പൊലീസിലെ സംഘ്പരിവാര്‍ വിധേയത്വവും മുഖ്യമന്ത്രിയുടെ മൗനവും

പൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണല്‍ പ്രഖ്യാപനം മാത്രമായി മാറി. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കാത്ത പൊലീസും മുഖ്യമന്ത്രിയും ഈ നിയമം ഇവിടെ നടപ്പാക്കില്ല എന്ന് പറയുന്നതില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്നാണ് ബോധ്യപ്പെടുന്നത്.

Update: 2024-04-29 14:18 GMT
Advertising

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) ഉയര്‍ന്നുവന്ന സമരങ്ങള്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ജനകീയ മുന്നേറ്റമായിരുന്നു. സാര്‍വദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട ആ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പിന്റെ പ്രധാന ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കേരളം. നിയമസഭ സി.എ.എക്കെതിരെ പ്രമേയം പാസാക്കി. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

സി.എ.എ ക്കെതിരെ ഭരണകക്ഷിയായ സി.പി.എം കൃത്യതയുള്ള രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, കേരളത്തിലെ ആഭ്യന്തര വകുപ്പ് സി.എ.എ വിരുദ്ധ സമരത്തെ അത്ര നല്ല രീതിയിലല്ല അഭിമുഖീകരിച്ചത്. സി.പി.എമ്മുകാരല്ലാത്ത സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നതില്‍ സംസ്ഥാന പൊലീസ് അതീവ ശുഷ്‌കാന്തി പുലര്‍ത്തുകയുണ്ടായി. കോഴിക്കോട് കുറ്റ്യാടിയില്‍ സംഘ്പരിവാറിന്റെ സി.എ.എ അനുകൂല പരിപാടി നടക്കുമ്പോള്‍ കടകളടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്ത സംഭവമാണതിലൊന്ന്. കടകള്‍ അടച്ചതില്‍ രോഷം പൂണ്ട ആര്‍.എസ്.എസുകാര്‍ 'ഗുജറാത്ത് ആവര്‍ത്തിക്കും' എന്നതടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയിട്ട് അവര്‍ക്കെതിരെ കേസെടുത്തതുമില്ല. പിന്നീട് വ്യാപകമായ വിമര്‍ശനങ്ങള്‍ വന്ന ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് സന്നദ്ധമായത്.

സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമായി ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ പിന്‍വലിച്ച കേസുകളെ കുറിച്ച് വിശദീകരിച്ചത്. പുറത്തു വിട്ട എണ്ണമനുസരിച്ച് 835 കേസുകള്‍ ഈ ഇനത്തില്‍ മാത്രം ചുമത്തിയിരുന്നു. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചുമത്തപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് മാതൃക കാണിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ കേരളത്തിലെ സര്‍ക്കാര്‍ പിന്‍വലിച്ചത് കേവലം 58 എണ്ണം മാത്രമായിരുന്നു. 

കേരളത്തിലെ സി.എ.എ വിരുദ്ധ സമരങ്ങളുടെ ഭാഗമായി 2019 ഡിസംബറില്‍ ഹര്‍ത്താല്‍ നടത്തിയ സംഘാടകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയും അവരുടെ പൊതുപരിപാടികള്‍ തടയുകയും ചെയ്തിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന ഭാരവാഹികള്‍ക്കും ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ കേസെടുക്കുന്ന സംഭവത്തിനും കേരളം സാക്ഷിയായി. ഇപ്പോള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍, 'കേരളത്തില്‍ സി.എ.എ നടപ്പാക്കില്ല' എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തിറങ്ങി നാടൊട്ടുക്കും പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ എടുത്ത പൗരത്വ സമര കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. അഥവാ കേസുകള്‍ പിന്‍വലിച്ചു എന്ന് മുഖ്യമന്ത്രി നിയമസഭയിലടക്കം മുമ്പ് പറഞ്ഞത് പച്ച കള്ളമായിരുന്നു എന്ന് സാരം. മുഖ്യമന്ത്രിയുടെ വീരവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് സി.എ.എ സമരത്തിനെതിരായി നിരവധി കേസുകള്‍ കേരളത്തില്‍ പുതുതായി ചുമത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സി.എ.എക്കെതിരെ ഗീര്‍വാണങ്ങള്‍ മുഴക്കുകയും മറുവശത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ക്രിമിനലുകളായി കണ്ട് നടപടിയെടുക്കുകയും ചെയ്യുന്നത് മറയില്ലാത്ത ഇടതുപക്ഷ ഇരട്ടത്താപ്പാണ്. 


