ആഭിചാരവും മതവും തമ്മിലെന്ത്?

നരബലി ഒരു ദുരാചാരമാണ്. സമൂഹഭദ്രതക്ക് അനിവാര്യമായ ചില ആചാരങ്ങള്‍ നിഷ്‌കര്‍ഷിക്കുമ്പോഴും മതം ഒരിക്കലും ദുരാചാരങ്ങളെ അംഗീകരിക്കുന്നില്ല. ദുശ്ശീലങ്ങളും അതിലേക്ക് നയിക്കുന്ന ദുര്‍വിചാരങ്ങളുമാകട്ടെ, വേദപാഠങ്ങള്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഏത് മതപ്രതലത്തില്‍ നിന്നുകൊണ്ടാണെങ്കിലും ഇതാണ് ശരി എന്നതിന് പ്രാമാണികമായ ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താം. ദുരാഗ്രഹങ്ങളാണ് ദുര്‍വൃത്തികളുടെ പ്രേരകം. ദുരാഗ്രഹങ്ങളെയാണ് മതാടിസ്ഥാനമുള്ള ദര്‍ശനങ്ങള്‍ മനുഷ്യന്റെ ശത്രുക്കളായി പരിഗണിക്കുന്നത്.

Update: 2022-10-20 07:06 GMT

ഇന്റര്‍ഡിസിപ്ലിനറി കലാകാരിയും കൗണ്ടര്‍-കള്‍ചര്‍ ആക്ടിവിസ്റ്റുമായി അറിയപ്പെടുന്ന ബര്‍ലിന്‍ ബേസ്ഡ് ആയ സംഗീതജ്ഞ സീന ഷ്രെക് അവരുടെ കണ്‍സേര്‍ട്ടുകള്‍ ആരംഭിക്കാറുള്ളത് പ്രത്യേക തരം മന്ത്രോച്ചാരണങ്ങളോടു കൂടിയാണ്. 'ഓം ഹ്രീം ഗ്ലിം ഗ്ലൈം ഗ്ലും സ്വാഹ' തുടങ്ങിയ മന്ത്രങ്ങള്‍. അവരുടെ ട്രാക്കുകള്‍ തന്നെ കാളി മന്ത്ര, അമിതാഭ മന്ത്ര, സേത്തിയന്‍ മന്ത്ര തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ആഭിചാരത്തില്‍ പുരോഹിതസ്ഥാനത്തുള്ള ഷ്രെക് അമേരിക്കയിലെ ഏറ്റവും സംഘടിത സാത്താന്‍ പൂജാ സംഘമായ ചര്‍ച് ഒഫ് സേറ്റന്റെ സ്ഥാപകന്‍ ആന്റണ്‍ ലാവേയുടെ മകളാണ്. പിന്നീട് ലാവേയന്‍ സേറ്റനിസത്തില്‍ നിന്ന് വേര്‍പിരിഞ്ഞ സീന, ടിബറ്റന്‍ താന്ത്രിക ബുദ്ധമതത്തില്‍ വ്യുല്‍പത്തി നേടുകയും ഭര്‍ത്താവ് നികോളാസ് ഷ്രെക്കിനൊപ്പം ടെംപിള്‍ ഒഫ് സേത്ത് എന്ന മറ്റൊരു സേറ്റനിക് ഒക്കള്‍ട്ട് സംഘം രൂപീകരിക്കുകയും ചെയ്തു. പഴയ ഈജിപ്ഷ്യന്‍ ആഭിചാര ദേവതയാണ് സേത്ത്.


മന്തോച്ചാരണത്തിന് മുമ്പായി ചില കര്‍മങ്ങളുമുണ്ട്. രുദ്രാക്ഷം പോലെയുള്ള, എന്നാല്‍ ശബ്ദമുണ്ടാക്കുന്ന ജപമാലയോ മണിയോ ഉണ്ടാകും കൈയില്‍. പതിഞ്ഞ സ്വരത്തില്‍ മന്ത്രസ്ഥായിയില്‍ മന്ത്രോച്ചാരണം ആരംഭിക്കുന്ന അവരുടെ സ്വരഗ്രാമം മധ്യസ്ഥായിക്ക് മേല്‍ കടക്കാറില്ല. അരണ്ട വെളിച്ചവും പ്രത്യേക പരിവേഷവും ഉണ്ടാകും വേദിയിലും സദസ്സിലും.

ഈ പരിവേഷവും അന്തരീക്ഷവും പതിഞ്ഞ മന്ത്രോച്ചാരണങ്ങളുമൊക്കെ മനുഷ്യമനസ്സില്‍ ചെലുത്തുന്ന സ്വാധീനങ്ങളാണ് നവ ആത്മീയ സംഘങ്ങളുടെയും ആഭിചാരവിദ്യകളുടെയും പ്രധാന ആയുധം.


***** ***** *****

താന്ത്രിക ബുദ്ധമതമായിരുന്നല്ലോ ഷ്രെക്കിന്റെ പ്രതലം. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയില്‍ വനവാസികളായ മഹായാനബുദ്ധസിദ്ധന്മാരായിരുന്നത്രേ താന്ത്രികാനുഷ്ഠാനങ്ങള്‍ ആചരിച്ചു തുടങ്ങിയത്. മാന്ത്രികസിദ്ധികളോട് ഭ്രമമുണ്ടായിരുന്ന ബംഗാളിലെയും ബീഹാറിലെയും രാജാക്കന്മാരുടെ പിന്തുണയോടെ വജ്രയാനമായി ഇത് വികസിക്കുകയും ചെയ്തു.

ഈ ശാഖയുടെ ഉത്പത്തി പദ്മസംഭവനുമായി ചേര്‍ത്താണ് അറിയപ്പെടുന്നത്. ഇന്നത്തെ പാകിസ്താനിലെ സ്വാത് ജില്ലയില്‍ ഒഡ്ഡിയാനില്‍ ജനിച്ച പദ്മസംഭവന്‍ ഗുരു റിംപോചെ (അമൂല്യം എന്നാണ് റിംപോചെയുടെ അര്‍ത്ഥം) എന്ന പേരില്‍ ടിബറ്റില്‍ സ്വീകരിക്കപ്പെട്ടു. ലാമായിസം എന്നുകൂടി അറിയപ്പെട്ട ടിബറ്റന്‍ ബുദ്ധമതത്തിന്റെ വേര് പദ്മസംഭവന്‍ എന്ന റിംപോചെയിലാണ്. പതിനാലാം നൂറ്റാണ്ടില്‍ ജേ സോങ്ഖാപാ എന്ന ബുദ്ധ സന്യാസിയുടെയും മറ്റ് പരിഷ്‌കര്‍ത്താക്കളുടെയും ഫലമായി ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് ടിബറ്റന്‍ ബുദ്ധമതം. ഥേരവാദബുദ്ധമതത്തിന്റെ (ഹീനയാനം) അടിസ്ഥാനമായ പാലി സുത്തങ്ങളും ക്രിസ്തുമതതത്വങ്ങളുമൊക്കെ സോങ്ഖാപായില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ന് ലാമായിസത്തില്‍ നാല് ശാഖകളാണുള്ളത്. ബോണ്‍ തുടങ്ങിയ പരമ്പരാഗത മാന്ത്രികമതങ്ങളുടെയും ഇന്ത്യന്‍ മഹാസിദ്ധന്മാരുടെയും സ്വാധീനം കൂടുതലുള്ള ന്‍യിങ്മാ, കാഗ്യു, ശാക്യ എന്നീ ശാഖകള്‍ റെഡ് ഹാറ്റ്

