ആശ ഭോസ്‌ലെ: സ്വര സപ്തമത്തില്‍ മറഞ്ഞിരിക്കുന്ന വംശീയത

ആശാ ഭോസ്‌ലേയുടെ 'സ്വരസ്വാമിനി ആശ' എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം വംശീയ രക്തം പുരണ്ട മോഹന്‍ ഭാഗവതിന്റെ കൈകളിലൂടെ പ്രകാശിപ്പിക്കപ്പെട്ടതോടെ, സ്നേഹ ധ്രുവത്തില്‍നിന്നും പിന്നിലേക്ക് പാടിയെത്തുന്ന മങ്കേഷ്‌കര്‍ കുടുംബം, വെറുപ്പിന്റെ ബിന്ദുവിലേക്ക് അധോയാനം നടത്തുന്നതിന് കഴിഞ്ഞ മാസവും രാജ്യം സാക്ഷിയാവുകയായിരുന്നു.

Update: 2024-07-10 15:28 GMT
Advertising

പ്രശസ്ത സിനിമാ പിന്നണി ഗായിക ആശ ഭോസ്‌ലെയുടെ 90ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അവരുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ജൂണ്‍ മാസം മുംബൈയില്‍ നടക്കുകയുണ്ടായി. പ്രകാശനം നിര്‍വഹിച്ചത് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. 90 വയസ്സിലേക്ക് കടക്കുന്ന ആശ ഭോസ്‌ലേക്ക് വേണ്ടി പ്രശസ്തരായ 90 എഴുത്തുകാര്‍ എഴുതിയ ലേഖനങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും സമാഹാരമായ 'സ്വരസ്വാമിനി ആശ' എന്ന പുസ്തകമാണ് മോഹന്‍ ഭാഗവത് പ്രകാശനം നിര്‍വഹിച്ചത്. മുംബൈ ദിനാനാഥ് മങ്കേഷ്‌കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഗായകരും അഭിനേതാക്കളും പങ്കെടുത്തു. ആശാ ഭോസ്‌ലേയെ ദേശസ്‌നേഹത്തിന്റെയും, ഭക്തിയുടെയും പ്രതീകമായി മോഹന്‍ ഭാഗവത് അതരിപ്പിച്ചപ്പോള്‍, വിനായക് ദാമോദര്‍ സവര്‍ക്കറോടുള്ള തന്റെ ആരാധനയും, ആ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ഓര്‍മിപ്പിക്കുന്നതായിരുന്നു ആശ ഭോസ്‌ലേയുടെ മറുപടി പ്രസംഗം.

ഗാന്ധി വധത്തിന്റെ ആസൂത്രണത്തിനും, വംശീയ ഭീകര പ്രത്യയശാസ്ത്രത്തിനും ശ്രുതി ചേര്‍ക്കുന്ന ആശാ ഭോസ്‌ലേയുടെ സംഗീത സംസ്‌കാരത്തിന്, ഈണത്തില്‍ പൊതിഞ്ഞുവെച്ച സവര്‍ണ്ണ വംശീയതയുടെ വികൃതസ്വരമുണ്ട്. സമൂഹത്തോടോ ഭൗതിക പ്രപഞ്ചത്തോടോ യാതൊരു ബാധ്യതയും ഇല്ലെന്ന അഹങ്കാരപൂര്‍ണ്ണമായ പ്രഖ്യാപനത്തില്‍ സുഖകരമായ ജീവിതം കഴിച്ചു പോരുന്ന കമ്പോള സിനിമാ പ്രവര്‍ത്തനങ്ങളിലെ ഒരാളില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ചിത്തവിഭ്രാന്തി മാത്രമല്ല ആശ ഭോസ്‌ലേയുടെ വാക്കുകളില്‍ നാം കണ്ടത്. വംശീയത, പ്രത്യേകിച്ച് സവര്‍ണ്ണ ഹിന്ദുത്വ ഭീകര വംശീയത ഒരു കലാകാരന്റെ സര്‍ഗാത്മകതയെ മലീമസമാക്കുന്ന ഉഗ്രവിഷപദാര്‍ഥമാണ് എന്ന് അറിയാത്ത ഒരാളായിരിക്കില്ല ആശ. എന്നുമാത്രമല്ല, ആര്‍.എസ്.എസിന്റെ കര്‍മശാസ്ത്രത്തില്‍ പെട്ടെന്ന് ആകൃഷ്ടയായതല്ല, മറിച്ച് താന്‍ അതിന്റെ സേവക കൂടിയാണ് എന്ന് ആശയുടെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. 


