പ്രാതിനിധ്യത്തെ നിരാകരിച്ച സ്പിവാക്കിന്റെ അക്കാദമിക ധാര്‍ഷ്ട്യവും ബ്രാഹ്മണിക മൂല്യബോധവും

ജെ.എന്‍.യു സര്‍വകലാശാലയില്‍ അക്കാദമിക പ്രഭാഷണം നടത്തിയ സ്പിവാക്കിനോട് ചോദ്യം ചോദിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയുടെ ജാതിയേക്കാളും ലിംഗത്തേക്കാളും പേരിനേക്കാളും സ്വഭാവത്തേക്കാളും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും സ്പിവാക്കിനെ പോലുള്ള പണ്ഡിതയുടെ നിലപാടും പ്രയോഗങ്ങളുമാണ്.

Update: 2024-06-01 01:42 GMT
Advertising

തന്റെ മുന്‍പിലേക്ക് ചോദ്യവുമായി വന്ന വിദ്യാര്‍ഥിയെയും വിദ്യാര്‍ഥിയുടെ ചോദ്യത്തെയും who are you? എന്ന മറുചോദ്യം കൊണ്ട് സ്പിവാക്ക് (Gayatri Chakravorty Spivak) ഇല്ലാതാക്കുന്ന കാഴ്ച ജെ.എന്‍.യുവില്‍ നിന്ന് നമ്മളെല്ലാവരും കണ്ടതാണ്. ചോദ്യവുമായി വന്ന അന്‍ഷുല്‍ കുമാര്‍ എന്ന വിദ്യാര്‍ഥി ശരിയോ തെറ്റോ എന്നതിനേക്കാള്‍, Can the subltan speak ? സിലബസിന്റെ ഭാഗമായി പഠിച്ച ഒരാള്‍ക്ക് സ്പീവാക്കിന്റെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് അറിയാനാണ് കൂടുതല്‍ താല്‍പര്യം തോന്നുക. ഈ സംഭത്തില്‍ നാല് പ്രധാന വിഷയങ്ങളാണ് ശ്രദ്ധയില്‍ വന്നത്.

1. വിദ്യാര്‍ഥിയുടെ ചോദ്യം തടസ്സപ്പെടുത്തുന്നത്

2. വിദ്യാര്‍ഥിയോട് who are you? what do you do? എന്ന ചോദ്യങ്ങള്‍

3. ദു ബോയിസ് എന്ന ഉച്ചാരണ തിരുത്തുന്നത്.

4. വയസ്സായ സ്ത്രീയോട് പരുഷമായി സംസാരിക്കരുത് എന്ന് ആവശ്യപ്പെടുന്നത്.

സ്പിവാക്കിനെ പോലെ മുതിര്‍ന്ന പണ്ഡിതയായ എഴുത്തുകാരിയും സമൂഹിക സാഹിത്യവിമര്‍ശകയുമായ വ്യക്തി, ലോകത്തിന്റെ പല പ്രദേശങ്ങളിലും പല കാലഘട്ടങ്ങളില്‍ പല തരത്തിലുള്ള ശ്രോദ്ധാക്കള്‍ക്കു മുമ്പില്‍ പ്രസംഗിക്കുയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തി - പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയില്‍ പാലിക്കേണ്ട ഏറ്റും ചുരുങ്ങിയ മര്യാദകള്‍ പാലിക്കാതെ പോയി എന്നത് ഞ്ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നാണ്.


