അകല കാലത്തിന്റെ അകംപൊരുളിലൂടെ
അനേക കോടി ജന്മങ്ങള്‍ ഇരുളില്‍ നരകിക്കിലും പ്രതിമയായി ഒതുങ്ങുമോ ആര്‍ഷഭാരതത്തിന്‍ ഏകത എന്ന് ഏതൊരു ദേശസ്‌നേഹിയേയും പോലെ ചോദ്യമുണര്‍ത്തുകയാണ് കവി പ്രതിമയുടെ നിഴലില്‍ എന്ന കവിതയിലൂടെ. ജയറാം വാഴൂരിന്റെ 'അകല കാലത്തിന്റെ അകംപൊരുള്‍' കവിതാ പുസ്തകത്തിന്റെ വായന.
അകല കാലത്തിന്റെ അകംപൊരുള്‍-പ്രശസ്ത കവി ജയറാം വാഴൂരിന്റെ പുതുമൊഴിപ്പച്ച, മുഖമറക്കാലം എന്നീ കവിതാസമാഹാരങ്ങള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ കവിതാ സമാഹാരം. അതിരുകളില്ലാത്ത കവിത എന്നാണ് പ്രശസ്ത കവി ശ്രീ സെബാസ്റ്റ്യന്‍ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്. വാടാ പച്ചയത്രെ ജയറാം വാഴൂരിന്റെ കവിതകള്‍. ഈ കാലത്തിനു മാത്രമല്ല വരും കാലത്തിനും ഈ കവിതകള്‍ അത്യാവശ്യമായി മാറുന്നു എന്നതാണ് പ്രത്യേകത. മണ്ണോട് ചേര്‍ന്ന് ജീവിതത്തോടു ചേര്‍ന്നു ജയറാം വാഴൂരിന്റെ കവിതകളും കാലുറപ്പിച്ചിരിക്കുന്നു, മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം തന്റെ അവതാരികയില്‍ സൂചിപ്പിക്കുന്നു. കവിതയെ പ്രണയിക്കുന്നവര്‍ അകല കാലത്തിന്റെ അകംപൊരുളിലലിഞ്ഞു കാവ്യപ്പെടുന്നത് ഞാന്‍ അകലെനിന്ന് തന്നെ കാണുന്നു എന്നാണ് ഈ കവിതകളുടെ ആസ്വാദനക്കുറിപ്പില്‍ പ്രശസ്ത കവി ഇ. ജിനന്‍ എഴുതിയിരിക്കുന്നത്. നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളും അടച്ചുപൂട്ടല്‍ കാലത്തിന്റെ സമയത്ത് എഴുതപ്പെട്ടിട്ടുള്ള കവിതകളുമെല്ലാം സമാഹരിച്ച പുസ്തകമാണ് ഇത്.
'അകം നിറച്ചവര്‍ അകലെയായപ്പോള്‍ അകത്തളത്തില്‍ നാം അടച്ചിരുന്ന നാള്‍വഴികളില്‍
കാളും കനലടുപ്പില്‍ ഞാന്‍ അടച്ചു വേവിച്ച പൊതിച്ചോര്‍ ആണിത് രുചിച്ചു നോക്കുക '
എന്ന് കവിവാക്യം.
അറുപതോളം കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. നിരവധി വിഷയങ്ങളെ ഈ കവിതകളിലൂടെ കവി നമ്മുടെ മുന്നിലെത്തിക്കുന്നു.
അധിനിവേശം എന്ന കവിത നമ്മുടെ നാട് കടന്നുപോന്ന നാള്‍വഴികള്‍ അടയാളപ്പെടുത്തുന്നുണ്ട്. ആദ്യം വന്നവര്‍ നാടിന്റെ സമ്പത്ത് കയ്യേറിയപ്പോള്‍ അരൂപിയായ ചോരന്‍ കൊറോണാ കവര്‍ന്നത് നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ അഥവാ മനസ്സിനെയാണ്. നിരവധി ബിംബങ്ങളിലൂടെയാണ് കവി ഈ കാഴ്ചപ്പാട് വരച്ചു കാണിക്കുന്നത്. അപ്രത്യക്ഷമായ കുടമാറ്റം, തെയ്യം, കളിയരങ്ങുകള്‍, കളിയൂഞ്ഞാലുകള്‍, വിഷുക്കണി നീട്ടുന്ന പൂത്തിരി, തിരി അണഞ്ഞ കളിവിളക്ക്, ഈണം മറന്ന ചേങ്ങില, വിരല്‍ തേടുന്നൊരു ഇലത്താളം, കൂരിരുള്‍ പാര്‍ക്കും കോവില്‍, കളികളും ചുടു നിശ്വാസവും മറഞ്ഞ ക്യാമ്പസ് തണല്‍ പച്ച, കളി തുടങ്ങും മുമ്പ് ഓഫ്‌സൈഡിന്‍ വിസില്‍ മുഴങ്ങിയ ഒഴിഞ്ഞ മൈതാനം എന്നിങ്ങനെയാണ് ഈ ബാക്കിപത്രങ്ങളെ കവി അടയാളപ്പെടുത്തുന്നത്. 'സൗഹൃദം കണ്ണാടി പോലെയാണ് ' ഒരിക്കല്‍ തകര്‍ന്നാല്‍ മതി ഒരു ഏച്ചുകെട്ടലിന്റെ മുഴ നമുക്ക് അനുഭവിച്ചറിയാം.
