തിരിഞ്ഞു നോക്കുന്ന സുരേഷ്

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്ത കുറെ കാലങ്ങളായി ഒരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സമയമാണ് ഇത്. രാജ്യം മുഴുവന്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഭാരത് ജോഡോ യാത്ര, ഉള്‍പാര്‍ട്ടി ജനാധിപത്യം തിരിച്ചു കൊണ്ട് വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പ്, ഇതെല്ലാം കൊണ്ട് അതീവ ഉത്സാഹത്തിലുള്ള അണികള്‍ എന്നിങ്ങനെ ഒരു വലിയ ഉണര്‍വിന്റെ തിരയില്‍ കയറി മുന്നേറുന്ന നാളുകളിലൂടെയാണ് കോണ്‍ഗ്രസ്സ് കടന്നു പോകുന്നത്. ഈ സുന്ദര ദിനങ്ങളുടെ ശോഭ കെടുത്തുന്ന പ്രസ്താവനകളെ പാര്‍ട്ടി ശക്തമായി തള്ളണം, അത് നടത്തുന്നവരെയും.

Update: 2022-10-20 04:57 GMT

കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെ വിജയിച്ചതായി പ്രഖ്യാപിച്ച ഉടന്‍ തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ശശി തരൂര്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു അനുമോദിച്ചു. കൂട്ടത്തില്‍ തരൂരിന് പിന്തുണ നല്‍കിയ എം.പിമാരും ഉണ്ടായിരിന്നു. ഇത് കൂടാതെ രണ്ട് പേജ് പ്രസ്താവനയും അദ്ദേഹം പുറത്തിറക്കി. അതിലും അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനും സീനിയര്‍ നേതാവുമായ ഖാര്‍ഗെക്ക് എല്ലാ വിധ പിന്തുണയും, ആശംസകളും അറിയിച്ചു. ഒരു മാന്യനായ രാഷ്ട്രീയക്കാരനെ മാത്രമല്ല ഇതൊക്കെ നമുക്ക് കാണിച്ചു തന്നത്, ഒരു ജന്റില്‍മാന്‍ കളിക്കാരനെ കൂടിയാണ്.

കൂടാതെ, ഇത്തരം ഒരു തെരഞ്ഞെടുപ്പിന് കളമൊരുക്കിയതിനു മുന്‍ പ്രസിഡണ്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ഈ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചത് കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് രാജ്യത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കും എന്നും തറപ്പിച്ചു പറഞ്ഞു.


തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പാര്‍ട്ടി വിട്ടു പോകുമെന്നു എതിര്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞു നടന്നത് ഈ മനുഷ്യനെക്കുറിച്ചാണ്. കോണ്‍ഗ്രസ്സില്‍ തരൂരിന് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും, അതിനുള്ള സ്വാതന്ത്ര്യം അവിടില്ലെന്നും അവര്‍ പറഞ്ഞു എന്നോര്‍ക്കണം. ഇത്രയും മികച്ച ഒരു പൊതുപ്രവര്‍ത്തകനെ കിട്ടാത്തതിന്റെ മോഹഭംഗം കൊണ്ടാണ് അവര്‍ ഇതൊക്കെ പറയുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പക്ഷെ, അത്ഭുതപ്പെടുത്തിയില്ലെങ്കിലും, പൊതുസമൂഹത്തിന് ഈ അവസരത്തില്‍ പുച്ഛം തോന്നിയ ചില പ്രസ്താവനകള്‍ വന്നത് തരൂരിന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്. അതും കേരളത്തിലെ ചില നേതാക്കളില്‍ നിന്ന് എന്നത് ആ പാര്‍ട്ടിയുടെ സങ്കട സ്ഥിതിയെ വീണ്ടും വീണ്ടും ചൂണ്ടി കാണിക്കുന്നു. ഇന്ത്യയില്‍ തന്നെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ പറ്റാത്ത തരത്തിലുള്ള ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്തിയ സന്തോഷത്തിലായിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും ഇത് ഒരു കല്ലുകടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.