തന്റെ ഞരമ്പുകളിലൊഴുകുന്നത് ഹൈന്ദവ ഭീകരതയുടെ രക്തമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഗാന്ധി ഘാതകനായി വിചാരണ നേരിട്ട, ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഭീകര പ്രവര്‍ത്തന ആസൂത്രകനായ സവര്‍ക്കറിനോടുള്ള ആശാ ഭോസ്‌ലേയുടെ ആരാധന. ഇങ്ങനെ കൂട്ടക്കൊല നിര്‍വഹിക്കുന്ന, ഹൈന്ദവ വംശീയ ഭീകരതയുടെ ചെന്നായ ആ ഹൃദയത്തിനുള്ളില്‍ അമറിക്കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ട ആശാ ജി, താങ്കള്‍ എങ്ങനെയാണ് സ്വര സപ്തമങ്ങളെ ശ്രുതി ചേര്‍ക്കുന്നത്?

ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയ്ക്ക് സാംസ്‌കാരിക അഴക് ഉത്പാദിപ്പിക്കുന്നതിന് വേണ്ടി രംഗപീഠത്തില്‍ ഇരുത്തപ്പെട്ട ഒരു അലങ്കാര ഗായിക മാത്രമാണ് സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ആശാ ഭോസ്‌ലേ. കാണുന്ന മാത്രയില്‍ തന്നെ കാഴ്ചയുടെ തിരശ്ശീലയില്‍ നിന്ന് തുടച്ചു മാറ്റപ്പെടേണ്ട, രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തന അര്‍ധസൈനിക സംഘടനയുടെ ചീഫ് കമാന്‍ഡറായ മോഹന്‍ ഭാഗവതാണ് പുസ്തക പ്രകാശനത്തിന് ക്ഷണിക്കപ്പെട്ടത്. സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ വികാര പാരവശ്യം അനുഭവിച്ചവരാണ് തങ്ങളുടെ കുടുംബം എന്ന് ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനുമുമ്പും മങ്കേഷ്‌കര്‍ കുടുംബത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

മങ്കേഷ്‌കര്‍ കുടുംബത്തിന്റെ സംഘ്പരിവാര്‍ പാരമ്പര്യം

പ്രഥമ 'ലതാ ദീനനാഥ് മങ്കേഷ്‌കര്‍' പുരസ്‌കാരത്തിന് അവരുടെ കുടുംബ ട്രസ്റ്റ് തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. രാജ്യത്തിനു വേണ്ടി നിസ്വാര്‍ഥ സേവനം ചെയ്യുന്നവര്‍ക്കു മങ്കേഷ്‌കര്‍ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ആ വേദിയില്‍ തന്റെ നാലു പതിറ്റാണ്ടിലധികമുള്ള ലതാ മങ്കേഷ്‌കര്‍ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായിരുന്നു. 'മന്‍ കി ബാത്ത് ' റേഡിയോ പരിപാടിയില്‍ 2019-ല്‍ സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡില്‍, ലതാ മങ്കേഷ്‌കറുമായുള്ള തന്റെ 'വ്യക്തിഗത' ടെലിഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് വരെ പ്രധാനമന്ത്രി പ്ലേ ചെയ്തിരുന്നു. 


| പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്‌കര്‍, മീന ഖാദികര്‍, സംഗീതജ്ഞന്‍ ആദിനാഥ് മങ്കേഷ്‌കര്‍ എന്നിവരില്‍ നിന്ന് നരേന്ദ്രമോദി ഏറ്റുവാങ്ങുന്നു.

ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചുള്ള സവര്‍ക്കറിന്റെ 'ഹിന്ദു നരസിംഹ' എന്ന ഗാനം പാടിയത് ആശ ഭോസ്‌ലേയുടെ സഹോദരിയായ ലതാ മങ്കേഷ്‌കര്‍ ആണ്. ഇവരുടെ പിതാവ് ദീനനാഥ് മങ്കേഷ്‌കറും സവര്‍ക്കറിന്റെ രചനകള്‍ ഗാനങ്ങളാക്കി അവതരിപ്പിച്ചിട്ടുണ്ട്. വംശീയ സംഘര്‍ഷത്തില്‍ തളംകെട്ടിയ ചോരയിലൂടെ ഉരുണ്ടു നീങ്ങിയ എല്‍.കെ അദ്വാനിയുടെ രഥയാത്രയ്ക്ക് ശ്രീരാമ ഭക്തിഗാനങ്ങളുടെ ഈണം പകര്‍ന്നത് ലതാ മങ്കേഷ്‌കര്‍ ആയിരുന്നു.

ലതാ മങ്കേഷ്‌കര്‍ പാടിയ 'രാം ഭജന്‍' തന്റെ രഥയാത്രയുടെ കയ്യൊപ്പായി മാറിയതായി എല്‍.കെ അദ്വാനി പറഞ്ഞിട്ടുണ്ട്. 'രാം നാം മേ ജാദു ഐസാ, രാം നാം മന്‍ ഭായേ, മന്‍ കി അയോധ്യ തബ് തക് സൂനി, ജബ്ബാര്‍ തക് റാം നാ ആയേ...' (രാമന്റെ പേരിന് ഒരു മാന്ത്രികതയുണ്ട്, എന്റെ ഹൃദയം രാമനെ കൊതിക്കുന്നു; രാമന്‍ അവിടെ എത്തുന്നതുവരെ എന്റെ ഹൃദയത്തിലെ അയോധ്യ മ്ലാനമായി തുടരും) എന്ന ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച വംശീയ വെറിയുടെ ഗാനം ആലപിച്ചത് ലതാമങ്കേഷ്‌കര്‍ ആയിരുന്നു.

ഒരു കലാകാരന്റെ സാമൂഹിക ആശങ്കകള്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവരുടെ ലോകവീക്ഷണം, അവരുടെ കലയ്ക്ക് ഒരു ദിശയും ലക്ഷ്യവും നല്‍കുന്നു. സാമൂഹികമായ ആശങ്കകള്‍ ആഴമേറിയതും യുക്തിസഹവും ശാശ്വത പ്രാധാന്യവുമുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്ന കലാകാരന്മാരെ മാത്രമേ ചരിത്രം ഓര്‍ക്കുകയുള്ളൂ. ആര്‍.എസ്.എസുമായുള്ള ബന്ധം മങ്കേഷ്‌കര്‍ കുടുംബത്തിന്റെ ഗാനരംഗത്തുള്ള പ്രവര്‍ത്തനത്തെ ഉച്ചകോടിയിലെത്തിക്കാനും അവിടെ തുടരാനും സഹായിച്ചിട്ടുണ്ട്. അവര്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍.എസ്.എസ്) പ്രിയപ്പെട്ട ഗായികമാരായിരുന്നു.

സാമൂഹ്യനീതിക്ക് വേണ്ടി പോരാടിയ ധീരനായ പോരാളിയും, ഇന്ത്യ കണ്ട ഏറ്റവും വലിയ ധിഷണാശാലികളില്‍ പ്രധാനിയുമായ ഇന്ത്യന്‍ ദലിതുകളുടെ അനിഷേധ്യ നേതാവുമായ ഡോ. ഭീം റാവു അംബേദ്കറിനെക്കുറിച്ച് ഒരു ഗാനം ആലപിക്കാന്‍ ബോസ്‌ലേയുടെ സഹോദരി ലതാ മങ്കേഷ്‌കര്‍ വിസമ്മതിച്ചതായി ജനകീയ ദലിത് മറാത്തി ഗായകന്‍ സംഭാജി ഭഗത് വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ ബാബാ സാഹിബിന്റെ നാമം ഉച്ചരിക്കുന്നതിലൂടെ ഇത്രയും മനോഹരമായ ശബ്ദം അശുദ്ധമാവുകയാണെങ്കില്‍, ആ ശബ്ദം നമുക്ക് അഴുക്ക് തന്നെ. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല എന്ന് സംഭാജി പറയുന്നുണ്ട്.

