ജനാധിപത്യത്തില്‍ സ്വത്വവാദ സിനിമകള്‍ക്കും ഇടമുണ്ട്
മുന്‍തലമുറ കുടിച്ചിറക്കിയ കൈപുനീര് കുടിച്ചുവളര്‍ന്ന തമിഴ്‌നാട്ടിലെ പിന്‍ തലമുറ സിനിമയിലൂടെ തങ്ങളുടെ സ്വത്വ പ്രതിസന്ധിയുടെ കെട്ടുകള്‍ ഓരോന്നോരോന്നായി അഴിക്കുകയാണ്. തേവര്‍ കാലടിമണ്ണിനെ സ്തുതിച്ച് പാടാതെ കാറിയ തൊണ്ടയില്‍ സ്വന്തം വംശത്തിന്റെ പാട്ട് പാടുന്ന മാമന്നന്‍ സ്വത്വരാഷ്ട്രീയത്തിലെ പുതിയ പ്രതീക്ഷയുടെ പേരാണ്.
മാരി സെല്‍വരാജിന്റെ മാമന്നന്‍ സ്വത്വരാഷ്ട്രീയത്തേയും അതിന്റെ ഭാഗമായി ഇറങ്ങുന്ന സിനിമകളേയും കുറിച്ച് ചിന്തിക്കാന്‍ വീണ്ടും പ്രേരിപ്പിക്കുന്നു. സിനിമയെന്ന നിലയില്‍ മാരിയുടെ ആദ്യ ചിത്രമായ പരിയേറും പെരുമാളിനോളം വികാരതീവ്രതയോ രണ്ടാം സിനിമയായ കര്‍ണന്‍ അവശേഷിപ്പിച്ച മരവിപ്പോ നല്‍കാന്‍ മാമന്നനായിട്ടില്ലെങ്കിലും തന്റെ രാഷ്ട്രീയം ഭംഗിയായി സ്ഥാപിക്കാന്‍ മാരി സെല്‍വരാജിനായി. വടിവേലുവിന്റെ കയ്യടക്കമുള്ള പ്രകടനവും ഫഹദ് ഫാസിലിന്റെ സമര്‍ത്ഥമായ ശരീരഭാഷയും സിനിമയെ വേറെ തലത്തിലേക്ക് ഉയര്‍ത്തി. തേവര്‍മകന് വേണ്ടി ഒരു കൈ നഷ്ടപ്പെടുത്തിയ ഇസക്കിയുടെ സ്വത്വത്തെ പ്രത്യയശാസ്ത്ര ബന്ധിതമായ സമൂഹത്തിന്റെ പൊതുവാദത്തിന് മുന്നില്‍ മണ്ണ് എന്ന മാമന്നനായി നിര്‍ത്തി തികച്ചും ചില ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുകയാണ് സംവിധായകന്‍. ഇസക്കി അടിയാളത്തം എന്നന്നേക്കുമായി ഉപേക്ഷിക്കുകയും സ്വത്വബോധം വീണ്ടെടുക്കുകയും ചെയ്യുന്ന ദീര്‍ഘമായ കാലയളവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
സവര്‍ണജാതിക്കാരന് മൂത്രമൊഴിക്കാനും, ബലാത്സംഗം ചെയ്യാനും നിഷ്ഠൂരമായി കൊല്ലാനും അവന്റെ ജാതി വ്യവസ്ഥയെ പോഷിപ്പിക്കാനും മാത്രമായി ദലിത് ജീവിതങ്ങള്‍ മാറുമ്പോള്‍ ഒരു മാറ്റം അനിവാര്യമായ നീതിയാണ്. സ്വത്വരാഷ്ട്രീയം ഇന്ത്യപോലുള്ള ബഹുസ്വര രാജ്യത്ത് അങ്ങേയറ്റം സാധാരണീകരിക്കപ്പെടേണ്ട ഒന്നായി മാറിയതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പങ്കുണ്ട്.