സി.എ.എ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂരില്‍ നടന്ന പ്രകടനം

സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമായി ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ പിന്‍വലിച്ച കേസുകളെ കുറിച്ച് വിശദീകരിച്ചത്. പുറത്തു വിട്ട എണ്ണമനുസരിച്ച് 835 കേസുകള്‍ ഈ ഇനത്തില്‍ മാത്രം ചുമത്തിയിരുന്നു. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചുമത്തപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് മാതൃക കാണിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ കേരളത്തിലെ സര്‍ക്കാര്‍ പിന്‍വലിച്ചത് കേവലം 58 എണ്ണം മാത്രമായിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് പ്രകാരമാണ് ഈ വസ്തുത വെളിപ്പെട്ടത്. പിന്നീട് 86 എണ്ണം പിന്‍വലിച്ചു എന്നും അതടക്കം 630 കേസുകള്‍ അവസാനിച്ചതായും 205 എണ്ണം പെന്റിംഗില്‍ കിടക്കുന്നതായും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ കോടതിയില്‍ പോയി കാത്തു നിന്ന് പിഴയൊടുക്കി തീര്‍ത്ത കേസുകളുടെ കണക്കാണിത്. അതെങ്ങിനെയാണ് സര്‍ക്കാരിന്റെ ഔദാര്യമാവുക?

കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയവരുടെ കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തനിക്കെതിരായ വിമര്‍ശനം മറികടക്കാനുള്ള ശ്രമം മാത്രമായിരുന്നു. പൗരത്വ സമര കേസുകള്‍ പിന്‍വലിക്കാന്‍ നയപരമായ തീരുമാനമെടുത്ത് സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കുകയും അത് പ്രകാരം ആഭ്യന്തര വകുപ്പ് നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക. ഒരു അപേക്ഷയും ഇല്ലാതെ പിന്‍വലിക്കപ്പെട്ട കേസുകളും ഉണ്ട്. അഥവാ, അപേക്ഷ നല്‍കിയവരുടെ കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്നത് പുതിയ ക്യാപ്സൂള്‍ മാത്രമാണ്. എന്തുകൊണ്ട് മുഴുവന്‍ കേസുകളും പിന്‍വലിക്കുന്നില്ല എന്ന ചോദ്യത്തിന് അക്രമാസക്തമായത് ഒഴികെ എന്ന മറുപടിയാണ് നല്‍കുന്നത്. ഇതും വസ്തുതാ വിരുദ്ധമാണ്. പൗരത്വ സമരത്തില്‍ എവിടെയാണ് അക്രമം ഉണ്ടായത് എന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ ഇടതുപക്ഷ പ്രതിനിധികള്‍ പതറുന്നത് കാണാം. തികച്ചും നിരുത്തരവാദപരമായ കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രവര്‍തതകരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് സത്യം

തൃശൂര്‍ നഗരത്തില്‍ സി.എ.എയെ വിമര്‍ശിച്ചാല്‍ ചങ്ക് പിടയുന്നത് സാക്ഷാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കാണ്. എന്നാല്‍, അതിനേക്കാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചത് ഇടതു ഭരണകൂടത്തിനും പൊലീസിനുമായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിലെ സംഘ്പരിവാര്‍ സ്വാധീനത്തെക്കുറിച്ച് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.ഐ അഖിലേന്ത്യാ നേതാവുമായ ആനിരാജ മുമ്പ് ഉന്നയിച്ച പരാതിയെ ശരിവെക്കുന്നതാണ് ഈ നടപടി.

കേരള സര്‍ക്കാരിന്റെ സി.എ.എ വിഷയത്തിലെ ഇരട്ടത്താപ്പിന്റെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ കണ്ടത്. മാര്‍ച്ച് 22ന് തൃശൂരില്‍ സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചതിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടി നടക്കുന്നിടത്തേക്ക് വലിയ പൊലീസ് സന്നാഹമെത്തി പരിപാടി നടത്താന്‍ അനുമതിയില്ല എന്ന അറിയിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്ന പൊലീസ് വാദം അംഗീകരിച്ച്, ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ച നൈറ്റ്മാര്‍ച്ച് വേണ്ടെന്നു വെക്കുകയും കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍വശത്ത് നിന്നുകൊണ്ട് മുദ്രവാക്യം വിളിച്ച് പിരിയുകയുമാണ് ചെയ്തത്. എന്നിട്ടും കേസെടുക്കാന്‍ പൊലീസ് മടി കാണിച്ചില്ല.