സവര്‍ക്കറെയും അദ്ദേഹത്തിന്റെ ചിന്തകളെയും പുകഴ്ത്താനുള്ള ഒരു അവസരവും ആ കുടുംബം പാഴാക്കിയിട്ടില്ല. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനങ്ങളില്‍ അവര്‍ പതിവായി ട്വീറ്റ് ചെയ്യാറുണ്ടായിരുന്നു, അദ്ദേഹത്തെ തന്റെ പിതാവെന്നും ഭാരതമാതാവിന്റെ യഥാര്‍ഥ പുത്രനെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തിരുന്നത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ അഷ്റഫ് അസീസ് തന്റെ 'ഹിന്ദുസ്ഥാനി ചലച്ചിത്ര ഗാനങ്ങളുടെ സ്ത്രീ ശബ്ദം' എന്ന ലേഖനത്തില്‍ ലതയുടെ സംഭാവനകളെക്കുറിച്ച് ഉജ്ജ്വലമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, 'ലതാ മങ്കേഷ്‌കറിന്റെ ശബ്ദം ഇന്ത്യന്‍ സ്ത്രീകളെ വീട്ടുജോലി ചെയ്യാനും, അവരെ അനുസരണയുള്ളവരാക്കാനും സഹായിച്ചു' എന്നും അദ്ദേഹം വിമര്‍ശിക്കുന്നുമുണ്ട്.

ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ ആഘാതമായ ബാബരി മസ്ജിദ് തകര്‍ത്തതില്‍ അവര്‍ ആഹ്ലാദിച്ചു. 2020 ആഗസ്റ്റ് 5 ന്, കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഒരിക്കല്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് തറക്കല്ലിട്ടപ്പോള്‍, ലതാ മങ്കേഷ്‌കര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: 'നിരവധി രാജാക്കന്മാരുടെ സ്വപ്നം, അനേകം തലമുറകളുടെയും ലോകമെമ്പാടുമുള്ള രാമഭക്തരുടെയും ആശയങ്ങള്‍ ഇന്ന് സഫലമായിരിക്കുന്നു'

2021 ല്‍, പ്രശസ്ത അന്താരാഷ്ട്ര പോപ്പ് ഗായിക റിഹാന, കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തപ്പോള്‍, ലത അവരെ ഉപദേശിച്ചുകൊണ്ട് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത്, ലതയെ കൂടാതെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി എന്നിവരുള്‍പ്പെടെ മറ്റ് ചില സെലിബ്രിറ്റികളും റിഹാനയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു.

ലതാ മങ്കേഷ്‌കറിന് ഭാരതരത്ന പുരസ്‌കാരം ലഭിച്ചതിന് ശേഷം, മുംബൈയിലെ അവരുടെ വസതിക്ക് സമീപം സര്‍ക്കാര്‍ ഒരു മേല്‍പ്പാലം നിര്‍മിക്കാന്‍ തുടങ്ങി. നിര്‍മാണം നിര്‍ത്തിയില്ലെങ്കില്‍ രാജ്യം വിടുമെന്ന് ലത ഭീഷണിപ്പെടുത്തി. സമ്മതിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലായിരുന്നു. പിന്നീട് മേല്‍പ്പാലം ഒരിക്കലും നിര്‍മിച്ചിട്ടില്ല. തീവ്രമായ സ്വാര്‍ഥതയുടെ ഒരു ഉദാഹരണമായിരുന്നു, അവരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന കാര്യം വരുമ്പോള്‍, 'രാജ്യം വിടുമെന്ന്' ഭീഷണിപ്പെടുത്തി തന്റെ ആരാധകരെയും ഇന്ത്യാ ഗവണ്‍മെന്റിനെയും പോലും വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ അവര്‍ക്ക് ഒരു മടിയുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. എന്നാല്‍, ലോകം ഇന്ത്യന്‍ പിക്കാസോ എന്ന് അഭിസംബോധന ചെയ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ സംഘ്പരിവാര്‍ ഭീഷണി മൂലം രാജ്യം വിട്ടപ്പോള്‍ സര്‍ക്കാരിനോ, സഹയാത്രികരായ ഈ കലാകാരന്മാര്‍ക്കോ ഒരു പ്രതിഷേധവുമുണ്ടായില്ല.