സ്‌കൂളുകളായും സോങ്ഖാപായുടെ പരിഷ്‌കരണചിന്തകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഗെലുഗ്പാ എന്ന ശാഖ യെല്ലോ ഹാറ്റ് സ്‌കൂള്‍ ആയും അറിയപ്പെടുന്നു. മഞ്ഞത്തൊപ്പിക്കാരാണ് ഏറ്റവും പ്രബലശാഖ. ദലയ്ലാമയും മറ്റുമൊക്കെ ആ വിഭാഗത്തില്‍ നിന്നാണ്. അത്രമേല്‍ പരിഷ്‌കരണത്തിന് വിധേയരായിട്ടുണ്ടെങ്കിലും സങ്കീര്‍ണമായ ആചാരങ്ങളും ഡാക, ഡാകിനി തുടങ്ങിയ നിഗൂഢസ്വഭാവമുള്ള ദേവതകളുമൊക്കെ ടിബറ്റന്‍ താന്ത്രിക ബുദ്ധമതത്തില്‍ ഇന്നും തുടരുന്നു.


വജ്രയാനത്തിലെ വിചിത്രസ്വഭാവമാര്‍ന്ന ഒരു ദേവതാസങ്കല്‍പമാണ് ഡാകിനി. പുരാണങ്ങളിലെ കാളി സങ്കല്‍പത്തില്‍ നിന്ന് ശാക്തേയ താന്ത്രിക സമ്പ്രദായത്തിലേക്കും അവിടെ നിന്ന് താന്ത്രിക ബുദ്ധമതത്തിലേക്കും കടന്നുവന്ന ദേവതയാണിത്. ഒരു ഭാഗത്ത് ദുര്‍ദ്ദേവതയായി കണക്കാക്കപ്പെടുമ്പോഴും മറുഭാഗത്ത് ഖണ്ഡോര്‍മ എന്നും വജ്രയോഗിനി എന്നുമൊക്കെ ധര്‍മരക്ഷകയായും താന്ത്രികബുദ്ധമതത്തില്‍ ഈ ദേവി പ്രകീര്‍ത്തിക്കപ്പെടുന്നു. ദുര്‍മന്ത്രവാദത്തിന് നേര്‍ക്കുനേരെ അംഗീകാരം നല്‍കുന്ന വിഭാഗമാണ് ജപ്പാനിലെ ഷിന്‍ഗോണ്‍ ബുദ്ധമതക്കാര്‍. അവര്‍ ദൈവം എന്നര്‍ത്ഥമുള്ള തെന്‍ എന്ന പദം കൂടി ചേര്‍ത്ത് ഡാകിനി തെന്‍ എന്ന് ഈ ദേവിയെ വിളിക്കുന്നു.

പ്രസ്താവ്യമായ കാര്യം, ഇത്തരം താന്ത്രികാനുഷ്ഠാനങ്ങള്‍ ആഭിചാരങ്ങളുമായി ബന്ധപ്പെടുന്നു എന്നതാണ്. ശ്രീബുദ്ധനാകട്ടെ, ആഭിചാരങ്ങളോട് കടുത്ത എതിര്‍പ്പും അനിഷ്ടവും പ്രകടിപ്പിച്ചിരുന്നതായും കാണാം. അന്ന് യോഗവിദ്യയിലൂടെ നേടുന്ന മാന്ത്രിക പ്രകടനങ്ങളെപ്പോലും ബുദ്ധന്‍ തന്റെ അനുയായികള്‍ക്ക് അതിശക്തിയായി നിരോധിച്ചിരുന്നു.


***** ***** *****

ബുദ്ധന്‍ മാത്രമല്ല, എല്ലാ മതാചാര്യന്മാരും ആഭിചാരങ്ങളെയും ഗൂഢാചാരങ്ങളെയും നിഗൂഢതത്വശാസ്ത്രങ്ങളെയും വെറുത്തവരാണ്. അവര്‍ ലാളിത്യത്തെ ഇഷ്ടപ്പെട്ടു. ജനങ്ങളോട് അവരുടെ ഭാഷയില്‍ സംസാരിച്ചവരാണ് പ്രവാചകന്മാര്‍ എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതായത്, അറിവിനെ ജനാധിപത്യവത്കരിച്ചവരാണവര്‍. ജനഹിതായ ജനസുഖായ എന്നൊരു മുദ്രാവാക്യമുണ്ട് ബുദ്ധന്. ഗൂഢാത്മകമായ എന്തിനെയും അവരെല്ലാവരും നിരാകരിച്ചു. ചൈനയില്‍ കങ് ഫ്യു ചിസും ലൗ ദ്സുവും ലാളിത്യത്തില്‍ത്തന്നെയാണ് ഊന്നിയത്. എന്നാല്‍, പില്‍ക്കാലത്ത് ലൗ ദ്സുവിന്റെ ധര്‍മസംഹിതയായ താവോ ചിന്തയില്‍, ചങ് താവോ ലിങ് എന്ന പുരോഹിതന്‍ ആഭിചാരചിന്തകളെ കൂട്ടിക്കലര്‍ത്തി. വെള്ളക്കടുവയും നീലവ്യാളിയും എന്നൊരു മാന്ത്രികരസായനം താന്‍ സ്വര്‍ഗത്തില്‍ നിന്നും കണ്ടെടുത്തെന്നും അത് സേവിച്ച് സിദ്ധനായിത്തീര്‍ന്നെന്നും അയാള്‍ അവകാശപ്പെട്ടു. നീല വ്യാളി, ചുവപ്പ് പറവ, കറുത്ത ആമ, വെള്ളക്കടുവ എന്നിവ ചൈനയില്‍ പ്രാകൃത മാന്ത്രികാനുഷ്ഠാനങ്ങളുടെ ചിഹ്നങ്ങളായിരുന്നു. പില്‍ക്കാലത്ത് താവോ മതസ്ഥര്‍ക്കിടയില്‍ കൂടുതലും പ്രചാരം നേടിയത് ലൗ ദ്സുവിന്റെ ഉപദേശങ്ങളെക്കാള്‍ ഈ ആഭിചാരമതം തന്നെയായിരുന്നു.

