ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രശാന്ത് കിഷോറിന്റെ ഇടം

പ്രശാന്ത് കിഷോർ ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരാണ്? മാറിയ കാലത്തെ രാഷ്ട്രീയത്തിൽ പ്രശാന്ത് കിഷോറുമാർ എത്രമാത്രം അനിവാര്യമാണ്?

Update: 2022-09-22 10:45 GMT
Click the Play button to listen to article

ലൂസിഫർ എന്ന സിനിമയിൽ ടൊവിനോ തോമസ് ചെയ്ത കഥാപാത്രത്തിന്റെ രാഷ്ട്രീയ പ്രവേശനം ഓർമയില്ലേ? നേതാവിന്‍റെ ലുക്ക് എങ്ങനെയായിരിക്കണമെന്നു മുതൽ എന്തു പ്രസംഗിക്കണമെന്നു വരെ തീരുമാനിക്കുന്ന ഒരു ഇമേജ് ബില്‍ഡിങ് ടീമിനെ ആ സിനിമയില്‍ കാണിക്കുന്നുണ്ട്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലും ഇത്തരം പ്രതിച്ഛായാ നിര്‍മിതികള്‍ ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു. മുന്‍പൊക്കെ രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുമെല്ലാം പ്രതിച്ഛായ ഉരുത്തിരിഞ്ഞു വരികയാണ് ചെയ്തിരുന്നത്. ഇന്നാകട്ടെ ഇമേജ് ബിൽഡിങ് ടീം, പി.ആർ ടീം, രാഷ്ട്രീയ ഉപദേശകര്‍, കൺസൾട്ടന്‍റുമാർ- ഇങ്ങനെ അധികാരത്തിന്റെ ഇടനാഴിയിൽ ചരടുവലിക്കുന്നവരുടെ നീണ്ടനിര തന്നെയുണ്ട്. ഈ നിരയിലെ വിജയിച്ച മാതൃകയുടെ പേരാണ് പ്രശാന്ത് കിഷോർ. രാഷ്ട്രതന്ത്രജ്ഞന്‍, രാഷ്ട്രീയ ഉപദേശകൻ, ഇലക്ഷൻ എഞ്ചിനീയർ, കിങ് മേക്കര്‍- പി.കെ എന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന് വിശേഷണങ്ങള്‍ നിരവധിയാണ് ‍. പ്രശാന്ത് കിഷോർ ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരാണ്? മാറിയ കാലത്തെ രാഷ്ട്രീയത്തിൽ പ്രശാന്ത് കിഷോറുമാർ എത്രമാത്രം അനിവാര്യമാണ്? പരിശോധിക്കാം

തുടക്കം നരേന്ദ്ര മോദിക്കൊപ്പം

ബിഹാർ സ്വദേശിയായ പ്രശാന്ത് കിഷോർ 2011ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. എഞ്ചിനീയറിങ് പഠിച്ച ബിഹാര്‍ സ്വദേശിയായ പ്രശാന്ത് കിഷോര്‍, നേരത്തെ ഐക്യരാഷ്ട്ര സഭയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ ടീമിൽ ഒരാളായിട്ടാണ് രാഷ്ട്രീയത്തിലെ തുടക്കം. നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയായതിനു പിന്നാലെ അടുത്ത വര്‍ഷം പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് എന്ന മാധ്യമ, പബ്ലിസിറ്റി കമ്പനി രൂപീകരിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെ ദേശീയ തലത്തില്‍ നേതാവായി അടയാളപ്പെടുത്തുക എന്ന ദൗത്യം പി.കെ ഏറ്റെടുത്തു. അഹമ്മദാബാദിലെ ചായക്കടയില്‍ കയ്യിലൊരു ചായക്കപ്പുമായി മോദിയെ ഇരുത്തിയുള്ള സംവാദം പ്രശാന്ത് കിഷോറിന്റെ ആശയമായിരുന്നു. ഗുജറാത്ത് കലാപാനന്തരം ദേശീയ തലത്തിലുണ്ടായ നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കാൻ, സാധാരണക്കാരുടെ പ്രതിനിധിയായ 'ചായ് വാല' ആയി മോദിയെ അവതരിപ്പിക്കുകയായിരുന്നു. ചായ് പേ ചർച്ച, 3 ഡി റാലികൾ, റൺ ഫോർ യൂണിറ്റി എന്നിങ്ങനെ സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കും മധ്യവര്‍ഗത്തിനും കാപിറ്റലിസ്റ്റുകള്‍ക്കുമെല്ലാം തൃപ്തിപ്പെടുംവിധം മോദിയുടെ പ്രതിച്ഛായ നിര്‍മിച്ചെടുക്കാനാണ് പ്രശാന്ത് കിഷോർ ശ്രമിച്ചത്.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതോടെ പ്രശാന്ത് കിഷോര്‍ വിജയ ശില്‍പ്പിയെന്ന് വാഴ്ത്തപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഡീല്‍ അവസാനിപ്പിക്കാറില്ല അദ്ദേഹം. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ തക്ക സ്ഥാനം കൂടി വിജയത്തിനു ശേഷം പ്രശാന്ത് കിഷോര്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. മോദി സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന തോന്നലും അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ കാരണം പി.കെ വൈകാതെ ബി.ജെപി ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി അഥവാ ഐ പാക് എന്ന രാഷ്ട്രീയ കണ്‍സള്‍ട്ടിങ് സ്ഥാപനം തുടങ്ങി.


