സംവരണത്തില്‍ വിഷം കലര്‍ത്തിയ മോദി സര്‍ക്കാര്‍

ബി.ജെ.പി അടിസ്ഥാനപരമായി ജാതീയതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയാണ്, അതിനാല്‍ സംവരണ നയങ്ങളെ അവര്‍ എതിര്‍ക്കുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, സമത്വം, നീതി എന്നിവയൊന്നും ബി.ജെ.പി യുടെ പരിഗണനയില്‍ ഇല്ല. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 8

Update: 2024-05-29 10:58 GMT
Advertising

സംവരണത്തിന്റെ അടിസഥാന തത്വങ്ങളെ നിരാകരിക്കുന്നതാണ് ബി.ജെ.പിയുടെ സംവരണ നയം. ആത്യന്തികമായി ബി.ജെ.പി സംവരണത്തിന് എതിരാണ്. എന്നിരുന്നാലും സംവരണത്തിന്റെ രാഷ്ട്രീയ അധികാര സാധ്യതകളെ മുന്നില്‍കണ്ടുകൊണ്ട് ചില സമുദായങ്ങള്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നതും കാണാം.

വാഗ്ദാനങ്ങള്‍

> സാമൂഹ്യ നീതി.

> പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ മുന്‍ഗണന.

> ഉപ സംവരണം നടപ്പാക്കല്‍.

യഥാര്‍ഥത്തില്‍ സംഭവിച്ചത്.

> സംവരണത്തിനായി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍.

> ഉപ സംവരണം ആവശ്യപ്പെട്ട് നിരവധി സമുദായങ്ങള്‍ രംഗത്ത് വന്നു.

> എല്ലാ തിരഞ്ഞെടുപ്പിനും മുമ്പ് നീതി ലഭ്യമാക്കുമെന്ന തെറ്റായ വാഗ്ദാനങ്ങള്‍.

> പോരാടുന്ന ഒരു സമുദായത്തെയും സംവരണത്തിനായി പരിഗണിച്ചില്ല.

> ഉപസംവരണ പ്രശ്‌നം പരിഹരിക്കുന്നതിന് ഭരണഘടനയുടെ 341/3 വകുപ്പില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇത് വരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെങ്കിലും, അത് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല.

> എല്ലാ പിന്നാക്ക, ദലിത്, ഗോത്ര, ശൂദ്ര സമുദായങ്ങള്‍ക്കും സംവരണം നല്‍കണമെങ്കില്‍ പരമാവധി 50% സംവരണ പരിധി എടുത്തുകളയണം. എന്നാല്‍, ഇക്കാര്യത്തില്‍ ബി.ജെ.പി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

അതേസമയം ബി.ജെ.പി ചെയ്ത ചില കാര്യങ്ങള്‍ ആണ് ചുവടെ.

> സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും അവ മനഃപൂര്‍വം നികത്താതെ വിടുന്നു. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലകളിലും സ്വീകരിക്കുന്ന കരാര്‍ നിയമനം സംവരണത്തെ അര്‍ഥ ശ്യൂന്യമാക്കുകയാണ്.

> സംവരണത്തിന്റെ മറവില്‍ സമുദായങ്ങള്‍ പരസ്പരം മത്സരിക്കുകയും തെരുവില്‍ പോലും സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. തങ്ങളുടെ സമുദായത്തിന് സംവരണം നല്‍കുമെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു. എന്നാല്‍, വാസ്തവത്തില്‍, മറ്റു അജണ്ടകള്‍ നിറവേറ്റുന്നതിനായാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. യഥാര്‍ഥത്തില്‍, ഇവര്‍ വഞ്ചിക്കപ്പെടുകയാണ്.

> പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ നടത്തിയ ജാതി സെന്‍സസ് അംഗീകരിക്കാന്‍ ബി.ജെ.പി വിസമ്മതിക്കുന്നു. പുതിയ ജാതി സെന്‍സസ് നടത്താന്‍ അവര്‍ തയ്യാറുമല്ല. സമഗ്രമായ ജാതി സെന്‍സസ് നടത്തുന്നത് ഓരോ ജാതിയിലെയും ജനസംഖ്യയും അവരുടെ സാമൂഹിക-സാമ്പത്തിക നിലയും കൃത്യമായി കണക്കാക്കാനും ഉചിതമായ സംവരണ നയങ്ങള്‍ നടപ്പാക്കാനും സഹായിക്കും. എന്നാല്‍, ഈ ശാസ്ത്രീയ സമീപനത്തോട് ബി.ജെ.പി യോജിക്കുന്നില്ല.

> ഒരിക്കലും ആവശ്യപ്പെട്ടില്ലെങ്കിലും ബ്രാഹ്മണ സമുദായത്തിന് ബി.ജെ.പി പ്രത്യേക സംവരണം നല്‍കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 4% മാത്രം വരുന്ന ഒരു പ്രിവിലേജ്ഡ് സമുദായത്തിനാണ് 10% സംവരണം നല്‍കിയിട്ടുള്ളത്. ഈ സംവരണം നടപ്പാക്കുന്നതിന് മുമ്പ് ഒരു പഠനം നടത്തുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. ഉത്തരവുകളിലൂടെ ഇത് നേരിട്ട് നടപ്പാക്കുകയാണ് ചെയ്തത്. 50 ശതമാനം സംവരണം എന്ന പരമാവധി പരിധി പോലും ഈ നീക്കത്തിന് തടസ്സമായില്ല എന്നതാണ് വിചിത്രമായ കാര്യം. മറ്റ് സമുദായങ്ങള്‍ സംവരണത്തിനായി പോരാടുമ്പോള്‍, ഈ സമുദായത്തിന് ചോദിക്കാതെ അത് ലഭിച്ചു. മറ്റ് സമുദായങ്ങള്‍ സംവരണത്തിനായി സമരം ചെയ്യുമ്പോള്‍ സംവരണത്തിന്റെ വാതിലുകള്‍ അവര്‍ക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സംവരണ രാഷ്ട്രീയം ഇന്ന് രാഷ്ട്രീയ രംഗത്തെ ഒരു പ്രധാന യുദ്ധക്കളമാണ്. 


എന്താണ് കാരണങ്ങള്‍.

> ബി.ജെ.പി എന്നത് ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ മുന്നണി സംഘടന മാത്രമാണ്.

> ആര്‍.എസ്.എസ് എന്നത് അടിസ്ഥാനപരമായി ഒരു ബ്രാഹ്മണ സംഘടനയാണ്.

> ആദ്യ കാലം മുതലേ ആര്‍.എസ്.എസ് സംവരണത്തിന് എതിരായിരുന്നു.

> പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടപ്പോഴും എ.ബി.വി.പി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ട് എന്നത് നാം ഓര്‍ക്കേണ്ടതാണ്.

> മാഡിഗ, ലാമ്പനി, ബോവി തുടങ്ങിയ സമുദായങ്ങള്‍ക്കും ആദിവാസികള്‍ക്കും സംവരണം വര്‍ധിപ്പിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം ജനങ്ങളെ വീണ്ടും കബളിപ്പിക്കാനും അവരുടെ വോട്ടുകള്‍ നേടാനും ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ തന്ത്രം മാത്രമാണ്.

> ബി.ജെ.പി അടിസ്ഥാനപരമായി ജാതീയതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയാണ്, അതിനാല്‍ സംവരണ നയങ്ങളെ ഇവര്‍ എതിര്‍ക്കുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, സമത്വം, നീതി എന്നിവയൊന്നും ബി.ജെ.പി യുടെ പരിഗണനയില്‍ ഇല്ല.

> മേല്‍പ്പറഞ്ഞ എല്ലാ നിരീക്ഷണങ്ങളും കണ്ടിട്ടും ബി.ജെ.പി ആരുടെ പക്ഷത്താണെന്ന് വ്യക്തമായി മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍, നമ്മള്‍ സ്വയം ചോദ്യം ചെയ്യേണ്ടതാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയെ വിശ്വസിക്കുന്നത് കശാപ്പുകാരനെ വിശ്വസിക്കുന്ന ആടുകളെ പോലെയാണ്.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News