ക്വിറ്റ് ഇന്ത്യാ സമരത്തെ ഹിന്ദുത്വ ശക്തികള്‍ ഒറ്റുകൊടുത്ത വിധം

ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളായ ഗോള്‍വാള്‍ക്കര്‍ (ആര്‍.എസ്.എസ് തലവന്‍), ദീനദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക്, എല്‍.കെ അദ്വാനി, കെ.ആര്‍ മല്‍കാനി എന്നിവരുള്‍പ്പെടെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെയോ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മറ്റേതു സമരങ്ങളുടെയോ ഭാഗമായിരുന്നില്ല.

Update: 2022-09-23 06:39 GMT
Click the Play button to listen to article

1942 ലെ മഹത്തായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എണ്‍പതാം വാര്‍ഷികം കൊണ്ടാടുന്ന അവസരത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുത്വ പതാക വാഹകരുടെ (യഥാര്‍ഥ ദേശീയവാദികള്‍ എന്ന് അവകാശപ്പെടുന്ന) ദേശവിരുദ്ധത നാം വിലയിരുത്തണം. ആഗസ്റ്റ് ക്രാന്തി (ഓഗസ്റ്റ് വിപ്ലവം) എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ സമരം ഒരു രാജ്യവ്യാപക സിവില്‍ നിസ്സഹകരണ പ്രസ്ഥാനമായിരുന്നു, അതിനായി 1942 ആഗസ്റ്റ് 7 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനം ഒരു ആഹ്വാനം നല്‍കി. ആഗസ്റ്റ് 8 ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനിയില്‍ (ആഗസ്റ്റ് ക്രാന്തി മൈതാനം എന്ന് പുനര്‍നാമകരണം ചെയ്തു) നടത്തിയ ക്വിറ്റ് ഇന്ത്യാ പ്രസംഗത്തില്‍ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഗാന്ധിയുടെ ആഹ്വാനപ്രകാരം ആഗസ്റ്റ് 9 ന് ഇത് ആരംഭിക്കുകയായിരുന്നു. അതിനുശേഷം ആഗസ്റ്റ് 9 ആഗസ്റ്റ് ക്രാന്തി ദിവസ് ആയി ആഘോഷിക്കുന്നു.

ആഗസ്റ്റ് 8 ന് തന്നെ സമരക്കാരെ കൂട്ടത്തോടെ തടങ്കലില്‍ വച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ദ്രുതഗതിയില്‍ പ്രതികരിച്ചു. സമകാലിക ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നത് പ്രകാരം, ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മൊത്തം ഉന്നത നേതൃത്വം ഉള്‍പ്പെടെ 100,000 ത്തിലധികം അറസ്റ്റുകള്‍ നടത്തിയതായും, വന്‍തോതിലുള്ള പിഴ ഈടാക്കിയതായും പ്രതിഷേധക്കാരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയമാക്കി. ബ്രിട്ടീഷ് ഭരണാധികാരികളുടെയും അവരുടെ അനുയായികളുടെയും സൈന്യവും പൊലീസും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. പല ദേശീയ നേതാക്കളും ഒളിവില്‍ പോയി രഹസ്യ റേഡിയോ സ്റ്റേഷനുകള്‍ വഴി സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്തും ലഘുലേഖകള്‍ വിതരണം ചെയ്തും സമാന്തര സര്‍ക്കാരുകള്‍ സ്ഥാപിച്ചും തങ്ങളുടെ പോരാട്ടം തുടര്‍ന്നു. ത്രിവര്‍ണ പതാക പരസ്യമായി കൈവശം വെച്ചുവെന്ന കുറ്റത്തിന്റെ പേരില്‍ എണ്ണമറ്റ ദേശസ്‌നേഹികളായ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നു. അതിനും മുമ്പ് തന്നെ മൈസൂരില്‍ ഹിന്ദുമഹാസഭയുമായും ആര്‍.എസ്.എസുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്ന മൈസൂര്‍ രാജാവിന്റെ സായുധ സേന ത്രിവര്‍ണ പതാകയെ അഭിവാദ്യം ചെയ്തതിന് 22 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നിരുന്നു.

