പ്ലാച്ചിമട: തുടരുന്ന വഞ്ചനയും പടരുന്ന സമരവും
പ്ലാച്ചിമടയിലുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ കണ്ടെത്താന്‍ 2009 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. കമ്പനി പ്ലാച്ചിമടയില്‍ 216.26 കോടിയുടെ നാശനഷ്ടമുണ്ടാക്കിയെന്ന് കമ്മിറ്റി കണ്ടെത്തി. എന്നാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധാരണക്കാരായ ജനങ്ങളുടെ ജീവനവും ഉപജീവനവും തകര്‍ത്ത കോളക്കമ്പനിയെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല.
പ്ലാച്ചിമട.. പാലക്കാട് ജില്ലയിലെ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ആദിവാസി ഗ്രാമം, കൃഷിയും കൂലിപ്പണിയുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം സാധാരണ മനുഷ്യരാണ് അവിടെ ജീവിക്കുന്നത്.. പ്ലാച്ചിമട എന്ന ഗ്രാമവും അവിടത്തെ സാധാരണക്കാരായ ജനങ്ങളും ലോക ഭൂപടത്തില്‍ ഇന്ന് അറിയപ്പെടുന്നത് കൊക്കകോള എന്ന ആഗോളഭീമനെ മുട്ടുക്കുത്തിച്ചതിന്റെ പേരിലാണ്.
തങ്ങളുടെ ഭൂമിയിലെ ഉറവവെള്ളം പോലും ഊറ്റിയെടുത്ത, രാസമാലിന്യങ്ങള്‍ തള്ളി മണ്ണില്‍ കൃഷിയിറക്കാന്‍ പറ്റാത്താക്കിയ കൊക്കകോളക്കെതിരേ ജനങ്ങള്‍ ആദ്യം സമരത്തിനിറങ്ങിയത് 2002 ഏപ്രില്‍ 22-ലെ ലോക ഭൗമദിനത്തിലാണ്. സമരം മുന്നില്‍ നിന്ന് നയിച്ച അക്ഷരവിദ്യാഭ്യാസം പോലും ശരിക്കുമില്ലാതിരുന്ന മയിലമ്മ എന്ന ആദിവാസി സ്ത്രീ ഒരു നാടിന്റെ മുഖമായി, പ്രകൃതി ചൂഷണത്തിനെതിരേയുള്ള പോരാട്ടിന്റെ പ്രതീകമായി. നിരവധി സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ 2004 മാര്‍ച്ച് ഒമ്പതിന് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെപ്പിച്ചു.
കേരള നിയമസഭ 11 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപവത്കരിച്ച് കോള കമ്പനിയില്‍ നിന്ന് പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കൊക്കോകോള വിരുദ്ധ സമരസമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.
കമ്പനി പൂട്ടിച്ചെങ്കിലും തങ്ങള്‍ പൂര്‍ണമായി വിജയിച്ചതായി സമരം ചെയ്തവരാരും തന്നെ കരുതുന്നില്ല. നീതി ഇനിയും കിട്ടിയില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. കമ്പനി പൂര്‍ണമായി പൂട്ടിക്കാതെ, തങ്ങളുടെ മണ്ണും വെള്ളവും വായുവും മലിനമാക്കിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 2022 ആഗസ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തിന് വീണ്ടുമൊരു അനശ്ചിതകാല സമരം പ്ലാച്ചിമടയില്‍ ആരംഭിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോള കമ്പനിക്ക് മുന്നില്‍ കെട്ടിയ സമരപന്തലില്‍ കൊക്കകോള വിരുദ്ധ സമരസമിതി വീണ്ടും സമരമിരുന്നു. വലിയ ബഹളങ്ങളില്ലാതെ, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്തുണയില്ലാതെ തുടങ്ങിയ സമരം 60 ദിവസം പിന്നിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ച മുദ്രാവാക്യങ്ങളിലും ബാനറുകളിലും പോസ്റ്ററുകളിലുമെഴുതിയ ആവശ്യങ്ങളിലും മാറ്റമുണ്ട്. ഇന്ന് സമരം കമ്പനിക്കെതിരേ മാത്രമല്ല, കിട്ടാന്‍ വൈകുന്ന നീതിക്കു വേണ്ടി കൂടിയാണ്.
