കിഷ്‌കിന്ധാ കാണ്ഡം: ഇത് മലയാള സിനിമയില്‍ അപൂര്‍വമായിട്ടേ സംഭവിച്ചിട്ടുള്ളൂ!
കുറ്റം/കുറ്റവാളിത്തം/സമൂഹം/വ്യക്തി എന്നിവയിലേക്കൊക്കെ ഉള്ള ആഴത്തിലുള്ള പല വായനകള്‍ക്കും സാധ്യതയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഒരു സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം.
കുറ്റം എന്ന മാനുഷികമായ പ്രതിസന്ധി ലോക സിനിമ പലതരത്തില്‍, അല്ലെങ്കില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത തരത്തില്‍ ട്രീറ്റ് ചെയ്തിട്ടുണ്ട്. അത് ഹിച്ച്‌കോക് സിനിമകള്‍ ആയാലും ഷെര്‍ലോക് ഹോംസ് ആയാലും മെമ്മറീസ് ഓഫ് മര്‍ഡര്‍, ഓള്‍ഡ് ബോയ്, ദി ഇന്‍വിസിബിള്‍ ഗസ്റ്റ് മുതല്‍ ഇങ്ങ് നമ്മുടെ സിബിഐ ഡയറിക്കുറിപ്പായാലും കുറ്റങ്ങളെ ഒരു കണക്കിന് ആയിരക്കണക്കിന് പേര്‍സ്‌പെക്ടീവുകളിലൂടെ ലോക സിനിമകള്‍ ചുഴറ്റിക്കളിച്ചിട്ടുണ്ട്. ഒരു മോറലിസ്റ്റിക് സമൂഹം എന്നും സിനിമയിലൂടെ ആരാണ് കുറ്റവാളി എന്നു ചികഞ്ഞിട്ടുമുണ്ട്. അത്തരം സമൂഹങ്ങള്‍ക്കു 'ഇതാ ഇവനാണ്/ഇവളാണ് കുറ്റവാളി' എന്ന രീതിയില്‍ മനുഷ്യരെ എറിഞ്ഞു കൊടുത്തു ഒരു ഏയ്‌സ്തറ്റിക് ആയ പ്ലഷര്‍ കൊടുത്തിട്ടുമുണ്ട്. കുറ്റവാളികളെ വെളിവാക്കുന്ന മിസ്റ്ററി ത്രില്ലറുകള്‍ ക്രൈം സിനിമകളുടെ ഒരു ജോണര്‍ കൂടി ആണ്. പക്ഷേ, കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയില്‍ ആര് കുറ്റം ചെയ്തു എന്ന ഒരു പഴയ ചോദ്യത്തെ എടുത്തു ദൂരെ കളഞ്ഞു അവിടെ നിന്നും എലവേറ്റ് ചെയ്തു ക്രൈം എന്ന ഒരു ഡീഡിനെ അത്യന്തം വ്യത്യസ്തമായി മലയാള സിനിമയില്‍ പ്ലേസ് ചെയ്യുക എന്ന അതിഗംഭീരമായ പ്രൊസസിങ് ആണ് നടന്നത്. അത് പല തരത്തിലും ഡീ കന്‍സ്ട്രക്റ്റ് ചെയ്തു എടുക്കാവുന്ന ക്രൈം എന്ന പ്രതിസന്ധിയുടെ വ്യത്യസ്തമായ പ്ലേസ്‌മെന്റ് കൂടി ആണ്. ഇത് മലയാള സിനിമയില്‍ വളരെ അപൂര്‍വമായിട്ട് മാത്രമേ സംഭവിച്ചിട്ടുള്ളൂ. അത്രക്കു ഫിലോസഫിക്കല്‍ ആയി കുറ്റം/കുറ്റവാളിത്തം എന്നിവയെ ട്രീറ്റ് ചെയ്യുന്നതിലൂടെ ഈ സിനിമ അതിന്റെ കണ്ടന്റ്‌കൊണ്ട് ഒരു അന്താരാഷ്ട്ര നിലവാരം പോലും നേടിയെടുക്കുന്നുണ്ട്.