ഡല്‍ഹിയില്‍ നിന്നും വന്ന വിളിയുടെ അടിസ്ഥാനത്തിലാണത്രേ പരിപാടി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത്. അന്നേദിവസം അതേസമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് സി.എ.എ ക്കെതിരെ ഘോരമായി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് രസകരം. കോഴിക്കോട് ആകാം തൃശൂരില്‍ ആകാന്‍ പാടില്ല എന്നതിന് പിറകിലുള്ള താല്‍പര്യമെന്താണ് എന്ന് ഉദ്യോഗസ്ഥരും സര്‍ക്കാറും വ്യക്തമാക്കേണ്ടതുണ്ട്. തൃശൂര്‍ നഗരത്തില്‍ സി.എ.എയെ വിമര്‍ശിച്ചാല്‍ ചങ്ക് പിടയുന്നത് സാക്ഷാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കാണ്. എന്നാല്‍, അതിനേക്കാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചത് ഇടതു ഭരണകൂടത്തിനും പൊലീസിനുമായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിലെ സംഘ്പരിവാര്‍ സ്വാധീനത്തെക്കുറിച്ച് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.ഐ അഖിലേന്ത്യാ നേതാവുമായ ആനിരാജ മുമ്പ് ഉന്നയിച്ച പരാതിയെ ശരിവെക്കുന്നതാണ് ഈ നടപടി. സംഘ്പരിവാരത്തിന്റെ താളത്തിനൊപ്പിച്ച് തുള്ളുന്ന ആഭ്യന്തരവകുപ്പും പൊലീസും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയുമാണ് തച്ചുടക്കുന്നത്. 


തൃശൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ ജനകീയ പ്രതിരോധം

കേരള പൊലീസിന്റെ സംഘ്പരിവാര്‍ വിധേയത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ് തിരുവനന്തപുരത്ത് നബീല്‍ നാസര്‍ എന്ന ചെറുപ്പക്കാരനെതിരെയടുത്ത കേസ്. പ്രധാനമന്ത്രി മോദിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീല്‍ നാസറിനെതിരെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊലീസ് കേസ് എടുത്തത്. പ്രദേശത്തെ ഒരു ആര്‍.എസ്.എസ്സുകാരന്റെ പരാതിയിലായിരുന്നു ഈ നടപടി. കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രല്‍ ബോണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനത്തിനാണ് കേസ്. കേസിലെ എഫ്.ഐ.ആര്‍ പറയുന്നതിങ്ങനെ: 'നരേന്ദ്ര മോദിയുടെ അന്തസ്സ് ഹനിക്കണമെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കണമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ പ്രസ്താവന നടത്തി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പ്രവര്‍ത്തിച്ചു'. ഇതാണ് ചുമത്തപ്പെട്ട കുറ്റം. കേട്ടാല്‍ ചിരി വരുന്ന പ്രയോഗങ്ങളാണ് കേരള പൊലീസ് എഫ്.ഐ.ആറില്‍ എഴുതി വച്ചിട്ടുള്ളത്. മോദിയുടെ അന്തസ്സിന് കളങ്കമേല്‍ക്കാതെ സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും ഉണ്ടായത് എന്നു മുതലാണ് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കേന്ദ്ര ഏജന്‍സികളുടെ നീരാളിപ്പിടുത്തം അവിടേക്കും മുഖ്യമന്ത്രിയിലേക്കും നീണ്ടിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മേല്‍ സൂചിപ്പിച്ചതിനേക്കാള്‍ ഭീകരമായ സംഭവമാണ് കഴിഞ്ഞദിവസം എറണാകുളം ഫോര്‍ട്ടുകൊച്ചിയില്‍ നടന്നത്. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ സ്ഥാപിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ ജൂത വംശയായ ആസ്‌ട്രേലിയന്‍ വനിത സാറ ഷലന്‍സ്‌കി നശിപ്പിക്കുകയുണ്ടായി. വിഷയത്തില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് കേസെടുക്കാനും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും പൊലീസ് സന്നദ്ധമായത്. എന്നിട്ടും പോലീസിന്റെ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് 'അണ്‍നോണ്‍' എന്നാണ് രേഖപ്പെടുത്തിയത്. ഇതെന്തുകൊണ്ടാണ് എന്ന് ആര് വിശദീകരിക്കും..? പേര് വെളിപ്പെടുത്തുന്നതിന് മതിയായ രേഖകള്‍ ഇല്ലാതെയാണോ വിദേശികളായ ഇവര്‍ നമ്മുടെ നാട്ടില്‍ ടൂര്‍ നടത്തുന്നത് എന്നതും പരിശോധിക്കപ്പെടണം. ഇത്ര ധൈര്യത്തോടെ കേരളത്തിലെ ഒരു തെരുവില്‍ ഫ്‌ളക്‌സ് ബോര്‍ഡ് കീറാന്‍ അവര്‍ക്ക് കഴിയുന്നത് എങ്ങനെയാണ്? പരാതി ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് ആദ്യംതന്നെ അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചത്?

കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ നാവികരാല്‍ കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ നമുക്ക് ഓര്‍മയില്ലേ.? വിദേശികളായ നാവികര്‍ക്ക് ഇന്ത്യയിലെ ഒരു പൗരനു നേരെ നിറയൊഴിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യം അന്നും ഉന്നയിച്ചിരുന്നു. കുറ്റവാളികളായ നാവികര്‍ പിടിക്കപ്പെട്ടപ്പോള്‍ അവരുടെ രാജ്യവും ഭരണകൂടവും അവര്‍ക്ക് നല്‍കിയ പിന്തുണ നാം കണ്ടു പഠിക്കേണ്ടതാണത്. ഇവിടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കാനോ ആശ്വാസം നല്‍കാനോ പോലും കേരളത്തിലെ പൊലീസ് മെനക്കെടാറില്ല. ജീവിച്ചിരിക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ഒരു വിലയുമില്ലെന്നാണ് ഫോര്‍ട്ട് കൊച്ചി സംഭവം തെളിയിക്കുന്നത്. ഭരണഘടന വകവെച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് മേല്‍ വിദേശികളായവര്‍ കടന്നുകയറ്റം നടത്തിയിട്ടും പൊലീസും ഭരണകൂടവും കേസെടുക്കാന്‍ പോലും സന്നദ്ധമായില്ല എന്നത് പേടിപ്പെടുത്തേണ്ട കാര്യമാണ്. അവകാശ സംരക്ഷണത്തില്‍ ഭരണകൂടത്തെ വിശ്വസിക്കാന്‍ കഴിയാത്ത പൗരസമൂഹത്തിന് അവരില്‍ എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക.. 


ഫോര്‍ട്ട്‌കൊച്ചിയില്‍ സ്ഥാപിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്റര്‍ ആസ്‌ട്രേലിയന്‍ വനിത സാറ ഷലന്‍സ്‌കി നശിപ്പിക്കുന്നുതിന്റെ വീഡിയോ ദൃശ്യം.

ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് സര്‍ക്കാരും പൊലീസും ഫാസിസ്റ്റ് വിരുദ്ധ പരിപാടികള്‍ തടയുന്നത്. അതേസമയം തന്നെ കേരളത്തിലുടനീളം ഇടതുപക്ഷവും സി.പി.എമ്മും ഇതേ പരിപാടികള്‍ നടത്തി ചാമ്പ്യന്മാരാവാന്‍ പ്രയത്‌നിക്കുകയാണ്. റിയാസ് മൗലവി കേസില്‍ രൂപം കൊണ്ടിട്ടുള്ള കോഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് നടത്താന്‍ നിശ്ചയിച്ച ജനകീയ കണ്‍വെന്‍ഷന്‍, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് അനുമതി നിഷേധിച്ചത് ഇതേ പൊലീസ് തന്നെയാണ്. മുനിസിപ്പാലിറ്റിക്കാര്‍ ഹാള്‍ നല്‍കാനാവില്ല എന്നും അറിയിച്ചു. കൊല ചെയ്യപ്പെട്ട റിയാസ് മൗലവിക്ക് നീതി ലഭിച്ചില്ല എന്നത് പൊതു ഇടത്തില്‍ ചര്‍ച്ച ചെയ്യുന്നത് പോലും സര്‍ക്കാറിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നാണിത് തെളിയിക്കുന്നത്. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. ഒരു ഇന്‍ഡോര്‍ പരിപാടിയായിട്ടുപോലും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണ്ടി സംഘാടകരെ പരിപാടിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസ് അത്യധ്വാനം ചെയ്യുന്നത് സംഘ്പരിവാറിന് വേണ്ടിയാണ്. കൊല്ലപ്പെട്ടയാള്‍ക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും രാജ്യത്ത് അപരാധവുമാവുകയാണ്.

സി. എ. എ വിരുദ്ധ സമരങ്ങള്‍ക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനില്‍ക്കെ സര്‍ക്കാര്‍ പൗരസമൂഹത്തെ നിരന്തരമായി വഞ്ചിക്കുകയാണ് ചെയ്യുന്നത്. എടുത്ത കേസുകള്‍ പിന്‍വലിച്ചു എന്ന് നുണ പ്രചരിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ബി.ജെ.പി അനുകൂല നിലപാട് ആവര്‍ത്തിക്കുന്നതിന്റെ തെളിവാണ് പുതിയ കേസുകള്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ചാമ്പ്യന്‍ പട്ടത്തിനായി മത്സരിക്കുന്ന പിണറായി വിജയന് ആഭ്യന്തര വകുപ്പിലെയും പൊലീസ് സേനയിലെയും സംഘ് അപ്രമാദിത്യത്തെ തിരുത്താനാവുന്നില്ലെന്നത് ലജ്ജാകരമാണ്. പൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണല്‍ പ്രഖ്യാപനം മാത്രമായി മാറി. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കാത്ത പൊലീസും മുഖ്യമന്ത്രിയും ഈ നിയമം ഇവിടെ നടപ്പാക്കില്ല എന്ന് പറയുന്നതില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയണം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അഡ്വ. കെ.എസ് നിസാര്‍

Writer

Similar News