സ്വകാര്യതയിലേക്ക് എത്തിനോക്കാമോ; വേണ്ടെന്ന് കോടതി

അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രസിദ്ധീകരിച്ച ചാനല്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്, ആശ്വാസം നല്‍കുന്നതോടൊപ്പം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും കൂടുതല്‍ ബലം നല്‍കുക കൂടിയാണ്.

Update: 2023-03-22 07:28 GMT

ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോള്‍ അതിന് പരിധി നിശ്ചയിക്കേണ്ടതില്ലേ? കഴിഞ്ഞ കുറച്ച് നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. ഓണ്‍ലൈന്‍ ചാനലുകളുടെ വരവോടുകൂടിയാണ് വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള എത്തിനോട്ടം കൂടിയതെന്ന് നിസ്സംശയം പറയാം. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഓണ്‍ലൈന്‍ ചാനല്‍ മേധാവികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇതിനോടകം നിയമക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ട്. എന്തും വാര്‍ത്തയാകുന്ന കാലത്ത് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന് പരിധി നിശ്ചയിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് കേരള ഹൈക്കോടതി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ശക്തമായ നിരീക്ഷണങ്ങളാണ് ഓണ്‍ലൈന്‍ ചാനലിലെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് നടത്തിയിരിക്കുന്നത്.


ആരോഗ്യമന്ത്രി വീണാ ജോര്‍ജെന്ന വ്യാജേന, തന്നെ വെച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ക്രൈം ചാനല്‍ എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് ശേഷം ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമനടപടികളുമായി യുവതി മുന്നോട്ട് പോയതോടെ അപകീര്‍ത്തികരമായ നിരവധി വീഡിയോകളാണ് യുവതിക്കെതിരെ ഭാരത് ലൈവ് ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയത്. ഇതിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രണ്ട് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നാണ് കോടതി നിരീക്ഷിച്ചത്.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യന് മറക്കാന്‍ പറ്റാത്ത വിധം ഇന്റര്‍നെറ്റ് വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ഓര്‍മയില്‍ വേണം. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തില്‍ മായാത്ത പാടായി നിലനില്‍ക്കും. ഇക്കാര്യം ഓര്‍ത്ത് വേണം വാര്‍ത്തകളുമായി മുന്നോട്ടുപോകേണ്ടതെന്നും ജസ്റ്റിസ് വി.ജി അരുണ്‍ വിധിന്യായത്തില്‍ പറയുന്നുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെക്കാള്‍, അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകള്‍ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ടെന്ന ശക്തമായ വിമര്‍ശനവും കോടതി നടത്തുന്നുണ്ട്.


വ്യക്തികള്‍ക്കോ മാധ്യമങ്ങള്‍ക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പോലും അവകാശമില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് തടയാന്‍ നിയമമില്ലെങ്കിലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ചിലരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രസിദ്ധീകരിച്ച ചാനല്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ് ആശ്വാസം നല്‍കുന്നതോടൊപ്പം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും കൂടുതല്‍ ബലം നല്‍കുക കൂടിയാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷംന അശോക്

Media Person

Similar News