ലബനാന്‍, യുദ്ധം: അന്തിമനാശം ഇസ്രായേലിനായിരിക്കും
ഇസ്രായേല്‍ നരമേധം ലബനാനിലേക്ക് വ്യാപിപ്പികണമെന്ന ഇസ്രായേലിന്റെ ആവശ്യം നടപ്പാകുമ്പോള്‍ ഹിസ്ബുല്ലക്ക് ആള്‍ നഷ്ടങ്ങളുണ്ടാകുമെങ്കിലും അന്തിമമായി തകരുന്നത് ഇസ്രായേല്‍ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇസ്രായേലും ലബനാനും തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുകയാണ്. 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പേജര്‍/വാക്കി ടോക്കി സ്ഫോടനത്തിന് പിന്നാലെ ലബനാന്‍ തലസ്ഥാനമായ ബയ്‌റൂത്തിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ എയ്തുവിട്ട മിസൈല്‍ ആക്രമണങ്ങളില്‍ 550 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലബനനില്‍ നിന്ന് പലായനം ചെയ്യുകയാണ്. പ്രതിരോധം കൂടുതല്‍ ശക്തമാക്കുമെന്നും തങ്ങള്‍ യുദ്ധസജ്ജമാണെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇസ്രായേല്‍ സൈനിക ഉല്‍പ്പാദന കേന്ദ്രങ്ങളും ഹൈഫ മേഖലയിലെ വ്യോമ താവളമുള്‍പ്പെടെ ഹിസ്ബുല്ല ലക്ഷ്യം വെക്കുന്നു. എന്തായാലും മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ഇസ്രായേലിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമെന്നോണം ലബനാന്‍ കേന്ദ്രീകരിച്ച് മറ്റൊരു യുദ്ധം അനിവാര്യമാവുകയാണ്. അത് ലബനാനില്‍ നില്‍ക്കുമോ മേഖലയിലൊന്നാകെ കത്തി പടരുമോ എന്ന ആശങ്ക ലോകത്തുടനീളം തളം കെട്ടിനില്‍ക്കുകയാണ്. ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഏറെയുള്ള രാജ്യമാണ് ലബനാന്‍. അമേരിക്ക ഇറാന്‍ സൗദി തുര്‍ക്കി റഷ്യ എന്നീ രാജ്യങ്ങള്‍ക്കെല്ലാം ഒരുപോലെ താല്‍പര്യങ്ങളുള്ള ലബനാനെ ഇസ്രായേലിന്റെയും സയണിസ്റ്റ് ശക്തികളുടേയും താല്‍പര്യത്തിനു വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്.
ഗസ്സയിലെ യുദ്ധത്തെ മറികടക്കാന്‍ മറ്റൊരു യുദ്ധമുണ്ടാക്കുക, വൈകാരികതയില്‍ നിന്ന് ലോകത്തെ വഴിതിരിച്ചു വിടാന്‍ ഗസ്സക്ക് പുറത്ത് പറ്റിയ കളമൊരുക്കുക എന്നിങ്ങനെയാണ് ഇസ്രായേല്‍ ലക്ഷ്യംവെക്കുന്നത്. ഇറാനും ലബനാനും ഇസ്രായേല്‍ നേരെത്തെ ലക്ഷ്യം വെച്ചതാണ്. ഇപ്പോള്‍ അത് ലബനാനിലാണ് എത്തിനില്‍ക്കുന്നത്. ഏറെ വിചിത്രമായത്, ഇസ്രായേലിന്റെ അതിക്രമത്തേക്കാള്‍ ലോകം ചര്‍ച്ചയാക്കുന്നത് സാമ്പത്തികമായും രാഷ്ടീയമായും തകര്‍ന്ന് നില്‍ക്കുന്ന ലബനാനില്‍ നിന്നും ഹിസ്ബുല്ല ഇസ്രായേലിനെതിരെ നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളാണ്. ഇസ്രായേല്‍ നരമേധം ലബനാനിലേക്ക് വ്യാപിപ്പികണമെന്ന ഇസ്രായേലിന്റെ ആവശ്യം നടപ്പാകുമ്പോള്‍ ഹിസ്ബുല്ലക്ക് ആള്‍ നഷ്ടങ്ങളുണ്ടാകുമെങ്കിലും അന്തിമമായി തകരുന്നത് ഇസ്രായേല്‍ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
സംഘര്‍ഷം രൂക്ഷമാകുന്നത് ലബനാനിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറേ വിനാശകരമാകുമെന്ന് യുണിസെഫ് ഇക്കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചയോടെ, മരണസംഖ്യ കുറഞ്ഞത് 558 ആയി ഉയര്‍ന്നിരിക്കുന്നു. അതില്‍ കുറഞ്ഞത് 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നു. കുറഞ്ഞത് 1,835 പേര്‍ക്ക് പരിക്കേറ്റതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ബെയ്റൂത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൂടി കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ലബനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, തെക്ക് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങളും ബക്കയ് അക്കാര്‍ മേഖലയിലെ നിരവധി പട്ടണങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റിയും സന്നദ്ധ സംഘടനകളുമാണ് അവരെ സഹായിക്കുന്നത്.