ധര്‍മസംഹിതകളെയെല്ലാം മതം എന്ന ഗണത്തില്‍ ചേര്‍ത്താല്‍, തീര്‍ച്ചയായും മതത്തിന്റെ വഴിയും ആഭിചാരത്തിന്റെ വഴിയും രണ്ടാണ് എന്ന് തന്നെ തിരിച്ചറിയാന്‍ പറ്റുന്നു. എന്നിട്ടും എന്തുകൊണ്ട് താന്ത്രികാഭിചാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു എന്ന് ചോദിച്ചാല്‍, ഭൗതികതയിലും ആസക്തിയിലും അതിരുകവിഞ്ഞതു കൊണ്ട് എന്നു തന്നെ ഉത്തരം.

അഥര്‍വത്തിലെ ആഭിചാരമന്ത്രങ്ങള്‍ നിന്ദ്യവും ഹീനവുമാണെന്നും അവ ഉച്ചരിക്കുന്നത് പോലും സപ്തമഹാപാപങ്ങളിലൊന്നാണെന്നും ആപസ്തംബധര്‍മസൂത്രത്തിലും വിഷ്ണുസ്മൃതിയിലും പറയുന്നതായി ആചാര്യ നരേന്ദ്രഭൂഷണ്‍ എഡിറ്റ് ചെയ്ത ഹിന്ദു എന്‍സൈക്ലോപീഡിയയില്‍ ഉദ്ധരിക്കുന്നുണ്ട്. അതേസമയം ഷഡ്ക്രിയകള്‍ മുതല്‍ക്കുള്ള ആഭിചാരകര്‍മങ്ങളെല്ലാം പില്‍ക്കാലത്ത് സാര്‍വത്രികമായിത്തീര്‍ന്നു. ബാധകളോടും ഒപ്പം ശത്രുക്കളോടും നടത്തുന്ന ആഭിചാരപ്പോരാട്ടങ്ങളാണ് ഷഡ്ക്രിയകള്‍. ബാധയൊഴിപ്പിക്കാനും ശത്രുവിന്റെ ഭീഷണിയില്‍ നിന്ന് രക്ഷ നേടാനും ശാന്തി, മറ്റ് മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കാന്‍ വശ്യം, ശേഷികള്‍ നശിപ്പിച്ച് ശത്രുവിനെ നിസ്സഹായനാക്കാന്‍ സ്തംഭനം, തങ്ങള്‍ക്ക് ശത്രുതയുള്ള സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്താന്‍ വിദ്വേഷണം. എതിരാളികളെ നിസ്സഹായരാക്കിത്തീര്‍ക്കാന്‍ ഉച്ചാടനം, അവരെ പൂര്‍ണമായും നശിപ്പിക്കാന്‍ മാരണം എന്നിങ്ങനെയുള്ള ആഭിചാരക്രിയകള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ആസക്തി, ഭീതി, അസൂയ, വിദ്വേഷം, ശത്രുത തുടങ്ങിയ ദുര്‍വികാരങ്ങളാണ്. ആഭിചാരാചാരങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് കൃത്തികാപൂജ. കൃത്തിക എന്ന മൂര്‍ത്തിയുടെ ഉദ്ഭവത്തെപ്പറ്റി പുരാണത്തില്‍ രണ്ട് കഥകളുണ്ട്. അതിലൊന്നില്‍ പൗണ്ഡ്രക വാസുദേവന്റെ ശത്രുതയാണ് കൃത്തികയുടെ ഉദ്ഭവത്തിന് നിദാനം. രണ്ടാമത്തെ കഥയില്‍ കൃത്തിക ജന്മമെടുക്കുന്നത് ദുര്‍വാസാവിന്റെ കോപത്തില്‍ നിന്നാണ്. രണ്ട് കഥയിലും കൃത്തികയെ ഹനിക്കുന്നത് ശ്രീകൃഷ്ണന്റെ സുദര്‍ശനമാകുന്നു. അതൊരു ചക്രായുധമാണെങ്കിലും സു-ദര്‍ശനം എന്ന പേര് അര്‍ത്ഥവത്താണ്. സു എന്നത് ധര്‍മത്തെയും ദര്‍ശനം കാഴ്ചപ്പാടിനെയും അര്‍ത്ഥമാക്കുന്നു.

ഇതില്‍ സനാതനധര്‍മത്തെ സു-ദര്‍ശനമാണ് പ്രതിനിധീകരിക്കുക എന്നാണ് പാഠം. അതേസമയം ആഭിചാരമൂര്‍ത്തിയായ കൃത്തിക രേഖപ്പെടുത്തുന്നത് ശത്രുത, ക്രോധം തുടങ്ങിയവയെയും. ജീവാത്മാവിന്റെ മോക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്ന അരിഷഡ്വര്‍ഗം അഥവാ ഷഡ്രിപു (six enemies) എന്ന ഗണത്തില്‍പ്പെട്ടതാണ് ശത്രുതയും ക്രോധവും. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയത്രേ ഷഡ്രിപു എന്ന് വിളിക്കപ്പെടുന്നത്.

ഇപ്പറഞ്ഞ ധര്‍മസംഹിതകളെയെല്ലാം മതം എന്ന ഗണത്തില്‍ ചേര്‍ത്താല്‍, തീര്‍ച്ചയായും മതത്തിന്റെ വഴിയും ആഭിചാരത്തിന്റെ വഴിയും രണ്ടാണ് എന്ന് തന്നെ തിരിച്ചറിയാന്‍ പറ്റുന്നു. എന്നിട്ടും എന്തുകൊണ്ട് താന്ത്രികാഭിചാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു എന്ന് ചോദിച്ചാല്‍, ഭൗതികതയിലും ആസക്തിയിലും അതിരുകവിഞ്ഞതു കൊണ്ട് എന്നു തന്നെ ഉത്തരം. മതത്തിന്റെ ആധാരം ഭൗതികതയല്ല, മറിച്ച് ധാര്‍മികതയാകുന്നു. അതിനാല്‍ ആഭിചാരക്രിയകളുടെ അടിസ്ഥാനം മതമോ വിശ്വാസമോ അല്ല, മറിച്ച് ഭൗതികാസക്തികളത്രേ.