കോണ്‍ഗ്രസിനെ ദേശവിരുദ്ധവും നിയമവിരുദ്ധവുമായ സംഘടനയായി പ്രഖ്യാപിച്ച ശേഷം ബ്രിട്ടീഷുകാര്‍ ഹിന്ദുമഹാസഭയെയും മുസ്‌ലിം ലീഗിനെയും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബഹുജന മുന്നേറ്റത്തിന്റെ ഒരു വലിയ ഘട്ടത്തെ ഒറ്റുകൊടുത്തുവെന്ന് നമ്മില്‍ മിക്കവര്‍ക്കും അറിയാം. എന്നാല്‍, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സി.പി.ഐ ആഹ്വാനം ചെയ്തിട്ടും ധാരാളം കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ അതില്‍ പങ്കെടുത്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഹിന്ദു മഹാസഭയും രാഷ്ട്രീയ സ്വയംസേവക സംഘും (ആര്‍.എസ്.എസ്) ഉള്‍പ്പെടുന്ന അന്നത്തെ ഹിന്ദുത്വ ക്യാമ്പിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ എന്ത് പങ്കാണ് വഹിച്ചത് എന്നത് അജ്ഞാതമായ കാരണങ്ങളാല്‍ അവ്യക്തമാണ്. ഹിന്ദുത്വ ക്യാമ്പ് ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കുക മാത്രമല്ല, ഈ ചരിത്രപരമായ ബഹുജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ബഹുമുഖമായ പിന്തുണ നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന രേഖകള്‍ ലഭ്യമാണ്.


'വീര്‍' സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികളുമായി കൈകോര്‍ത്തു. 1942-ല്‍ കാവന്‍പൂരില്‍ (ഇപ്പോള്‍ കാണ്‍പൂര്‍) ഹിന്ദു മഹാസഭയുടെ 24-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ബ്രിട്ടീഷ് ഭരണാധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്ന ഹിന്ദു മഹാസഭയുടെ തന്ത്രം സവര്‍ക്കര്‍ ഇപ്പറയുന്ന വാക്കുകളില്‍ വിശദീകരിച്ചു:

'എല്ലാ പ്രായോഗിക രാഷ്ട്രീയത്തിന്റെയും പ്രധാന തത്വം പ്രതികരണാത്മക സഹകരണ നയമാണെന്ന് ഹിന്ദു മഹാസഭ വിശ്വസിക്കുന്നു. കൗണ്‍സിലര്‍മാരായും മന്ത്രിമാരായും നിയമനിര്‍മാതാക്കളായും പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദു സംഘടനാ വാദികളും (എച്ച്.എം അംഗങ്ങള്) സര്‍ക്കാര്‍ അധികാര കേന്ദ്രങ്ങളെ ഹിന്ദുക്കളുടെ ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും മുനിസിപ്പല്‍ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ - ഇവരൊക്കെ മറ്റുള്ളവരുടെ ന്യായമായ താല്‍പര്യങ്ങളില്‍ കടന്നുകയറാതെ നമ്മുടെ രാഷ്ട്രത്തിന് അങ്ങേയറ്റം രാജ്യസ്‌നേഹപരമായ സേവനമാണ് നല്‍കുന്നതെന്ന് അത് വിശ്വസിക്കുന്നു. അവരുടെ ജോലി സാഹചര്യങ്ങളിലെ പരിമിതികള്‍ മനസ്സിലാക്കിയ മഹാസഭ, ഈ സാഹചര്യങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നന്മകളും അവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പരിമിതികള്‍, പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ഘട്ടം ഘട്ടമായി സ്വയം പരിമിതപ്പെട്ടുക്കൊണ്ടിരിക്കും. നിരുപാധികമായ സഹകരണം മുതല്‍ സജീവവും സായുധവുമായ ചെറുത്തുനില്‍പ്പ് വരെയുള്ള ദേശസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊള്ളുന്ന പ്രതികരണാത്മക സഹകരണത്തിന്റെ നയം, കാലത്തിന്റെ അനിവാര്യതകള്‍, നമ്മുടെ പക്കലുള്ള വിഭവങ്ങള്‍, നമ്മുടെ ദേശീയ താല്‍പ്പര്യത്തിന്റെ ആജ്ഞകള്‍ എന്നിവയുമായി പൊരുത്തപ്പെടും.'

ബ്രിട്ടീഷ് യജമാനന്മാരുമായുള്ള ഈ 'പ്രതികരണാത്മക സഹകരണം' ഒരു സൈദ്ധാന്തിക പ്രതിബദ്ധത മാത്രമായിരുന്നില്ല. താമസിയാതെ ഹിന്ദുമഹാസഭ മുസ്ലിം ലീഗുമായി ഒത്തു പ്രവര്‍ത്തിക്കുന്നതില്‍ അത് എത്തി. 1942 ല്‍ 'വീര്‍' സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ മുസ്ലിം ലീഗുമായി സഖ്യസര്‍ക്കാരുകള്‍ നടത്തി. കാണ്‍പൂരില്‍ നടന്ന ഹിന്ദുമഹാസഭയുടെ അതേ സമ്മേളനത്തില്‍ തന്റെ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍ സവര്‍ക്കര്‍ ഈ ബന്ധത്തെ ന്യായീകരിച്ചത് ഇനിപ്പറയുന്ന വാക്കുകളില്‍:

'പ്രായോഗിക രാഷ്ട്രീയത്തിലും യുക്തിസഹമായ വിട്ടുവീഴ്ചകളിലൂടെ നാം മുന്നേറണമെന്ന് മഹാസഭയ്ക്ക് അറിയാം. അടുത്തിടെ സിന്ധില്‍, ക്ഷണം സ്വീകരിച്ച് സിന്ധ്-ഹിന്ദു-സഭ സഖ്യസര്‍ക്കാരിനെ നയിക്കുന്നതില്‍ ലീഗുമായി തന്നെ കൈകോര്‍ക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു എന്ന വസ്തുത ഇതിന് ഉദാഹരണം. ബംഗാളിന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മിസ്റ്റര്‍ ഫസലുല്‍ ഹഖിന്റെ നേതൃത്വവും നമ്മുടെ ആദരണീയനായ മഹാസഭാ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ കഴിവുറ്റ നേതൃത്വവും ഒരു വര്‍ഷത്തോളം വിജയകരമായി പ്രവര്‍ത്തിച്ചു .

ബംഗാളിനും സിന്ധിനും പുറമെ ഹിന്ദുമഹാസഭയും മുസ്‌ലിം ലീഗും ഈ കാലയളവില്‍ എന്‍.ഡബ്ല്യു.എഫ്.പി (വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍)യില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു.

ബംഗാള്‍ മുസ്ലിം ലീഗ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി ആയിരുന്ന ഹിന്ദുത്വ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളില്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തകര്‍ക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു

ബ്രിട്ടീഷുകാരുമായി സഹകരിക്കണമെന്ന ഹിന്ദുമഹാസഭയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഡോ. മുഖര്‍ജി 1942 ജൂലൈ 26ന് ബ്രിട്ടീഷ് യജമാനന്മാര്‍ക്ക് ഒരു കത്തിലൂടെ ഇങ്ങനെ ഉറപ്പു നല്‍കി:

'കോണ്‍ഗ്രസ് ആരംഭിച്ച ഏതെങ്കിലും വ്യാപകമായ പ്രസ്ഥാനത്തിന്റെ ഫലമായി പ്രവിശ്യയില്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ പരാമര്‍ശിക്കട്ടെ. യുദ്ധസമയത്ത്, ബഹുജന വികാരം ഇളക്കിവിടാന്‍ പദ്ധതിയിടുന്ന, ആന്തരിക അസ്വസ്ഥതകളോ അരക്ഷിതാവസ്ഥയോ ഉളവാക്കുന്ന ഏതൊരാളെയും താത്കാലികമായി പ്രവര്‍ത്തിക്കുന്ന ഏതൊരു ഗവണ്‍മെന്റും ചെറുത്തുതോല്‍പ്പിക്കണം.'



ഹിന്ദു മഹാസഭയ്ക്കും മുസ്ലിം ലീഗിനും വേണ്ടി ബംഗാള്‍ ഗവര്‍ണര്‍ക്ക് ഹിന്ദു മഹാസഭയുടെ രണ്ടാം കമാന്‍ഡ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാള്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ ബ്രിട്ടീഷ് ഭരണാധികാരികളെ ബംഗാളിന്റെ രക്ഷകരായാണ് ഇരുപാര്‍ട്ടികളും കാണുന്നതെന്ന് വ്യക്തമാക്കി. ഈ കത്തില്‍, സാഹചര്യം കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം ഇനം തിരിച്ചു പരാമര്‍ശിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

'ബംഗാളിലെ ക്വിറ്റ് ഇന്ത്യ എന്ന പ്രസ്ഥാനത്തെ എങ്ങനെ നേരിടും എന്നതാണ് ചോദ്യം. കോണ്‍ഗ്രസിന്റെ മികച്ച ശ്രമങ്ങള്‍ക്കിടയിലും ഈ പ്രസ്ഥാനം പ്രവിശ്യയില്‍ വേരുറപ്പിക്കാന്‍ പരാജയപ്പെടുന്ന വിധത്തില്‍ പ്രവിശ്യയുടെ ഭരണം തുടരണം. കോണ്‍ഗ്രസ് പ്രസ്ഥാനം ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം ഇതിനകം തന്നെ ജനപ്രതിനിധികളുടേതാണെന്ന് പൊതുജനങ്ങളോട് പറയാന്‍ നമുക്ക്, പ്രത്യേകിച്ച് ഉത്തരവാദിത്തമുള്ള മന്ത്രിമാര്‍ക്ക് കഴിയണം. ചില മേഖലകളില്‍ അടിയന്തരാവസ്ഥക്കാലത്ത് ഇത് പരിമിതപ്പെടുത്തിയേക്കാം. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ വിശ്വസിക്കണം; ബ്രിട്ടനു വേണ്ടിയല്ല, ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചേക്കാവുന്ന ഏതെങ്കിലും നേട്ടത്തിനുമല്ല, മറിച്ച് പ്രവിശ്യയുടെ പ്രതിരോധവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്.'

ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് ആര്‍.എസ്.എസ് സവര്‍ക്കറെ പിന്‍തുടര്‍ന്നു

ഹിന്ദുത്വത്തിന്റെ മറ്റൊരു പതാക വാഹകരായ ആര്‍.എസ്.എസിന്റെ ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള സമീപനവും വ്യത്യസ്തമായിരുന്നില്ല. ഈ മഹാവിപ്ലവത്തിനെതിരെ 'വീര്‍' സവര്‍ക്കറിനൊപ്പം അവര്‍ പരസ്യമായി പക്ഷം ചേര്‍ന്നു. ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള ആര്‍.എസ്.എസിന്റെ മനോഭാവം അതിന്റെ രണ്ടാമത്തെ തലവനും ഇന്നുവരെയുള്ള ഏറ്റവും പ്രമുഖ സൈദ്ധാന്തികനുമായ എം.എസ് ഗോള്‍വാള്‍ക്കറുടെ ഇനിപ്പറയുന്ന പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നു. നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ക്വിറ്റ് ഇന്ത്യ സമരത്തിന്റെയും ഫലത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു:

'തീര്‍ച്ചയായും പോരാട്ടത്തിനു മോശം ഫലങ്ങള്‍ ഉണ്ടാകും. 1920-21 ലെ പ്രസ്ഥാനത്തിനുശേഷം ആണ്‍കുട്ടികള്‍ അക്രമാസക്തരായി. നേതാക്കള്‍ക്ക് നേരെ ചെളിവാരിയെറിയാനുള്ള ശ്രമമല്ല ഇത്. എന്നാല്‍, ഇവ പോരാട്ടത്തിന്റെ അനിവാര്യമായ ഉല്‍പ്പന്നങ്ങളാണ്. ഈ ഫലങ്ങളെ ശരിയായി നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് കാര്യം. 1942-നു ശേഷം, നിയമ സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് ആളുകള്‍ പലപ്പോഴും ചിന്തിക്കാന്‍ തുടങ്ങി.'

അങ്ങനെ, ഹിന്ദുത്വത്തിന്റെ പ്രവാചകനായ ഗോള്‍വാള്‍ക്കര്‍, മനുഷ്യത്വരഹിതമായ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരവും അടിച്ചമര്‍ത്തുന്നതുമായ നിയമങ്ങളെ ഇന്ത്യക്കാര്‍ ബഹുമാനിക്കണമെന്ന് ആഗ്രഹിച്ചു! ക്വിറ്റ് ഇന്ത്യ സമരത്തോടുള്ള ഇത്തരത്തിലുള്ള നിഷേധാത്മക മനോഭാവം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പോലും ഗുണകരമായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു.


'1942 ലും പലരുടെയും ഹൃദയത്തില്‍ ശക്തമായ ഒരു വികാരം ഉണ്ടായിരുന്നു. ആ സമയത്തും സംഘത്തിന്റെ പതിവ് പ്രവര്‍ത്തനം തുടര്‍ന്നു. നേരിട്ട് ഒന്നും ചെയ്യില്ലെന്ന് സംഘ് ശപഥം ചെയ്തു. എന്നിരുന്നാലും, സംഘ് വൊളന്റിയര്‍മാരുടെ മനസ്സില്‍ കലാപം (ഉത്തല്‍-പുത്തല്‍) തുടര്‍ന്നു. സംഘ് നിഷ് ക്രിയരായ വ്യക്തികളുടെ സംഘടനയാണ്, അവരുടെ ചര്‍ച്ചകള്‍ ഉപയോഗശൂന്യമാണ്, പുലര്‍ത്തുനിന്നുള്ളവര്‍ മാത്രമല്ല, നമ്മുടെ പല വളണ്ടിയര്‍മാരും ഇതുപോലെ സംസാരിച്ചു. അവരും വല്ലാതെ വെറുക്കപ്പെട്ടു.'