തേവര്‍ കാലടിമണ്ണിനെ സ്തുതിച്ച് പാടാതെ കാറിയ തൊണ്ടയില്‍ സ്വന്തം വംശത്തിന്റെ പാട്ട് പാടുന്ന മാമന്നന്‍ സ്വത്വരാഷ്ട്രീയത്തിലെ പുതിയ പ്രതീക്ഷയുടെ പേരാണ്. മാമന്നനടക്കമുള്ള സ്വത്വരാഷ്ട്രീയ സിനിമകള്‍ സാധ്യമാക്കുന്ന ചര്‍ച്ചയുടെ തലങ്ങളുണ്ട്. രാജ്യത്തെ ദലിത് ജീവിതങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന ഇക്കാലത്ത് നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വത്വവാദം വിപരീത ഫലമുണ്ടാക്കുമെന്ന വാദം അംഗീകരിച്ചാല്‍ തന്നെ സ്വത്വവാദ രാഷ്ട്രീയവും അതിന്റെ വ്യാപനവും മുഖ്യധാരയില്‍ കൂടുതല്‍ ചര്‍ച്ചയാകേണ്ടതുണ്ട്. സ്വത്വവാദ സിനിമകളെക്കുറിച്ച് ഈയിടെ നടന്ന ചര്‍ച്ചകള്‍ തീര്‍ത്തും ഉപരിപ്ലവമായ നിഷ്പക്ഷതയിലൂന്നിയുള്ളതായിരുന്നു. വര്‍ഗരാഷ്ട്രീയ കാഴ്ചപാടുകള്‍ പ്രളയജലം പോലെ ഒഴുകിപ്പോയ കേരളം പോലുള്ള സംസ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തിനെതിരെ പ്രത്യയശാസ്ത്ര പ്രതിരോധം സ്വാഭാവികമാണ്. പൊതുഐക്യമെന്ന മധ്യവര്‍ഗ സങ്കല്‍പത്തെ താലോലിച്ച മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പത്തില്‍ ചില പിശക് തോന്നുന്നതും സ്വാഭാവികം. പക്ഷേ, സവര്‍ണജാതിക്കാരന് മൂത്രമൊഴിക്കാനും, ബലാത്സംഗം ചെയ്യാനും നിഷ്ഠൂരമായി കൊല്ലാനും അവന്റെ ജാതി വ്യവസ്ഥയെ പോഷിപ്പിക്കാനും മാത്രമായി ദലിത് ജീവിതങ്ങള്‍ മാറുമ്പോള്‍ ഒരു മാറ്റം അനിവാര്യമായ നീതിയാണ്. സ്വത്വരാഷ്ട്രീയം ഇന്ത്യപോലുള്ള ബഹുസ്വര രാജ്യത്ത് അങ്ങേയറ്റം സാധാരണീകരിക്കപ്പെടേണ്ട ഒന്നായി മാറിയതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പങ്കുണ്ട്. അത്രയ്ക്കും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയും ജാതിയും ഉപജാതിയും വര്‍ണങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും കാപട്യങ്ങളും ഉള്ള മഹാരാജ്യത്ത് ഈ വൈകിയ വേളയില്‍ സ്വത്വരാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ ദലിതര്‍ ശ്രമിച്ചാല്‍ എങ്ങനെ കുറ്റംപറയും.
മാമന്നനില്‍ കുസൃതിക്കാരനായ ബാലനില്‍ നിന്ന് ദൃഢതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള അതിവീരന്റെ വളര്‍ച്ച സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ജാതിയുടെ ദുഷിപ്പ് പേറിയ കല്ലേറുകള്‍ കൊണ്ട് സ്വന്തം കൂട്ടുകാര്‍ കൊല്ലപ്പെടുമ്പോഴാണ് അയാള്‍ സ്വത്വത്തിലേക്ക് ഉയരുന്നത്. അതേസമയം അധികാരത്തിലൂടെ സ്വന്തം ജനതയുടെ മോചനം സ്വപ്നംകണ്ട് മാമന്നന്‍ പൊതുരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ഇതേ മണിക്കൂറില്‍ തന്നെയാണ്. ദലിത് ജീവിതത്തിലെ രണ്ട് അവസ്ഥകളെയാണ് മാരി സെല്‍വരാജ് ഇവിടെ അവതരിപ്പിക്കുന്നത്.