***** ***** *****

വിശ്വാസപരമായി ഇത്തരം പ്രവണതകളെ ഏറ്റവും തീവ്രമായി അകറ്റി നിര്‍ത്തിയിരുന്ന മതവിഭാഗങ്ങളാണ് അബ്രഹാമിക മതങ്ങള്‍. സന്ദേഹം, അന്വേഷണം, യുക്തി എന്നിവയുമായി ബന്ധപ്പെടുത്താവുന്ന ധാരാളം ഉദാഹരണങ്ങള്‍ അബ്രഹാമിനെക്കുറിച്ച് തന്നെ ഖുര്‍ആനും ബൈബിളുമൊക്കെ ഉദ്ധരിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെയും മന്ത്രവാദത്തിന്റെയും ഉറവിടമായി ചരിത്രം പരിഗണിക്കുന്ന ബാബിലോണിയയിലും കാല്‍ദിയയിലുമൊക്കെ അത്തരം പ്രവണതകള്‍ക്കെതിരായ പ്രതികരണമായിക്കൂടി അബ്രഹാം പ്രവാചകന്റെ പ്രബോധനങ്ങള്‍ പരിഗണിക്കപ്പെടുന്നു.


യാഥാര്‍ഥ്യം ഇതായിരിക്കെ, ബാബിലോണിയന്‍ ജ്യോതിഷ മിത്തുകളും കാല്‍ദിയന്‍ മന്ത്രവാദങ്ങളുമൊക്കെ യൂദ സമൂഹത്തെയും സ്വാധീനിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ശലമോന്‍ രാജാവിനെക്കുറിച്ചു (ഖുര്‍ആനില്‍ സുലൈമാന്‍ നബി) പോലും ആഭിചാര മിത്തുകള്‍, യൂദര്‍ക്കിടയില്‍ത്തന്നെ പ്രചരിച്ചതായും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ശലമോന്റെ നക്ഷത്രം (Star of Solomon) എന്നറിയപ്പെടുന്ന ഹെക്സഗ്രം (ഷഡ്കോണനക്ഷത്രരൂപം) പല ഇസോടെറിക്, മിസ്റ്റിക്, ഒക്കള്‍ട്ട് ഗ്രൂപ്പുകളുടെയും ചിഹ്നമാണ്. ചില സാത്താനിക ഗ്രൂപ്പുകളും ഇതേ ഹെക്സഗ്രമിനെ അവരുടെയും ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട് എന്നതും രസകരമാണ്. ലാവേയന്‍ സേറ്റനിസത്തില്‍ അത് പെന്റഗ്രം (പഞ്ചകോണനക്ഷത്രരൂപം) ആണ്. ബാധ എന്നര്‍ഥം പറയാവുന്ന ഹീബ്രു, യിദ്ദിഷ് വാക്കായ ഡിബ്ബുക് (Dybbuk) എന്ന പദത്തില്‍ അറിയപ്പെടുന്ന പ്രേതങ്ങളുടെ ബാധയെ ഒഴിപ്പിക്കാനുള്ള ഉച്ചാടന മന്ത്രവാദങ്ങള്‍ പതിനാറാം നൂറ്റാണ്ടിലൊക്കെ യൂദര്‍ക്കിടയില്‍ സാര്‍വത്രികമായിരുന്നു. ആത്മാക്കളുടെ പുനരുജ്ജീവനത്തെയും കൂടുമാറ്റത്തെയുമൊക്കെ പരാമര്‍ശിക്കുന്ന കബ്ബാലിയന്‍ നിഗൂഢ തത്വങ്ങളെ (യൂദര്‍ക്കിടയില്‍ വേര് പിടിച്ച മിസ്റ്റിക് ധാരയാണ് കബ്ബാല) ഉച്ചാടന മന്ത്രവാദികള്‍ തങ്ങളുടെ ആഭിചാരത്തിന്റെ അടിത്തറയായി സ്വീകരിച്ചതായും കാണാം.

വിഖ്യാത ക്രിസ്ത്യന്‍ അസ്ട്രോളജിക്കല്‍ കണ്‍സള്‍ട്ടന്റ് ആയ കേട്നി റോബര്‍ട്സ് തന്റെ സ്റ്റാര്‍ ഒഫ് ദ് മാഗി, വിഷന്‍സ് ഒഫ് ദ് വെര്‍ജിന്‍ മേരി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ജ്യോതിഷത്തിന്റെ ക്രിസ്ത്യന്‍ പ്രയോഗങ്ങളെസ്സംബന്ധിച്ച വിവരങ്ങള്‍ തരുന്നുണ്ട്. റോബര്‍ട്സിന്റെ പുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന ക്രൈസ്തവ ജ്യോതിഷികളുടെ ലിസ്റ്റില്‍ സില്‍വസ്റ്റര്‍ രണ്ടാമന്‍, അര്‍ബന്‍ എട്ടാമന്‍ തുടങ്ങിയ പ്രശസ്തരായ പോപ്പുമാര്‍ വരെ പെടുന്നു. പ്രവചനങ്ങള്‍ (Prophecies) എന്ന് പേരിട്ട നൊസ്തദാമ്യൂസിന്റെ ഭ്രാന്തന്‍ വരികളെയൊക്കെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച് പ്രവചന'ശാസ്ത്ര'ത്തെ ഉറപ്പിക്കുന്ന മാധ്യമങ്ങള്‍ ആധുനിക കാലത്ത് മലയാളത്തില്‍പ്പോലുമുണ്ട്.


ക്രിസ്തുമതത്തിന് ആദ്യമായി ഔദ്യോഗികാംഗീകാരം നല്‍കിയ, നികയ്യ സുന്നഹദോസിന്റെ രക്ഷാധികാരിയായിരുന്ന കുസ്താന്തിനോസ് (കോണ്‍സ്റ്റന്റൈന്‍) ചക്രവര്‍ത്തി തന്നെ ജ്യോതിഷഭ്രമക്കാരനായിരുന്നത്രേ. തന്റെ അങ്കവസ്ത്രത്തില്‍ അദ്ദേഹം പന്ത്രണ്ട് രാശിചിഹ്നങ്ങള്‍ തുന്നിപ്പിടിപ്പിച്ചു. താന്‍ പുതുതായി പണികഴിപ്പിച്ച കുസ്താന്തിനോസ്പോലിസ് (കോണ്‍സ്റ്റാന്റിനോപ്പിള്‍) എന്ന തലസ്ഥാനനഗരത്തിന് പ്രശസ്തരായി ജ്യോതിഷികളെക്കൊണ്ട് ജാതകവുമെഴുതിച്ചു അദ്ദേഹം.

