വംശീയതയും ലൈംഗീകാതിക്രമങ്ങളും
തട്ടിക്കൊണ്ടുപോകലിന്റെയും ബലാല്‍സംഗങ്ങളുടെയും കഥകള്‍ പറഞ്ഞ്, നിങ്ങളും എന്തുകൊണ്ട് അപ്രകാരം ചെയ്തില്ല എന്നാണയാള്‍ ചോദിക്കുന്നത്. സവര്‍ക്കറുടെ വീക്ഷണത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ഒട്ടും ദയവോ മാന്യമായ പെരുമാറ്റമോ അര്‍ഹിക്കുന്നില്ല.
ദേശീയതാവാദം എന്ന ആശയത്തിലുള്ള അമിതാഭിരമണത്തിന് സ്വാഭാവികമായി സംഭവിക്കാവുന്ന പരിണതിയേ സവര്‍ക്കറൈറ്റ് ഹിന്ദുത്വ വാദത്തിനും സംഭവിച്ചിട്ടുള്ളൂ എന്ന് ചിന്തിച്ചാല്‍ അത് തെറ്റാവില്ല. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന മനുഷ്യന്റെ ചിന്തകള്‍ ജ്യുസപ്പെ മറ്റ്‌സീനി (Guiseppe Mazzini) തുടങ്ങിയ തീവ്രദേശീയവാദികളില്‍ നിന്നും സോഷ്യല്‍ ഡാര്‍വിനിസ്റ്റായ ഹെര്‍ബര്‍ട് സ്‌പെന്‍സര്‍ തുടങ്ങിയവരില്‍ നിന്നുമൊക്കെയാണ് ഊര്‍ജം സ്വീകരിക്കുന്നത്. തന്റെ ചിന്തകളുടെ രാഷ്ട്രീയമായ പ്രയോഗത്തെക്കുറിച്ച വിചാരത്തില്‍ ഫാഷിസ്റ്റ് സ്ഥാപകനായ ബെനീത്തോ മുസ്സോലിനിയോട് (Benito Mussolini) സാദൃശ്യം പുലര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യാചരിത്രം എന്നാല്‍ സവര്‍ക്കര്‍ക്ക് ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന്റെ മാത്രം ചരിത്രമാണ്. സഹവര്‍ത്തിത്വത്തിന്റെ ഒരടയാളം പോലും അയാള്‍ അതിലെവിടെയും കണ്ടെത്തുന്നില്ല. വിവരങ്ങളുടെ ഒരു സമാഹാരം മാത്രമാണല്ലോ ചരിത്രം എന്നത്. വിവരസ്വീകാര്യത്തിന്റെ മുന്‍ഗണനകള്‍, വസ്തുതകളുടെ വിശ്ലേഷണം തുടങ്ങിയവ ഓരോരുത്തരുടെയും മനോഗതികളെ പ്രകാശിപ്പിക്കുന്നു.
ഇന്ത്യയിലെ സമുദായാന്തരബന്ധങ്ങളുടെ ചരിത്രത്തെ മൂന്ന് രീതിയില്‍ വായിക്കാം.
1) വിവരങ്ങള്‍ എന്ന നിലക്ക് നിര്‍മമമായി ചരിത്രം പറഞ്ഞു പോവുക.
2) സമുദായാന്തര ആദാനപ്രദാനങ്ങളുടെ ആഖ്യാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഉദ്ഗ്രഥനാത്മകമായി അവതരിപ്പിക്കുക.
3) സംഘര്‍ഷങ്ങളുടെ ചരിത്രത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട്, ധ്രുവീകരണത്തിന് ശ്രമിക്കുകയും പകപോക്കലിനെ പ്രോത്സാഹിപ്പിക്കുകയും ചെയുക.
ഹിന്ദുത്വ എന്ന രാഷ്ട്രീയസിദ്ധാന്തത്തിന് ബീജാവാപം നല്‍കിയ വിനായക്, ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍മാര്‍ തീര്‍ച്ചയായും ഇതില്‍ മൂന്നാമത്തെ സമീപനമാണ് സ്വീകരിച്ചത്.
സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു (പല ഖണ്ഡികകളിലായി) 'ജിസ്‌യ' ആയി പണത്തിന് പുറമെ ഹിന്ദുക്കളുടെ പെണ്‍മക്കളെയും ഭാര്യമാരെയും ആവശ്യപ്പെടുകയും പരസ്യമായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തു (445) എന്നെല്ലാം സവര്‍ക്കര്‍ ആരോപിക്കുന്നു. Cow-faced followers of Hinduism എന്നും tiger-faced Muslims എന്നും രണ്ട് വിഭാഗങ്ങളെ വിശേഷിപ്പിക്കുന്നുണ്ട് പുസ്തകത്തില്‍
Six Glorious Epochs of Indian History എന്ന, സവര്‍ക്കറുടെ രചന ചരിത്രത്തോടുള്ള അയാളുടെ സമീപനം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യകാലങ്ങളില്‍ നിന്നുള്ള, അധിനിവേശത്തിനെതിരായ 'ഹിന്ദു' പ്രതിരോധങ്ങളുടെ വിവരണമാണ് 'ആറ് ഉജ്വലയുഗങ്ങള്‍' നല്‍കുന്നത്. ചരിത്രരേഖകള്‍ (അവയില്‍ പലതും സംശയാസ്പദമാണ്), വിദേശ സഞ്ചാരികളുടെ അതിശയോക്തിപരമായ വിവരണങ്ങള്‍, കൊളോണിയല്‍ ചരിത്രകാരന്മാരുടെ രചനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുസ്തകം. സവര്‍ക്കറുടെ ജ്വരാത്മകവും ഭീഷണവുമായ (delirious and terrifying) 'ഭാവന' യഥാര്‍ഥ ഇന്ത്യാ ചരിത്രത്തിലെ വൈവിധ്യമാര്‍ന്ന ഉറവുകളെ കോപത്തിനും വെറുപ്പിനും മാത്രം ഇടമുള്ള ഊഷരതയാക്കി മാറ്റുന്നു.
***** ***** *****
ബലാല്‍സംഗത്തെ ഒരു പൊളിറ്റിക്കല്‍ ടൂള്‍ ആയി സവര്‍ക്കര്‍ കണ്ടിരുന്നു എന്ന് ആരോപണം ഉയര്‍ന്നത് Six Glorious Epocsh ലെ വിശകലനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതില്‍ Perverted Conception of Virtues (സദ്വൃത്തിയെസ്സംബന്ധിച്ച വഴിപിഴച്ച സങ്കല്‍പനം) എന്ന ഒരധ്യായമുണ്ട്. അയാള്‍ വിഭാവന ചെയ്യുന്ന മുസ്‌ലിം ആക്രമണവും ഹിന്ദു പ്രതിരോധവുമാണ് ഇതിലെ വിഷയം. ഇതിലാകട്ടെ, സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും (Virtues and Vices) എന്ന ചര്‍ച്ചയും കൊണ്ടുവരുന്നുണ്ട്.\
പ്രധാനമായും മനസ്സിലാക്കേണ്ട വസ്തുത, അധികാരത്തിന് വേണ്ടി പോരടിച്ചിരുന്ന രാജാക്കന്മാര്‍ മതത്തെ ഒരുപകരണമാക്കി മാറ്റിയിരുന്നു എന്നതിലപ്പുറം, ആ പോരുകളൊന്നും മതധര്‍മാനുസാരിയോ മതകീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതോ ആയിരുന്നില്ല എന്നതാണ്. മുഹമ്മദ് ഗോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലുള്ള യുദ്ധവും അധികാരത്തിന് വേണ്ടിയുള്ള കിടമത്സരമായിരുന്നു. എന്നാല്‍, സവര്‍ക്കര്‍ ഗോറിയെ ഇസ്‌ലാമിന്റെ പ്രതിനിധാനമാക്കി നിര്‍ത്തുന്നു. ചൗഹാന്‍ ഇവിടെ ഹിന്ദുമതത്തിന്റെ പ്രതിനിധിയും ആകുന്നു.