ഇസ്രായേലിനു ഗുണകരമാവില്ല
ഗസ്സയെ ഇല്ലാതാക്കാന്‍ ഒരുങ്ങി പുറപ്പെട്ട് ലക്ഷ്യം നേടാതെയാണ് ഇസ്രായേല്‍ ലബനാനെതിരെ തിരിഞ്ഞിരിക്കുന്നത്. യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം നടപ്പാകുമെങ്കിലും ഈ ആക്രമണം ഇസ്രായേലിനു ഗുണകരമാവില്ലെന്ന് മാത്രമല്ല, വളരെ മോശമായ പരിണതി സമ്മാനിക്കുമെന്ന് രാഷ്ടീയ ലോകം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുതിയ യുദ്ധങ്ങളോട് അമേരിക്കക്കാകട്ടെ ഒട്ടും താല്‍പര്യവുമില്ല. അമേരിക്കയുടെ സായുധ ബലത്തിലാണ് ഗസ്സക്കൊപ്പം ലബനാനെതിരെയും ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. അമേരിക്ക ആയുധം നല്‍കാതെ വന്നാല്‍ ഇസ്രായേലിനു ഈ യുദ്ധത്തില്‍ നിന്നും നിര്‍ബന്ധമായും പിന്മാറേണ്ടി വരും.
| ഇസ്രായേലിന്റെ ആയുധ നിര്‍മാണശാലക്കുനേരെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണം.
ഒറ്റയടിക്ക് 200 ല്‍ അധികം റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായേല്‍ ലക്ഷ്യമാക്കി അയച്ചത്. രാജ്യത്തുടനീളം സൈറനുകള്‍ ഒന്നിച്ച് മുഴങ്ങുകയുണ്ടായി. പ്രധാനപ്പെട്ട ആയുധ ഫാക്ടറിക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലില്‍ ആയിരക്കണക്കിന് ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ലബനാന്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന പതിനായിരക്കണക്കിന് ഇസ്രായേലികള്‍ ഹിസ്ബുല്ലയുമായുള്ള യുദ്ധത്തെ ഭയന്ന് തെക്കോട്ട് നീങ്ങീ എന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഇസ്രായേലിലെ ഒരു പ്രധാന നഗരമായ ഹൈഫയുടെ അരികിലുള്ള കിരിയത്ത് ബിയാലിക്കില്‍ റോക്കറ്റില്‍ നിന്നുള്ള തീ എത്തുകയും ഒരു കെട്ടിടത്തിന് തീപിടിക്കുകയും ചെയ്തു. മറ്റൊരു കെട്ടിടത്തിനും സമാനമായ നാഷനഷ്ടങ്ങളുണ്ടായി. ഒട്ടേറേ വാഹനങ്ങള്‍ക്കും തീപിടിക്കുകയുണ്ടായി. റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ ഇസ്രായേലിന്റെ സിവില്‍ ഡിഫന്‍സ് ഏജന്‍സി ഉത്തരവിട്ടു. പലഭാഗങ്ങളിലും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. യുദ്ധഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മാസങ്ങളോളം ഇസ്രായേലിന്റെ പലഭാഗത്തും ജനജീവിതം ദുസ്സഹമാണ്. മാനസിക രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുകയുണ്ടായി എന്നും ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലബനാനുമായുള്ള യുദ്ധം മുറുകുന്നതിലൂടെ ഇസ്രായേലിലെ ജനജീവിതത്തെ ഇനിയും കൂടുതല്‍ ബാധിച്ചേക്കും.
