സ്വര ഭാസ്‌കര്‍ പറഞ്ഞ മുസ്‌ലിമും ഹോമോ സേക്കറും
ഇന്ത്യയിലെ മുസ്‌ലിംകള്‍ വിവേചന ഭീകരതക്ക് ഇരയാണ് എന്ന സത്യം വിളിച്ചു പറയുന്നത് തന്നെ ഫാസിസത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ആദ്യപടിയാണ്.
ഒരു മുസ്‌ലിമിനെ എളുപ്പം തീവ്രവാദിയായി മുദ്രകുത്താം. ഞാനൊരു ഹിന്ദുവിന്റെ മകളായതിനാല്‍ അത് എളുപ്പമായിരിക്കില്ല. ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങിയ ആളുകളുടെ ജാമ്യം നിഷേധിക്കുന്നതിന് എതിരെ പ്രമുഖ നടി സ്വര ഭാസ്‌ക്കര്‍ നടത്തിയ പ്രഭാഷണത്തിന്റെ ഒരു ഭാഗമാണ് ഇത്. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കളെ പ്രകോപിപ്പിച്ച ഈ പ്രഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ ഉമര്‍ ഖാലിദിന്റെയും ഗുല്‍ഷിഫയുടെയും അതുപോലെ ജയിലില്‍ കഴിയുന്ന മീരാന്‍ ഹൈദര്‍ ഖാലിദ് സൈഫി, ആതര്‍ഖാന്‍ എന്നിവരുടെ കുടുംബങ്ങളും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ്, സിപിഐ എംഎല്‍ നേതാവ് ഭട്ടാചാര്യ തുടങ്ങിയവരും പങ്കെടുത്ത ഒരു പരിപാടിയിലാണ് സ്വര ഭാസ്‌കര്‍ ഈ പ്രസ്താവന നടത്തിയത്. ബെയില്‍ ഈസ് ദ റൂള്‍സ്, ആന്‍ഡ് ജയില്‍ ഈസ് ദ എക്‌സംപ്ഷന്‍ എന്നാണ് കോടതി തത്വം. പക്ഷേ, 62 തവണ ജാമ്യത്തിന് അപേക്ഷിച്ചിട്ടും നിരസിക്കപ്പെട്ടവരാണ് ഇവര്‍. ഇവിടെയാണ് സ്വര ഭാസ്‌കര്‍ പറഞ്ഞ പ്രസ്താവനയെ നാം തിരിച്ചറിയേണ്ടത്. ഇന്ത്യയിലെ മുസ്‌ലിമിന് ഒരു പൗരന്‍ എന്ന നിലയില്‍ ഒരു അവകാശവും ഇല്ലാത്ത സംശയിക്കപ്പെടുന്ന സ്വത്വമാണെന്ന് ഹിന്ദുത്വ ഇന്ത്യയിലെ ജുഡീഷ്യറി പോലും പറഞ്ഞ് കൊണ്ടിരിക്കുന്നു. അഥവാ, ഇന്ത്യയിലെ മുസ്‌ലിം സമൂഹം പുരാതന റോമിലെ ഹോമോ സേക്കര്‍ എന്ന വിഭാഗത്തേക്കാളും പരിമിതമായ ജീവിതം ജീവിക്കാന്‍ വിധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നിയമത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന ഹതഭാഗ്യരായ മനുഷ്യരാണ് ഹോമോ സേക്കര്‍ Homo Sacer. അവരുടെ ജീവിതത്തിന് ഒരു വിലയുമില്ല എന്ന് കരുതപ്പെടുന്നു. ആര്‍ക്കുവേണമെങ്കിലും എപ്പോഴും കൊല്ലാന്‍ കഴിയുന്ന വിശുദ്ധ മനുഷ്യരാണ് ഇവര്‍. വിശുദ്ധര്‍ എന്നതിന് ഇവിടെ അര്‍ഥം നിയമപ്രകാരം സംരക്ഷിക്കപ്പെടാത്ത കുറ്റവാളി സമൂഹം എന്നാണ്. ഇതുപോലെയാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥ; അവര്‍ വിശുദ്ധ മനുഷ്യരാണ്. ആര്‍ക്കുവേണമെങ്കിലും കൊല്ലാന്‍ കഴിയുന്ന ഒരു ജനസമൂഹം. ഹിന്ദുത്വയുടെ ആള്‍ക്കൂട്ടത്തിന് എപ്പോള്‍ വേണമെങ്കിലും തല്ലിക്കൊല്ലാനും അനന്തമായി ജയിലറകളില്‍ അടക്കുന്നതിനും അതുമല്ലെങ്കില്‍ തടങ്കല്‍ പാളയത്തിലേക്ക് പറഞ്ഞയക്കുന്നതിനും വിധിക്കപ്പെട്ട ഒരു സമുദായമാണ് മുസ്‌ലിം. ഇത്തരത്തില്‍ ആധുനിക ദേശരാഷ്ട്ര സങ്കല്‍പത്തില്‍ ഒരു പൗരന് ലഭിക്കേണ്ട ഒരു അവകാശവും നല്‍കാതെ ഹിന്ദുത്വരാജ് ഇന്ത്യയില്‍ മുസ്‌ലിം ജീവിതം ദുസ്സഹമാക്കുകയാണ്.