നിതീഷിന്റെ വിശ്വസ്തൻ

ബി.ജെ.പി ബന്ധം അവസാനിപ്പിച്ചതോടെ, 2015ൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനൊപ്പമായിരുന്നു പ്രശാന്ത് കിഷോര്‍. 'നിതീഷ് കെ നിശ്ചയ് വികാസ് കി ഗ്യാരന്‍റി' എന്ന മുദ്രാവാക്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയായ ശേഷം നിതീഷ് കുമാർ പി.കെയ്ക്ക് വേണ്ടത്ര പരിഗണന നൽകുകയും ചെയ്തു. പി.കെയെ പ്ലാനിങ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഉപദേശകനായാണ് നിയമിച്ചത്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവർത്തനവും നടത്താതെ തന്നെ പ്രശാന്ത് കിഷോർ ജെ.ഡി.യു ഉപാധ്യക്ഷനായി. പിന്നീട് പാർട്ടിയെ വകവെയ്ക്കുന്നില്ല, പാർട്ടിയെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നിങ്ങനെ പ്രശാന്ത് കിഷോറിനെതിരെ ജെ.ഡി.യുവിൽ അതൃപ്തി പുകയാൻ തുടങ്ങി. നിതീഷ് കുമാറും പി.കെയും പരസ്യമായി വിഴുപ്പലക്കൽ തുടങ്ങി. പൗരത്വ നിയമ ഭേദഗതിയിൽ ജെ.ഡി.യു നിലപാട് എന്തായിരിക്കണമെന്നത് സംബന്ധിച്ചും തർക്കമുണ്ടായി. 2020ലാണ് ജെ.ഡി.യു പ്രശാന്ത് കിഷോറിനെ പുറത്താക്കിയത്.

അതിനിടെ 2017ൽ പി.കെ അമരീന്ദർ സിങ്ങിനെ സഹായിക്കാൻ പഞ്ചാബിലെത്തിയിരുന്നു. പഞ്ചാബില്‍ പ്രതീക്ഷയറ്റിരുന്ന കോണ്‍ഗ്രസിന്‍റെ നേതാവായി അമരീന്ദറിനെ പ്രശാന്ത് കിഷോര്‍ ബ്രാന്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന പേരിലാണ് പി.കെ അമരീന്ദറിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയത്. അമരീന്ദർ സിങ്ങായട്ടെ വിജയത്തിന് ശേഷം പരസ്യമായി തന്നെ ക്രെഡിറ്റ് പ്രശാന്ത് കിഷോറിന് നൽകി- "പി.കെയും സംഘവും ഞങ്ങളുടെ വിജയത്തില്‍ നിർണായക പങ്കു വഹിച്ചു " എന്നാണ് ട്വീറ്റ് ചെയ്തത്. പി.കെയെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ അഡ്വൈസറായി നിയമിക്കുകയും ചെയ്തു.