നേരാണ് കണ്ണാടിയാണിത്
സൗഹൃദം
കാലക്കരിമ്പൊടിപ്പാട് വീഴാതത്
തേച്ചു മിനുക്കുക
കാഴ്ച മറയ്ക്കും അഹംഭാവമെന്ന
തിമിര തിരശ്ശീല മൂടാതെ നോക്കുക
കണ്ണായി കാക്കുക
പൊട്ടിച്ചെറിയാന്‍ എന്തെളുപ്പം
ഇത് ചില്ലാണ്
വീണാല്‍ ചിതറിത്തെറിച്ചിടും
ഒട്ടിച്ചു വീണ്ടെടുക്കാന്‍ ശ്രമിച്ചീടിലും
വക്രിച്ച നിന്‍ പ്രതിബിംബം തെളിഞ്ഞിടും.'
കുട്ടിക്കാലത്തെ സൗഹൃദം വളര്‍ന്നപ്പോള്‍, മുതിര്‍ന്നപ്പോള്‍ പിളര്‍ന്നു പോയ പാതകളില്‍ മുന്നേറാനാകാതെ ഉള്ളുരുക്കങ്ങളില്‍ ജീവിതം അവസാനിപ്പിക്കുന്നവര്‍. അവര്‍ ബാക്കി വയ്ക്കുന്ന നടുക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അദൃശ്യം എന്ന കവിത.
'പൂരമില്ലേക്കമില്ലൊട്ടും
വരുമാനമില്ലെന്തിനീ ആന
ചോദ്യമായ് അന്നദാതാവ്'
അന്നദാതാവ് ചോദിക്കുമ്പോള്‍ പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ ആന എങ്ങനെ ചോദിക്കാതെയിരിക്കും എന്താണ് താന്‍ ചെയ്ത കുറ്റമെന്ന്? ആര്‍ക്കാണ് ഉത്തരം പറയാനാവുക.
നാടിന്റെ വിധി മാറ്റിയെഴുതാന്‍ പോരാടിയ ഗാന്ധിയിന്ന് മതവൈരം കൊടികുത്തി വാഴുന്ന നാട്ടില്‍ വെറുമൊരു പ്രതിമയായി നഗരത്തിരക്കില്‍, പടമായി നോട്ടിലും ഒതുങ്ങി പോകുന്നതിന്റെ വേദനയാണ് ഇതാ ഗാന്ധി എന്ന കവിതയിലൂടെ കവി പങ്കുവയ്ക്കുന്നത്.
