കോടിയേരിയുടെ മൂന്നാമൂഴം

സി.പി.എം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാന്‍ കോടിയേരി ബാലകൃഷ്ണനുള്ള യോഗ്യതയെന്താണ്?

Update: 2022-09-21 13:35 GMT
Click the Play button to listen to article

സി.പി.എം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാന്‍ കോടിയേരി ബാലകൃഷ്ണനുള്ള യോഗ്യതയെന്താണ്? സി.പി.എമ്മിനെ സംബന്ധിച്ച് ഇതിന് പല ഉത്തരങ്ങളുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാറിനെയും തമ്മില്‍ കൂട്ടിയിണക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പാലം. സി.പി.എമ്മിലെ ഏറ്റവും ജനപ്രിയതയുള്ള നേതാവ്, പൊതു സമൂഹത്തോട് ഏറ്റവും മനോഹരമായി പെരുമാറുന്ന നേതാവ്. ചരിത്രപരമായ തുടര്‍ഭരണം ലഭിച്ച സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഈ വ്യക്തിപരമായ ഗുണങ്ങളെല്ലാം സി.പി.എമ്മിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് സി.പി.എം സംസ്ഥാനം ഭരിച്ച 2006-11 കാലത്ത് വിഎസ് സര്‍ക്കാറിലെ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാരുകളെ പരിശോധിക്കുമ്പോള്‍ ഒന്നാമതോ രണ്ടാമതോ റാങ്ക് ചെയ്യാന്‍ പറ്റുമായിരുന്ന ഒരു സര്‍ക്കാറായിരുന്നു അത്. ഇക്കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ രാജ്യത്ത് നിലനിന്ന സാമ്പത്തിക സുസ്ഥിതി, ഇടത് സര്‍ക്കാറുകള്‍ പൊതുവെ പിന്തുടരുന്ന ജനകീയ നിലപാടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ഊന്നല്‍, കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭ അങ്ങനെ പലതു കൊണ്ടും സവിശേഷമായ നേട്ടങ്ങള്‍ ആ സര്‍ക്കാര്‍ കൈവരിച്ചിരുന്നു. എന്നാല്‍, ആ സര്‍ക്കാരിന്റെ കാലത്തെ ആഭ്യന്തര വകുപ്പ് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

രാജ്യത്ത് തീവ്രവാദക്കേസുകള്‍ വ്യാപകമായ സാഹചര്യം. കേരളത്തിലും സമാനസ്വഭാവമുള്ള ധാരാളം കേസുകള്‍ ഉയര്‍ന്നുവന്നു. പാനായിക്കുളം, വാഗമണ്‍ ക്യാംപുകള്‍, കോഴിക്കോട് ഇരട്ട സ്ഫോടനം തുടങ്ങിയ കേസുകള്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തായിരുന്നു. കെട്ടിച്ചമക്കപ്പെട്ട കേസുകള്‍, യുഎപിഎ ചുമത്തുന്നതിലെ ആധിക്യം എന്നിവയൊക്കെ അന്ന് വിമര്‍ശന വിധേയമായി. ബീമാ പള്ളി വെടിവെയ്പ് കേസ് പൊലീസിന് മേല്‍ വലിയ കളങ്കമായി മാറി. വര്‍ക്കലയില്‍ ഗൃഹനാഥനെ പ്രഭാതസവാരിക്കിടെയില്‍ വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ഡി.എച്ച്.ആർ.എം വേട്ട, മൂലമ്പിള്ളിയിലും ചെങ്ങറയിലും പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടി തുടങ്ങിയ സംഭവങ്ങളും ഉണ്ടായി. പൊലീസ് അതിക്രിയകളെ കുറിച്ച് വലിയ ആക്ഷേപങ്ങളുണ്ടായപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന ആഭ്യന്തരമന്ത്രിയെ കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചില്ല. ഈ വീഴ്ചകളൊക്കെ ഇടത് സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി തന്നെയാണ് എതിരാളികള്‍ കണ്ടത്. പൊലീസ് സേനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ആധുനീകരണത്തിന് തുടക്കം കുറിച്ച കോടിയേരി ബാലകൃഷ്ണന് പൊലീസ് സേനയില്‍ നിയന്ത്രണമില്ലെന്ന ആക്ഷേപം അന്നുയരാന്‍ അവസരം നല്‍കിയില്ല. ആദ്യത്തെ രണ്ട് വര്‍ഷം ഡി.ജി.പിയായിരുന്നത് രമണ്‍ ശ്രീവാസ്തവയും പിന്നീട് ജേക്കബ് പുന്നൂസുമായിരുന്നു.