അതില്‍ ഏറ്റവും അവജ്ഞ നിറഞ്ഞ പ്രസ്താവന നടത്തിയത് കേരളത്തിലെ പല കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമാരില്‍ ഒരാളായ കൊടിക്കുന്നില്‍ സുരേഷാണ്. 9000 വോട്ട് ചെയ്തപ്പോള്‍ തരൂരിന് ആകെ കിട്ടിയത് വെറും 1000 വോട്ടാണ്, അത് അത്ര വലിയ കാര്യമല്ല എന്നാണ് കൊടിക്കുന്നില്‍ പരിഹസിച്ചത്. അതെ, അത് കൊണ്ടാണല്ലോ തരൂര്‍ തോല്‍വി സമ്മതിച്ചത്. സുനില്‍ പി. ഇളയിടം ഒരു പ്രഭാഷണത്തില്‍ ഗാന്ധിജിയുടെ ഒരു വാചകം ഓര്‍മിപ്പിക്കുകയുണ്ടായി, കൂടെ ഓടാന്‍ ആളുണ്ടായിരുന്നത് കൊണ്ടാണ് മത്സരത്തില്‍ നിങ്ങള്‍ ഒന്നാമനായത് എന്നാണ് അത്.

ഇനി തരൂരിന് പകരം കൊടിക്കുന്നില്‍ ആയിരിന്നു നിന്നിരുന്നതെങ്കില്‍, ജയിക്കുമായിരിന്നോ? ഇന്ത്യയിലെ കോണ്‍ഗ്രെസ്സുകാരില്‍ തന്നെ എത്രപേര്‍ക്ക് കൊടിക്കുന്നിലിനെ അറിയാം? 1000 തികച്ചു കിട്ടുമായിരുന്നോ? പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതൊക്കെ. കേരളത്തിലെ കോണ്‍ഗ്രസ്സ് തര്‍ക്കങ്ങളില്‍ എല്ലാക്കാലത്തും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കൊടിക്കുന്നില്‍ സുരേഷിന്റേത്. എന്നാല്‍, പാര്‍ലമെന്റില്‍ ഒരു കോണ്‍ഗ്രസ്സ് എം.പി എന്ന നിലയില്‍ ഒരിക്കലും ശോഭിച്ചിട്ടുമില്ല എന്ന് മാത്രമല്ല, ഭരണ പക്ഷത്തിന്റെ വാക്ശരങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ട ഒരു പ്രതിപക്ഷ എം.പി കൂടിയാണ് കൊടിക്കുന്നില്‍. അത്തരം ഒരു നേതാവാണ് തരൂരിനെ തള്ളിപ്പറഞ്ഞു കൊണ്ട് വന്നിരിക്കുന്നത്. അധികാരം എവിടെയുണ്ടോ, അവിടെ എന്ത് സര്‍ക്കസ് കാണിച്ചും വലിഞ്ഞു കയറുന്ന ഒരാളുടെ ചെയ്തികളായാണ് ജനങ്ങള്‍ ഇതൊക്കെ കാണുക.


കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്ത കുറെ കാലങ്ങളായി ഒരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സമയമാണ് ഇത്. രാജ്യം മുഴുവന്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഭാരത് ജോഡോ യാത്ര, ഉള്‍പാര്‍ട്ടി ജനാധിപത്യം തിരിച്ചു കൊണ്ട് വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പ്, ഇതെല്ലാം കൊണ്ട് അതീവ ഉത്സാഹത്തിലുള്ള അണികള്‍ എന്നിങ്ങനെ ഒരു വലിയ ഉണര്‍വിന്റെ തിരയില്‍ കയറി മുന്നേറുന്ന നാളുകളിലൂടെയാണ് കോണ്‍ഗ്രസ്സ് കടന്നു പോകുന്നത്. ഈ സുന്ദര ദിനങ്ങളുടെ ശോഭ കെടുത്തുന്ന ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി ശക്തമായി തള്ളണം, അത് നടത്തുന്നവരെയും. സുരേഷ് തിരിഞ്ഞു നോക്കുമ്പോള്‍ മുറ്റത്ത് മൈനയെ മാത്രമല്ല, ആര്‍ജവമുള്ള ഒരു നേതൃത്വത്തെയും കാണാന്‍ സാധിക്കണം. എങ്കിലേ ഈ പാര്‍ട്ടിക്ക് ഭാവിയുള്ളൂ.



 


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷബീര്‍ അഹമ്മദ്

Writer

Similar News