മണിപ്പൂര്‍: വംശഹത്യാ മുനമ്പിലെ കുക്കികള്‍

എവിടെ നോക്കിയാലും തോക്കേന്തിയ പട്ടാളക്കാരുടെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സഞ്ചാര നിയന്ത്രണമുള്ള ഇവിടെ എത്തുന്ന ഓരോരുത്തരെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്.

Update: 2023-10-28 05:28 GMT
Advertising

മണിപ്പുരിലെ വംശീയ കലാപം ഇപ്പോഴും അനന്തമായി തുടരുകയാണ്. അഞ്ച് മാസത്തിലധികമായി തുടരുന്ന മണിപ്പൂരിലെ 'വംശീയ' സംഘര്‍ഷം പോലെയൊന്ന് രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സ്വാതന്ത്രാനന്തര കാലത്ത് രാജ്യത്ത് അനേകം വംശീയ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയധികം നീണ്ടു നിന്ന ഒരു കലാപ കാലവും രാജ്യത്ത് ഉണ്ടായിട്ടില്ല. ആധുനിക സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന രാജഭരണ കാലത്ത് രണ്ട് രാജ്യക്കാരോ, രണ്ട് വിഭാഗക്കാരോ തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ പോലും ഇത്രയധികം കാലം നീണ്ട ഏറ്റുമുട്ടലുകള്‍ നടന്നത് അപൂര്‍വമായിരിക്കും. എന്നാല്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമായ മണിപ്പൂരില്‍ ഇന്നും വൈഷ്ണവ വിഭാഗക്കാരായ മെയ്‌തേയ്കളും ഗോത്രവിഭാഗക്കാരായ കുക്കി-സോമി വംശജരും പരസ്പരം ഏറ്റുമുട്ടുകയാണ്. വളരെ ആസൂത്രിതമായി രാജ്യത്തെ പ്രബല ഗോത്രവര്‍ഗ ജനതയായ ഒരു സമൂഹത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നതിന്റെ പരീക്ഷണ ഭൂമിയാണ് മണിപ്പൂര്‍.

വീടുകള്‍ തീയിട്ട് നശിപ്പിച്ചും, സമാധാനം കണ്ടെത്തിയിരുന്ന ആരാധനാലയങ്ങള്‍ ഒന്നൊന്നില്ലാതെ തകര്‍ത്തും, വിദ്യാഭ്യാസം നല്‍കാനായി നിര്‍മിച്ചിരുന്ന കെട്ടിടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നിലംപരിശാക്കിയും, ഒടുവില്‍ ഭൂമിയില്‍ ജീവിച്ചു എന്നതിന് തെളിവില്ലാത്ത തരത്തില്‍ ഒരു രേഖകളും അവശേഷിക്കാത്ത തരത്തിലാണ് ഗോത്രവര്‍ഗ ജനതയുടെ മേല്‍ മെയ്‌തേയ്കളിലെ കലാപകാരികള്‍ അഴിഞ്ഞാടിയത്.

മെയ്‌തേയ്കളും കൂക്കി-സോമി-നാഗ വിഭാഗക്കാരായ ഗോത്ര ജനതയും പതിറ്റാണ്ടുകളായി മണിപ്പൂരിന്റെ മണ്ണിലെ സ്ഥിരാവകാശികളാണ്. ഇതില്‍ മെയ്‌തേയ്കള്‍ താഴ്‌വര കേന്ദ്രീകരിച്ചും ഗോത്രജനത മലമ്പ്രദേശങ്ങളിലുമായിട്ടാണ് കഴിഞ്ഞു വരുന്നത്. ഇവിടെ ഭൂമിയുടെ കൂടുതല്‍ അവകാശം ഗോത്ര ജനതക്കാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തേയ്കള്‍ക്ക് ഭൂമിയുടെ പത്ത് ശതമാനത്തില്‍ മാത്രമാണ് അധികാരം. കുക്കികള്‍ക്കാവട്ടെ മെയ്‌തേയ്കളിലെ പത്ത് ശതമാനം ഭൂമിയും വേണമെങ്കില്‍ വാങ്ങാം. ഈ വൈരുധ്യത്തില്‍ നിന്നാണ് അനേകം വര്‍ഷങ്ങളായി നീറിപ്പുകയുന്ന വംശീയ കലാപത്തിന്റെ ആവിര്‍ഭാവം. വിശാലമായി പരന്നു കിടക്കുന്ന ഫലഭൂയിഷ്ടവും സമ്പല്‍ സമൃദ്ധവുമായ ഭൂമിയുടെ അധികാരം തിരിച്ചു പിടിക്കുക എന്നതിന്റെ ആകെ തുകയാണ് മണിപ്പൂരിലെ കുക്കികളുടെ വംശീയ ഉന്മൂലനം. 


ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കുക്കികളുടെ മക്കയായ ചുരാചന്ദ്പൂരില്‍ (ഈ സ്ഥലത്തിന്റെ പേര് ലംക എന്ന് കുക്കികള്‍ മാറ്റിയിട്ടുണ്ട്.) എത്തിയാല്‍ അവിടുത്തെ പട്ടണ നടുവില്‍ കുക്കികള്‍ ഒരു 'ഓര്‍മ മതില്‍' (wall of rememberence) സ്ഥാപിച്ചിട്ടുണ്ട്. കലാപത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ ധീരരായ രക്തസാക്ഷികളുടെ ഓര്‍മക്കായി. 129 പേരുടെ ഫോട്ടോയും അതിന് മുമ്പില്‍ നിര നിരയായി നിരത്തിയിട്ടിരിക്കുന്ന 129 പേരുടെ ആത്മാവില്ലാത്ത ശവപ്പെട്ടികളും കാണാം. ഇതിന് മുമ്പില്‍ ദിവസവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എത്തി അവരുട ഓര്‍മകള്‍ പുതുക്കുന്ന കാഴ്ചകളും കാണാം. വെടി വെച്ചും തലകള്‍ അറുത്തു മാറ്റിയും ബലാത്സംഗം ചെയ്തും കൊന്നവരുടെ കണക്കുകള്‍ നിരവധിയാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ക്കും എത്രയോ അധികമാണത്. വീടുകള്‍ തീയിട്ട് നശിപ്പിച്ചും, സമാധാനം കണ്ടെത്തിയിരുന്ന ആരാധനാലയങ്ങള്‍ ഒന്നൊന്നില്ലാതെ തകര്‍ത്തും, വിദ്യാഭ്യാസം നല്‍കാനായി നിര്‍മിച്ചിരുന്ന കെട്ടിടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നിലംപരിശാക്കിയും, ഒടുവില്‍ ഭൂമിയില്‍ ജീവിച്ചു എന്നതിന് തെളിവില്ലാത്ത തരത്തില്‍ ഒരു രേഖകളും അവശേഷിക്കാത്ത തരത്തിലാണ് ഗോത്രവര്‍ഗ ജനതയുടെ മേല്‍ മെയ്‌തേയ്കളിലെ കലാപകാരികള്‍ അഴിഞ്ഞാടിയത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗോത്രവര്‍ഗ ജനതക്ക് എതിരായപ്പോള്‍ കലാപം ആസൂത്രണം ചെയ്തവര്‍ എന്താണോ ഉദ്ദേശിച്ചത് അത് നടപ്പാവുകയാണ് മണിപ്പൂരിലുണ്ടായത്. ഇന്ന് എല്ലാം നഷ്ടപ്പെട്ട് പതിനായിരക്കണക്കിന് പേര്‍ എങ്ങോട്ട് പോകണമെന്നറിയാതെ നൂറ് കണക്കിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു കഴിയുന്നു. തങ്ങള്‍ക്ക് മാത്രമായി ഒരു സ്വതന്ത്ര ഭരണമെന്ന ആവശ്യവുമായി ഇവര്‍ സമര രംഗത്താണ്. എന്നാല്‍, ഇത് ഒരിക്കലും നടക്കാത്ത സ്വപ്നമാണന്ന് മെയ്‌തേയ്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നും മെയ്‌തേയ്കളുടെ ആക്രമത്തില്‍ നിന്നും രക്ഷനേടാന്‍ കുക്കികള്‍ അഭയം കണ്ടെത്തുന്നത് ബങ്കറുകളെയാണ്. ഓരോ ഗ്രാമത്തിലും, കൃഷിസ്ഥലങ്ങളിലും രക്ഷക്കായി ബങ്കറുകളില്‍ തോക്കേന്തി നില്‍ക്കുന്ന യുവാക്കളെ കാണാം. കൗമാരക്കാരായ യുവാക്കളും, യുവതികളുമൊക്കെ ആധുനിക യന്ത്ര തോക്കുകള്‍ വരെ ഇവിടെ സുരക്ഷക്കായി ഉപയോഗിക്കുന്നു. പഠനം എന്നത് ആന്യമായി തീര്‍ന്ന കൗമാരങ്ങള്‍ ഇവിടെ തോക്കേന്തി നില്‍ക്കുന്നത് അതിജീവനത്തിന് വേണ്ടിയാണ്. 


കലാപത്തിന് മുമ്പ് തലസ്ഥാന നഗരമായ ഇംഫാല്‍ മെയ്‌തേയ്കളെപ്പോലെ കുക്കി - സോമി വിഭാഗക്കാര്‍ക്കും സ്വാധീന മേഖലയായിരുന്നു. എന്നാലിന്ന് ഒരു കുക്കിയും ഇവിടെ അവശേഷിക്കുന്നില്ല. സമ്പന്നരായ കുക്കികളുടെ ഭവനങ്ങള്‍ തിയിട്ടും, വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചും മെയ്‌തേയ്കളിലെ തീവ്ര വിഭാഗക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ ജീവനും കൊണ്ടോടിയ കുക്കികള്‍ മൈലുകള്‍ക്കകലെയുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതമ്പലുകളുമായി കഴിയുന്നു. ഇപ്പോഴും തുടരുന്ന വെടിയൊച്ചകള്‍ സംഘര്‍ഷം നിലനിര്‍ത്തുകയാണിവിടെ. സ്വതന്ത്രമായ ഒരു യാത്ര പോലും അന്യമായ ഇവിടേക്ക് ഇപ്പോള്‍ ആരും കടന്നുവരുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമ്പന്നമായ വിവിധസംസ്‌കാരങ്ങളുടെ കേന്ദ്രമായിരുന്നു മണിപ്പൂര്‍. ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ കച്ചവട കേന്ദ്രമായ ഇമാ മാര്‍ക്കറ്റ്, ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് ( Floating lake ), വാര്‍ഷിക ഉത്സവമായ സാംഗായ് ഫെസ്റ്റ് തുടങ്ങിയ ആസ്വദിക്കാന്‍ ഇവിടെ എത്തുന്നത് നിരവധി പേരാണ്. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും തോക്കേന്തിയ പട്ടാളക്കാരുടെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സഞ്ചാര നിയന്ത്രണമുള്ള ഇവിടെ എത്തുന്ന ഓരോരുത്തരെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്.



 


 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബഷീര്‍ മാടാല

Freeland Journalist

Author

Similar News