ടെക്‌നോളജി യുദ്ധ വിഷയമാകുമ്പോള്‍
ടെക്‌നോളജി യുദ്ധവിഷയമാകുന്നത് ഇതാദ്യമല്ല. 1945-ല്‍ മൂന്ന് ദിവസത്തെ ഇടവേളയില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബുകള്‍ വര്‍ഷിച്ചത് പോലെ. തുടക്കത്തില്‍, രണ്ടാം ലോകമഹായുദ്ധസമയത്ത്, അമേരിക്ക ന്യൂ മെക്‌സിക്കോ മരുഭൂമിയില്‍ 'ട്രിനിറ്റി' എന്ന പേരിലാണ് ആദ്യത്തെ അണുബോംബ് വിജയകരമായി പരീക്ഷിച്ചത്. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, 1945 ആഗസ്റ്റ് 6 ന്, 64 കിലോഗ്രാം യുറേനിയം -235 അടങ്ങിയ 'ലിറ്റില്‍ ബോയ്' ബോംബ് ഹിരോഷിമയില്‍ പതിച്ചു. ഇത് 1,40,000 ആളുകളുടെ മരണത്തിന് കാരണമായി. ഹിരോഷിമയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം, 1945 ആഗസ്റ്റ് 9 ന്, യു.എസ് നാഗസാക്കിയില്‍ 'ഫാറ്റ് മാന്‍' ബോംബ് വര്‍ഷിച്ചു, നിമിഷങ്ങള്‍ക്കുള്ളില്‍ 74,000 ആളുകളെ കൊല്ലുകയും നഗരത്തിന്റെ മൂന്നിലൊന്ന് കെട്ടിടങ്ങളും നശിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും കാരണമായത് ആണവായുധം. 1961-ല്‍ റഷ്യ നടത്തിയ 'സാര്‍ ബോംബ' ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും ഈ ഗണത്തിലുള്ളവയായിരുന്നു. ഏറ്റവുമൊടുവില്‍ ഫലസ്തീനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ടെക്‌നോളജി മനുഷ്യനെ നശിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല എന്ന ബോധ്യത്തിലാണ് ആണവായുധ വികസനം നിര്‍ത്തിവെക്കാനുള്ള ശീതയുദ്ധ മഹാശക്തികളുടെ തീരുമാനമുണ്ടാകുന്നത്. മനുഷ്യരാശിക്ക് ലഭിച്ച സുപ്രധാനമായ ഉറപ്പായിരുന്നു അത്. എന്നാല്‍, അതിനേക്കാള്‍ ഭീകരമായ രീതിയിലാണ് ഇസ്രായേല്‍ ഇന്ന് ടെക്‌നോളജിയെ യുദ്ധത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
യുദ്ധം നിയന്ത്രിക്കാനും ഇസ്രായേലിനെ നിലക്ക് നിര്‍ത്താനും അമേരിക്കക്ക് സാധ്യമല്ലെങ്കില്‍ ആ സ്ഥാനത്ത് മറ്റാര്‍ക്കെങ്കിലും അത് സാധിക്കുമോ എന്നായിരിക്കും ഇനിയുള്ള കാലം ലോകം ചര്‍ച്ച ചെയ്യുന്നത്. മധ്യസ്ഥ ശ്രമങ്ങളിലുടെയും പരിഹാര നിര്‍ദേശങ്ങളിലൂടെയുമുള്ള നീക്കുപോക്കുകള്‍ക്ക് ഹിസ്ബുല്ലയും ഇസ്രായേലും വഴങ്ങാതിരിക്കുന്ന പക്ഷം ഈ പ്രതിസന്ധി മധ്യപൗരസ്ത്യ ദേശത്ത് ഒതുങ്ങിനില്‍ക്കണമെന്നില്ല, അത് പുതിയ മൂന്നാം ലോക യുദ്ധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തേക്കും.