കേരള നിയമസഭ 11 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപവത്കരിച്ച് കോള കമ്പനിയില്‍ നിന്ന് പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കൊക്കോകോള വിരുദ്ധ സമരസമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. രണ്ടാംഘട്ട സമരത്തിന്റെ 50-ാം ദിവസം ഐക്യദാര്‍ഢ്യവുമായി മേധാപട്കറും ഖനികള്‍ക്കെതിരേ സമരം നയിക്കുന്ന പ്രഫുല്ല സാമന്തറയും പ്ലാച്ചിമടയിലെത്തി. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബില്‍ നിയമമായി നടപ്പാക്കാന്‍ കഴിയാത്തത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് മേധാപട്കര്‍ പറയുന്നു. പ്ലാച്ചിമടയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും എം.പിമാരും എം.എല്‍.എമാരും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി.
കോള പ്ലാന്റ് തുടങ്ങുന്നു, സമരങ്ങളും
തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ പെരുമാട്ടി, വെങ്കലക്കയം, കമ്പാലത്തറ ജലസംഭരണികള്‍ ചുറ്റപ്പെട്ട ഗ്രാമമായ പ്ലാച്ചിമടയില്‍ ജലദൗര്‍ലഭ്യമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് കോള കമ്പനി സ്ഥലമെടുക്കുന്നത്. 1998-ല്‍ 34 ഏക്കര്‍ സ്ഥലമാണ് ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങുന്നത്. തൊട്ടടുത്ത വര്‍ഷം പ്ലാന്റ് തുടങ്ങാനുള്ള അപേക്ഷ പെരുമാട്ടി ഗ്രാമപ്പഞ്ചായത്തിന് നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പ്ലാന്റ് തുടങ്ങാന്‍ കോള കമ്പനി തയ്യാറായി. 56 കോടി മുതല്‍മുടക്കില്‍ 2000 മാര്‍ച്ചില്‍ കോള പ്ലാന്റ് പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രദേശവാസികളായ അഞ്ഞൂറോളം ആളുകള്‍ക്ക് ജോലി വാഗ്ദാനവും കമ്പനി നല്‍കിയിരുന്നു. 5.5 ലക്ഷം കോള പ്രതിദിനം ഉത്പാദിപ്പിക്കാനായിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് അനുമതി നല്‍കിയത്. അനുവദിക്കപ്പെട്ടതിന്റെ ഇരട്ടി ഉത്പാദനവും അതിനായി ഇരട്ടി വെള്ളവും ഊറ്റിയിരുന്നതായി പിന്നീട് കണ്ടെത്തി. ആറു കുഴല്‍കിണറുകള്‍ വഴി ഏകദേശം 1.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് കമ്പനി ഊറ്റിയെടുത്തത്. സമരസമിതി ജനറല്‍ കണ്‍വീനറായ ശക്തിവേലിന് ആ കാലം ഇപ്പോഴും കണ്‍മുന്നില്‍ നിന്ന് മാഞ്ഞിട്ടില്ല.
