ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍: പേര്‍ഷ്യന്‍ ബീജം പേറുന്ന അടിസ്ഥാന സങ്കല്‍പങ്ങള്‍

ഹിന്ദി ഭാഷക്ക് ഇല്ലാത്ത മഹത്വം കല്‍പിച്ചു നല്‍കുകയും ഇതര ഭാഷകളേക്കാള്‍ ഉയരത്തില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ മനസ്സിലാക്കേണ്ട ചില കഠിന യാഥാര്‍ഥ്യങ്ങളുണ്ട്. ഒന്നാമതായി, സ്വന്തം പേര് തന്നെ മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുക്കേണ്ടി വന്ന ലോകത്തിലെ വിരലിലെണ്ണാവുന്ന ഭാഷകളില്‍ ഒന്നാണ് ഹിന്ദി. പേര്‍ഷ്യന്‍ ഭാഷയില്‍ ഇന്ത്യക്കാരന്‍ എന്ന അര്‍ഥം വരുന്ന പദമാണത്. രണ്ടാമതായി, അവരുടെ ജീവശ്വാസമായ പല സങ്കല്‍പങ്ങളുടെയും പിതൃത്വം ഇസ്‌ലാമിക പൈതൃകം പേറുന്ന പേര്‍ഷ്യന്‍ ഭാഷക്കാണുള്ളത് എന്ന കയ്പേറിയ യാഥാര്‍ഥ്യം സംഘ്പരിവാര്‍ ഇനിയെങ്കിലും തിരിച്ചറിയണം.

Update: 2022-10-14 04:47 GMT

ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ ഏറ്റവും വലിയ സ്വത്വവാദികള്‍ സംഘ്പരിവാര്‍ ആണെന്ന് ആരും നമുക്ക് പറഞ്ഞു തരേണ്ടതില്ല. സ്വത്വബിംബങ്ങളെ അവര്‍ തുടര്‍ച്ചയായി വളച്ചൊടിച്ച് ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും മതവുമെല്ലാം തങ്ങളുടെ ഇഷ്ടാനുസരണം ഹിന്ദുത്വത്തിന്റെ ആഘോഷങ്ങളായിരുന്നു എന്ന് പറഞ്ഞു വെക്കുന്നു. സത്യത്തിനോ വസ്തുതകള്‍ക്കോ പുല്ലുവില നല്‍കാത്ത തങ്ങളുടെ പ്രൊപ്പഗണ്ട മെഷിനറിയുടെ സഹായത്താല്‍ നവമാധ്യമങ്ങളിലൂടെ അവര്‍ ഈ കള്ളക്കഥകള്‍ നാടാകെ പ്രചരിപ്പിക്കുന്നു. മുസ്‌ലിം വിരോധം എന്ന ക്രൈറ്റീരിയ നിറവേറുന്നിടത്തോളം കേള്‍ക്കുന്നതെന്തും കണ്ണടച്ച് വിശ്വസിക്കാനായി പാകപ്പെട്ടു കഴിഞ്ഞ അവരുടെ അണികള്‍ അവയെ ഏറ്റെടുക്കുകയും മുസ്‌ലിംകളുടെ സ്വത്വാപരവല്‍ക്കരണം അതിന്റെ ഉച്ചകോടിയില്‍ എത്തിക്കുകയും ചെയ്യുന്നു.

ഇത്തരം കുതന്ത്രങ്ങളുടെ ഭാഗമായി അവര്‍ തങ്ങള്‍ ചരിത്രത്തില്‍ എന്തെല്ലാം അല്ലായിരുന്നോ അതെല്ലാം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാകയെ അപശകുനം എന്ന് വിളിച്ചവര്‍, സായിപ്പിന്റെ ഭരണഘടനയുടെ അന്ധമായ അനുകരണം എന്ന് ഭരണഘടനയെ ആക്ഷേപിച്ചവര്‍, ദേശീയഗാനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സ്വന്തം പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതിയവര്‍ - ഇവരിപ്പോള്‍ തിങ്കഞ്ഞ ദേശസ്‌നേഹികളായി വേഷംമാറി വരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനുമായി ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഐ.ന്‍.എയുടെ സൈനികരെ നേരിടാനായി ഹിന്ദു ബറ്റാലിയന്‍ ഉണ്ടാക്കുകയും ആ സ്വാതന്ത്ര്യസമര ഭടന്മാരെ കശാപ്പ് ചെയ്യുകയും ചെയ്തവര്‍ തന്നെ ഇന്ന് നേതാജിയെക്കുറിച്ച് ഓര്‍ത്ത് ഗദ്ഗദകണ്ഠരാവുന്നു.


