കണ്ണൂര്‍ സ്‌ക്വാഡ് ഉരുവംകൊണ്ട അബ്ദുല്‍ സലാം ഹാജി വധക്കേസ്

റോണി ഡേവിഡിന്റെയും ഷാഫിയുടെയും തൂലികയില്‍ എത്തുന്നതിന് മുന്‍പേ കേരള പൊലീസിന്റെ കേസ് ഡയറിയിലെത്തിയ തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധക്കേസിന്റെ പിന്നാമ്പുറക്കഥ.

Update: 2023-10-06 06:52 GMT
Advertising

2013 ആഗസ്റ്റ് നാല് ഞായറാഴ്ച റമദാന്‍ 27-ഗള്‍ഫില്‍ വ്യവസായിയായിരുന്ന അബ്ദുല്‍ സലാം ഹാജി ക്രൂരമായ കൊലപാതകത്തിനിരയാകുന്നു. വിശുദ്ധ റമദാനിലെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ വീട്ടിലേക്ക് എത്തിയ സലാം ഹാജിയേയും കുടുംബത്തേയും കാത്തിരുന്നത് അകന്ന കുടുംബാംഗം ഒരുക്കിയ മരണക്കെണിയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സലാം ഹാജിയുടെ പൈശാചിക കൊലപാതകം കാസര്‍ക്കോട്ടുകാരും കേരളവും ഓര്‍ത്തെടുക്കുകയാണ്, മൗത്ത് പബ്ല്‌സിറ്റി കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ തിയറ്ററുകളും പ്രേക്ഷക മനസും നിറച്ച കണ്ണൂര്‍ സ്‌ക്വാഡിലൂടെ. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥയല്ല, മറിച്ച് റോണി ഡേവിഡിന്റെയും ഷാഫിയുടെയും തൂലികയില്‍ എത്തുന്നതിന് മുന്‍പേ കേരള പൊലീസിന്റെ കേസ് ഡയറിയിലെത്തിയ തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധക്കേസിന്റെ പിന്നാമ്പുറക്കഥയാണിവിടെ വിവരിക്കുന്നത്.

കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഹാജി ഗള്‍ഫിലെത്തുന്നവര്‍ക്കും അവിടെ നിന്നും വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കും അത്താണിയായിരുന്നു. സ്വന്തം നാടായ തൃക്കരിപ്പൂരില്‍ കിഡ്‌നി രോഗികള്‍ വ്യാപകമാവുകയും ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നതായി മനസ്സിലാക്കി അതിന് പരിഹാരം കാണണമെന്ന ആലോചനയില്‍ ഡയാലിസിസ് സെന്റര്‍ എന്ന ആശയം മുന്നോട്ട് വെയ്ക്കുകയും അതിന് ലക്ഷങ്ങള്‍ സലാം ഹാജി ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിന്റെ പൂര്‍ത്തീകരണത്തിന് അടുത്തെത്തവെയാണ് അക്രമികളാല്‍ കൊല്ലപ്പെടുന്നത്.

സഹായം തേടിയെത്തുന്ന എല്ലാവരെയും സ്വീകരിച്ചിരുത്തി ശീലമുള്ള സലാം ഹാജി അന്ന് അര്‍ധരാത്രി കയറി വന്ന അപ്രതീക്ഷിത അതിഥികളെയും ഇത്തരത്തില്‍ വരവേല്‍ക്കാനായി വാതില്‍ തുറന്നു. എന്നാല്‍, പെട്ടെന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ എട്ടംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു.

'ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത പ്രകൃതമായിരുന്നു ഉപ്പയുടേത്. പാവപ്പെട്ടവര്‍ക്ക് ഇഷ്ടം പോലെ ദാനം കൊടുക്കുകയും ചെയ്യും. അങ്ങനെയുള്ള ഞങ്ങളുടെ ഉപ്പയെ കൊന്നവരോട് ദൈവം പൊറുക്കില്ല'- അബ്ദുല്‍ സലാം ഹാജിയുടെ മകന്‍ സുഫിയാന്റെ വാക്കുകളാണിത്. കാസര്‍കോഡ് വെള്ളാപ്പിലില്‍ കൊട്ടാര സമാനമായ അബ്ദുല്‍ സലാം ഹാജിയുടെ വീട് സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും മുന്‍നിരയിലായിരുന്നു. ഗേറ്റ് മുതല്‍ വീടിനകം മുഴുവന്‍ സുരക്ഷാ കാമറകളുടെ നിരീക്ഷണത്തിലാണ്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗേറ്റാണുള്ളത്. എന്നാല്‍, അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതിന് ഒരാഴ്ച മുന്‍പേ ഗേറ്റിന്റെ റിമോട്ട് പ്രവര്‍ത്തന രഹിതമായിരുന്നു.

സംഭവം നടന്ന ദിവസം അബ്ദുല്‍ സലാം ഹാജിയും ഭാര്യ സുബൈദയും മകന്‍ സൂഫിയാനും മകള്‍ പയ്യന്നൂര്‍ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി സഫാനയുമാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. റമദാന്‍ 27 ന് സലാം ഹാജിയും കുടുംബവും അടുത്തുള്ള പള്ളിയില്‍ നിന്നുള്ള രാത്രി നമസ്‌കാരങ്ങള്‍ക്ക് ശേഷം വീട്ടില്‍ എത്തുന്നു. 11.30 ഓടെ വെളുത്ത നിറത്തിലുള്ള മാരുതി എര്‍ട്ടിക കാര്‍ ഹാജിയുടെ വീടിന് മുന്നിലെത്തി. അല്‍പ്പസമയത്തിന് ശേഷം വീടിന്റെ കോളിങ് ബെല്ല് അടിക്കുന്നു. റമദാന്‍ മാസം ആയതിനാല്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സഹായം തേടി അബ്ദുല്‍ സലാം ഹാജിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. സഹായം തേടിയെത്തുന്ന എല്ലാവരെയും സ്വീകരിച്ചിരുത്തി ശീലമുള്ള സലാം ഹാജി അന്ന് അര്‍ധരാത്രി കയറി വന്ന അപ്രതീക്ഷിത അതിഥികളെയും ഇത്തരത്തില്‍ വരവേല്‍ക്കാനായി വാതില്‍ തുറന്നു. എന്നാല്‍, പെട്ടെന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ എട്ടംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു. സിറ്റൗട്ടില്‍ വെച്ച് അബ്ദുല്‍ സലാം ഹാജിയെ കസേരയെടുത്ത് അടിക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷം അകത്തുകൊണ്ടു പോയി കസേരയില്‍ കെട്ടിയിട്ട് മുഖത്ത് ഡക്ക് ടാപ്പ് കൊണ്ട് വരിഞ്ഞ് മുറുക്കി.

നാട്ടിലെ സര്‍വപ്രതാപിയായ സലാം ഹാജിയുടെ കൈവശം പണം ആവശ്യത്തിലധികമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ആക്രമികള്‍ ലക്ഷ്യം വെക്കുന്നത്. റമദാനില്‍ പാവപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കുന്നതിനായി ഹാജി വന്‍ തുക വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് പ്രതികള്‍ കവര്‍ച്ചക്കായി അന്നേ ദിവസം തെരഞ്ഞെടുക്കുന്നത്.

