ക്ഷേത്രപ്രവേശനം, ജാതി, ദേശീയത: ചില നിരീക്ഷണങ്ങള്‍

ക്ഷേത്രപ്രവേശന വിളംബരദിനം വാര്‍ഷികാചരണത്തിന്റെ ഭാഗമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച നോട്ടീസ് വിവാദ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച ദേശീയവാദികളുടെയും കീഴാളചിന്തകരുടെയും വാദങ്ങളെ വിശകലം ചെയ്യുന്നു.

Update: 2023-11-15 08:16 GMT
Advertising

ക്ഷേത്രപ്രവേശനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പുതിയതല്ല. 1936ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ക്ഷേത്രപ്രവേശനം 'അനുവദിച്ചതു'- മുതല്‍ ഇതേക്കുറിച്ചുള്ള സംവാദങ്ങള്‍ കേരളീയസമൂഹത്തില്‍ നടന്നിട്ടുണ്ട്. ക്ഷേത്രപ്രവേശനം ദേശീയവാദശക്തികളുടെ നേതൃത്വത്തില്‍ നടന്ന വലിയ പോരാട്ടത്തിന്റെ പര്യവസാനമായി ദേശീയവാദികളും വിശാലഹിന്ദു രൂപീകരണത്തിലൂടെ സവര്‍ണഹിന്ദുഭാരതത്തിന്റെ അടിസ്ഥാനശിലയായി മാറിയെന്ന് കീഴാളചിന്തകരും വാദിക്കുന്നു. തീര്‍ച്ചയായും ഇതിനു രണ്ടിനും ഇടയില്‍ നില്‍ക്കുന്ന വാദങ്ങളുമുണ്ട്. രണ്ട് വാദങ്ങളിലും വസ്തുതകളുണ്ടായിരിക്കെത്തന്നെ ഈ രണ്ട് ചിന്തകളും അടിസ്ഥാനപ്രശ്‌നത്തെ സ്പര്‍ശിക്കാതെ ചരിത്രത്തെ ലളിതവായനയ്ക്ക് വിധേയമാക്കുകയാണെന്നാണ് ഈ ലേഖനം വാദിക്കുന്നത്.

1936ലാണ് ഒരു വിളംബരം വഴി തിരുവിതാംകൂറിലെ സര്‍ക്കാര്‍ക്ഷേത്രങ്ങൡ ഈഴവര്‍തൊട്ടുള്ള കീഴാളജാതികള്‍ക്ക് പ്രവേശനാനുവാദം നല്‍കുന്നത്. ജനസംഖ്യയിലെ നല്ലൊരു ശതമാനം വരുന്ന ഈഴവര്‍ ഉയര്‍ത്തിയ മതംമാറ്റ ഭീഷണി തീര്‍ച്ചയായും തിരുവിതാംകൂറിലേതുപോലുള്ള ഒരു ഹൈന്ദവസര്‍ക്കാരിന് അലോസരമുണ്ടാക്കിയിരുന്നെന്നത് സത്യമാണ്. അതേസമയം ഇതുമാത്രമാണ് വിളംബരത്തിനു പിന്നിലെ ഏകപ്രചോദനമെന്ന് കരുതുകയാണെങ്കില്‍ അത് സത്യത്തോട് നീതിപുലര്‍ത്തുന്നതായിരിക്കുകയില്ല. കാരണം, തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനം നല്‍കി ഏറെ താമസിയാതെ തിരുവിതാംകൂറിന് പുറത്ത് മധുര, പഴണി പോലുള്ള ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ത്തന്നെ കീഴാളര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കിയിരുന്നു. ഇന്‍ഡോര്‍ പോലുള്ള പല നാട്ടുരാജ്യങ്ങളിലും സമാനമായ വിളംബരങ്ങള്‍ പുറപ്പെടുവിച്ചു. 1938 തുടക്കത്തിലായിരുന്നു അത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഈഴവരുള്ള കൊച്ചിയിലെ രാജാവ് തന്റെ പ്രജകള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കിയില്ലെന്നു മാത്രമല്ല, ക്ഷേത്രപ്രവേശന വിളംബരത്തോട് ശത്രുത പുലര്‍ത്തുകയും ചെയ്തു.

നിവര്‍ത്തനപ്രക്ഷോഭത്തിനു കാരണമായ വിവിധ ജാതി-മതവിഭാഗങ്ങള്‍ക്കിയില്‍ രൂപംകൊണ്ട ഐക്യം തകര്‍ത്തുകൊണ്ട് പുതിയൊരു സ്വത്വബോധത്തിലേക്ക് നീങ്ങാന്‍ വിളംബരം ഈഴവരെയും കീഴാളരെയും പ്രേരിപ്പിക്കുമെന്നുതന്നെ സര്‍ക്കാര്‍ കരുതിയിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രതികരണങ്ങള്‍ ഒട്ടൊക്കെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എന്നാല്‍, എല്ലാവിഭാഗങ്ങളെയും തന്റെ സ്വാധീനത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.യ്ക്കു കഴഞ്ഞില്ല. 

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയനീക്കമാണ് ക്ഷേത്രപ്രവേശനവിളംബരമെന്നതില്‍ സംശയമില്ല. ഇന്ന് എട്ട് ദശകങ്ങള്‍ക്കുശേഷവും അതിന്റെ ആഖ്യാനശക്തി നിലനില്‍ക്കുന്നുണ്ടെന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട ദേവസ്വം നോട്ടീസ് സംബന്ധിച്ച വിവാദം സൂചിപ്പിക്കുന്നത്. ഇതേ രാഷ്ട്രീയശക്തിതന്നെയാണ് സര്‍ സി.പി.ക്കും രാജാവിനും ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ അന്നും ലഭിച്ചത്. മാത്രമല്ല, വിവിധ മതവിഭാഗങ്ങളുമായി ഐക്യപ്പെട്ടു നീങ്ങുന്ന ഈഴവസമുദായത്തില്‍ നേരിട്ട് ഇടപെടുന്നതിനുള്ള ഒരു സാധ്യതയും അതുണ്ടാക്കി.