സൂരജ് യങ്ദേയുടെ കാസ്റ്റ് മാറ്റേഴ്സ് എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പോലെ ദലിത് സ്വത്വമുപയോഗിച്ച് അധികാരമടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്ന റിയാക്ടീവ് ദലിതായുള്ള മാമന്നന്റെ ജീവിതവും, അടിക്കുത്തരം അടിയെന്ന സിദ്ധാന്തത്തില്‍ ഊന്നിയിട്ടുള്ള അതിവീരന്റെ ജീവിതവും കാണിച്ചുതന്ന് ദലിത് ജീവിതത്തിലെ രണ്ട് വിചാരധാരകളെ പരിചയപ്പെടുത്തുകയാണ് മാരി സെല്‍വരാജ്. മാമന്നന് അനുഭവത്തിന്റെ പക്വതയുണ്ട്. രാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ അയാള്‍ ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ, ജാതീയുടെ അദൃശ്യമായ ത്രാസില്‍ അയാള്‍ നിരന്തരമെന്നോണം അളക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തന്റെ നേതാവിന്റെ വീട്ടിലെ കസേര അയാള്‍ക്ക് കൈയകലത്തിലാണെങ്കിലും അതിലേക്കുള്ള ദൂരം അയാള്‍ താണ്ടുന്നേയില്ല. എപ്പോള്‍ അയാള്‍ അത് താണ്ടിയോ അവിടെ കലാപം തുടങ്ങുകയാണ്. കാര്യങ്ങള്‍ ഇരുന്ന് സംസാരിക്കാനുള്ള ദലിതന്റെ ന്യായമായ അവകാശം പോലും നിഷേധിക്കപ്പെടുന്നിടത്താണ് ദലിത് ചിന്തകളില്‍ കനലെരിയുക.
ഇടത് രാഷ്ട്രീയത്തിനോടുള്ള ചായ്‌വ് മാരി സെല്‍വരാജ് തന്റെ മൂന്ന് സിനിമകളിലും കാണിക്കുന്നുണ്ട്. ജാതി സംബന്ധമായ കാര്യങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് കുറച്ചുകൂടി ഉറച്ച ശബ്ദമാണ് തമിഴ്‌നാട്ടില്‍ സി.പി.എമ്മിന്. അയിത്തം, വഴിതടയല്‍, ക്ഷേത്ര പ്രവേശനം, ദുരഭിമാന കൊല തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തമിഴ്‌നാട് സിപിഎം മടിക്കാറില്ല. മധുരയിലെ ഉത്തപുരത്തെ ജാതി മതില്‍ തകര്‍ത്തതടക്കമുള്ള ശക്തമായ ഇടപെടല്‍ തമിഴ്‌നാട്ടില്‍ സി.പി.എം നടത്തുന്നുണ്ട്. തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ച് ആഴത്തിലുള്ളതും വിപുലവുമായ ഇടപെടലുകളാണ് സി.പി.എം ജാതിക്കെതിരെ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ നിന്നും ഭിന്നമായി സ്വത്വവാദ സിനിമകളില്‍ ആ പാര്‍ട്ടിക്ക് ഇടം കിട്ടുന്നതും. ഭരണം പിടിക്കുന്ന പാര്‍ട്ടിയായതുകൊണ്ട് കേരളത്തില്‍ സി.പി.എമ്മിന്റെ ജാതി പ്രശ്‌നങ്ങളിലെ നിലപാടുകള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സ്വത്വവാദ രാഷ്ട്രീയത്തില്‍ കേരളത്തിലെ പാര്‍ട്ടിക്ക് വിമര്‍ശകര്‍ കൂടുതലാണ്.
തമിഴ്‌നാട്ടില്‍ ജാതി ഇന്നും വലിയ പ്രശ്‌നമാണ്. 2019ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്തയില്‍ തമിഴ്‌നാട്ടിലെ 640 ഗ്രാമങ്ങളില്‍ ദലിതരോട് തൊട്ടുകൂടായ്മ ഉണ്ട് എന്ന് പറയുന്നുണ്ട്. സാമൂഹികമോ സാമ്പത്തികമോ ആയ ഒരാളുടെ നേട്ടങ്ങളൊന്നും അവിടെ ജാതിയെ ഇല്ലാതാക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റടക്കം ആറു ദലിതരെ കൊന്ന മേലവളവു കൂട്ടക്കൊല, കൂലി കൂട്ടി ചോദിച്ചതിന് 14 കുട്ടികളടക്കം 44 ദലിത് കര്‍ഷകരെ ചുട്ടുകൊന്ന കില്‍വെന്‍മണി സംഭവം, ദലിതരെ അടിച്ചമര്‍ത്താന്‍ പൊലീസ് ഉണ്ടാക്കിയ കൊടിയന്‍കുളം ലഹള തുടങ്ങി സാമാന്യ സഹനശക്തിയുടെ പരിധിക്കപ്പുറമുള്ള നിരവധി ദുരിതപര്‍വങ്ങളാണ് ദലിതര്‍ തമിഴ്‌നാട്ടില്‍ അനുഭവിച്ചിട്ടുള്ളത്.
