അന്‍വര്‍ ഉയര്‍ത്തിയ പ്രത്യയശാസ്ത്ര പ്രശ്‌നം
സിപിഎം സഹയാത്രികനായ പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ട ചോദ്യശരങ്ങള്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിനെ പ്രകമ്പനം കൊള്ളിക്കുകയാണ്. എത്രമാത്രം മുസ്‌ലിം വിരുദ്ധമായിട്ടാണ് കേരളത്തിലെ പൊലീസ് സംവിധാനം മുന്നോട്ടുപോകുന്നത് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്.
ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തിയാല്‍ മാത്രം തീരുന്നതല്ല കേരളത്തിലെ പൊലീസ് സേനയിലെ പ്രശ്‌നം. എന്നാല്‍, അടിമുടി ഹിന്ദുത്വവത്കരിക്കപ്പെട്ട ഒരു പൊലീസ് സേനയില്‍ ശുദ്ധീകരണം നടത്തുമ്പോള്‍ ആദ്യം മാറ്റി നിര്‍ത്തേണ്ടത് ആ പൊലീസ് ഓഫീസറെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ പൊലീസിനെ കുറിച്ച് ഉയര്‍ന്നുവന്ന ഭീകരമായ ആരോപണങ്ങള്‍ കേവലമായ ആരോപണങ്ങള്‍ മാത്രമല്ല എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. സിപിഎം സഹയാത്രികനായ പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ട ചോദ്യശരങ്ങള്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിനെ പ്രകമ്പനം കൊള്ളിക്കുകയാണ്. എത്രമാത്രം മുസ്‌ലിം വിരുദ്ധമായിട്ടാണ് കേരളത്തിലെ പൊലീസ് സംവിധാനം മുന്നോട്ടുപോകുന്നത് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. അന്‍വറിന്റെ ഭാഷയില്‍ പറഞാല്‍ നൊട്ടോറിയസ് ക്രിമിനലുകളാല്‍ സമ്പന്നമാണ് നമ്മുടെ പൊലീസ് സേന.
അനന്തമായ കേസുകളും ചാര്‍ജ് ഷീറ്റുകളും ഭീഷണികളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും എല്ലാം ഈ പൊലീസ് സംവിധാനത്തിലൂടെ നടപ്പാക്കപ്പെടുകയാണ്. മുസ്‌ലിം സമുദായം, അവര്‍ അനുഭവിക്കുന്ന ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയെ പുറത്തേക്ക് കൊണ്ടുവരുവാന്‍ അന്‍വര്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് സത്യത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണയായി ഒരു വര്‍ഷം 12,000 വരെ ചാര്‍ജ് ഷീറ്റുകള്‍ ഉണ്ടാവാറുള്ള മലപ്പുറം ജില്ലയില്‍ 40,000 ന് മുകളിലേക്ക് ക്രൈം റെക്കോര്‍ഡ് ഉയര്‍ന്നുവന്നതിനെ വിലയിരുത്തുമ്പോള്‍ ഒരു സമുദായത്തെ കേസുകള്‍ കൊണ്ട് ദുരിതത്തില്‍ ആക്കാന്‍ തീരുമാനിച്ച പൊലീസ് സംവിധാനത്തെ ആണ് നമുക്ക് കണ്ടെത്താന്‍ കഴിയുക. വിദേശത്തേക്ക് ജോലിക്ക് പോകാന്‍ കഴിയാതെ നൂറുകണക്കിന് മനുഷ്യര്‍ ഈ അതിക്രമത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. സ്വര്‍ണ്ണ വേട്ടയുടെ മറവില്‍ ബ്ലാക്ക് മെയിലിങ്ങിനും സ്ത്രീ പീഡനവും അനുഭവിക്കുന്നതായി ഇരകളാക്കപ്പെട്ട സ്ത്രീകള്‍ തന്നെ വിളിച്ചു പറയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. കസ്റ്റഡി മരണങ്ങള്‍ ഒരു വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഒരു സമുദായത്തിലെ മനുഷ്യര്‍ അവര്‍ അനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റിയെ കുറിച്ച് തുറന്ന് പറയുകയാണ്.
പീഡനം അനുഭവിക്കുന്നവരുടെ കഥകള്‍ നേരിട്ട് കേട്ടതിന് ശേഷമാണ് അന്‍വര്‍ ഈയൊരു ഒറ്റയാള്‍ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് മനസ്സിലാക്കാം. ഹിന്ദുത്വവത്കരിക്കപ്പെട്ട ഒരു പൊലീസ് സംവിധാനത്തില്‍ ഇതിനേക്കാള്‍ ഭീകരമായിട്ട് തന്നെയാണ് പെരുമാറുക എന്ന് നമുക്കറിയാം.
