രാജാധിപത്യ മഹാരാജാസ്; വിദ്യാര്‍ഥിമാതാവിന് പറയാനുള്ളത്

എസ്.എഫ്.ഐയുടെ കാമ്പസ് സമഗ്രാധിപത്യം നോര്‍മലൈസ് ചെയ്യപ്പെടുന്നത് അവരുടെ അക്രമ 'വാശി'സം കാമ്പസില്‍ വര്‍ധിക്കുന്നതിന് കാരണമാണെന്ന് ആരോപിക്കുന്നു എസ്.എഫ്.ഐ ആക്രമണങ്ങളെ നേരിട്ട മഹാരാജാസ് കൊളജ് വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകയുമായ ആയിഷയുടെ മാതാവ്.

Update: 2024-02-15 08:40 GMT
Advertising

രാജകീയതയുടെ പരിവേഷമാണ് മഹാരാജാസ് എന്ന പേരെങ്കിലും സ്വേഛാധിപത്യം എന്ന രാജഗുണം പകര്‍ന്നുകിട്ടിയതാണ് ആ കാമ്പസിന്റെ മുഖഛായ എന്നതിന് ഒരു വിദ്യാര്‍ഥിമാതാവെന്ന നിലയില്‍ ഞാന്‍ സാക്ഷിയാകുന്നു. നിറമുള്ള കലാലയ സങ്കല്‍പങ്ങളും മികച്ച ബിരുദ സ്വപ്നങ്ങളും പേറിയാണവള്‍ പ്രതീക്ഷയുടെ മഹാരാജാസ് ഗേറ്റ് കടന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു പ്രതീക്ഷിച്ചയിടത്ത് നിന്ന് ആണ്‍കോയ്മയുടെയും ഇസ്‌ലാമോഫോബിയയുടെയും തിക്തയാഥാര്‍ഥ്യങ്ങളെയാണവള്‍ അഭിമുഖീകരിച്ചത്. മഹാരാജാസിന്റെ കാമ്പസ് പൊതു ഇടം എന്നാല്‍ കാലങ്ങളായി എസ്.എഫ്.ഐ ഇടമാണ്. തങ്ങളുടെ ലിബറല്‍ കാഴ്ചപ്പാടുകള്‍ മാത്രം കാമ്പസില്‍ പുലര്‍ന്നാല്‍ മതി എന്ന സ്വേഛാധികാര ചിന്തയാണ് കാമ്പസില്‍ മുഴച്ചു നില്‍ക്കുന്നതെന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന എസ്.എഫ്.ഐക്കാര്‍ സ്വാതന്ത്ര്യത്തെ തങ്ങളുടെ സംഘടനയില്‍ തളച്ചിടുന്നു. പാര്‍ട്ടിഗ്രാമങ്ങള്‍ എന്നപോലെ പാര്‍ട്ടി കാമ്പസ്. ഊരുവിലക്ക് പ്രഖ്യാപിക്കുന്നത് അപര സംഘടനകളെ വളഞ്ഞിട്ട് ആക്രമിച്ചും എതിര്‍ചേരിക്കാരുടെ അപൂര്‍വ്വ വിജയത്തെ പോലും അംഗീകരിക്കാതെ അസഹിഷ്ണുത പുലര്‍ത്തിയുമാണ്.

ഹിന്ദുത്വയുടെ വര്‍ണ്ണം സ്വീകരിക്കുന്ന അവര്‍ വിപ്ലവത്തെക്കുറിച്ച നൊസ്റ്റാള്‍ജിക് ഗാനങ്ങളെ പേറുന്നവരാണ്. 'ചോര വീണ മണ്ണില്‍നിന്നുണര്‍ന്നെണീറ്റ'വരുടെ 'പോരിട'പ്പാട്ടുകള്‍ ഗുണ്ടായിസത്തിന്റെ പ്രചോദനപ്പാട്ടുകളായി മാറുന്നതാണ് നാം കാണുന്നത്. മനുഷ്യനാകണം എന്ന് പാടുന്നവര്‍ക്ക് ധാര്‍മ്മിക മനുഷ്യനാകാന്‍ കഴിയാത്തതിന്റെ പ്രതിലോമാവസ്ഥകള്‍ മുഖം തിരിച്ചു നടക്കേണ്ടതായ ചുവര്‍ചിത്രങ്ങളും ചേഷ്ടകളുമായി വിപ്ലവപ്പെടുകയാണ്. 