ചോദ്യം ചോദിക്കുന്നതിനായി കൈകള്‍ ഉയര്‍ത്തി മോഡറേറ്ററുടെ അനുമതി ലഭിച്ച ശേഷമാണ് അന്‍ഷുല്‍ ചോദ്യം ചോദിക്കുന്നത്. ചോദ്യം മുഴുവന്‍ കേട്ട ശേഷവും who are you? what do you do ? തുടങ്ങിയ മറുചോദ്യങ്ങള്‍, തന്റെ ഉത്തരത്തിനു മുന്‍പോ ശേഷമോ ചോദിക്കാം എന്നിരിക്കേ, എന്തിനാണ് ചോദ്യം തടസ്സപ്പെടുത്തിക്കൊണ്ട് തന്നെ spivak മറു ചോദ്യങ്ങള്‍ ചോദിച്ചത്. ചോദ്യകര്‍ത്താവിന്റെ identity അറിയുക, എന്നതിലുപരി തന്നോട് ചോദ്യം ചോദിക്കാനുള്ള വിദ്യാര്‍ഥിയുടെ ആത്മവിശ്വത്തെ ഇല്ലാതാക്കി, ചോദ്യത്തെ തന്നെ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. Spivak നെ പോലെ ഒരു പണ്ഡിതയോട് വിമര്‍ശനാത്മകമായ ചോദ്യം ഉന്നയിക്കണമെങ്കില്‍ വിദ്യാര്‍ഥിക്ക് തന്നിലും തന്റെ ചോദ്യത്തിലും വിശ്വാസം ഉണ്ടായിരിക്കണം. ആ ആത്മവിശ്വാസത്തെ അപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്താനാണ് spivak ശ്രമിച്ചത്. ഇത്തരം ശ്രമം spivak നെ പോലെയുള്ള മുതിര്‍ന്ന പണ്ഡിതയില്‍ നിന്നാകുമ്പോള്‍ ഞെട്ടല്‍ ഉണ്ടാക്കാമെങ്കിലും ഇത്തരം അടവുകള്‍ അക്കാദമിക പ്രഭാഷണ ചോദ്യോത്തര വേളകളില്‍ പുതുമ ഒന്നും അല്ലല്ലോ?

ഒരു വ്യക്തിയുടെ ഐഡന്റിറ്റി അറിയാന്‍ അയാളോട് ചോദിക്കാവുന്ന ചോദ്യങ്ങളില്‍ less polite ആയുള്ള ഒന്നാണ് who are you? എന്ന ചോദ്യം. പ്രത്യേകിച്ചും തന്നോട് വിമര്‍ശനാത്മകമായ ചോദ്യം ഉയര്‍ത്തുന്ന വ്യക്തിയോട് ആ ചോദ്യം തടസ്സപ്പെടുത്തി who are you ? എന്ന് ചോദിക്കുമ്പോള്‍, അതിന്റെ അര്‍ഥതലങ്ങള്‍ കൂടുതല്‍ പരുക്കനാകാം. എന്നെ വിമര്‍ശിച്ച് ചോദ്യം ചോദിക്കാന്‍ നീ ആരാണ് എന്നുവരെ വ്യാഖ്യാനിക്കാം.

രണ്ടാമതായി spivak വിദ്യാര്‍ഥിയോട് ചോദിച്ച who are you? What do you do ? തുടങ്ങിയ ചോദ്യങ്ങള്‍.

ഏതൊരു ഭാഷാപഠനത്തിലും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ പ്രധാനമായ ഒന്നാണ് ഇംഗ്ലീഷ് ഭാഷയില്‍ എങ്ങിനെ മാന്യമായി (Polite) ആശയ വിനിമയം നടത്താം എന്നത്. എന്നാല്‍, ഈ മാന്യതാ പ്രയോഗങ്ങള്‍ പ്രദേശത്തിനനുസരിച്ചും കാലഘട്ടത്തിനനുസരിച്ചും വംശത്തിനനുസരിച്ചും പ്രയോഗിക്കുന്ന സന്ദര്‍ഭം അനുസരിച്ചും മാറി കൊണ്ടേയിരിക്കും. അത്തരത്തില്‍ വളരെ സങ്കിര്‍ണമായ ഒരു പ്രയോഗമാണ് who are you? എന്നത്.

