്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ഭരണകൂട അനീതികളോട് ഇന്ത്യൻ ജ്യുഡീഷ്യറിയുടെ സമീപനത്തെ വെളിപ്പെടുത്തുന്ന തെളിവായാണ് ഹീമോലിംഫ് മനസിലാക്കുന്നത്. മേൽ സൂചിപ്പിച്ച Custodial Confession- ൻ്റെ  അഭാവം കൊണ്ടാണ് 13 കൂറ്റാരോപിതരിൽ 8 -ആമത്തെ കുറ്റാരോപിതനായ അബ്ദുൽ വാഹിദ് ശൈഖിനെ മാത്രം കോടതി കുറ്റവിമുക്തനാക്കിയത് എന്ന് കൂടി നാം ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. അതിനാൽ തന്നെ അന്വേഷണ എജൻസികളുടെ ചില പരിധിവിട്ട പ്രവർത്തനങ്ങൾ എന്നതിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഭരണകൂടത്തിൻ്റെയും MCOCA, UAPA, TADA, POTA തുടങ്ങിയ, ഒരു വ്യക്തിയുടെ എറ്റവും  പ്രാഥമികമായ അവകാശങ്ങളെ പോലും റദ്ദു ചെയുന്ന ഡീപ്പ് സ്റ്റേറ്റ് നിയമങ്ങളുടെയും അകമ്പടിയോടെ, മീഡിയയുടെയും ഇന്ത്യൻ പോതുബോധത്തിൻ്റെയും ആക്രമണൊത്സുകമായ ആട്ടഹാസങ്ങളുടെ, ഇന്ത്യൻ ജ്യൂഡീഷ്യറിയുടെ എല്ലാം പിന്തുണയോടെ, വളരെ വ്യവസ്ഥാപിതമായി നടക്കുന്ന ഒന്നായാണ് ഇന്ത്യൻ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഹീമോലിംഫ് അടയാളപ്പെടുത്തുന്നത്.

പ്രസ്തുത അടയാളപ്പെടുത്തൽ ഭരണകൂട ഭീകരതയെ സംബന്ധിച്ച, അവയോടുള്ള പ്രതികരണത്തെ സംബന്ധിച്ച് വളരെ റാഡിക്കൽ ആയ ചില ചിന്തകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒന്നാമത്തേത്, നീതിയെ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്ന ഭരണഘടന, ഭരണഘടനയുടെ അന്തസത്തയെയും പൗരൻ്റെ മൗലീകാവകാശങ്ങളെയും സംരക്ഷിക്കുന്ന കോടതി, അഥവാ Judiciary is the  guardian of the constitution എന്ന, ജ്യുഡീഷ്യറിയെ രക്ഷക സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന, ഭരണകൂട ഭീകരത കേന്ദ്ര പ്രമേയമായ  സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ആഖ്യാനത്തെ അത് നിരാകരിക്കുന്നു. മറിച്ച് ഇന്ത്യൻ മുസ്ലിങ്ങൾക്കു നേരെ നടക്കുന്ന ഭരണകൂട ഹിംസ ജ്യുഡീഷ്യറിയുടെ കൂടി അറിവോടെ നടക്കുന്ന ഒന്നാണ് എന്ന യാഥാർത്ഥ്യത്തെ ഹീമോലിംഫ് സമ്മതിക്കുകയും ചെയുന്നു. അതിനാലാണ് ജയ് ഭീം, ജന ഗണ മന എന്നീ സിനിമകളിലേതു പോലെ പ്രേക്ഷകരുടെ വിപ്ലവാവേശം ഉയർത്തുന്ന കോടതി രംഗങ്ങൾ ഹീമോലിംഫിൽ ഇല്ലാത്തത്. ശഹീദ് ശാഹിദ് അസ്മിയുടെ ക്യാരക്ടർ ഉൾപ്പടെ ശക്തരായ അഭിഭാഷകരുടെയും ആവേശകരമായ അവരുടെ കോടതി രംഗങ്ങളും ഉൾപ്പെടുത്താമായിരുന്നിട്ടും അത് സമ്പൂർണമായി സിനിമയിൽ നിന്ന് ഒഴിവായത്, രക്ഷകരായ ജ്യുഡിഷ്യറി എന്ന ഉപരിപ്ലവമായ സങ്കൽപത്തെ അപനിർമ്മിക്കുവാനും ഇന്ത്യൻ ദേശ രാഷ്ട്രത്തോട് സൂക്ഷമവും മൂർച്ചയേറിയതുമായ പുതിയ ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി കൂടിയുണ്.



