സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തോട് കലഹിക്കുന്ന 'രാം കെ നാം'

ഇന്ത്യയില്‍ മുസ്‌ലിംകള്‍ പെറ്റു പെരുകുന്നു എന്ന സംഘ്പരിവാരത്തിന്റെ വാദം ഈയടുത്ത് പുറത്തുവന്ന പ്രത്യുല്‍പാദന നിരക്കുകള്‍ സംബന്ധിച്ച ദേശീയ കുടുംബാസൂത്രണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പച്ചകള്ളമാണെന്ന് തെളിയിക്കുന്നുണ്ട് ' മുസ്‌ലിം ജനസംഖ്യ: യഥാര്‍ഥ്യങ്ങള്‍' എന്ന ലേഖനത്തില്‍. എന്‍.എസ് അബ്ദുല്‍ ഹമീദ് എഴുതിയ രാം കെ നാം പുസ്തകത്തിന്റെ വായന.

Update: 2023-09-12 16:15 GMT
Advertising

ജാമിഅ മില്ലിയ കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി എന്‍.എസ് അബ്ദുല്‍ ഹമീദ് എഴുതിയ പുസ്തകമാണ് രാം കെ നാം. പേര് കൊണ്ട് തന്നെ വളരെ വ്യത്യസ്തത തോന്നിപ്പിക്കുന്ന രാം കെ നാം ഇന്ത്യയിലെ വിവിധങ്ങളായ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് പത്ര മാസികകളില്‍ അബ്ദുല്‍ ഹമീദ് തന്നെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്.

മുസ്‌ലിം സ്ത്രീകളെ ഹിന്ദുത്വ ലേലത്തിന് വെക്കുന്നു, ബുള്‍ഡോസര്‍ രാഷ്ട്രീയം: വംശീയ ഉന്മൂലനത്തിന്റെ ആമുഖ വൃത്തം, മുസ്‌ലിം ജനസംഖ്യ: യാഥാര്‍ഥ്യങ്ങള്‍, ഗാന്ധിയെ കൊന്ന് കലി തീരാത്തവര്‍, ഫാഷിസം മുട്ട് കുത്തും, കോണ്‍ഗ്രസ് തെറ്റ് തിരുത്തുമോ എന്നിങ്ങനെ തുടങ്ങി കാലിക പ്രസക്തമായിട്ടുള്ള വിഷയങ്ങളില്‍ എഴുതിയ മുപ്പത് ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

2014 മുതല്‍ രാജ്യം ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരാണ്. ഏറ്റവും കൂടുതല്‍ സംസ്ഥാനം ഭരിക്കുന്നതും അവര്‍ തന്നെ. എന്നിട്ടും 'ഹിന്ദു അപകടത്തിലാണ്' എന്ന് പറഞ്ഞു നടക്കാന്‍ കഴിയുന്നത് എങ്ങനെയാണ് എന്നത് ഇന്നാട്ടിലെ ഹിന്ദു മത വിശ്വാസികള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഹിന്ദു മതത്തെ ഹിന്ദുത്വ ഹൈജാക്ക് ചെയ്യുന്ന സാഹചര്യത്തെ എന്ത് വിലകൊടുത്തും തടയേണ്ട വലിയ ഉത്തരവാദിത്തം ഹൈന്ദവ വിശ്വാസികള്‍ക്കുണ്ട് എന്ന് ഓര്‍മപ്പെടുത്തി കൊണ്ടാണ് 'രാം കെ നാം' എന്ന ലേഖനം അവസാനിക്കുന്നത്.

'ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം സമീപ കാലത്ത് സംഘ്പരിവാരവും ഹിന്ദുത്വ രാഷ്ട്രീയവും ഉയര്‍ത്തിയ അപകടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്. വിദ്വേഷ പ്രസംഗങ്ങളും കലാപങ്ങളും മാത്രമല്ല, മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച ഹിന്ദുത്വ പുരുഷാധിപത്യ സങ്കല്‍പവും, പാഠപുസ്തകങ്ങളിലെ പരിഷ്‌കരണത്തിന്റെ മറവില്‍ നടക്കുന്ന ചരിത്രത്തിന്റെ അപനിര്‍മിതിയും ഉള്‍പ്പെടെ പുസ്തകം തുറന്നു ചൂണ്ടുന്ന സമസ്യകളാണ്. ഹിന്ദുത്വ രാഷ്ട്രീയ വാദികളുണ്ടാക്കിയ മുറിവിന്റെ ആഴവും പഴക്കവും ഭാവവുമെന്താണെന്ന് മനസ്സിലാക്കാതെ ബദല്‍ രാഷ്ട്രീയ പദ്ധതികള്‍ പ്രായോഗികമാകില്ല എന്ന ചിന്തയാണ് പുസ്തകം അവതരിപ്പിക്കുന്നത്' എന്നാണ് പുസ്തകത്തിന്റെ അവതാരികയില്‍ ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു വെക്കുന്നത്.

2014 മുതല്‍ മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും ഭീതിയും ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാറും ബി.ജെ.പി തല്‍പര കക്ഷികളും രാജ്യത്ത് ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. എളുപ്പത്തില്‍ വിറ്റ് പോകുന്നതും അല്ലെങ്കില്‍ അതേ അളവിലൊ അതിലേറെയോ അതുമല്ലെങ്കില്‍ അവര്‍ക്കാവശ്യമുള്ള അത്രയും തന്നെയോ വെറുപ്പും വിദ്വേഷവും തിരിച്ചും ഉണ്ടാകും എന്ന അപകടകരമായ യാഥാര്‍ഥ്യത്തെ കണ്ടു കൊണ്ടുമാണ് ഇത്തരം വേലകള്‍ക്ക് സംഘ്പരിവാറുകാര്‍ മുതിരുന്നത്. 2014 മുതല്‍ രാജ്യം ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരാണ്. ഏറ്റവും കൂടുതല്‍ സംസ്ഥാനം ഭരിക്കുന്നതും അവര്‍ തന്നെ. എന്നിട്ടും 'ഹിന്ദു അപകടത്തിലാണ്' എന്ന് പറഞ്ഞു നടക്കാന്‍ കഴിയുന്നത് എങ്ങനെയാണ് എന്നത് ഇന്നാട്ടിലെ ഹിന്ദു മത വിശ്വാസികള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഹിന്ദു മതത്തെ ഹിന്ദുത്വ ഹൈജാക്ക് ചെയ്യുന്ന സാഹചര്യത്തെ എന്ത് വിലകൊടുത്തും തടയേണ്ട വലിയ ഉത്തരവാദിത്തം ഹൈന്ദവ വിശ്വാസികള്‍ക്കുണ്ട് എന്ന് ഓര്‍മപ്പെടുത്തി കൊണ്ടാണ് 'രാം കെ നാം' എന്ന ലേഖനം അവസാനിക്കുന്നത്.


സുള്ളി ഡീല്‍സ്, ബുള്ളി ഭായ് എന്നീ ആപുകളിലൂടെ മുസ്‌ലിം ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥി നേതാക്കളുടെയും പേരും ഫോട്ടോയും വെച്ച് ലേലം വിളി സംഘടിപ്പിച്ചത് സംഘ്പരിവാരങ്ങളാണ്. സ്ത്രീ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും അതിനെ സര്‍ക്കാര്‍ ഗൗരവതരമായി സമീപിക്കാത്തത് സര്‍ക്കാരിന്റെ കറകളഞ്ഞ സ്ത്രീ വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് പറയുന്ന ലേഖനമാണ് 'മുസ്‌ലിം സ്ത്രീകളെ ഹിന്ദുത്വ ലേലത്തിന് വെക്കുന്നു' എന്നത്.

'കഥ, തിരക്കഥ, സംവിധാനം: സംഘപരിവാര്‍'? എന്ന ലേഖനം, നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തെ പിന്തുണച്ചു സാമൂഹിക മാധ്യമത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഉണ്ടാക്കിയ അസ്വസ്ഥതകളുടെ തുടര്‍ച്ചയായിട്ടാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കൊലപാതകത്തെ അബ്ദുല്‍ ഹമീദ് നിരീക്ഷിക്കുന്നത്. ഹിന്ദുത്വ ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെ വലയത്തില്‍ വീണുപോയ ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പ്രതിനിധിയായിരുന്നു കൊല്ലപ്പെട്ട കനൈയ്യ ലാല്‍ എന്നും ലേഖകന്‍ പറയുന്നുണ്ട്.

