എൻ.എഫ്.ടി വഴി എങ്ങനെ വരുമാനം നേടാം ?
എന്താണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നോൺ ഫംഗിബിൾ ടോക്കൺസ് ടെക്നോളജി?
ചെറിയ കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ ചിത്രങ്ങളും മറ്റു വർക്കുകളും ഓൺലൈനിൽ എൻ.എഫ്.ടി (നോൺ ഫംഗിബിൾ ടോക്കൺസ്) വഴി വിൽക്കുന്നു. വെറും നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ചിത്രങ്ങൾക്ക് പോലും കോടികൾ ലഭിക്കുന്നു. ഈയിടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് എൻ.എഫ്.ടി. ട്വിറ്റർ കോ-ഫൗണ്ടർ ആദ്യമായി എഴുതിയ ട്വീറ്റിന്റെ ചിത്രം, എൻ.എഫ്.ടി വഴി വിൽപന നടത്തിയത് 20 കോടി രൂപക്കായിരുന്നെന്ന് നാമെല്ലാം അറിഞ്ഞ കാര്യമാണ്. കേരളത്തിലും ഇങ്ങനെ ധാരാളം ആളുകൾ എൻ.എഫ്.ടി വഴി തങ്ങളുടെ ചിത്രങ്ങളും മറ്റും വലിയ രീതിയിൽ തന്നെ വിൽപന നടത്തുന്നു. എൻ.എഫ്.ടി ഉപോയോഗിച്ചാണ് കുറുപ്പ് സിനിമയുടെ പ്രൊമോഷൻ ഒരുക്കിയത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു എൻ.എഫ്.ടി ഉപയോഗിച്ച് ഒരു സിനിമയുടെ പ്രൊമോഷൻ ചെയ്യുന്നത്. റിമ കല്ലിങ്കൽ മുതൽ അമിതാബ് ബച്ചൻ വരെയുള്ളവർ എൻ.എഫ്.ടി വഴി ചിത്രങ്ങൾ വിൽപന നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. വെറുമൊരു ചിത്രത്തിന് എങ്ങനെയാണ് ഇത്ര വലിയ വില ലഭിക്കുന്നത്?
എന്താണ് ഈ പുതിയ ടെക്നോളജി? നമുക്ക് എങ്ങിനെ അതിന്റെ ഭാഗമാകാം?
ചിത്രങ്ങൾ, ഒബ്ജക്റ്റുകൾ, ഛായാചിത്രങ്ങൾ, ഡിജിറ്റൽ ആർട്ട്, ശബ്ദ ക്ലിപ്പുകൾ തുടങ്ങിയവയെല്ലാം നമുക്ക് എൻ.എഫ്.ടി ആക്കി മാറ്റാൻ സാധിക്കും. തങ്ങളുടെ സിനിമകളുടെ നിർമാണം ഇനി എൻ.എഫ്.ടി പ്ലാറ്റ്ഫോമിലാണെന്ന് ചില കമ്പനികൾ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അഡിഡാസ്, നൈക്ക്, കൊക്കക്കോള തുടങ്ങിയ കമ്പനികൾ എൻ.എഫ്.ടി വഴി തങ്ങളുടെ ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തി കഴിഞ്ഞു. ഇൻസ്റ്റഗ്രാം നേരിട്ട് എൻ.എഫ്.ടി പ്രമോട്ട് ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു വരികയാണെന്ന് കമ്പനിയുടെ സി.ഇ.ഒ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
ബ്ലോക്ക് ചെയിൻ ടെക്നോളജി ആണ് ഇതിന്റെ അടിസ്ഥാനം. അതായത്, നമ്മുടെ വിവരശേഖരം വളരെ സുതാര്യമായും വികേന്ദ്രീകൃതമായും (ഡീസെൻട്രലൈസ്ഡ്) സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിൻ. ഇത് ആദ്യമായി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ബിറ്റ്കോയിനുകളായിരുന്നു.
നമ്മുടെ ചിത്രങ്ങളും ആർട്ട് വർക്കുകളും ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവർ നമ്മുടെ അനുവാദം കൂടാതെ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇത് നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ആര് എവിടെ ഉപയോഗിച്ചാലും നമ്മുടെ പേരിൽ ആയിരിക്കും ഒറിജിനൽ 'ക്രിയേറ്റർ' എന്ന രജിസ്ട്രേഷൻ ഉണ്ടായിരിക്കുക. രജിസ്ട്രേഷൻ സമയത്ത് തന്നെ നാം അതിന്റെ റോയൽറ്റി കൂടി സെറ്റ്ചെയ്യുന്നു. തന്മൂലം അത് എത്ര പ്രാവശ്യം വിൽപന നടത്തിയാലും നിശ്ചിത ശതമാനം റോയൽറ്റി ക്രിയേറ്ററിന് (സൃഷ്ടാവിനു) ലഭിക്കുന്നു.
