ക്രമസമാധാന പാലകര്‍ അത്ര ചെറിയ മീനല്ല

പൊലീസ് സേനയിലെ അച്ചടക്കമെന്നത് പൊലീസുകാരുടെ സമ്മേളന വേദികളിലെ പ്രസംഗപീഠത്തിലെ കടലാസ് വാചകങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞു.

Update: 2024-09-10 13:14 GMT
Advertising

ക്രമസമാധാനം എന്ന മലയാള വാക്ക് കേള്‍ക്കാന്‍ സുന്ദരവും പറയാന്‍ സുഖകരവുമാകുമ്പോള്‍ അത് നിര്‍വഹിക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ല. സംസ്ഥാനത്ത് എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന കാര്യമായത് കൊണ്ട് ആക്ഷന്‍ സിനിമകളിലെ ഡയലോഗായും മാറിയ ഒരു വാക്കാണത്. ക്രമസമാധാനം ഇപ്പോള്‍ പലരുടെയും സമാധാനം കെടുത്തുന്ന ഒന്നായി വീണ്ടും നാട്ടില്‍ ചര്‍ച്ചയാവുകയാണ്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് പണി എന്ന് ചുരുക്കി പറയുന്ന ഈ സമാധാന പ്രശ്‌നം സകല സീമകളും കടന്നു പോവുകയാണ് എന്നാണ് വെളിപ്പെടുത്തലുകളും പരാതികളുമൊക്കെ പറയുന്നത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന പൊലീസിന്റെ ഉപമേധാവി (ADGP) യും പൊലീസ് ഭരണം നയിക്കുന്നവരും ഒക്കെ ചേര്‍ന്ന് നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ഭരണച്ചെങ്കോല്‍ ഏന്തിയവരുടെ കൂടെയുള്ളയാള്‍ തന്നെ വിളിച്ചു കൂവുമ്പോള്‍ ഭരണകൂടം നിശബ്ദതയിലാണ്. പൊലീസിനെ ഭരിക്കാന്‍ നിയോഗിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും ഉന്നത യോഗ്യത നേടിയവരുടെ ലീലാവിലാസങ്ങളാണ് ഇന്ന് അങ്ങാടിപ്പാട്ടായി മാറിയിരിക്കുന്നത്. താമസിക്കാന്‍ കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം മുറിച്ചു വില്‍ക്കുക, അതെടുത്തു ചാരുമഞ്ചങ്ങള്‍ പണിയുക, കള്ളം പിടിക്കുമെന്നാകുമ്പോള്‍ കത്തിച്ചു കളയുക, ഒടുവില്‍ പിടിവീഴുമെന്ന് ഉറപ്പാകുമ്പോള്‍ സ്ഥിരം പണിയായ കാലുപിടുത്തം നടത്തുക. തീര്‍ന്നില്ല, പഠിച്ചു വാങ്ങിയ ബിരുദം കൊണ്ടു ജനത്തിന്റെ നികുതിപ്പണം എണ്ണി വാങ്ങി ഉല്ലസിക്കുന്നത് പോരാഞ്ഞു സ്വാഭാവിക വകുപ്പുതല സ്ഥാനക്കയറ്റത്തില്‍ നേടിയ പദവിയുള്ള സഹപ്രവര്‍ത്തകനെ പൊട്ടാനെന്നു വിളിക്കുക എന്നിങ്ങനെ തറവേലകളുടെ അന്തസ്സില്ലായ്മകള്‍ വിളിച്ചുകൂവുകയാണവര്‍.

പി.വി അന്‍വര്‍ എം.എല്‍.എ തൊടുത്തുവിട്ട രാഷ്ട്രീയ വിവാദം നിസാരമായി വിടാന്‍ കഴിയുമോ? ഇടതു സര്‍ക്കാരിനെയും അവരുടെ പൊലീസ് നയത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ തുറന്നു പറച്ചിലില്‍ ഭരണകൂടം വ്യക്തത വരുത്തണം. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. സിപിഐ (എം) കൂടി മറുപടി നല്‍കേണ്ട വിഷയമാണത്.