പ്രധാനപ്പെട്ട മറ്റൊരു ചോദ്യം, ഇന്ത്യൻ മുസ്ലിങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ജീവിത പദ്ധതികൾക്ക് ഇന്ത്യൻ ദേശ രാഷ്ട്രത്തോട് സംവദിക്കാൻ ജനാധിപത്യം, മതേതരത്വം, ഭരണഘടന ധാർമ്മികത, സ്വന്തന്ത്ര്യവും പക്ഷപാത രഹിതവും ആയ ജ്യൂഡീഷ്യറി തുടങ്ങിയ പരമ്പരാഗത സങ്കൽപങ്ങൾക്കും ഭാഷകൾക്കും സാധിക്കുമോ എന്നതാണ്. ഇന്ത്യൻ മുസ്ലിങ്ങൾ നേരിടുന്ന ഹിംസയെ, അപരവൽക്കരണത്തെ ഭരണകൂടം, ജ്യുഡീഷ്യറി, നിയമം, പൗര സമൂഹം എന്നീ സ്ഥാപനങ്ങളുടെ കൂടി പിന്തുണയോടെയും അറിവോടെയും നടക്കുന്ന ഒന്നായി അടയാളപ്പെടുത്തുക വഴി, ഇന്ത്യൻ ദേശ രാഷ്ട്രത്തോട്, ഇന്ത്യൻ ഡീപ്പ് സ്റ്റേറ്റിനോട് , അത് സാധ്യമാക്കുന്ന പൊതുബോധത്തോട്, ഇന്ത്യൻ ജ്യുഡീഷ്യറിയോട്, പോലീസ് അടക്കമുള്ള സായുധ വിഭാഗങ്ങളോട് സംവദിക്കാൻ പുതിയ ഒരു ഭാഷയുടെ രൂപീകരണത്തെ കുറിച്ചുള്ള ചിന്തകൾ ഹീമോലിംഫും മുന്നോട്ടു വയ്ക്കുന്നുണ്ട്. പരമ്പരാഗതമായ ഭാഷകൾ മുസ്ലിങ്ങൾക്കെതിരായ ഭരണകൂട ഹിംസ മനസിലാക്കാനോ വിമർശിക്കാനോ അനീതിക്കെതിരായ മുസ്ലിം ആവിഷ്ക്കാരങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നതിനൊ സാധ്യമലാത്തതു കൊണ്ടു കൂടിയാണ് വളരെ സെൻസിറ്റിവ് ആയ വിഷയം കൈകാര്യം ചെയ്തിട്ടു കൂടി, ഹീമോലിംഫ് പ്രേക്ഷകരിൽ ഒരു തരി വിപ്ലവാവേശം പോലും ഉണർത്താത്ത്. പരമ്പരാഗതമായ വിപ്ലവ സങ്കൽപങ്ങൾ മുസ്ലിം ചോദ്യത്തെ, ഹിംസയെ, ഹിംസക്കെതിരായ മുസ്ലിം പ്രതിരോധങ്ങളെ ആവിഷക്കരിക്കാൻ പ്രാപ്തമല്ല എന്നതു കൂടിയാണ് അത് നൽകുന്ന സന്ദേശം.

അതേ സമയം തന്നെ, ഇന്ത്യൻ മുസ്ലിങ്ങൾ ഇന്ത്യൻ ദേശ രാഷ്ട്രത്തോട് സംവദിക്കേണ്ട ഭാഷ, സ്വഭാവം, മാധ്യമം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചിന്തകൾ മുന്നോട്ടു വയ്ക്കുന്നതിൽ ഹീമോലിംഫ് എതെങ്കിലും തരത്തിൽ  വിജയിച്ചു എന്ന് ഞാൻ കരുതുന്നില്ല. എങ്കിലും ഇന്ത്യൻ ദേശ രാഷ്ട്രത്തോട് സംവദിക്കാൻ പുതിയൊരു ഭാഷയും മാധ്യമങ്ങളും ആവശ്യമാണ് എന്ന തിരിച്ചറിവ് പ്രധാനവുമാണ്

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - മുഹമ്മദ് റാഷിദ്

Writer

Similar News