ഒരു ഡിജിറ്റൽ അസെറ്റിനെ, നോൺ ഫൻഞ്ചബിൾ ടോക്കൺ ആക്കി ബ്ലോക്ക് ചെയ്നിലേക്ക് കയറ്റുകയാണ് എൻ.എഫ്.ടിയിൽ ചെയ്യുന്നത്. നോൺ ഫൻഞ്ചബിൾ എന്ന് പറഞ്ഞാൽ ഒന്നിനു തുല്യമായി മറ്റൊന്ന് ഇല്ലാത്ത വസ്തു എന്നാണ് അർഥം (non replaceable). ഇവിടെ വികേന്ദ്രീകൃത (decentralized) രീതിയിൽ ഒരു ലഡ്ജറിൽ (മെറ്റാഡാറ്റ) എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നു. എക്സ്ചേഞ്ചുകളിൽ നമ്മുടെ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി ലിസ്റ്റ്ചെയ്യണം. ഇതിനെയാണ് മിന്റിംഗ് എന്ന് പറയുന്നത്. ക്രയവിക്രയങ്ങൾ നടത്തുമ്പോൾ ഡിജിറ്റൽ അസെറ്റിന്റെ 'ഓണര്ഷിപ്പ് ടോക്കൺ' ആണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
എൻ.എഫ്.ടി. വഴി എങ്ങനെ വരുമാനം ലഭിക്കും ?
ഛായചിത്രങ്ങളും പുരാവസ്തു ശേഖരങ്ങളും നാം വാങ്ങി സൂക്ഷിക്കാറുണ്ട്. അതു പോലെ എൻ.എഫ്.ടികളും ഒരു ശേഖരം എന്ന നിലക്ക് വാങ്ങി സൂക്ഷിക്കാം. പിന്നീട്, അത് ഉയർന്ന വിലയിൽ വിൽപനയും നടത്താം. എൻ.എഫ്.ടികൾ തുടർച്ചയായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസിനെ എൻ.എഫ്.ടി ട്രെയിഡിങ് (NFT Trading) എന്നാണ് പറയുന്നത്. ചിലപ്പോൾ പ്രത്യക്ഷത്തിൽ, കലാമൂല്യങ്ങൾ തോന്നാത്ത ചിത്രങ്ങൾക്ക് പോലും ഭാവിയിൽ നല്ല വില ലഭിച്ചേക്കാം. അങ്ങനെ സ്വന്തമായി സൃഷ്ടികൾ ഇല്ലെങ്കിൽ പോലും അവയുടെ വില്പനയിലൂടെ പണവും ലാഭവും കണ്ടെത്താൻ സാധിക്കും.
ചില എൻ.എഫ്.ടികൾക്ക് അനുബന്ധ ഗുണങ്ങൾ വേറെയും ഉണ്ടാകും. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുടെയോ ട്രെയിനറുടെയോ എൻ.എഫ്.ടികൾ വാങ്ങുന്നവർക്ക് പ്രസ്തുത ആളുകളെ കാണുന്നതിനും അവരുടെ പരിപാടികളിൽ അറ്റൻഡ് ചെയ്യുന്നതിനും സംവിധാനമൊരുക്കും. അതായത് എൻ.എഫ്.ടികൾ വാങ്ങിയാൽ മാത്രമേ പ്രസ്തുത കമ്മ്യൂണിറ്റിയുടെ ഭാഗമായുള്ള ഗുണങ്ങൾ നമുക്ക് അനുഭവിക്കാൻ സാധിക്കൂ.
നമ്മുടെ എൻ.എഫ്.ടികളെ ഡിജിറ്റൽ വേൾഡിൽ ഒരു ഒബ്ജക്റ്റ് ആയും ഉപയോഗപ്പെടുത്താൻ സാധിക്കും. ഉദാഹരണത്തിന്, നാം വാങ്ങിയ കാറിന്റെ ഇമേജുകളെ കാർ റേസിംഗ് മത്സരങ്ങളിലും ഗെയിമുകളിലും അല്ലെങ്കിൽ നമ്മൾ വാങ്ങിയ കുതിരയെ, ഹോഴ്സ് റൈസിങ്, ഗെയിം തുടങ്ങിയവയിൽ പങ്കെടുപ്പിക്കാൻ സാധിക്കും. ആഗെയിമുകൾക്ക് പ്രശസ്തി വർധിക്കുന്നതോടൊപ്പം നമ്മുടെ എൻ.എഫ്.ടികളുടെ വിലയും വർധിച്ചേക്കാം. ആ കമ്പനിയോ അതിലെ കളിക്കാരോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കാറുകളെ അവർക്ക് വിൽക്കാനുള്ള അവസരവും ലഭിക്കും. മെറ്റവേർസുകളുടെയും augmented റിയാലിറ്റിയുടെയും കാലത്ത് ഇത്തരത്തിലുള്ള ഡിജിറ്റൽ അനുബന്ധ വസ്തുക്കൾക്കു മൂല്യം കൂടാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. അതിനാൽ അവയുടെ ഭാവി അവസരങ്ങൾ ഏറെയാണ്.
എൻ.എഫ്.ടികൾ എങ്ങിനെ വാങ്ങാം?