തുടര്‍ന്ന് അയാള്‍ ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെയൊന്നാകെ ആക്രമണം, അധിനിവേശം, ക്ഷേത്രധ്വംസനം, ബലാല്‍സംഗം, നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവയുടെ ആവിഷ്‌കാരമാക്കി മാറ്റുന്നു. 'മുസ്‌ലിം പിശാചുക്കള്‍' (Muslim demons) ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും അവരുടെ ബിംബങ്ങളെ ഉടയ്ക്കുകയും (Six Glorious Epochs, Perverted Conception of Virtues; para: 426) ചെയ്തു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു (പല ഖണ്ഡികകളിലായി) 'ജിസ്‌യ' ആയി പണത്തിന് പുറമെ ഹിന്ദുക്കളുടെ പെണ്‍മക്കളെയും ഭാര്യമാരെയും ആവശ്യപ്പെടുകയും പരസ്യമായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തു (445) എന്നെല്ലാം സവര്‍ക്കര്‍ ആരോപിക്കുന്നു. Cow-faced followers of Hinduism എന്നും tiger-faced Muslims എന്നും രണ്ട് വിഭാഗങ്ങളെ വിശേഷിപ്പിക്കുന്നുണ്ട് പുസ്തകത്തില്‍ (468). ഇങ്ങനെയെല്ലാം 'സംഭവിച്ച'തിന് അയാള്‍ ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നുണ്ട്. അവിടെയാണ് സവര്‍ക്കര്‍ കണ്ടെത്തുന്ന Perverted Conception of Virtues എന്ന തത്വം പ്രവര്‍ത്തിക്കുന്നത്. അവര്‍ പണ്ടേ ചൊല്ലിപ്പഠിച്ച ധര്‍മശാസനങ്ങള്‍ക്കനുസൃതമായി മുസ്‌ലിംകള്‍ക്ക് വിശപ്പിന് ആഹാരവും ദാഹത്തിന് പാനീയവും നല്‍കി സത്കരിച്ചുവത്രേ. ഉഗ്രവിഷപ്പാമ്പുകളെ പാലൂട്ടുന്ന ഒരു നടപടിയായിരുന്നു പോലും (Hindus went on giving milk to the vile poisonous cobras and vipers! -426) അത്.
സ്വാഭാവികമായും അയാള്‍ മുന്നോട്ടു വെക്കുന്നത് ഹിന്ദു എന്ന മതത്തെയല്ല, മറിച്ച് ഹിന്ദു എന്ന വംശത്തെയാണ്. നാസ്തികന്‍ എന്ന് സ്വയം അടയാളപ്പെടുത്തിയിട്ടുള്ള സവര്‍ക്കര്‍ ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ധ്വംസനത്തില്‍ രോഷം കൊള്ളുന്നത് വംശീയമായ സംസ്‌കൃതിയുടെ ചിഹ്നങ്ങളാണവ എന്ന നിലക്ക് മാത്രമാണ്. വംശീയമായ താത്പര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നുവെങ്കില്‍ മതധര്‍മത്തെയും വേദത്തെയുമൊക്കെ അയാള്‍ തള്ളിക്കളയും.
ഇവിടെ സവര്‍ക്കര്‍ ധര്‍മാധര്‍മങ്ങളെക്കുറിച്ച (virtue and vice) ചര്‍ച്ച കൊണ്ടുവരുന്നു. സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും ആപേക്ഷികാര്‍ത്ഥകമായ സംജ്ഞകളാണ്. ഒരു പ്രവൃത്തിയെയും അണ്‍ക്വാളിഫൈ ചെയ്യാനോ കേവലം എന്ന് വിധിക്കാനോ പറ്റില്ല (423). സദ്ഗുണമോ അധര്‍മമോ എന്താണെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള പരീക്ഷണം അത് സമൂഹത്തിന്റെ താത്പര്യങ്ങളെ സേവിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണെന്നും സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ മാറുന്നതിനാലാണിത്, സമൂഹങ്ങള്‍ എപ്പോഴും ഒരു പ്രവാഹത്തിലാണ്. മുന്‍കാലങ്ങളില്‍ സദ്ഗുണമായി കരുതിയിരുന്നത് മനുഷ്യരാശിക്ക് ഹാനികരമാണെങ്കില്‍ വര്‍ത്തമാനകാലത്ത് ദുഷിച്ചതായി മാറുമെന്നും സവര്‍ക്കര്‍ പറഞ്ഞു. A virtue should be called a virtue only to the extent it is useful to the best interests of human society എന്നഭിപ്രായപ്പെടുന്ന സവര്‍ക്കര്‍ക്ക് ഇവിടെ ഹ്യൂമന്‍ സൊസൈറ്റി എന്നാല്‍ ഹിന്ദു സൊസൈറ്റിയാണ്.