ഈണത്തില്‍ പൊതിഞ്ഞ വര്‍ണ്ണവിവേചനം

ലതാ മങ്കേഷ്‌കറും, ആശ ഭോസ്‌ലേയും ഇന്‍ഡോറില്‍ ജനിച്ചിരിക്കാം, പക്ഷേ, ഗോവയിലെ ഒരു പ്രശസ്ത ദേവദാസി കുടുംബത്തിന്റെ രക്തം അവരുടെ സിരകളില്‍ ഒഴുകുന്നുവത്രേ. അവരുടെ മുത്തശ്ശി ഒരു ദേവദാസി ആയിരുന്നുവെന്നും, അതുകൊണ്ടുതന്നെ അവര്‍ ഒരു ദേവദാസി കുടുംബത്തില്‍ നിന്നുള്ള ഒരു ദലിത് ആണെന്നും പ്രമുഖ ഹിന്ദി, മറാത്തി ദലിത് എഴുത്തുകാരിയായ സുജാത പര്‍മിത അഭിപ്രായപ്പെടുന്നുണ്ട്. അവരുടെ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കറും ഒരു ദേവദാസിയുടെ മകനാണെന്ന് പര്‍മിത അവകാശപ്പെടുന്നു. എന്നാല്‍, അവര്‍ ബട്ട് ബ്രാഹ്മണ കുലത്തിലാണ് ജനിച്ചത് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

അതെന്തായാലും, സാമൂഹ്യനീതിക്ക് വേണ്ടി പോരാടിയ ധീരനായ പോരാളിയും, ഇന്ത്യ കണ്ട ഏറ്റവും വലിയ ധിഷണാശാലികളില്‍ പ്രധാനിയുമായ ഇന്ത്യന്‍ ദലിതുകളുടെ അനിഷേധ്യ നേതാവുമായ ഡോ. ഭീം റാവു അംബേദ്കറിനെക്കുറിച്ച് ഒരു ഗാനം ആലപിക്കാന്‍ ലതാ മങ്കേഷ്‌കര്‍ വിസമ്മതിച്ചതെങ്ങനെയെന്ന് ജനകീയ ദലിത് മറാത്തി ഗായകന്‍ സംഭാജി ഭഗത് വെളിപ്പെടുത്തുന്നുണ്ട്. 2015-ല്‍ റാഞ്ചിയില്‍ ആദിവാസി-ദലിത് യുവ അഭിഭാഷകരുടെ സംഘടനയായ ഉല്‍ഗുലന്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് സംഭാജി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നമ്മുടെ ബാബാ സാഹിബിന്റെ നാമം ഉച്ചരിക്കുന്നതിലൂടെ ഇത്രയും മനോഹരമായ ശബ്ദം അശുദ്ധമാകുകയാണെങ്കില്‍, ആ ശബ്ദം നമുക്ക് അഴുക്ക് തന്നെ. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല എന്ന് സംഭാജി പറയുന്നുണ്ട്.

എന്തായാലും, ആശാ ഭോസ്‌ലേയുടെ 'സ്വരസ്വാമിനി ആശ' എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം വംശീയ രക്തം പുരണ്ട മോഹന്‍ ഭാഗവതിന്റെ കൈകളിലൂടെ പ്രകാശിപ്പിക്കപ്പെട്ടതോടെ, സ്നേഹ ധ്രുവത്തില്‍നിന്നും പിന്നിലേക്ക് പാടിയെത്തുന്ന മങ്കേഷ്‌കര്‍ കുടുംബം, വെറുപ്പിന്റെ ബിന്ദുവിലേക്ക് അധോയാനം നടത്തുന്നതിന് കഴിഞ്ഞ മാസവും രാജ്യം സാക്ഷിയാവുകയായിരുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എ പ്രേംബാബു

Writer

Similar News