വിളംബരം, സാമുദായികത

1931 മുതല്‍ 38 വരെയുള്ള കാലം തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനമാണ്. ആദ്യം ഈഴവരും ക്രൈസ്തവരും മുസ്‌ലിംകളും ഒത്തുചേര്‍ന്ന നിവര്‍ത്തന പ്രക്ഷോഭം. പിന്നീട് ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പോരാട്ടം. അങ്ങനെ നോക്കുമ്പോള്‍ അതുവരെ പരസ്പരം മല്‍സരിച്ചിരുന്ന വിവിധ സാമുദായികവിഭാഗങ്ങളുടെ ഐക്യമായിരുന്നു ഈഴവ-ക്രൈസ്തവ-മുസ്‌ലിം മുന്നണിയിലൂടെ ഇക്കാലയളവില്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ടത്. കൊളോണിയല്‍ കാലത്തെ രാഷ്ട്രീയ സംഘാടനത്തിന്റെ പ്രധാനരൂപമായിരുന്നു സാമുദായികതയെന്നുകൂടി ഓര്‍ക്കുമ്പോള്‍ അക്കാലത്തെ വലിയ പ്രതിപക്ഷശക്തിയായിരുന്നു ഈ മുന്നണിയെന്ന് വിലയിരുത്താനാവും. ഈ വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭത്തെ ശക്തമായ രീതിയിലാണ് സര്‍ക്കാര്‍ നേരിട്ടത്. ഇതിനിടയിലാണ് ദിവാന്‍ സര്‍ സി.പി.യുടെയും രാജാവിന്റെയും മുന്‍കയ്യില്‍ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കുന്നത്.

നാട്ടുരാജ്യമെന്ന നിലയില്‍ തിരുവിതാംകൂറിന് ക്ഷേത്രപ്രവേശനവിളംബരം നല്‍കിയ ശക്തി അനിതരസാധാരണമായിരുന്നു. തിരുവിതാംകൂറിന്റെയും രാജാവിന്റെയും സര്‍ സി.പി.യുടെയും ഖ്യാതി ഇന്ത്യ മുഴുവന്‍ പരന്നു. ധര്‍മരാജ്യമെന്ന വിശേഷണം അഖിലേന്ത്യാതലത്തില്‍പ്പോലും ആഘോഷിക്കപ്പെട്ടു. സംഘര്‍ഷത്തിന്റെ കാലമായിരുന്നിട്ടുകൂടി സര്‍ സി.പി.യ്ക്ക് ആദരമര്‍പ്പിക്കാത്ത സമുദായസംഘടനകള്‍ തിരുവിതാംകൂറില്‍ അധികമുണ്ടായിരുന്നില്ല. വിവിധ പ്രക്ഷോഭങ്ങള്‍ക്കിടയിലും അക്കാലത്ത് നടന്ന വലിയ സമ്മേളനങ്ങളില്‍ സി.പി. നേരിട്ട് പങ്കെടുക്കുകയോ അല്ലാത്തവയില്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസ്സാക്കപ്പെടുകയോ ചെയ്തു. വിളംബരത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തീര്‍ച്ചയായും ജനകീയപിന്തുണയാര്‍ജിക്കലായിരുന്നു. 


നിവര്‍ത്തനപ്രക്ഷോഭത്തിനു കാരണമായ വിവിധ ജാതി-മതവിഭാഗങ്ങള്‍ക്കിയില്‍ രൂപംകൊണ്ട ഐക്യം തകര്‍ത്തുകൊണ്ട് പുതിയൊരു സ്വത്വബോധത്തിലേക്ക് നീങ്ങാന്‍ വിളംബരം ഈഴവരെയും കീഴാളരെയും പ്രേരിപ്പിക്കുമെന്നുതന്നെ സര്‍ക്കാര്‍ കരുതിയിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രതികരണങ്ങള്‍ ഒട്ടൊക്കെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എന്നാല്‍, എല്ലാവിഭാഗങ്ങളെയും തന്റെ സ്വാധീനത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.യ്ക്കു കഴഞ്ഞില്ല. എന്തിന്, വിളംബരം വെറും തട്ടിപ്പാണെന്ന് പറഞ്ഞ രാഷ്ട്രീയനേതാക്കളും അക്കാലത്തുമുണ്ടായിരുന്നു. അതില്‍ പ്രമുഖനാണ് മുതിര്‍ന്ന അഭിഭാഷകനും രാഷ്ട്രീയനേതാവുമായ കെ.എഫ് നരിമാന്‍.

വിളംബരത്തിന്റെ സ്വാധീനശക്തി പ്രതീക്ഷിച്ചതുപോലെ പ്രബലമായിരുന്നെങ്കിലും തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ തണുപ്പിക്കാന്‍ അതിനായില്ല. ഉത്തരവാദപ്രക്ഷോഭം നാള്‍ക്കുനാള്‍ വീണ്ടും വളര്‍ന്നു. സംഘര്‍ഷങ്ങള്‍ നിത്യസംഭവങ്ങളായി. അഭിനന്ദനങ്ങളുടെ മാറ്റു കുറച്ചുകൊണ്ട് ഉരുണ്ടുകൂടിയ പ്രക്ഷോഭം സി.പി.യെ ഭ്രാന്തുപിടിപ്പിച്ചു. ഇക്കാലത്ത് പ്രമുഖ നേതാവായ ആനി മസ്‌ക്രീന്റെ വീട്ടില്‍ മിക്കവാറും ദിവസങ്ങളില്‍ മോഷണം നടക്കുമായിരുന്നു. ഇതിനെതിരെ പരാതി കൊടുത്തെങ്കിലും കേസെടുത്തത് മസ്‌ക്രീനെതിരേയായിരുന്നു. മോഷണത്തിനു പിന്നില്‍ സര്‍ക്കാരായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ബഹുജനപ്രക്ഷോഭത്തെ അനുകൂലിച്ച പത്രാധിപന്മാരെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചതക്കുന്നതും സാധാരണയായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന നാരായണപിള്ളക്കെതിരേ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തു. രാജ്യത്താകമാനം വലിയ ശ്രദ്ധപിടിച്ചുപറ്റിയ ഒരു കേസായിരുന്നു അത്. പട്ടമാണ് നാരായണപ്പിള്ളയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. പ്രശസ്ത അഭിഭാഷകന്‍ കെ.എഫ് നരിമാനായിരുന്നു മറ്റൊരാള്‍.

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വിളംബരത്തില്‍ ചില നിബന്ധനകളുണ്ടായിരുന്നു. വിളംബരം പുറത്തു വന്ന ഉടനെത്തന്നെ നിബന്ധനകളെന്താണെന്ന് രാജാവ് ഒരു ചട്ടത്തിലൂടെ വ്യക്തമാക്കി. പുതിയ ചട്ടമനുസരിച്ച് മാമൂലുകള്‍ സംരക്ഷിക്കലും ക്ഷേത്രഭരണവും ക്ഷേത്രതന്ത്രിമാരിലും ക്ഷേത്രഭരണാധികാരികളിലും നിക്ഷിപ്തമായിരുന്നു. അതനുസരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങളില്‍ ഏത് ജാതിക്കാര്‍ വേണമെന്നു തീരുമാനിക്കാനുള്ള അവകാശം സവര്‍ണരില്‍ത്തന്നെ നിക്ഷിപ്തമായി.