മുസ്‌ലിംകളോട് സഹിഷ്ണുത കാണിക്കുന്നതിനെ very negation of virtue (431) എന്നാണയാള്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ഈ മാനസിക അസന്തുലിതത്വം ഹിന്ദുക്കള്‍ക്ക് തന്നെ വിനാശകരമായ നഷ്ടങ്ങളുണ്ടാക്കിയത്രേ. ഇതിനെ അയാള്‍ വിളിച്ചത് perverted sense of Hindu virtues എന്നാണ് (422).
***** ***** *****
ഹിന്ദു രാജാക്കന്മാര്‍ പുലര്‍ത്തി എന്ന് സവര്‍ക്കര്‍ ആരോപിക്കുന്ന 'സദ്ഗുണങ്ങ'ളെ വിശേഷിപ്പിക്കുന്നേടത്ത് Master Morality-Slave Morality ദ്വന്ദ്വവുമായി ബന്ധപ്പെട്ട നിത്ഷ്‌ചേവിയന്‍ ചിന്തകളുടെ നിഴല്‍ കാണാം. ചിന്താശൂന്യത (thoughtlenssess), അബുദ്ധത്വം (foolishness), മതപ്രമാണങ്ങളോടുള്ള അടിമത്തപരമായ കൂറ് (slavish adherence to the religious texts), തീവ്രമതഭ്രാന്ത് (fanatic obstinacy) എന്നീ വിശേഷണങ്ങള്‍ നല്‍കുന്നു അയാള്‍ സദ്ഗുണങ്ങള്‍ക്ക് (428).
രസകരമായ വസ്തുതയെന്തെന്നാല്‍, മനുഷ്യന്‍ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നതിന് പിന്നില്‍ മതപ്രമാണ വിധേയത്വം, ഫനാറ്റിസിസം തുടങ്ങിയവ ആരോപിക്കാറുണ്ടല്ലോ പൊതുവെ. സവര്‍ക്കറുടെ ഈ നിരീക്ഷണത്തില്‍ പ്രകടമാകുന്ന ആശയം നേര്‍വിപരീതമാണ്.
ഒന്നാമതായി, സവര്‍ക്കര്‍ മതപ്രമാണബദ്ധത (ഫണ്ടമെന്റലിസം), മതഭ്രാന്ത് (ഫനാറ്റിസിസം) എന്നിവയെ ഒരിക്കലും അംഗീകരിക്കുന്നില്ല. അതേസമയം, സവര്‍ക്കറൈറ്റ് വംശീയവാദം എന്നത് അതിനെക്കാളൊക്കെ അപകടകരമാണ്. രണ്ടാമതായി, ഇത് രണ്ടും താന്‍ നിര്‍മിക്കുന്ന ഹിന്ദു ചരിത്രത്തില്‍ പ്രതിലോമപരമായ സ്വാധീനം ചെലുത്തി എന്നാണയാളുടെ വാദം. മൂന്നാമതായി, മതപരമായ സമീപനത്തില്‍ സ്വീകാര്യമെന്ന് സമ്മതിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന മാനുഷിക ധര്‍മങ്ങള്‍ വംശീയമായ സമീപനത്തില്‍ അസ്വീകാര്യങ്ങളാകുന്നു. സ്വാഭാവികമായും അയാള്‍ മുന്നോട്ടു വെക്കുന്നത് ഹിന്ദു എന്ന മതത്തെയല്ല, മറിച്ച് ഹിന്ദു എന്ന വംശത്തെയാണ്. നാസ്തികന്‍ എന്ന് സ്വയം അടയാളപ്പെടുത്തിയിട്ടുള്ള സവര്‍ക്കര്‍ ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ധ്വംസനത്തില്‍ രോഷം കൊള്ളുന്നത് വംശീയമായ സംസ്‌കൃതിയുടെ ചിഹ്നങ്ങളാണവ എന്ന നിലക്ക് മാത്രമാണ്. വംശീയമായ താത്പര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നുവെങ്കില്‍ മതധര്‍മത്തെയും വേദത്തെയുമൊക്കെ അയാള്‍ തള്ളിക്കളയും.
