ജഹാംഗീർപുരി: മൂന്നാം ജാഥയും തടങ്കലിലായ ഇരകളും
ജഹാംഗീർപുരിയിലെ വാർത്ത ശേഖരണത്തിനിടയിലെ കാഴ്ചകളും അനുഭവങ്ങളും
ജീവിതമാർഗമായിരുന്ന റോഡിനിരുവശത്തുമുണ്ടായിരുന്ന ചെറിയ കടകൾ, റോഡിനോട് ചേർന്ന് ചെറിയ വീടുകളും പുറത്തേക്ക് നീണ്ട നിർമാണവും. സി ബ്ലോക്കിനടുത്തെ ജുമാമസ്ജിന്റെ അരമതിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഉന്തുവണ്ടികൾ,,, തുടങ്ങിയവയാണ് അനധികൃത കയ്യേറ്റം ചൂണ്ടിക്കാട്ടി കണ്ണ് ചിമ്മുന്ന വേഗത്തിൽ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തകർത്ത് തരിപ്പണമാക്കിയത്. അനധികൃത കയ്യേറ്റമല്ല തങ്ങളുടേതെന്ന് പറയാനുള്ള സമയം പോലും ആ പാവപ്പെട്ട മനുഷ്യർക്ക് നൽകിയില്ല,,, നോക്കി നിന്ന് നിലവിളിക്കാൻ മാത്രമേ അവർക്ക് ആ സമയം സാധിച്ചുള്ളു. ഒരായുസ് കൊണ്ട് നേടിയതെല്ലാം ഒരുനിമിഷം കൊണ്ട് പിഴിതെറിഞ്ഞു. കുപ്പിവെള്ളവും സിഗററ്റും വിറ്റുകിട്ടിയ നാണയത്തുട്ടുകളുടെ മേലെയാണ് ബുള്ഡോസറുകൾ കൈ അമർത്തിയത്. അതോടെ തീർന്നു കരുതിവെച്ച സമ്പാദ്യവും മുന്നോട്ട് ഉള്ള ജീവിതവും.
'ആസൂത്രണം' എന്ന് ആരോപണമുള്ള സംഘർഷവും ബി ജെ പി നേതാവിന്റെ ആവശ്യത്തെ തുടർന്നുണ്ടായ കുടിയൊഴിപ്പിക്കലിലും ശേഷം ജഹാംഗീർപുരിയിലെ ഇരകൾ അപ്രഖ്യാപിത തടങ്കലിലാണ്... തൊഴിൽ തേടി പുറത്തിറങ്ങാൻ സാധിക്കാത്തെയായിട്ട് ഒരാഴ്ചയായി. ഭൂരിഭാഗം ജനങ്ങളുടെ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താന്‍ നഗരങ്ങളിലേക്ക് അതിരാവിലെ തന്നെ നീങ്ങുന്നവരാണ്. ഇതിനിടെ സംഭവിക്കുന്ന ഓരോ തടസങ്ങളും അവരുടെ ജീവിതത്തെ തന്നെയാണ് പിറകോട്ട് പിടിച്ച് വലിക്കുന്നത്.
പുറത്തേക്ക് ഇറങ്ങണമെങ്കിൽ പോലീസ് ബാരിക്കേഡുകൾ മറികടക്കണം. അതിന് അർധസൈനികരുടെ കണ്ണ് ഉരുട്ടലുകളും ചോദ്യങ്ങൾക്കുള്ള മറുപടിയും നൽകണം. ഇരകളുടെ ശബ്‌ദം പുറത്ത് കേൾക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചുപോയാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം, ഗല്ലികളുടെ അകത്തേക്ക് ആരെയും പോലീസ് പ്രവേശിപ്പിക്കുന്നില്ല, ജനപ്രതിനിധികളെ പോലും. നിസ്സഹായതയുടെ നോട്ടം മാത്രമാണ് ജഹാംഗീർപുരിലെ വാർത്ത ശേഖരണത്തിനിടയിൽ കാണാനായത്.