 

അന്നത്തെ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ വലിയ ഭിന്നതകളുണ്ടായിരുന്നു. വി.എസ്-പിണറായി ഭിന്നതയായിരുന്നു അതിന് കാരണം. പിണറായി വിജയന്റെ വലംകയ്യായിരിക്കുമ്പോഴും വി.എസ് അച്യുതാനന്ദനെന്ന മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി പോലും വിമര്‍ശമുന്നയിച്ചിരുന്നില്ല കോടിയേരി. ചെറുബാല്യക്കാര്‍ പോലും വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച കാലമായിരുന്നു അതെന്നോര്‍ക്കണം.

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്ന് കരുതപ്പെട്ട 2016 നിയമസഭാ തെരഞ്ഞെടുപ്പിന് തലേ വര്‍ഷം നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണണന്‍ സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയില്ലാത്ത അഞ്ചു വര്‍ഷമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടം. എന്നാല്‍, പിണറായി വിജയനെ നിയന്ത്രിക്കാനോ തിരുത്താനോ അശക്തനാണ് കോടിയേരി എന്ന വിമര്‍ശവും ഉണ്ട്. പിണറായി വിജയന്‍ കേരള പാര്‍ട്ടിയില്‍ മാത്രമല്ല, ഇന്ത്യയിലെ സി.പി.എമ്മില്‍ തന്നെ ഏറ്റവും കരുത്തനായി മാറിയ സാഹചര്യത്തില്‍ കോടിയേരിക്ക് അതല്ലാതെ വേറെ മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍, കോടിയേരിക്ക് പിണറായിയോടുള്ള അടുപ്പത്തിന് വ്യക്തിപരമായ പല കാരണങ്ങളുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ തലശേരിക്കടുത്ത് കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 13നാണ് കോടിയേരിയുടെ ജനനം. നാലു സഹോദരിമാരുടെ ഇളയ അനുജനായി. ആറ് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യുടെ പ്രാഗ് രൂപമായ കെ.എസ്.എഫിന്റെ യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവേശം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആര്‍.എസ്.എസുകാരുടെ കായികമായ ആക്രമണം നേരിട്ടു. കോടിയേരിയുള്‍പ്പടെയുള്ള കെ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരായ തിരിച്ചടിയാണ് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. ഈ കൊലപാതകത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ പ്രതിചേര്‍ക്കപ്പെട്ടില്ല.




 

മാഹി എം.ജി കോളജിലായിരുന്നു കോടിയേരി പ്രീഡിഗ്രിക്ക് പഠിച്ചത്. അവിടെ കെ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയന്‍ ചെയര്‍മാനുമായി. തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബിരുദവും നേടി. എസ്.എഫ്.ഐ രൂപീകരിച്ചപ്പോള്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. അടിയന്തിരാവസ്ഥാ കാലത്ത് മിസ പ്രകാരം അറസ്റ്റിലായ കോടിയേരി ഒന്നരക്കൊല്ലം കാരാഗൃഹത്തിലായി. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പിണറായി വിജയനുമുണ്ടായിരുന്നു. ക്രൂരമായ മര്‍ദനത്തിനിരയായ പിണറായിയെ ജയിലില്‍ ശുശ്രൂഷിക്കാനുള്ള ചുമതല കോടിയേരിക്കായിരുന്നു. ആ ജയില്‍വാസക്കാലം ഊട്ടിയുറപ്പിച്ച ബന്ധമാണ് പിന്നീട് പിണറായിയുടെ വലംകയ്യാക്കി കോടിയേരിയെ മാറ്റിയത്.

വെറും 36 വയസുള്ളപ്പോള്‍ സി.പി.എമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ ജില്ലാ സെക്രട്ടറിയായി. അതിന് മുമ്പോ ശേഷമോ സി.പി.എമ്മിന് ആ പ്രായത്തിലുള്ള ഒരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. അമ്പത്തിനാല് വയസുള്ളപ്പോഴാണ് പൊളിറ്റ് ബ്യൂറോയില്ലെത്തിയത്. 1982ല്‍ ആദ്യമായി നിയമസസഭയിലെത്തി. 87, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2015ലും 18ലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 2020ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചു.