ഓൺലൈനിൽ സാധനങ്ങൾ കിട്ടുന്ന വെബ്സൈറ്റുകളെയാണ് നാം മാർക്കറ്റ് പ്ലേസ് എന്ന് പറയുന്നത്. ഇങ്ങനെയുള്ള പലമാർക്കറ്റ് പ്ലെയ്സുകളിലും എൻ.എഫ്.ടികൾ ലഭ്യമാണ്. ഇതിൽ ഏറ്റവും വലുതും ജനപ്രീതി കൂടിയതുമായ ഒരു എൻ.എഫ്.ടി മാർക്കറ്റ് പ്ലേസ് ആണ് opensea.io.
1. വിൽപ്പനക്ക് വെയ്ക്കുന്നതും വാങ്ങുന്നതുമെല്ലാം എക്സ്ചേഞ്ചുകൾ വഴിയാണ്. ഇത്തരം എക്സ്ചേഞ്ചുകളിൽ (ഉദാഹരണം: wvault) അക്കൗണ്ട് തുടങ്ങുക എന്നതാണ് ആദ്യപടി (ഷെയർമാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് ബ്രോക്കറുടെ അടുത്ത് അക്കൗണ്ട് തുടങ്ങുന്നത് പോലെ). ഇതിലേക്ക് ഇന്ത്യൻ റുപ്പീസ് ആഡ്ചെയ്ത്, ആ പണം ഉപയോഗിച്ചു ക്രിപ്റ്റോ കറൻസികൾ വാങ്ങണം. ഇത് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുക.
2. നാം വാങ്ങാൻ ഉദ്ദേശിക്കുന്ന എൻ.എഫ്.ടി, ഏത് ബ്ലോക്ക് ചെയ്നിൽ ആണ് ഉള്ളത് എന്ന് ആദ്യം അറിയണം. മുകളിൽ പറഞ്ഞ opensea.ioയിൽ എല്ലാത്തരം എൻ.എഫ്.ടികളും ലഭിക്കും. ഇഥീറിയം, പോളിഗൺ, ബൈനാൻസ് (Binance) തുടങ്ങിയ വ്യത്യസ്ത തരം ബ്ലോക്ക് ചെയ്നുകൾ നിലവിലുണ്ട്.
3. ക്രിപ്റ്റോ കറൻസികളാണ് ഇടപാടുകൾക്കായി ഉപയോഗിക്കുന്നത്. എഥേറിയം, ടെസോസ്, വസീർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറൻസികൾ. ബ്രൗസർ അധിഷ്ഠിത സോഫ്റ്റ്വെയർ ആയ 'മെറ്റാമാസ്ക്' നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക. ഇതുപയോഗിച്ചാണ് നാം പണം കൈമാറുന്നത്. അതായത് openseaയിലേക്ക് പെയ്മെന്റ് നടത്തുന്നത് മെറ്റാമാസ്ക് വഴിയാണ്.
ഇഥേറിയം ബ്ലോക്ക് ചെയിനിലാണ് ഏറ്റവും കൂടുതൽ എൻ.എഫ്.ടികൾ ഉള്ളതും ആളുകൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നതും. ഒരു എൻ.എഫ്.ടി ഇഥീറിയത്തിന്റെ ബ്ലോക്ക് ചെയ്നിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിന്റെ തന്നെ ക്രിപ്റ്റോ കറൻസി ആയ ഈഥർ (ETH) ഉപയോഗിച്ച് മാത്രമേ ഇതിനുള്ളിലെ പണമിടപാടുകൾ നടത്താൻ കഴിയുകയുള്ളൂ. ഇതിലെ ട്രാൻസാക്ഷനുകളിലെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വളരെ ഉയർന്ന സർവീസ് ചാർജ് ആണ്. ഉദാഹരണത്തിന്, 2000 രൂപക്ക് ഒരുഡിജിറ്റൽ ആർട്ട് വാങ്ങുമ്പോൾ ചിലപ്പോൾ അതിന് 1200 രൂപയെല്ലാം സർവീസ് ചാർജുകൾ ആയിവരുന്നു. ആദ്യമായി ഉദയം ചെയ്ത ടെക്നോളജിയാണ് ഇഥീറിയം എന്നതുകൊണ്ടാണ് ഇതിലെ സർവീസ് ചാർജ് കൂടുതൽ ആകുന്നത്. പിന്നീട്, പുതുതായി വന്ന പോളിഗൺ പോലെയുള്ളവ ഉപയോഗിച്ചാൽ സർവീസ് ചാർജുകൾ കുറയ്ക്കാൻ സാധിക്കും.
ഉയർന്ന വിലയിൽ വിൽക്കപ്പെട്ട ചില എൻ.എഫ്.ടികൾ:
The Merge - $91.8 million (Rs. 6,86,13,61,500)
Everydays: The First 5,000 Days - $69 million
Human One - $28.9 million
CryptoPunk 7523 - $11.75 million
CryptoPunk 4156 - $10.35 million
CryptoPunk 7804 - $7.56 million
(note: ഇവ ഗൂഗിളിൽ സെർച് ചെയ്താൽ ലഭിക്കും. ഡൌൺലോഡ് ചെയ്യാനും കഴിയും).