ദില്ലി ചലോ - കര്‍ഷക റാലിയുമായി വീണ്ടും സംയുക്ത കിസാന്‍ മോര്‍ച്ച; കേരളത്തില്‍ തൃശൂരില്‍നിന്ന് തുടക്കം

അവകാശങ്ങള്‍ നേടും വരെ പൊരുതാനായി, 2024 ഫെബ്രുവരി 13ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന സമര റാലി, പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുകയാണ്.

Update: 2024-02-15 08:28 GMT
Advertising

കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെ 2021 ല്‍ നടന്ന 13 മാസം നീണ്ട ഐതിഹാസിക സമരത്തില്‍ 711 കര്‍ഷകരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്. ആ ചെറുത്ത് നില്‍പ്പിനൊടുവില്‍ മുട്ട് മടക്കേണ്ടി വന്ന മോദി സര്‍ക്കാര്‍ 2021 ഡിസംബര്‍ 9 ന് കര്‍ഷക ദ്രോഹപരമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കാമെന്ന് സമ്മതിച്ചു. അന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുമായി ഒപ്പിട്ട കരാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇന്ത്യയിലെ കര്‍ഷകരെ മുഴുവന്‍ വഞ്ചിക്കുന്ന നടപടിയാണിത്.

മൂന്നാമതും അധികാരത്തില്‍ എത്താനുള്ള പദ്ധതിയിലാണ് മോദി സര്‍ക്കാര്‍. അതോടെ അന്നത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാകാത്ത നില വരും. മാത്രമല്ല, റദ്ദാക്കിയ നിയമങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെടും എന്നതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. അംബാനിക്കും അദാനിക്കും വേണ്ടിയായിരുന്നു പഴയ നിയമങ്ങള്‍. അവരടക്കമള്ള കോര്‍പ്പറേറ്റുകള്‍ മോദി സര്‍ക്കാരിന് മൂന്നാമൂഴം ഒരുക്കാനുള്ള പദ്ധതികളിലാണ്. ഈ സാഹചര്യത്തില്‍ മൗനം പാലിക്കുന്നത് ഇന്ത്യന്‍ കര്‍ഷകരുടെ അന്ത്യമായിരിക്കും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സംയുക്ത കര്‍ഷക മോര്‍ച്ച സമരം പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. 


അവകാശങ്ങള്‍ നേടും വരെ പൊരുതാനായി, 2024 ഫെബ്രുവരി 13ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന സമര റാലി, പതിനായിരക്കണക്കിന് ട്രാക്ടറുകളും ട്രെയിലറുകളുമായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുകയാണ്. കര്‍ഷകന്റെയും ഉപഭോക്താവിന്റെയും മാത്രമായിരുന്ന ഭക്ഷണത്തിന്റെ പരമാധികാരം (Food Soveringnty) എന്നത് വിത്ത് മുതല്‍ വിപണി വരെ സമ്പൂര്‍ണമായി കയ്യടക്കിയ കോര്‍പ്പറേറ്റ് മൂലധന ശക്തികളുടേതായി മാറി. ആയതിനാല്‍ പാരിസ്ഥിതിക നിലനില്‍പും മനുഷ്യന്റെ ആരോഗ്യവും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജനാധികാരത്തെ അടിച്ചമര്‍ത്തി ഫാസിസ്റ്റ് കോര്‍പറേറ്റ് കൂട്ടുകെട്ടിന്റെ ഗൂഡാലോചനയാണിത്. അതിനാല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ ഫാസിസ്റ്റ്- കോര്‍പറേറ്റ് വിരുദ്ധര്‍ക്കെല്ലാം അണിചേരാനുള്ള പൊതു പ്ലാറ്റ്‌ഫോമായി രൂപപ്പെടുത്തണമെന്ന് നിശ്ചയിച്ചിരിക്കുന്നു.

ദില്ലി ചലോ-കര്‍ഷക പ്രക്ഷോഭം ഉന്നയിക്കുന്ന ആവശ്യങ്ങള്‍

- ഡോ. എം.എസ് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ പ്രകാരമുള്ള C2+ 50 ഫോര്‍മുല പ്രകാരം എല്ലാ കാര്‍ഷിക വിളകള്‍ക്കും MSP (കുറഞ്ഞ താങ്ങുവില) നിയമപരമായി നടപ്പാക്കുക.

- ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ പരിക്കുപറ്റിയവരും കൊല്ലപ്പെട്ടവരുമായ മുഴുവന്‍ കര്‍ഷക കുടുംബങ്ങള്‍ക്കും യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക. കൂട്ടക്കൊലക്ക് ഉത്തരവാദിയായ മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക.

- കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം കടക്കണിയില്‍ ആയ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുക.

- 58 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്കെല്ലാം പതിനായിരം രൂപ പെന്‍ഷന്‍ പ്രഖ്യാപിക്കുക.

- വന്യജീവികളുടെ ആക്രമണം മൂലം കൃഷി ചെയ്യാന്‍ സാധ്യമാകാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ വനം- വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി കര്‍ഷകര്‍ക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുക.

- കാര്‍ഷികവിള ഇന്‍ഷുര്‍ ചെയ്യുന്നതിന് ആവശ്യമായ പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കുക.

- ദില്ലി ചലോ കര്‍ഷക സമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ പേരിലെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുക.

മേല്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷകറാലിയുടെ ഭാഗമായി കേരളത്തിലും കര്‍ഷക മുന്നേറ്റം സജീവമാവുകയാണ്. ഇതിന്റെ ഭാഗമായി ജനുവരി 17 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി പ്രസിഡണ്ട് സര്‍വന്‍സിംഗ് പന്തേറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും യോഗം ചേര്‍ന്നിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക മുന്നേറ്റത്തിന്റെ കേന്ദ്രം തൃശൂര്‍ ആകേണ്ടത് അനിവാര്യമാണെന്ന് കര്‍ഷക നേതാക്കള്‍ കരുതുന്നു. അതിന്റെ ഭാഗമായി ഫെബ്രുവരി നാലിന് തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കര്‍ഷകരുടെയും അവരെ പിന്തുണക്കുന്ന വിവിധ മേഖലകളില്‍ ഉള്ളവരുടെയും ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയാണ്. 


മോദി സര്‍ക്കാറിന്റെ കാര്‍ഷിക തൊഴില്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക, തൊഴിലാളി, യുവജന, വിദ്യാര്‍ത്ഥി, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളെയും സമാന ചിന്താഗതിയുള്ള വ്യക്തികളും പങ്കെടുക്കും. ഇതു സംബന്ധമായി നടന്ന പത്ര സമ്മേളനത്തില്‍ സംയുക്ത കിസാന്‍ മേര്‍ച്ച ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്റര്‍, പി.റ്റി ജോണ്‍, പി.എ പ്രേംബാബു, എ.എം ഗഫൂര്‍, കെ. ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News