വൻവിജയങ്ങൾക്കിടെ യു.പിയിൽ വൻവീഴ്ച

തെരഞ്ഞെടുപ്പുകളിലെ ബ്ലോക് ബസ്റ്റര്‍ ഹിറ്റുകള്‍ക്കിടയില്‍, പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ മൂക്കുംകുത്തി വീണത് 2017ല്‍ ഉത്തര്‍പ്രദേശിലാണ്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതു മുതൽ രാഹുൽ ഗാന്ധിയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ക്യാമ്പെയിനുകള്‍ വരെ തന്ത്രങ്ങളെല്ലാം പിഴച്ചു. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളെ തന്റെ പദ്ധതികൾ ബോധ്യപ്പെടുത്താൻ പി.കെയ്ക്ക് കഴിഞ്ഞില്ല. താൻ ആവിഷ്കരിച്ച പദ്ധതികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു കാണിക്കാൻ അണികളെയും കിട്ടിയില്ല. അന്നത്തെ പരാജയം പി.കെയെ സംബന്ധിച്ച് വൻവീഴ്ച തന്നെയായിരുന്നു.

ഉത്തർപ്രദേശിലെ കനത്ത പരാജയത്തിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നെങ്കിലും വീണ്ടും വിജയവുമായി പി.കെ കളം നിറഞ്ഞു. 2019ല്‍ ആന്ധ്ര പ്രദേശില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ഉപദേശകനായി. അയല്‍വക്കത്തെ പയ്യന്‍ എന്ന പ്രതിച്ഛായ നല്‍കി ജഗനണ്ണന്‍ ആയാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. ജഗന്‍റെ പിതാവായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ മമ്മൂട്ടിയുടെ യാത്ര എന്ന സിനിമ പോലും വോട്ടാക്കി മാറ്റാൻ തക്ക തന്ത്രങ്ങൾ ആവിഷ്കരിക്കുകയും മിന്നും ജയം ഉറപ്പാക്കുകയും ചെയ്തു. അതിനിടെ മഹാരാഷ്ട്രയിൽ ശിവസേനയുടെയും ബിഹാറിലെ ചില നേതാക്കളുടെയും വിജയം ഉറപ്പിക്കാൻ പ്രവർത്തിച്ചു. പി.കെ നടത്തിയ നിർണായക ചർച്ചകളുടെ കൂടി ഫലമായാണ് മഹാരാഷ്ട്രയിൽ വിരുദ്ധ ചേരികളിലായിരുന്ന ശിവസേനയും എൻ.സി.പിയും കോൺഗ്രസും സഖ്യത്തിലെത്തിയത്.

വീണ്ടും വിജയ പരമ്പരകൾ

2020ൽ പ്രശാന്ത് കിഷോർ ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുടെ തന്ത്രജ്ഞനായി. 'ലഗേ രഹോ കെജ്‌രിവാൾ' എന്ന മുദ്രാവാക്യം പ്രശാന്ത് കിഷാർ മുന്നോട്ടുവച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ തമിഴ്നാട്ടില്‍ എം കെ സ്റ്റാലിനും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കും വേണ്ടി പ്രവര്‍ത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതും ബി.ജെ.പി ശക്തിപ്പെടുന്നതും കണ്ട് അന്തിച്ചു നിന്ന മമതയുടെ തൃണമൂലിന് ആത്മവിശ്വാസം നല്‍കാന്‍ പ്രശാന്ത് കിഷോറിന് കഴിഞ്ഞു. മമതയെ ബംഗാളിന്‍റെ മകള്‍, ബംഗാളിന്‍റെ അഭിമാനം എന്ന രീതിയിലാണ് അവതരിപ്പിച്ചത്. ദീദി കെ ബോലോ പോലുള്ള പരിപാടികളിലൂടെ മമതയെ കൂടുതൽ ജനപ്രിയയാക്കാന്‍ പ്രശാന്ത് കിഷോറിന് സാധിച്ചു. അതേസമയം തമിഴ്നാട്ടിലാകട്ടെ ഭരണ വിരുദ്ധവികാരത്തിനിടെ ഡി.എം. കെയുടെ വിജയം ഉറപ്പാണെന്നിരിക്കെ, എന്തിന് പ്രശാന്ത് കിഷോർ എന്ന ചോദ്യം പാർട്ടിയിൽ ഉയർന്നു. പക്ഷേ എം.കെ സ്റ്റാലിൻ പി.കെയുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊപ്പം പി.കെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള രാഷ്ട്രതന്ത്രജ്ഞനായി മാറി. നേതാക്കളുടെ പ്രതിച്ഛായാ നിർമിതി മാത്രമല്ല പ്രശാന്ത് കിഷോറും അദ്ദേഹത്തിന്‍റെ ഐ പാക്കും ചെയ്യുന്നത്. വോട്ടര്‍മാരുടെ മനസ്സില്‍ തറയ്ക്കുന്ന മുദ്രാവാക്യങ്ങൾ മുതല്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വരെ പ്രശാന്ത് കിഷോറിന്‍റെ ടീം തീരുമാനിക്കും. അടിത്തട്ടിലെ പള്‍സ് എന്തെന്നറിയാന്‍ സര്‍വേകള്‍, സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും‍, സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ എന്നിങ്ങനെ പല തട്ടുകളിലായാണ് പ്രവര്‍ത്തനം. മൂന്ന് തരം വാര്‍ റൂമുകളിലായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഐ.ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദഗ്ധരും ഗവേഷകരും ടെക്കികളും മുതല്‍ പുതുതലമുറ പ്രതിനിധികള്‍ വരെ പ്രശാന്ത് കിഷോറിന്‍റെ സംഘത്തിലുണ്ട്. 360 ഡിഗ്രി പൊളിറ്റിക്കല്‍ ക്യാമ്പെയിന്‍ ടീം ഉറപ്പുവരുത്തുന്നു. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും ഉള്‍പ്പെടെ നിരീക്ഷിച്ചാണ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ തന്ത്രങ്ങള്‍ മെനയുന്നത്.