എന്തായിരുന്നാലും ഒരു വ്യക്തിയുടെ ഐഡന്റിറ്റി അറിയാന്‍ അയാളോട് ചോദിക്കാവുന്ന ചോദ്യങ്ങളില്‍ less polite ആയുള്ള ഒന്നാണ് who are you? എന്ന ചോദ്യം. പ്രത്യേകിച്ചും തന്നോട് വിമര്‍ശനാത്മകമായ ചോദ്യം ഉയര്‍ത്തുന്ന വ്യക്തിയോട് ആ ചോദ്യം തടസ്സപ്പെടുത്തി who are you ? എന്ന് ചോദിക്കുമ്പോള്‍, അതിന്റെ അര്‍ഥതലങ്ങള്‍ കൂടുതല്‍ പരുക്കനാകാം. എന്നെ വിമര്‍ശിച്ച് ചോദ്യം ചോദിക്കാന്‍ നീ ആരാണ്? എന്ന് വരെ വ്യാഖ്യാനിക്കാം.

സര്‍വകലാശയലയില്‍ നടക്കുന്ന ഒരു അക്കാദമിക പ്രഭാഷണം കേള്‍ക്കാന്‍ എത്തുന്ന ശ്രോതാക്കള്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികളോ അധ്യാപകരോ ഗവേഷകരോ ആയിരിക്കും എന്നിരിക്കെ പ്രത്യേകമായി ചോദ്യകര്‍ത്താവിന്റെ ഐഡന്റിറ്റി ഈ രീതിയില്‍ ചോദിക്കേണ്ട ആവശ്യം എന്താണ്? ചോദ്യത്തിന്റെ ആഴത്തിനും അര്‍ഥതലങ്ങള്‍ക്കും അനുസരിച്ച് ചോദ്യകര്‍ത്താവിന്റെ അറിവിന്റെ തലം ഊഹിക്കാന്‍ പ്രഭാഷകയ്ക്ക് കഴിയില്ലേ? ഉത്തരം നല്‍കാന്‍ കഴിയില്ലേ?

Who are you? എന്ന തന്റെ ആദ്യ ചോദ്യത്തിന് ഉത്തരം വിദ്യാര്‍ഥിയുടെ പേര് മാത്രമാകുമ്പോള്‍, തൃപ്തിയില്ലാത്തവണ്ണം തന്റെ ചോദ്യത്തിന്റെ വ്യാപ്തി വിദ്യാര്‍ഥിക്ക് മനസ്സിലാക്കി കൊടുക്കത്തക രീതിയില്‍ ആദ്യ ചോദ്യത്തിന്റെ തുടര്‍ച്ചയെന്നോണമാണ് രണ്ടാമത്തെ ചോദ്യം വരുന്നത്. what do you do?' I am founding professor of center for Brahmin studies' എന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ഇവിടെ ഞാന്‍ ആരെന്നോ? എന്ത് ചെയ്യുന്നു എന്നോ അല്ല പ്രസക്തി. മറിച്ച്, നിങ്ങളുടെ പ്രഭാഷണത്തിന് പ്രതികരണമായുള്ള എന്റെ ചോദ്യത്തിനും അതിന് നിങ്ങള്‍ നല്‍കുന്ന മറുപടിക്കുമാണ് പ്രധാന്യം എന്ന് പറയാതെ പറയുകയാണ് വിദ്യാര്‍ഥി തന്റെ മറുപടിയിലൂടെ ചെയ്യുന്നത്.

ഭാഷയുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് കീഴാളരില്‍ നിന്നു വരുന്ന ആശയങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത് വളരെ പഴക്കമുള്ള സര്‍വസാധാരണമായ സവര്‍ണ ബ്രാഹ്മണിക് തന്ത്രമാണ്. കീഴാളരുടെ ഭാഷാപ്രയോഗങ്ങള്‍ മോശമായും തരംതാഴ്ന്നതായും വിലയിരുത്തുന്നതും അതിനെ ആ രീതിയില്‍ നിലനിര്‍ത്തുന്നതും സവര്‍ണ്ണ തന്ത്രം തന്നെ. 

