ഇന്‍ ഗെയിം ഓഫ് ഡെത്ത്: ഉന്നതികളില്‍ നിന്നും പൊലിഞ്ഞു പോയ ആക്ഷന്‍ ഹീറോ
സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയില്‍ ആ കുങ്ങ് ഫു സ്‌പെഷലിസ്റ്റ് ഗാഢനിദ്ര പൂണ്ടു. മനുഷ്യ മനസ്സ് ജലം പോലെയാകാണമെന്ന് ലീ ഇടക്കെപ്പോഴോ പറഞ്ഞു വെച്ചു. പക്ഷേ, അയാളുടെ മരണരഹസ്യം ഒരു ജലരേഖ പോലെ ശേഷിക്കുന്നു.
സമയം ഓടി കിതച്ചെത്തുമ്പോഴേക്കും അയാളുടെ ചലനവേഗത്തിന്റെ മാസ്മരികത പകുതിയും കഴിഞ്ഞുപോയിട്ടുണ്ടാകും. അയാളുടെ മെയ്‌വഴക്കത്തിനും അഭ്യാസചടുലതയ്ക്കുമൊപ്പം കണ്ണെത്തണമെങ്കില്‍ നിങ്ങള്‍ സമയത്തിന് മുന്‍പേ സഞ്ചരിക്കേണ്ടിവരും. ആയോധന കലയുടെ വേദങ്ങളില്‍ അയാള്‍ ബ്രൂസ് ലീ എന്ന് വാഴ്ത്തപ്പെട്ടവനാണ്. ഹോളിവുഡ് സിനിമയുടെ അധ്യായങ്ങളില്‍ നിഗൂഢമായ പുഞ്ചിരിയോടെ അയാള്‍ എതിരാളികളെ നേരിട്ടു. ബ്രൂസ് ലീയുടെ കൂര്‍ത്ത ദൃഷ്ടിക്ക് മുന്‍പിലും പ്രവചനാതീതമായ പഞ്ചുകള്‍ക്ക് മുന്‍പിലും എതിരാളികള്‍ മുട്ടുമടക്കി. പക്ഷേ, 1973 ജൂലൈ 20 ന് അയാള്‍ കളിച്ചത് ഒരു മരണക്കളിയായിരുന്നു. അയാളുടെ സിനിമയുടെ പേരുപോലെ ആ ഗെയിം ഓഫ് ഡെത്തില്‍ അയാള്‍ പരാജയപ്പെട്ടു. മരണത്തിന്റെ അപ്രതീക്ഷിത പഞ്ചില്‍ അയാളുടെ ജീവിതം മുഖമടച്ചു വീണുപോയി, പിന്നീട് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം. ബ്രൂസ് ലീയുടെ അത്യസാധാരണമായ ആയോധനാ കലാപാടവത്തിന്റെ രഹസ്യത്തേക്കാള്‍ അതിഗൂഢമാണ് അയാളുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍.
എതിരാളികളുമായി ഒരിഞ്ച് വ്യത്യാസത്തില്‍ മല്ലിട്ട് കൃത്യമായ ദൂര പരിധിയിലേക്ക് ശത്രുവിനെ വീഴ്ത്തിയിടുന്ന അയാളുടെ വൈദഗ്ധ്യത്തിന് ലോകം നല്‍കിയ ഓമനപ്പേര് ഒണ്‍ ഇഞ്ച് പഞ്ചെന്നാണ്. രണ്ട് വിരലുകളില്‍ ശരീരത്തെ താങ്ങി നിര്‍ത്തി ഏകാഗ്രചിത്തനായി അയാള്‍ ചെയ്ത പുഷ് അപ്പിന്റെ വീഡിയോകള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ലോകത്തിനെ കോരിത്തരിപ്പിക്കുന്നു.
