മട്ടാഞ്ചേരി മാഫിയയും സിനിമയുടെ ഭൂമിശാസ്ത്രവും
ഒറ്റപ്പാലം വരിക്കാശ്ശേരി മനകളിൽ നിന്നും സിനിമ ലോക്കേഷനുകൾ/പ്ലോട്ടുകളുടെ ജ്യോഗ്രാഫികൾ എന്നത് എക്സ്പ്ലിസിറ്റ് ആയി കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തേക്കും മാറി
രണ്ടായിരത്തി പതിനഞ്ചിൽ പുറത്തിറങ്ങിയ അഫാറിം എന്ന റോമാനിയൻ-ബെൽജിയം പ്രൊഡക്ഷൻ സിനിമയിൽ ഒരു ദൃശ്യമുണ്ട്. ഒരു ഉത്സവപ്പറമ്പ് പോലുള്ള ഒരു ചന്തയിൽ പത്തോമ്പതാം നൂറ്റാണ്ടിൽ രണ്ടു പോലീസുകാർ അടിമകളെ വിൽക്കാൻ കൊണ്ടു പോകുമ്പോൾ അവിടെ പാവക്കൂത്ത് കണ്ടു കയ്യടിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ദൃശ്യം. ആ പാവക്കൂത്ത് നടക്കുന്നത് ഒരു ചതുരാകൃതിയിൽ ഉള്ള ഒരു കർട്ടനിൽ ആണ്. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയുടെ മുമ്പുള്ള ഒരു രൂപം. അതിനു ശേഷം ഉണ്ടായ തോൽപ്പാവാക്കുത്തുകളിലും വെളിച്ചം സന്നിവേശിപ്പിച്ച് കളിച്ചതും സിനിമയുടെ മറ്റൊരു രൂപം തന്നെ ആയിരുന്നു. ഇരുട്ടിലേക്ക് വെളിച്ചം വീശുന്ന കലാ രൂപമായ സിനിമയെ ഈ സിനിമയിലെ മറ്റൊരു രൂപവും ആയി ബന്ധപ്പെടുത്താം. ഇരുട്ടിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു കൊണ്ടു അതിൽ നിന്നും അടിമകളെ കൊണ്ടു നാണയങ്ങൾ കടിച്ചു എടുക്കാൻ പറയുന്ന ദൃശ്യങ്ങൾ. മനുഷ്യരുടെ ആഹ്ലാദങ്ങളും ആഘോഷങ്ങളും അതാത് കാലത്തെ അടിമത്ത വ്യവസ്ഥിതിയുമായി പല തരത്തിൽ ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു.
കേരളത്തിലും അടിമത്ത വ്യവസ്ഥയിൽ പണിയെടുത്ത മനുഷ്യർക്കും ഇത്തരം വെളിച്ചവും ഇരുട്ടുമായി ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നു തോന്നുന്നു. പുഴയോട് ചേർന്നു നിൽക്കുന്ന ചതുപ്പുകളോട് ചേർന്ന കൈപ്പാട് പോലുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന മനുഷ്യർ വെളിച്ചം വീശുന്നതിനു മുമ്പേ പണിക്കിറങ്ങുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരം വെളിച്ചം മാറി ഇരുട്ടുന്നതോടെയാണ് ഈ മനുഷ്യർ അന്നത്തെ കൂലി നെല്ലുമായി കൂരകളിലേക്ക് വരിക. അതേ സമയം ഇരുട്ടിലെ വെളിച്ചത്തിൽ കളിച്ചിരുന്ന ക്ഷേത്ര കലകളിലും കഥകളി പോലുള്ള 'കേരളീയ കലകളിലെ' വെളിച്ചങ്ങളിലും അവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വെളിച്ചം അടിമകൾക്ക് ഈ ലിമിറ്റഡ് ആയ ജ്യോഗ്രാഫിക്കൽ സ്‌പേസിൽ അവർക്ക് അപ്രാപ്യാമായിരുന്നു.