ശരിക്കും പി.കെ മാജിക്കുണ്ടോ?

തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ക്രെഡിറ്റ് മുഴുവനായി പ്രശാന്ത് കിഷോറിന് നല്‍കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. ഓരോ കാലത്തും ഭരണത്തിലേറുമെന്ന് ഉറപ്പുള്ള പാര്‍ട്ടികള്‍ക്കൊപ്പമാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും വിജയങ്ങളുടെ തിളക്കം കൂട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഒരു വിലയിരുത്തൽ. പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ കരകയറ്റാന്‍ പ്രശാന്ത് കിഷോറിന് കഴിഞ്ഞില്ലെന്ന വസ്തുതയാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. അതേസമയം ബംഗാളിലെ വിജയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ ഈ വിമര്‍ശനത്തെ പ്രതിരോധിക്കുന്നത്. ബംഗാളില്‍ ബി.ജെ.പി 100 കടക്കില്ലെന്നും കടന്നാല്‍ താന്‍ ഈ പണി നിര്‍ത്തുമെന്നും പ്രശാന്ത് കിഷോര്‍ ഇക്കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിനിടെ വെല്ലുവിളിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടും മമതയെ ബി.ജെ.പി കടപുഴക്കുമെന്ന് കാടിളക്കി പ്രചാരണമുണ്ടായിട്ടും വിജയിച്ചത് പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടലായിരുന്നു. ഇപ്പോഴത്തെ ജോലിയിൽ താന്‍ പരമാവധി ചെയ്തുകഴിഞ്ഞെന്നും ഇനി മറ്റെന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം പി.കെ പറയുകയുണ്ടായി.