വീടിന് മുന്‍വശത്ത് നടന്ന വലിയ ബഹളം കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്ന സുബൈദയും മക്കളായ സൂഫിയാനും സഫാനയും പുറത്തിറങ്ങുന്നത്. എന്നാല്‍, അക്രമിസംഘം ഇവരെ ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. മകന്‍ സുഫിയാനെ ക്രൂരമായി മര്‍ദിച്ച സംഘം മകള്‍ സഫാനയുടെ മാല പൊട്ടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തി താക്കോല്‍ വെച്ച സ്ഥലം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സഫാന താക്കോലുകള്‍ ഇവര്‍ക്ക് എടുത്തു നല്‍കി. ഹിന്ദിയിലും മലയാളത്തിലും സംസാരിച്ച അക്രമികള്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് അവിടെ എത്തിയതെന്ന് ഓരോ നീക്കങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. വീട്ടിലെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനരഹിതവുമാക്കിയതിന് ശേഷമാണ് സംഘം ദൗത്യം ആരംഭിച്ചത്. അരമണിക്കൂറോളം വീട്ടില്‍ തങ്ങിയ സംഘം മുറികളിലെ അലമാരകളെല്ലാം തുറന്ന് പരിശോധിക്കുകയും അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ച് പുറത്തിടുകയും ചെയ്തു. എന്നാല്‍, അക്രമികള്‍ക്ക് ആകെ ലഭിച്ചത് യു.എ.ഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങളാണ്. കോടികളുടെ നിധി പ്രതീക്ഷിച്ചെത്തിയ കവര്‍ച്ചക്കാരില്‍ ഇത് വലിയ നിരാശയുണ്ടാക്കി. എന്നാല്‍, ആ നിരാശയൊടുങ്ങും മുന്നേ അബ്ദുല്‍ സലാം ഹാജി ശ്വാസമെടുക്കാനാകാതെ പതിയെ മരണത്തിന് കീഴടങ്ങിയിരുന്നു.

വാപ്പയുടെ മരണം പുറം ലോകത്തെ അറിയിക്കുന്നത് മകള്‍ സഫാനയാണ്. സഹായത്തിനായി സഫാന പലരെയും വിളിച്ചെങ്കിലും റമദാന്‍ 27 ലെ പ്രാര്‍ഥനയില്‍ മുഴുകിയതിനാല്‍ കുറേ സമയത്തേക്ക് ആരും ഫോണെടുത്തില്ല. പിന്നീട് ഹാജിയുടെ അയല്‍വാസി ഫോണെടുക്കുകയും വിവരം പള്ളിയിലറിയുകയും ചെയ്തതോടെ എല്ലാവരും സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തി. ഇതിന് പിന്നാലെ അബ്ദുല്‍ സലാം ഹാജിയെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സമയം ഏറെ വൈകിയിരുന്നു.


മരണത്തിന് ശേഷവും ചുരുളഴിയാത്ത ഒരു ചോദ്യം അവശേഷിച്ചു. നാട്ടിലെ സര്‍വപ്രതാപിയും ആദരവ് കല്‍പ്പിക്കുകയും ചെയ്യുന്ന അബ്ദുല്‍ സലാം ഹാജിയെ തീര്‍ത്തും 'അപരിചിതരായ' ആ അക്രമികള്‍ ലക്ഷ്യം വെയ്ക്കാനുള്ള കാരണമെന്തായിരുന്നെന്ന്. ആ ചോദ്യത്തിന്റെ ചുരുളഴിഞ്ഞെത്തിയത് ഒരു വലിയ രഹസ്യത്തിലേക്കായിരുന്നു. സമ്പദ് സമൃദ്ധിയാലും കാരുണ്യപ്രവര്‍ത്തനങ്ങളാലും പ്രശസ്തനായിരുന്ന 'നോവല്‍റ്റി ഗ്രൂപ്പ് ഓഫ് ബിസിനസ്' എന്ന വ്യവസായ സാമ്രാജത്തിന്റെ തലവനായ അബ്ദുല്‍ സലാം ഹാജി സമ്പാദിച്ചതെല്ലാം സ്വപ്രയത്നത്തിലൂടെയായിരുന്നു. നാട്ടിലെ സര്‍വപ്രതാപിയായ സലാം ഹാജിയുടെ കൈവശം പണം ആവശ്യത്തിലധികമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ആക്രമികള്‍ ലക്ഷ്യം വെക്കുന്നത്. റമദാനില്‍ പാവപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കുന്നതിനായി ഹാജി വന്‍ തുക വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് പ്രതികള്‍ കവര്‍ച്ചക്കായി അന്നേ ദിവസം തെരഞ്ഞെടുക്കുന്നത്. റമദാന്‍ 27 ന് രാത്രി വീട്ടില്‍ അധികം പുരുഷന്മാരുണ്ടായിരിക്കില്ലായെന്നതും പ്രതികള്‍ ആസൂത്രണത്തില്‍ കണക്കുകൂട്ടി. എന്നാല്‍, പ്രതികള്‍ ഉദ്ദേശിച്ചതിന്റെ ചെറിയൊരു ഭാഗം പോലും സലാം ഹാജിയുടെ വീട്ടില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചില്ല.