ഡി.ജെ. പാര്‍ട്ടികളിലും സമാന ഡാന്‍സുകളിലും അഭിരമിക്കുന്നവരുടെ കലാലയ ആസ്വാദനത്തില്‍നിന്ന് വേറിട്ട കലാലയ അനുഭവങ്ങള്‍ തേടുന്നവര്‍ക്ക് അന്യമാകുന്ന കാമ്പസ്. എഴുപതുകളിലെ ക്ഷുഭിത യൗവനങ്ങള്‍ സമരാക്ഷരങ്ങളും സര്‍ഗ്ഗതീക്ഷ്ണവും കാല്‍പനികവുമായിരുന്നെങ്കില്‍ ഇന്നത് പ്രണയത്തിന്റെ പേരിലെ ആഭാസക്കാഴ്ചകളും ഗുണ്ടായിസവുമാണ്. ലഹരി, ഗുണ്ടാമാഫിയകളുടെ സ്വാധീനം കാമ്പസിലുണ്ടെന്ന് പി.ടി.എ ജനറല്‍ബോഡിയില്‍ പ്രിന്‍സിപ്പല്‍ തന്നെ സൂചിപ്പിച്ചതാണ്. 2023ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഫ്ഹാമിനെ ക്രൂരമായി ആക്രമിച്ചത് ഇതിന്റെ പ്രതികാരമായാണ്. ഇലക്ഷനില്‍ മൂന്നാംവര്‍ഷത്തിന്റെ സീറ്റ് നഷ്ടപ്പെട്ടതുതൊട്ടുള്ള എസ്.എഫ്.ഐയുടെ അസഹിഷ്ണുതയെക്കുറിച്ച് അന്നാളില്‍ മകള്‍ പങ്കുവെച്ചിരുന്നു. 

എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ ബിലാലിനെ ഫ്രറ്റേണിറ്റി നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

എസ്.എഫ്.ഐയുടെ കാമ്പസ് സമഗ്രാധിപത്യം നോര്‍മലൈസ് ചെയ്യപ്പെടുന്നത് അവരുടെ അക്രമ 'വാശി'സം കാമ്പസില്‍ വര്‍ധിക്കുന്നതിന് കാരണമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം താല്‍പര്യങ്ങളെ കയറൂരിവിടുന്നതാണെന്ന ധാരണയെയാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സഹപാഠിയുടെ വ്യത്യസ്ത വീക്ഷണത്തെ കൊടുംവിഷമായിക്കാണുന്ന ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങള്‍ ഡിബേറ്റ് ഗ്രൂപ്പുകളിലടക്കം പ്രകടമാണെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിക്കുന്നു.

വ്യത്യസ്തതയുടെ ജനാധിപത്യത്തിനുപകരം ഹിന്ദുത്വത്തിന്റെ അധികാരഭീഷണികളെ അഭിമുഖീകരിക്കേണ്ടിവരുന്നത് കാമ്പസുകള്‍ സമൂഹത്തിന്റെ പരിഛേദമായതുകൊണ്ടാണെന്ന് പറയുന്നതോടൊപ്പം സമൂഹ നിര്‍മ്മിതിയില്‍ കലാലയങ്ങള്‍ പങ്കെടുക്കുന്നതിന്റെ പുതുതലമുറയെക്കുറിച്ച ആശങ്കയും മനസിലാക്കപ്പെടണം. അധികാര ബന്ധങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്ന സ്റ്റീരിയോടൈപ്പ് മുന്‍വിധികള്‍ അകാരണങ്ങളായ ചാപ്പകളാകുമ്പോള്‍ അതേറ്റുവാങ്ങുന്നവര്‍ തുറന്നിടുന്ന വൈവിധ്യത്തിന്റെ നവരാഷ്ട്രീയ ഇടങ്ങളുണ്ട്. സൂക്ഷ്മ രാഷ്ട്രീയത്തിന്റെ അത്തരം അസുലഭ ഇടങ്ങളെപ്പോലും അടിച്ചമര്‍ത്തുന്ന പരമ്പരാഗത രാഷ്ട്രീയം. ഹിന്ദുത്വയുടെ വര്‍ണ്ണം സ്വീകരിക്കുന്ന അവര്‍ വിപ്ലവത്തെക്കുറിച്ച നൊസ്റ്റാള്‍ജിക് ഗാനങ്ങളെ പേറുന്നവരാണ്. 'ചോര വീണ മണ്ണില്‍നിന്നുണര്‍ന്നെണീറ്റ'വരുടെ 'പോരിട'പ്പാട്ടുകള്‍ ഗുണ്ടായിസത്തിന്റെ പ്രചോദനപ്പാട്ടുകളായി മാറുന്നതാണ് നാം കാണുന്നത്. മനുഷ്യനാകണം എന്ന് പാടുന്നവര്‍ക്ക് ധാര്‍മ്മിക മനുഷ്യനാകാന്‍ കഴിയാത്തതിന്റെ പ്രതിലോമാവസ്ഥകള്‍ മുഖം തിരിച്ചു നടക്കേണ്ടതായ ചുവര്‍ചിത്രങ്ങളും ചേഷ്ടകളുമായി വിപ്ലവപ്പെടുകയാണ്. നോ പറയാനറിയാത്തവര്‍ എന്ന തീര്‍പ്പിന്‍മേല്‍ പെണ്‍കുട്ടികളുടെ ശരീരാവകാശങ്ങളെ റദ്ദുചെയ്യുന്നവരാണവര്‍. ഹസ്തദാനം നിരസിച്ചതിന്റെ പേരില്‍ പ്രകോപിതനാവുകയും മതാധിക്ഷേപത്തിനിരയാവുകയും ചെയ്ത അനുഭവവും കുട്ടികള്‍ പങ്കുവെച്ചു. 