ഏന്തെങ്കിലും ആശയപരമായ പ്രതിബദ്ധതയുടെ പേരിലല്ല, മറിച്ച് പക്ക പ്രൊഫഷണല്‍ ആയാണ് പ്രശാന്ത് കിഷോര്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാണ്. പല ഐഡിയോളജിയുള്ള, പല സംസ്ഥാനങ്ങളിലെ, പല പാര്‍ട്ടികള്‍ക്കായാണ് പി.കെ പ്രവര്‍ത്തിച്ചത്. അടുത്തിടെ തെലങ്കാനയില്‍ ഐ പാക്ക് ചന്ദ്രശേഖര റാവുവിന്‍റെ ടി.ആര്‍.എസുമായി കരാര്‍ ഒപ്പുവെച്ചതിന് സമാന്തരമായാണ് പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള ചര്‍ച്ചയും നടന്നത്. തെലങ്കാനയില്‍ കോൺഗ്രസിന്റെ എതിരാളിയാണ് ടി.ആർ.എസ് എന്നതുകൊണ്ടുതന്നെ, ശത്രുവിന്‍റെ മിത്രത്തെ വിശ്വസിക്കരുതെന്ന് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നു തന്നെ അഭിപ്രായമുയർന്നു. താനല്ല, ഐ പാക് ആണ് തെലങ്കാനയില്‍ ടി.ആര്‍.എസുമായി കൈകോര്‍ക്കുന്നതെന്ന പ്രശാന്ത് കിഷോറിന്‍റെ വിശദീകരണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് തൃപ്തികരമായില്ല. സംഘടനാ ചുമതല തീരുമാനിക്കുന്നതിൽ മുതൽ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന പ്രശാന്ത് കിഷോറിന്റെ നിബന്ധന, 'ജനാധിപത്യ പാർട്ടി'യായ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന രീതിയുമായി യോജിച്ചുപോകുന്നതല്ല. കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി-23 നേതാക്കളുടെ പ്രതിനിധിയാണോ പ്രശാന്ത് കിഷോര്‍ എന്ന സംശയവും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ടായി. സോണിയയും പ്രിയങ്കയും പി.കെയെ വിശ്വാസത്തിലെടുത്തെങ്കിലും രാഹുൽ ഗാന്ധിയുടെ വിശ്വാസം നേടാൻ പി.കെ യ്ക്ക് കഴിഞ്ഞില്ല എന്നാണ് കോൺഗ്രസിനുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രശാന്ത് കിഷോർ ഇന്നു ചെയ്യുന്ന ജോലി അത്ര പുതിയതൊന്നുമല്ല. 1980കളില്‍ തന്നെ രാഷ്ട്രീയ പാർട്ടികൾ പരസ്യ ഏജൻസികളുമായും പി ആർ കമ്പനികളുമായെല്ലാം കൈകോർത്തിരുന്നു. 1985 മുതല്‍ റെഡിഫ്യൂഷൻ എന്ന കമ്പനി രാജീവ് ഗാന്ധിക്കായി പ്രവർത്തിക്കുകയുണ്ടായി. "മൈ ഹാർട്ട് ബീറ്റ്സ് ഫോർ ഇന്ത്യ"- ഇന്ത്യയ്ക്കായി എന്റെ ഹൃദയം തുടിക്കുന്നു എന്ന വാചകമാണ് കമ്പനി രാജീവ് ഗാന്ധിക്കായി മുന്നാട്ടുവെച്ചത്. മാഡിസണ്‍ മീഡിയ, ഡെന്‍സു, സോഹോ സ്ക്വയർ, ഒഗിൽവി ആന്‍റ് മേത്തർ ഇങ്ങനെ അനവധി പി.ആര്‍ കമ്പനികളും പരസ്യ കമ്പനികളും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമൊപ്പം പ്രവര്‍ത്തിച്ചു. 1990കളുടെ അവസാനത്തിൽ, സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് കോൺഗ്രസിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും ഒരു പബ്ലിക് റിലേഷൻസ് കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. ആ തീരുമാനം കോൺഗ്രസിൽ അസ്വസ്ഥതകളുണ്ടാക്കി. ആ റിപ്പോർട്ട് വെളിച്ചം കണ്ടതുമില്ല. പക്ഷേ ഈ കമ്പനികളും പ്രശാന്ത് കിഷോറും തമ്മില്‍ വ്യത്യാസമുണ്ട്- തന്നെ ഏല്‍പ്പിച്ച ജോലി സമയബന്ധിതമായി ചെയ്ത് വിജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്ന പക്ക പ്രൊഫഷണൽ മാത്രമല്ല പ്രശാന്ത് കിഷോര്‍. വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാനും സ്വന്തം പ്രതിച്ഛായ വളര്‍ത്തിക്കൊണ്ടു വരാനും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കാനും പി.കെ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. അതായത് മികച്ച ഇലക്ഷന്‍ എഞ്ചിനീയര്‍ മാത്രമല്ല, സമര്‍ഥനായ ബിസിനസുകാരന്‍ കൂടിയാണ് പ്രശാന്ത് കിഷോര്‍.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - സിതാര ശ്രീലയം

contributor

Similar News