കോടതിയില്‍ ഹാജരാവാന്‍ തിരുവനന്തപുരത്തെത്തിയ നരിമാനെതിരെ സി.പി നിരോധനാജ്ഞ പുറപ്പെടുവിച്ചു. അദ്ദേഹം പങ്കെടുക്കാനിരുന്ന രാഷ്ട്രീയയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. നരിമാനും വെറുതേയിരുന്നില്ല. തിരുവിതാംകൂറിന് പുറത്ത് അദ്ദേഹം പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. ക്ഷേത്രപ്രവേശനവിളംബരം രാഷ്ട്രീയ പ്രക്ഷോഭങ്ങളെ മറികടക്കാനുള്ള വെറും തട്ടിപ്പായിരുന്നെന്ന് നരിമാന്‍ ഒരു യോഗത്തില്‍ തുറന്നുപറഞ്ഞു. നരിമാന്റെ പ്രസംഗം തിരുവിതാംകൂറിനെ ഉലച്ചുകളഞ്ഞു. കോണ്‍ഗ്രസ് പക്ഷത്തുള്ള മാതൃഭൂമിക്കും മറിച്ചായിരുന്നില്ല അഭിപ്രായം. അവരും ഇതേ അഭിപ്രായം മുഖപ്രസംഗമായെഴുതി. ഇതിനിടയില്‍ സി.പിയുടെ ദിവാന്‍പദവിയുടെ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനം ആകെ ഇളകി. സി.പി അടിച്ചമര്‍ത്തല്‍ രൂക്ഷമാക്കി.

ആരാധനാസ്വാതന്ത്ര്യം മാത്രം

ക്ഷേത്രാരാധനാസ്വാതന്ത്ര്യമെന്നാല്‍ രണ്ട് ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഒന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച് ദൈവത്തെ ആരാധിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്. രണ്ട്, ക്ഷേത്രത്തിലെ കൈകര്‍ത്താക്കളാവാനുള്ള അവകാശമാണ്. രണ്ടാമത് പറഞ്ഞ ഈ അവകാശത്തിനും രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് ക്ഷേത്രഭരണം, രണ്ട് ക്ഷേത്രം തന്ത്രികളോ പൂജാരിമാരോ ആകാനുള്ള അവകാശം. ക്ഷേത്രപ്രവേശന പ്രഖ്യാപനം ഇതില്‍ ആദ്യത്തെ സ്വാതന്ത്ര്യം മാത്രമാണ്, അതായത് ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള അവകാശം മാത്രമാണ് അവര്‍ണര്‍ക്ക് നല്‍കിയത്. ക്ഷേത്രാധികാരികളോ ഭരണകര്‍ത്താക്കളോ തന്ത്രിമാരോ ആവുകയെന്ന അവകാശത്തില്‍ നിന്ന് അത് അവര്‍ണരെ ബോധപൂര്‍വം ഒഴിച്ചുനിര്‍ത്തി.

1936ലെ ക്ഷേത്രപ്രവേശന വിളംബരത്തില്‍ ഇങ്ങനെ വായിക്കാം: ''.....നമ്മുടെ ഹിന്ദുപ്രജകളില്‍ ഒരാള്‍ പോലും ആയാളുടെ ജനനമോ ജാതിയോ സമുദായമോ നിമിത്തം ഹിന്ദുമതത്തില്‍നിന്ന് ലഭിക്കുന്ന ആശ്വാസവും സമാധാനവും നിഷേധിക്കപ്പെട്ടുപോകരുത് എന്നു ഉല്‍ക്കണ്ഠയുള്ളതുകൊണ്ടും, ഇനിമേലില്‍ നമ്മാലും നമ്മുടെ ഗവണ്‍മെണ്ടിനാലും നിയന്ത്രിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ അവയുടെ ശരിയായ അന്തരീക്ഷത്തെ നിലനിര്‍ത്താനും കര്‍മ്മങ്ങളെയും അനുഷ്ടാനങ്ങളേയും പാലിക്കാനും, ആയി നമ്മാല്‍ നിശ്ചയിക്കപ്പെടുകയോ ചുമത്തപ്പെടുകയോ ചെയ്‌തേക്കാവുന്ന നിശ്ചയങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായനിലയില്‍ പ്രവേശിക്കയും ആരാധന നടത്തുകയും ചെയ്യുന്നതില്‍ യാതൊരു ഹിന്ദുവിന്റെയും പേരില്‍ ജനനമോ മതമോ കൊണ്ടുള്ള യാതൊരു തടസ്ഥവും ഉണ്ടായിരിക്കുവാന്‍ പാടില്ല എന്ന് നാം നിശ്ചയിക്കുകയും ഇതിനാല്‍ അത് വിളംബരപ്പെടുത്തുകയും അധികാരപ്പെടുത്തുകയും ശാസിക്കുകയും ചെയ്തിരിക്കുന്നു'' - അതായത് ക്ഷേത്രപ്രവേശന വിളംബരം കേവലമായ പ്രവേശനസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും മാത്രമാണ് അവര്‍ണര്‍ക്ക് അനുവദിച്ചത്.

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വിളംബരത്തില്‍ ചില നിബന്ധനകളുണ്ടായിരുന്നു. വിളംബരം പുറത്തു വന്ന ഉടനെത്തന്നെ നിബന്ധനകളെന്താണെന്ന് രാജാവ് ഒരു ചട്ടത്തിലൂടെ വ്യക്തമാക്കി. പുതിയ ചട്ടമനുസരിച്ച് മാമൂലുകള്‍ സംരക്ഷിക്കലും ക്ഷേത്രഭരണവും ക്ഷേത്രതന്ത്രിമാരിലും ക്ഷേത്രഭരണാധികാരികളിലും നിക്ഷിപ്തമായിരുന്നു. അതനുസരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങളില്‍ ഏത് ജാതിക്കാര്‍ വേണമെന്നു തീരുമാനിക്കാനുള്ള അവകാശം സവര്‍ണരില്‍ത്തന്നെ നിക്ഷിപ്തമായി. മറിച്ചൊരു തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയുമായിരുന്നെങ്കിലും സ്വാഭാവികമായും അവരത് ചെയ്തില്ല.

വിളംബരത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്ന ഈ ചട്ടത്തിനെതിരെ അക്കാലത്തു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. നിലവിലെ ഭരണാധികാരികള്‍ ദിവാനും രാജാവും) സ്ഥാനമൊഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടിയായി മാറുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതിനെതിരേ കോണ്‍ഗ്രസ് പക്ഷത്തുള്ള പത്രങ്ങള്‍ മുഖപ്രസംഗങ്ങളെഴുതി. ആ വിമര്‍ശനം ഇന്നും സാധുവാണ്. ക്ഷേത്രങ്ങളിലെ മാമൂലുകളിലെ നിയന്ത്രണം സവര്‍ണര്‍ക്ക് സാംസ്‌കാരികമായ മേധാവിത്തം നിലനിര്‍ത്താന്‍ അവസരമൊരുക്കിയെന്ന് പില്‍ക്കാല അനുഭവം തെളിയിക്കുന്നു. ആ അധികാരം ജനായത്ത സര്‍ക്കാര്‍ വന്നശേഷവും ഇന്നും ഭാഗികമായി നിലനില്‍ക്കുന്നു.

