ഏകദിന ക്രിക്കറ്റ്: ഇത്തവണത്തേത് അവസാന ലോകകപ്പോ?
ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയം പകുതി പോലും നിറഞ്ഞില്ല. ആസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലും പ്രതീക്ഷിച്ച കാണികള്‍ എത്തിയില്ല. ഏകദിനത്തിന്റെ ഭാവി ഇനി എന്താകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
132,000 കാണികളെ ഉള്‍കൊള്ളാവുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. എന്നാല്‍, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയം പകുതി പോലും നിറഞ്ഞില്ല. ആരവം മുഴക്കിയുള്ള കാണികളുടെ പ്രവാഹം മത്സരത്തിനുണ്ടായില്ല. ഒഴിഞ്ഞ ഗാലറി ശരിക്കും ലോകകപ്പിന്റെ ശോഭകെടുത്തി. ലോകത്ത് ക്രിക്കറ്റിന് ഏറ്റവും ആരാധകരുള്ള ഇന്ത്യയിലെ ഈ കാഴ്ച അപ്രതീക്ഷിതമായിരുന്നു. നിലവില്‍ നടക്കുന്ന ഏകദിനങ്ങള്‍ ആളുകള്‍ക്ക് മടുത്ത് തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനകൂടിയാണ് ഇത്. ആസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഞ്ഞായറാഴ്ച നടന്നിട്ടുപോലും പ്രതീക്ഷിച്ച കാണികള്‍ എത്തിയില്ല. മറ്റു മത്സരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ പല പരമ്പരകളിലും രാജ്യങ്ങള്‍ക്ക് കളിക്കാന്‍ താരങ്ങളെ കിട്ടാറുപോലുമില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. അടുത്ത വര്‍ഷങ്ങളിലെല്ലാം ടീമുകളുടെ ഷെഡ്യൂളില്‍ ഏകദിന ക്രിക്കറ്റിന് വലിയ സ്ഥാനമില്ലെന്ന് കാണാം.
ലോകം മാറുന്നതിനനുസരിച്ച് ആളുകള്‍ സമയത്തിനും വലിയ പ്രാധാന്യമാണ് ജീവിതത്തില്‍ നല്‍കുന്നത്. ഒരു ഏകദിന മത്സരം കാണാനായി ഒരു ദിവസമാണ് നഷ്ടമാകുക. എന്നാല്‍, ട്വന്റി20 മത്സരങ്ങള്‍ അഞ്ച് മണിക്കൂറിുകൊണ്ട് തീരും. മാത്രമല്ല, രാത്രികളിലാണ് മത്സരങ്ങള്‍ കൂടുതലും നടക്കുക. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ പ്രവര്‍ത്തികളെല്ലാം തീര്‍ത്ത് മത്സരം കാണാനെത്താം. അതുകൊണ്ടുതന്നെ ഒരു ദിവസം മുഴുവന്‍ നഷ്ടമാകുന്ന മത്സരത്തിനായി ആളുകള്‍ സമയം നീക്കിവെക്കുന്നില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമുകള്‍ തമ്മില്‍ അധികം ഏകദിന പരമ്പരകള്‍ കളിക്കുന്നില്ല. ട്വന്റി20 മത്സരങ്ങള്‍ക്ക് പുറമെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നടക്കുന്നതിനാല്‍ ഏകദിന പരമ്പരകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഐപിഎല്‍, പോലെയുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടതിനാല്‍ താരങ്ങളും ബോര്‍ഡും ഏകദിന പരമ്പരക്ക് സമയം കണ്ടെത്തുന്നില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ പല പരമ്പരകളിലും രാജ്യങ്ങള്‍ക്ക് കളിക്കാന്‍ താരങ്ങളെ കിട്ടാറുപോലുമില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. അടുത്ത വര്‍ഷങ്ങളിലെല്ലാം ടീമുകളുടെ ഷെഡ്യൂളില്‍ ഏകദിന ക്രിക്കറ്റിന് വലിയ സ്ഥാനമില്ലെന്ന് കാണാം. 2027 ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ വളരെ കുറവ് തന്നെയാകാനാണ് സാധ്യത. 2027 ലോകകപ്പിന് ശേഷം രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പര കുറക്കണമെന്ന നിര്‍ദേശം എം.സി.സി വേള്‍ഡ് കമ്മിറ്റി ഐ.സി.സിക്ക് മുന്നാകെ നല്‍കിയിട്ടുണ്ട്. ക്രിക്കറ്റിലെ പരിഷ്‌കാരങ്ങളെ പറ്റി നിര്‍ദേശം കൈമാറുന്നവരാണ് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് - എംസിസി.
ഏകദിനത്തിന്റെ ഭാവി ഇനി എന്താകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും ഏകദിന മത്സരം പരിപൂര്‍ണമായി നിര്‍ത്തലക്കുകയില്ല. പകരം, പുതിയ പരിഷ്‌കാരങ്ങളോടെയായിരിക്കും ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി നടക്കുക. ടെസ്റ്റ് ക്രിക്കറ്റിന് ചരമഗീതം രചിച്ചപ്പോള്‍ ഐ.സി.സി എടുത്ത തീരുമാനമായിരുന്നു ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങള്‍ തമ്മില്‍ വെറുതെ പരമ്പരകള്‍ നടത്താതെ പോയിന്റുകള്‍ നിശ്ചയിച്ച് ഒരു ടൂര്‍ണമെന്റ്. ഏറ്റവും അധികം പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടും. വിജയിക്കുന്നവര്‍ക്ക് കിരീടവും സമ്മാനത്തുകയും. വിരസമായി സമനിലകള്‍ക്ക് കളിച്ചു കൊണ്ടിരുന്ന ടെസ്റ്റ് ക്രിക്കറ്റിന് ഇതോടു കൂടി പുത്തന്‍ ഉണര്‍വാണ് ലഭിച്ചത്. എല്ലാ മത്സരങ്ങളിലും വിജയം ലക്ഷ്യമാക്കി ടീമുകള്‍ വാശിയോടെ കളിച്ചതോടെ കാണികളിലും വന്‍ ആവേശമാണ് ഉണ്ടായത്. ഓവറുകള്‍ വെട്ടിചുരുക്കിയോ, നാല് ഇന്നിങ്‌സുകളായോ ഏകദിന മത്സരം നടത്തണമെന്ന ആശയം ക്രിക്കറ്റ് ലോകത്ത് പൊതുവില്‍ ചര്‍ച്ചയാകുന്നുണ്ട്. കാത്തിരിക്കാം പുതിയ കാലത്ത് പുത്തന്‍ പരിഷ്‌കാരങ്ങളുമായി എത്തുന്ന ഏകദിന ക്രിക്കറ്റിനായി.