ദലിത് ജീവിതത്തെ സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്ന ആഢംബരത്തിന് പുറത്ത് നിര്‍ത്തി കഥ പറയാനായി എന്ന് മാത്രമല്ല ചര്‍ച്ചയാവേണ്ട വിഷയങ്ങളെ ഒരു പരിധിവരെ സ്പൂണ്‍ഫീഡ് ചെയ്യാനും ഈ ചിത്രങ്ങള്‍ക്കായി. ദലിത് ജീവിതത്തിലെ നിസ്സഹായവും ദയനീയവുമായ അവസ്ഥകള്‍ കാണിക്കുമ്പോള്‍ ഷോട്ടുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതും അവ പ്രേക്ഷകരിലേക്ക് അസ്വസ്ഥതയായി പടരുന്നതും സംവിധായകന്‍ ലക്ഷ്യംവെച്ചിട്ടുണ്ട്. മാമന്നനില്‍ പട്ടിയെ തല്ലിക്കൊല്ലുന്ന രംഗം തന്നെ നോക്കാം.
നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍? എന്ന് ചങ്ങമ്പുഴ എഴുതിയ പോലെ മുന്‍തലമുറ കുടിച്ചിറക്കിയ കൈപുനീര് കുടിച്ചുവളര്‍ന്ന തമിഴ്‌നാട്ടിലെ പിന്‍ തലമുറ സിനിമയിലൂടെ തങ്ങളുടെ സ്വത്വ പ്രതിസന്ധിയുടെ കെട്ടുകള്‍ ഓരോന്നോരോന്നായി അഴിക്കുകയാണ്. ജനസാമാന്യത്തെ ഇത്രമേല്‍ സ്വാധീനിക്കാന്‍ കഴിഞ്ഞ കലയെന്ന നിലയില്‍ സിനിമയാണ് രാഷ്ട്രീയം പറയാന്‍ ഏറ്റവും പറ്റിയ മാധ്യമം. ആസ്വാദനത്തെ ഒട്ടും ബാധിക്കാത്ത തരത്തില്‍ രാഷ്ട്രീയം പറയുമ്പോള്‍ ലളിതമായി വിഷയം പബ്ലിക് സ്ഫിയറില്‍ എത്തിക്കുകയാണ് മാരി സെല്‍വരാജും, പാ രഞ്ജിത്തും, വെട്രിമാരനും അടക്കമുള്ള ഈ ശ്രേണിയിലെ സംവിധായകര്‍ ചെയ്യുന്നത്.
കാല, കപാലി, ജയ് ഭീം പോലെ വലിയ ബജറ്റ് സിനിമകള്‍ക്ക് ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയിട്ടുണ്ട്. എന്‍ജോയ് എന്‍ചാമി പോലുള്ള തമിഴ് പോപ്പ് സംഗീത ആല്‍ബവും ജനങ്ങള്‍ സ്വീകരിച്ചു.പക്ഷേ അവയേക്കാളൊക്കെ പ്രഹരശേഷിയുമായാണ് അസുരനും, പരിയേറും പെരുമാളും കര്‍ണനും വന്നത്. ദലിത് ജീവിതത്തെ സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്ന ആഢംബരത്തിന് പുറത്ത് നിര്‍ത്തി കഥ പറയാനായി എന്ന് മാത്രമല്ല ചര്‍ച്ചയാവേണ്ട വിഷയങ്ങളെ ഒരു പരിധിവരെ സ്പൂണ്‍ഫീഡ് ചെയ്യാനും ഈ ചിത്രങ്ങള്‍ക്കായി. ദലിത് ജീവിതത്തിലെ നിസ്സഹായവും ദയനീയവുമായ അവസ്ഥകള്‍ കാണിക്കുമ്പോള്‍ ഷോട്ടുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതും അവ പ്രേക്ഷകരിലേക്ക് അസ്വസ്ഥതയായി പടരുന്നതും സംവിധായകന്‍ ലക്ഷ്യംവെച്ചിട്ടുണ്ട്. മാമന്നനില്‍ പട്ടിയെ തല്ലിക്കൊല്ലുന്ന രംഗം തന്നെ നോക്കാം. എത്ര ക്രൂരമായാണ് രത്‌നവേല്‍ അത് നടപ്പാക്കുന്നത്. ക്യാമറ ആ രംഗം പ്രേക്ഷകരിലേക്ക് ഒരു അരിപ്പ പോലും ഇല്ലാതെ ഒഴിക്കുകയാണ്. ദലിതനോട് തോറ്റതിനാണ് ആ സാധു മൃഗത്തിന് ഈ ഗതി വന്നത്. ഇത്ര നിസാരമായാണ് പലപ്പോഴും ദലിതരേയും അവര്‍ കൈകാര്യം ചെയ്യുന്നത് എന്ന നഗ്‌നസത്യം പറ്റാവുന്ന കൃത്യതയോടെ സംവിധായകന്‍ പറഞ്ഞുവെയ്ക്കുകയാണ്.