അതുകൊണ്ട് തന്നെ who are you? What do you do? തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാന്‍ സ്പിവാക്കിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല, അവരെ ഉലക്കുന്ന രീതിയില്‍, തുറന്ന് കാണിക്കുന്ന രീതിയില്‍ വിദ്യാര്‍ഥി ഉത്തരം നല്‍കുകയും ചെയ്തു. മറു ചോദ്യങ്ങളായി തനിക്ക് നേരെ വന്ന തടസ്സങ്ങളെ എല്ലാം തരണം ചെയ്ത് കൊണ്ട് വിദ്യാര്‍ഥി തന്റെ ചോദ്യത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

മൂന്നാമതായി സ്പിവാക്ക് ചെയ്യുന്നത്, തന്റെ ചോദ്യത്തിന്റെ ഭാഗമായി ദു ബോയ്‌സ് നെ (William Edward Burghardt Du Bois) ദു ബ്ബ എന്ന് വിദ്യര്‍ഥിയുടെ ഫ്രഞ്ച് ഉച്ചാരണത്തെ, ചേദ്യം മുഴുവിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഇടയില്‍ കയറി ഏറ്റവും പരുഷമായ രീതിയില്‍ തിരുത്തുക എന്നത്.

' Du Bois (pronounced Do Boys). Will you please learn his name? If you're going to talk about the man who is perhaps the best historian sociologist of the last century and this is supposed to be an elite university, then please take the trouble to learn how to pronounce his name.'

ഇതിലും പരുഷമായി ഒരു വിദ്യാര്‍ഥിയെ ഒരു വിദ്യാര്‍ഥി സമൂഹത്തിന്റെ ഇടയില്‍ നിര്‍ത്തി പരിഹസിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. 1868-1963 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് W. E. B. Du Bois. സ്പിവാക്ക് JNU - വില്‍ 'W. E. B. Du Bois and democracy, എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്. ആ വിഷയത്തോടുള്ള പ്രതികരണ ചോദ്യത്തിലാണ് വിദ്യാര്‍ഥി DuBois എന്ന് ഉച്ചരിച്ചത്. ദു ബോയ്‌സ് തന്റെ ജീവിത കാലഘട്ടത്തില്‍ തന്റെ പേര് Doo Boys എന്ന് ഉച്ചരിക്കണം എന്നും DooBWA എന്ന് ഫ്രഞ്ച് രീതിയിലുള്ള ഉച്ചാരണം ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ പേര് DooBoys എന്ന് ഉച്ചരിക്കണം എന്ന് ദു ബോയ്‌സ് ആവശ്യപ്പെടുന്നതിന്റെയും സ്പിവാക്ക് Doo BWA എന്ന് ഉച്ചാരണം തിരുത്തുന്നതിന്റെയും രാഷ്ട്രീയം തികച്ചും രണ്ടാണ്. ദു ബോയ്‌സിന്റെ ശരിയോ തെറ്റോ ആയ ഉച്ചാരണം, വിദ്യാര്‍ഥിയുടെ ചോദ്യത്തിന്റെ പ്രസ്‌ക്തി ഇല്ലാതാക്കുന്നില്ല. ഇവിടെ ദുബോസിന്റ ഉച്ചാരണത്തെക്കാളുപരി സ്പിവാക്ക് ഉച്ചാരണം തിരുത്തുന്ന ശൈലിയാണ് ശ്രദ്ധിക്കേണ്ടത്. 