വൃദ്ധമന്ദിരങ്ങളിലെ നൊമ്പരങ്ങള്‍, ഒറ്റയായി പോകുന്നതിന്റെ നോവുകളെ വരയ്ക്കുന്നു ബലിക്കാറ്റ് എന്ന കവിത. എരിയട്ടെ അഗ്‌നി നേത്രം എന്ന കവിതയാകട്ടെ കുഞ്ഞുമക്കളെ കണ്ണിമയ്ക്കാതെ കാക്കുവാന്‍ കാത്തു വയ്ക്കുന്ന ഒരു നേത്രം എല്ലാവര്‍ക്കും ഉണ്ടാകണം എന്ന് ഓര്‍മിപ്പിക്കുകയാണ്. വര്‍ത്തമാനകാലത്ത് പിഞ്ചുകുട്ടികളെ ഇല്ലായ്മ ചെയ്യുന്ന കൊടും ക്രൂരനായ മനുഷ്യര്‍ക്ക് നേരെ കണ്ണുതുറന്നിരിക്കാനുള്ള ഒരു മുന്നറിയിപ്പാണ് ഈ കവിതയിലൂടെ കവി നല്‍കുന്നത്. ഭീതി ഉണര്‍ത്തിയ അടച്ചിരിപ്പു കാലത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇമചിമ്മാതെ എന്ന കവിതയില്‍ കവി വരച്ചിടുന്നത്. എങ്കിലും പ്രതീക്ഷയുടെ ഒരു ചൂട്ടു വെളിച്ചത്തിനായി ഇമചിമ്മാതെ കാത്തിരിക്കാം എന്ന് കവി പറയുന്നു. സുഗതകുമാരി ടീച്ചര്‍ക്കുള്ള ആദരമാണ് ഇനി ആര് ചേര്‍ത്തുപിടിക്കും എന്ന കവിത
'ഇനിയാര് ചേര്‍ത്തുപിടിക്കും മഴയെ, മരങ്ങളെ,
പേടിച്ചരണ്ട മിഴികളുമായി അമ്മയെ തേടിയെത്തുന്നൊരു
പേടമാന്‍ കുഞ്ഞിനെ, എന്നിങ്ങനെ സുഗതകുമാരി ടീച്ചറുടെ കവിതകളിലൂടെ ആദരമേകുന്ന സുന്ദര കവിത.
നാടിന്റെ വിധി മാറ്റിയെഴുതാന്‍ പോരാടിയ ഗാന്ധിയിന്ന് മതവൈരം കൊടികുത്തി വാഴുന്ന നാട്ടില്‍ വെറുമൊരു പ്രതിമയായി നഗരത്തിരക്കില്‍, പടമായി നോട്ടിലും ഒതുങ്ങി പോകുന്നതിന്റെ വേദനയാണ് ഇതാ ഗാന്ധി എന്ന കവിതയിലൂടെ കവി പങ്കുവയ്ക്കുന്നത്. ആദര്‍ശങ്ങളില്‍ നിന്നും എത്രമേല്‍ വ്യതിചലിച്ചിരിക്കുന്നു നമ്മള്‍ എന്നുകൂടി ഓര്‍മിപ്പിക്കുകയാണ് ഈ കവിത. കൂടപ്പിറപ്പിനെ കുറിച്ചുള്ള വേവലാതിയാണ് കളിയൂഞ്ഞാല്‍ എന്ന കവിത. ഒപ്പം പോയ കാലത്തിന്റെ മധുര സ്മരണകളും ഒന്നിച്ചു പങ്കിട്ട നൊമ്പരങ്ങളും കവിത കാത്തു വെക്കുന്നു. അപ്രത്യക്ഷമായ ഒരു കത്തെഴുതല്‍ കാലത്തെ ഓര്‍മപ്പെടുത്തുകയാണ് കത്തുകള്‍ എന്ന കവിതയിലൂടെ. ആധുനിക സാങ്കേതികവിദ്യകള്‍ മാറി മാറി വരുമ്പോള്‍ തിരക്കുപിടിച്ചോടുന്നവര്‍ക്ക് കത്തെഴുതാന്‍ എവിടെ നേരം. കത്തുകള്‍ പങ്കുവെക്കുന്ന സ്‌നേഹ ധ്വനികളെ വീണ്ടുമൊന്ന് തലോടാന്‍ കൊതിക്കുകയാണ് കവി.
ഒരു വലംപിരിശംഖ് തേടി അലയുകയാണ്. അതില്‍ ബാല്യത്തിന്‍ ഓര്‍മകള്‍ നിറയുന്നുണ്ട്. നല്ലപാതി യോടൊപ്പമുള്ള ജീവിത യാത്രകളും. അവസാനം വാര്‍ധക്യത്തില്‍ മനസ്സിലാക്കുകയാണ്
കടലിലല്ല
തീരമണലിലല്ലി
വലം പിരി ശംഖ്.
ജീവിതപ്പാല്‍ക്കടല്‍ത്തിരയിലാണ്
അത് കടഞ്ഞാല്‍ കിട്ടും
അമൃത് കൂടെയുണ്ടിതും എന്നറിയാതെ
ഇതുവരെ വെറുതെ തിരഞ്ഞു നാം.