ഒരു സെക്കന്റിനുള്ളില്‍ അയാള്‍ക്ക് മാത്രം സാധിച്ച ഒന്‍പതു പഞ്ചുകള്‍ ഇടിച്ചുതകര്‍ത്തത് റെക്കോര്‍ഡുകളുടെ ഇടനെഞ്ചാണ്. തത്ത്വചിന്തയും മനഃശാസ്ത്രവും സംയോജിപ്പിച്ച ജീന്‍ കുനെതോ എന്ന അയാളുടെ ശൈലിയെ അളന്നുതിട്ടപ്പെടുത്താന്‍ ആയോധനകലയുടെ നിയമസംഹിതകള്‍ക്ക് കഴിയില്ലായിരുന്നു. കാരണം, നിയമങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വളര്‍ന്ന ജീനിയസ്സായിരുന്നു അയാള്‍. അയാളുടെ എല്ലാ അവ്യവസ്ഥകളിലും സൗന്ദര്യമുള്ള വ്യവസ്ഥയുണ്ടായിരുന്നു. എതിരാളികളുമായി ഒരിഞ്ച് വ്യത്യാസത്തില്‍ മല്ലിട്ട് കൃത്യമായ ദൂര പരിധിയിലേക്ക് ശത്രുവിനെ വീഴ്ത്തിയിടുന്ന അയാളുടെ വൈദഗ്ധ്യത്തിന് ലോകം നല്‍കിയ ഓമനപ്പേര് ഒണ്‍ ഇഞ്ച് പഞ്ചെന്നാണ്. രണ്ട് വിരലുകളില്‍ ശരീരത്തെ താങ്ങി നിര്‍ത്തി ഏകാഗ്രചിത്തനായി അയാള്‍ ചെയ്ത പുഷ് അപ്പിന്റെ വീഡിയോകള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ലോകത്തിനെ കോരിത്തരിപ്പിക്കുന്നു. തത്ത്വചിന്തയിലും മനഃശാസ്ത്രത്തിലുമുള്ള അയാളുടെ അസാമാന്യധിഷണയ്ക്ക് പര്യായം ദ റിയല്‍ മാസ്റ്റര്‍ എന്ന വാക്ക് മാത്രമായിരിക്കും.
തെരുവില്‍ തല്ലുണ്ടാക്കി നടന്ന ബ്രൂസ് ലീക്ക് പഠനത്തില്‍ താല്‍പര്യം നന്നേ കുറവായിരുന്നു. തന്റെ നിയോഗം എന്താണെന്ന് ആ ദേവാസുര ജന്മം ഒരു പക്ഷേ അന്നേ തിരിച്ചറിഞ്ഞിരിക്കാം. മാതാവ് ഗ്രേസിന്റേയും പിതാവ് ലീ ഹോയ് ചുന്‍യുടേയും ആശങ്കകളിലേക്ക് തീ കോരിയിട്ടുകൊണ്ട് അയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറി. കൗമാരദശയില്‍ തന്നെ സിനിമയില്‍ ബ്രൂസ് ലീയുടെ രാശി ചക്രം തെളിഞ്ഞിരുന്നു. എന്നാല്‍, 1958-1964 കളില്‍ തന്റെ മാര്‍ഗവും ലക്ഷ്യവും അഭിനയമല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആയോധനകലകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി താല്‍ക്കാലികമായി വെള്ളിവെളിച്ചത്തില്‍ നിന്നും വിട്ടുനിന്നു. പക്ഷേ, അഭിനയം അയാളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. വില്യം ഡോസിയറിന്റെ ഗ്രീന്‍ ഹോണറ്റ് എന്ന പരമ്പരയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ ബ്രൂസ് ലീ വീണ്ടും തട്ടില്‍ കയറി. 1967 പരമ്പര അവസാനിക്കുമ്പോള്‍ ലീ കിരീടം വെക്കാത്ത ചക്രവര്‍ത്തിയായിരുന്നു. അയാളുടെ ഫിസ്റ്റോ ഫ്യൂറി, ബിഗ്‌ബോസ് എന്നീ ചിത്രങ്ങള്‍ സിനിമാചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഏടുകള്‍ ആയിരുന്നു.
അയാളുടെ മരണരഹസ്യം ഒരു ജലരേഖ പോലെ ശേഷിക്കുന്നു. ചരിത്രം പലപ്പോഴും അന്വേഷണങ്ങളും കുമ്പസാരങ്ങളും നിറഞ്ഞതാണ്. അതുകൊണ്ട് എല്ലാ അവ്യക്തതകളില്‍ നിന്നും ആ രഹസ്യവും മോചിക്കപ്പെട്ടേക്കാം. ഏതോ അപസര്‍പ്പക കഥ പോലെ അയാളിന്നും ജനമനസ്സുകളിലുണ്ട്.