അക്രമികളാരെന്ന ചോദ്യത്തിന്റെ കെട്ടുപൊട്ടിച്ച് ഉത്തരത്തെ പുറത്തെടുക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡിലെ മമ്മൂട്ടിയുടെ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ ചെയ്യുന്നത്. മുന്‍ കണ്ണൂര്‍ എസ്.പി എസ്. ശ്രീജിത്ത് രൂപീകരിച്ച യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന ക്രൈം ത്രില്ലര്‍ റോബി ഒരുക്കിയിരിക്കുന്നത്. എന്നാല്‍, സിനിമയും യഥാര്‍ഥ സംഭവങ്ങളുമായി ചെറിയ ചില വ്യത്യാസങ്ങളുണ്ട്. യഥാര്‍ഥ സംഭവം 16 ദിവസം നീണ്ട 6000 കിലോമീറ്റര്‍ സഞ്ചാരന്വേഷണത്തിലൂടെ ചുരുളഴിക്കുമ്പോള്‍ സിനിമയില്‍ മമ്മൂട്ടിയുടെ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും വെറും പത്ത് ദിവസം കൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നത്. ജീവിതവും സിനിമയുമായുള്ള പ്രധാനമായൊരു വ്യത്യാസം സിനിമയില്‍ ഹാജിയുടെ മകളെ അക്രമികള്‍ ലൈംഗീക ചൂഷണത്തിനിരയാക്കുന്നുണ്ട്. എന്നാല്‍, അന്നത്തെ മാധ്യമവാര്‍ത്തകളിലൊന്നും ഇത്തരമൊരു കാര്യം പറയുന്നില്ല.

കൃത്യം നടക്കുന്ന സമയം പ്രതികളില്‍ നാല് പേര്‍ ഹാജിയുടെ വീടിന് മുന്നിലെത്തിയ മാരുതി എര്‍ട്ടികക്കുള്ളില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കി. ക്വട്ടേഷന്‍ സംഘത്തിലെ മറ്റു നാലുപേര്‍ കുറ്റകൃത്യം നടത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത് കൃത്യത്തിനിടെ പ്രതികള്‍ നടത്തിയ ഈ ഫോണ്‍ സംഭാഷണങ്ങളാണ്.