കൃത്യമായി ഇവിടെ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന വലതുപക്ഷ വംശീയവാദത്തെ, ഭൂരിപക്ഷ വര്‍ഗീയത എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഒന്നുകില്‍ ഉപരിപ്ലവവീക്ഷണമാണ്, അല്ലെങ്കില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ തട്ടിപ്പാണ്. ഇതോടു ചേര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എന്നൊരു തുലാസും കൂടി ഒപ്പിച്ചെടുക്കുന്നതോടെ തങ്ങളും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളും സെയ്ഫായി എന്നവര്‍ കരുതുന്നു.
അയാളുടെ അഭിപ്രായത്തില്‍ ചിന്താശൂന്യമായും വിഡ്ഢിത്തമായും, മതഗ്രന്ഥങ്ങളോടുള്ള അടിമത്തത്തോടെയും മതഭ്രാന്തന്‍ പിടിവാശിയോടെയും സഹിഷ്ണുത തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നവന്‍, അവന്‍ ജീവിക്കുന്ന രാഷ്ട്രത്തിന് അഥവാ വംശത്തിന് വിനാശം വരുത്തിവയ്ക്കും.
ജാജ്വലമായ ആറ് മഹായുഗങ്ങള്‍ എന്ന പുസ്തകത്തിലെ ഒന്നാമത്തെ അധ്യായം ചന്ദ്രഗുപ്ത മൗര്യനെയും ചാണക്യനെയും കുറിച്ചുള്ളതാണ്. ഇന്ത്യന്‍ മാക്കിയവെല്ലി എന്ന് അപരനാമമുള്ള ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തെക്കാള്‍ പ്രാധാന്യം ദൈവികം എന്ന് മതം അനുശാസിക്കുന്ന ഒരു പ്രമാണത്തിനും അയാള്‍ നല്‍കുന്നുണ്ടാവില്ല. (കൗടില്യന്‍ എന്ന ചാണക്യന്റെ പേരില്‍ നിന്നാണ് ഭാഷയില്‍ കുടിലത, കൗടില്യം എന്നീ പദങ്ങളുണ്ടായത്, തിരിച്ചല്ല). ലോകത്തെവിടെയുമുള്ള വംശീയ, വര്‍ഗീയ തീവ്രവാദങ്ങള്‍ മതാഭിനിവേശത്തിന്റെ അടിസ്ഥാനത്തിലല്ല വളരുന്നത് എന്നതാണ് സത്യം. സൂക്ഷ്മവിശകലനത്തില്‍ പ്രമാണയുക്തമായ മതമല്ല, മറിച്ച് വംശീയമായ ഭ്രാന്താണ് അതിന്റെയൊക്കെ അടിസ്ഥാനം.
സീതയെ തട്ടിക്കൊണ്ടു പോന്നത് ധര്‍മവിരുദ്ധമാണെന്ന് ഉപദേശിച്ചവരെ രാവണന്‍ പരിഹസിച്ചു പോലും. 'രാക്ഷസാനാം പരോധര്‍മഃ പരദാരാ വിഘര്‍ഷണം' (മറ്റുള്ളവരുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഭോഗിക്കല്‍ രാക്ഷസന്മാരുടെ പരോധര്‍മമാണ്) എന്നായിരുന്നത്രേ രാവണന്റെ പ്രമാണം.
ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദു എന്നത് സവര്‍ക്കര്‍ക്ക് ഒരു മതമല്ല, മറിച്ച് വംശമാണ്. മറുവീക്ഷണം അംഗീകരിക്കാത്തത് എന്ന് മതത്തെ ആരോപിക്കാറുണ്ട്. എന്നാല്‍, ലോകത്തെ ഓരോ മതവും, കൃത്യമായ ചിട്ടകളും ചട്ടങ്ങളുമുള്ള സെമിറ്റിക് മതങ്ങളടക്കം, ആന്തരികമായിത്തന്നെ വീക്ഷണ വൈവിധ്യങ്ങള്‍ പുലര്‍ത്തുന്നവയാണ്. വംശീയത ഏകശിലാരൂപി (monolithic) ആണ്. സവര്‍ക്കറുടെ ഹിന്ദു നിര്‍വചനം ഏക രാഷ്ട്രം, ഏക ജാതി, ഏക സംസ്‌കൃതി എന്നതാകുന്നു (ജാതി എന്ന് ഇവിടെ പരാമര്‍ശിക്കുന്നത് race എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥത്തിലത്രേ).