മഹാരാജാസിലെ അധ്യാപകന്‍ നിസാമുദ്ദീന്‍

ഒന്നാം വര്‍ഷം മുതല്‍ ബിലാലിന് കിട്ടിക്കൊണ്ടിരുന്ന അകാരണമായ മര്‍ധനങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്നാണ് സഹപാഠി റിദ പറഞ്ഞത്. ബിലാല്‍ എന്ന സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐ ഗുണ്ടകള്‍ പൊതുനിരത്തില്‍വെച്ച് തല്ലിച്ചതച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഭയംതേടിയതിനെ തുടര്‍ന്നാണ് ആയിശക്കും കൂട്ടുകാരികള്‍ക്കും കൂട്ടുകാരന്റെ ഫോണ്‍വിളി വന്നത്. ബിലാലിന്റെ ജീവന്‍ ഭീഷണിയിലാണെന്നും എസ്.എഫ്.ഐ ഭീഷണിയെതുടര്‍ന്ന് കൂട്ടുകാര്‍ ഒളിവിലാണെന്നുമറിഞ്ഞ അവര്‍ ഉറക്കം ഉപേക്ഷിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കാല്‍നടയായി പോയിക്കൊണ്ടിരിക്കെ മാരകായുധങ്ങളുമായുള്ള അക്രമിസംഘത്തിന്റെ വരവുകണ്ടാണ് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തിയത്. മുപ്പതിലധികം വരുന്ന അക്രമിസംഘം ആംബുലന്‍സിലും മറ്റും പൊലീസുകാര്‍ നോക്കിനില്‍ക്കേ അക്രമം അഴിച്ചുവിട്ട രംഗങ്ങള്‍ നാം മീഡിയകളില്‍ കണ്ടതാണല്ലൊ.

എന്റെ മകള്‍ ആയിശയെക്കൂടാതെ ഫ്രറ്റേണിറ്റി യൂണിറ്റ് വൈസ ്പ്രസിഡന്റ് റിദക്കെതിരെയും 307 വകുപ്പടക്കമുള്ള നാല് നോണ്‍ബൈലബിള്‍ ഒഫന്‍സ് വകുപ്പുകളടക്കം ചാര്‍ത്തി ഒന്‍പതോളം കേസെടുത്തിരിക്കുന്നു. കൊലപാതക ശ്രമത്തിലടക്കം പ്രതിയായ നാസറിനെ ഇക്കഴിഞ്ഞ 15ന് രാത്രി കാമ്പസില്‍വെച്ച് ഏതാനും മുഖം മൂടിധാരികള്‍ വന്ന് കുത്തിപ്പരിക്കേല്‍പിച്ച കേസിലാണ് സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ബിലാല്‍, ബാസില്‍, റിദ, ആയിശ എന്നീ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരില്‍ കേസെടുത്തിരിക്കുന്നത്. ഡിബേറ്റ് ഗ്രൂപ്പില്‍ തന്റെ നിലപാടിലുറച്ചുനിന്ന് പ്രതികരിച്ചതിനാണ് ആയിഷയെ ആസൂത്രിതമായി പ്രതിചേര്‍ത്തിരിക്കുന്നത്. ഷേക്ഹാന്റിനു വിസമ്മതിച്ചതിന് പ്രകോപിതനായ ഒരുത്തന്‍ ആശുപത്രി അങ്കണത്തില്‍ കാര്‍ക്കിച്ചുതുപ്പിക്കൊണ്ടാണ് പ്രതികാര സന്നദ്ധനായത്.