ഈ ലിമിറ്റഡ് ആയ ഭൂമി ശാസ്ത്ര പരിധിയിൽ നിന്നും പുറത്ത് ബോംബെ പോലുള്ള നഗരങ്ങളിൽ പോയത് കൊണ്ടാണ് ജെ സി ഡാനിയലിലെ പോലുള്ള ഒരാൾ ടെക്നിക്കലി മോഡേൺ ആയ സിനിമ എന്ന കലയിലേക്ക് എത്തുന്നത്. ഇവിടത്തെ തറവാട്ടുകരുടെ പവിത്രമായ ഭൂമി ശാസ്ത്രങ്ങൾക്ക് പുറത്ത് ഒരു പക്ഷെ വിഗത കുമാരൻ എന്ന സിനിമയുടെ പ്രൊഡക്ഷൻ നടന്നത് കൊണ്ടു കൂടിയാകണം സിനിമ പ്യൂരിറ്റി ഇല്ലാത്ത ഒരു കലയാണെന്ന് അന്ന് വായിക്കപ്പെട്ടത്. അങ്ങനെ ആയിരിക്കാം റോസി എന്ന അപരമായ ഒരു ഭൂമി ശാസ്ത്രത്തിൽ ഉള്ള ഒരു ദളിത് ക്രിസ്ത്യൻ സ്ത്രീ ആ സിനിമയുടെ ഭാഗമാകുന്നത്. ജ്യോഗ്രാഫിക്കൽ പ്യുരിറ്റിയും വെളിച്ചവും കലയും തമ്മിൽ ഇവിടത്തെ വംശീയത വല്ലാത്ത ബന്ധം കല്പിച്ചിരുന്നു. ദിക്കു നോക്കി വിളക്ക് വെക്കുന്ന സംഭവങ്ങൾ ഒക്കെ ഉണ്ടാകുന്നത് അത്തരത്തിൽ ആകാം. റോസി എന്ന സ്ത്രീ സിനിമയുടെ ലൈറ്റിങ്ങിലേക്ക് മറ്റൊരു വെളിച്ചത്തിലേക്ക് കടന്നു വന്നത് ഇവിടത്തെ വെളിച്ചത്തിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും സങ്കൽപ്പങ്ങൾക്ക് കടുത്ത അടി ആയിരുന്നു.
വിഗത കുമാരൻ എന്ന സിനിമ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ആ സിനിമയുടെ വെളിച്ചത്തിൽ റോസി സ്‌ക്രീനിൽ അവതരിപ്പിക്കപ്പെട്ടതും ഈ അടിമത്ത വ്യവസ്ഥിതിയുടെ വംശീയ ഫ്യൂഡൽ സിസ്റ്റത്തിനു വലിയ ആഘാതം ആയി. ഇരുട്ടിൽ ജീവിക്കേണ്ടവളെ വെളിച്ചത്തിൽ കാണുക എന്നത് അസഹനീയം ആയിരുന്നു. ആ സിനിമ കളിച്ച ടാക്കീസ് കത്തിക്കുന്നത് ഹിന്ദു വ്യവസ്ഥിതിയുടെ അഗ്നി ശുദ്ധയുടെ ഗ്രാമർ കൂടിയാണ്. ആ സ്ത്രീ പിന്നീട് ഇവിടെ നിന്നും ഒരു തമിഴ്നാട്ടുകാരനായ ലോറിക്കാരന്റെ കൂടെ ഓടിപ്പോയി രക്ഷപ്പെടുക ആയിരുന്നു. അവരെ ഡിസ്‌പ്ളേസ് ചെയ്യുന്നതിലൂടെ ഭൂമി ശാസ്‌ത്രപരമായും വർണ്ണ ജാതി വ്യവസ്ഥയുടെ വംശീയ ശുദ്ധി വരുത്തി.
പിന്നീട് സിനിമയുടെ 'വെള്ളി വെളിച്ചം' പിടിച്ചെടുത്ത സവർണ്ണ ഐഡന്റികൾ അവിടെ നിന്നു മനുഷ്യത്വം പറഞ്ഞു തുടങ്ങി. അങ്ങനെയാണ് നീലക്കുയിലിൽ ഒക്കെ കീഴാള സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയിട്ട് നായരോട് മനുഷ്യനാകാൻ പറഞ്ഞത്. 'എന്നുണ്ടോടി താമരച്ചന്തം' എന്ന് കമൽ സംശയിക്കുന്ന റോസി ഉഗ്രൻ നാടക നടി ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. അവരുടെ ജ്യോഗ്രാഫിയും തൊലി നിറവും ഒക്കെ വെച്ചു അവരെ കമൽ സ്വന്തം സൗന്ദര്യത്തിൽ സംശയാലു ആക്കി. അങ്ങനെ വംശീയ വാദി ആയ കമ്മൽ ഒക്കെയാണ് ചാലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയത് എന്നത് മറ്റൊരു കോമഡി. സിനിമയുടെ ചരിത്രത്തിൽ ദളിത് കീഴാള സ്പെസുകളുടെ വിഘടനങ്ങളും ഉയർച്ചകളും അങ്ങിങ്ങായി ഉണ്ടായെങ്കിലും ഈ സ്‌പേസിലെ അധികാരങ്ങളിൽ സവർണ്ണർ ഇരുന്നു വിരകി. ചിന്താമണി കൊലക്കേസ് എന്ന സിനിമയിൽ നിലവിളക്ക് കൊളുത്തി പ്യുരിട്ടിയുടെ ഒരു വീടിന്റെ ജ്യോഗ്രാഫിയിൽ വരുന്ന ഒരു പെൺകുട്ടി അതി ക്രമിക്കപ്പെട്ടത് സഹിക്കാൻ വയ്യാതെയാണ് സുരേഷ് ഗോപിയുടെ വക്കീൽ നിയമം വിട്ടു ഘാതകൻ ആകുന്നത്.