കിണറുകളിലെ വെള്ളമെല്ലാം താണു, വെള്ളമുള്ളവ ഉപയോഗിക്കാനും സാധിക്കില്ല. ഇതോടെയാണ് കമ്പനിക്കെതിരായ ആദ്യസമരം തുടങ്ങുന്നത്. 'ട്രീറ്റ്മെന്റ് പ്ലാന്റ്' സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആ സമരം. പൈപ്പ് വഴി ശുദ്ധജലമെത്തിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിച്ചു. എന്നാല്‍, ശുദ്ധീകരിച്ച ജലം ഉപയോഗിച്ച പലര്‍ക്കും പലവിധ ശാരീരിക പ്രശ്നങ്ങള്‍ കാണാന്‍ തുടങ്ങി. നാട്ടിലെ കൃഷിയും കുറഞ്ഞു. കോര്‍പ്പ് വാച്ച് എന്ന സംഘടന നടത്തിയ പഠനത്തിലാണ് വെള്ളത്തില്‍ കൂടിയ അളവില്‍ കാത്സ്യവും മഗ്‌നീഷ്യവും കണ്ടെത്തിയത്. വളമെന്ന തരത്തില്‍ കമ്പനി കര്‍ഷകര്‍ക്ക് കൊടുത്തിരുന്ന രാസമാലിന്യത്തില്‍ കാഡ്മിയം, ലെഡ്, ക്രോമീയം പോലുള്ള ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. വെള്ളം മലിനമാകുന്നതിന്റെ കാരണവും ഈ അവസരത്തിലാണ് തിരിച്ചറിഞ്ഞതും. കമ്പനി കുഴിച്ച അറുപതോളം കുഴല്‍ക്കിണറുകളില്‍ ഉപയോഗയോഗ്യമായിരുന്നത് ആറെണ്ണം മാത്രമാണ്. മറ്റുള്ളവ മാലിന്യ സംസ്‌കരണത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതോടെയാണ് വാര്‍ഡംഗമായിരുന്ന വരദരാജന്റെ നേതൃത്വത്തില്‍ മറ്റൊരു സമരം തുടങ്ങുന്നത്. ആദിവാസി നേതാവ് സി.കെ ജാനു ഉദ്ഘാടനം ചെയ്ത സമരം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. മയിലമ്മ, മേധാപട്കര്‍, എം.പി വീരേന്ദ്രകുമാര്‍, മാധവ് ഗാഡ്ഗില്‍, വന്ദന ശിവ എന്നിവരെ പോലുള്ള പ്രമുഖര്‍ സമരത്തിന് ഐക്യവുമായെത്തി. സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ 2004 മാര്‍ച്ചില്‍ കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പൂന, കാലെധാരെ തുടങ്ങിയ സ്ഥലങ്ങളില്‍ കോളയ്ക്കെതിരേ സമരം തുടങ്ങാന്‍ പ്ലാച്ചിമട ഊര്‍ജമായി.
അന്നെല്ലാം കുടിവെള്ളത്തിനായി കിലോമീറ്ററുകളാണ് സ്ത്രീകള്‍ നടന്നിരുന്നത്. പണ്ടത്തെ പോലെ കുടിവെള്ളം കിട്ടാത്ത അവസ്ഥ ഇപ്പോഴില്ലെന്ന് ശക്തിവേല്‍ പറയുന്നു. ജലജീവന്‍ മിഷന്‍ കുടിവെള്ളമെത്തുകയും സമീപത്തെ അണക്കെട്ടുകളിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തങ്ങളുടെ ഭൂമിയെ മരുഭൂമി പോലെയാക്കി തീര്‍ത്ത കോളക്കമ്പനിയെ പ്രതിയാക്കി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ശക്തിവേലിനെ പോലെ തന്നെ എല്ലാ പ്രദേശവാസികളുടെയും ആവശ്യം. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ സമരം. ഏറ്റവുമധികം ബാധിക്കപ്പെട്ടത് പ്ലാച്ചിമട, കമ്പാലത്തറ, മാധവന്‍ നായര്‍ കോളനി, തൊട്ടിച്ചിപ്പതി, വിജയനഗര്‍, രാജീവ് നഗര്‍, കൊച്ചിക്കാട്, കന്നിമാരി, വേലൂര്‍ എന്നീ കോളനികളാണ്. ഇവരുടെയെല്ലാം പിന്തുണയോടെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. പണ്ടത്തെ പോലെ എല്ലാവരും മുഴുവന്‍സമയം സമരപന്തലില്‍ ഇരിക്കുന്നില്ല. എല്ലാവരും എന്തെങ്കിലും കൂലിപ്പണിക്ക് പോകുന്നവരാണ്. സത്യാഗ്രഹമിരിക്കുന്ന ആള്‍ക്കൊപ്പം രണ്ടോ മുന്നോ പേരുണ്ടാകും. എന്നാലും വൈകീട്ട് മൂന്നുമണിയോടെ സ്ത്രീകളും പുരുഷന്മാരും പണി അവസാനിപ്പിച്ച് സമരപന്തലിലെത്തും. പണ്ട് പ്ലാച്ചിമടയില്‍ നിന്ന് ഭൂഗര്‍ഭജലമെടുക്കാന്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചപ്പോള്‍ കോള പ്ലാന്റിലേക്ക് അയല്‍ പഞ്ചായത്തുകളില്‍ നിന്ന് വെള്ളമെത്തിച്ചായിരുന്നു ഉത്പാദനം നടത്തിയിരുന്നത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം മറ്റുള്ളവര്‍ക്കുമുണ്ടാകരുതെന്ന ചിന്തയില്‍ പുറമേ നിന്ന് വെള്ളവുമായി എത്തുന്ന ലോറികള്‍ പ്ലാന്റിലേക്ക് കടക്കാതെ തടഞ്ഞ അതേ ആര്‍ജവത്തോടെയാണ് നീതിക്കായി ഇന്നും പോരാടുന്നതെന്ന് ശക്തിവേല്‍ പറയുന്നു. തങ്ങളുടെ ഭൂമിയും മണ്ണും ഉപയോഗശൂന്യമാക്കിയ ഒരു നാടിനെ മുഴുവന്‍ തെരുവിലിറക്കിയ കൊക്കകോളയെ കുറ്റവാളിയായി പ്രഖ്യാപിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.
വീണ്ടും സമരങ്ങള്‍
പ്ലാച്ചിമടയിലുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ കണ്ടെത്താന്‍ 2009-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. കമ്പനി പ്ലാച്ചിമടയില്‍ 216.26 കോടിയുടെ നാശനഷ്ടമുണ്ടാക്കിയെന്ന് കമ്മിറ്റി കണ്ടെത്തി. എന്നാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധാരണക്കാരായ ജനങ്ങളുടെ ജീവനവും ഉപജീവനവും തകര്‍ത്ത കോള കമ്പനിയെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പറയുന്നു. കമ്പനി പൂട്ടി 18 വര്‍ഷത്തിനു ശേഷം വീണ്ടും സമരമുഖത്തേക്ക് വരാനുള്ള കാരണം നീതി ലഭിക്കാനുള്ള കാലത്താമസമാണെന്ന് വേണുഗോപാല്‍. തൊഴില്‍ നഷ്ടത്തിനും ശുദ്ധജലവും മണ്ണും നഷ്ടമായതിനും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷം നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അതും ഒന്നുമായില്ലെന്ന് വേണുഗോപാല്‍ പറയുന്നു. പരിസ്ഥിതിയുടെ നാശം, മണ്ണിനും ജലത്തിനുമുണ്ടായ മലനീകരണം, വിളവില്‍ കുറവ് വന്നതും രോഗങ്ങള്‍ പടരുന്നതും കാരണം കാര്‍ഷിക മേഖലയില്‍ സംഭവിച്ച മന്ദീഭാവം, രാസമാലിന്യങ്ങള്‍ കാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം പഠനത്തിന് വിധേയമാക്കിയ ശേഷമാണ് നഷ്ടപരിഹാരം നിജപ്പെടുത്തിയത്. നിലവില്‍ 150 അടിയൊക്കെ മണ്ണ് കുഴിച്ചാല്‍ ചില സ്ഥലങ്ങളില്‍ ഉറവ കാണാമെന്ന് വേണുഗോപാല്‍ പറയുന്നു. പക്ഷേ, വെള്ളം ഉപയോഗിക്കാന്‍ പേടിയാണ്.