ഹിസ്ബുല്ലയിലെ അംഗങ്ങള്‍ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച പേജറുകളും വോക്കി-ടോക്കികളും നല്‍കി പൊട്ടിച്ച് ഇസ്രായേല്‍ നടത്തിയ ക്രൂരമായ കൊലപാതകത്തിനു ശേഷമാണ് തെക്കന്‍ ലബനാനില്‍ ബോംബാക്രമണം ആരംഭിച്ചത്. ഇപ്പോള്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്നത് ലോകനിയമങ്ങളുടെ കടുത്ത ലംഘനമാണ്. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് രാജ്യങ്ങളെ ഇല്ലായ്മ ചെയ്യലും എതിരാളികളെ നശിപ്പിക്കലുമെല്ലാം ഏത് ഗണത്തിലാണ് എണ്ണപ്പെടുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ആസൂത്രണം ചെയ്യുകയും ഇപ്പോള്‍ നടപ്പാക്കിയതുമായ ഈ കൊടും ക്രൂരതയെ ചില മാധ്യമങ്ങളെങ്കിലും സൈബര്‍ ആക്രമണം എന്ന് ചുരുക്കിയെഴുതുന്നുണ്ട്. എന്നാല്‍, ഇത്തരം മൃഗീയമായ ക്രൂരതകളെ സൈബര്‍ ആക്രമണമെന്ന് വിളിക്കുന്നത് ശുദ്ധമണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. ടാബുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ലോകത്തുടനീളമുള്ള മനുഷ്യരോടുള്ള കടുത്ത വെല്ലുവിളിയാണിത്. ലോകത്തുടനീളമുള്ള ഭരണകൂടങ്ങളുടെ അധികാരത്തെ തുരങ്കം വെച്ചുകൊണ്ട് സമൂഹങ്ങളെ മാനസികമായി നശിപ്പിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ഇസ്രായേല്‍ പേജറുകള്‍ സ്‌ഫോടനത്തിനു വിധേയമാക്കിയത്. പേജര്‍ ഉപകരണങ്ങള്‍ക്കുള്ളില്‍ 30 മുതല്‍ 60 ഗ്രാം വരെയുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു കൊണ്ട് ഫാക്ടറി ഗ്യാരണ്ടിയോടെയാണ് ഉപകരണങ്ങള്‍ ലബനാനില്‍ എത്തിച്ചത്. ഇന്ന് ലോകത്തുടനീളമുള്ള ജനതയുടെ കയ്യിലുള്ള ഫോണുകള്‍ സുരക്ഷിതമാണോ എന്ന സംശയമുണ്ടാക്കാന്‍ ഇസ്രായേല്‍ ആക്രമണം കാരണമായിടുണ്ട്. സുരക്ഷ വീഴ്ച്ചകള്‍ ഏറെയുണ്ടായതിനാലാണ് അപകടം സംഭവിച്ചതെങ്കിലും ഇത്തരം ആക്രമണങ്ങള്‍ ഗൗരവത്തോടെ കണക്കിലെടുത്തില്ലെങ്കില്‍ ഏത് രാജ്യത്തിന്റെയും ഗതി ഇത് തന്നെയാകാം.