അങ്ങനെ ഭൂമി ശാസ്ത്രവും വെളിച്ചവും ഒക്കെ പ്യുരിഫൈ ചെയ്ത് ജാതിയെ കൂട്ടിയുറപ്പിച്ച മലയാള സിനിമയുടെ പവിത്രതയ്ക്ക് വിഘാതം ഉണ്ടാക്കിയത് പുതിയ തലമുറയിലെ കൊച്ചി/കോഴിക്കോട് എന്നീ ലോക്കേഷനുകളിലെ ജ്യോഗ്രാഫിക്കൽ സ്‌പേസിൽ നിന്നാണ്. ഒറ്റപ്പാലം വരിക്കാശെരി മനകളിൽ നിന്നും സിനിമ ലോക്കേഷനുകൾ/പ്ലോട്ടുകളുടെ ജ്യോഗ്രാഫികൾ എന്നത് എക്സ്പ്ലിസിറ്റ് ആയി കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തേക്കും മാറി. മലപ്പുറത്ത് നൂറു കണക്കിന് ഹോം സിനിമകൾ ഉണ്ടായി. കെ എൽ പത്ത് പോലുള്ള സിനിമകൾ ഉണ്ടായി. അത്തറും ഒപ്പനക്കും അപ്പുറമുള്ള മുസ്ലീം സബ്ജക്ട്കൾ ഉണ്ടായി. സിനിമയുടെ വെളിച്ചവും ജ്യോഗ്രാഫിയും മാറി. ഒതളങ്ങ തുരുത്ത് പോലുള്ള വെബ് സീരീസ് കോളനികളുടെ വൈബുകൾ കാട്ടി തന്നു. മട്ടാഞ്ചേരി ജ്യോഗ്രഫി സിനിമയിൽ വന്നപ്പോൾ അത് 'കേരളത്തെ പൊളിച്ചു കൊടുത്തു.
പുഴു/ജന ഗണ മന എന്നീ സിനിമകളിലെ ടെക്സ്ച്ചുവൽ ആയ കാസ്റ്റ്പ്ലോയിട്ടേഷൻ ടൂളുകൾ വളരെ പഴയതാണ്. പി എച്ച് ഡി തീസിസ് ഒപ്പിട്ടു കിട്ടാത്തത് കൊണ്ടു കരഞ്ഞു ആത്മഹത്യ ചെയ്യലും അത് പോലെ ദളിതനായ നാടക ക്കാരൻ പക്കാ ഡീസന്റ് ആയി റോബോട്ടിനെ പോലെ പൊളിറ്റിക്സ് പറയുന്നതുമൊക്കെ പഴേ എഴുപതുകളിലെ ബ്ലാക്ക് പൊളിറ്റിക്സ് സിനിമകളിലെത് പോലെയാണെങ്കിലും കേരളം എന്ന കപട പുരോഗമന 'നമ്മൾ ഒന്നാണെ...' എന്ന സ്ഥലത്ത് നല്ല കിടിലൻ ഷോക്ക് ഉണ്ടാക്കി. 'നീയൊക്കെ എന്നാണ് അമ്പലത്തിൽ കയറാൻ തുടങ്ങിയത്?' എന്ന് പറഞ്ഞ മേജർ രവിക്കൊക്കെ നല്ലോണം അത് കൊണ്ടു. അത് കൊണ്ടാണ് സി ആർ പരമേശ്വരനും രാഹുൽ ഈശ്വറും മേജർ രവിയുമൊക്കെ ഇങ്ങനെ വെകിളി പിടിച്ചു കരയുന്നത്. അതിന്റെ എക്സ്ട്രീം ഫോം ആണ് സന്ദീപ് വാര്യർ ജനഗണ മന എന്ന സിനിമക്ക് എതിരെ സംസാരിക്കുന്നത്. അത് പഴയ അടിമ വ്യവസ്ഥയുടെ ഭൂമി ശാസ്ത്രപരമായ ഹൈന്ദവ ശുദ്ധി വാദത്തിൽ ഊന്നിയാണ്. മുസ്‌ലിംകളും ജൂതന്മാരും ക്രിസ്ത്യാനികളുമൊക്കെ പാർക്കുന്ന മട്ടാഞ്ചേരി അയാൾക്ക് മട്ടാഞ്ചേരി മാഫിയ ആണ്. ജന ഗണ മന സിനിമയുടെ പിന്നണി പ്രവർത്തകർ മട്ടാഞ്ചേരിക്കാർ അല്ല എന്നതാണ് രസകരം. പക്ഷെ ഹൈന്ദവതയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചവർ ആയത് കൊണ്ടു സന്ദീപ് വാര്യർക്ക് അവർ മട്ടാഞ്ചേരിക്കാർ ആയി. അയാളുടെ ഭൂമി ശാസ്‌ത്രപരമായ ശുദ്ധതാ വാദത്തിൽ അവർ ദേശ വിരുദ്ധരായ മട്ടാഞ്ചേരി മാഫിയക്കാർ ആയി. ഹിന്ദുത്വ വംശീയ വാദികൾക്ക് ദേശവും രാഷ്ട്രവും എന്നും ശുദ്ധിയുടെ മറ്റൊരു പര്യായവുമാണ്.