'Do BOYS .... ദയവായി അദ്ദേഹത്തിന്റെ പേരെങ്കിലും പഠിക്കുമോ? കഴിഞ്ഞ നൂറ്റാണ്ടിലെ, ഒരു പക്ഷെ ഏറ്റവും മികച്ച ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഒരു വ്യക്തിയെ കുറിച്ച് സംസാരിക്കാന്‍ പോവുകയാണെങ്കില്‍, അതും ഇവിടം (JNU) ഒരു മികച്ച സര്‍വ്വകലാശലയായാണ് കണക്കാക്കപ്പെടുന്നത്, അത് കൊണ്ട് ദയവു ചെയ്ത് അദ്ദേഹത്തിന്റെ പേര് കൃത്യമായി ഉച്ചരിക്കാന്‍ പഠിക്കാനുള്ള ശ്രമമെങ്കിലും നടത്തൂ' എന്ന് പറഞ്ഞ ശേഷം വിദ്യാര്‍ഥിയുടെ ഫ്രഞ്ച് ഉച്ചാരണം DoBWA എന്നത് എടുത്ത് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു. ഇവിടെ സ്പിവാക്കിന് പ്രോത്സാഹനം എന്ന പോലെ സദസ്സില്‍ നിന്ന് അടക്കിച്ചിരിയും പൊട്ടിച്ചിരിയും കൂടി കേള്‍ക്കാം. പേര് പോലും ശരിക്കും ഉച്ചരിക്കാന്‍ കഴിയാത്ത നീയാണോ എന്നോട് ചോദ്യം ചോദിക്കുന്നത്, എന്ന് ഈ പരിഹാസത്തെ വ്യാഖ്യാനിക്കാം. ആ വിദ്യാര്‍ഥിക്ക് പ്രഭാഷണ വിഷയത്തെ കുറിച്ചും ദു ബോയ്‌സിനെ കുറിച്ചുമുള്ള മുഴുവന്‍ അറിവും ഇല്ലാതാക്കുന്ന രീതിയിലാണ്, ചുരുക്കി കാണുന്ന രീതിയിലാണ് സ്പിവാക്ക് ഉച്ചാരണം തിരുത്തുന്നത്.

ഈ സര്‍വ്വകലാശാല ഒരു മികച്ച 'elite,' സര്‍വ്വകലാശാലയായാണ് കണക്കാക്കുന്നത് എന്ന് പറയുന്നിടത്ത് വിദ്യാര്‍ഥിയുടെ ഉച്ചാരണം ഈ സര്‍വ്വകലാശാലക്ക് ചേരാത്തതാണ് എന്ന ധ്വനി കൂടെ സ്പിവാക്ക് പറയുന്നതിലുണ്ട്. മാത്രമല്ല, സ്പിവാക്ക് ഉപയോഗിച്ച elite എന്ന വാക്കിന് മികച്ച എന്നതിനേക്കാള്‍ വരേണ്യം എന്ന അര്‍ഥമാണ് പൊതുവിലുള്ളത്. ഉച്ചാരണം തിരുത്തിയിട്ട് മതി ചോദ്യം ചോദിക്കല്‍ എന്ന ദാഷ്ട്യം സ്പിവാക്കിന്റെ വിണ്ടും വീണ്ടുമുളള തിരുത്തല്‍ ശൈലിയില്‍ വ്യക്തമാണ്. ഒരു വിദ്യാര്‍ഥി സമൂഹത്തിനെ നടുവില്‍ വച്ച് ഒരു ചെറുപ്പക്കാരനായ വിദ്യാര്‍ഥിയെ ഉച്ചാരണത്തിന്റെ പേരും പറഞ്ഞ് നിശബ്ദനാക്കി ഇല്ലാതാക്കുക എന്നതിലൂടെ താന്‍ ചെയ്യുന്ന ഹിംസ എന്തെന്ന് സ്പിവാക്കിനെ പൊലെ ഒരു പണ്ഡിത തിരിച്ചറിയുന്നില്ല എന്നത് ഖേദകരമാണ്. നിശബ്ദനാക്കുക എന്നാല്‍ പ്രാതിനിധ്യം ഇല്ലാതാക്കുക എന്ന് തന്നെയാണ് അര്‍ഥം. ഒരു പക്ഷെ, വിദ്യാര്‍ഥിയില്‍ നിന്നും തനിക്ക് നേരെ വരുന്ന ചോദ്യത്തെ നേരിടുന്നതിലും ഭേദം ചോദ്യകര്‍ത്താവിനെ തന്നെ പരിഹസിച്ച് ഇല്ലാതാക്കുന്നതാണ് എന്ന ആത്മ രക്ഷാമാര്‍ഗമായിരുന്നോ ഈ ഉച്ചാരണ തിരുത്തല്‍ വേല. 


ഭാഷയുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് കീഴാളരില്‍ നിന്നു വരുന്ന ആശയങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത് വളരെ പഴക്കമുള്ള സര്‍വസാധാരണമായ സവര്‍ണ ബ്രാഹ്മണിക് തന്ത്രമാണ്. കീഴാളരുടെ ഭാഷാപ്രയോഗങ്ങള്‍ മോശമായും തരംതാഴ്ന്നതായും വിലയിരുത്തുന്നതും അതിനെ ആ രീതിയില്‍ നിലനിര്‍ത്തുന്നതും സവര്‍ണ്ണ തന്ത്രം തന്നെ. ഇതിന് ഇംഗ്ലീഷ് ഉച്ചാരണം വരെ പോകേണ്ടതില്ല, മലയാള ഭാഷാപ്രയോഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ഉദാഹരണത്തിന് വരുക എന്ന വാക്കിന് വാ എന്നത് കീഴാള ബഹുജനപ്രയോഗവും, വരൂ എന്നത് നായര്‍ പ്രമാണി പ്രയോഗവും, വര്യ എന്നുള്ളത് നമ്പൂതിരി ബ്രാഹ്മണ പ്രയോഗവുമായി മലയാളത്തില്‍ ഇന്നും നിലനില്‍ക്കുന്നു. മിശ്ര ജാതി വിവാഹത്തിന്റെ ഭാഗമായി ഈഴവ കുടുംബത്തിന്റെ ഭാഗമായ നായര്‍ സ്ത്രീ തന്റെ കുട്ടികളെ അച്ഛന്റെ ഭാഷയായ വാ താ തുടങ്ങിയ പ്രയോഗങ്ങളില്‍ നിന്ന് രക്ഷിച്ച്, വരൂ തരൂ തുടങ്ങിയ നായര്‍ പ്രയോഗങ്ങളിലേക്ക് വളരെ കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. പി.ജി പഠന കാലഘട്ടത്തില്‍ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്ന ഒരു നായര്‍ സുഹൃത്ത് വാ താ തുടങ്ങിയ പ്രയോഗങ്ങളെ നിരന്തരം വരൂ തരു എന്ന് തിരുത്തുന്നത് കണ്ട്, വാ താ എന്ന പ്രയോഗത്തിന് എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോള്‍, കുടുംബത്ത് ഇത്തരം പ്രയോഗങ്ങളെ മുതിര്‍ന്നവര്‍ അളക്കും എന്നാണ് സുഹൃത്ത് മറുപടി പറഞ്ഞത്. ഇങ്ങനെ ഭാഷാപ്രയോഗങ്ങളുടെ അളവുകോല്‍ വെച്ച് മനുഷ്യനെ കൃത്യമായി ജാതിയില്‍ അളന്നിടാന്‍ സവര്‍ണ്ണ മൂല്യബോധമുള്ളവര്‍ നിരന്തരം ശ്രമിക്കും. ഇവിടെ ഭാഷയുടെ അളവുകോല്‍ വെച്ച് ഉച്ചാരണത്തിരുത്ത് വരുത്തിക്കൊണ്ട് വിദ്യാര്‍ഥിയെ കൃത്യമായി അളന്നിടാന്‍ തന്നെയാണ് സ്പിവാക്കും ശ്രമിച്ചത്.

