കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് മാതൃക

തൊള്ളായിരത്തി മുപ്പത്തിയഞ്ച് മുതല്‍ നാല്‍പത് വരെയുള്ള കാലയളവുകളില്‍ കെ.പി.സി.സി ഭാരവാഹികളായി കമ്മ്യൂണിസ്റ്റുകാര്‍ വന്നതോടെ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. 1931 ലെ വടകര സമ്മേളനത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയ സമ്മേളനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.

Update: 2022-09-23 06:27 GMT
Click the Play button to listen to article

സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രവും ലെനിന്‍, മാര്‍ക്‌സ് കമ്മ്യൂണിസ്റ്റ് ചിന്താധാരയും മലയാളിക്ക് പ്രചോദനവും സമരവേശവുമായി മാറുന്നത് 1930-32 കാലഘട്ടത്തിലാണ്. ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെ സോവിയറ്റ് യൂണിയന്‍ പരിപൂര്‍ണ സാമ്പത്തിക വിജയം കൈവരിച്ച അതേ കാലഘട്ടത്തില്‍ തന്നെയാണ് നമ്മുടെ ദേശീയ സമരവും ശക്തി പ്രാപിച്ചത്. കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതിനു പിന്നിലെ പ്രധാന കാരണം സോവിയറ്റ് യൂണിയന്റെ പോരാട്ട ചരിത്രവും പഞ്ചവത്സര പദ്ധതിയിലൂടെ ആര്‍ജിച്ചെടുത്ത പരിപൂര്‍ണ സാമ്പത്തിക വിജയവുമാണ്. കോണ്‍ഗ്രസിനകത്ത് ഗാന്ധിയന്‍ തത്ത്വങ്ങളും കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും തമ്മില്‍ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. കോണ്‍ഗ്രസിന്റെ നിസ്സഹകരണ അഹിംസാ നയങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച ഒരു വിഭാഗം യുവാക്കള്‍ ലെനിനില്‍ നിന്നും സോവിയറ്റ് ചരിത്രത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തി. കടുത്ത സ്വേച്ഛാധിപതിയായ സാര്‍ ചക്രവര്‍ത്തിയില്‍ നിന്നും അധികാരം പിടിച്ചെടുത്ത ലെനിനെ മാതൃകയാക്കാനാണ് ഈ യുവാക്കള്‍ പരിശ്രമിച്ചത്. ദേശീയ സമരത്തിനായി കോണ്‍ഗ്രസ് സ്വീകരിച്ച നടപടിക്രമങ്ങളും കാര്യ പരിപാടികളും, ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള കോണ്‍ഗ്രസിന്റെ നയസമീപനവും ഈ യുവാക്കളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു.


1920-21 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ സമരം മലബാര്‍ ജനതയെ ത്യാഗോജ്വലമായ നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നു. ജാതി-മത-ഭേദമന്യേ എല്ലാവരും കോണ്‍ഗ്രസിന് കീഴില്‍ ഒരേ ശബ്ദമായി ഒരേ മനസ്സോടെ പൊതു ശത്രുവിനെതിരെ അണിനിരന്നു. എന്നാല്‍, ഹിന്ദുക്കള്‍ക്കിടയിലെ മുസ്‌ലിം വിരോധവും മുസ്‌ലിമിന്റെ 'കാഫിര്‍' വിരോധവും പൂര്‍ണമായും തുടച്ചു നീക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞതില്ല. കോണ്‍ഗ്രസിന്റെ അഹിംസാ സിദ്ധാന്തം സാധാരണക്കാരായ മാപ്പിളമാരിലോ ബ്രിട്ടീഷ് ചാരന്മാരായി പ്രവര്‍ത്തിച്ച ജന്മി-സവര്‍ണ-മാടമ്പിമാരിലോ ഒട്ടും പ്രതിഫലിച്ചില്ല. അതൊരു വന്‍ദുരന്തത്തിലേക്ക് തന്നെ മലബാറിനെ നയിച്ചു. കലാപകാലത്ത് പലയിടങ്ങളിലും കോണ്‍ഗ്രസുകാര്‍ക്ക് നിഷ്‌ക്രിയരായി നോക്കി നില്‍ക്കേണ്ടി വന്നു. അഹിംസയിലൂന്നിയ പ്രഭാഷണങ്ങള്‍ തീ പിടിച്ച മലബാറിന്റെ യുദ്ധമുഖത്ത് പ്രകടമായില്ല. മലബാര്‍ കലാപത്തോട് കൂടി മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നിരുന്നു. മലബാറിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നിന്നു.