***** ***** *****
പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോയതിന്റെയും ബലാല്‍സംഗം ചെയ്തതിന്റെയും വികാരാധീനമായ വര്‍ണനകള്‍ എമ്പാടുമുണ്ട് സവര്‍ക്കറുടെ കഥാപുസ്തകത്തില്‍. പൈശാചികമായ മുസ്‌ലിം മതം (diabolic Muslim faith) അമുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതത്തില്‍ ചേര്‍ക്കല്‍ ഓരോ മുസ്‌ലിമിന്റെയും religious duty ആയി കണക്കാക്കുന്നുണ്ടത്രേ (439). It was an effective method of increasing the Muslim population എന്നും അതേ ഖണ്ഡികയില്‍ തുടരുന്നു. സവര്‍ക്കറുടെ വീക്ഷണത്തില്‍, വംശങ്ങളും ഗോത്രങ്ങളും തമ്മിലുള്ള പോരില്‍ സ്ത്രീകളോട് രണ്ട് തരം സമീപനങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
ഉദാഹരണത്തിന്, ആഫ്രിക്കന്‍ 'വന്യ ഗോത്രങ്ങള്‍' അവരുടെ പുരുഷ ശത്രുക്കളെ മാത്രമേ കൊല്ലുന്നുള്ളൂ, എന്നാല്‍, വിജയികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്ന ശത്രുസമൂഹത്തിലെ സ്ത്രീകളെ കൊല്ലുന്നില്ല. കാരണം, തട്ടിക്കൊണ്ടുവന്ന സ്ത്രീകളുടെ സന്തതികളിലൂടെ തങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് ഒരു കടമയായി ഈ ഗോത്രങ്ങള്‍ കരുതുന്നു. അതേസമയം, ഇന്ത്യയിലെ ഒരു നാഗ ഗോത്രം അവര്‍ക്ക് പിടിക്കാന്‍ കഴിയാത്ത എതിരാളികളായ ഗോത്രങ്ങളിലെ സ്ത്രീകളെ കൊല്ലുന്നുവെന്ന് അദ്ദേഹം എഴുതി, കാരണം സ്ത്രീകളുടെ ദൗര്‍ലഭ്യം അവരുടെ ശത്രുക്കളുടെ എണ്ണം കുറയാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു (440).
ആഫ്രിക്ക കീഴടക്കിയ മുസ്ലിംകള്‍ ഈ തട്ടിക്കൊണ്ടുപോകല്‍ പാരമ്പര്യം പിന്തുടരുന്നുണ്ടെന്നാണ് സവര്‍ക്കര്‍ എഴുതിപ്പിടിപ്പിക്കുന്നത്. ഇവിടെ മുസ്‌ലിംകളെ രാവണന്റെ പാരമ്പര്യത്തിലേക്ക് ചേര്‍ക്കുന്നു സവര്‍ക്കര്‍. സീതയെ തട്ടിക്കൊണ്ടു പോന്നത് ധര്‍മവിരുദ്ധമാണെന്ന് ഉപദേശിച്ചവരെ രാവണന്‍ പരിഹസിച്ചു പോലും. 'രാക്ഷസാനാം പരോധര്‍മഃ പരദാരാ വിഘര്‍ഷണം' (മറ്റുള്ളവരുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഭോഗിക്കല്‍ രാക്ഷസന്മാരുടെ പരോധര്‍മമാണ്) എന്നായിരുന്നത്രേ രാവണന്റെ പ്രമാണം.