കാര്‍ഷിക-കാര്‍ഷികേതര മേഖലയിലുണ്ടായ നാശനഷ്ടവും ജനിക്കുന്ന കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങളും പൊതുജനാരോഗ്യത്തിലുണ്ടായ പ്രശ്നങ്ങളും കുട്ടികളുടെ വിദ്യാഭ്യാസം വരെയും മുടങ്ങിയതും തെളിവ് സഹിതം നല്‍കിയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2011-ല്‍ കേരളസര്‍ക്കാര്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസ്സാക്കി രാഷ്ട്രപതിക്കയച്ചു. എന്നാല്‍, എല്ലാവരെയും നിരാശരാക്കി കൊണ്ട് രാഷ്ട്രപതി ബില്‍ തിരിച്ചയച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ബില്ലിന് തടസ്സം നിന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011-ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയതാണ്. കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമവകുപ്പ്, പരിസ്ഥിതിവകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കിയതുമാണ്. എന്നാല്‍, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിനും ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തിനും കോളക്കമ്പനിയുമായുണ്ടായ ബന്ധമാണ് ബില്‍ മടക്കി അയക്കാന്‍ കാരണമെന്ന് സി.ആര്‍ നീലകണ്ഠന്‍ പറയുന്നു. കോളക്കമ്പനിയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ബില്‍ മടക്കിയയച്ചത്. ഇതിന് സര്‍ക്കാര്‍ മറുപടി അയച്ചെങ്കിലും ആഭ്യന്തരവകുപ്പ് അംഗീകരിച്ചില്ല.
എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ബില്‍ പാസാക്കുമെന്ന് പറഞ്ഞിരുന്നു. ചില മാറ്റങ്ങളോടെ ബില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോഴും പറഞ്ഞു. പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായപ്പോള്‍ അതിനുള്ള ചര്‍ച്ചകള്‍ നടന്നതായും പറയുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപവത്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്കു സര്‍ക്കാര്‍ അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2017 ഏപ്രില്‍ 22 മുതല്‍ സമരസമിതി പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജൂണില്‍ സമരസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ മൂന്ന് മാസത്തിനകം പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. എന്നാല്‍, ആറുവര്‍ഷങ്ങള്‍ക്കിപ്പുറവും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. പ്ലാച്ചിമടയില്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കൊക്കകോള 2017-ല്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. കോവിഡ് കാലത്ത് പ്ലാന്റ് ചികിത്സാ കേന്ദ്രമായി കമ്പനി തുറന്ന് നല്‍കിയിരുന്നു. ഇതിനിടെ ബില്ലിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷവും നീതി വൈകിയതോടെയാണ് വീണ്ടും ഒരു സമരത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
2022 ഒക്ടോബര്‍ 4 ന് പ്ലാച്ചിമടയില്‍ ചേര്‍ന്ന സമര ഐക്യദാര്‍ഢ്യ സമ്മേളനം അംഗീകരിച്ച പ്രമേയം.
കേരള നിയമസഭ 11 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഇപ്പോഴും നിയമമായി മാറാത്തത് കേരള നിയമസഭയുടെ നിയമനിര്‍മാണ അവകാശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കയ്യേറ്റമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും നിയമനിര്‍മാണാവകാശം ഉയര്‍ത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ് സംരക്ഷിക്കാന്‍ കേരളത്തിലെ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും ഈ കണ്‍വെന്‍ഷന്‍ ആവശ്യപ്പെടുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ വാട്ടര്‍ ആക്ടിന്റെ 43, 47 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യണമെന്നും ട്രൈബ്യൂണല്‍ സമ്പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കുന്നത് വരെ സര്‍ക്കാര്‍ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്നും ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണത്തിന് ഗ്രാമസഭയ്ക്ക് അധികാരം നല്‍കുന്ന വിധത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ഭരണഘടന നിയമനിര്‍മാണ സഭകള്‍ക്ക് നല്‍കിയിട്ടുളള നിയമനിര്‍മാണത്തിനുളള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാധീനശക്തികളായി മാറിയിരിക്കുന്നു. ഇതിന് തെളിവാണ് കേരള നിയമസഭ പാസാക്കിയ - പ്ലാച്ചിമട കൊക്കോള ദുരിതാശ്വാസവും നഷ്ടപരിഹാരവും സ്പെഷ്യല്‍ ട്രൈബ്യൂണല്‍ ബില്ല് -ന്റെ ദുരവസ്ഥ.