സ്വന്തം ജീവിതത്തില്‍ കുറ്റവാളിത്തം അന്വേഷിക്കുക എന്നത് ഒരു പക്ഷേ അങ്ങേ അറ്റം നരകതുല്യമായ അവസ്ഥ ആയിരിക്കാം. കുറ്റവാളിത്തത്തിന് ശേഷമുള്ള ഊര് വിലക്കുകള്‍, ഒറ്റപ്പെടലുകള്‍, തിരിച്ചു വരവുകള്‍ ഇവയൊക്കെ അതിലും ഭീകരമായ പ്രോസസിങ്ങുകളും ആയിരിക്കാം. അതിനു മനുഷ്യര്‍, ജയില്‍, മാനസാന്തരം, ഭ്രാന്ത്, ഏകാന്തത, ഡിപ്രഷന്‍ അങ്ങനെ ആയിരക്കണക്കിന് വ്യത്യസ്തമായ ഓപ്പറേഷന്‍ മോഡുകളെ തേടി പോവുകയും ചെയ്യുമായിരിക്കാം. കുറ്റം നടന്നുവോ? കുറ്റം നടത്തിയത് അവനവനാണോ? എന്നത് ഈ സിനിമയിലെ ഏറ്റവും മീസ്റ്റീരിയസ് ആയ ഒരു ചോദ്യം കൂടി ആണ്. ആരാണ് കുറ്റവാളി എന്ന സ്ഥിരം ചോദ്യത്തില്‍ നിന്നു വ്യത്യാസപ്പെട്ട് കൊണ്ടാണ് ഈ സിനിമയില്‍ രണ്ടു മണിക്കൂര്‍ നീളുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. ഒരു പക്ഷേ നമ്മളെ കാണി ആയി സീറ്റ് എഡ്ജില്‍ ഇരുത്തുന്നത് കുറ്റം എന്ന സംഗതിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് കൂടി ആണ്. ഒരു ക്രിമിനല്‍ ആയി കൊണ്ട് ഒരു മൊറാലിസ്റ്റിക് സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന അതീവ ഭീകരതയുടെ അണ്ടര്‍ ലെയറും ഈ സിനിമ പറയാതെ പറയുന്നുണ്ട്.
ആരാണ് കുറ്റവാളി എന്ന സ്ഥിരം ചോദ്യത്തില്‍ നിന്നു വ്യത്യാസപ്പെട്ട് കൊണ്ടാണ് ഈ സിനിമയില്‍ രണ്ടു മണിക്കൂര്‍ നീളുന്ന സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. ഒരു പക്ഷേ നമ്മളെ കാണി ആയി സീറ്റ് എഡ്ജില്‍ ഇരുത്തുന്നത് കുറ്റം എന്ന സംഗതിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് കൂടി ആണ്. ഒരു ക്രിമിനല്‍ ആയി കൊണ്ട് ഒരു മൊറാലിസ്റ്റിക് സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന അതീവ ഭീകരതയുടെ അണ്ടര്‍ ലെയറും ഈ സിനിമ പറയാതെ പറയുന്നുണ്ട്.
നിയമം, തെളിവുകള്‍, അന്വേഷണങ്ങള്‍, കോടതി എന്നിവയുമായി സംഘര്‍ഷപ്പെട്ട് ചേരുംപടി ചേര്‍ത്ത് കൊണ്ടുള്ള കള്ളനും പൊലീസും കളിയും എടുത്തു ദൂരെ എറിഞ്ഞു, ഇതിലെ കഥാപാത്രങ്ങള്‍ അനുഭവിച്ചെടുക്കുന്ന സംഘര്‍ഷങ്ങള്‍ വല്ലാത്ത ഉള്‍ക്കിടിലം ഉണ്ടാക്കുന്ന ഒരു ആഴം കാണിയിലേക്ക് ഫീല്‍ ചെയ്യിക്കും. താന്‍ കുറ്റം ചെയ്തുവോ? അത് ചെയ്‌തെങ്കില്‍ എങ്ങനെ? അത് ചെയ്തില്ലെങ്കില്‍ താന്‍ എന്തിനാണ് ഇത് അന്വേഷിക്കുന്നത്? അന്വേഷണങ്ങളുടെ റെക്കോര്‍ഡിങ് സൃഷ്ടിക്കേണ്ടത് തന്റെ തന്നെ പരിമിതി ആകുന്നതെങ്ങനെ? തന്റെ തന്നെ ഭ്രാന്തവും ഡിസേബിള്‍ഡും ആയ ഒരു അവസ്ഥ ഈ കുറ്റവാളിത്തവും ആയി ചേര്‍ന്ന് പോകുന്നതെങ്ങനെ എന്നൊക്കെ ഈ സിനിമ പറയാതെ പറയുമ്പോള്‍ സിനിമയുടെ ലെയര്‍ തന്നെ മാറുകയാണ്.