ക്രമത്തില്‍ ഇത് മറ്റ് ആഭിചാരക്രിയകളിലേക്കും നീങ്ങി. ആധുനിക സാത്താന്‍ പൂജകര്‍ അവരുടെ മുഖ്യകര്‍മമായി അനുഷ്ഠിക്കാറുള്ള കറുത്ത കുര്‍ബാനയുടെ (Black Mass) തുടക്കം, പക്ഷേ സേറ്റനിസ്റ്റുകളില്‍ നിന്നായിരുന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഹെന്റി എട്ടാമന്റെ രാജ്ഞിയായിരുന്ന ഇറ്റാലിയന്‍ പ്രഭ്വി കാതറിന്‍ ഡി മെഡിസിയാണ് സാത്താനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ആദ്യമായി ബ്ലാക് മാസ്സ് നടത്തിയത്. നൊസ്തദാമ്യൂസിന്റെ ഏലസ്സുകളും മുദ്രകളും ധരിച്ചിരുന്ന അവര്‍ ഒക്കള്‍ട്ട് കലകളില്‍ ഭ്രമം പുലര്‍ത്തിയിരുന്നു. 1676ല്‍ ക്ഷുദ്രവിദ്യകളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലാ വോയ്സിന്‍ എന്ന സ്ത്രീ തന്റെ ആഭിചാരക്രിയകള്‍ ഏറ്റു പറഞ്ഞു. അക്കൂട്ടത്തില്‍ ഒന്ന് ലൂയി പതിനാലാമന്റെ മുഖ്യവെപ്പാട്ടിയായിരുന്ന മദാം ദെ മോണ്‍ടെസ്പാന് വേണ്ടി നടത്തിയ ബ്ലാക് മാസ്സ് ആയിരുന്നു. നഗ്‌നയായ സ്ത്രീയെ അള്‍ത്താരയാക്കി, അവളുടെ യോനിയെ സക്രാരിയും യോനിഭാഗത്ത് സൂക്ഷിച്ച അപ്പത്തെ ഓസ്തിയുമാക്കിക്കൊണ്ട് ഗ്ലോറെ സാത്താന്‍ (Hail Satan) എന്ന് സാത്താനെ ഉറക്കെ വിളിച്ച് പ്രകീര്‍ത്തിക്കുന്ന ഈ കറുത്ത കുര്‍ബാനയുടെ മുഖ്യപുരോഹിതരില്‍ ലാ വോയ്സിനൊപ്പം ഏറ്റ്യെന്‍ ഗിബൂര്‍ എന്നൊരാളുമുണ്ടായിരുന്നു. വിഖ്യാതനായ ഒരു വൈദികനായിരുന്ന ഗിബൂര്‍ ആകട്ടെ, ഒരു ഫ്രഞ്ച് കത്തോലിക് ആബേയും ആയിരുന്നു.

സിഹ്ര് എന്ന പേരിലാണ് ക്ഷുദ്രവും ആഭിചാരവും മുസ്‌ലിം ലോകത്ത് പ്രചാരം നേടിയത്. നബി എണ്ണിപ്പറഞ്ഞ ഏഴ് മഹാപാപങ്ങളിലൊന്നാണ് സിഹ്ര്. ഫലമുള്ളതു കൊണ്ടാണ് സിഹ്ര് വിലക്കപ്പെട്ടത് എന്നും ഇനി ആഭിചാരകന്മാരാരെങ്കിലും ദുഷ്ടലക്ഷ്യത്തോടെ സിഹ്ര് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രതിവിധി മറുആഭിചാരം മാത്രമാണെന്നും പലരും വാദിക്കുന്നു. ഈ വാദത്തിന് യുക്തിയുടെയോ ഇസ്‌ലാമിക പ്രമാണങ്ങളുടെയോ പിന്‍ബലമില്ല.

അശാസ്ത്രീയവും അയുക്തികവുമായ വിശ്വാസങ്ങളെ അന്ധം എന്നാക്ഷേപിക്കുകയും അതിന്റെ ഏറ്റവും ചെറിയ രൂപങ്ങളായ ശകുനം, ജ്യോതിഷം, പ്രവചനം തുടങ്ങിയവയെപ്പോലും സമീപിക്കുന്നത് തന്നെ വലിയ പാപങ്ങളില്‍പ്പെടുത്തുകയും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി. ശകുനത്തിലേക്കും പ്രവചനത്തിലേക്കുമുള്ള വഴിയെ നരകത്തിലേക്കുള്ള മാര്‍ഗമായാണ് പ്രവാചകന്‍ സന്ദിഗ്ധതക്കോ വ്യാഖ്യാനങ്ങള്‍ക്കോ ഒരു പഴുതും നല്‍കാത്ത വിധം പ്രഖ്യാപിച്ചത്. എന്നിട്ടും ഫലഭാഗജ്യോതിഷവും പ്രവചനസിദ്ധാന്തങ്ങളുമൊക്കെ വ്യാപകമായല്ലെങ്കിലും മുസ്‌ലിം ലോകത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഗ്രഹങ്ങളും നക്ഷത്രങ്ങളും പുറപ്പെടുവിക്കുന്ന 'നിഗൂഢ'രശ്മികള്‍ മനുഷ്യശരീരത്തില്‍ നിന്ന് പുറപ്പെടുന്ന സമാനരശ്മികളുമായി പ്രതിപ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, മുസ്‌ലിം ലോകത്തെ നിയോപ്ലേറ്റോണിസ്റ്റ് ചിന്തകനായ അല്‍കിന്ദി മുന്നോട്ടുവെച്ച അബദ്ധസങ്കല്‍പമാണ് ഇന്നും ലോകമെമ്പാടുമുള്ള ജ്യോതിഷികള്‍ ഫലഭാഗത്തെ ന്യായീകരിക്കാന്‍ വേണ്ടി മുന്നോട്ടുവെക്കുന്ന സിദ്ധാന്തം.

എട്ടാം നൂറ്റാണ്ടില്‍ ഖുറാസാനില്‍ ജീവിച്ചിരുന്ന ജാഫര്‍ അബൂമഅ്ശര്‍, ജാബിര്‍ ഇബ്നു ഹയ്യാന്‍, പത്താം നൂറ്റാണ്ടില്‍ അന്തുലുസില്‍ ജീവിച്ചിരുന്ന മസ്ലമത് ഇബ്നു അഹ്മദില്‍ മജ്രീത്തി തുടങ്ങിയവര്‍ ഇസ്‌ലാമികലോകത്തും ജ്യോതിഷത്തിന് വിത്ത് പാകി.