ഈ കൊറോണക്കാലത്ത് ധാരാളം അനാഥജന്മങ്ങള്‍ പിറവി കൊണ്ടിട്ടുണ്ട്. രോഗബാധിതരായി ബന്ധു ജനങ്ങള്‍ മുഴുവന്‍ മരിച്ചുപോയ അനാഥക്കുഞ്ഞുങ്ങള്‍. മിഴിനീര്‍ മഴ എന്ന കവിത ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു അനാഥനായി പോയവന് മടിച്ചിരിക്കാതെ കനിവിന്‍ പൊന്‍കരം നീട്ടുക എന്ന് ചുറ്റുമുള്ളവരെ ഓര്‍മിപ്പിക്കുന്നു.
അണു പ്രഹരത്തിന്റെ തീഷ്ണതക്കിടയിലും അലിവിന്റെ കണങ്ങള്‍ മായാതെ കാക്കുന്നവരും ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് പ്രതീക്ഷ എന്ന കവിതയിലൂടെ കവി.
കവികള്‍ എന്നാല്‍ ആരാണ്?
ഉള്ളത്തിലെ പനയോലയില്‍
നാരായമമരവേ, മുറിവേറ്റ് ചിന്തും
നിലപാട് കവിതയായി നീട്ടി
കൈരളി പെണ്ണിന് അഴകെഴും കൊരലാരമൊന്ന്
പണിഞ്ഞവര്‍.
നെറ്റിയില്‍ മിന്നുന്ന മാലേയമായവര്‍
അവരത്രെ കവികള്‍..
കവിമാഷും കവി ടീച്ചറും എന്ന കവിതയിലൂടെ കവി പറയുന്നു.
ഭൂമിയാം അമ്മയ്ക്ക് ചരമഗീതം പാടി
മണ്ണിന്റെ കണ്ണീര്‍ കവിതകള്‍ക്കുപ്പായി
വിണ്ണിലെ കാവ്യാംബരത്തില്‍ തെളിയുന്ന
സൗവര്‍ണ്ണ താരമായി മാറിയ പ്രിയ കവി ഒ.എന്‍.വി കുറുപ്പിനോട് മാപ്പപേക്ഷിക്കുകയാണ് പ്രിയ കവേ മാപ്പ് എന്ന കവിതയിലൂടെ. സ്വന്തം പ്രവൃത്തികളാല്‍ സ്വന്തം പ്രാണനും അപകടത്തില്‍ ആണെന്നറിഞ്ഞിട്ട് പിടഞ്ഞു പുറത്തേക്ക് പായുന്ന മര്‍ത്ത്യനോട് നിന്നെയീ അഗ്‌നിക്ക് കാഴ്ചവെച്ചസ്ത്രങ്ങള്‍ നേടുവാന്‍ വില്ല് കുലച്ചു നില്‍പ്പുണ്ട് കിരീടിമാര്‍ എന്ന് ഓര്‍മിപ്പിക്കുകയാണ് കവി.
പ്രളയം എന്ന് നമ്മള്‍ വിളിച്ചത് കാടിന് പുനര്‍ജന്മം നല്‍കാനായി എത്തിയ മഴയെയത്രെ.
മര്‍ത്ത്യന്റെ ക്രൂരതകളാല്‍ കനലായി എരിയുന്ന കാടിന്റെ നൊമ്പരം തൊട്ടറിയാന്‍ മണ്ണുമായി പ്രകൃതിയുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചവര്‍ക്ക് മാത്രമേ കഴിയൂ. രണ്ടാമൂഴം എന്ന കവിത ഓര്‍മിപ്പിക്കുന്നത് അതാണ്.
പരിചിതമേതോ ചിറകടിക്കായി വെറുതെ കാതോര്‍ത്ത് തനിച്ചിരിക്കുന്നു
ഏകാന്ത നിമിഷങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന ഭീതി
വിജനഭൂമികയില്‍ ഒറ്റപ്പെടുന്നവരുടെ ഭീതിതമായ നിമിഷങ്ങളെ കൊറോണക്കാലത്തെ ഒറ്റപ്പെട്ടുള്ള അടച്ചിരിപ്പ് കാലത്തെ ഓര്‍മിപ്പിക്കുന്നു സ്വപ്നം മാത്രമോ എന്ന കവിത.
ഭൂതത്താന്‍ കെട്ടില്‍ കാട്ടുവഴിയില്‍ കണ്ട ഭൂമിക്ക് കുടപിടിച്ച പോലത്തെ വന്‍മരത്തോട് സ്വന്തം കാലില്‍ നില്‍ക്കാന്‍ വരമേകണേയെന്ന് പ്രാര്‍ഥിക്കുകയാണ് കവി. കവിത വരം.