ക്ഷേത്രപ്രവേശനവും നാട്ടുരാജ്യങ്ങളും

തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോഴും കൊച്ചി ഒഴിഞ്ഞുനിന്നുവെന്നത് നമ്മുടെ അന്വേഷണങ്ങളില്‍ പ്രധാനമാണ്. ക്ഷേത്രപ്രവേശനാനുമതിയുടെ പേരില്‍ തിരുവിതാംകൂറിനെ പ്രകീര്‍ത്തിച്ചവര്‍ കൊച്ചിയെ അപഹസിച്ചു. കൊച്ചിക്കെതിരേ പത്രങ്ങള്‍ ആഞ്ഞടിച്ചു. അക്കാലത്തെ അച്ചടിമാധ്യമങ്ങളില്‍ കൊച്ചിവിരുദ്ധവാര്‍ത്തകള്‍ ഇക്കാലത്ത് പതിവായിചേര്‍ത്തിരുന്നു. പ്രശസ്തമായ ബനാറസ് ഹിന്ദു സര്‍വകലാശാല കൊച്ചി രാജാവിന് സാഹിത്യത്തില്‍ ഡോക്ടര്‍ ബിരുദം നല്‍കാന്‍ തീരുമാനിച്ചു. വാര്‍ത്ത പുറത്തുവന്ന ഉടന്‍ ജെ.കെ ബിര്‍ള അതില്‍ പ്രതിഷേധിച്ച് വൈസ് ചാന്‍സലര്‍ക്ക് കമ്പിയയച്ചു. അയിത്തശാപം നിലനിര്‍ത്താനുള്ള തന്റെ പരിശ്രമം കൊണ്ട് രാജാവ് ഹിന്ദുമതത്തിന് വലിയ ദ്രോഹം ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(1937 ഡിസംബര്‍ 27, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

മതംമാറ്റ ബഹളം കൊച്ചിയിലും ശക്തമായിരുന്നെങ്കിലും ഹിന്ദുക്കളുടെ, പ്രത്യേകിച്ച് ഈഴവരുടെ അംഗസംഖ്യ കുറയുമെന്ന ഭീതി തിരുവിതാംകൂറിനെപ്പോലെ കൊച്ചി സര്‍ക്കാരിനെ ബാധിച്ചിരുന്നില്ല. ക്ഷേത്രപ്രവേശനത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഇതും പരിഗണിക്കപ്പെടേണ്ടതുണ്ട്.

തിരുവിതാംകൂറില്‍ മതംമാറ്റ ഭീഷണിയുയര്‍ത്തിയ ഈഴവര്‍ കൊച്ചിരാജ്യത്തും ജനസംഖ്യയില്‍ കുറവായിരുന്നില്ല. എന്നിട്ടും തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വീകരിച്ച നയമായിരുന്നില്ല കൊച്ചിയുടേത്. അവരുടെ പ്രതികരണം അസാധാരണമായിരുന്നുവെന്നു പോലും പറയാം. ക്ഷേത്രപ്രവേശനമെന്ന ആശയത്തോട് മാത്രമല്ല, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ക്ഷേത്രപ്രവേശനവിളംബരത്തോടുപോലും കൊച്ചി രൂക്ഷമായി പ്രതികരിച്ചു.

അക്കാലത്ത് കൊച്ചിയും തിരുവിതാംകൂറും വ്യത്യസ്തമായ രണ്ട് രാജ്യങ്ങളായിരുന്നെങ്കിലും മതപരമായ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഇടപാടുകളുണ്ടായിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലുമുള്ള പല ക്ഷേത്രങ്ങളിലും ഒരേ നമ്പൂതിരിമാരാണ് തന്ത്രിപ്പണി ചെയ്തിരുന്നത്. ഇവരുടെ സംഖ്യ നൂറു കണക്കിന് വരുമായിരുന്നു. തന്ത്രിമാര്‍ മാത്രമല്ല, മറ്റ് ക്ഷേത്ര ഉദ്യോഗസ്ഥരും പൊതുവായിരുന്നു. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തിരുന്ന നമ്പൂതിരിമാര്‍ക്ക് കൊച്ചി സര്‍ക്കാര്‍ അയിത്തമേര്‍പ്പെടുത്തി. പലരെയും ബഹിഷ്‌കരിച്ചു. കൊച്ചിയിലെ പല പ്രമുഖ നമ്പൂതിരിമാര്‍ക്കും ഇങ്ങനെ ബഹിഷ്‌കരണം നേരിടേണ്ടിവന്നു. ഇത്തരക്കാര്‍ക്ക് ബ്രാഹ്മണഗ്രഹങ്ങളിലെ പ്രവേശനം, കുളം, കിണര്‍ എന്നിവയുടെ ഉപയോഗം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു.

വിലക്കേര്‍പ്പെടുത്തിയവരില്‍ മനുഷ്യര്‍ മാത്രമല്ല, ദൈവങ്ങളുമുണ്ടായിരുന്നു. ചൊവ്വരക്കടുത്ത വേങ്ങൂര്‍ ദുര്‍ഗ്ഗാലയത്തില്‍ തന്ത്രിപ്പണി ചെയ്തിരുന്നയാളാണ് വേങ്ങൂര്‍ എളന്തുരുത്തി നമ്പൂതിരി. ചൊവ്വര തിരുവിതാംകൂറില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. സ്വാഭാവികമായും ഇവിടെയും വിളംബരം മൂലം 'ഹരിജനങ്ങള്‍'-ക്ക് പ്രവേശനം സിദ്ധിച്ചു. തൊട്ടടുത്ത മാണിക്യമംഗലം ക്ഷേത്രത്തില്‍ പൂരദിവസം വേങ്ങൂര്‍ ഭഗവതിയെ എഴുന്നള്ളിക്കുന്ന പതിവുണ്ട്. പക്ഷേ, അത്തവണത്തെ പൂരത്തിന് വേങ്ങൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചതില്‍ മാണിക്യമംഗലം ക്ഷേത്രഭാരവാഹികള്‍ പ്രതിഷേധിച്ചു. ഇതേ ക്ഷേത്രത്തില്‍ എഴുന്നള്ളത്തുമായി ചെന്നിരുന്ന എടനാട്ട്, അവണങ്ങളോട്ട്, ക്ഷേത്രങ്ങളുടെ ഉടമസ്ഥര്‍ക്കും വേങ്ങൂര്‍ ഭഗവതിയെ എഴുന്നള്ളിക്കുന്നതില്‍ പ്രതിഷേധമുണ്ടായിരുന്നു. ഒടുവില്‍ വേങ്ങൂര്‍ ഭഗവതിയെക്കൊണ്ട് പിഴയിടുവിച്ചാണ് മാണിക്യമംഗലം ക്ഷേത്രത്തില്‍ പ്രവേശനമനുവദിച്ചത്! ഭഗവതിയെ അകത്തേക്ക് പ്രവേശിപ്പിക്കും മുമ്പ് പുണ്യാഹവും തെളിച്ചു. വിളംബരം വന്ന് കുറേ കാലത്തേക്ക് കൊച്ചിയിലെ പല ഉല്‍സവങ്ങളും അയിത്തം മൂലം നിന്നുപോയി. 