സിഹ്ര് എന്ന പേരിലാണ് ക്ഷുദ്രവും ആഭിചാരവും മുസ്‌ലിം ലോകത്ത് പ്രചാരം നേടിയത്. നബി എണ്ണിപ്പറഞ്ഞ ഏഴ് മഹാപാപങ്ങളിലൊന്നാണ് സിഹ്ര്. ഫലമുള്ളതു കൊണ്ടാണ് സിഹ്ര് വിലക്കപ്പെട്ടത് എന്നും ഇനി ആഭിചാരകന്മാരാരെങ്കിലും ദുഷ്ടലക്ഷ്യത്തോടെ സിഹ്ര് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രതിവിധി മറുആഭിചാരം മാത്രമാണെന്നും പലരും വാദിക്കുന്നു. ഈ വാദത്തിന് യുക്തിയുടെയോ ഇസ്‌ലാമിക പ്രമാണങ്ങളുടെയോ പിന്‍ബലമില്ല. നബിക്ക് സിഹ്ര് ബാധിച്ചതായി ഉദ്ധരിക്കപ്പെടുന്ന ഹദീഥിനെ പ്രമാണമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ അങ്ങേയറ്റം ദുര്‍ബ്ബലവും കെട്ടുകഥയുടെ സ്വഭാവമുള്ളതുമായ ഒന്നാണ് ആ ഹദീഥിന്റെ ആഖ്യാനം. മനോദൗര്‍ബല്യമുള്ളവരെ മാത്രമേ കൂടോത്രങ്ങള്‍ ബാധിക്കുകയുള്ളൂ. ആ ബാധയാകട്ടെ, യാഥാര്‍ഥ്യമൊന്നുമല്ല താനും. അതൊരു മതിഭ്രമം മാത്രമാണ്. ദുര്‍ബ്ബലമനസ്‌കനല്ല പ്രവാചകന്‍. അദ്ദേഹത്തെ മതിഭ്രമം ബാധിക്കുക എന്നത് സംഭവ്യവുമല്ല.


രോഗമോ മറ്റ് ക്ലേശമോ ബാധിക്കുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ഖുര്‍ആന്‍ ഓതി ഊതുകയോ കൈകളില്‍ ഊതി ശരീരത്തില്‍ തടവുകയോ ചെയ്യാറുണ്ട്. മാനസികവും ആത്മീയവുമായ ആശ്വാസവും ഒപ്പം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗവുമാണ് ഖുര്‍ആന്‍. എന്നാല്‍, ഈ ഊത്തിനെ മന്ത്രിച്ചൂത്ത് എന്ന ചികിത്സാനുഷ്ഠാനമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട് പില്‍ക്കാലത്ത് ചിലര്‍. റുഖയ്യഃ ശറഇയ്യഃ (നിയമാനുസാരിയായ ഊത്ത്) എന്ന് അതിന് വിചിത്രമായൊരു പേരും നല്‍കി. നബിയോ മറ്റാരെങ്കിലുമോ ദൈവവചനം പാരായണം ചെയ്ത് കൈകള്‍ കൊണ്ട് തടവുമ്പോള്‍ ലഭിക്കുന്ന സാന്ത്വനമാണ് നബിചര്യയിലെ മറ്റൊരു പാഠം. എന്നാല്‍, അതിന് പകരം വചനങ്ങളും മന്ത്രങ്ങളും ഏലസ്സുകളിലേക്ക് ഊതി ആവാഹിച്ച് ശരീരത്തില്‍ ബന്ധിക്കുന്ന ത്വല്‍സമാത് വിദ്യയിലേക്ക് മുസ്‌ലിം സമൂഹം പിന്നീട് പതിച്ചു.

വേദപ്രമാണങ്ങളോ മതത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളോ അല്ല, പില്‍ക്കാലത്തെ നിരര്‍ഥക സംവാദങ്ങളും സ്വാര്‍ഥ താത്പര്യങ്ങളും ഭയപ്പാടുകളുമൊക്കെയാണ് മതത്തില്‍ ആഭിചാരത്തിന്റെ സ്വാധീനം സാധ്യമാക്കിയത് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നു. അതായത്, യഥാര്‍ഥ മതത്തിന്റെയും ആഭിചാരമതത്തിന്റെയും വഴികള്‍ രണ്ടും രണ്ടാകുന്നു. അതേസമയം മതം അതിന്റെ വിശുദ്ധിയില്‍ നിന്ന് തെറ്റുമ്പോള്‍ അതില്‍ ആഭിചാരം കടന്നുകൂടിയിട്ടുണ്ട്.

***** ***** *****

മതത്തിന്റെ കാര്യം മാത്രമല്ലിത്. മനുഷ്യന്റെ ഏത് ജ്ഞാനവും, പ്രത്യേകിച്ച് ശാസ്ത്രജ്ഞാനം, ആ ജ്ഞാനത്തെക്കുറിച്ച ശരിയായ ബോധത്തിന്റെ അഭാവത്തില്‍ ഇപ്രകാരം പിഴക്കാം. ഗ്രഹനില, പഞ്ചാംഗം, സമയം, കാലാവസ്ഥ തുടങ്ങിയവയൊക്കെ നിരീക്ഷണങ്ങളിലൂടെ മനുഷ്യന്‍ കണ്ടെത്തിയതും പ്രയോജനപ്പെടുത്തിയതും പിന്നീട് കൂടുതല്‍ സൂക്ഷ്മമായ അറിവുകളിലൂടെ കൂടുതല്‍ കൃത്യത വരുത്തി വികസിപ്പിച്ചതുമായ യാഥാര്‍ത്ഥ്യങ്ങളാണ്.

എന്നാല്‍, ഗ്രഹനിലയെക്കുറിച്ചുള്ള അറിവിന്റെ തെറ്റായ പ്രയോഗമാണ് ഫലഭാഗജ്യോതിഷത്തിലേക്ക് നയിച്ചത്. ശാസ്ത്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ച അറിവും ശാസ്ത്രബോധവും രണ്ടാണ് എന്ന് വ്യക്തം. ഇതുപോലെ മതനിയമങ്ങളെക്കുറിച്ച അറിവും മതബോധവും രണ്ടാണ്. ശാസ്ത്രബോധത്തില്‍ ഫലഭാഗമുണ്ടാകില്ല. മതത്തില്‍ ആഭിചാരവുമുണ്ടാകില്ല. ഇത് രണ്ടും ചേരുന്നിടത്താകട്ടെ, ആഭിചാരം ഫലപ്പെടുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയുമില്ല.