തന്റെ ഉച്ചാരണം പരിഹസിച്ചും തിരുത്തിയുമുള്ള സ്പിവാക്കില്‍ നിന്നുള്ള ഹിംസയും, അതിനെ പിന്തുണച്ചുള്ള സദസ്സില്‍ നിന്നുള്ള പുച്ഛ ചിരിയും നേരിട്ട വിദ്യാര്‍ഥി അതിനെ എല്ലാം നേരിട്ടത് മറ്റൊരു വാചകത്തിലൂടെയാണ്, if you're done with the trivialites..... ' നിസ്സാര വത്കരിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു എങ്കില്‍ എനിക്ക് ചോദ്യത്തിലേക്ക് കടക്കാം എന്നായിരുന്നു ആ വാചകം. സ്പിവാക് തന്റെ നാലാമത്തെ ഇടപെടല്‍ നടത്തുന്നത് ഇവിടെയാണ്; വയസ്സായ സ്ത്രീയായ എന്നോട് പരുഷമായി സംസാരിക്കരുത് എന്ന് പറഞ്ഞു കൊണ്ട്.

പ്രഭാഷണത്തില്‍ തനിക്കു നേരെ വന്ന ചോദ്യത്തെ who are you? what do you do? തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് തടസ്സപ്പെടുത്തിയും, ഉച്ചാരണ തിരുത്ത് വരുത്തി പരിഹസിച്ചും, തനിക്ക് സാമൂഹ്യപദവിയില്‍ താണവനായ വിദ്യാര്‍ഥിയെ പൊതുമധ്യത്തില്‍ ഹിംസ നടത്തിയ ശേഷവും, അതിന് വിദ്യാര്‍ഥി തീര്‍ത്ത പ്രതിരോധത്തെ പരുഷം (rude) എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്? മലയാളത്തില്‍ ആടിനെ പട്ടിയാക്കുക എന്നാണ് ഇത്തരം രീതികള്‍ക്ക് വിശേഷിപ്പിക്കുക. തനിക്ക് ഏതു രീതിയിലും പ്രതികരിക്കാം പരിഹസിക്കാം, പക്ഷെ, തന്നെ ചോദ്യം ചെയ്യാനും നേര്‍ക്കുനേര്‍ നിന്ന്, തന്റെ രീതിയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് തെറ്റാണ്, പരുഷമാണ് എന്ന് പറയുന്നതിലുടെ, തന്റെ പദവി ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിയെ നിശബ്ദമാക്കുക എന്ന കൗശലമാണ് സ്പിവാക്ക് പ്രയോഗിച്ചത്.

ദ ഹിന്ദുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ സ്പിവാക്ക് പറഞ്ഞത്, വിദ്യാര്‍ഥി ദലിത് ആണ് എന്ന് തിരിച്ചറിഞ്ഞില്ല എന്നും ബ്രാഹ്മിസ്റ്റ് ആണ് എന്ന് വിചാരിച്ചു എന്നുമാണ്. വയസ്സായ, സ്ത്രീയായ, അധ്യാപികയായ തനിക്ക്, പുരുഷ വിദ്യാര്‍ഥിയെ നേരിടേണ്ടി വന്ന സന്ദര്‍ഭത്തില്‍, അവന്റെ ദലിത് സത്വം അറിയാതിരിക്കുന്ന സാഹചര്യത്തില്‍, അവനില്‍ നിന്നുള്ള ചോദ്യം കേള്‍ക്കേണ്ട എന്നുള്ളത് അവന്റെ പരുഷമായ രീതിയോടുള്ള എന്റെ പ്രതിഷേധമാണ് എന്നാണ്. ഈ പ്രതികരണത്തില്‍ നിന്ന്, എത്ര ശ്രദ്ധയോടെയാണ് സപിവാക്ക്, താന്‍ ഒരു വിദ്യാര്‍ഥിയോട് നടത്തിയ അനീതിയില്‍ നിന്ന്, തന്റെ പ്രായത്തിലേക്കും ജെന്‍ഡര്‍ ഐഡന്റിറ്റിയിലേക്കും ശ്രദ്ധ തിരിച്ചുവച്ച്, ന്യായീകരിച്ച്, വിദ്യാര്‍ഥിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കാര്യങ്ങളെ വിശദീകരിച്ച്, കൈ കഴുകാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.