വിവാദങ്ങളില്‍ നിന്നും ഉഗ്രപ്രതാപത്തിന്റെ വെളിച്ചത്തിലേക്ക് അയാള്‍ ഉറങ്ങി എഴുന്നേറ്റുകൊണ്ടിരുന്നു. ലീയുടെ ചില ആസക്തികള്‍ക്കും ബലഹീനതകള്‍ക്കുമിടയില്‍ അയാളുടെ പ്രശസ്തി കരകവിഞ്ഞു നിന്നു. സ്ത്രീകളോടുള്ള ലീയുടെ ചാപല്യങ്ങള്‍ ഒരു സര്‍പ്പത്തെ പോലെ അയാളെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങുന്നത് അയാളറിഞ്ഞില്ല. പക്ഷേ, ഒരു ഇന്റര്‍സെപ്റ്റിങ് കിക്കുമായി വിധി അയാളെ കാത്തുനിന്നിരുന്നു. 1973 ല്‍ ലീ മുപ്പത്തിരണ്ടുകാരനാണ്. 1973 ജൂലൈ 20 അയാളുടെ പ്രിയപ്പെട്ട പെണ്‍സുഹൃത്തായ തായ് നടി ബെറ്റി ടിങ് പോയുടെ വീട്ടിലെ കിടക്കയില്‍ മുപ്പത്തിരണ്ടുകാരനായ ആ യശസ്വി മരണത്തിന്റെ ഉല്‍കൃഷ്ടമായ യാഥാര്‍ഥ്യത്തെ നേരിട്ടു.
അന്ന് ബ്രൂസ് ലീക്ക് അസഹനീയമായ തലവേദന അനുഭവപ്പെട്ടു. ബെറ്റിയുടെ കയ്യില്‍ നിന്നും അയാളൊരു വേദന സംഹാരി വാങ്ങി കഴിച്ചു. പിന്നീട് ആ വീട്ടിലെത്തിയ ഇരുവരുടേയും സുഹൃത്തും സിനിമാപ്രവര്‍ത്തകനുമായ റെയ്മണ്ട് ചോ, ബ്രൂസ് ലീയെ അവശനായ നിലയില്‍ കണ്ടെത്തി. ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗമധ്യേ ആ അസാധാരണ പ്രതിഭ ജീവിതത്തിന്റെ തിരക്കഥയില്‍ നിന്നും പുറത്തുപോയിരുന്നു. ദുരൂഹതകളുടെ തണുപ്പില്‍ നിന്നും മുങ്ങി നിവരാന്‍ ബ്രൂസ് ലീയുടെ മരണത്തിന് കഴിഞ്ഞില്ല. രഹസ്യങ്ങളുടെ ആവരണം കൊണ്ട് മൂടപ്പട്ട ആ രാത്രി നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടു.
സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയില്‍ ആ കുങ്ങ് ഫു സ്‌പെഷലിസ്റ്റ് ഗാഢനിദ്ര പൂണ്ടു. മനുഷ്യ മനസ്സ് ജലം പോലെയാകാണമെന്ന് ലീ ഇടക്കെപ്പോഴോ പറഞ്ഞു വെച്ചു. പക്ഷേ, അയാളുടെ മരണരഹസ്യം ഒരു ജലരേഖ പോലെ ശേഷിക്കുന്നു. ചരിത്രം പലപ്പോഴും അന്വേഷണങ്ങളും കുമ്പസാരങ്ങളും നിറഞ്ഞതാണ്. അതുകൊണ്ട് എല്ലാ അവ്യക്തതകളില്‍ നിന്നും ആ രഹസ്യവും മോചിക്കപ്പെട്ടേക്കാം. ഏതോ അപസര്‍പ്പക കഥ പോലെ അയാളിന്നും ജനമനസ്സുകളിലുണ്ട്. പഞ്ചുകളും കിക്കുകളും നിറഞ്ഞ ആക്ഷന്‍ സിനിമാ ചരിത്രത്തില്‍ അയാള്‍ പതിപ്പിച്ചത് ചിരകാലശ്രേഷ്ഠമായ അടയാളമാണ്.