ഭാഷയില്‍നിന്ന് ലിപിയിലേക്കുള്ള ഗോത്ര സഞ്ചാരം

എഴുതുവാന്‍ ലിപിയില്ല എന്നതാണ് ഗോത്ര ഭാഷ അഭിമുഖീകരിക്കുന്ന വെല്ലുവിളി. മലയാളം ലിപി ഉപയോഗിച്ചാണ് കേരളത്തിലെ ഗോത്ര ഭാഷാ എഴുത്തുകാര്‍ നിലവില്‍ എഴുതിപ്പോരുന്നത്.

Update: 2024-02-15 08:27 GMT
Advertising

സമൂഹം പലപ്പോഴും അപരിഷ്‌കൃതരെന്ന് മുദ്രകുത്തുന്ന കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും അകന്നുതന്നെയാണ് നില്‍ക്കുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ ജനതയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും അവയൊന്നും വേണ്ടത്ര ഫലവത്തായിട്ടില്ല എന്ന് ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നവര്‍ക്ക് ബോധ്യപ്പെടും. പട്ടിണി മരണങ്ങളും ശിശുമരണ നിരക്കും ഉയര്‍ന്ന തോതിലുള്ള ആദിവാസി ജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട ചില മേഖലകള്‍ മാറ്റിനിര്‍ത്തിയാല്‍ വിദ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ മികച്ച നേട്ടങ്ങള്‍ കൈവരിക്കുവാനോ മുഖ്യധാരയിലേക്ക് കടന്നുവരാനോ അവര്‍ക്കിന്നും കഴിഞ്ഞിട്ടില്ല. ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവും വയനാട്ടിലെ വിശ്വനാഥനുമെല്ലാം ആദിവാസികളോടുള്ള മലയാളിയുടെ സമീപനം വ്യക്തമാക്കുന്നുണ്ട്.

കാടിനെയും മണ്ണിനെയും നെഞ്ചോടുചേര്‍ത്ത് പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതരീതി പുലര്‍ത്തി, പാട്ടും നൃത്തവുമായി തലമുറകളിലേക്ക് സ്‌നേഹം മാത്രം പകര്‍ന്ന സംസ്‌കാര സമ്പന്നരാമ് ആദിവാസികള്‍. പ്രത്യേക ഗോത്രങ്ങളായാണ് ഇവര്‍ ജീവിക്കുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം ഭാഷയും ദൈവവും വേഷവുമുമെല്ലാമായി വൈവിധ്യ സുന്ദരമാണ് ഗോത്ര ജനതയുടെ ജീവിതവും സംസ്‌കാരവും. പ്രകൃതിയെ തെല്ലും വേദനിപ്പിക്കാതിരിക്കുക എന്നത് അവരുടെ വിശ്വാസത്തിന്റെകൂടി ഭാഗമാണ്. തനതായ കൃഷിയും ജീവിതരീതിയും കൊണ്ട് സന്തുഷ്ടരായി കഴിഞ്ഞിരുന്ന അവരെ കൂടുതല്‍ ഇരുളിലേക്ക് തള്ളിവിടാനേ അധികാരികള്‍ക്ക് സാധിച്ചിട്ടുള്ളൂ.  


കാടിനെ സംരക്ഷിക്കുന്ന ആദിവാസി വിഭാഗത്തിന്റെ പുരോഗതി കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്താനും കേരള ജനതയുടെ നിലനില്‍പ്പിനും അനിവാര്യമാണ്. തുടര്‍ച്ചയായുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും നാം പഠിക്കേണ്ട പാഠവും അതാണ്. ആദിവാസികളെ അവരുടെ സ്വത്വത്തെ ഉള്‍ക്കൊണ്ട്, സംസ്‌കാരത്തെയും ജീവിതരീതിയെയും ഒട്ടും ചോര്‍ത്തിക്കളയാത്ത സുസ്ഥിരവികസനമാണ് സാധ്യമാക്കേണ്ടത്. ഇതില്‍ ഭാഷക്ക് വലിയ പ്രാധാന്യമുണ്ട്.