ഇലക്ട്രിക്കല്‍ കൊറോണല്‍ ഡിസ്ചാര്‍ജുകളുടെ പ്രതിഭാസം പകര്‍ത്താന്‍ സഹായകമായ ഫോട്ടോഗ്രഫിക് ടെക്നിക്കുകളുടെ ശേഖരമത്രേ കിര്‍ലിയന്‍ ഫോട്ടോഗ്രഫി. എന്നാല്‍, ഇതിനെ പാരനോര്‍മല്‍ ആയ ഓറ എന്ന സങ്കല്‍പവുമായി ബന്ധപ്പെടുത്തി ഒട്ടേറെ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. ശാസ്ത്രീയാടിത്തറയൊന്നുമില്ലാത്ത കുണ്ഡലിനി ഉദ്ദീപനത്തിലേക്ക് വരെ ഈ സാങ്കേതികവിദ്യ ചേര്‍ക്കപ്പെട്ടു. ആസ്ട്രല്‍ ബോഡി (സൂക്ഷ്മകായം), സറ്റ്ല്‍ ബോഡി (ഗൂഢകായം) തുടങ്ങിയ സിദ്ധാന്തങ്ങളെയൊക്കെ കിര്‍ലിയന്‍ മായാജാലം കൊണ്ട് സ്ഥാപിച്ചെടുക്കാനുള്ള യത്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓറയുടെ (തേജോവലയം) ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും പൊസിറ്റീവ്, നെഗറ്റീവ് എനര്‍ജികളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സിദ്ധാന്തങ്ങള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു.


രാശി, രാശിചക്രം (zodiac) എന്നവ അസംബന്ധമൊന്നുമല്ല. എന്നാല്‍, രാശിചക്രത്തെക്കുറിച്ച നിരീക്ഷണാധിഷ്ഠിതവും ശാസ്ത്രീയവുമായ അറിവുകള്‍ തന്നെയാണ് ഹൊറോസ്‌കോപ് തുടങ്ങിയ അസംബന്ധങ്ങളുടെയും വേരായിത്തീര്‍ന്നത്.

ആത്മാവ്, ചെകുത്താന്‍ തുടങ്ങിയ ആശയങ്ങളിലൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ ഇ്ന്ന് അവയെച്ചൊല്ലി നിലനില്‍ക്കുന്ന ആശങ്കകള്‍ ഉള്ളടങ്ങിയിട്ടില്ല. പല കാരണങ്ങളാലും പല താത്പര്യങ്ങളുടെ പേരിലും വികലമാക്കപ്പെട്ടതാണ് അത്തരം സങ്കല്‍പങ്ങള്‍.

***** ***** *****

കേരളത്തില്‍ ഈയടുത്ത് നടന്ന നരബലി എന്ന് കരുതപ്പെടുന്ന ദാരുണസംഭവവുമായി ബന്ധപ്പെട്ട് വിശ്വാസത്തെയും അന്ധവിശ്വാസത്തെയും സംബന്ധിച്ച ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

ഒന്നാമത് ആചാരവും വിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ട്. ആചാരങ്ങള്‍ക്ക് വിശ്വാസവുമായി ബന്ധമുണ്ടാകാം. എന്നാല്‍, മതത്തിലോ ദൈവത്തിലോ ഉള്ള വിശ്വാസവുമായി ബന്ധമില്ലാത്ത ആചാരങ്ങളുമുണ്ട്. ഒരു സവിശേഷ സാമൂഹ്യവിഭാഗത്തിലെ ആളുകളെ തമ്മില്‍ ഏതോ തരത്തില്‍ ബന്ധിപ്പിക്കുന്ന സമ്പ്രദായങ്ങളെയാണ് ആചാരങ്ങള്‍ (customs) എന്ന് വിളിക്കുക. അനുവര്‍ത്തിക്കേണ്ടത് ഒരു വ്യക്തി മാത്രമായിരിക്കുന്ന ആചാരങ്ങളില്‍പ്പോലും ആ വ്യക്തി, നിശ്ചിത സാമൂഹ്യവിഭാഗത്തിലെ അംഗമെന്ന നിലയില്‍ മാത്രമാണ് അത് അനുവര്‍ത്തിക്കുന്നത്.


അതേസമയം ഒരു വ്യക്തി, അയാളുടെ ഇഷ്ടപ്രകാരം ആവര്‍ത്തിച്ചോ തുടര്‍ച്ചയായോ അനുവര്‍ത്തിക്കുന്ന ചില പ്രവര്‍ത്തനങ്ങളുണ്ടാകാം. അവയെ ശീലങ്ങള്‍ (deeds) എന്നാണ് പറയുക. ആചാരങ്ങള്‍ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യഭദ്രതയിലും അതുമായി ബന്ധപ്പെട്ട മര്യാദകളിലുമാണ് ഊന്നുന്നതെങ്കില്‍ ശീലങ്ങള്‍ അതത് വ്യക്തികളെ മാത്രം ബാധിക്കുന്നതാണ്. ഈ ശീലങ്ങളുടെ അടിസ്ഥാനം വൈയക്തികമായ അഭിനിവേശങ്ങളോ സ്വഭാവപ്രകൃതങ്ങളോ ആകാം. സാമൂഹികമായ നിര്‍വഹണം മതിയാകുന്നതും ഓരോ വ്യക്തിയുടെയും മേല്‍ അടിച്ചേല്‍പിക്കാത്തതുമായിരിക്കും കൂടുതല്‍ ആചാരങ്ങളും. എന്നാല്‍, സാമൂഹ്യബന്ധങ്ങളുടെ ഭദ്രതയെ ബാധിക്കുന്ന വിഷയത്തില്‍ വൈയക്തിക ശീലങ്ങളില്‍ ആചാരം ഇടപെടും.

പുരോഗമനോന്മുഖമായ ഏതൊരു സമൂഹവും ആചാരങ്ങളെ നിരന്തര നവീകരണത്തിന് വിധേയമാക്കും. ഈ നവീകരണത്തില്‍ മാറ്റാന്‍ പറ്റുന്നതും പറ്റാത്തതുമായ ആചാരരൂപങ്ങളുണ്ടാകാം. സമൂഹത്തെ പുറകോട്ടടിപ്പിക്കുകയോ വ്യക്തിയുടെ സ്വാതന്ത്ര്യത്തിലും ഇച്ഛയിലും അനാവശ്യവും പ്രതിലോമപരവുമായ ഇടപെടലുകള്‍ നടത്തുകയോ ചെയ്യുമ്പോഴാണ് സാമൂഹികാചാരങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ അനിവാര്യമായിത്തീരുന്നത്. ഒരു സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ കല്‍പിക്കുന്ന ആചാരങ്ങളും ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

പ്രതിലോമപരമായ ഇത്തരം ആചാരങ്ങളെ നാമിവിടെ അനാചാരങ്ങള്‍ (bad customs) എന്ന് വിളിക്കുന്നു. അതേസമയം വൈയക്തികശീലങ്ങളില്‍ കടന്നുകൂടുന്ന ചില അരുതായ്മകളെ നാം അകൃത്യങ്ങളായോ ദുശ്ശീലങ്ങളായോ (misdeeds) അടയാളപ്പെടുത്തുന്നു. വ്യക്തിയുടെ ഇത്തരം അകൃത്യങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സമൂഹത്തിന് അധികാരമുണ്ട്. അതായത്, ശീലങ്ങള്‍ക്ക് മേല്‍ ആചാരങ്ങളുടെ നിയന്ത്രണം ഉണ്ടാകും. അത് ഒരു വ്യക്തിയുടെ സാധ്യതകളെ നിരാകരിക്കുന്നതോ സ്വാതന്ത്ര്യത്തെ തടയുന്നതോ അഭിനിവേശങ്ങളെയും വികാരങ്ങളെയും പരിഗണിക്കാതിരിക്കുന്നതോ സമത്വവും നീതിയും ആവിഷ്‌കാരപരവുമൊക്കെയായ അവകാശങ്ങളെ ലംഘിക്കുന്നതോ ആകുമ്പോഴാണ് ആചാരം അനാചാരമായി മാറുന്നത്.