സി.പി.എം നേതാക്കളെ കുറിച്ചുള്ള പൊതുധാരണ അവര്‍ വളരെ കാര്‍ക്കശ്യക്കാരും പരുഷ പ്രകൃതിയുളളവരുമാണെന്നാണ്. നായനാരെ പോലെ ആ ധാരണ തകര്‍ത്തവരുമുണ്ട്. ആ കൂട്ടത്തിലാണ് കോടിയേരിയെ അടയാളപ്പെടുത്താന്‍ കഴിയുക. ആര്‍ദ്രതയോടെയുള്ള പെരുമാറ്റം, എതിര്‍ സ്വരങ്ങളോടുള്ള സഹിഷ്ണുത, ആരെയും കേള്‍ക്കാനുള്ള സന്നദ്ധത എന്നീ ഗുണങ്ങള്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹത്തിന് സഹായകരമായിട്ടുണ്ട്.




 

എന്നാല്‍, ഇതേ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായും വിലയിരുത്തുന്നവരുണ്ട്. രണ്ട് മക്കള്‍ നിരന്തരമുണ്ടാക്കിയ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്നതിന് അച്ഛനായ അദ്ദേഹം ഉത്തരവാദിയല്ലെങ്കിലും ആ ചെയ്തികള്‍ തന്നെയും പാര്‍ട്ടിയെയും ബാധിക്കാതിരിക്കാനുള്ള ജാഗ്രത കോടിയേരിയില്‍ നിന്നുണ്ടായില്ല എന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലുമുണ്ട്. എങ്കിലും, കോടിയേരി ബാലകൃഷ്ണണന്‍ വ്യക്തിപരമായി പുലര്‍ത്തുന്ന ജനാധിപത്യ സമീപനത്തിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയരേഖ പാര്‍ട്ടി സമ്മേളനത്തില്‍ പിണറായി തന്നെയാണ് അവതരിപ്പിച്ചത്. ഈ നയരേഖക്ക് പാര്‍ട്ടി പിന്തുണ ഉറപ്പാക്കേണ്ടത് കോടിയേരിയാണെങ്കിലും അത് വലിയ പ്രയത്‌നമുള്ള ഒന്നായിരിക്കില്ല കോടിയേരിക്ക്. എന്നാല്‍, കേരളത്തിലെ ഏറ്റവും ജനകീയമായ രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ പാര്‍ട്ടിക്കകത്തുണ്ടാകുന്ന പ്രശ്‌നനങ്ങളാകും കോടിയേരിക്ക് മുന്നിലെ വെല്ലുവിളി. സമ്മേളനത്തിനിടെ, സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ചിരിച്ച് കൊണ്ട് നല്‍കിയ മറുപടി ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്. സ്ത്രീകളോട് പാര്‍ട്ടിക്കകത്ത് വിവേചനമുണ്ടെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ സമ്മേളന കാലത്തെ വിമര്‍ശവും സ്ത്രീ പീഡന പരാതിയില്‍ പുറത്താക്കപ്പെട്ട പി. ശശി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെത്തിയതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇത്തരം വിമര്‍ശങ്ങള്‍ ഇനിയുമുയരാന്‍ സാധ്യതയുണ്ട്. കോടിയേരിയുടെ നിലപാടുകള്‍ ഈ വിഷയങ്ങളില്‍ അദ്ദേഹത്തിന് തന്നെ വിനയാവാനുള്ള സാധ്യതകളുമുണ്ട്.

ചുരുക്കം ചില സന്ദര്‍ഭങ്ങളിലെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ തിരുത്തുന്ന സമീപനങ്ങളും കോടിയേരിയില്‍ നിന്നുണ്ടായിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളിലുള്ള അതൃപ്തി പലപ്പോഴും കോടിയേരി തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായിരിക്കെ പോലും ആ ഇടപെടല്‍ അദ്ദേഹതത്തില്‍ നിന്നുണ്ടായി. പാര്‍ട്ടി അണികളുടെ വികാരം തുറന്നു പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തന്നെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ശക്തനായ ഒരു പാര്‍ട്ടി സെക്രട്ടറിയായി തന്നെ തുടരും.കോടിയേരിയുടെ മൂന്നാമൂഴം

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - എസ്.എ അജിംസ്

contributor

Similar News