മുന്നറിയിപ്പുകളുടെ പാഠശാലയായി ശ്രീലങ്ക

തീവ്ര സിംഹള-ബുദ്ധ ദേശീയതയെ ആളിക്കത്തിച്ച് ഗോതബായയെ വീരപരിവേഷം നല്‍കി അധികാരത്തിലെത്തിച്ച അതേ സിംഹളജനത തന്നെ അധികാരത്തില്‍നിന്നും ആട്ടിപ്പായിക്കുന്ന കാഴ്ച കാലം കാത്തുവെച്ച കാവ്യനീതിയുടെ പുനരാവിഷ്‌കാരമാണ്.

Update: 2022-09-23 06:11 GMT
Click the Play button to listen to article

അടിയന്തിര ഘട്ടങ്ങളില്‍ വ്യേമയാന-കപ്പല്‍ ഗതാഗത മേഖലകളില്‍നിന്നും ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിച്ചുവരുന്ന അടിയന്തിര സന്ദേശമാണ് 'മെയ്‌ഡേ' ( mayday call). ഈ സന്ദേശം മൂന്ന് പ്രാവശ്യം ലഭിച്ചുകഴിഞ്ഞാല്‍ വിമാനമാണെങ്കില്‍ അടിയന്തിരമായി നിലത്തിറക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണെമന്നാണ് നിയമം. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ ജനത നിരവധി പ്രക്ഷോഭങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും കഴിഞ്ഞ അഞ്ച് മാസങ്ങളായി ശ്രീലങ്കന്‍ സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്. പക്ഷേ, ഈ പ്രതിഷേധങ്ങളെ കേവലം ഒറ്റപ്പെട്ട സംഭവങ്ങളായി പരിഗണിച്ചിരുന്ന രാജപക്‌സെ സര്‍ക്കാര്‍ പിടിച്ചുനല്‍ക്കാന്‍ ' പൂഴിക്കടകന്‍' പ്രയോഗിക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.


മാസങ്ങളായി ദുരിതപര്‍വം താണ്ടുന്ന ശ്രീലങ്കന്‍ ജനത ഇക്കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി കൊട്ടാരത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഒളിവില്‍ പോകേണ്ടിവന്ന പ്രസിഡന്റ് നിരവധിതവണ പല മാര്‍ഗങ്ങളിലൂടെയും രാജ്യവിടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാക്കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി പ്രതിഷേധക്കാര്‍ തീയിട്ടു. മുന്‍ പ്രധാനമന്ത്രി ബേസില്‍ രാജപക്‌സെ ഇക്കഴിഞ്ഞ ദിവസം ദുബൈയിലേക്ക് രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയിരുന്നു. പ്രസിഡന്റിന്റെ വസതിയിലെ കിടപ്പുമുറിയിലും നീന്തല്‍ കുളത്തിലും അടുക്കളയിലും ആടിത്തിമിര്‍ത്ത ജനം സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധത്തിന്റെ പുതിയ വാതായനങ്ങള്‍ തീര്‍ത്തത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയടക്കം പ്രക്ഷോഭങ്ങളുടെ മന്‍നിരയിലെത്തിയതും വാര്‍ത്തയായിരുന്നു.




വര്‍ധിത പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തികച്ചും നാടകീയമായി പ്രസിഡന്റ് ഗോതബായ രാജപക്‌സെ തല്‍സ്ഥാനം രാജിവെക്കാതെ സൈനിക വിമാനത്തില്‍ മാലദ്വീപിലേക്ക് കടന്നിരിക്കുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ഇതോടെ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസുകളും കയ്യേറി കരിങ്കൊടി നാട്ടിയിരിക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ജൂലൈ 20നകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗം. പക്ഷേ, ഗോതബായയുടെ പൊടുന്നനെയുള്ള ഒളിച്ചോട്ടം പ്രതിഷേധങ്ങളുടെ കൂടുതല്‍ കടുപ്പിച്ചു.


പ്രസിഡന്റ് ഒളിച്ചോടിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ താല്‍ക്കാലിക പ്രസിഡന്റായേക്കും. ഭരണഘടനയനുസരിച്ച് 30 ദിവസംവരെ താല്‍ക്കാലിക പ്രസിഡന്റ് പദവി തുടരാം. അതേസമയം, ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ ഓഫീസും കയ്യേറിയിരിക്കുന്നു.