വെന്‍ പിഗ്‌സ് ഹാവ് വിങ്‌സ് എന്നത് ഒട്ടും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തെ ദ്യോതിപ്പിക്കാനാണ് ഉപയോഗിക്കാറ്. അതിവീരന്‍ ചിറകുള്ള പന്നികളെ വരയ്ക്കുന്നുണ്ട് ഒരു രംഗത്തില്‍. പഠിക്കണം, പോരാടണം, ജനാധിപത്യത്തില്‍ അതിന്റെ ടൂള്‍ ഉപയോഗിച്ച് തന്നെ അധികാരം സ്ഥാപിക്കണം, അടിച്ചാല്‍ തിരിച്ചടിക്കണം, നല്ല വസ്ത്രം ധരിക്കണം, മേല്‍ജാതിയെന്ന് പറയുന്നവര്‍ കല്‍പിക്കുന്നതിനേയെല്ലാം എതിര്‍ക്കണം ഇങ്ങനെ ഒരുപാട് സങ്കല്‍പങ്ങള്‍ ഉണ്ടായിരിക്കണം അതിവീരന്. കുറേയൊക്കെ അയാള്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ, ഒരിക്കലും ഒതുക്കാനാകാത്ത ജാതി ഭൂതങ്ങള്‍ നിരന്തരം അയാളെ വേട്ടയാടുകയാണ്. ദലിതരുടെ പ്രതിരോധവും ആത്മാഭിമാനത്തോടോയുള്ള സഹജീവനവും അയാള്‍ സ്വപ്നം കാണുന്നുണ്ട്. എന്നാല്‍, അതെല്ലാം ഈ ഇമേജറിയില്‍ ചിറകുള്ള ചോദ്യങ്ങളാകുന്നു. പൊതുസമൂഹത്തിന് മുന്നിലാണ് ഈ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ കാത്ത് കിടക്കുന്നത്. മറ്റൊരു ഘട്ടത്തില്‍ രത്‌നവേലിന്റെ വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ വീറോടെ പൊരുതുന്ന പന്നിയേയും അയാള്‍ വരയ്ക്കുന്നിടത്ത് സ്വത്വബോധം ഉദിക്കുന്നതും പ്രതിരോധത്തിന്റെ മാര്‍ഗം തുറക്കുന്നതും കാണാം. മറ്റെന്ത് മാര്‍മാണ് ദലിതര്‍ക്ക് ഉള്ളത്.
കഴിഞ്ഞ മാസം സൂരജ് യങ്‌ദേ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു, 2022ല്‍ അമ്പതിനായിരത്തിലേറെ ക്രൂരമായ ദലിത് പീഡനങ്ങളാണ് രാജ്യത്ത് നടന്നതെന്ന്. അംബേദകര്‍ ജയന്തി നടത്താന്‍ ശ്രമിച്ച യുവാവിനെ കുത്തി കുടല്‍മാല പുറത്ത് വന്ന സംഭവം അദേഹത്തിന്റെ നാടായ മഹാരാഷ്ട്രയില്‍ തന്നെ ഉണ്ടായത്രേ. മാമന്നന്‍ ഇറങ്ങിയതിന് ശേഷം മാത്രം രാജ്യത്ത് നടന്ന ദലിത് പീഡനങ്ങളുടെ കണക്കെടുത്താല്‍ തീര്‍ച്ചയായും അത് ആയിരത്തിന് മുകളില്‍ വരും. മൂന്ന് ദിവസം മുമ്പാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തമിഴ്‌നാട്ടില്‍ അഞ്ഞൂറിനടുത്ത് ദലിതര്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നത്. യു.പിയിലും മധ്യപ്രദേശിലും ഗുജറാത്തിലും ദലിതരുടെ ജീവിതം ഇപ്പറഞ്ഞതിലും മോശമാണ്. ഇവിടെയൊക്കെയാണ് പൊതുവാദത്തിന് മേല്‍ സ്വത്വവാദത്തിന് മേല്‍കൈ ലഭിക്കുന്നത്. ദലിത് സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങള്‍ പുറത്തുവരുമായിരുന്നോ എന്ന് തന്നെ സംശയമാണ്.