ഇതുപോലെ തന്നെ അവര്‍ ഹിന്ദുത്വ സ്വത്വാവശിഷ്ടങ്ങളെ ഭൂരിപക്ഷസമുദായത്തിന്റെ മനസ്സില്‍ രാഷ്ട്രീയോദ്ദേശ്യങ്ങളോടെ പുനപ്രതിഷ്ഠിക്കുകയും ഇസ്‌ലാമിന്റെ ചരിത്രശേഷിപ്പുകളെ അക്രമകാരികളുടെ ദുസ്മരണകളായി അവഹേളിക്കുകയും ചെയ്യുന്നു. പശുവിന്റെ ദൈവീക പരിവേഷം ഊട്ടിയുറപ്പിക്കാനായി പശുവിറച്ചി കഴിക്കുന്ന മുസ്‌ലിംകളെ പെരുവഴിയില്‍ തല്ലിച്ചതക്കുകയും ക്ഷേത്രാചാരങ്ങളെ ബ്രാഹ്മണ്യത്തിന്റെ അച്ചില്‍ വാര്‍ത്ത് അധഃസ്ഥിതര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയും പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ചുമതലയെ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്ന തീര്‍ത്ഥാടനമായി ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസപദ്ധതിയെ രാജ്യത്തിന്റെയാകെ സ്വത്വസൂചികയായി മാറ്റിയെടുക്കുക എന്ന ദൗത്യമാണ് സംഘ്പരിവാര്‍ നിറവേറ്റുന്നത്.


അറബി, പേര്‍ഷ്യന്‍ സ്വാധീനമുള്ള മുഗള്‍ ഭരണകാലത്തിന്റെ ഗരിമയാര്‍ന്ന സ്മരണകള്‍ ഉണര്‍ത്തുന്ന പേരുകളെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മാറ്റിമറിയ്ക്കുക എന്നതാണ് മോദി സര്‍ക്കാര്‍ തുടര്‍ന്ന് പോരുന്ന സ്വത്വപരിഷ്‌കരണ പദ്ധതി.

ഇപ്രകാരമുള്ള സ്വത്വപരിഷ്‌കരണ പരിപാടിയിലെ ഒരു മുഖ്യ ഐറ്റമാണ് സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റുക എന്നത്. അറബി, പേര്‍ഷ്യന്‍ സ്വാധീനമുള്ള മുഗള്‍ ഭരണകാലത്തിന്റെ ഗരിമയാര്‍ന്ന സ്മരണകള്‍ ഉണര്‍ത്തുന്ന പേരുകളെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മാറ്റിമറിയ്ക്കുക എന്നതാണ് മോദി സര്‍ക്കാര്‍ തുടര്‍ന്ന് പോരുന്ന സ്വത്വപരിഷ്‌കരണ പദ്ധതി. അങ്ങനെ, മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന്‍ ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷനും ഫൈസാബാദ് അയോധ്യയും ഔറന്‍ഗാബാദ് സാംബാജിനഗറും അലഹബാദ് പ്രയാഗ്രാജുമെല്ലാമായി കാവിവല്‍ക്കരിക്കപ്പെടുന്നു.


ഈ വിധത്തിലുള്ള സ്വത്വധ്വംസനത്തിലെ പ്രധാന കണ്ണിയാണ് ഹിന്ദി ഭാഷയെ രാജ്യമെമ്പാടും ഔഗ്യോഗിക പദവി നല്‍കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍. പതിറ്റാണ്ടുകളായി നടന്നു വരുന്ന ഒരു സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായ ഈ പദ്ധതി അധികാരമില്ലാത്തതിനാലും മറ്റു ചില കാരണങ്ങളാലും ഇതേവരെ നടപ്പാക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കാത്ത ഒരു ഭാഷയെ ഔദ്യോഗിക ഭാഷയാക്കാനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മുസ്ലിം വിരോധം നമുക്കൊന്ന് പരിശോധിക്കാം.