1948ല്‍ രാജ്യം സ്വാതന്ത്രമായതിനുശേഷമുളള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിരൂക്ഷമായ ഇന്ധനക്ഷാമം മൂലം അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ സാധിക്കാതെ ജനജീവിതം ദുരിതക്കയത്തിലാണ്. ഇതാണ് ജനത്തെ ഒന്നാകെ പ്രതിഷേധങ്ങളുമായി തെരുവിലെത്തിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ധനം വാങ്ങാന്‍ വിദേശനാണയ ശേഖരണത്തിന്റെ ദൗര്‍ലഭ്യതമൂലം സാധിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെടുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധികളുടെ രൂക്ഷതമൂലം ഗോതബായ റഷ്യയുമായി സാമ്പത്തിക സഹായത്തെകുറിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അതുകൂടാതെ, നിലനില്‍ക്കുന്ന ഭക്ഷ്യ-ധാന്യ പ്രതിസന്ധികള്‍ക്ക് പരിഹാരമായി സഹായം ലഭിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഐ.എം.എഫിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈയിടെ പ്രസതാവിക്കുകയുണ്ടായി. അതുപോലെത്തന്നെ ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയില്‍ കടുത്ത വിഷമം പ്രകടിപ്പിക്കുന്നതായും ശ്രീലങ്കക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയുണ്ടായി. നിലവിലെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര സംഘടനകളുടെയും ഏജന്‍സികളുടെയും സഹായങ്ങള്‍ ശ്രീലങ്കയില്‍ എത്താന്‍ സമയമെടുക്കുമെന്ന മുന്നറിയിപ്പ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനകം ഉയര്‍ത്തികഴിഞ്ഞു.


വിദേശ നാണയ ശേഖരത്തിന്റെ ദൗര്‍ലഭ്യതമൂലം വിദേശ കടങ്ങളുടെ തിരിച്ചടവുകള്‍ ഏപ്രില്‍മുതല്‍ ശ്രീലങ്കക്ക് നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്. ഈവര്‍ഷം ഈയിനത്തില്‍ ഏകദേശം 7 ബില്യണ്‍ ഡോളര്‍ അടക്കേണ്ടതുണ്ട്. കൂടാതെ 28 ബില്യണ്‍ ഡോളര്‍ 2027 അവസാനത്തോടെ നിര്‍ബന്ധമായും തിരിച്ചടക്കേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കണ്ടാലും വിദേശ കടം എന്നത് ബാലികേറാമലയായി അവശേഷിക്കുമെന്നുറപ്പാണ്. കാരണം, ഇപ്പോള്‍തന്നെ വിദേശകടം ഇനത്തില്‍ മൊത്തം 51 മില്യണ്‍ ഡോളര്‍ തിരിച്ചടക്കേണ്ടതുണ്ട്. നിലവിലെ ഇന്ധനക്ഷാമം ശ്രീലങ്കയുടെ സമസ്തമേഖലയെയും സാരമായി ബാധിച്ചിരിക്കുന്നു. മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവ കിട്ടാക്കനിയാണിപ്പോള്‍. ശ്രീലങ്കന്‍ വിമാനങ്ങള്‍ കേരളത്തിലെത്തിയാണ് ഇപ്പോള്‍ ഇന്ധനം നിറക്കുന്നത് എന്നും വാര്‍ത്തകള്‍ ഉണ്ട്. വിദേശ നാണയശേഖരത്തിന്റെ ദൗര്‍ലഭ്യത മരുന്നുകളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ അതിവിദൂരഭാവിയില്‍ പട്ടിണിയുടെ തോത് അതിഭയാനകമായ അളവില്‍ വര്‍ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.


ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ മുന്നറിയിപ്പുകളുടെയും അനുഭവങ്ങളുടെയും വിദ്യാലയമായി മാറിയിരിക്കുകയാണ് മുഖശ്രീ പോയ ലങ്ക. തീവ്രദേശീയത, കെടുകാര്യസ്ഥത, തലതിരിഞ്ഞ ഭരണ പരിഷ്‌കാരങ്ങളും നയങ്ങളും, കുടുംബവാഴ്ച, ഉദാരമായ കടമെടുക്കല്‍ നയങ്ങള്‍, അഭ്യന്തര കെട്ടുറപ്പിന്റേയും വിശ്വാസ്യതയുടെയും വീഴ്ചകള്‍ എന്നിവയുടെ ആകെത്തുകയാണ് ഇന്നുകാണുന്ന സിംഹള രാജ്യമെന്ന അതിപ്രധാന പാഠം മറ്റുരാജ്യങ്ങള്‍ മനസ്സിലാക്കേണ്ടത്. തീവ്ര സിംഹള-ബുദ്ധ ദേശീയതയെ ആളിക്കത്തിച്ച് ഗോതബായയെ വീരപരിവേഷം നല്‍കി അധികാരത്തിലെത്തിച്ച അതേ സിംഹളജനത തന്നെ അധികാരത്തില്‍നിന്നും ആട്ടിപ്പായിക്കുന്ന കാഴ്ച കാലം കാത്തുവെച്ച കാവ്യനീതിയുടെ പുനരാവിഷ്‌കാരമാണ്. കാലങ്ങളായി രാജപക്‌സെ കുടുംബത്തിനും ഇഷ്ടക്കാര്‍ക്കുമായി തീറെഴുതപ്പെട്ട അധികാരസ്ഥാനങ്ങളും സ്ഥാപനങ്ങളും ഒന്നൊന്നായി ജനം തെരുവില്‍ ചുെട്ടരിക്കുന്നത് കുടുംബവാഴ്ചയോടുള്ള അടക്കാനാവാത്ത പ്രതിഷേധ സൂചകമായി മനസ്സിലാക്കേണ്ടതുണ്ട്. സര്‍വായുധരായ സൈന്യവും പൊലീസും നോക്കിനില്‍ക്കെ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി കയ്യടക്കിയ ജനരോക്ഷം ഭാവിയില്‍ ലങ്ക ഭരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരുടെയും ആഹ്വാനമില്ലാതെ ' ഒന്നായി കൊളംബോയിലേക്ക് ' എന്ന മുദ്രാവാക്യമുയര്‍ത്തി കുതിച്ചെത്തിയ ജനസാഗരം തീര്‍ത്ത പ്രതിഷേധ സ്വരങ്ങള്‍ പുതിയ സര്‍ക്കാറിന്റെ കൂടി കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കന്‍ തെരുവുകളിലെ ചുമരുകളിലും വാഹനങ്ങളുടെ പുറത്തും പ്രതിഷേധക്കാര്‍ എഴുതിവെച്ച ' ഞങ്ങളില്‍നിന്നും അപഹരിച്ച പണം തിരിച്ചുനല്‍കുക' എന്ന മുദ്രാവാക്യം മറ്റൊരു പ്രധാനദിശയിലേക്ക് കൂടി ശ്രദ്ധതിരിക്കുന്നതാണ്. രാജ്യവരുമാനത്തിന്റെ തോത് പഠിക്കാതെയും പരിഗണിക്കാതെയും കണ്ണടച്ച് കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിക്കുകയും തോന്നിയതുപോലെ ചെലവഴിക്കുകയും ചെയ്ത് ബില്യണ്‍ ഡോളറുകള്‍ കടബാധ്യതയോടെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു ഭരണകൂടത്തിന്റെ നിസ്സഹായവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ഊതിവീര്‍പ്പിച്ച പി.ആര്‍ പ്രചാരണങ്ങള്‍ക്കപ്പുറം യാഥാര്‍ഥ്യങ്ങള്‍ ജനം പരസ്യമാക്കിയപ്പോള്‍ കടക്കെണിയില്‍ വീണുപോയ ഒരു ദേശത്തിന്റെ വിറങ്ങലിക്കുന്ന ചിത്രമാണ് ലോകത്തിന് മുന്നില്‍ ഒരു ഓര്‍മപ്പെടുത്തലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍, ശ്രീലങ്ക ഒരുപാട് പാഠങ്ങളുടെ വിദ്യാലയമാണ്. പഠിക്കാനും വിലയിരുത്താനും വിശകലനം ചെയ്യാനും ധാരാളമുണ്ട് ഇപ്പോള്‍ സിംഹള രാജ്യത്തുനിന്ന്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. നസീർ അയിരൂർ

Writer

Similar News