കരുമാടി ചെറുക്കനെ പുറംകാലിന് തട്ടുന്ന ഗാനരംഗം വീണ്ടുമെടുത്ത് പറയണോ എന്ന ചോദ്യം വെറും തൊടുന്യായമാണ്. കണ്ട ചെമ്മാനും ചെരുപ്പുകുത്തിയും എന്ന പ്രയോഗങ്ങളെ ആ ജാതിയില്‍ പെട്ടവര്‍ എങ്ങനെയായിരിക്കും ഉള്‍ക്കൊണ്ടിരിക്കുക. ഇതിനെല്ലാം ചേര്‍ത്ത് അതൊക്കെ സിനിമയല്ലേ എന്ന മറുപടിയാണ് നമുക്ക് നല്‍കാനുള്ളതെങ്കില്‍ തീര്‍ച്ചയായും ഇവിടെ സ്വത്വരാഷ്ട്രീയം പറയുന്ന സിനിമകള്‍ക്ക് നല്ല സാധ്യതയുണ്ട്. മേല്‍ വിവരിച്ച സന്ദര്‍ഭങ്ങള്‍ എത്ര അരോചകമായിരുന്നെന്ന് പറയാന്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്ക് കഴിയുന്നത്ര പുറത്തുള്ളവര്‍ക്ക് സാധിക്കുമോ?
സിനിമയുടെ കാര്യത്തിലേക്ക് തന്നെ വരാം. പോയ പ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന, ഇല്ലം ക്ഷയിക്കുന്നതോടെ ബോംബെ അധോലോകത്തിലേക്ക് കൂടുമാറ്റം നടത്തുന്ന നായകന്മാരുടെ സിനിമകള്‍ ആവേശത്തോടെ കണ്ട് തീര്‍ത്ത നമുക്ക് വാഴക്കുല നിര്‍ബന്ധിതമായി ജന്മിക്ക് കൊടുക്കേണ്ടി വരുന്ന പുലയനേക്കാള്‍ നമ്പൂതിരിക്കുട്ടിയുടെ ദൈന്യം ദുഃഖകാരണമാകുന്നതില്‍ അത്ഭുതമില്ല (വാഴക്കുലയുടെ അന്തസത്തയെ തന്നെ ആര്യന്‍ എന്ന സിനിമയില്‍ ചോദ്യം ചെയ്യുന്നുണ്ട്). കാരണം, സിനിമയുടെ നരേറ്റീവ് എന്നും ന്യൂനപക്ഷമായ സവര്‍ണപക്ഷക്കാര്‍ക്ക് അനുകൂലമായിരുന്നു. അവിടെ ദലിതനും
മുസ്‌ലിമും അടക്കമുള്ള ഇതര വിഭാഗക്കാരെല്ലാം കള്ളന്റേയോ ആശ്രിതന്റേയോ വില്ലന്റേയോ വേഷം ചെയ്തു വന്നു. പൊതുസമൂഹത്തിന്റെ മനോഭാവത്തെ ഹൈജാക്ക് ചെയ്യാന്‍ അതുമതി. കരുമാടി ചെറുക്കനെ പുറംകാലിന് തട്ടുന്ന ഗാനരംഗം വീണ്ടുമെടുത്ത് പറയണോ എന്ന ചോദ്യം വെറും തൊടുന്യായമാണ്. കണ്ട ചെമ്മാനും ചെരുപ്പുകുത്തിയും എന്ന പ്രയോഗങ്ങളെ ആ ജാതിയില്‍ പെട്ടവര്‍ എങ്ങനെയായിരിക്കും ഉള്‍ക്കൊണ്ടിരിക്കുക. ഇതിനെല്ലാം ചേര്‍ത്ത് അതൊക്കെ സിനിമയല്ലേ എന്ന മറുപടിയാണ് നമുക്ക് നല്‍കാനുള്ളതെങ്കില്‍ തീര്‍ച്ചയായും ഇവിടെ സ്വത്വരാഷ്ട്രീയം പറയുന്ന സിനിമകള്‍ക്ക് നല്ല സാധ്യതയുണ്ട്. മേല്‍ വിവരിച്ച സന്ദര്‍ഭങ്ങള്‍ എത്ര അരോചകമായിരുന്നെന്ന് പറയാന്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്ക് കഴിയുന്നത്ര പുറത്തുള്ളവര്‍ക്ക് സാധിക്കുമോ? തേവര്‍മകനിലെ ഇസക്കിയോട് ഐക്യപ്പെട്ടാണ് മാമന്നന്റെ കഥ തന്നെ നിലനില്‍ക്കുന്നതെന്ന് മാരി സെല്‍വരാജ് പറഞ്ഞത്, മുന്‍കാല സിനിമകള്‍, പ്രായേണ സിനിമ വ്യവസായത്തില്‍ അദൃശ്യരായിരുന്ന ദലിത് സമൂഹത്തെ എത്രമാത്രം അപരവത്കരിച്ചു എന്ന് കാണിക്കാനാണ്.
