വിസ്മൃതിയിലായ ഭൂവിഭാഗം, വിസ്മരിക്കപ്പെട്ട ജനത

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്ന വിശേഷണം യാതൊരു മാനങ്ങളുമില്ലാത്ത അര്‍ഥശോഷണം സംഭവിച്ച ഒരു പ്രയോഗം മാത്രമായി മാറിക്കഴിഞ്ഞ ഒന്നാണെന്ന് ബേല ഭാട്യ ഒരു ഗവേഷകയുടെ സൂക്ഷ്മതയോടും ഒരു ആക്ടിവിസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധതയോടും കൂടി നമുക്ക് കാട്ടിത്തരുന്നു. ബേല ഭാട്യയുടെ India's Forgotten Country : a view from the margins എന്ന പുസ്തകത്തിന്റെ വായന.

Update: 2024-06-19 14:04 GMT
Advertising

' നിലാവെളിച്ചത്തെക്കുറിച്ച് എന്നോട് പറയരുത്; ഉടഞ്ഞ കണ്ണാടിച്ചില്ലിലെ ഇത്തിരി വെട്ടമെങ്കിലും കാട്ടിത്തരൂ'

- ആന്റണ്‍ ചെഖോവ്

'ജനാധിപത്യ'ത്തിന്റെ നനുത്തതും സുഖദായകവുമായ പുതപ്പിനുള്ളില്‍ നാമെല്ലാവരും ചുരുണ്ടുകൂടി ഉറങ്ങുകയാണ്. ഈ സുഖാലസ്യത്തിനിടയില്‍ കടന്നുവരുന്ന അശുഭ സ്വപ്നങ്ങളെ All is well... All is well.... എന്ന് ഉരുവിട്ടുകൊണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത. എന്നാല്‍, ഉറക്കം നടിക്കുന്ന നമ്മോട്, ''അത്ര ശുഭകരമല്ല കാര്യങ്ങള്‍'' എന്ന് താക്കീത് ചെയ്യുന്നു ബേല ഭാട്യ തന്റെ 'India's Forgotten Country : a view from the margins' എന്ന ബൃഹത്തായ ഗ്രന്ഥത്തിലൂടെ.

ഇന്ത്യന്‍ നഗരങ്ങളില്‍ അതിദ്രുതം വളര്‍ന്നുവരുന്ന സ്‌കൈ സ്‌ക്രാപ്പറുകളുടെയും അതിവേഗ റെയില്‍പ്പാതകളുടെയും പതിനാറും എട്ടും വരിപ്പാതകളുടെയും അവയിലൂടെ കുതിച്ചുപായുന്ന അത്യാംഢംബര കാറുകളുടെയും വര്‍ഷാവര്‍ഷം വര്‍ധിച്ചുവരുന്ന അതിസമ്പന്നരുടെയും കണക്കുകള്‍ നിരത്തി രാജ്യം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണകക്ഷികള്‍; സര്‍ക്കാര്‍ കണക്കുകളെ തങ്ങളുടെ മുന്‍കാല റെക്കോര്‍ഡുകളുമായി തട്ടിച്ചുനോക്കി പരിഹസിക്കുകയോ ചെറുതാക്കി കാണിക്കുകയോ ആണ് തങ്ങളുടെ ധര്‍മം എന്ന് കരുതി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍; ഭരണകക്ഷികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നതിലൂടെ മാത്രമേ തങ്ങളുടെ നിലനില്‍പ് ഭദ്രമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ധരിച്ചുവശായ മാധ്യമങ്ങള്‍; സാധാരണക്കാരന് അപ്രാപ്യമായതും അടിസ്ഥാന നീതിബോധം നഷ്ടവുമായ കോടതികള്‍.

ഇതിനിടയില്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങളിന്മേലും പൊതുസമ്പത്തിന്മേലും യാതൊരുവിധ അവകാശവും ലഭ്യമാകാതെ പതിറ്റാണ്ടുകളായി ജീവിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കായ ജനത! അവരുടെ വേദനകള്‍, പ്രതിഷേധങ്ങള്‍, പ്രതിരോധങ്ങള്‍ എന്നിവ ആരാലും പരിഗണിക്കപ്പെടാതെ പോകുന്നു.

വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, കലാപങ്ങളുടെ ഇരകള്‍, ഗ്രാമീണ മേഖലയിലെ ജാതിവിവേചനങ്ങള്‍ താങ്ങാന്‍ കഴിയാതെ പലായനം ചെയ്യേണ്ടി വന്നവര്‍, വര്‍ഗീയ ലഹളകളുടെ ഇരകള്‍... വികസനത്തിന്റെ വര്‍ഗ സ്വഭാവത്തെ തികച്ചും അമ്പരപ്പിക്കുന്ന കണക്കുകളുടെ താരതമ്യങ്ങളിലൂടെ ബേല ഭാട്യ അവതരിപ്പിക്കുന്നു. നഗരവികസനങ്ങള്‍ക്കും സൗന്ദര്യവത്കരണത്തിനുമായി ചേരികള്‍ ഇല്ലാതാക്കുന്ന അതേ അവസരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവിനെക്കുറിച്ചും അവയ്ക്കായി ആവശ്യമായ ഭൂമിയെക്കുറിച്ചും പുസ്തകം പറഞ്ഞുവെക്കുന്നു.

തന്റെ നാല് പതിറ്റാണ്ടുകാലത്തെ സാമൂഹിക ജീവിതാനുഭവങ്ങളെ ബേല ഭാട്യ അരികുവത്കരിക്കപ്പെട്ടവരുടെ കാഴ്ചകളിലൂടെ രേഖപ്പെടുത്തുന്നു. കശ്മീര്‍ മുതല്‍ നാഗാലാന്റ് വരെ, ഗുജറാത്ത് മുതല്‍ ബീഹാര്‍ വരെ അവര്‍ കടന്നുപോയ വഴികളിലെ ഭരണകൂട ഹിംസകളെ, ജാതീയമായ വേര്‍തിരിവുകളെ, വികസനത്തിന്റെ പുറംകാഴ്ചകളെ, ഇവയ്ക്കെല്ലാമെതിരായുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളെ ലളിതവും ആര്‍ജവത്തോടുകൂടിയതുമായ വാക്കുകളിലൂടെ ബേല ഭാട്യ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.

വ്യക്തിപരമായി കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടുകാലമായി കടന്നുപോയ വഴികള്‍ ഓരോന്നും തിരിഞ്ഞുനോക്കാന്‍ ബേലാ ഭാട്യയുടെ പുസ്തകം എനിക്ക് സഹായകമായി. ഝാര്‍ഘണ്ഡിലെ ജതുഗുഢ, ഗുജറാത്തിലെ സബര്‍കാഠ, നര്‍മ്മദ, ഖാസി-ഗാരോ മലനിരകള്‍, ദണ്ഡകാരണ്യം, കോയല്‍-കാരോ അങ്ങിനെ പലതും. 'ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്' സംബന്ധിച്ച പുസ്തകം ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയതും സമാനമായ അനുഭവ പശ്ചാത്തലങ്ങളുടെ വെളിച്ചത്തിലായിരുന്നുവല്ലോ. 


ബേലാ ഭാട്യയുടെ പുസ്തകം സംഘര്‍ഷങ്ങളുടെയും നിസ്സഹായതയുടെയും പോരാട്ടങ്ങളുടെയും ആഖ്യാനങ്ങളാണ്. രാജസ്ഥാനിലെ ദലിത് വിഭാഗങ്ങള്‍, ബീഹാറിലെ തൊഴിലാളികള്‍, ബസ്തറിലെയും ഝാര്‍ഘണ്ഡിലെയും ആദിവാസികള്‍, ഗുജറാത്തിലെ വിധവകള്‍, നര്‍മ്മദാ താഴ്‌വരയിലെ കുടിയിറക്കപ്പെട്ടവര്‍, ദില്ലിയിലെ സഞ്ജയ് ബസ്തിയിലെ ദരിദ്രരായ മനുഷ്യര്‍, മേഘാലയയിലെ വിദ്യാര്‍ഥികള്‍, കശ്മീരിലെയും നാഗാലാന്റിലെയും ജനങ്ങള്‍ എന്നിവരുടെ സാക്ഷിമൊഴികളിലൂടെ അവരുടെ ജീവിതത്തെ നിരന്തരം സംഘര്‍ഷഭരിതമാക്കുന്ന ഭരണകൂട ഇടപെടലുകളെക്കുറിച്ചും, നൂറ്റാണ്ടുകളായി തുടരുന്ന ജാതി മേല്‍ക്കോയ്മകളെക്കുറിച്ചും, വികസന കെട്ടുകാഴ്ചകളെക്കുറിച്ചും അവ വിശദമായി പ്രതിപാദിക്കുന്നു.