റിട്ട. എസ്.ഐ ബേബി ജോര്‍ജ്, ജില്ല നാര്‍ക്കോട്ടിക് സെല്ലിലെ എസ്.ഐ റാഫി അഹമ്മദ്, ആന്റി നക്സല്‍ സ്‌ക്വാഡിലെ എ. ജയരാജന്‍, രാജശേഖരന്‍, സുനില്‍കുമാര്‍, മനോജ്, ഇരിട്ടി സ്റ്റേഷനിലെ റെജി സ്‌കറിയ, പാനൂര്‍ സ്റ്റേഷനിലെ വിനോദ്, വിരമിച്ച ജോസ് എന്നീ ഒമ്പതുപേര്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന പേരില്‍ അന്ന് കേസ് അന്വേഷിച്ചത്. അന്നത്തെ കണ്ണൂര്‍ എസ്.പി ആയിരുന്ന രാഹുല്‍ ആര്‍. നായര്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡിനെ കേസ് ഏല്‍പ്പിക്കുന്നത്. കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റവും കുഴക്കിയത് പ്രതികള്‍ മുഖംമൂടി ധരിച്ചതും ഹിന്ദിയും മലയാളവും കൂടിക്കലര്‍ത്തിയ സംസാരമായിരുന്നുവെന്ന മകള്‍ സഫാനയുടെ മൊഴിയുമാണ്. എന്നാല്‍, ഇത് മനഃപൂര്‍വം കേസ് വഴിതിരിക്കാന്‍ നടത്തിയതാകുമോ എന്ന സംശയവും പൊലീസിന് മുന്നിലുണ്ടായിരുന്നു. സഫാനയുടെ മൊഴിക്ക് പിന്നാലെ അക്രമികള്‍ ഇതര സംസ്ഥാനക്കാരാണോയെന്നതിലേക്കായി പൊലീസിന്റെ അന്വേഷണം. എന്നാല്‍, അധികമൊന്നും അവര്‍ ആ തെറ്റായ വഴിക്ക് സഞ്ചരിച്ചില്ല.

സിനിമയില്‍ കാണുന്നതുപോലെ തന്നെ സിം കാര്‍ഡിന്റെ തുമ്പുപിടിച്ചാണ് യഥാര്‍ഥ കഥയിലും പൊലീസ് പ്രതികളിലേക്കെത്തുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഹാജിയുടെ വീടിന്റെ പരിസരത്തെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുപയോഗിച്ച സിം കാര്‍ഡിലേക്കെത്തുന്നത്. എന്നാല്‍, പൊലീസ് അവസാനം എത്തിച്ചേര്‍ന്നത് നിരപരാധിയായ ഒരു ആലപ്പുഴക്കാരനായ യുവാവിലേക്കാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കുവൈത്തിലേക്ക് വിസ ആവശ്യാര്‍ഥം നൗഷാദ് എന്ന ഒരാള്‍ക്ക് പാസ്‌പോര്‍ട്ടിന്റെ കോപ്പി നല്‍കിയെന്നറിഞ്ഞു. യുവാവിന്റെ അന്നത്തെ ആ വെളിപ്പെടുത്തല്‍ പ്രതികളിലേക്കുള്ള പൊലീസിന്റെ ദൂരം കുറക്കുകയായിരുന്നു. പിന്നീട് പയ്യന്നൂര്‍, തളിപ്പറമ്പ്, മംഗലാപുരം, തൃശൂര്‍ എന്നിവിടങ്ങളിലെ ദേശീയപാതകളിലെ ട്രാഫിക്ക് ക്യാമറാ ദൃശ്യങ്ങളും പൊലീസിനെ പ്രതികളിലേക്കെത്താന്‍ സഹായിച്ചു.


സിനിമയിലെ ശുഭപര്യവസാനം പോലെ കണ്ണൂര്‍ സ്‌ക്വാഡിന്റെ അന്വേഷണം പ്രതികളെ വെളിച്ചത്ത് കൊണ്ടുവന്നു. അന്വേഷണ വഴികളെക്കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: കൊല നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ വെള്ളാപ്പിലെത്തി കവര്‍ച്ച ആസൂത്രണം ചെയ്യുകയും കൃത്യം നടത്താനായി ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കൃത്യം നടക്കുന്ന സമയം പ്രതികളില്‍ നാല് പേര്‍ ഹാജിയുടെ വീടിന് മുന്നിലെത്തിയ മാരുതി എര്‍ട്ടികക്കുള്ളില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കി. ക്വട്ടേഷന്‍ സംഘത്തിലെ മറ്റു നാലുപേര്‍ കുറ്റകൃത്യം നടത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത് കൃത്യത്തിനിടെ പ്രതികള്‍ നടത്തിയ ഈ ഫോണ്‍ സംഭാഷണങ്ങളാണ്.