ചരിത്രപരമായി അപര സമൂഹങ്ങളോട് അങ്ങോട്ടും ഇങ്ങോട്ടും പലതരത്തിലും ഉപദ്രവിക്കുകയും അധീശത്തം നടത്തുകയും രാഷ്ട്രീയമായ അതിക്രമം കാട്ടുകയും ചെയ്ത പലതരം സമൂഹങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. അത്തരം സമൂഹങ്ങളെ പല തരത്തിലും പിന്നീട് ആ സമൂഹങ്ങള്‍ സ്വയം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സാമൂഹങ്ങള്‍ ഈ സിനിമ പറയുന്നതുപോലുള്ള തങ്ങള്‍ കുറ്റം ചെയ്തിട്ടുണ്ടോ? തങ്ങള്‍ ചെയ്ത കുറ്റം എന്താണ്? അതിനെ മറികടക്കാന്‍ തങ്ങള്‍ എന്താണ് ചെയ്തത്? അതു നമ്മള്‍ക്കു എന്തേ മനസ്സിലാകാത്തത്? ഒന്നും പറ്റില്ലെങ്കില്‍ മറന്നു കളയുന്നതല്ലേ നല്ലത്? എന്ന രീതിയിലൂടെ ഉള്ള കളക്ടീവ് ആയ ചിന്തകളിലേക്കും പ്രതിസന്ധികളിലേക്കും പോയിരിക്കാം. തിരുട്ട് ഗ്രാമങ്ങള്‍ കുറ്റവാളി സമൂഹങ്ങള്‍ ആകുമ്പോള്‍ കീഴാളരെ കഴുവേറ്റുന്ന ഫ്യൂഡല്‍ സമൂഹങ്ങള്‍ അത് ക്രൈം ആണെന്ന, അവര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന ചിന്തകളിലേക്ക് ഉയിര്‍ക്കുന്നത് ചരിത്രത്തിന്റെ വൈകിയ നാള്‍ വഴികളിലാണ്. ചില സമൂഹങ്ങളുടെ അപര ആക്രമണങ്ങളുടെ ഓര്‍മകളെ ആ സമൂഹങ്ങള്‍ തന്നെ മനസ്സിലാക്കാത്തതും അവര്‍ മറക്കാന്‍ ശ്രമിക്കുന്നതും എല്ലാം ഈ സിനിമയിലെ ക്രൈമിന്റെ വഴികളിലൂടെ ചേര്‍ത്ത് വെച്ചു ചിന്തിക്കാവുന്നതാണ് എന്നു തോന്നുന്നു; അതൊരു ഡിസ്റ്റന്റ് റിലേഷന്‍ മാത്രമാണെങ്കില്‍ പോലും.
കാടും കാടിന് നടുക്കുള്ള വീടും മരത്തിലെ റേഡിയോയും തോക്കും കുരങ്ങന്‍മാരും എല്ലാം ചേര്‍ന്ന മനുഷ്യന്‍മാര്‍ മാത്രം അല്ലാത്ത ഒരു ആവാസ വ്യവസ്ഥയില്‍ ഈ സിനിമ പ്ലേസ് ചെയ്തിരിയ്ക്കുന്നത് കണ്ടിരിക്കാന്‍ തന്നെ രസമുണ്ട്. തൊഴിലാളികളും ഫ്യൂഡല്‍ ജീവിതവും മരം വലിക്കലും അവിടെ ഓരോരുത്തരുടെ പ്രൈവറ്റ് സ്‌പേസും എല്ലാം ചേര്‍ന്ന മലയാള സിനിമ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള വേറിട്ട ഒരു ജ്യോഗ്രഫിക് സ്‌പേസില്‍ ഈ സിനിമ ദൃശ്യവത്കരിച്ചിരിക്കുന്നത് കാഴ്ചയ്ക്ക് ഒരു സുഖവും നല്‍കുന്നുണ്ട്. ഈ ഒരു ജ്യോഗ്രഫിക് സ്‌പേസില്‍ നക്‌സല്‍ ജീവിതങ്ങളുടെ റെഫറന്‍സ് വരുമ്പോള്‍ അതും ഒരു നിഗൂഢമായ ഓറ സൃഷ്ടിക്കുന്നതും ഈ സിനിമയുടെ ഒരു പോക്കില്‍ കാണാന്‍ പറ്റും. പലപ്പോഴും പൊതു സമൂഹത്തിന് നക്‌സലിസം എന്നത് ഒരു നിഗൂഢമായ സ്‌പേസ് കൂടെ ആണല്ലോ. ഒരു ആവാസ വ്യവസ്ഥയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു തോക്ക് സറണ്ടര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്നെ ആണ് ഈ സിനിമ തുടങ്ങുന്നത്. നേരത്തെ പറഞ്ഞ ആവാസ വ്യവസ്ഥയ്ക്കും പുറമേ പൊലീസ് സ്റ്റേഷന്‍,പട്ടാളം, നക്‌സലിസം, ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലൂടെ ഉള്ള എന്‍ഗെജ്‌മെന്റുകളിലൂടെ വിവിധതരം വായനകള്‍ക്കുള്ള സാധ്യതകള്‍ തുറന്നിട്ട് കൊണ്ട് കൂടി ആണ് ഈ സിനിമ വികസിക്കുന്നത്.