ഈ പ്രശ്‌നങ്ങളോട് പ്രതികരിച്ച് നുപൂര്‍ ശര്‍മ്മയെ ചൂണ്ടി, ഈ ഒരറ്റ സ്ത്രീയാണ് രാജ്യത്തിപ്പോള്‍ നടക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവാണ് എന്നത് എന്തും വിളിച്ചു പറയാനുള്ള വഴിയാണ് എന്ന് ചിന്തിക്കുകയാണോ? അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് കരുതുന്നുണ്ടല്ലേ എന്നും കോടതി ചോദിച്ചിരുന്നു. അത്രമേല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും ഒടുവില്‍ ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു നീക്കുന്നതിന് പകരം മാപ്പ് പറയാനാണ് കോടതി നിര്‍ദേശിച്ചത്. ഇത്തരത്തില്‍ മാപ്പ് പറയുന്ന ഒരു ശിക്ഷാ രീതി നിയമ വ്യവസ്ഥയിലുണ്ടോ? എന്ന് ലേഖകന്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ പെറ്റു പെരുകുന്നു എന്ന സംഘ്പരിവാരത്തിന്റെ വാദം ഈയടുത്ത് പുറത്തുവന്ന പ്രത്യുല്‍പാദന നിരക്കുകള്‍ സംബന്ധിച്ച ദേശീയ കുടുംബാസൂത്രണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പച്ചകള്ളമാണെന്ന് തെളിയിക്കുന്നുണ്ട് ' മുസ്‌ലിം ജനസംഖ്യ: യഥാര്‍ഥ്യങ്ങള്‍' എന്ന ലേഖനത്തില്‍. കളവ് പ്രചരിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും ഫേസ്ബുക് വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഉപയോഗിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നാണ് 'അഞ്ചാം തൂണും സംഘം ചേരുമ്പോള്‍' എന്ന ലേഖനത്തില്‍ ഹമീദ് അഭിപ്രായപ്പെടുന്നുണ്ട്.


ഹിജാബ്: മൗലികാവകാശവും വര്‍ഗീയ അജണ്ടകളും നേര്‍ക്കുനേര്‍, കേന്ദ്ര സര്‍വകലാശാലകളിലെ മുസ്‌ലിം വിദ്യാര്‍ഥി, കരിനിയമം തട്ടിപ്പറിച്ച കാല്‍നൂറ്റാണ്ടിന്റെ ജീവിതം, ആമിര്‍ ഒരാളല്ല: ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്, ജാമിയ മില്ലിയ ഇസ്‌ലാമിയ: സി.എ.എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍-വൈരുധ്യങ്ങള്‍ എന്നിങ്ങനെ അടുത്ത കാലത്ത് ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധങ്ങളായ സംഭവ വികാസങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് സമാഹാരത്തിലുള്ളത്.

അവതാരികയില്‍ ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞത് പോലെ അടുത്ത കാലത്തായി സംഘ്പരിവാരം ഉയര്‍ത്തിയ അപകടങ്ങള്‍ കൃത്യമായും വ്യക്തമായും വായനക്കാരന് മനസ്സിലാകും വിധം അടയാളപ്പെടുത്താന്‍ ലേഖനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സംഘ്പരിവാരത്തിന്റെ കള്ളത്തരങ്ങളെയും വ്യാജ ആരോപണങ്ങളെയും പല ലേഖനങ്ങളിലും ഓദ്യോഗികമായ ഇടങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളും കണക്കുകളും വെച്ച് പൊളിച്ചെഴുതാനും ലേഖനങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.


രാം കെ നാം വായിക്കുന്ന ഏതൊരാള്‍ക്കും കാലികമായി ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള അടിസ്ഥാനപരമായ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുമെന്നത് തീര്‍ച്ചയാണ്. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഉപകാരപ്പെടുന്ന കൃതി കൂടിയാണ് 'രാം കെ നാം'. ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഇര്‍ഷാദ് കെ. കൊളപ്പുറം

Writer

Similar News