കോണ്‍ഗ്രസ്സെന്ന ബഹുജന പ്രസ്ഥാനം സോഷ്യലിസ്റ്റുകള്‍ക്കു കീഴില്‍ വളരുന്നു

കോണ്‍ഗ്രസിനെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതില്‍ സോഷ്യലിസ്റ്റുകാരുടെ പങ്ക് നിരാകരിക്കാന്‍ കഴിയില്ല. 1934 ല്‍ മാതൃഭൂമി പത്രത്തിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ നവീന പ്രത്യയശാസ്ത്രത്തിലൂടെ പരിഷ്‌ക്കരിച്ച് മുന്നോട്ട് നയിച്ചത് യഥാര്‍ഥത്തില്‍ സോഷ്യലിസ്റ്റുകളാണ്. അക്കാലത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വന്ന വളണ്ടിയര്‍മാര്‍ക്ക് വ്യക്തമായ ദൈനം-ദിന പ്രായോഗിക പരിപാടികളുണ്ടായിരുന്നില്ല. 1935, 1938, 1939, 1940 എന്നീ വര്‍ഷങ്ങളില്‍ കെ.പി.സി.സി ഭാരവാഹികളായി കമ്മ്യൂണിസ്റ്റുകാര്‍ വന്നതോടെ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. 1931 ലെ വടകര സമ്മേളനത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയ സമ്മേളനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കവച്ചു വയ്ക്കുന്ന സംഘടനാമികവ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ കെട്ടുറപ്പ് കോണ്‍ഗ്രസ് മാതൃകയാക്കുകയോ അതനുവര്‍ത്തിച്ചു വരികയോ ചെയ്തിട്ടില്ലായെന്ന വസ്തുത ഇന്നും പ്രകടമാണ്.

1934 ല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് മുവായിരത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1938-39 കാലയളവായപ്പോഴേക്കും അത് ആറായിരത്തോളമായി ഉയര്‍ന്നിരുന്നു. സോഷ്യലിസ്റ്റുകളുടെ തണലില്‍ കെ.പി.സി.സി കെട്ടുറപ്പുള്ള ബഹുജന സംഘടനയായി മാറി. മുസ്‌ലിം ദേശീയ വാദികളുടെ സഹായത്തോടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് പ്രസിഡന്റായും ഇ.എം.എസ്സ് നമ്പൂതിരിപ്പാട് സെക്രട്ടറിയുമായ പുതിയ കെ.പി.സി.സി നേതൃത്വം 1938 ല്‍ നിലവില്‍ വന്നു. പ്രാദേശികാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ എണ്ണം അഞ്ഞൂറോളമായി വര്‍ധിച്ചു. ജനങ്ങളില്‍ രാഷ്ട്രീയാവബോധം വളര്‍ത്തും വിധം നിശാപാഠശാലകള്‍ നടത്തുകയും, വായനശാലകള്‍ സ്ഥാപിക്കുകയും വാര്‍ത്താവിതരണം നടത്തുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ വളണ്ടിയര്‍ സംഘത്തെ പ്രബലമാക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. മുവായിരത്തോളം വളണ്ടിയര്‍മാരെ സംഘടിപ്പിക്കാന്‍ പുതിയ ഈ കെ.പി.സി.സി നേതൃത്വത്തിനായി. കീഴ്കമ്മിറ്റി അംഗങ്ങളും പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും സമ്മര്‍ സ്‌കൂളില്‍ പങ്കുകൊണ്ട പ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്ന് അയ്യായിരത്തില്‍ കവിഞ്ഞ മെമ്പര്‍മാര്‍ കോണ്‍ഗ്രസിന്റെ ദൈനം-ദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കര്‍ഷകരും മറ്റു തൊഴിലാളികളും കോണ്‍ഗ്രസിന്റെ അഭേദ്യരായ പ്രവര്‍ത്തകന്മാരായി മാറി. കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തന ഫലമായി സാധാരണക്കാരായ കര്‍ഷക തൊഴിലാളികളും കീഴ് സംഘടനകളുടെ നേതൃനിരയിലെത്തി. മലബാര്‍ കലാപത്തോടെ ഏറനാട്ടിലും മറ്റു ലഹള പ്രദേശങ്ങളിലും നിര്‍ജീവമായ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു. മലബാറിലെ ബീഡി പിള്ളേരുടെ ആരാധ്യ നേതാവ് അബ്ദുറഹ്മാന്‍ സാഹിബും പ്രതിഭാശാലിയായ ഇ.എം.എസും യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. അക്കാലത്ത് കോണ്‍ഗ്രസ് നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ ജനങ്ങള്‍ അനുഭവിച്ചുപോന്ന സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധികളെല്ലാം തന്നെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും ജനങ്ങള്‍ അനുഭവിച്ചു വന്നിരുന്നു. നാട്ടുരാജ്യങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അധഃസ്ഥിത വിഭാഗത്തിന്റെ അവകാശങ്ങളെ നേടിയെടുക്കേണ്ടതാണെന്നും ജനാധിപത്യം നാട്ടുരാജ്യങ്ങളില്‍ സ്ഥാപിക്കപ്പെടേണ്ടതുമാണെന്ന് സോഷ്യലിസ്റ്റുകാര്‍ വാദിച്ചു. 1936 ലെ ലക്‌നോ കോണ്‍ഗ്രസ് സമ്മേളനം തൊട്ട് പണ്ഡിറ്റ് നെഹ്‌റു വരേയുള്ളവര്‍ ഈ വാദഗതികളെ പിന്തുണക്കുകയാണുണ്ടായത്. സോഷ്യലിസ്റ്റു കാരുടെ നയപരമായ ഇടപെടല്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തനം നാട്ടുരാജ്യങ്ങളിലും ആരംഭിച്ചു.