ദില്ലി സല്‍ത്താനത്തും പിന്നീട് മുഗള്‍ സാമ്രാജ്യവും രാജ്യം ഭരിച്ചിരുന്ന എണ്ണൂറ് വര്‍ഷകാലത്താണ് പേര്‍ഷ്യന്‍, അറബി എന്നീ ഭാഷകളുമായി ഇന്ത്യന്‍ സമൂഹം താദാത്മ്യം പ്രാപിക്കുന്നത്. എട്ട് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ സൗഹൃദബന്ധത്തിന്റെ ഫലമായി അന്ന് നിലനിന്നിരുന്ന പല നാട്ടുഭാഷകളും പേര്‍ഷ്യനില്‍ നിന്ന് നിരവധി വാക്കുകള്‍ കടംകൊണ്ടു. വടക്കേ ഇന്ത്യയിലെ പല സ്ഥലപ്പേരുകളിലും ഈ സ്വാധീനം വ്യക്തമാണ്. അബാദ്, ബന്ദര്‍, ഗഞ്ജ്, ബാസാര്‍, ശഹ്ര്‍ തുടങ്ങിയ പേര്‍ഷ്യന്‍ പ്രയോഗങ്ങള്‍ അതോടെ പല സ്ഥലപ്പേരുകള്‍ക്കൊപ്പവും ചേര്‍ക്കപ്പെട്ടു.

ഇന്ത്യയില്‍ ഭാഷയെ മുസ്‌ലിം അപരവല്‍ക്കരണത്തിനുള്ള ഉപകരണമാക്കി സംഘ്പരിവാര്‍ മാറ്റുന്നത് ഉറുദു-ഹിന്ദി ദ്വന്ത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. അതിന് അവരെ സഹായിച്ചതോ സ്വാതന്ത്ര്യത്തിന് മുന്‍പേ തന്നെ ഇരുവിഭാഗത്തെയും ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രവും.

പേര്‍ഷ്യന്‍ ഭാഷയുടെ ഉപയോഗം ഹിന്ദുവിന്റെ പൈതൃകഗരിമയെയും സ്വത്വഭിമാനത്തെയും കുറച്ചുകളയുമെന്ന ചിന്തയില്‍ വിറളി പൂണ്ട് ഹിന്ദിയെ ഏതു വിധേനയും ഇതര സ്വാധീനങ്ങളില്‍ നിന്ന് ശുദ്ധീകരിയ്ക്കുക എന്നുറച്ച തീവ്ര ഹിന്ദുത്വനിലപാടുകാര്‍ ഒന്ന് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഭൂരിപക്ഷ മതാധികാരത്തിന്റെ ഐക്കണായി സംഘ്പരിവാര്‍ മാറ്റിയെടുത്തിട്ടുള്ള ഭഗവാന്‍ ശ്രീരാമന്റെ അപദാനങ്ങള്‍ പാടുന്ന രാമചരിതമനസത്തില്‍ പേര്‍ഷ്യന്‍ പ്രയോഗങ്ങള്‍ കടന്നു വന്നിട്ടുണ്ട്. അറബിയുടെയും പേര്‍ഷ്യന്റെയും ശക്തമായ സ്വാധീനം തുളുമ്പി നില്‍ക്കുന്ന അവധി ഭാഷയില്‍ തുളസീദാസ് രചിച്ച ഒരു വരി ശ്രദ്ധിയ്ക്കുക.