മരം പോലെ കാലത്തിന്റെ ഭാവപ്പകര്‍ച്ചകളെ അതിജീവിക്കുന്ന സഫല ജന്മം മറ്റെന്താണുള്ളത്?
പുലരി പിറക്കുന്നു എന്ന കവിതയാകട്ടെ അടച്ചചിരിപ്പു കാലത്തില്‍ നിന്നും മുക്തി നല്‍കി എത്തുന്ന പുലരിക്കായി പ്രത്യാശ നല്‍കുന്നു.
നാട്ടു പാട്ടിന്റെ ഈണങ്ങള്‍ മുഴങ്ങുന്ന നാട്ടുചന്തങ്ങളില്‍ അലിയുന്ന മനോഹരമായ കവിതയാണ് വെട്ടാക്കുളം.
റെയിഞ്ച്, വാട്‌സാപ്പില്‍ എഴുതുമ്പോള്‍, ഡിജിറ്റല്‍ ജാലകക്കാഴ്ചകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യയുടെ നേര്‍കാഴ്ച കവിതകളും ഈ പുസ്തകത്തിലുണ്ട്.
മറന്നുവോ ഒരു വയല്‍പച്ച
പൊങ്ങും ഇരുമ്പുമുള്‍വേലി തകര്‍ത്തെറിഞ്ഞന്ന്
യമുന തന്‍ തീരത്തൊഴുകി വന്നതും
കനിവെഴാ കാവല്‍പ്പട തന്‍ ഉള്‍ത്തീയില്‍
ഗുരുദാസ് പൂരിലെ പരിപ്പ് വെന്തതും
കൊടും ശിശിരത്തിന്‍ പുകമറക്കുള്ളില്‍
കരള്‍ തീയില്‍ നീറി തിളച്ചു തൂവാന്‍
ഹിസാറിലെപൈമ്പാല്‍ ഇരമ്പി നിന്നതും
കടുകു പാടങ്ങള്‍ ഇവിടെ പൂത്തതും
കരിമ്പ് നീരൂറ്റിക്കുടിച്ച്
ചപ്പാത്തി തവിയില്‍
വെന്തു വീര്‍ത്തൊരൊറ്റപ്പോളയില്‍
പറയാനുള്ളതും
അറിയുവാനുള്ളതും
ഇവര്‍, മണ്ണിന്റെ മക്കള്‍ കുറിച്ചു വച്ചതും'
മറഞ്ഞുപോയ കര്‍ഷക സമരത്തെ വീണ്ടും ഓര്‍മപ്പെടുത്തുകയാണ് മറന്നുവോ എന്ന കവിത. നാടിനുവേണ്ടി അന്നമൂട്ടുന്നവര്‍. അവരുടെ രോദനങ്ങള്‍ ശ്രദ്ധിക്കാത്ത ഭരണകൂട നിശ്ചലത, ഇവരെ കേള്‍ക്കുക, ഇവരെ കാക്കുക. എന്ന് കവികളല്ലാതെ മറ്റാരാണ് പറയുക?
പെണ്‍മയോട്, പുത്തനച്ചി പുരപ്പുറം തൂക്കണം, വനിതാ ദിനം തുടങ്ങി സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള കവിതകളും ഈ പുസ്തകത്തിലുണ്ട്. വിദ്യാസമ്പന്നരായിരുന്നിട്ടും ഈ വര്‍ത്തമാനകാലത്ത് എത്രയെത്ര പെണ്‍കുട്ടികളാണ് ഭര്‍ത്തൃഗൃഹത്തില്‍ നോവുകള്‍ക്കിരയായി ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നത്. അങ്ങനെ മൃത്യുവിന് വഴിമാറി കൊടുക്കാനോ തടവറകളില്‍ തകര്‍ന്നടിയുവാനോ കപടസ്‌നേഹത്തിന്റെ അറക്കുള്ളില്‍ നീറിയോടുങ്ങുവാനോ ഉള്ളതല്ല ജീവിതമെന്ന് പെണ്‍കുട്ടികളെ ഓര്‍മപ്പെടുത്തുകയാണ് ഈ കവിതകളിലൂടെ. ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചവരെയും നിലയില്ലാ കയങ്ങളില്‍ ജീവിതം അവസാനിപ്പിച്ചവരെയും ഈ കവിതകളില്‍ നമുക്ക് കണ്ടെടുക്കാനാകും. അച്ഛനുറങ്ങാത്ത വീടുകള്‍ പെരുകുന്ന വര്‍ത്തമാനകാലം നോവായി ഉള്ളില്‍ നിറയ്ക്കുന്നുണ്ട് കവി.