ഗോള്‍വാള്‍ക്കര്‍ 'സംഘത്തിന്റെ പതിവ് പ്രവര്‍ത്തനം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ശ്രദ്ധിക്കുന്നത് രസകരമായിരിക്കും. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതിന് ഓവര്‍ടൈം അധ്വാനിക്കുക, അതുവഴി ബ്രിട്ടീഷ് ഭരണാധികാരികളുടെയും മുസ്ലിം ലീഗിന്റെയും തന്ത്രപരമായ ലക്ഷ്യം നിറവേറ്റുക എന്നതായിരുന്നു അത് തീര്‍ച്ചയായും അര്‍ഥമാക്കുന്നത്. വാസ്തവത്തില്‍, ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സമകാലിക റിപ്പോര്‍ട്ടുകള്‍ ആര്‍.എസ്.എസ് ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന വസ്തുതയെ നേര്‍ക്കുനേരെ വിവരിക്കുന്നുണ്ട്. അത്തരം ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 'സംഘ് ശ്രദ്ധാപൂര്‍വ്വം നിയമത്തിനുള്ളില്‍ സ്വയം സൂക്ഷിച്ചു പ്രവര്‍ത്തിച്ചു, പ്രത്യേകിച്ച്, 1942 ആഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട അസ്വസ്ഥതകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നു'

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുക്കുക മാത്രമല്ല, വിദേശ ഭരണാധികാരികള്‍ ഇന്ത്യാക്കാരുടെ ദേശവ്യാപകമായ ജനകീയ പ്രക്ഷോഭത്തെ നേരിട്ടപ്പോള്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കി ബ്രിട്ടീഷ് യജമാനന്മാര്‍ക്ക് വലിയ സേവനം നല്‍കുകയും ചെയ്തുവെന്ന് ഈ ചരിത്രപരമായ രേഖകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ഏറ്റവും കടുത്ത അടിച്ചമര്‍ത്തലുകളില്‍ ഒന്നിന് അവര്‍ കുടപിടിച്ചു കൊടുത്തു. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘം ഇന്ന് ഇന്ത്യ ഭരിക്കുകയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. ഈ രാജ്യദ്രോഹികളെ തുറന്നുകാട്ടുകയും ഇന്ത്യയ്‌ക്കെതിരെ ചെയ്ത കുറ്റങ്ങള്‍ക്ക് കുറ്റം ചുമത്തുകയും ചെയ്യുന്നതിനുമായി ഈ വസ്തുതകള്‍ നാം ഇന്ത്യന്‍ ജനതയെ അറിയിക്കേണ്ടതുണ്ട്.

തങ്ങളുടെ ഹിന്ദുത്വ പൂര്‍വികര്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ വഞ്ചിച്ചത് മൂടിവയ്ക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ്/ബി.ജെ.പി ഭരണാധികാരികള്‍ക്ക് നന്നായി അറിയാം. ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളായ ഗോള്‍വാള്‍ക്കര്‍ (ആര്‍.എസ്.എസ് തലവന്‍), ദീനദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക്, എല്‍.കെ അദ്വാനി, കെ.ആര്‍ മല്‍കാനി എന്നിവരുള്‍പ്പെടെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെയോ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മറ്റേതു സമരങ്ങളുടെയോ ഭാഗമായിരുന്നില്ല. ആര്‍.എസ്.എസ്-ബി.ജെ.പി ഭരണാധികാരികള്‍ വര്‍ഗീയ ധ്രുവീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടുള്ള ഈ വഞ്ചന മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.


REFRENCES:

[i] Cited in V.D. Savarkar, Samagra Savarkar Wangmaya: Hindu Rashtra Darshan, vol. 6, Maharashtra Prantik Hindu Sabha, Poona, 1963, p. 474.

[ii] Samagra Savarkar Wangmaya, vol. 6, 479-480.

[iii] Mookherjee, Shyama Prasad, Leaves from a Dairy, Oxford University Press. p. 179.

[iv] [Cited in A G. Noorani, The RSS and the BJP: A Division of Labour. LeftWord Books, p. 56–57.

[v] M.S. Golwalkar, Shri Guruji Samagra Darshan (Collected Works of Golwalkar in Hindi), vol. IV, Bhartiya Vichar Sadhna, Nagpur, nd, p. 41.

[vi] M.S. Golwalkar, Shri Guruji Samagra Darshan (Collected Works of Golwalkar in Hindi), vol. IV, Bhartiya Vichar Sadhna, Nagpur, nd, p. 40.

[vii] Cited in Andersen, Walter K.& Damle, Shridhar D. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism, Westview Press, 1987, 44.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷംസുൽ ഇസ്‌ലാം

Author

Shamsul Islam is a retired professor of Delhi University

Similar News