'ഗയീ ബഹോര്‍ ഗരീബ് നെവാജു, സരള്‍ സബല്‍ സാഹിബ് രഘുരാജു' എന്ന ശ്രീരാമവന്ദനത്തിന് തുളസീദാസ് ആശ്രയിച്ചിട്ടുള്ളത് പേര്‍ഷ്യന്‍ പ്രയോഗമാണ്. സാധുക്കളോട് കരുണയുള്ളവന്‍ എന്നര്‍ഥം വരുന്ന 'ഗരീബ് നവാസ്' എന്ന പേര്‍ഷ്യന്‍ വിശേഷണം തന്റെ ഇഷ്ട ദേവന് ചാര്‍ത്തിനല്‍കാന്‍ ഭാരതം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ശ്രീരാമഭക്തനായ തുളസീദാസിന് സങ്കോചമില്ലാത്തിടത്താണ് ഇന്നത്തെ കപടഭക്തന്മാര്‍ക്ക് അത് വൈക്ലബ്യം ഉണ്ടാക്കുന്നത്. സാഹേബ് എന്ന പേര്‍ഷ്യന്‍ പദവും തുളസീദാസ് പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഇതേപോലെ തന്നെ ഭക്തകവി സൂര്‍ദാസ് തന്റെ കൃഷ്ണസ്തുതികളില്‍ ഉപയോഗിച്ചിരുന്ന ബ്രജ് ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയുടെ സ്വാധീനം ലിംഗ്വിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ആധുനിക ഹിന്ദുമതത്തിന്റേതായി നാമിന്ന് കണ്ടു വരുന്ന പല ആചാരങ്ങളിലും പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ സൂചനകളും ലക്ഷണങ്ങളും കാണാനാവുന്നു. സര്‍വ്വസൃഷ്ടികളുടെയും അടിസ്ഥാന അംശങ്ങളായ പഞ്ചഭൂതങ്ങളില്‍ ഒന്നായി ഹിന്ദുക്കള്‍ ആരാധിക്കുന്ന അഗ്‌നി പേര്‍ഷ്യയിലെ സോരാഷ്ട്രന്‍ പദ്ധതിയില്‍ നിന്ന് കടമെടുത്തതാണ്. ഇതേ മാതൃകയില്‍ സൊരാഷ്ട്രന്‍ ഗ്രന്ഥമായ സ്വെന്ത് അവസ്ഥയില്‍ നിന്ന് സംഘ്പരിവാര്‍ ഊറ്റം കൊള്ളുന്ന ഋഗ്വേദത്തിലേക്ക് പകര്‍ത്തിയ വാക്കുകള്‍ നിരവധിയാണ്. അഹൂരയെ അസുരനും ഹോമരസത്തെ സോമരസവും ദഹ്യുവിനെ ദസ്യുവും ഹേനയെ സേനയും സിരണ്യനെ ഹിരണ്യനും ഹരഹ്വതിയെ സരസ്വതിയും ഹരയുവിനെ സരയുവുമെല്ലാമാക്കി മാറ്റിയത് 'ഹ' എന്ന ശബ്ദത്തിന് പകരം 'സ' പ്രതിഷ്ഠിയ്ക്കുക എന്ന നിസ്സാര വ്യത്യാസം വരുത്തിയാണ്.

ഇനി ഭാഷകള്‍ തമ്മിലുള്ള പിടിവലികള്‍ മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് എങ്ങനെ വഴിമാറി എന്ന് പരിശോധിയ്ക്കാം. ഇന്ത്യയില്‍ ഭാഷയെ മുസ്‌ലിം അപരവല്‍ക്കരണത്തിനുള്ള ഉപകരണമാക്കി സംഘ്പരിവാര്‍ മാറ്റുന്നത് ഉറുദു-ഹിന്ദി ദ്വന്ത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. അതിന് അവരെ സഹായിച്ചതോ സ്വാതന്ത്ര്യത്തിന് മുന്‍പേ തന്നെ ഇരുവിഭാഗത്തെയും ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രവും. ഒരമ്മപെറ്റ മക്കളായ ഇരുഭാഷകളുടെയും തായ്വേര് ഹിന്ദുസ്ഥാനിയിലാണ്. പക്ഷേ, ഇരുസമുദായങ്ങള്‍ക്കിടയില്‍ വിഭജനസാധ്യത മുന്നില്‍ കണ്ട ബ്രിട്ടിഷുകാര്‍ പേര്‍ഷ്യന്‍ ഛായയിലുള്ള ഖരിബോലി ഭാഷയായ ഉര്‍ദുവിന്റെ അവകാശം മുസല്‍മാനെയും സംസ്‌കൃത ഖരിബോലി ഭാഷയായ ഹിന്ദിയെ ഹിന്ദുവിനും ഏല്‍പിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വിഭജിച്ചപ്പോള്‍ പിരിഞ്ഞുപോയ പാകിസ്ഥാന്‍ ഉര്‍ദുവിനെ ദേശീയഭാഷയായി അംഗീകരിച്ചതു മുതല്‍ ഭാഷാവൈരം മതവൈരത്തിന്റെ ഉഗ്രരൂപവും കൈക്കൊണ്ടു.

വ്യക്തിപരമായി, മറ്റേത് ഭാഷയേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് ഉര്‍ദുവാണ്. വാക്കുകളുടെ ഉച്ചാരണത്തിലും ഘടനയിലെ മാധുര്യത്തിലും അത് എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതാണ്. മുന്‍ഷി പ്രേംചന്ദ്, രജീന്ദര്‍ സിങ് ബേഡി, ശൈലേന്ദ്ര തുടങ്ങി നിരവധി ഹിന്ദു എഴുത്തുകാര്‍ ഉര്‍ദുവിലും സാഹിര്‍ ലുധിയാന്‍വി, ശകീല്‍ ബദായൂനി, ഹസ്രത് ജയ്പുരി തുടങ്ങിയ മുസ്‌ലിം എഴുത്തുകാര്‍ ശുദ്ധഹിന്ദിയിലും വ്യാപാരിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇവരില്‍ പലരും ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് സജീവമായിരുന്നതിനാല്‍ ആ നിലക്കും ഇവരുടെ സംഭാവനകള്‍ ഭാരതത്തിന്റെ ബഹുസ്വരസംസ്‌കാരത്തിന്റെ പ്രതീകങ്ങളാകുന്നു.

