ജനാധിപത്യത്തിന്റെ മരണമണി മുഴക്കിയ പട്ടാഭിഷേകം

അകത്ത്, ജനാധിപത്യവിരുദ്ധ പട്ടാഭിഷേകത്തിന്റെ ചടങ്ങ് നടക്കുന്നു. പുറത്ത്, ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അഭിമാന താരങ്ങളെ അധികാരത്തിന്റെ ഗര്‍വില്‍ മര്‍ദിച്ചവശരാക്കുന്നു.

Update: 2023-09-12 16:20 GMT
Advertising

രാജ്യത്തിന്റെ ആത്മാവ് അപമാന ഭാരത്താല്‍ തലതാഴ്ത്തിയിട്ടുണ്ടാകും. ഉപേക്ഷിക്കപ്പെട്ടത് ചരിത്രത്തിന്റെ ഓര്‍മകള്‍ പേറുന്ന പുരാതനമായ ഒരു നിര്‍മിതി മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇതുവരെയും ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങള്‍ കൂടിയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് രാഷ്ട്രപിതാവിന്റെ കൊലപാതക സംഘത്തില്‍ ആറാമനായി പ്രതി ചേര്‍ക്കപ്പെട്ട വി.ഡി സവര്‍ക്കറിന്റെ ജന്മദിനമായ മെയ് 28 തന്നെ തെരഞ്ഞെടുത്തത് ഗാന്ധിജി ചേര്‍ത്തുപിടിച്ച മതേതര ആശയങ്ങളെ കൂടി അരുംകൊല ചെയ്യാമെന്ന കണക്കുകൂട്ടലിലാകണം.

കഴിഞ്ഞ ദിവസം സന്‍സദ് മാര്‍ഗില്‍ നടന്ന ചടങ്ങുകളില്‍ പ്രധാനമന്ത്രി എന്ന ഭരണഘടന പദവി അഴിച്ചുവെച്ച് രാജാധികാരത്തിന്റെ വേഷഭൂഷാതികളില്‍ പകര്‍ന്നാടിയ നരേന്ദ്ര മോദിയെ ആണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ഇടനാഴികളില്‍ എവിടെയും ഇടം പിടിക്കാതെ പോയ രാജവാഴ്ച്ചയുടെ പ്രതീകങ്ങള്‍ സംഭവബഹുലമായി കൊണ്ടാടുന്നതിന്റെ താല്‍പര്യം ഏവര്‍ക്കും മനസ്സിലാകും. സഹസ്രാബ്ധങ്ങള്‍ പ്രജകളായും അടിമകളായും കഴിഞ്ഞിരുന്ന ഒരു ജനതയെ രാഷ്ട്ര നിര്‍മാണത്തിലെ അവിഭാജ്യ ഘടകമായ പൗരന്മാരായി അടയാളപ്പെടുത്തിയ ഭരണഘടനാ മൂല്യങ്ങളെ ഒരു ചെങ്കോലുകൊണ്ട് തകര്‍ത്തു കളയുന്നത് എത്ര അപഹാസ്യമാണ്.

ഭരണഘടന തയ്യാറാക്കുന്ന വേളയില്‍ രാജ്യത്തിന് ഒരു പ്രത്യേക മതം വേണമെന്ന ആവശ്യത്തോട് വിശ്വാസികളായ പ്രതിനിധികള്‍ പോലും പുറംതിരിഞ്ഞു നിന്ന മതേതര കാഴ്ചപ്പാടുകളുടെ ഹൃദയത്തിലേക്കാണ് അധികാരഫാഷിസ്റ്റുകള്‍ വീണ്ടും വീണ്ടും നിറയൊഴിക്കുന്നത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 79 പ്രകാരം രാഷ്ട്രപതിയും ഹൗസ് ഓഫ് പീപ്പിളായ ലോക്‌സഭയും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് ആയ രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്റ്. പക്ഷേ, ഫോക്കസ് ലെന്‍സില്‍ തന്റെ 56 ഇഞ്ച് മാത്രം പതിഞ്ഞാല്‍ മതി എന്ന ധാര്‍ഷ്ട്യത്തിലും ബ്രാഹ്മണിക്കല്‍ ഹെജിമണി സ്ഥാപിച്ചെടുക്കാന്‍ തയ്യാറാക്കിയ ഹോമകുണ്ഠങ്ങളുടെ പരിസരത്തേക്ക് താഴ്ജാതിക്കാര്‍ക്ക് അയിത്തം കല്‍പിക്കാന്‍ മടിയില്ലാത്ത സവര്‍ണ ബോധത്താലും രാജ്യത്തിന്റെ പ്രഥമ പൗരയായ രാഷ്ട്രപതിക്കും ലോക്‌സഭയുടെ നേതൃത്വമായ ഉപരാഷ്ട്രപതിക്കും ചടങ്ങുകളിലേക്ക് അവസരം നിഷേധിക്കപ്പെട്ടു. രാജ്യത്തിന് ഒരു മുഖവും ഒരു മതവും ഒരു സംസ്‌കാരവും ഒരു ഭാഷയും മതിയെന്ന ഫാഷിസ്റ്റ് സിദ്ധാന്തം ജനാധിപത്യ വിശ്വാസികളെ നോക്കുകുത്തികളാക്കി നിര്‍ത്തി പ്രയോഗവത്കരിച്ചു.