കാസര്‍കോഡ് നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ ബൈത്തുല്‍ ഫര്‍സാനയിലെ ഇ.കെ മുഹമ്മദ് നൗഷാദ്, കോട്ടപ്പുറം ഇടക്കാലില്‍ ഇ.കെ മുഹമ്മദ് റമീസ് എന്നിവരാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. നൗഷാദും റമീസും അബ്ദുല്‍ സലാം ഹാജിയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ്. ഇരുവരും ഏതാനും തവണ അബ്ദുല്‍ സലാം ഹാജിയുടെ വീട്ടില്‍ പല ചടങ്ങുകള്‍ക്കായും വന്നിരുന്നു. ഇത് അവര്‍ക്ക് ആ വീടിനെ കുറിച്ചുള്ള ശരിയായ രൂപം ലഭിക്കുന്നതിന് സഹായിച്ചു. നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയ ഇടവേളയിലാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. കുവൈത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശികളെ ഒപ്പം കൂട്ടിയാണ് പ്ലാന്‍ തയ്യാറാക്കുന്നത്. കവര്‍ച്ചക്ക് രണ്ടുദിവസം മുമ്പ് തൃശൂരിലെ സംഘത്തെ വെള്ളാപ്പില്‍ എത്തിക്കുകയും വീടും പരിസരവും പരിചയപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ ബുദ്ധിപരമായി നടത്തിയ മറ്റൊരു നീക്കമാണ് കവര്‍ച്ചക്കായി വാഹനം വാടകയ്‌ക്കെടുത്തത്. നീലേശ്വരത്ത് നിന്നാണ് ഈ കാര്‍ വാടകയ്ക്കെടുക്കുന്നത്.

കവര്‍ച്ച മുഖ്യലക്ഷ്യമാക്കിയാണ് സംഘം നീങ്ങിയതെന്ന് ആദ്യമേ ഉറപ്പിച്ച പൊലീസ് ഇത് എന്തിന് വേണ്ടിയാണെന്നാണ് പിന്നീട് അന്വേഷിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍ പണം കണ്ടെത്താനാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ക്വട്ടേഷനില്‍ പങ്കെടുത്തവര്‍ക്കും ദക്ഷിണാഫ്രിക്കയിലെ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി. തൃശൂരില്‍ നിന്നുള്ള അഷ്‌കര്‍, റിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഇവരെ പിടികൂടുന്നതിനുള്ള യാത്രയാണ് പൊലീസിന്റെ ഇന്ത്യ ടൂറായി സിനിമയുടെ സെക്കന്റ് ഹാഫില്‍ കാണിക്കുന്നത്. മുംബൈയിലാണ് പൊലീസ് ആദ്യം ഇവര്‍ക്കായി വല വിരിക്കുന്നത്. അവിടെ നിന്നും രക്ഷപ്പെട്ട പ്രതികള്‍ പൂനെയില്‍ എത്തിയതായി വിവരം ലഭിച്ചു. വിടാതെ തുടര്‍ന്ന പ്രതികള്‍ക്കായുള്ള യാത്ര ഒടുവില്‍ അലഹബാദിലാണ് അവസാനിച്ചത്. ഇവിടെ നിന്നാണ് അഷ്‌കറിനെയും റിയാസിനെയും ബേബി ജോര്‍ജും റാഫി അഹമ്മദും ജയരാജനും റെജി സ്‌കറിയയും വിനോദും ജോസും ചേര്‍ന്ന് പിടികൂടിയത്.

കണ്ണൂര്‍ സ്്ക്വാഡ് സിനിമ പുറത്തുവന്നതോടെ അബ്ദുല്‍ സലാം ഹാജി വധക്കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നു. കേസന്വേഷണത്തില്‍ വിജയം കണ്ട കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലും വിജയഗാഥ രചിക്കുകയാണ്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബിന്‍സി ദേവസ്യ

web journalist trainee

Similar News