ശുദ്ധമായ സംസ്‌കൃത പദങ്ങള്‍ മാത്രമുപയോഗിച്ച് ശകീല്‍ ബദായൂനി എഴുതി മുഹമ്മദ് റഫി പാടിയ 'മന്‍ തഡ്പത്ത് ഹരി ദര്‍ശന്‍ കോ ആജ്' എന്ന് തുടങ്ങുന്ന 'ബൈജു ബാവ്റ' എന്ന ചിത്രത്തിലെ കൃഷ്ണഭജന്‍ റെക്കോര്‍ഡ് ചെയ്യും മുന്‍പ് ഓര്‍ക്കസ്ട്രയിലെ അംഗങ്ങളോട് കുളിച്ചു ശുദ്ധമായി വരാന്‍ ആവശ്യപ്പെട്ട നൗഷാദ് അലി എന്ന സംഗീതസംവിധായകനെപ്പോലുള്ള പുണ്യാത്മാക്കള്‍ പരിപാലിച്ചു പോന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായ ഗംഗാ-ജമുനി തെഹ്സീബ് ഇന്നിപ്പോള്‍ സംഘ്പരിവാരത്തിന്റെ വിഷദംഷ്ട്രകളേറ്റ് ഛിന്നഭിന്നമായിരിക്കുന്നു. 1200 വര്‍ഷത്തെ അടിമത്തത്തിന്റെ ഓര്‍മകള്‍ മായ്ക്കാനായി ഉറുദു, അറബി, പേര്‍ഷ്യന്‍ മുതലായ ഭാഷകളെ തമസ്‌കരിക്കാന്‍ ചരടുവലിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് അദ്ദേഹം ചെയ്യാന്‍ പോകുന്നത് വലിയ അബദ്ധമാണെന്ന് കൂടി പറയേണ്ടതുണ്ട്.




നരേന്ദ്രമോദിയുടെ മാതൃഭാഷയായ ഗുജറാത്തിയില്‍ പേര്‍ഷ്യന്‍ ഭാഷയുടെ ചെറുതല്ലാത്ത സ്വാധീനമുണ്ട് എന്ന് ഒരുപക്ഷെ അദ്ദേഹം അറിയുന്നുണ്ടാവില്ല. ഏത് വേദിയിലും മോദിജി ആരാധകരെ പ്രകമ്പനം കൊള്ളിയ്ക്കുന്ന 'മിത്രോ' എന്ന വിളിയുടെ അലയൊലികള്‍ ചെന്ന് നില്‍ക്കുന്നതും പേര്‍ഷ്യന്‍ ഭാഷയില്‍ തന്നെ. ഉറ്റതോഴനായ അമിത് ഷായുടെ പേരിലെ 'ഷാ' വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന പേര്‍ഷ്യന്‍ പദമാണ്. മുസ്‌ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അവരുടെ വീടിനുമീതെ ബുള്‍ഡോസര്‍ ഉരുട്ടുന്ന യോഗി ആദിത്യനാഥിന് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ള 'ബുള്‍ഡോസര്‍ ബാബ' എന്ന പേരിലെ ബാബയും പേര്‍ഷ്യന്‍ തന്നെ.

ഹിന്ദി ഭാഷയ്ക്ക് ഇല്ലാത്ത മഹത്വം കല്‍പിച്ചു നല്‍കുകയും ഇതര ഭാഷകളേക്കാള്‍ ഉയരത്തില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ മനസ്സിലാക്കേണ്ട ചില കഠിനയാഥാര്‍ഥ്യങ്ങളുണ്ട്. ഒന്നാമതായി, സ്വന്തം പേര് തന്നെ മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുക്കേണ്ടി വന്ന ലോകത്തിലെ വിരലിലെണ്ണാവുന്ന ഭാഷകളില്‍ ഒന്നാണ് ഹിന്ദി.