നിസാമുദ്ദീനാണ് വാതില്‍ തുറന്നത്

നിയമന അട്ടിമറിയും, വ്യാജ ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റും, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ജോലിചെയ്ത സ്ഥാപനങ്ങളില്‍നിന്നുള്ള പുറത്താക്കലുകളും യോഗ്യതയായവനാണ് മഹാരാജാസിലെ അറബിക് അധ്യാപകനും സ്റ്റാഫ് അഡൈ്വസറുമായ നിസാമുദ്ദീന്‍. തന്നെ വിദ്യാര്‍ഥികള്‍ കുത്തിപ്പരിക്കേല്‍പിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിനികളോട് അശ്ലീല മെസേജുകളിലൂടെ മാര്‍ക്ക് വാഗ്ദാനവും, വിമര്‍ശനം ഉന്നയിച്ച വിദ്യാര്‍ഥിനിയെ ഫോണിലൂടെ കേസില്‍കുടുക്കുമെന്നും മറ്റുമുള്ള ഭീഷണിയും. കൂടാതെ പാര്‍ട്ടി വിവേചന ഇടപെടലുകളും, അശ്ലീല ചാറ്റുകളും. സി.പി.എം തീറ്റിപ്പോറ്റുന്ന ഈ അധ്യാപകന്റെ 'മേന്മകള്‍' പറഞ്ഞാല്‍ തീരില്ല. ഒരധ്യാപകന്‍ എങ്ങനെയായിരിക്കരുതെന്ന് സ്വന്തത്തെവെച്ച് ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തവന്‍.

മഹാരാജാസിലെ അധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ അപാരമാണ്. ചെങ്കൊടിയേന്തിയ ശിങ്കിടികളുടെ വഷളത്തരങ്ങള്‍ക്ക് കാവലൊരുക്കി സംരക്ഷിക്കാന്‍ സി.പി.എമ്മിന്റെ യജമാനന്‍മാര്‍ ജാഗരൂകരാണ്. തന്റെ വിദ്യാര്‍ഥികളോട് അപമര്യാദയോടെ 'പെരുമാറുന്ന' നിസാമുദ്ദീന്റെ വീഡിയോ വൈറലാണ്. ഇസ്‌ലാമിസ്റ്റെന്നും വര്‍ഗ്ഗീയവാദിയെന്നും വിളിച്ചട്ടഹസിക്കുന്ന ഇയാള്‍ വിദ്യാര്‍ഥികളോട് സ്വഭാവ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇയാളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് എന്താണെന്നതിന് നാട് സാക്ഷിയായിക്കൊണ്ടിരിക്കുന്നുണ്ട്. എസ്.എഫ്.ഐ ഗുണ്ടകള്‍ മൂത്താല്‍ അധികാരവും പ്രിവിലേജും എങ്ങനെയാണ് പുതുതലമുറ സഖാക്കള്‍ക്ക് പകരുന്നതെന്നതിന്റെ ഉദാഹരണമാണ് ഡോക്ടറെന്നു പറയപ്പെടുന്ന നിസാമുദ്ദീന്‍.

സി.പി.എം അധികാരം വാഴുമ്പോള്‍ അവരുടെ പിന്‍തലമുറ രൂപപ്പെടുന്നതിന്റെ ജനാധിപത്യവിരുദ്ധതയാണ് മഹാരാജാസടക്കമുള്ള കാമ്പസുകളില്‍ വളരുന്നത്. അധികാരം സംരക്ഷിക്കുന്ന ഗുണ്ടായിസത്തിന് വളമേകാന്‍ അനധികൃതമായ നിയമനങ്ങള്‍നല്‍കി തീറ്റിപ്പോറ്റുന്നതിന്റെ ഉദാഹരണമാണ് നിസാമുദ്ദീന്‍.

പ്രാണരക്ഷാര്‍ഥം തന്റെ മുന്നിലേക്ക് അഭയംതേടിയ റാഷിദ് എന്ന ന്യൂട്രലായ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ ഗുണ്ടകള്‍കള്‍ക്കുമുന്നില്‍ വാതില്‍ തുറന്നിട്ടുകൊടുത്തവനാണയാള്‍. ഈ സംഭവമാണ് തനിക്കെതിരായ വധശ്രമമായി അയാള്‍ ചിത്രീകരിക്കുന്നത്. ദേഹത്ത് ഒരുപോറല്‍പോലും ഇല്ലാതെ കുത്തേറ്റെന്ന വ്യാജവാര്‍ത്ത ഫ്രറ്റേണിറ്റിക്കെതിരില്‍ പടച്ചുവിട്ടത് ചില മീഡിയകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചോദ്യം ചെയ്ത തന്റെ വിദ്യാര്‍ഥികള്‍ക്കെതിരില്‍ പ്രതികാരബുദ്ധിയോടെ തിരിയുന്ന 'ഗുരുവര്യനാണയാള്‍'. ഇയാളുടെ ഈ നുണക്കഥയുടെ പേരിലാണ് മഹാരാജാസില്‍ ഒടുവിലുണ്ടായ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. ഇത്തരം 'കുരു'ക്കളെ തങ്ങള്‍ക്കുവേണ്ടെന്ന ആര്‍ജ്ജവമുള്ള നിലപാടെടുത്തിരിക്കുകയാണ് മഹാരാജാസിലെ അറബിക് വിദ്യാര്‍ഥികള്‍. നിസാമുദ്ദീനെ പടിക്കുപുറത്താക്കുന്നതുവരെ സമരത്തിലുറച്ചുനില്‍ക്കുകയാണ് അറബിക് വിദ്യാര്‍ഥിനികള്‍.