സ്വത്വവാദ സിനിമകളെ കുറിച്ച് അധികം കാഹളമില്ലാതെ ഒരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി. അത് മുസ്‌ലിം സ്വത്വവാദവുമായി ബന്ധപ്പെട്ടായിരുന്നു. സ്വത്വവാദ സിനിമകളുമായി വിയോജിച്ച് കൊണ്ട് സഹകരിക്കുമെന്ന സംവിധായകന്‍ ആഷിക് അബുവിന്റെ നിലപാട് തീര്‍ത്തും ജനാധിപത്യപരമാണ്. ഇന്ത്യന്‍ സിനിമയുടേയും പ്രാദേശിക സിനിമകളുടേയും ചരിത്രം പരിശോധിച്ചാല്‍ അതിന്റെ മുന്നിലും പിന്നിലുമായി സജീവമായ മുസ്‌ലീം സാന്നിധ്യം കാണാം. എന്നാല്‍, മുസ്‌ലീം ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ യാഥാര്‍ഥ്യത്തോട് വിഭിന്നമായ കാഴ്ചകള്‍, സംഭാഷണങ്ങള്‍ ഒരുക്കാനാണ് ശ്രമമുണ്ടായിട്ടുള്ളതെന്ന് വലിയ വിമര്‍ശനം വര്‍ഷങ്ങളായി ഉണ്ട്. പ്രേക്ഷകന്റെ ഫീഡ്ബാക്ക് അന്യമായിരുന്ന കാലം മാറിയിട്ട് അധികം ആയിട്ടില്ല എന്നതിനാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഏകതാനമായി മേല്‍ വിവരിച്ച രീതിയില്‍ ഓരോരുത്തരുടെ അല്‍പബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ജീവിതങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. മിക്ക സിനിമകളിലും വില്ലനായും ചിലതില്‍ ആശ്രിതനായും അവര്‍ വന്നു പോയി. നായകന്മാരായപ്പോള്‍ സെക്കുലറിസത്തിന്റെ അപ്പോസ്തലന്മാരാകാനുള്ള അമിതഭാരത്താല്‍ അവര്‍ കഷ്ടപ്പെട്ടു. നിലവിലെ സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തും വിധം അവര്‍ക്ക് സംസാരിക്കേണ്ടിയും പെരുമാറേണ്ടിയും വന്നു. ഇതില്‍ നിന്നെല്ലാം ഒന്ന് മോചിക്കപ്പെട്ടത് നിലവില്‍ സ്വത്വവാദികളായ ചിലര്‍ സിനിമയെടുക്കാന്‍ തുടങ്ങിയപ്പോഴാണ്. കെ.എല്‍.പത്ത്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളില്‍ തുടങ്ങി കഠിന കഠോരമീ അണ്ഡകടാഹം, സുലൈഖ മന്‍സില്‍ പോലുള്ള സിനിമകള്‍ വരെ മലബാറിലെ മുസ്‌ലിം ജീവിതങ്ങളെ യഥാര്‍ഥത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും ദലിത് സ്വത്വവാദ സിനിമകള്‍ ഒരു ജോണര്‍ പോലെ മുന്നോട്ട് വന്നില്ല. കരുമാടിക്കുട്ടനും, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും പോലെയുള്ള സിനിമകള്‍ ദലിത് ജീവിത പശ്ചാത്തലത്തില്‍ എടുത്തതാണെങ്കിലും ദലിത് ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളൊന്നും അവയില്‍ വന്നില്ല. കലാഭവന്‍ മണിയുടെ ചില സിനിമകള്‍ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അന്ന് പൊതുവേയുണ്ടായിരുന്ന അരാഷ്ട്രീയവാദ തട്ടുപൊളിപ്പന്‍ സിനിമകളുടെ കൂട്ടത്തിലേക്ക് അവയും ചേര്‍ക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍, പട, പുഴു, തൊട്ടപ്പന്‍, ഒരു പരിധി വരെ കമ്മട്ടിപ്പാടം, കിസ്മത്ത് തുടങ്ങിയ സിനിമകള്‍ കേരളത്തിലെ ജാതിയെ കുറിച്ച് പറയാന്‍ ധൈര്യം കാണിച്ചു. പ്രബുദ്ധ കേരളസമൂഹം ഗുപ്തമായി ആസ്വദിച്ചിരുന്ന ജാതി ബോധത്തെ പുറത്തെടുത്ത് അലക്കാന്‍ ഈ സിനിമകള്‍ ധൈര്യം കാണിച്ചു. സോഷ്യല്‍ മീഡിയയുടെ അതിവ്യാപനത്തോടെ യഥാര്‍ഥത്തില്‍ മേല്‍ പറഞ്ഞ പ്രബുദ്ധതയുടെ പൂച്ച പുറത്തുചാടിയെന്നത് മറ്റൊരു യാഥാര്‍ഥ്യം. പാപിലിയോ ബുദ്ധയാണ് ഈ ശ്രേണിയില്‍ ശക്തമായ ദൃശ്യഭാഷയോടെ ദലിതന്റെ അവസ്ഥയെ കാണിച്ചത്. ഭരണകൂടവും, പൊലീസും, രാഷ്ട്രീയക്കാരും, ഇടത് ലിബറല്‍ ബുദ്ധിജീവികളും എങ്ങനെയാണ് ദലിതനോട് പെരുമാറുന്നതെന്ന് ആ സിനിമ കാണിച്ച് തരുന്നു. മലയാളത്തില്‍ കാപട്യമില്ലാത്ത ദലിത് വാദ സിനിമകള്‍ക്കുള്ള ഇടം ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. തമിഴില്‍ പുതുമയോടെയും ആത്മാര്‍ഥതയോടെയും ദലിത് വിഷയങ്ങളെ സമീപിക്കുകയും മികച്ച സിനിമാനുഭവമാക്കി അവയെ മാറ്റുന്ന തന്ത്രം കേരളത്തിലും ആലോചിക്കാവുന്നതാണ്.
ജാതിയും സംവരണവും നല്ല കനമുള്ള വാക്കുകളാണ്. ഈ വാക്കുകള്‍ പറയുമ്പോഴൊക്കെ എത്ര ആഘാതത്തിലാണ് പൊതുസമൂഹത്തിന്റെ കാതില്‍ അത് പതിയുന്നത്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയാണ് ഈ ആഘാതം കുറയ്ക്കാന്‍ സമൂഹം ശ്രമിച്ചത്. സ്വാഭാവികമായ സംഭവം പോലെ അത് നടപ്പാവുകയും ചെയ്തു. സ്വത്വത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ആവാത്ത ജനതകളെല്ലാം അടിച്ചമര്‍ത്തപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ നൂറ്റാണ്ടുകളൊക്കെ വിസ്മൃതിയുടെ മഞ്ഞ് മലകളായി ശേഷിക്കുകയും അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിച്ച അര നൂറ്റാണ്ട് മാത്രം ഉലയിലിട്ട് ഊതുകയും ചെയ്യുന്ന വരേണ്യബോധ്യമാണ് മേല്‍പറഞ്ഞ ആഘാതത്തിന്റെ ആണിക്കല്ല്. ഈ വരേണ്യബോധം ഈഗോയിസ്റ്റുകളാക്കി മാറ്റിയ തലമുറകളുടെ മുന്നിലേക്ക് ദലിത് പരിപ്രേക്ഷ്യമുള്ള സിനിമകള്‍ എത്തുമ്പോള്‍ വീണ്ടും ജാതിയെക്കുറിച്ച് ചര്‍ച്ച സാധ്യമാവുകയാണ്. കോളനിയെന്നും, പെലകള്ളിയെന്നുമുള്ള ഇകഴ്ത്തലുകള്‍ സോഷ്യല്‍മീഡിയയില്‍ ഉളുപ്പേതുമില്ലാതെ വിളിക്കുന്ന സവര്‍ണ ജിഹ്വകള്‍ക്ക് ഊറ്റം കൂടിയ കാലഘട്ടത്തില്‍ ദലിത് അടക്കമുള്ള സ്വത്വവാദം തീര്‍ത്തും ന്യായമാണ്.
എഴുതുന്നു