നമ്മുടെ നിത്യജീവിതത്തില്‍ നാം കണ്ടുപഴകിയ, നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന, കാര്യങ്ങളെ ബേലാ ഭാട്യ വളരെ അവധാനതയോടെ നിരീക്ഷിക്കുകയും അവയിലെ അനീതിയെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉത്തര ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളില്‍ കണ്ടുമുട്ടാനിടയായ വിധവകളെക്കുറിച്ച് 'ഏകാകി' എന്ന അധ്യായത്തിലൂടെ (അധ്യായം അഞ്ച്) ബേല വിശദീകരിക്കുന്നു. അപഃശകുനങ്ങളായും മാറ്റിനിര്‍ത്തപ്പെടേണ്ടവരായും കണക്കാക്കപ്പെടുന്ന ഈ വിധവകള്‍ കുടുംബത്തിലും സമൂഹത്തിലും സര്‍ക്കാര്‍ തലത്തിലും നേരിടുന്ന അവഗണനകളെ, ജീവിതം തള്ളിനീക്കാന്‍ അവര്‍ നേരിടേണ്ടിവരുന്ന കഷ്ടതകളെ പലതരം സാക്ഷിമൊഴികളിലൂടെ അവര്‍ രേഖപ്പെടുത്തുന്നു. വ്യക്ത്യനുഭവങ്ങളുടെ സാക്ഷ്യങ്ങളിലൂടെ വിഷയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബേല, പൊടുന്നനെ രാജ്യത്തെ മൊത്തം വിധവകളുടെ കണക്കുകള്‍ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു. രാജ്യത്തെ 4.3 കോടിയോളം (2011 സെന്‍സസ്) വരുന്ന വിധവകളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നതെന്ന കാര്യം നമ്മുടെ പതിവുകാഴ്ചകളുടെ അസാധാരണമായ വലുപ്പത്തെക്കുറിച്ച് ഞെട്ടലോടെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. രാജ്യത്തെ വിധവകള്‍ അനുഭവിക്കുന്ന മാറ്റിനിര്‍ത്തലുകള്‍ക്കും അവഗണനകള്‍ക്കും ജാതീയമോ, സാമൂഹികമോ ആയ യാതൊരു വ്യത്യാസവും ഇല്ലെന്ന യാഥാര്‍ഥ്യത്തെ അവര്‍ നമുക്ക് കാണിച്ചുതരുന്നു. (പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ലെന്ന് കണ്ടെത്താവുന്നതാണ്.) 


നഗര നിര്‍മിതികളുടെ അനിവാര്യഘടകമായ ചേരികള്‍, നഗര വികസനത്തിന്റെ തന്നെ കാരണം പറഞ്ഞുകൊണ്ട് ഒരൊറ്റ രാത്രിയിലൂടെ പൊളിച്ചുകളയുമ്പോള്‍ നിരാലംബരായ ആയിരക്കണക്കിനാളുകളുടെ വര്‍ഷങ്ങളായി ഒരുക്കൂട്ടിയ സ്വപ്നങ്ങളാണ് തകര്‍ന്നുപോകുന്നതെന്ന് ദില്ലിയിലെ സഞ്ജയ് ബസ്തിയുടെ ഉദാഹരണത്തിലൂടെ ബേല വ്യക്തമാക്കുന്നു. ചേരിനിവാസികളുടെ സവിശേഷ ദുരിതങ്ങളെക്കുറിച്ച് മാത്രമല്ല അവര്‍ പ്രതിപാദിക്കുന്നത്. ചേരികളിലേക്ക് അവര്‍ നടന്നെത്തിയ വഴികളെക്കുറിച്ചുകൂടിയാണ്. നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടാന്‍ ഈ മനുഷ്യരെ നിര്‍ബന്ധിതരാക്കിയതിന് പിന്നിലെ വികസന -സാമ്പത്തിക നയങ്ങളെയും ബേലയുടെ പുസ്തകം വിശകലനവിധേയമാക്കുന്നുണ്ട്.

വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, കലാപങ്ങളുടെ ഇരകള്‍, ഗ്രാമീണ മേഖലയിലെ ജാതിവിവേചനങ്ങള്‍ താങ്ങാന്‍ കഴിയാതെ പലായനം ചെയ്യേണ്ടി വന്നവര്‍, വര്‍ഗീയ ലഹളകളുടെ ഇരകള്‍... വികസനത്തിന്റെ വര്‍ഗ സ്വഭാവത്തെ തികച്ചും അമ്പരപ്പിക്കുന്ന കണക്കുകളുടെ താരതമ്യങ്ങളിലൂടെ ബേല ഭാട്യ അവതരിപ്പിക്കുന്നു. നഗരവികസനങ്ങള്‍ക്കും സൗന്ദര്യവത്കരണത്തിനുമായി ചേരികള്‍ ഇല്ലാതാക്കുന്ന അതേ അവസരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവിനെക്കുറിച്ചും അവയ്ക്കായി ആവശ്യമായ ഭൂമിയെക്കുറിച്ചും പുസ്തകം പറഞ്ഞുവെക്കുന്നു.

ഗുജറാത്തിലെ കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ചും, ബീഹാറിലെ ജാതീയ കൂട്ടക്കൊലകളെക്കുറിച്ചും കരാര്‍ തൊഴിലാളികളെക്കുറിച്ചും, ജതുഗുഢയിലെ യുറേനിയം ഖനനത്തിന്റെ അവശിഷ്ടങ്ങള്‍ തദ്ദേശീയ ഗോത്രജനതയുടെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ചും പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

കോയല്‍-കാരോയെക്കുറിച്ച് വായിക്കുമ്പോള്‍ കര്‍ണ്ണാടകയിലെ ശരാവതിയിലെ ഓര്‍മകള്‍ നിങ്ങളിലേക്ക് ഓടിയെത്തിയേക്കാം. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളുടെ അനുഭവങ്ങള്‍ ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറിലേക്കും ഒഡീഷയിലെ കണ്ഡമാലിലേക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കും. ബസ്തറിലെ ആദിവാസി ജനതയുടെ സമാന അനുഭവങ്ങള്‍ മണിപ്പൂരിലെ ഗോത്ര ജനങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്താം. കോളനികളിലേക്കും മൂന്നുസെന്റുകളിലേക്കും തള്ളിമാറ്റപ്പെട്ട ബീഹാറിലെ അതേ ജനതയെ കേരളത്തിലും കാണാം.

പുതുസഹസ്രാബ്ദത്തിന്റെ ആദ്യം തൊട്ട് എഴുതിയ ഇരുപത്തിയഞ്ചോളം ലേഖനങ്ങളിലൂടെയാണ് ഇന്ത്യയിലെ സാമ്പത്തിക-വികസന വിദഗ്ധരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മറന്നുപോയ ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളുടെ പ്രശ്നങ്ങളെ ബേല ഭാട്യ അവതരിപ്പിക്കുന്നത്. ഏതാണ്ട് ഒന്നും രണ്ടും ദശകങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ ലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല, അവ കൂടുതല്‍ സങ്കീര്‍ണ്ണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയുന്നു. പുസ്തകത്തിലെ ഇരുപത്തിരണ്ടാം അധ്യായം (A Stone in My Hand) കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെക്കുറിച്ചും അവരുടെ കഷ്ടതകളെക്കുറിച്ചും വിവരിക്കുന്നു. എന്നാല്‍, ഒരു ദശകം പിന്നിടും മുമ്പ് കശ്മീരിന്റെ സവിശേഷ പദവി, ആര്‍ട്ട്ക്കള്‍ 370, റദ്ദുചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ നിയമം പാസാക്കുന്നതും നാം കാണുന്നു. ദണ്ഡകാരണ്യത്തിലെ ആദിവാസി-ഗോത്ര ജനതയുടെ പോരാട്ടങ്ങളെക്കുറിച്ചും, അവയെ നേരിടാന്‍ ആരംഭിച്ച സല്‍വാ ജുദൂം മുതല്‍ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് വരെയുള്ള ഇടപെടലുകളെക്കുറിച്ചും പുസ്തകം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. അതേസമയം ബസ്തര്‍ അടക്കമുള്ള മേഖലകളിലെ സാമൂഹികാസ്വസ്ഥതകള്‍ അന്തമില്ലാതെ തുടരുമ്പോഴും യുക്തിരഹിതമായ അധികാരപ്രയോഗം ആവര്‍ത്തിക്കപ്പെടുന്നു. പൊതുസമൂഹം ഈ സാമൂഹികാസ്വസ്ഥകളെ നിര്‍ല്ലജ്ജമായ നിസ്സംഗതയോടെ നോക്കിക്കാണുന്നു.

അഞ്ച് ഭാഗങ്ങളിലായി വിന്യസിച്ച ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനങ്ങളും സ്ഥല-കാല ഭേദമെന്യേ ഇന്ത്യയിലെ ഏതൊരു പ്രദേശത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. കോയല്‍-കാരോയെക്കുറിച്ച് വായിക്കുമ്പോള്‍ കര്‍ണ്ണാടകയിലെ ശരാവതിയിലെ ഓര്‍മകള്‍ നിങ്ങളിലേക്ക് ഓടിയെത്തിയേക്കാം. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളുടെ അനുഭവങ്ങള്‍ ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറിലേക്കും ഒഡീഷയിലെ കണ്ഡമാലിലേക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കും. ബസ്തറിലെ ആദിവാസി ജനതയുടെ സമാന അനുഭവങ്ങള്‍ മണിപ്പൂരിലെ ഗോത്ര ജനങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്താം. കോളനികളിലേക്കും മൂന്നുസെന്റുകളിലേക്കും തള്ളിമാറ്റപ്പെട്ട ബീഹാറിലെ അതേ ജനതയെ കേരളത്തിലും കാണാം.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്ന വിശേഷണം യാതൊരു മാനങ്ങളുമില്ലാത്ത അര്‍ഥശോഷണം സംഭവിച്ച ഒരു പ്രയോഗം മാത്രമായി മാറിക്കഴിഞ്ഞ ഒന്നാണെന്ന് ബേല ഭാട്യ ഒരു ഗവേഷകയുടെ സൂക്ഷ്മതയോടും ഒരു ആക്ടിവിസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധതയോടും കൂടി നമുക്ക് കാട്ടിത്തരുന്നു.

പൊതുവിഭവങ്ങളിലും സേനവങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ എണ്ണം രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്നു. ജനാധിപത്യത്തിന്റെ മുന്നുപാധി സാമ്പത്തിക വളര്‍ച്ചയാണെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ അനുദിനം പ്രയത്നിക്കുന്ന ഭരണവര്‍ഗങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ജനാധിപത്യം വിലങ്ങുതടിയാണെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.

കേവലം സഹനത്തിന്റെയും നിരാശയുടെയും ആഖ്യാനങ്ങളല്ല ബേല ഭാട്യ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ, ജാതി ഹുങ്കുകളുടെ അന്തമില്ലാത്ത ക്രൂരതകള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ പൊരുതി ജയിക്കുന്ന ജനതയെ, ഒറ്റപ്പെട്ട ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്ന നിസ്വാര്‍ഥ ജന്മങ്ങളെ അവര്‍ നമുക്ക് കാണിച്ചുതരുന്നു. സബര്‍കാഠയിലെ വര്‍ഗീയ കലാപത്തിനിരകളാക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയ ദര്‍ബാറുകള്‍. ബീഹാറിലെ ബദനി തോലയിലെ ദലിതുകളെ സവര്‍ണ്ണവിഭാഗങ്ങള്‍ കൂട്ടക്കുരുതിക്ക് വിധേയരാക്കിയപ്പോള്‍ അവര്‍ക്കായി തങ്ങളുടെ വീടുകള്‍ തുറന്നിട്ടുകൊടുത്ത മല്ലകള്‍. എല്ലാ വാതിലുകള്‍ അടഞ്ഞപ്പോള്‍ സ്വന്തം അവകാശത്തിനായി പോരാടാനുറച്ച രാംപുനീത് ദേവി... ജനാധിപത്യത്തിന്റെ അനന്ത സാധ്യതകളെ ഇങ്ങനെയും വരച്ചുകാട്ടുന്നുണ്ട് ഗ്രന്ഥകാരി. പ്രതീക്ഷയുടെ 'അവസാനത്തെ ഇല' (The Last Leaf) ഏതാണെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിട്ടുനല്‍കിക്കൊണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News