വായിച്ചുതീരാത്ത പുസ്തകമായതാ
ജീവിതം തെളിയുന്നു മുന്നില്‍
ഇനി മറയ്ക്കാനുള്ളൊരേടുകളില്‍
എന്താണ് എഴുതിവെച്ചിട്ടുള്ളത് എന്നറിയില്ല.
വായന തുടരാതെ വയ്യ. അതെ ജീവിച്ചു തീര്‍ക്കാതെ വയ്യ. നമ്മള്‍ തന്നെയാണ് നമ്മുടെ ജീവിതത്തില്‍ വര്‍ണ്ണങ്ങള്‍ നിറയ്‌ക്കേണ്ടത് എന്ന് ഓര്‍മിപ്പിക്കുകയാണ് വായന തുടരുമ്പോള്‍ എന്ന കവിത.
ഖസാക്ക് ഒരു പുനര്‍വായന വളരെ മനോഹരമായ ഒരു അനുഭവമാണ്.
ഒരിക്കല്‍ മോഹമോടോളിച്ചു വായിച്ച
ഖസാക്കിലൂടെ ഒരു പകല്‍ യാത്ര, വീണ്ടും
അത്തളത്തലീ കരിമ്പനക്കാറ്റ്,
കിതച്ചെത്തുന്നുവോ
ഇനിയും എത്ര നാള്‍ കഴിഞ്ഞാലും
സുകൃതമാകുമീ ഖസാക്കിന്‍ വായന.
അമ്പത്തൊന്നക്ഷരം ചൊല്ലി പഠിക്കിലും അംബരത്തോളം ഉയര്‍ന്നുവന്നാകിലും അന്‍പോടെ ഓര്‍ത്ത് വെക്കേണ്ട സ്‌നേഹാക്ഷരം അ തന്നെ. അമ്മതന്‍ അ. മകനായി സ്‌നേഹാക്ഷരം തേടി
എന്ന കവിതയില്‍ കവി പറഞ്ഞുവയ്ക്കുന്നു. ബാല്യകൗമാര ജീവിതത്തിന്റെ യാന്ത്രികതകളെ കുടഞ്ഞെറിഞ്ഞ് സ്വന്തമായി ജീവിതം വരയ്ക്കുന്നവരെ കുറിക്കുന്ന കവിതയാണ് വക്കേനണ്ടി. ഒപ്പം തന്നെ ബാല്യകാല ജീവിതത്തിന്റെ മനോഹരമായ കാഴ്ചകളും നിറയുന്നുണ്ട് ഈ കവിതയില്‍.
അനേക കോടി ജന്മങ്ങള്‍ ഇരുളില്‍ നരകിക്കിലും പ്രതിമയായി ഒതുങ്ങുമോ ആര്‍ഷഭാരതത്തിന്‍ ഏകത എന്ന് ഏതൊരു ദേശസ്‌നേഹിയേയും പോലെ ചോദ്യമുണര്‍ത്തുകയാണ് കവി പ്രതിമയുടെ നിഴലില്‍ എന്ന കവിതയിലൂടെ. അകല കാലത്തിന്റെ അകപ്പൊരുള്‍ അനാവരണം ചെയ്യുന്ന നിരവധി കവിതകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഒപ്പം മണ്ണിനേയും പ്രകൃതിയേയും ചേര്‍ത്തുപിടിക്കുന്ന കവിമനസ്സ് നമുക്ക് വായിക്കാനാകും. വര്‍ത്തമാനത്തിന്റെ യാന്ത്രികതയെ കുറിച്ചുള്ള, തിരക്കില്‍ ഒടുങ്ങുന്ന ജീവിതങ്ങളെ കുറിച്ചുള്ള, നഷ്ടപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ആവലാതികളും ചോദ്യങ്ങളും ഉണര്‍ത്തുന്ന 60 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
മനോഹരമായ ഒഴുക്കുള്ള ഭാഷയും ഓജസ്സുള്ള ശൈലിയും കവിതകളുടെ മാറ്റുകൂട്ടുന്നു. കവിതകള്‍ വായിച്ചു തന്നെ അറിയുക. ഉള്ളം നിറയ്ക്കുക. മനംനിറഞ്ഞെങ്കില്‍ ഒരു മറുവാക്കയയ്ക്കുക എന്ന് കവി. എനിക്ക് പറയാനുള്ളതിതാണ്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനം നിറയാതിരിക്കില്ല. മറുപടിയ്ക്കായി കവി കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.