മൂന്നാം ജാഥ ലക്ഷ്യം വെച്ചത്
കഴിഞ്ഞ ശനിയാഴ്ച തോക്കും വാളുകളും മറ്റു ആയുധങ്ങളുമേന്തിയ 200ലധികം പേർ ഡിജെ മ്യുസികും പ്രകോപന മുദ്രാവാക്യങ്ങളുമായി ഒരേ പ്രദേശത്ത് മൂന്ന് തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തുന്നു. ഒരേ സ്ഥലത്ത് കൂടി എന്തിനാണ് മൂന്ന് തവണ റാലി? ഒന്നും രണ്ടും റാലിയിൽ ഇല്ലായിരുന്ന ആൾക്കൂട്ടവവും ആയുധങ്ങളും എങ്ങനെ മൂന്നാമാതെ റാലിയിൽ വന്നു? ആയുധമേന്തിയ റാലിക്ക് പൊലീസ് അനുമതി നൽകിയോ എന്നീ ന്യായമായ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഹനുമാൻ ജയന്തിക്ക് ഒരേ പ്രദേശത്ത് മൂന്ന് ഘോഷയാത്രകൾക്കാണ് ഡൽഹി പൊലീസ് അനുമതി നൽകിയത്. രണ്ട് ഘോഷയാത്രകൾ ഉച്ചയോടെ അവസാനിച്ചു. അതേ സ്ഥലത്ത് മാരകായുധങ്ങളേന്തിയുള്ള മൂന്നാമത്തെ ഘോഷയാത്ര തുടങ്ങിയത് വൈകീട്ട് ആറ് മണിക്ക് ശേഷവും. ഇത് വലിയ ദുരൂഹത ഉയർത്തുന്നുണ്ട്.
മൂന്നാംഘോഷയാത്ര മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗല്ലിയിലായിരുന്നു കൂടുതൽ സമയവും. നോമ്പുതുറയുടെ നേരത്ത് പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചഭാഷിണിയിലുടെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി. ഈ സമയം ജാഥക്ക് മുന്നിലും പിന്നിലും രണ്ട് വണ്ടികളിൽ പൊലീസ് ഉണ്ടായിരുന്നു. എന്ത് കൊണ്ട് ഇടപെടൽ നടത്താതെ പൊലീസ് നിശബ്ദത പാലിച്ചു?. സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരു കൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
നോമ്പുതുറക്ക് കാത്തിരുന്ന സമയം. പ്രകോപന മുദ്രാവാക്യങ്ങളുമായി ആ ഘോഷയാത്ര നേരെ പോയത് ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്ലിം പള്ളിയുടെ മുന്നിലേക്കാണ്. റൈഫിളും പിസ്റ്റളും വാളും കത്തിയും ഇരുമ്പുദണ്ഡുകളും ക്രിക്കറ്റ് ബാറ്റുകളുമേന്തി പ്രകോപന മുദ്രാവാക്യങ്ങളുയർത്തി നീങ്ങുന്ന ഘോഷയാത്രക്കൊടുവിൽ എന്തു സംഭവിക്കുമെന്നും ഡൽഹി പൊലീസ് അറിഞ്ഞുകൊണ്ടായിരുന്നു ഈ അനുമതിയെന്ന് വസ്തുതാന്വേഷണ സംഘം പറയുന്നു. ആളുകൾ നോമ്പുതുറക്ക് പള്ളിയിൽ ഒരുമിച്ചുകൂടിയ നേരത്ത് ഒഴിവാക്കേണ്ട റുട്ടിൽ അത് ചെയ്യാതെയാണ് അതിലൂടെ തന്നെ ജാഥ കൊണ്ടുപോകാൻ അനുവാദം നൽകിയത്. ഡൽഹിയിൽ ഏത് സ്ഥലത്തും അനുമതിയില്ലാതെ പ്രകടനം നടത്തിയാൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാറുള്ള പൊലീസാണിതെന്ന് ഓർക്കണമെന്ന് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
വസ്തുതാന്വേഷണ സംഘം ഉയർത്തിയ മൂന്ന് ചോദ്യങ്ങൾ
1. ഡൽഹി പൊലീസ് പറയുന്നത് പോലെ ഘോഷയാത്രക്ക് നേരെ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെങ്കിൽ ഉച്ചയോടെ അതേ സ്ഥലത്ത് രണ്ടു വട്ടം ഘോഷയാത്ര നടത്തിയിട്ടും അക്രമം ഉണ്ടാകാതിരുന്നത് എന്ത് കൊണ്ടാണ്?