ഇക്കാലത്ത് മറ്റൊരു രസകരമായ സംഭവമുണ്ടായി. കൊച്ചി രാജകുടുംബത്തിലെ ഒരു വിവാഹച്ചടങ്ങില്‍ പുരോഹിതരായിരിക്കാന്‍ നൂറോളം നമ്പൂതിരിമാര്‍ ആവശ്യമായി വന്നു. അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തിരുവിതാംകൂറില്‍ തന്ത്രിപ്പണി ചെയ്യുന്ന നമ്പൂതിരിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതിനാല്‍ വിലക്കില്ലാത്ത നൂറ് നമ്പൂതിരിമാരെ ഒപ്പിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ ചില തന്ത്രിമാര്‍ക്ക് വിലക്കില്‍ ഇളവ് നല്‍കിയാണ് പ്രതിസന്ധി പരിഹരിച്ചത്. മതംമാറ്റ ബഹളം കൊച്ചിയിലും ശക്തമായിരുന്നെങ്കിലും ഹിന്ദുക്കളുടെ, പ്രത്യേകിച്ച് ഈഴവരുടെ അംഗസംഖ്യ കുറയുമെന്ന ഭീതി തിരുവിതാംകൂറിനെപ്പോലെ കൊച്ചി സര്‍ക്കാരിനെ ബാധിച്ചിരുന്നില്ല. ക്ഷേത്രപ്രവേശനത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഇതും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഈഴവരും ദേശീയതയും

ഈഴവരില്‍ ഒരു വിഭാഗം ക്ഷേത്രപ്രവേശന സമരത്തോട് തുടക്കംമുതല്‍ ചേര്‍ന്നുനിന്നിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വപരമായ പദവിയും ഈഴവര്‍ക്കുണ്ടായിരുന്നു. ദേശീയവാദികളായ ഈഴവരായിരുന്നു(ദേശീയ ഈഴവര്‍) ഇക്കാര്യത്തില്‍ മുന്നില്‍. ടി.കെ മാധവനാണ് അവരുടെ നേതാവ്. ഈഴവരില്‍ സമുദായബോധം (ജാതിബോധമല്ല) വേരുപിടിച്ചു കൊണ്ടിരുന്ന കാലത്തുപോലും സ്വയമൊരു സനാതനഹിന്ദുവായാണ് മാധവന്‍ പെരുമാറിയത്. സാമുദായികത്വത്തേക്കാള്‍ ദേശീയത്വമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ സനാതനഹിന്ദു മനസ്സും അതിന് പ്രേരിപ്പിച്ചിരിക്കാം. ഗാന്ധിയെ നേരില്‍കണ്ട് ക്ഷേത്രപ്രവേശനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മാധവന്‍ ശ്രമിച്ചതായി ജീവചരിത്രകാരന്‍ പറയുന്നു. അതേസമയം ദേശീയതയോട് വലിയ താല്‍പര്യമൊന്നുമില്ലായിരുന്ന സമുദായവാദികളായ ഈഴവരും സമരത്തിനൊപ്പം ചേര്‍ന്നുനിന്നു. അവരെ സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനം ഒരു 'ജനാധിപത്യാ'വകാശമായിരുന്നു. സമരത്തോട് യോജിക്കാന്‍ കഴിയില്ലെന്നു വാദിച്ച ഈഴവ സമുദായപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിന് വടക്ക് താമസിച്ചിരുന്ന ഈഴവപ്രമുഖനായിരുന്ന മാമന്‍ ചോഹന്‍ അവരിലൊരാളാണ്.

ക്ഷേത്രപ്രവേശന സമരവും പ്രചാരണങ്ങളും ഈഴവ സാമുദായികതയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടക്കച്ചവടമായിരുന്നെന്നുവെന്ന് തിരിഞ്ഞുനോക്കിയാല്‍ പറയാനാവും. തങ്ങള്‍ വേറിട്ട സമുദായമാണെന്ന ചിന്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തോടെത്തന്നെ ഈഴവരില്‍ വ്യാപകമായി നിലവിലുണ്ടായിരുന്നു. ഹിന്ദുമതത്തില്‍ നിന്ന് അകലം സൂക്ഷിക്കാന്‍ മിക്കവാറും ഈഴവ നേതാക്കള്‍ അക്കാലത്ത് ആഹ്വാനം നല്‍കി. ഹിന്ദുമതം തന്നെ പുതുരൂപത്തില്‍ അതിന്റെ അര്‍ത്ഥം കണ്ടെത്തുന്ന കാലവുമായിരുന്നു അത്. ഹിന്ദുമതം എന്താണ്? മതത്തിന് അകത്തായിരിക്കുകയെന്നാല്‍ എന്താണ്? ഇങ്ങനെ പലമാതിരി ചോദ്യങ്ങള്‍ സ്വയംചോദിക്കുന്ന കാലം. 'രാഷ്ട്രീയം' എന്നതിന്റെ അര്‍ത്ഥം നിര്‍മിക്കുന്നതിലും ആ കാലത്തിന്റെ സംഭാവന നിര്‍ണായകമായിരുന്നു.