ഒരു ക്രൈം, ക്രൈമിനെ കുറിച്ചുള്ള ചിന്തകള്‍, ക്രൈമിനെ കുറിച്ച് സമൂഹം നിര്‍മിക്കുന്ന ഡെഫനിഷനുകള്‍, ക്രൈമിന് സമൂഹവും, നിയമവും സ്വയമായും നിര്‍മിക്കുന്ന ശിക്ഷകള്‍; ഇവയെ ഓര്‍മകളും ആയി ചേര്‍ത്തു വെച്ചുള്ള ഒരു താഴെ തീചൂളയുള്ള ഒരു നൂല്‍പാലത്തിലൂടെ പോകുന്ന ഞാണിന്‍മേല്‍ കളിയാണ് ഒരു പക്ഷേ ഈ സിനിമയെ ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മനുഷ്യന്റെ സൈക്കോസിസിന്റെ ആഴങ്ങളിലേക്ക് പോവുക മാത്രമല്ല, പല ടെക്‌നിക്കുകളിലൂടെയും മനുഷ്യര്‍ രക്ഷപ്പെടാന്‍ ഉള്ള അതി തീവ്രമായ ശ്രമം നടത്തുന്നതാണ് ഈ സിനിമ കാണികളുടെ കൂടെ ഇറങ്ങി ചെല്ലാനുള്ള ഒരു കാരണമായിട്ട് തോന്നുന്നത്. അത് വിജയരാഘവന്റെയും ആസിഫ് അലിയുടെയും കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളില്‍ ദൃശ്യതയിലും അദൃശ്യതയിലും പുറത്തു വരുന്നുണ്ട്. ഫോട്ടോ ഗ്രാഫുകളിലൂടെ ബില്ലുകളിലൂടെ കുറിപ്പുകളിലൂടെ ഓര്‍മകളിലൂടെ മനുഷ്യര്‍ ജീവിതത്തെ കുടഞ്ഞു കളയുകയോ ചേര്‍ത്ത് പിടിക്കുകയോ ചെയ്യുന്നുണ്ട്. അപര്‍ണയുടെ കഥാപാത്രം ഈ ഓര്‍മകളുടെ ഒരു തീരത്ത് കൂടെ സഞ്ചരിച്ചു വേറൊരു ജീവിതം ഉയിര്‍ക്കാനുള്ള യുദ്ധവും നടത്തുന്നുണ്ട്. ഓര്‍മകളിലൂടെ യുദ്ധ സമാനമായ ഒറ്റപ്പാച്ചില്‍ കൂടി ആണ് ഈ സിനിമയിലെ ജീവിതങ്ങളുടേത്.
ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍ എന്നീ മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്‌ക്രീനില്‍ കാണുന്നതിനെക്കാള്‍ അധികം ഫീല്‍ ചെയ്യുന്ന അനേകം ആഴങ്ങളുള്ള ലെയറുകളിലൂടെ ആണ് അവര്‍ ജീവിക്കുന്നത്. ഈ സിനിമയെ ട്രിഗര്‍ ചെയ്യുന്നതില്‍ അത്രക്ക് സട്ടില്‍ ആയി അപര്‍ണ്ണയുടെ കഥാപാത്രത്തിന്റെ എഫര്‍ട്ട് വളരെ വലുതാണ്. വിജയരാഘവന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കണം ഈ സിനിമയിലേത്. ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട ആസിഫിന്റെ കഥാപാത്രവും വളരെയധികം ആഴമുള്ളതാണ്. ഒരു കള്ളനും പൊലീസും കളിക്ക് പുറമേ കുറ്റം/കുറ്റവാളിത്തം/സമൂഹം/വ്യക്തി എന്നിവയിലേക്കൊക്കെ ഉള്ള ആഴത്തിലുള്ള പല വായനകള്‍ക്കും സാധ്യതയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഒരു സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഓണത്തിന് ഇറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ മിത്തുകളെ വെച്ചു അന്യായ കളി കളിച്ചു പൊളിക്കുമ്പോള്‍ കിഷ്‌കിന്ധാ കാണ്ഡം സോഷ്യോ ഇന്‍ഡീജ്വല്‍ സൈക്കിയുടെ വിവിധ ലെയറുകളിലൂടെ പോകുന്നഅന്യായപടമാണ്.