പരോധര്‍മ എന്നതിനെ മഹത്തായ മതബാധ്യത (supreme religious duty) എന്ന് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇതേ നിലപാടാണ് മുസ്‌ലിം അക്രമികള്‍ പുലര്‍ത്തിയത് എന്നായിരുന്നു അയാളുടെ പക്ഷം. എന്നാല്‍, ഹിന്ദു രാജാക്കന്മാരും സാധാരണക്കാരും മറ്റ് സ്ത്രീകളോട് മാന്യമായി പെരുമാറിയിരുന്നത്രേ. ഇതിലും പ്രമാണബദ്ധതയും ഫനാറ്റിസിസവും ആരോപിക്കുന്ന സവര്‍ക്കര്‍ അതിനെ suicidal Hindu idea of chivalry to women എന്ന് വിശേഷിപ്പിക്കുന്നുണ്ട് (452). തങ്ങള്‍ ചെയ്യുന്നത് പോലെ ഇവര്‍ തിരിച്ചു ചെയ്യില്ല എന്ന ഉറപ്പായിരുന്നത്രേ 'ആക്രമണകാരികള്‍ക്ക്' ധൈര്യം പകര്‍ന്നിരുന്നത്.
ഛത്രപതി ശിവജി, ചിമന്‍ജി അപ്പാ തുടങ്ങിയവര്‍ പിടിക്കപ്പെട്ട മുസ്‌ലിം പെണ്ണുങ്ങളോട് മാന്യമായി പെരുമാറുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. മഹ്മൂദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും അലാവുദ്ദീന്‍ ഖില്‍ജിയും മറ്റുമൊക്കെ പീഡിപ്പിച്ച സ്ത്രീകളുടെ നിലവിളികള്‍ നിങ്ങളെന്തുകൊണ്ട് കേട്ടില്ല എന്ന് അതിന്റെ പേരില്‍ അവരെ ആക്ഷേപിക്കുന്നു സവര്‍ക്കര്‍ (450). ജൗഹര്‍ ആചരിച്ച് തീയില്‍ ചാടി മരിച്ച സ്ത്രീകളുടെ ആത്മാക്കളുടെ ചോദ്യവും സാങ്കല്‍പികമായി ഉദ്ധരിക്കുന്നു.
തട്ടിക്കൊണ്ടുപോകലിന്റെയും ബലാല്‍സംഗങ്ങളുടെയും കഥകള്‍ പറഞ്ഞ്, നിങ്ങളും എന്തുകൊണ്ട് അപ്രകാരം ചെയ്തില്ല എന്നാണയാള്‍ ചോദിക്കുന്നത്. സവര്‍ക്കറുടെ വീക്ഷണത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ഒട്ടും ദയവോ മാന്യമായ പെരുമാറ്റമോ അര്‍ഹിക്കുന്നില്ല. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചെയ്തികളെ മതധര്‍മത്തിന്റെ പേരില്‍ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുവത്രേ (448). ഒരു രാഷ്ട്രീയായുധം എന്ന നിലക്ക് ബലാല്‍സംഗം നീതീകരിക്കപ്പെടുന്നതിവിടെയാണ്.
***** ***** *****
രാജാക്കന്മാരും അധികാരികളുമൊക്കെ അധികാര സ്ഥാപനത്തിന് വേണ്ടി പല അക്രമങ്ങളും ചെയ്തതിന് ചരിത്രം സാക്ഷിയാണ്. അതേസമയം സവര്‍ക്കറുടെ ചരിത്രവര്‍ണനകള്‍ ഏകപക്ഷീയം മാത്രമല്ല, പലതും കെട്ടിച്ചമച്ച കഥകളുമാണ്. വംശീയമായ അപമാനനത്തെക്കുറിച്ച കഥകള്‍ ചമച്ച് ഒരു വിഭാഗത്തെ വൈകാരികമായി ഉദ്ദീപിപ്പിക്കാനും സമൂഹങ്ങള്‍ക്കിടയില്‍ നിതാന്തശത്രുത വളര്‍ത്താനുമത്രേ അയാള്‍ ശ്രമിക്കുന്നത്.
1963ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കെതിരായ ഐതിഹാസിക പോരാട്ടവിജയത്തെ ഹിന്ദു അക്കൗണ്ടില്‍ ചേര്‍ക്കുന്നുണ്ട്. അതാണ് ആറാമത്തെ Epoch. മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായ 'വീരപോരാളി'യുടെ പുസ്തകത്തില്‍ ആ ഭാഗത്തിന് കൊടുത്തിട്ടുള്ളതലക്കെട്ട് 'The Sixth Glorious Epoch of Hindu Victories over the Aggressors' എന്നാകുന്നു!