നഹീദ് ഇസ്‌ലാം: ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നെടുംതൂണ്‍

നഹീദിന്റെ കരുത്തുറ്റ പ്രസംഗവും സോഷ്യല്‍ മീഡിയ ഇടപെടലുകളുമാണ് വിദ്യാര്‍ഥി സമരത്തെ മുന്നോട്ട് നയിച്ചത്.

Update: 2024-08-14 17:48 GMT
Advertising

ശൈഖ് ഹസീന സര്‍ക്കാരിന്റെ പതനത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 15 വര്‍ഷത്തെ ഭരണമവസാനിപ്പിച്ച് പ്രധാനമന്ത്രിക്ക് നാടുവിടേണ്ടി വന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചതില്‍ പ്രധാനപ്പെട്ട ഒരാളാണ് ധാക്ക യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിദ്യാര്‍ഥിയായ നഹീദ് ഇസ്‌ലാം എന്ന ഇരുപത്താറുകാരന്‍. ശൈഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെതിരെ പ്രവര്‍ത്തിച്ച നഹീദ്,വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (സ്റ്റുഡന്റ്‌സ് എഗൈന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍) ദേശീയ കോ ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.

നഹീദിന്റെ കരുത്തുറ്റ പ്രസംഗവും സോഷ്യല്‍ മീഡിയ ഇടപെടലുകളുമാണ് വിദ്യാര്‍ഥി സമരത്തെ മുന്നോട്ട് നയിച്ചത്. 'വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യം' എന്ന് പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ രണ്ടാം തലമുറയ്ക്കും സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ റിസര്‍വേഷന്‍ സംവിധാനത്തിനെതിരെയുള്ള വിദ്യാര്‍ഥി പ്രതിഷേധത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിടത്താണ് സര്‍ക്കാരിന് വീഴ്ച പറ്റിയത്. ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിച്ചവരെ തീവ്രവാദികള്‍ എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

1998 ല്‍ ധാക്കയിലെ അധ്യാപകന്റെ മകനായി ജനിച്ച നഹീദ് ഇസ്‌ലാം, വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ശൈഖ് ഹസീന സര്‍ക്കാരിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതോടെ സമരത്തിന്റെ അന്തര്‍ദേശീയ മുഖമായി നഹീദ് മാറി. 

ജനാധിപത്യത്തിലൂന്നി വികസന കാഴ്ചപ്പാടുകളോടെ ഭരണം നയിച്ചിരുന്ന ശൈഖ് ഹസീന, കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിശബ്ദങ്ങളെയെല്ലാം അടിച്ചൊതുക്കി രാഷ്ട്രീയ എതിരാളികളെ ഭീകരമുദ്ര കുത്തി ജയിലിലടച്ചും വധശിക്ഷക്ക് വിധിച്ചും അധികാരനില ഭദ്രമാക്കുക എന്ന ഒറ്റ അജണ്ടയില്‍ ഏകാധിപത്യ വഴിയിലേക്ക് തിരിഞ്ഞിരുന്നു. 


കലാലയത്തില്‍ നിന്ന് തുടങ്ങിയ പ്രക്ഷോഭത്തിലേക്ക് ഭരണത്തില്‍ അങ്ങേയറ്റം അസ്വസ്ഥരായിരുന്ന പ്രതിപക്ഷ കക്ഷികളും പൊതുജനങ്ങളും ചേര്‍ന്നതോടെ, സര്‍ക്കാരിനും അവാമി ലീഗിനുമെതിരെയുള്ള അഭൂതപൂര്‍വ്വ വെല്ലുവിളിയായി പരിണമിച്ചു. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. കൂടുതലും വിദ്യാര്‍ഥികള്‍ ആയിരുന്നു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഒരു ഘട്ടത്തില്‍ ഷൂട്ട് ഓണ്‍ സൈറ്റ് കര്‍ഫ്യു വരെ ഏര്‍പ്പെടുത്തി.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്നതിലൊരാള്‍ നഹീദ് ഇസ്‌ലാം ആയിരുന്നു. നഹീദിനെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. ജൂലൈ 19 ന് സബുജ് ബാഗിലെ വീട്ടില്‍ നിന്നും 25 പേരടങ്ങുന്ന ഒരു സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി. രണ്ടു ദിവസം കഴിഞ്ഞു പുര്‍ബച്ചാല്‍ പാലത്തിനടിയില്‍ ബോധരഹിതനായിട്ടാണ് കണ്ടെത്തിയത്. ജൂലൈ 26 നു ധന്‍മോണ്ടിയിലെ ആശുപത്രിയില്‍ നിന്ന് രണ്ടാം തവണയും തട്ടിക്കൊണ്ടു പോയി. ആശുപത്രിയില്‍ കടന്നുവന്ന സംഘം മെട്രോപൊളിറ്റന്‍ പൊലീസ് ഡിറ്റക്റ്റീവ് ബ്രാഞ്ചില്‍ നിന്നുള്ളവരാണെന്നാണ് പറഞ്ഞത്. എന്നാല്‍, പിന്നീട് പൊലീസ് അത് നിഷേധിച്ചു. 


നഹീദ് ഇസ്‌ലാമിന്റെ വാക്കുകളാണ് സമരത്തിലുടനീളം വിദ്യാര്‍ഥികള്‍ക്ക് കരുത്ത് നല്‍കിയത്. നെറ്റിയില്‍ ബംഗ്ലാദേശ് പതാക കെട്ടി സമരവിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ നഹീദ് ഇസ്‌ലാം സൈനിക സര്‍ക്കാരിനെയോ സൈനിക പിന്തുണയോടു കൂടിയുള്ള ഫാസിസ്റ്റു സര്‍ക്കാരുകളെയോ അംഗീകരിക്കുകയില്ലെന്നു പ്രഖ്യാപിച്ചു. നോബല്‍ സമ്മാന ജേതാവ് ഡോക്ടര്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനും നഹീദ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടു. ആസിഫ് മഹ്മൂദ്, അബൂബക്കര്‍ മജൂംദാര്‍ തുടങ്ങിയവരാണ് ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ മറ്റു നേതാക്കള്‍.

പ്രധാനമന്ത്രിയുടെ രാജിക്ക് ശേഷം വ്യാപക ആക്രമണങ്ങളരങ്ങേറി. പ്രതിഷേധക്കാര്‍ ഹസീനയുടെ വസതിയിലേക്ക് ഇരച്ചുകയറി, ശൈഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമ നശിപ്പിച്ചു, രാജ്യവ്യാപകമായി കര്‍ഫ്യൂ ലംഘിച്ചു. ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും നഹീദ് സഹവിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

1998 ല്‍ ധാക്കയിലെ അധ്യാപകന്റെ മകനായി ജനിച്ച നഹീദ് ഇസ്‌ലാം, വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ശൈഖ് ഹസീന സര്‍ക്കാരിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതോടെ സമരത്തിന്റെ അന്തര്‍ദേശീയ മുഖമായി നഹീദ് മാറി. ജനാധിപത്യ ബംഗ്ലാദേശ് ആണ് ലക്ഷ്യമെന്നും തങ്ങള്‍ ശുപാര്‍ശ ചെയ്തത് ഒഴികെയുള്ള ഒരു സര്‍ക്കാരും അംഗീകരിക്കുകയില്ലെന്നും അതിവൈകാരികതയില്ലാതെ ഉറച്ച ശബ്ദത്തോടെ നഹീദ് പ്രഖ്യാപിക്കുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷിംന സീനത്ത്

Writer

Similar News