ഈ സംഭവത്തില്‍ വിദ്യാര്‍ഥിയുടെ ജാതിയേക്കാളും ലിംഗത്തേക്കാളും പേരിനേക്കാളും സ്വഭാവത്തേക്കാളും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതും സ്പിവാക്കിനെ പോലുള്ള പണ്ഡിതയുടെ നിലപാടും പ്രയോഗങ്ങളുമാണ്. ഇത്ര നിര്‍വികാരപരമായി ഒരു വിദ്യാര്‍ഥിയെ ഒരു വിദ്യാര്‍ഥി സമൂഹത്തിന്റെ ഇടയില്‍ നിര്‍ത്തി സ്പിവക്കിന് ചോദ്യം ചെയ്യാനും തിരുത്താനും പരിഹസിക്കാനും കഴിഞ്ഞത് എങ്ങനെയാണ്?.

JNU പോലുള്ള സര്‍വ്വകലാശാലയില്‍ മറ്റാരില്‍ നിന്നും യാതൊരു പ്രതിരോധവും നേരിടാതെ ഈ രീതിയില്‍ ഒരു വിദ്യാര്‍ഥിയെ സദസ്സിന്റെ അടക്കി ചിരികളുടെ പ്രോത്സാഹനത്തോടെ അപമാനിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്? ഇവിടെ അവര്‍ക്ക് തുണയാകുന്നത് അവരുടെ അക്കാദമിക പാണ്ഡിത്യത്തേക്കാളുപരി അവരിലുറങ്ങിക്കിടക്കുന്ന ബ്രാഹ്മണിക് വ്യക്തിത്വവും മൂല്യബോധവും ആണ്. ദ ഹിന്ദുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ സ്പിവാക്ക് പറഞ്ഞത്, വിദ്യാര്‍ഥി ദലിത് ആണ് എന്ന് തിരിച്ചറിഞ്ഞില്ല എന്നും ബ്രാഹ്മിസ്റ്റ് ആണ് എന്ന് വിചാരിച്ചു എന്നുമാണ്. വയസ്സായ, സ്ത്രീയായ, അധ്യാപികയായ തനിക്ക്, പുരുഷ വിദ്യാര്‍ഥിയെ നേരിടേണ്ടി വന്ന സന്ദര്‍ഭത്തില്‍, അവന്റെ ദലിത് സത്വം അറിയാതിരിക്കുന്ന സാഹചര്യത്തില്‍, അവനില്‍ നിന്നുള്ള ചോദ്യം കേള്‍ക്കേണ്ട എന്നുള്ളത് അവന്റെ പരുഷമായ രീതിയോടുള്ള എന്റെ പ്രതിഷേധമാണ് എന്നാണ്. ഈ പ്രതികരണത്തില്‍ നിന്ന്, എത്ര ശ്രദ്ധയോടെയാണ് സപിവാക്ക്, താന്‍ ഒരു വിദ്യാര്‍ഥിയോട് നടത്തിയ അനീതിയില്‍ നിന്ന്, തന്റെ പ്രായത്തിലേക്കും ജെന്‍ഡര്‍ ഐഡന്റിറ്റിയിലേക്കും ശ്രദ്ധ തിരിച്ചുവച്ച്, ന്യായീകരിച്ച്, വിദ്യാര്‍ഥിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കാര്യങ്ങളെ വിശദീകരിച്ച്, കൈ കഴുകാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.

എന്തായും ഈ സംഭവം കൊണ്ട് can the Subaltern Speak ? എന്ന ബ്രാഹ്മണിക് ചോദ്യത്തിന് ഉത്തരം ലഭിച്ചു. ബ്രാഹ്മണിക രീതികളെയും മൂല്യങ്ങളെയും തച്ചുടച്ചു കൊണ്ടുതന്നെ കീഴാളര്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യും എന്ന് തന്നെയാണ് ഇതിനുള്ള ഉത്തരം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ജെയ്മി ചിത്ര കെ.എസ്

Writer

Similar News