40 മീറ്റര്‍ ഉയരത്തില്‍ ഏഴ് ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകളിലായി പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തീകരിക്കാനായി ഖജനാവില്‍ നിന്ന് ചെലവഴിച്ച 862 കോടി ഈ രാജ്യത്തെ ഓരോ പൗരനുമൊടുക്കിയ നികുതി വിഹിതത്തില്‍ നിന്നാണ്. മഹാമാരിക്കാലത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിന്റെ പരിണിതഫലമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ കാല്‍നടയായി യാത്ര ചെയ്തു പരിക്ഷീണിതരായി ആയിരങ്ങള്‍ മരിച്ചുവീണപ്പോള്‍ പോലും പുറത്തെടുക്കാതെ പൂട്ടിവെച്ച ഗജനാവിലെ പണമാണത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ സംഘ്പരിവാര്‍ അധ്യായങ്ങള്‍ പോലെ ഗവണ്‍മെന്റ് ചെലവില്‍ പാര്‍ലമെന്റ് പ്രവേശനത്തെ മതാത്മകമാക്കിത്തീര്‍ത്തു ഭരണകൂടം. ഭരണഘടന തയ്യാറാക്കുന്ന വേളയില്‍ രാജ്യത്തിന് ഒരു പ്രത്യേക മതം വേണമെന്ന ആവശ്യത്തോട് വിശ്വാസികളായ പ്രതിനിധികള്‍ പോലും പുറംതിരിഞ്ഞു നിന്ന മതേതര കാഴ്ചപ്പാടുകളുടെ ഹൃദയത്തിലേക്കാണ് അധികാരഫാഷിസ്റ്റുകള്‍ വീണ്ടും വീണ്ടും നിറയൊഴിക്കുന്നത്.

വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന പ്രതിഷേധങ്ങളെ ലാത്തി കൊണ്ടും ബൂട്ട് കൊണ്ടും നേരിടുന്ന പുതിയ ഇന്ത്യ നിര്‍മിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ജാഗ്രതയോടെ പ്രതികരിക്കേണ്ട അനിവാര്യ ഘട്ടത്തിലാണ് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ സമര പൈതൃകങ്ങളില്‍ ഒരിടം പോലും അവകാശപ്പെടാനില്ലാത്തവര്‍ രാജ്യസ്‌നേഹത്തിന്റെ മൊത്ത വ്യാപാരികളായി ചമയുന്നത് എങ്ങനെ കണ്ടുനില്‍ക്കാനാകും. അകത്ത് ജനാധിപത്യവിരുദ്ധ പട്ടാഭിഷേകത്തിന്റെ ചടങ്ങ് നടക്കുമ്പോള്‍ പുറത്ത് ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അഭിമാന താരങ്ങളെ അധികാരത്തിന്റെ ഗര്‍വില്‍ മര്‍ദിച്ചവശരാക്കുന്നു.


ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എന്ന ഭരണപക്ഷ എം.പിക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ ഗുസ്തി താരങ്ങള്‍ നാളുകളായി പ്രതിഷേധത്തിലാണ്. കേരള സ്റ്റോറി കാണണമെന്ന് ഓര്‍മപ്പെടുത്തിയ പ്രധാനമന്ത്രിക്ക് പക്ഷേ മൂക്കിന് താഴെ നടന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളോട് പ്രതികരിക്കാന്‍ നാവില്ലാത്തത് കഷ്ടം തന്നെ. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന പ്രതിഷേധങ്ങളെ ലാത്തി കൊണ്ടും ബൂട്ട് കൊണ്ടും നേരിടുന്ന പുതിയ ഇന്ത്യ നിര്‍മിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ജാഗ്രതയോടെ പ്രതികരിക്കേണ്ട അനിവാര്യ ഘട്ടത്തിലാണ് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഒരു നെടുവീര്‍പ്പെങ്കിലുമിടാതെ ഈ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു അധികകാലം ശ്വസിക്കാമെന്ന് നാം കരുതേണ്ട.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അന്‍സാര്‍ മുഹമ്മദ്

Writer

Similar News