1936 ലെ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ഈഴവ ധൈഷണികതയെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി. ഒട്ടൊക്കെ ഹിന്ദുമതവിരുദ്ധമായ കാഴ്ചപ്പാടുണ്ടായിരുന്ന സി. കേശവനെപ്പോലും അത് സ്വാധീനിച്ചു. ക്ഷേത്രപ്രവേശനവിളംബരം നടന്ന് ഒരു വര്‍ഷത്തിനുശേഷം എഴുതിയ ഒരു കുറിപ്പില്‍ അദ്ദേഹം വിളംബരത്തിന്റെ പ്രാധാന്യം വിലയിരുത്തുന്നുണ്ട്. മുസ്ലിം ആക്രമണങ്ങളെ നേരിടാന്‍ മഹാരാജാവിന്റെ വിളംബരം ഹിന്ദുക്കളെ സഹായിക്കുമെന്ന് ഈ കുറിപ്പില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹിന്ദുമഹാസഭാ നേതാവ് പരമാനന്ദന്റെ വാദങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കേശവന്റെ അഭിപ്രായപ്രകടനം. ക്ഷേത്രപ്രവേശനം ജാതിപരമായ വിവേചനം മാത്രമല്ല, മതപരമായ ഉച്ചനീചത്വവും ഇല്ലായ്മ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദുമതം ഏകീകരിക്കുന്നത് മുസ്‌ലിം അക്രമങ്ങളെ നേരിടാന്‍ അവരെ സഹായിക്കുമെന്ന അഭിപ്രായം കേശവനെപ്പോലെയുള്ള നേതാവില്‍നിന്ന് പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. ഈഴവരും മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം കൊളോണിയല്‍ കാലത്ത് ഒരു പുതുമയായിരുന്നില്ല. പരസ്പരം മല്‍സരിക്കുന്ന രണ്ട് വിഭാഗങ്ങളെന്ന നിലയില്‍ സംഘര്‍ഷം സ്വാഭാവികമായിരുന്നു. പക്ഷേ, ഹിന്ദു - മുസ്‌ലിം സ്വത്വങ്ങള്‍ക്കിടയിലുള്ള പ്രശ്‌നമായി ഒരു ഈഴവന്‍ ഇക്കാര്യം അവതരിപ്പിക്കുന്നതില്‍ പുതുമയുണ്ടായിരുന്നു. ക്ഷേത്രപ്രവേശനം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷത്തിനുശേഷമായിരുന്നു കേശവന്റെ ഈ ഞെട്ടിക്കല്‍. എന്നാല്‍, കേശവന്‍ മുന്നോട്ടുവച്ച ഈ ചിന്ത ഈഴവരെ പൂര്‍ണമായി ഗ്രസിച്ചുവെന്ന് പറഞ്ഞുകൂടാ. സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവരുടെ നേതൃത്വം ഹിന്ദുവിരുദ്ധമായ ഈഴവ സാമുദായികതയുടെ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നു.

അങ്ങനെ ക്ഷേത്രപ്രവേശന സമരവും പിന്നീടുണ്ടായ വിളംബരവും ഈഴവ ജനസാമാന്യത്തിനുമേല്‍ പ്രധാനപ്പെട്ട രണ്ട് ഫലങ്ങളാണ് ഉണ്ടാക്കിയത്. അവരില്‍ ചിലരെ അത് ദേശീയവാദികളാക്കി. മറ്റൊന്ന് അവരില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന സാമുദായിക ബോധത്തില്‍ വിള്ളല്‍ വീഴ്ത്തി. ദേശീയതയുടെ ഈ വേലിയേറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞ ഈഴവ നേതാക്കള്‍ വിരളമായിരുന്നു. സി. കൃഷ്ണനെ പോലുള്ളവര്‍ 1930 കളുടെ അവസാനമായപ്പോഴേക്കും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സ്ഥിരത പുലര്‍ത്തിയ അയ്യപ്പന്‍ തന്നെ അറുപതുകളോടെ നിലപാടില്‍ മാറ്റംവരുത്തി. ഇനിയുള്ള കാലം സാമുദായിക സംഘടനകള്‍ക്ക് പ്രാധാന്യമില്ലെന്നും ഈഴവര്‍ രാഷ്ട്രീയ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമുള്ള നിലപാടിലേക്ക് എത്തിയതോടെ ഒരു വൃത്തം പൂര്‍ത്തിയായി.

ദലിതരും ദേശീയവാദികളും

ഹിന്ദു എന്ന സങ്കല്പം ഒരു സ്ഥിരരാശിയല്ല. അത് നിരന്തരം പരിണമിക്കുന്ന നിരവധി ബലതന്ത്രങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ എന്തുകൊണ്ട് ക്ഷേത്രപ്രവേശനം എന്നതിനെ ഒരൊറ്റ കാരണത്തില്‍ കുരുക്കാനാവില്ല. ക്ഷേത്രപ്രവേശന സമരത്തോട് ദലിതരടക്കമുള്ള കീഴാളര്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്ന് പരിശോധിക്കുമ്പോഴും ഈ കുഴമറിച്ചിലുണ്ട്. ക്ഷേത്ര പ്രവേശനസമരത്തോടും വിളംബരത്തോടും വലിയ താല്‍പര്യമൊന്നും എടുക്കാതിരുന്ന ചില കീഴാള സംഘടനകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുപ്പതുകളിലെ മാധ്യമങ്ങളില്‍ വ്യാപകമായി കാണാം. വിളംബരത്തോട് അനുകൂലമായി പ്രതികരിച്ച ആദിദ്രാവിഡ സംഘടനകളെപ്പോലുള്ളവയുമുണ്ടായിരുന്നു. ജാതിയുണ്ടാക്കിയ പതിതത്വമില്ലാതാക്കാന്‍ വേണ്ടി രൂപംകൊടുത്ത കൂട്ടായ്മയാണ് ആദിദ്രാവിഡ സംഘം.

മറ്റൊരു വിഭാഗം കോണ്‍ഗ്രസ് താല്‍പര്യപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍വേന്ത്യാ ഹരിജന സേവാസംഘമാണ്. ക്ഷേത്രപ്രവേശനവിഷയത്തില്‍ ഏറ്റവും കൂടുതല്‍ പഠിക്കേണ്ടതും ഇവരുടെ പ്രവര്‍ത്തനങ്ങളാണ്. ബിര്‍ളയായിരുന്നു ഇവരുടെ പൊതുനേതാവ്. തക്കര്‍ ബാപ എന്നറിയപ്പെട്ടിരുന്ന അമൃത്‌ലാല്‍ വിത്തല്‍ദാസ് തക്കര്‍ ആയിരുന്നു മറ്റൊരാള്‍. ക്ഷേത്രപ്രവേശനപ്രചാരവേലയായിരുന്നു സംഘടനയുടെ മുഖ്യപ്രവര്‍ത്തനം. 


ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതോടെ ഇന്ത്യയിലെ ഏറ്റവും പുരോഗമനസ്വഭാവമുള്ള നാട്ടുരാജ്യമായി തിരുവിതാംകൂര്‍ വിശേഷിപ്പിക്കപ്പെട്ടു. വിളംബരത്തിനു പിന്നാലെ തിരുവനന്തപുരത്തേക്ക് തീര്‍ത്ഥാടകസംഘങ്ങളുടെ കുത്തൊഴുക്കുതന്നെയുണ്ടായി. അവരില്‍ നല്ലൊരു ഭാഗം 'ഹരിജനങ്ങ'ളുമായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. ഇക്കാലം തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം നിരോധനാജ്ഞകളുടെ കാലമായിരുന്നു. ഇതിനിടയിലും തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവരുതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി. സര്‍വേന്ത്യാഹരിജന സേവാസംഘമാണ് ഈ തീര്‍ത്ഥാടകപദ്ധതിക്ക് നേതൃത്വം നല്‍കിയത്. വിശാലഹിന്ദു ദേശീയവാദ യുക്തിയുടെ ഭാഗമായ നീക്കമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ഇതില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു സാഹചര്യവും ഇതിനുണ്ട്. ജാതികളായി തരംതിരിക്കപ്പെട്ട ഇന്ത്യ സ്വയംഭരണത്തിന് പാകമായിട്ടില്ലെന്ന യുക്തി ബ്രിട്ടീഷുകാര്‍ എക്കാലത്തും വച്ചുപുലര്‍ത്തിയിരുന്നു. മാത്രമല്ല, അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സമുദായത്തിന്റെ അടിസ്ഥാന ഘടന വ്യക്തിയല്ല, സമുദായമായിരുന്നു. ഈഴവരെപ്പോലുള്ള കീഴാളര്‍ക്കിടയിലെ ബുദ്ധിജീവികള്‍ക്കും ഇത് സ്വീകാര്യമായിരുന്നു. ഈ യുക്തിയെ സാംസ്‌കാരികമായും രാഷ്ട്രീയമായും മറികടക്കുകയായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.

പ്രത്യേകനിയോജകമണ്ഡലങ്ങളുടെ രൂപീകരണം കീഴാള സാമുദായികതയെ ഉത്തേജിപ്പിക്കുമെന്നതുകൊണ്ടുതന്നെയാണ് ഗാന്ധി തന്റെ ജീവിതത്തിലാദ്യമായും അവസാനമായും മരണംവരെ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. ആ പോരാട്ടത്തില്‍ അദ്ദേഹം വിജയിക്കുകതന്നെ ചെയ്തു. ക്ഷേത്രപ്രവേശനത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. പൂനാകരാറിനെയും ക്ഷേത്രപ്രവേശനവിളംബരത്തെയും പരസ്പരം ബന്ധിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ആലോചന യാദൃച്ഛികമായി സംഭവിച്ചതായിരുന്നില്ല.

അതേസമയം കീഴാളരുടെ ശ്രമങ്ങളെ ഹിന്ദു എന്ന സങ്കല്‍പത്തെ തങ്ങളുടെതായ രീതിയില്‍ നിര്‍വചിക്കാനുള്ള നീക്കമായും കാണേണ്ടിവരും. ഈഴവരുടെ ചരിത്രത്തില്‍ അത്തരം സൂചനകള്‍ ധാരാളമുണ്ട്. പക്ഷേ, ആ നീക്കം വിജയിച്ചില്ലെന്നുതന്നെ കരുതണം. സവര്‍ണദേശീയ യുക്തി മുന്നിലേക്ക് കയറിവന്നതോടെ ആ ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിച്ചു. ഈഴവരടക്കമുള്ള കീഴാളരുടെ സാമുദായികയുക്തി കൈമോശം വന്നുവെന്നതാണ് അതില്‍ ഏറ്റവും നിര്‍ഭാഗ്യകരം. ആ ദുരന്തം ഇന്നും കീഴാളരെ പിന്തുടരുന്നു.

ഹിന്ദു, പൂനാകരാര്‍, ക്ഷേത്രപ്രവേശനം

പൂനാകരാറും ക്ഷേത്രപ്രവേശനവും തമ്മില്‍ ഒറ്റയടിക്ക് ബന്ധമൊന്നുമില്ല. പക്ഷേ, ചരിത്രപരമായും പ്രതീകാത്മകമായും അവയ്ക്കു തമ്മില്‍ ചില ബന്ധങ്ങളുണ്ടായിരുന്നു. 1932 സെപ്തംബര്‍ 24നായിരുന്നു ഗാന്ധിജിയുടെ നിരാഹാരസമരത്തെത്തുടര്‍ന്ന് അധഃകൃതവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയെന്ന ആവശ്യത്തില്‍ നിന്ന് അംബേദ്കര്‍ക്ക് പിന്‍മാറേണ്ടിവന്നത്. അതു സംബന്ധിച്ച ഒരു കരാറിലും ഒപ്പു വെയ്‌ക്കേണ്ടി വന്നു. അതാണ് പിന്നീട് പൂനാ കരാര്‍ എന്ന് അറിയപ്പെട്ടത്. കരാര്‍ ഒപ്പു വച്ചതിനു ശേഷം സെപ്റ്റംബര്‍ 24 ഹരിജനദിനമായി അഖിലേന്ത്യാദിനത്തില്‍ അചരിച്ചിരുന്നു. 1932ലും 33ലുമായി അധഃകൃതഉന്നമനത്തിനുവേണ്ടി ഗാന്ധി വീണ്ടും മൂന്നു തവണകൂടി നിരാഹാരമിരുന്നു. ഇക്കാലത്തെ കോണ്‍ഗ്രസ്സുകാരുടെ പ്രധാന സമരപരിപാടികളിലൊന്ന് ദലിത് ബാലന്മാരെ പൊതുകുളങ്ങളില്‍ കൊണ്ടുവന്ന് കുളിപ്പിക്കലായിരുന്നു. കോഴിക്കോട്ടും ഇത്തരം 'സമരങ്ങള്‍' അരങ്ങേറിയതായി കാണുന്നു.

തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ക്ഷേത്രപ്രവേശനവിളംബരത്തോട് കൊച്ചിയുടെ സമീപനം എന്തായിരുന്നുവെന്ന് നാം കണ്ടു. കൊച്ചിയെപ്പോലെ മലബാറിലും ക്ഷേത്രപ്രവേശനം നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ മലബാറില്‍ ക്ഷേത്ര പ്രവേശനമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മലബാര്‍ ക്ഷേത്രപ്രവേശന കമ്മറ്റിയെന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട്ടെ പി. ശങ്കുണ്ണി നമ്പ്യാരായിരുന്നു സെക്രട്ടറി. 1937ല്‍ സംഘടന ഒരു പുതിയ ദിനാചാരണത്തിന് ശുപാര്‍ശ ചെയ്തു. പൂനാ കരാര്‍ ഒപ്പിട്ട ദിവസം ക്ഷേത്രപ്രവേശനദിനമായി ആചരിക്കുകയെന്നതായിരുന്നു ശിപാര്‍ശ.

