നവോത്ഥാന സമിതിയും പ്രീണന വര്‍ഗീയതയും

ക്ഷേത്രങ്ങളുടെ ഭരണ ചുമതല കണ്ട കീഴ്ജാതിക്കാരന് നല്‍കാനുള്ളതല്ലെന്നും നവോത്ഥാന വിപ്ലവം വോട്ട് ബാങ്കിനെ അടിസ്ഥാനമാക്കിയുള്ള അടവ് നയത്തിന്റെ ഭാഗമാണെന്നും സൈബര്‍ സേന മുതല്‍ പൊളിറ്റ്ബ്യൂറോ വരെ റിപ്പോര്‍ട്ട് ചെയ്യുകയാണ്. യഥാര്‍ഥത്തില്‍ 'കോളനി' പേരുമാറ്റ വിപ്ലവത്തിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് നജീബ് കാന്തപുരത്തിനാണ്.

Update: 2024-06-22 12:44 GMT
Advertising

നവോത്ഥാനം എന്ന വാക്ക് മലയാളിയുടെ അഭിമാന രാഷ്ട്രീയത്തിന്റെ ഭാവനാ സമ്പന്നമായ പദവും പ്രയോഗവുമാണ്. ഐക്യകേരള രൂപീകരണകാലം മുതല്‍ ഈ പദത്തിന്റെ ഉപയോഗതത്തിന് അഭിമാനത്തിന്റെ മേമ്പൊടി കൂടി കിട്ടി. രാഷ്ട്രീയമടക്കം എല്ലാ പ്രസ്ഥാനങ്ങളും നവോത്ഥാനത്തിന്റെ ആളുകളായി മാറി. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ആ പേരില്‍ ഒരു ബഹുജാതി സമിതി തന്നെ ഉണ്ടാക്കി തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ യോഗവും അതിന് ശേഷം നടക്കുന്ന ഗമ പറയുന്ന വാര്‍ത്താ സമ്മേളനവും ആയി മാറി. സമിതിയുടെ തലപ്പത്തും അകത്തും ഒക്കെയുള്ള മഹാന്‍മാരായ നേതാക്കള്‍ മുതല്‍ സര്‍ക്കാര്‍ തന്നെയും സമിതിയുടെ പേരിന്റെ അന്തസ്സും അഭിമാനവും കളയുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്ക് സംശയം ഉണ്ടായാല്‍ ആരെ കുറ്റം പറയാനാകും.

ഓരോ സമുദായത്തിന്റെയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കേണ്ട, അതനുസരിച്ചു അവകാശങ്ങള്‍ സംബന്ധിച്ചു ബോധമുണ്ടാകേണ്ട നേതാക്കളുടെ നേതാവ് തന്നെ, അതായത് നവോത്ഥാന സമിതിയുടെ അധ്യക്ഷന്‍ തന്നെ പച്ചക്ക് നുണ പറഞ്ഞ് മറ്റൊരു സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്ഷേപിക്കുകയാണ്. എന്നല്ല, പച്ചവെളിച്ചത്തില്‍ വര്‍ഗീയത വിളമ്പുകയാണ്. അത് നിര്‍ബാധം തുടരുക മാത്രമല്ല, നിരന്തരം വെല്ലുവിളി നടത്തുകയും ചെയ്യുന്നു. സമിതിയില്‍ നിന്ന് മറ്റൊരു സമുദായ നേതാവ് പ്രതിഷേധിച്ചു രാജി വെച്ചപ്പപ്പോള്‍ അതിനും ആക്ഷേപം ചൊരിഞ്ഞുള്ള മാരാരിക്കുളം ഭാഷയിലെ പ്രതികരണമായിരുന്നു നടത്തിയത്. അപ്പോഴും ഇതിനെല്ലാം നേതൃത്വം കൊടുത്ത, അധ്യക്ഷ സ്ഥാനം കൊണ്ടുപോയി കാല്‍ക്കല്‍ വെച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിനു സര്‍ക്കാര്‍ ഖജവനാവില്‍ നിന്ന് കോടികള്‍ വാരിക്കൊടുത്ത് ഉണ്ടാക്കിയെടുത്ത സര്‍ക്കാരിന്റെ ക്യാപ്റ്റന്‍ മിണ്ടാവ്രതത്തിലാണ്.

കോളനിയെന്ന പദം ഒഴിവാക്കി പകരം വാക്ക് ഉണ്ടാക്കിയത് പോലും ഇടതു മാനിഫെസ്റ്റോയിലെ വാഗ്ദാനമായിരുന്നില്ലല്ലോ. പെരിന്തല്‍മണ്ണ നിയമസഭാംഗം നജീബ് കാന്തപുരം മുന്നോട്ട് വച്ച ധീര തീരുമാനത്തിന്റെ ചുവട് പിടിച്ച് നടത്തിയപ്പോള്‍ അതും ഇടത് ബുക്കിലേതാക്കി മാറ്റി. സര്‍ക്കാരിന്റെ തന്നെ നയപരമായ തീരുമാനത്തിലേക്ക് നയിച്ച നജീബിന്റെ ഇടപെടലിനെ ശ്ലാഘിക്കാനുള്ള മര്യാദപോലും കാണിക്കാതെയാണ് കോളനി 'പേരുമാറ്റ വിപ്ലവം' ആഘോഷിച്ചത്.