അവിടെയും തീരുന്നില്ല, പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ക്രമസമാധാന പാലകനായ ADGP യെ കുറിച്ച് കൊലപാതകി, അന്താരാഷ്ട്ര കൊള്ളക്കാരുടെ കൂട്ടുകാരന്‍, രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി എന്തും കലക്കികൊടുത്തു മീന്‍ പിടിക്കാന്‍ ചൂണ്ട കൊരുത്ത് കൊടുക്കുന്ന മുക്കുവന്‍ എന്നൊക്കെ പറയുന്നത് ആരാണ്; പ്രതിപക്ഷത്തെ ഏതെങ്കിലുമൊരാള്‍ രാവിലെ എണീറ്റിരുന്നു പറയുന്ന രാഷ്ട്രീയ ആരോപണമല്ല. കഴിഞ്ഞ രണ്ട് തവണ നിലമ്പൂര്‍ എന്ന യുഡിഫ് കോട്ടപ്പിടിക്കാന്‍ അവിടുന്ന് തന്നെ തപ്പിയെടുത്ത് ഇറക്കിയ ശക്തനും ഭരണപക്ഷത്തെ പ്രധാനിയുമായ പി.വി അന്‍വര്‍ എം.എല്‍.എയാണ് ആരോപണം ഉന്നയിക്കുന്നത്. പറയുന്നത് ചില്ലറക്കാര്യമാണോ? കേരളത്തിന്റെ സ്വൗര്യജീവിതത്തിന് കാവല്‍ നില്‍ക്കുന്ന ഉന്നത ഏമാന്‍മാരാണ് ഈ പണി ചെയ്യുന്നത്. മാത്രവുമല്ല, ആഭ്യന്തരവകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യദര്‍ശിയായ സഖാവ് ഇവര്‍ക്കെല്ലാം കൂടെനിന്ന് കുട ചൂടുന്നു എന്നാണ് ചന്തകളില്‍ നിറയുന്ന വര്‍ത്തമാനം. അപ്പോഴും ഇവരെല്ലാം യൂണിഫോമണിഞ് ഞെളിഞ്ഞിരുന്നു കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കുന്ന തിരക്കിലാണ്. 

തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പു എന്നത് ഈ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് പ്രധാന സംഭവമായതാണ്. ആ തെരഞ്ഞെടുപ്പു പൂരത്തെക്കാള്‍ ചര്‍ച്ച ആയത് തൃശൂര്‍ പൂരമായിരുന്നല്ലോ. അത് കലങ്ങിയതും കലക്കിയതും സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതായി ഈ സംഭവങ്ങള്‍ മാറിക്കഴിഞ്ഞു. കേവലമൊരു പൊലീസ് ഇടപെടല്‍ എന്നതിനപ്പുറം ഒരു രാഷ്ട്രീയപ്രശ്‌നം കൂടിയാണിത്. തൃശൂര്‍ എന്ന സ്ഥലം കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പുകള്‍ക്ക് നാളുകള്‍ക്ക് മുന്നേ പല വിവാദങ്ങളും കൊടുമ്പിരികൊണ്ടതാണ്. സംസ്ഥാന ഭരണകൂടത്തെയും അവരുടെ പാര്‍ട്ടിയെയും സാരമായി ബാധിക്കുന്ന സാമ്പത്തിക ആരോപണവും അത് കേന്ദ്രീകരിച്ച ദേശീയ അന്വഷണ ഏജന്‍സികളുടെ കയറിയിറങ്ങലുകളും അതോടൊപ്പം മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്ന വേറെയും പ്രശ്‌നങ്ങളും അതില്‍പെടുന്നു. എല്ലാറ്റിനുമുപരി കേന്ദ്ര ഭരണകൂടം താമര വിരിയിക്കാന്‍ പഠിച്ച പണിയെല്ലാം പയറ്റുന്ന കാലം. എല്ലാം കൂടി ചേര്‍ത്തു വായിക്കുന്ന സാമാന്യ മലയാളി അന്തര്‍ധാര സംശയിച്ചാല്‍ കുറ്റം പറയാനാകുമോ.