2. നോമ്പുതുറയുടെ കൃത്യനേരത്ത് ആയുധമേന്തിയ ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്ലിം പള്ളിക്ക് മുന്നിൽ നിർത്തിയതും പ്രകോപന മുദ്രാവാക്യം മുഴക്കിയതും എന്ത് കൊണ്ടാണ്?
3. സായുധ ഘോഷയാത്രയുടെ പ്രകോപന മുദ്രാവാക്യങ്ങളുടെയും അതിക്രമങ്ങളുടെയും വീഡിയോകൾ പുറത്തുവന്നിട്ടും മുഖ്യമായും ന്യൂനപക്ഷ സമുദായത്തിലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പക്ഷപാതപരമല്ലേ?
മിണ്ടണ്ട, ഒന്നും അറിയുകയും വേണ്ട
സി ബ്ലോക്കിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടതോടെ തൊട്ടടുത്ത ഡി ബ്ലോക്കിലെ ചെറിയ ഗല്ലികൾ വഴി അവിടേക്കു പോകാം. സി ബ്ലോക്കിലെ കാര്യങ്ങളൊന്നും തൊട്ടടുത്തു താമസിക്കുന്നവരെ ബാധിച്ചിട്ടേയില്ല. കുട്ടികൾ സാധാരണ പോലെ ഓടിക്കളിക്കുന്നുണ്ട്. ചെറുകടകളിലേക്ക് വിൽപനയ്ക്ക് കൈമാറാനുള്ള പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾ അടുക്കിയും പെറുക്കിയും അവിടെ ജീവിതം സാധാരണനിലയിൽ മുന്നോട്ട്. ബുൾഡോസർ അരമതിൽ തകർന്ന പള്ളിക്കും സമീപത്തെ ചെറിയ ക്ഷേത്രങ്ങൾക്കും വൻ പൊലീസ് സംഘം കാവലുണ്ട്. എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡ്. അഞ്ചായി തിരിച്ചിരിക്കുന്ന മേഖലയിൽ ഒരിടത്തു മാധ്യമങ്ങളെയും തടയുന്നു. ഇരകളോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും മാധ്യമങ്ങൾക്ക് അനുവാദം ഇല്ല. എം പിമാർ അടങ്ങുന്ന വസ്തൂതാന്വേഷണ സംഘത്തിന് പോലും പ്രവേശനം അകലെയാണ്. ആരും ആരോടും മിണ്ടണ്ട, ആരും ഒന്നും അറിയുകയും വേണ്ട എന്ന ലൈനാണ് പൊലീസ്. എല്ലാം നിരീക്ഷിച്ച് ആകാശത്തു മൂളിപ്പറക്കുന്ന ഡ്രോൺ ക്യാമറയും. അതിലൂടെ പൊലീസ് കൺട്രോൾ റൂം ഓരോ ചലനവും നിരീക്ഷിക്കുന്നു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കുറച്ച് ദിവസങ്ങൾ കൂടി കർശനമായ നിയന്ത്രണം തുടരാനാണ് പൊലീസ് തീരുമാനം.
ജംമ്മിയത്തുൽ ഉലമയെ ഹിന്ദ് നൽകിയ ഹരജിയിലാണ് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടത്. ഹർജി രണ്ട് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. അതേ സമയം സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് മേഖലയിൽ ഏത് നിമിഷവും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാമെന്ന ആശങ്കയുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 25 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ചിത്രങ്ങൾ : തൗഫീഖ് അസ്‌ലം