എന്നാല്‍, മറുപുറത്ത് ഹൈന്ദവസംസ്‌കാരത്തിന്റെ തിളക്കമാര്‍ന്ന ശേഷിപ്പുകളെ തേയ്ച്ചുമായ്ച്ചു കളയാനോ തള്ളിപ്പറയാനോ ഇന്ത്യയിലെ ഇസ്‌ലാം മതം ഒരിക്കലും തുനിഞ്ഞിട്ടില്ല എന്നതും നാം കാണേണ്ട വസ്തുത തന്നെ. ഇന്ത്യയില്‍ പരമ്പരാഗതമായി നിലനിന്ന ഭക്ഷ്യസംസ്‌കാരത്തില്‍ പേര്‍ഷ്യന്‍, ടര്‍ക്കിഷ് ശൈലിയുടെ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തിയ മുഗളായ് പാചകക്രമം അവര്‍ ഇന്നും പിന്തുടരുന്നു. ചരിത്രത്തിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ ഏടുകളെ തള്ളിപ്പറയാനോ വക്രീകരിച്ച് ഹിന്ദുക്കളെ ചതിയന്മാരും അക്രമികളും ആയി ചിത്രീകരിക്കാനോ അവര്‍ തയ്യാറല്ല. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്ജിദ് ഉള്‍പ്പെടെ ക്ഷേത്രവാസ്തുശൈലിയില്‍ പണിത നിരവധി മസ്ജിദുകളില്‍ ഒന്ന് പോലും പൊളിച്ച് അറേബ്യന്‍ മാതൃകയില്‍ പുതുക്കിപ്പണിയണമെന്നും അവര്‍ക്ക് തോന്നിയിട്ടില്ല.


ഹിന്ദി ഭാഷയ്ക്ക് ഇല്ലാത്ത മഹത്വം കല്‍പിച്ചു നല്‍കുകയും ഇതര ഭാഷകളേക്കാള്‍ ഉയരത്തില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ മനസ്സിലാക്കേണ്ട ചില കഠിനയാഥാര്‍ഥ്യങ്ങളുണ്ട്. ഒന്നാമതായി, സ്വന്തം പേര് തന്നെ മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുക്കേണ്ടി വന്ന ലോകത്തിലെ വിരലിലെണ്ണാവുന്ന ഭാഷകളില്‍ ഒന്നാണ് ഹിന്ദി. പേര്‍ഷ്യന്‍ ഭാഷയില്‍ ഇന്ത്യക്കാരന്‍ എന്ന അര്‍ഥം വരുന്ന പദമാണത്. രണ്ടാമതായി, അവരുടെ ജീവശ്വാസമായ പല സങ്കല്‍പങ്ങളുടെയും പിതൃത്വം ഇസ്‌ലാമികപൈതൃകം പേറുന്ന പേര്‍ഷ്യന്‍ ഭാഷയ്ക്കാണുള്ളത് എന്ന കയ്പേറിയ യാഥാര്‍ഥ്യം സംഘ്പരിവാര്‍ ഇനിയെങ്കിലും തിരിച്ചറിയണം. പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തിയായ സിന്ധൂനദിക്ക് ഇപ്പുറം വസിക്കുന്നവര്‍ എന്നര്‍ഥത്തില്‍ സൈറസ് ചക്രവര്‍ത്തി ക്രിസ്തുവിന് മുന്‍പ് ആറാം നൂറ്റാണ്ടില്‍ ഉപയോഗിച്ച വിളിപ്പേരാണ് 'ഹിന്ദു'. കൂടാതെ, ഹിന്ദുത്വ, ഹിന്ദുസ്ഥാന്‍, ഹിന്ദുമതം തുടങ്ങിയവയുടെയെല്ലാം ആരംഭം പേര്‍ഷ്യയില്‍ നിന്ന് തന്നെ എന്നത് സംഘ്പരിവാറിന് താങ്ങാവുന്നതിലും വലിയ ആഘാതമാണ് ഏല്‍പിക്കുക.

അങ്ങനെ നോക്കുമ്പോള്‍ അലഹാബാദിനും ഫൈസാബാദിനും പുതിയ പേര് കണ്ടെത്തിയ സംഘ്പരിവാര്‍ പുനര്‍നാമീകരണ യജ്ഞം തുടങ്ങേണ്ടത് ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ തുടങ്ങിയ പേര്‍ഷ്യന്‍ ബീജം പേറുന്ന അവരുടെ അടിസ്ഥാന സങ്കല്‍പങ്ങളില്‍ നിന്നല്ലേ?

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ബിനോജ് നായര്‍

Writer

Similar News