ഈ രാഷ്ട്രീയ വിവാദം അങ്ങനെ നിസാരമായി വിടാന്‍ കഴിയുമോ. ഇടതു സര്‍ക്കാരിനെയും അവരുടെ പൊലീസ് നയത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ തുറന്നു പറച്ചിലില്‍ ഭരണകൂടം വ്യക്തത വരുത്തണം. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. സിപിഐ (എം) കൂടി മറുപടി നല്‍കേണ്ട വിഷയമാണത്. ഗോവിന്ദന്‍ മാഷ് പാര്‍ട്ടി ക്ലാസ് ശൈലിവിട്ട് കാര്യങ്ങള്‍ വെടിപ്പോടെ പറയട്ടെ. ഇത് പൊതുജനം അറിയേണ്ട രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. രാഷ്ട്രീയ-ഭരണകൂട സ്ഥാപനങ്ങളുടെ കൊള്ളരുതായ്മകള്‍ മറക്കാനുള്ള ഉപകരണമാക്കി പൊലീസ് സേനയെ മാറ്റുകയും അതുവഴി എല്ലാ പാപങ്ങളും കഴുകിക്കളയുന്ന രീതി ജനങ്ങളെ കളിയാക്കലും ജനാധിപത്യത്തെ അവഹേളിക്കലുമാണ്.

അച്ചടക്കമെന്നത് പൊലീസുകാരുടെ സമ്മേളന വേദികളിലെ പ്രസംഗപീഠത്തിലെ കടലാസ് വാചകങ്ങളായി മാറിക്കഴിഞ്ഞു. അടിച്ചുവിടുന്ന ഡയലോഗുകള്‍ കേട്ട് കയ്യടിനേടാം, ഭരണകൂടത്തിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും സൈബറിടത്തിലെ ക്യാപ്‌സൂള്‍ കച്ചവടക്കാര്‍ക്കും കോരിത്തരിക്കാം. പക്ഷേ, ജനം ആഗ്രഹിക്കുന്നത് സുതാര്യമായ ഭരണവും ഉലയാത്ത ക്രമസമാധാന പാലനവുമാണ്. അതിന് വേണ്ടത് വലിയ പ്രഖ്യാപനങ്ങളോ വമ്പന്‍ ഡയലോഗുകളോ അല്ല, നടപടികളാണ്. കട്ടവനും കള്ളം ചെയ്തവനും സര്‍വ അധികാരങ്ങളോടെയും കസേരയിലിരിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണത്തെ എങ്ങനെ വിശ്വസിക്കും. നടപടികള്‍ ഇല്ലാത്ത ഈ പൊടിക്കൈകള്‍ തുടരുന്നത് അപമാനകരമാണ്.

വിജിലന്‍സ് എന്ന വകുപ്പിന്റെ തലപ്പത്തിരുന്ന് നടത്തിയ പണികള്‍ വിവാദമായപ്പോള്‍ മാറ്റിയ ആള്‍ ശരവേഗത്തില്‍ ക്രമസമാധാനത്തിന്റെ നിയന്ത്രിതാവായി എങ്ങനെയെത്തിയെന്നത് മുതല്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ക്രമസമാധാനപാലനത്തെക്കുറിച്ച് വരെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉന്നത മേധാവികളുടെ ജീവിതം ഭദ്രമാക്കാനാല്ലല്ലോ ജനങ്ങളുടെ ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. ഇങ്ങനെ മേലുദ്യോഗസ്ഥരുടെ തോന്ന്യാസങ്ങള്‍ തുടരുമ്പോള്‍ പൊലീസ് സേനയുടെ മഹത്വം വിളിച്ചു കൂവുന്ന മുഖ്യമന്ത്രി കാര്യങ്ങള്‍ ഗൗരവത്തില്‍ കാണുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. ജനപ്രതിനിധികള്‍ വരെ കാര്യങ്ങള്‍ പറയുമ്പോള്‍ ഭരണകൂടത്തിന് കൂടി ജനപക്ഷത്ത് നില്‍ക്കാന്‍ കഴിയണം. ഭരണകൂടത്തെ സൃഷ്ടിച്ച പാര്‍ട്ടി സംവിധാനം അവരുടെ സമ്മേളനത്തിലേക്ക് കടക്കും മുന്‍പോ, സമ്മേളനങ്ങളിലോ പാര്‍ട്ടി അണികളെയെങ്കിലും മിനിമം കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടി വരും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - യു. ഷൈജു

contributor

Similar News