സ്വര ഭാസ്‌കര്‍ പറഞ്ഞതുപോലെ അവര്‍ ഒരു ഹിന്ദുവിന്റെ മകളാണ്. അവരുടെ പേരും ജാതിയും തന്നെയാണ് ഒരു പൗരയായി ഇന്ത്യയില്‍ ജീവിക്കാനുള അവരുടെ അവകാശം. അഥവാ, ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മുസ്‌ലിം പേരാണെങ്കില്‍ അവന്‍ ഏതുസമയവും അറസ്റ്റ് ചെയ്യപ്പെടാം. വിചാരണാ തടവുകാരനായി വര്‍ഷങ്ങളോളം ജയിലില്‍ കിടത്താം. ജാമ്യം ലഭിക്കല്‍ വിദൂരസാധ്യതയാണ്. രാജ്യത്തിന്റെ സുരക്ഷയില്‍, സംശയത്തില്‍ നിര്‍ത്തപ്പെടുന്ന ഈ അപരന് അത്ര പെട്ടെന്ന് ജാമ്യം ലഭിക്കുകയില്ല. പതിറ്റാണ്ടുകളായി ഹിന്ദുത്വ രാഷ്ട്രീയം വികസിപ്പിച്ചെടുത്ത കള്‍ച്ചറല്‍ നാഷ്ണലിസത്തിന്റെ നടപടിക്രമങ്ങളാണ് ഇതെല്ലാം.
ഇസ്‌ലാം ഭീതി എന്നത് ഇന്ത്യയിലെ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ അവന്റെ ദേശസ്‌നേഹം സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. സ്വര ഭാസ്‌കര്‍ സുചിപ്പിക്കുന്നത് പോലെ അവന്റെ പേര് തന്നെ ഒരു തീവ്രവാദിയാണെന്ന് മുദ്രകുത്താനുള്ള കാരണമാണ്. തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യതയും ഓരോ മുസ്‌ലിം പേരുകാരനും ഉണ്ട് എന്നര്‍ഥം.
ഇത്രയും വലിയൊരു വിവേചന ഭീകരതയ്ക്ക് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇരയാകുമ്പോള്‍ ഇത്തരത്തിലുള്ള അപശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നുള്ളത് രാജ്യത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ളവരെ പ്രചോദിപ്പിക്കാതിരിക്കില്ല. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്തെ വിചാരണ തടവുകാരില്‍ 35 ശതമാനം മുസ്‌ലിംകളാണ്. അഥവാ, ജനസംഖ്യയില്‍ 13 ശതമാനം മാത്രമുള്ള മുസ്‌ലിംകളാണ് വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്നവരില്‍ അധികവും.
ജനസംഖ്യാനുപാതികമായി ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും വളരെ പരിമിതമായ പ്രാതിനിധ്യമുള ഒരു ജനസമൂഹം വിചാരണ തടവുകാരുടെ എണ്ണത്തില്‍ മുന്‍പിലാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം, നാനാത്വത്തില്‍ ഏകത്വം, ബഹു സാംസ്‌കാരികത തുടങ്ങിയ പദാവലികളില്‍ ഇന്ത്യന്‍ ദേശീയതയെ വിവരിക്കാറുണ്ടെങ്കിലും നമ്മുടെ ദേശത്തിനകത്ത് അധീശത്ത അധികാരം നിലനിര്‍ത്തുന്നത് സവര്‍ണ ഹിന്ദുത്വയാണ്. അതിനാല്‍ മുസ്‌ലിം എന്നത് അപര സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒന്നുകില്‍ ആരിഫ് മുഹമ്മദ്ഖാനൊ, അബ്ദുല്ല കുട്ടിയൊ ആയിക്കൊണ്ടുള്ള പരിണാമത്തിലൂടെ ഹിന്ദുത്വയോടൊപ്പം അണിചേരുക. അതുമല്ലെങ്കില്‍ ഇവിടുത്തെ സാംസ്‌കാരിക ദേശീയതക്ക് കീഴൊതുങ്ങി സവര്‍ണ ബ്രാഹ്മണ്യം അനുവദിച്ച് തരുന്ന പരിമിതമായ ജീവിതം ജീവിച്ച് തീര്‍ക്കുക. അതിനപ്പുറത്ത് സ്വയം സാമൂഹ്യ പ്രതിനിധാനം നടത്തുന്ന, സ്വന്തമായി ശബ്ദങ്ങളുള്ള ഒരു സമുദായമായി ജീവിക്കാന്‍ അര്‍ഹതില്ലാത്ത ഒരുജനവിഭാഗത്തിന്റെ പേരാണ് ഇന്ത്യയിലെ മുസ്‌ലിം എന്നത്. ഇവിടെയാണ് സ്വര ഭാസ്‌കറിന്റെ തുറന്ന് പറച്ചിലിന്റെ പ്രസക്തി. എന്നുമാത്രമല്ല, ഹിന്ദുത്വ ഇന്ത്യയില്‍ ഇത് പറയാന്‍ അവര്‍ കാണിച്ച ധൈര്യം പലര്‍ക്കും പ്രകടിപ്പിക്കാന്‍ കഴിയാത്തതുമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ വിവേചന ഭീകരതക്ക് ഇരയാണ് എന്ന സത്യം വിളിച്ചു പറയുന്നത് തന്നെ ഫാസിസത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ആദ്യപടിയാണ്. അതിനാല്‍ സ്വര ഭാസ്‌ക്കറിന്റെ വിളിച്ചു പറയല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കാം.