പി.ടി.എ ജനറല്‍ ബോഡിയും വഷളനായ ഈ അധ്യാപകനെതിരെ ഒറ്റക്കെട്ടാവുകയും നടപടിയെടുക്കാനാവവ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. അക്രമികള്‍ക്കെതിരില്‍ നടപടിയെടുക്കുന്നതില്‍ കോളജിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവമാണ് ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുകാരണമെന്നും അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും പി.ടി.എ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെടുത്തുന്ന ഒറ്റുകാരെ സ്വാതന്ത്ര്യത്തിന്റെ പൊരുളറിയിക്കാന്‍ പോരാടുന്നവരാണ് മഹാരാജാസിന്റെ കാമ്പസില്‍ പുതുമയുടെ ജനാധിപത്യസംഗീതം പൊഴിക്കുന്നത്. ഫ്രറ്റേണിറ്റി ഗായകര്‍ക്ക് വേദി നിഷേധിക്കുന്നതുള്‍പ്പെടെയുള്ള അധികാര ധാര്‍ഷ്ട്യമാണവിടം. ദാന റാസിഖ് എന്ന ഗായികയെപ്പോലും വേദിയില്‍ കയറാനോ പാടാനോ അനുവദിക്കാതിരുന്ന എസ്.എഫ്.ഐ ഏതു സ്വാതന്ത്ര്യത്തെക്കുറിച്ചാണ് വാചാലമാകുന്നത്. ഇതിലൂടെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേദിനിഷേധിക്കുന്നതിനെ അപലപിക്കാന്‍ ഇവര്‍ക്കുള്ള അവകാശത്തെ ഇവര്‍തന്നെ റദ്ദു ചെയ്യുകയല്ലെ.

അനുവാദം ചോദിക്കാതെ പെണ്‍കുട്ടികളുടെ തോളില്‍ കൈയിട്ടും മറ്റും പുരുഷമേല്‍ക്കോയ്മകള്‍ പ്രകടിപ്പിക്കുന്നവര്‍, തങ്ങളുടെ സ്വന്തം ശരീരത്തെ നിര്‍ണയിക്കാനുള്ള മിനിമം സ്ത്രീസ്വാതന്ത്ര്യത്തെപ്പോലും വകവെച്ചുകൊടുക്കാത്തവരാണ്. ഇസ്‌ലാമിക ജീവിതശൈലി പ്രാക്റ്റീസ് ചെയ്യുന്നവരടക്കം പുരുഷസ്പര്‍ശന നിരാസം പ്രകടിപ്പിക്കുന്നവര്‍ക്ക് ഒരു നിലക്കും കംഫര്‍ട്ടല്ലാത്ത പെരുമാറ്റ രീതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ ഏകപക്ഷീയമായ പുരുഷമേല്‍ക്കോയ്മയെയാണ് സ്വാതന്ത്ര്യമെന്ന് ധരിച്ചുവശായിരിക്കുന്നത്. സി.പി.എം അധികാരം വാഴുമ്പോള്‍ അവരുടെ പിന്‍തലമുറ രൂപപ്പെടുന്നതിന്റെ ജനാധിപത്യവിരുദ്ധതയാണ് മഹാരാജാസടക്കമുള്ള കാമ്പസുകളില്‍ വളരുന്നത്. അധികാരം സംരക്ഷിക്കുന്ന ഗുണ്ടായിസത്തിന് വളമേകാന്‍ അനധികൃതമായ നിയമനങ്ങള്‍നല്‍കി തീറ്റിപ്പോറ്റുന്നതിന്റെ ഉദാഹരണമാണ് നിസാമുദ്ദീന്‍.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സുഫീറ എരമംഗലം

contributor

Similar News