ഹരിജനോദ്ധാരണ ചരിത്രത്തില്‍ സെപ്തംബര്‍ 24 പ്രധാനമാണെന്നാണ് അദ്ദേഹം പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. ഇതിന്റെ ഓര്‍മ നിലനിര്‍ത്താനാണത്രെ ആ ദിനം ക്ഷേത്രപ്രവേശനദിനമായി കൊണ്ടാടുന്നത്. തങ്ങളുടെ സഹോദരന്മാരായ ഹരിജനങ്ങളോട് ഹിന്ദുക്കള്‍ക്കുള്ള ഉത്തരവാദിത്തം ഓര്‍മിപ്പിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് മാതൃഭുമിയും പ്രസിദ്ധീകരിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം പൂനാ കരാറിലൂടെ ലക്ഷ്യമിട്ടതു തന്നെയാണ് ക്ഷേത്ര പ്രവേശനത്തിലൂടെയും സാധ്യമാക്കുന്നതെന്നാണ് പ്രതീകാത്മകമായിട്ടാണെങ്കിലും ഈ സംഭവം തെളിയിക്കുന്നത്. തീര്‍ച്ചയായും അവയുടെ ഊന്നലുകളില്‍ ചില മാറ്റങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പ്രത്യേകനിയോജകമണ്ഡലങ്ങളുടെ രൂപീകരണം കീഴാള സാമുദായികതയെ ഉത്തേജിപ്പിക്കുമെന്നതുകൊണ്ടുതന്നെയാണ് ഗാന്ധി തന്റെ ജീവിതത്തിലാദ്യമായും അവസാനമായും മരണംവരെ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. ആ പോരാട്ടത്തില്‍ അദ്ദേഹം വിജയിക്കുകതന്നെ ചെയ്തു. ക്ഷേത്രപ്രവേശനത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. പൂനാകരാറിനെയും ക്ഷേത്രപ്രവേശനവിളംബരത്തെയും പരസ്പരം ബന്ധിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ആലോചന യാദൃച്ഛികമായി സംഭവിച്ചതായിരുന്നില്ല. 



***

തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനം അടിസ്ഥാനപരമായി രാഷ്ട്രീയനീക്കമായിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. തിരുവിതാംകൂറില്‍ രൂപപ്പെട്ടുവന്ന, ക്രൈസ്തവരും ഈഴവരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന സമുദായങ്ങളുടെ ഐക്യത്തെ തകര്‍ക്കുകയായിരുന്നു അതിന്റെ പ്രാഥമിക താല്‍പര്യം. തീര്‍ച്ചയായും തിരുവിതാംകൂറില്‍ ഈഴവര്‍ ഉയര്‍ത്തിയ മതംമാറ്റ പ്രസ്ഥാനവും വിളംബരത്തെ സ്വാധീനിച്ചിരിക്കും. എന്നാല്‍, ഇതേ ഈഴവരുടെ മതംമാറ്റപ്രസ്ഥാനത്തിന് സ്വാധീനമുണ്ടായിരുന്ന കൊച്ചി രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയേ ആയിരുന്നില്ലെന്ന് ഓര്‍ക്കുമ്പോഴാണ് തിരുവിതാംകൂറിന്റെ പ്രത്യേകസാഹചര്യം പരിഗണിക്കേണ്ടിവരുന്നത്.

ഒപ്പം മതംമാറ്റപ്രസ്ഥാനം ഹിന്ദുമതത്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് കീഴാളര്‍ ഉയര്‍ത്തിയ വെല്ലുവിളി മാത്രമായി കാണുന്നത് ശരിയല്ല. ഈഴവരെ സംബന്ധിച്ചിടത്തോളം അത് സമുദായവത്കരണത്തിന്റെ രാഷ്ട്രീയത്തിനുള്ളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മറ്റു ജാതികളുടെ കാര്യവും വ്യത്യസ്തമാവുകയില്ല. പല ഈഴവ നേതാക്കളും മതംമാറ്റത്തെ എതിര്‍ത്തിരുന്നതുപോലും ഈ സമുദായവത്കരണത്തെ തകര്‍ത്തേക്കുമോയെന്ന ഭയത്തിന്റെ ഭാഗമായാണ്. കുമാരനാശാന്റെ പ്രശസ്തകൃതിയായ മതപരിവര്‍ത്തനരസവാദം പോലും മതംമാറ്റത്തിനെതിരേ മുന്നോട്ടുവയ്ക്കുന്ന യുക്തി അതായിരുന്നല്ലോ. ഈ ഭയം അക്കാലത്ത് ഒറ്റപ്പെട്ടതായിരുന്നില്ല. അതേസമയം ഇതിന്റെ പ്രവര്‍ത്തനം ഇരുതലമൂര്‍ച്ചയുള്ള വാളുപോലെയായിരുന്നു. ക്ഷേത്രപ്രവേശനം ഈഴവര്‍ കൂടി ഉള്‍പ്പെട്ട ഏകീകൃതഹിന്ദുവിനെ ഊട്ടിയുറപ്പിക്കുന്നതില്‍ പങ്കുവഹിച്ചു.

ക്ഷേത്രപ്രവേശനമെന്ന ആവശ്യം ഉയര്‍ത്തിയതില്‍ ദേശീയവാദികളുടെ താല്‍പര്യങ്ങളെ ധാര്‍മിക-പൗരാവകാശ ചിന്തയുടെ ഭാഗമായി മാത്രം കാണുന്ന രീതിയാണ് പൊതുവെയുള്ളത്. സാമുദായികവത്കരണയുക്തിയെ റദ്ദാക്കുന്നതിലും അതിന്റെ ഭാഗമായ വിശാലഹിന്ദുവീക്ഷണത്തെ പരിരക്ഷിക്കുന്നതിലും ദേശീയവാദികള്‍ക്കുള്ള താല്‍പര്യങ്ങള്‍ക്കൂടി വിശകലനങ്ങളില്‍ കണക്കിലെടുക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ ആധുനികമായ അര്‍ത്ഥത്തിലുള്ള 'മതേതരരാഷ്ട്രീയ'-ത്തെ നിര്‍മിക്കുന്നതിലും പ്രവര്‍ത്തിച്ചത് ഇതേ വിശാലഹിന്ദുരാഷ്ട്രീയമാണ്. വിശാലഹൈന്ദവത എന്നത് മതേതരസങ്കല്‍പ്പത്തിന്റെ ഘടനയുടെത്തന്നെ ഭാഗവുമായിരുന്നു.

അവലംബം:

1. 1932 മുതല്‍ 1940 വരെയുള്ള മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ വിവിധ ലക്കങ്ങള്‍.

2. ടി.കെ മാധവന്റെ ജീവചരിത്രം- പി.കെ മാധവന്‍

3. ജീവിതസമരം-സി. കേശവന്‍

4. മതപരിവര്‍ത്തനരസവാദം- കുമാരനാശാന്‍

5. വിവിധ സാമുദായിക പ്രസിദ്ധീകരണങ്ങള്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി

Writer

Similar News