മുസ്ലിം സമുദായം അനര്‍ഹമായി വാങ്ങുന്നു, ഞങ്ങള്‍ക്കൊന്നും തരുന്നില്ല തുടങ്ങി കള്ളം പല ആവര്‍ത്തി പറഞ്ഞ് സംഘ് വര്‍ഗീയ നുണകള്‍ ആവര്‍ത്തിച്ച് പണിയെടുക്കുമ്പോള്‍ നാവടക്കാന്‍ പറയണ്ട. മറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ആ കണക്ക് പുസ്തകമെടുത്തു കാണിച്ചു അടക്കിയിരുത്താനുള്ള സാമാന്യ ബാധ്യത നിറവേറ്റാനാണ് ജനം സര്‍ക്കാരാക്കി ഇതുങ്ങളെയൊക്കെ ഇരുത്തിയിരിക്കുന്നത്. ആരാണ് ജനസംഖ്യാനുപാതികമായി അധികം നേടിയത്, ഇപ്പോഴും നേടുന്നത്. ഇതറിയാന്‍ ഒരു പടിപ്പുര വാതിലിലുമെത്തി കവടി നിരത്തി നോക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ പക്കലുള്ള കണക്ക് പുറത്തേക്ക് എടുത്താല്‍ മാത്രം മതി. മിണ്ടില്ല പാര്‍ട്ടി, മുന്നണി സ്ഥാനര്‍ഥികളെ നിശ്ചയിക്കുകയും നിശ്ചയിച്ച സ്ഥാനര്‍ഥികള്‍ക്ക് മാര്‍ക്കിടുകയും ചെയ്യുന്ന മഹാനെതിരെ മിണ്ടാനാവില്ല. ചോര്‍ന്ന വോട്ടുകളില്‍ പഠനം നടത്താന്‍ അഞ്ചുനാള്‍ നീണ്ട ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ സാരം, ഈഴവ വോട്ടുകളിലെ ചോര്‍ച്ചയെന്ന കണ്ടെത്തലാണ്. അതുകൊണ്ടുതന്നെ പ്രീണനം ആ വഴിക്ക് ശക്തിപ്പെടുത്താനാണ് തീരുമാനം. അതിനാണ് ദേവസ്വം വകുപ്പ് പട്ടിക ജാതിക്കാരന് നല്‍കി വിപ്ലവം പ്രസംഗിച്ചവര്‍ മൂന്ന് വര്‍ഷം കൊണ്ട് ഈഴവ വിപ്ലവത്തിലേക്ക് മറുകണ്ടം ചാടിയത്. പട്ടികവര്‍ഗക്കാരന് മന്ത്രിസഭയില്‍ ഇരിപ്പിടമൊരുക്കിയപ്പോള്‍ ആ പഴയ അയിത്തം പേറുന്ന കസേര ഓരത്തിരിക്കണമെന്ന 'ഇടതു വര്‍ഗബോധ'മാണ് കണ്ടത്. 

ക്ഷേത്രങ്ങളുടെ ഭരണ ചുമതല കണ്ട കീഴ്ജാതിക്കാരന് നല്‍കാനുള്ളതല്ലെന്നും നവോത്ഥാന വിപ്ലവം വോട്ട് ബാങ്കിനെ അടിസ്ഥാനമാക്കിയുള്ള അടവ് നയത്തിന്റെ ഭാഗമാണെന്നും സൈബര്‍ സേന മുതല്‍ പൊളിറ്റ്ബ്യൂറോ വരെ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വിപ്ലവം നടത്തിയ ആളെ ദല്‍ഹിക്ക് പറപ്പിച്ചപ്പോഴും, പോകുന്ന തലേന്ന് കോളനിയെന്ന അധമബോധ വാക്യത്തെ എടുത്തുമാറ്റി അടുത്ത വിപ്ലവമെന്ന് വാഴ്ത്തിപ്പാടി. എന്നിട്ടോ, സ്വരം അടങ്ങും മുന്നേ ഈഴവ വിപ്ലവത്തിലൂടെ പട്ടികവര്‍ഗക്കാരനില്‍നിന്ന് ദേവസ്വമെടുത്ത് മൂലക്കിരുത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പിയോട് കേന്ദ്രം സവര്‍ണ മാടമ്പിത്തരം കാണിച്ചെന്ന കേരള മുഖ്യന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യാനാകുമ്പോള്‍ കേളുവിനെ ദേവസ്വത്തിന്റെ പടിക്ക് പുറത്തിരുത്തിയതിനെ എന്ത് വിളിക്കണം. കോളനിയെന്ന പദം ഒഴിവാക്കി പകരം വാക്ക് ഉണ്ടാക്കിയത് പോലും ഇടതു മാനിഫെസ്റ്റോയിലെ വാഗ്ദാനമായിരുന്നില്ലല്ലോ. പെരിന്തല്‍മണ്ണ നിയമസഭാംഗം നജീബ് കാന്തപുരം മുന്നോട്ടുവെച്ച ധീര ആശയത്തിന്റെ ചുവട് പിടിച്ച് നടത്തിയതാണത്. എന്നാല്‍, അതും ഇടത് ബുക്കിലേതാക്കി മാറ്റി. സര്‍ക്കാരിന്റെ തന്നെ നയപരമായ തീരുമാനത്തിലേക്ക് നയിച്ച നജീബിന്റെ ഇടപെടലിനെ ശ്ലാഘിക്കാനുള്ള മര്യാദപോലും കാണിക്കാതെയാണ് കോളനി 'പേരുമാറ്റ വിപ്ലവം' ആഘോഷിച്ചത്. 