കേരളത്തിലെ ഗോത്ര വിഭാഗങ്ങളുടെ മാതൃഭാഷ മലയാളമല്ല എന്നത് ആദ്യം തിരിച്ചറിയണം. നിരവധി ഗോത്രഭാഷകളാണ് ആദിവാസികള്‍ക്കിടയില്‍ നിലനിന്നിരുന്നത്. എന്നാല്‍, പലവിധ ചൂഷണണങ്ങള്‍ക്ക് വിധേയരായ ഈ ജനതക്ക് തങ്ങളുടെ മാതൃഭാഷയും നഷ്ട്ടപ്പെട്ടു. കേരളത്തിലെ അനേകം ഗോത്രഭാഷകള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. സ്വന്തം ഭാഷ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സാംസ്‌കാരിക തകര്‍ച്ച ആ സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും ബലത്തെയും നഷ്ടപ്പെടുത്തും. പ്രാഥമിക വിദ്യാഭ്യാസം പോലും മാതൃഭാഷയിലല്ല നല്‍കുന്നത് എന്നത് ആദിവാസി ജനവിഭാഗത്തെ വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുന്നതിന് ഒരു കാരണമാണ്. 


കേരളത്തിലെ ഗോത്ര കലാന്‍മാരെ കുറിച്ച് മീഡിയവണ്‍ ഷെല്‍ഫ് പബ്ലിഷ് ചെയ്ത ലക്കത്തിന്റെ കവര്‍ ചിത്രം.

സാഹിത്യത്തിലൂടെ ഭാഷയെ തിരിച്ചു പിടിച്ചുകൊണ്ട് വീണ്ടെടുപ്പ് നടത്തുന്ന അതി സവിശേഷവും ആശാവഹവുമായ സാഹചര്യം ഗോത്ര ജനതയില്‍നിന്ന് രൂപപ്പെടുന്നുണ്ട്. മാതൃഭാഷയിലുള്ള ആവിഷ്‌കാരങ്ങള്‍ക്ക് എന്നും മൂര്‍ച്ച കൂടുതലായിരിക്കും. അത്തരത്തില്‍ ഗോത്ര ഭാഷകളില്‍ കവിതകളും കഥകളുമെഴുതി അവര്‍ക്ക് പറയാനുള്ളത് ഏറ്റവും ശക്തമായി, സ്വന്തം ഭാഷയിലൂടെ പറയുന്നുണ്ട് ഒരു കൂട്ടം എഴുത്തുകാര്‍. 2016 ല്‍ 'തിളനില' എന്ന പ്രസിദ്ധീകരണത്തില്‍ 'മുതുവാന്‍' ഭാഷയില്‍ അശോകന്‍ മറയൂര്‍ എഴുതിയ കവിത പ്രസിദ്ധീകരിച്ചു വന്നത് ഏറെ ശ്രദ്ധ നേടി. 2017 ല്‍ 'പച്ചവീട്' എന്ന പേരില്‍ അശോകന്റെ കവിതാ സമാഹാരം ഡി.സി ബുക്‌സ് പുറത്തിറക്കുകയുമുണ്ടായി. 'റാവുള' ഭാഷയില്‍ കവിതകളെഴുതി കാടിന്റെ മക്കളുടെ യഥാര്‍ഥ കഥ പറഞ്ഞ മറ്റൊരു കവിയാണ് 'സുകുമാരന്‍ ചാലിഗദ്ധ'. സ്വന്തം ഗോത്രഭാഷയില്‍ അഭിമാനത്തോടെ ആവിഷ്‌കരങ്ങള്‍ നടത്തി മുന്നോട്ടുവരുന്ന യുവ എഴുത്തുകാര്‍ ഇനിയുമുണ്ട്. ധന്യ വേങ്ങച്ചേരി, ലിജിന കടുമേനി, ബിന്ദു ഇരുളം, ശാന്തി പനയ്ക്കല്‍ തുടങ്ങിയ സ്ത്രീകളും അക്കൂട്ടത്തില്‍ ഉണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 