ഇത്തരം പ്രതിഫലനങ്ങള്‍ കൂടുതല്‍ കടുത്തതാവുകയും ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണോത്സുകത പ്രകടിപ്പിക്കുകയും ഒരു പ്രത്യേക സാമൂഹ്യവിഭാഗത്തെയോ അതിനെ ഉള്‍ക്കൊള്ളുന്ന വിശാല ഉപരിഘടനയെയോ കൂടുതല്‍ പിന്തിരിപ്പത്തത്തിലേക്ക് നയിക്കുകയും മനുഷ്യാവകാശങ്ങള്‍ക്കോ അന്തര്‍ സമൂഹബന്ധങ്ങള്‍ക്കോ കൂടുതല്‍ മാരകമായ പരിക്കേല്‍പിക്കുകയും ചെയ്യുമ്പോള്‍ അവയെ നാം ദുരാചാരങ്ങള്‍ (evil customs) എന്ന് വിളിക്കുന്നു. സമാന്തരമായ വൈയക്തിക ശീലങ്ങളെയും കര്‍മങ്ങളെയും ദുര്‍വൃത്തി (immorality)എന്നോ അക്രമം (offence) എന്നോ വിളിക്കാം.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ നരബലി ഒരു ദുരാചാരമാണ്. സമൂഹഭദ്രതക്ക് അനിവാര്യമായ ചില ആചാരങ്ങള്‍ നിഷ്‌കര്‍ഷിക്കുമ്പോഴും മതം ഒരിക്കലും ദുരാചാരങ്ങളെ അംഗീകരിക്കുന്നില്ല. ദുശ്ശീലങ്ങളും അതിലേക്ക് നയിക്കുന്ന ദുര്‍വിചാരങ്ങളുമാകട്ടെ, വേദപാഠങ്ങള്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഏത് മതപ്രതലത്തില്‍ നിന്നുകൊണ്ടാണെങ്കിലും ഇതാണ് ശരി എന്നതിന് പ്രാമാണികമായ ധാരാളം ഉദാഹരണങ്ങള്‍ മുകളില്‍ കണ്ടെത്താം. ദുരാഗ്രഹങ്ങളാണ് ദുര്‍വൃത്തികളുടെ പ്രേരകം. ദുരാഗ്രഹങ്ങളെയാണ് മതാടിസ്ഥാനമുള്ള ദര്‍ശനങ്ങള്‍ മനുഷ്യന്റെ ശത്രുക്കളായി പരിഗണിക്കുന്നത്.

കേരളത്തില്‍ നടന്ന നരബലിയും ദുരാഗ്രഹത്തിന്റെ പേരിലുള്ളതാണ്. ഇതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സത്യത്തില്‍ അന്ധവിശ്വാസം എന്ന പ്രയോഗം പോലും സൂക്ഷ്മമല്ല. ഒരു വസ്തുവിനെയോ ആശയത്തെയോ സംബന്ധിച്ച് ഒരാള്‍ പുലര്‍ത്തുന്ന സ്വീകരണ, നിരാകരണ ബോധങ്ങളെ പ്രഥമമായി വിശ്വാസം എന്ന ഗണത്തില്‍ പെടുത്താം. വിശ്വസിക്കുന്ന കാര്യം സത്യമാണെങ്കിലും അല്ലെങ്കിലും അയാളുടെ വിശ്വാസത്തിന് ഹേതുബോധത്തിന്റെയും യുക്തിബോധത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ അത് ബോധ്യമായിത്തീരും. അത്തരം പിന്തുണകള്‍ ഇല്ലാത്ത വിശ്വാസങ്ങള്‍ അന്ധവുമാകും. അവയെയാണ് നാം അന്ധവിശ്വാസങ്ങള്‍ എന്ന് വിളിക്കുക.

എന്നാല്‍, എല്ലാ അന്ധവിശ്വാസവും ദുരാചാരങ്ങളിലേക്ക് നയിക്കുന്നില്ല. ഒരു മതവിശ്വാസി, യഥാര്‍ഥ മതതത്വങ്ങളിലാണ് അയാള്‍ വിശ്വസിക്കുന്നതെങ്കില്‍, ഒരിക്കലും ആഭിചാരത്തിലേര്‍പ്പെടുകയില്ല. എന്തെന്നാല്‍ മതം ഏതവസ്ഥയിലും ആഭിചാരങ്ങള്‍ക്ക് എതിരാണ്. ആഭിചാരത്തെയും മന്ത്രവാദത്തെയുമൊക്കെ മഹാപാപമായോ നിഷിദ്ധമായോ തന്നെ മതം കാണുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നോ ഉണ്ടാകില്ലെന്നോ ഒരാള്‍ക്ക് വിശ്വസിക്കാം. അതിനെ അന്ധവിശ്വാസം എന്ന് മറ്റുള്ളവര്‍ക്ക് വിശേഷിപ്പിക്കുകയുമാവാം. അതേസമയം ആഭിചാരം തെറ്റും ദുരാചാരവുമാണ് എന്ന കാര്യത്തില്‍ മതബോധമുള്ളവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല.

വിശ്വാസം എന്നതിനെ പാടെ മാറ്റിനിര്‍ത്തുന്ന ഒരു സമൂഹം ഉണ്ടാകുക എന്നത് അപ്രായോഗികമാണ്. അതിനാല്‍ ദുരാചാരങ്ങളെയും ആഭിചാരത്തെയും നേരിടുന്നത് യഥാര്‍ത്ഥ വിശ്വാസം കൊണ്ടാവുന്നതാണ് കരണീയം. എന്നിരിക്കെ വിശ്വാസത്തിനെതിരെ പോരടിക്കുന്നത് ദുര്‍വൃത്തികള്‍ വര്‍ദ്ധിപ്പിക്കാനേ ഉതകുകയുള്ളൂ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മുഹമ്മദ് ശമീം

Writer

Similar News