നാട്ടുരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് ധാര്‍മികമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കിക്കൊണ്ടും ജനകീയ സംഘടനകളെ പ്രബലമാക്കികൊണ്ടും കോണ്‍ഗ്രസ് നാട്ടുരാജ്യങ്ങളില്‍ ശക്തിയാര്‍ജിച്ചു. ഇതിനെ തുടര്‍ന്ന് കൊച്ചിയില്‍ കൊച്ചിന്‍ കോണ്‍ഗ്രസ്സും, (1938) പ്രജാമണ്ഡലം കമ്മിറ്റിയും (1941) തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും സ്ഥാപിക്കപ്പെട്ടു. സര്‍ സി.പി രാമസ്വാമി അയ്യരുടെ നിര്‍ദേശപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് പ്രഖ്യാപിച്ച ഭരണപരിഷ്‌കാരത്തിനെതിരെ ഒരു സംയുക്ത പ്രക്ഷോഭം നടക്കുകയുണ്ടായി. മുസ്‌ലിംകളും ഈഴവരും ക്രിസ്ത്യാനികളും ഈ സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമാകുകയും സംയുക്ത പ്രസ്ഥാനം ആരംഭിക്കുകയും ജാതി-മത വക ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ സംഘടിക്കുകയും ചെയ്തു. എന്നാല്‍, സംയുക്ത പ്രസ്ഥാനത്തിന്റെ ആശയധാരയും മുദ്രാവാക്യങ്ങളുമെല്ലാം സാമുദായികമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംയുക്ത പ്രക്ഷോഭത്തെ എതിര്‍ത്തു. ഈ പ്രക്ഷോഭം ജനങ്ങളുടെ പൊതുവായ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടിയാണെന്നും തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായുള്ള പ്രക്ഷോഭമായതിനാല്‍ സംയുക്ത പ്രക്ഷോഭം ദേശീയവാദികള്‍ക്കെല്ലാം സ്വീകാര്യമാണെന്നും കമ്യൂണിസ്റ്റുകാര്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പത്രാധിപത്യത്തിലുള്ള 'പ്രഭാതം പത്രം' സംയുക്ത പ്രക്ഷോഭത്തെ അനുകൂലിക്കുകയാണ് ചെയ്തത്.


തൊഴിലാളി പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും വളരുന്നു

കമ്മ്യൂണിസ്റ്റുകാരുടെ നയതന്ത്രപരമായ ഇടപെടല്‍ മൂലം കര്‍ഷകത്തൊഴിലാളികളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘടനകള്‍ വളര്‍ന്നു വന്നു. യുവജനങ്ങളുടെ രാഷ്ട്രീയപരമായ വളര്‍ച്ചയും യുവജന സംഘടനകളുടെ വളര്‍ച്ചയും ദേശീയ സ്വാതന്ത്ര്യസമരത്തിന് മുതല്‍ക്കൂട്ടായി. കാര്‍ഷിക മേഖലയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് നേരെയുള്ള സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ രൂക്ഷമായ കാലത്താണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്. അയിത്തവും ജാതീയതയും അരങ്ങുവാണുകൊണ്ടിരുന്ന കാലത്ത് കമ്യൂണിസ്റ്റുകള്‍ കര്‍ഷകത്തൊഴിലാളികളെ അഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തരാക്കി. കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ രാഷ്ട്രീയാവബോധത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം ശക്തിപ്രാപിക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണം ഭാരതീയര്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്‌കൃതമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുമായിരുന്നു. രാജ്യത്തെ ആഭ്യന്തര പ്രതിസന്ധികളോട് പടപൊരുതാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും ഭാരതീയന് മോചനമില്ലായെന്ന് കമ്മ്യൂണിസ്റ്റുകള്‍ വിലയിരുത്തി. ഇത്തരത്തിലുള്ള വിലയിരുത്തലുകളുടെയും ചിന്താധാരകളുടെയും അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നു വന്നത്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അഫ്‌സല്‍ ഹുസൈന്‍

Writer, Media Person

Similar News