| കോളനി പേരുമാറ്റം സംബന്ധിച്ച ആശയം/അഭ്യര്‍ഥന മന്ത്രി കെ. രാധാകൃഷണന് നജീബ് കാന്തപുരം എം.എല്‍.എ കൈമാറുന്നു.

നവോത്ഥാനം എന്ന അഭിമാനവാക്ക് മാറി പ്രീണനമെന്ന അപമാനവാക്കിലേക്ക് വഴിമാറുമ്പോള്‍ കേരളമെന്ന നാട് എത്ര ലജ്ജിക്കുന്നുണ്ടാവും. മതം പറഞ്ഞ് പ്രീണനമെന്ന് മുതലാളി ആവര്‍ത്തിക്കുമ്പോള്‍ അതിനെ കുറിച്ച് ഒന്നുരിയാടാന്‍ പ്രതിപക്ഷ ബഞ്ചിലും ആളില്ലല്ലോ. കാരണം, വോട്ടുപെട്ടിയിലേക്ക് വരുന്ന ഒഴുക്ക് ഇങ്ങോട്ടും വരട്ടെയെന്ന് കരുതുന്നുണ്ടാവാം. എല്ലാ ദിവസവും മതനേതാക്കളുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയലാണോ പണിയെന്നായിരുന്നു കേരളത്തിലെ ദേശീയ കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യം. ഇങ്ങനെ ഇരുകൂട്ടരും ചേര്‍ന്ന് നടത്തുന്ന സംരക്ഷണ കവചത്തിനകത്തിരുന്ന് വര്‍ഗീയ വിഷം ചീറ്റിയെറിയുമ്പോള്‍ കേന്ദ്രത്തിന്റെ വൈ കാറ്റഗറി സുരക്ഷകൂടി ചേരുമ്പോള്‍ എല്ലാവരും ചേരുന്ന ചേരിചേരാ മുന്നണിയായി മാറി.

കഞ്ചാവടിക്കുന്നവന്റെ ജാതി ചികഞ്ഞ് അതില്‍ ജിഹാദ് എന്ന പദം തിരുകി ഒരു സമുദായത്തെ അള്‍ത്താരയില്‍ അപമാനിച്ച വര്‍ഗീയതയുടെ പിതാവിന് കോട്ടയത്തെ മന്ത്രി വക നല്ല സമരിയാക്കാരനെന്ന് വാഴ്ത്തിപ്പാടിയപ്പോള്‍, ഞാന്‍ ശരിയായ ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്നുവെന്നും ഇടത്ത് നിന്ന് വലത്തേക്ക് പോകാന്‍ ഇടതെടുക്കുന്ന വെപ്രാളത്തെ തിരുത്താന്‍ ശ്രമിച്ച ഗീവര്‍ഗീസ് കുറിലോസ് പറഞ്ഞ തിരുത്തല്‍ നിലപാടിനെ വിവരദോഷം എന്നാക്രോശിച്ച ഭരണ നേതൃത്വമാണല്ലോ നാട്ടില്‍. ഇങ്ങനെ ഒരുതിരുത്തലിനും ഞങ്ങളില്ല എന്ന് പറഞ്ഞ് അന്‍പത്തതൊന്നു വെട്ടിയവര്‍ക്ക് ഇളവ് നല്‍കി നാട്ടിലിറങ്ങി വിലാസനുള്ള എന്‍.ഒ.സി തരപ്പെടുത്താനുള്ള തിരക്കിലാണല്ലോ സര്‍ക്കാര്‍. അതാണ് തിരുത്തല്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് നിയമത്തെ വെല്ലുവിളിക്കുകയാണ്. 


അങ്ങനെ നവോത്ഥാന ശില്‍പി ആവാനുള്ള ധൃതി പ്രീണന വര്‍ഗീയ പ്രസ്താവന നടത്തുന്നവര്‍ തടയുന്നത് തിരിച്ചറിയാന്‍ ഏത് പഠന ഗവേഷണ കേന്ദ്രം വേണം. മരണപ്പെടുന്നവരുടെ പേരില്‍ പേറുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ എങ്കിലും ഒരു പരിഹാരക്രിയ കണ്ടെത്താനുള്ള തീരുമാനമെടുത്താലേ സംഗതി ശരിയാകൂ.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - യു. ഷൈജു

contributor

Similar News