നിയന്ത്രിക്കാനാകാതെ അമേരിക്ക
ഗസ്സയില്‍ നടക്കുന്ന ഈ വംശഹത്യയെ അതിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കക്ക് നിയന്ത്രിക്കാമായിരുന്നു. പക്ഷേ, തക്കസമയത്ത് അവര്‍ അത് ചെയ്തില്ല. വംശഹത്യക്ക് യാതൊരു അറുതിയുമില്ലാതായപ്പോള്‍ ലോകത്തിന്റെ സമ്മര്‍ദമുണ്ടായി. അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ യുദ്ധം ബാധിച്ചു. യുവത അമേരിക്കന്‍ ഭരണകൂടത്തെ ചോദ്യം ചെയ്തു. യുദ്ധം നിര്‍ത്തണം എന്ന് പറയേണ്ട സ്ഥിതിയുണ്ടായപ്പോഴേക്കും പക്ഷെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. അമേരിക്കയിലെ രാഷ്ടീയ ഘടനയുടെയും അതിനു നേതൃത്വം വഹിക്കുന്നവരുടേയും നിയന്ത്രണം ഇസ്രായേലിന്റെ കയ്യില്‍ ഒതുണ്ടി. അമേരിക്ക അതിനെ തടയാന്‍ ശ്രമിച്ചപ്പോഴെല്ലാം, ഇസ്രായേല്‍ അതിക്രൂരമായി പ്രതികരിച്ചു. സിവിലിയന്‍ മരണങ്ങള്‍ ക്രമാധീതമായി വര്‍ധിച്ചപ്പോഴും ഭരണനേതൃത്വം യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ പ്രസ്താവന നടത്തിയതിന് തൊട്ടുപിറകെയാണ് അല്‍ഷിഫ ആശുപത്രിക്ക് നേരെ ബോംബുകള്‍ തുരുതുരാ വര്‍ഷിച്ചത്. ആഴ്ച്ചകള്‍ക്ക് ശേഷം യുഎസ് പ്രസ്താവന നടത്തിയപ്പോള്‍ രാജ്യത്തെ പള്ളികള്‍ക്ക് നേരെ ബോംബെറിയുകയും തുടര്‍ന്ന് ലബനനിലെ ഹിസ്ബുല്ലയുടെ ഉദ്യോഗസഥന്മാരെ ആക്രമിക്കുകയും ചെയ്തു. അവിടെയും അവസാനിപ്പിക്കാതെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചീഫായ ഇസ്മായില്‍ ഹനിയ്യയെ നിഷ്‌കരുണം വധിച്ച് കളഞ്ഞു. തുടര്‍ന്നുള്ള ശ്രമങ്ങള്‍ക്ക് മറുപടിയായി ഫിലാഡല്‍ഫിയ ഇടനാഴി അടച്ച് ഗസ്സയിലെ ജനങ്ങളെ പട്ടിണിയിലാക്കി. തുടര്‍ന്ന്, ഏറ്റവും ഒടുവിലിതാ ലബനനില്‍ സാങ്കേതിക വിദ്യയെ പോലും കൊഞ്ഞനം കുത്തുന്ന അസാധാരണവും അപ്രതീക്ഷിതവുമായ നീക്കം നടത്തിയിരിക്കുന്നു. ഇതെവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ലതായി. യുദ്ധം നിയന്ത്രിക്കാനും ഇസ്രായേലിനെ നിലക്ക് നിര്‍ത്താനും അമേരിക്കക്ക് സാധ്യമല്ലെങ്കില്‍ ആ സ്ഥാനത്ത് മറ്റാര്‍ക്കെങ്കിലും അത് സാധിക്കുമോ എന്നായിരിക്കും ഇനിയുള്ള കാലം ലോകം ചര്‍ച്ച ചെയ്യുന്നത്. മധ്യസ്ഥ ശ്രമങ്ങളിലുടെയും പരിഹാര നിര്‍ദേശങ്ങളിലൂടെയുമുള്ള നീക്കുപോക്കുകള്‍ക്ക് ഹിസ്ബുല്ലയും ഇസ്രായേലും വഴങ്ങാതിരിക്കുന്ന പക്ഷം ഈ പ്രതിസന്ധി മധ്യപൗരസ്ത്യ ദേശത്ത് ഒതുങ്ങിനില്‍ക്കണമെന്നില്ല, അത് പുതിയ മൂന്നാം ലോക യുദ്ധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തേക്കും.