ഗോത്ര ഭാഷയിലുള്ള ഗാനം സിനിമയില്‍ ആലപിച്ച് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നഞ്ചിയമ്മയും ഇവരുടെ ആത്മാഭിമാനത്തിന് കരുത്ത് കൂട്ടുന്നു. കവിതകളില്‍ തുടങ്ങിയ ഇത്തരം എഴുത്തുകള്‍ ഇപ്പോള്‍ കഥകളിലേക്കും ലേഖനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഗോത്ര ഭാഷ മാത്രം സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമയും പുറത്തിറങ്ങി. അട്ടപ്പാടിയിലെ 'ഇരുള' ഗോത്ര ഭാഷയില്‍ മൂന്ന് പെണ്‍കുട്ടികളുടെ അതിജീവന കഥ പറയുന്ന 'ധബാരി ക്യുരുവി' എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ഗോത്ര വിഭാഗക്കാര്‍ മാത്രമാണ് എന്നത് ലോക സിനിമയില്‍ തന്നെ ആദ്യമാണ്. എന്നാല്‍, ചിത്രത്തിന് ഐ.എഫ്.എഫ്.കെ.യില്‍ വേണ്ട പരിഗണന ലഭിക്കാത്തതിനാല്‍ സംവിധായകന്‍ പ്രിയനന്ദന് പ്രതിഷേധം രേഖപ്പെടുത്തേണ്ടി വന്നു എന്നത് ഖേദകരമാണ്. ഗോത്ര ജനതയുടെ മുന്നേറ്റത്തെ ഉള്‍ക്കൊള്ളാന്‍ മുഖ്യധാരയെന്ന് പറയപ്പെടുന്നവര്‍ക്കുള്ള വിമുഖതയെ ഇത് തുറന്നു കാണിക്കുന്നു. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ 'ഗോത്രായനം' എന്ന പേരില്‍ ഗോത്രഭാഷാ എഴുത്തുകാര്‍ക്കായി സാഹിത്യ ശില്‍പശാല സംഘടിപ്പിക്കുകയും 15 ഭാഷകളിലായി നാല്‍പതോളം കവിതകളെഴുതിയ 'ഗോത്ര കവിത പുസ്തകം' ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തത് ആശാവഹമാണ്. എഴുതുവാന്‍ ലിപിയില്ല എന്നതാണ് ഗോത്ര ഭാഷ അഭിമുഖീകരിക്കുന്ന വെല്ലുവിളി. മലയാളം ലിപി ഉപയോഗിച്ചാണ് കേരളത്തിലെ ഗോത്ര ഭാഷാ എഴുത്തുകാര്‍ നിലവില്‍ എഴുതിപ്പോരുന്നത്. സ്വന്തമായി ഒരു ലിപി വികസിപ്പിച്ചെടുക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. 


പല പരിമിതികള്‍ ഉണ്ടെങ്കിലും കാലങ്ങളോളം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത അവരുടെ മോചനത്തിനായി സ്വന്തം വഴി കണ്ടെത്തിയിരിക്കുന്നുവെന്ന് ഈ എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 'പ്രതിഷേധിക്കാന്‍ സമരത്തേക്കാള്‍ നല്ലത് എഴുത്താണ്' എന്ന് പറയുന്ന സുകുമാരന്‍ ചാലിഗദ്ധയെപ്പോലുള്ളവരിലാണ് പ്രതീക്ഷ. കേരള ഭാഷ എന്ന ഗണത്തില്‍ ഗോത്ര ഭാഷകളെയും അവരുടെ സാഹിത്യത്തെയും ഉള്‍ക്കൊള്ളാന്‍ ഭരണകൂടവും പൊതുബോധവും തയ്യാറാവാത്തിടത്തോളം ഈ ജനതയുടെ തിരിച്ചുവരവ് സാധ്യമല്ല. 



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സി.എം റഫീഅ

Writer

Similar News