വിദഗ്ധ സമിതി വിശദമായ പഠനത്തിന് ശേഷമാണ് നിയമനിര്‍മാണത്തിന് ശുപാര്‍ശ നല്‍കിയത്. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാര്‍ഷിക ഉല്‍പ്പാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നുണ്ടായ സാമൂഹ്യപ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം ഭൂഗര്‍ഭ ജലവിതാനത്തില്‍ വലിയ കുറവുണ്ടായി, നിലവിലെ നിയമവ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി പ്രവര്‍ത്തിച്ചു, ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി കുറച്ചു, ക്ഷീരകര്‍ഷകര്‍ക്കും കോഴി വളര്‍ത്തുന്നവര്‍ക്കും ഭീമമായ നഷ്ടമുണ്ടായി, പൊതു ജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകള്‍ കിലോമീറ്ററോളം നടക്കേണ്ട തരത്തില്‍ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 216.26 കോടിയുടെ നഷ്ടമാണ് സമിതി തിട്ടപ്പെടുത്തിയത്. ഏറ്റവും വിചിത്രമായ ഒരു നടപടിക്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത്. നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതപ്പെട്ട ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിനുവേണ്ടിയായിരുന്നു ബില്ലിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാതെ അംഗീകാരം നിഷേധിച്ചത്. നിയമനിര്‍മാണ സഭക്കു മേലുളള എക്സിക്യൂട്ടീവിന്റെ കടന്നാക്രമണമാണ് ബില്ലിന്റെ കാര്യത്തില്‍ ഉണ്ടായത്.
ബില്ലിന് അനുമതി ലഭിക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിച്ചില്ല. കേരള നിയമസഭയുടെ നിയമനിര്‍മാണ അധികാരത്തെ പോലും എക്‌സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കുവാന്‍ കഴിയുന്ന തരത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ കരുത്താര്‍ജിക്കുന്ന കാലത്ത് അതിനെ ചെറുക്കാന്‍ സംസ്ഥാന നിയമസഭയുടെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സംസ്ഥാന ഗവണ്‍മെന്റിന് നിയമം നിര്‍മിച്ച് ഗവര്‍ണറുടെ അംഗീകാരത്തോടെ നടപ്പാക്കാന്‍ കഴിയും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയില്‍ നഷ്ടപരിഹാര പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം നല്‍കിയതാണ്. എന്നാല്‍, ഏഴ് വര്‍ഷമായിട്ടും അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബില്‍ അവതരിപ്പിച്ച് പ്രസിഡണ്ടിന്റെ അനുമതിക്കയക്കാന്‍ സംസ്ഥാന നിയമസഭക്ക് ഇപ്പോഴും സാധിക്കും. ട്രൈബ്യൂണല്‍ സ്ഥാപിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് വീണ്ടും കേന്ദ്രം അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സ്വന്തം നിലയില്‍ സംസ്ഥാനത്ത് നിയമം നിര്‍മിച്ച് ഗവര്‍ണറുടെ അംഗീകാരത്തോടെ നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. നിയമ നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍ അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള 216.26 കോടി രൂപയുടെ നഷ്ടപരിഹാരം പ്ലാച്ചിമടക്കാര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഈ കണ്‍വെന്‍ഷന്‍ ആവശ്യപ്പെടുന്നു.