ഉത്തരേന്ത്യയില്‍ നാം കാണാറുള്ള അങ്ങേയറ്റം വൃത്തികെട്ട ഒരു ഹിന്ദുത്വ പൊലീസ് സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് എന്നാണ് അന്‍വര്‍ പറയാതെ പറയാന്‍ ശ്രമിച്ചത്. കേവലമായ പൊലീസ് സംവിധാനത്തിലെ കാവിവത്കരണം എന്നതിനപ്പുറത്ത് ഒരുതരത്തിലുള്ള ഇസ്‌ലാമോഫോബിക്ക് പ്രവര്‍ത്തനമാണ് പൊലീസ് സേനയില്‍ നിന്ന് ഉണ്ടാവുന്നത്. വലിയ തരത്തിലുള്ള അനീതി ഈസമുദായത്തിലെ അംഗങ്ങളോട് പൊലീസ് കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മുമ്പെ തന്നെ ഇതിനെതിരെയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും അതിനെ കേള്‍ക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമായിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ ഗവണ്‍മെന്റിന്റെ തന്നെ ഭാഗമായ ഒരു എംഎല്‍എ ഇത് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അതിനെ അഡ്രസ്സ് ചെയ്യാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമെന്ന് പ്രതീഷിക്കാം. ഹിന്ദുത്വയുടെ പിടുത്തത്തില്‍ നിന്നും പൊലീസ് സംവിധാനത്തെ മോചിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരും പാര്‍ട്ടിയും പകച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിയണികള്‍ നിശബ്ദമായി പോവുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് കേരളീയ രാഷ്ട്രീയം കടന്നുപോകുന്നത്. പക്ഷേ, ഇത് കേവലമായ ഒരു കക്ഷിരാഷ്ട്രീയത്തിന്റെ ആരോപണ പ്രത്യാരോപണ പ്രശ്‌നം എന്ന നിലയില്‍ കാണാതെ ഹിന്ദുത്വവത്കരിക്കപ്പെട്ട ഒരു പൊലീസ് സംവിധാനത്തെ കേരളത്തിലെ മണ്ണില്‍ നിന്നും പിഴുതെറിയാനുള്ള
യോജിച്ച പോരാട്ടമാണ് നടക്കേണ്ടത്. ഹിന്ദുത്വ പ്രത്യയശാസ്ത്രവുവായി അഥവാ, ആര്‍എസ്എസുമായി നിങ്ങളാണ് സന്ധ്യ ചെയ്തത്, അല്ല ഞങ്ങളാണ് സന്ധി ചെയ്തത് എന്ന യുഡിഎഫ്-എല്‍ഡിഎഫ് തര്‍ക്കത്തിന് അപ്പുറത്ത് കേരളം ഇന്ന് അനുഭവിക്കുന്ന ഒരു സാമൂഹ്യ പ്രശ്‌നം എന്ന നിലയില്‍ ഇതിനെ അഡ്രസ്സ് ചെയ്യാന്‍ കേരളീയ സമൂഹത്തിന് സാധ്യമാവേണ്ടിയിരിക്കുന്നു. ആര്‍എസ്എസ്‌വത്കരണം ഒരു പ്രത്യയശാസ്ത്ര പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടുവന്ന അന്‍വര്‍ ഇതിന് പരിഹാരം ഇടതുപക്ഷത്തില്‍ നിന്ന് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പരിഹാരം കാണാന്‍ ഇടതുപക്ഷത്തിന് സാധ്യമാകേണ്ടത് ഉണ്ട് എന്നും അന്‍വര്‍ ഓര്‍മപ്പെടുത്തുകയാണ്.
അതിനപ്പുറത്ത് ആര്‍എസ്എസ് ഒരു പ്രധാനപ്പെട്ട സംഘടനയാണ്, ആര്‍എസ്എസിന്റെ നേതാക്കളുമായി പൊലീസ് മേധാവികള്‍ സംസാരിച്ചാല്‍ അതില്‍ അപാകതയില്ല എന്നുള്ള ലളിതമായ ഉത്തരങ്ങള്‍ കൊണ്ട് ഇതിനു മറികടക്കാന്‍ കഴിയില്ല എന്ന് സിപിഎം എത്രയും നേരത്തെ മനസ്സിലാക്കുന്നത് പാര്‍ട്ടിക്കും കേരളീയ സമൂഹത്തിനും നല്ലത് എന്ന് ഓര്‍മപ്പെടുത്താന്‍ ആ പാര്‍ട്ടിയില്‍ ആളുണ്ട് എന്നത് ശുഭപ്രതീക്ഷയാണ്.
മുസ്‌ലിം വിരുദ്ധമായ ഒരു പൊലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന അന്‍വര്‍ ഉയര്‍ത്തി കൊണ്ടുവന്ന മൗലികമായ പ്രശ്‌നത്തെ അഥവാ, ഒരു പ്രത്യയശാസ്ത്ര പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യാതെ കേവലമായ തര്‍ക്കങ്ങളിലൂടെയും വീര പരിവേഷ പ്രസ്താവനങ്ങളും കൊണ്ട് മറി കടക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തിന്റെ തകര്‍ച്ചക്ക് കാരണമായി തീരും എന്ന് അവര്‍ മനസ്സിലാക്കട്ടെ. കേരളീയ സമൂഹത്തിലെ സൗഹാര്‍ദാന്തരീക്ഷത്തിന് ഗുണകരമാവാത്ത പൊലീസ് സേനയിലെ ഈ അനീതിയെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ മുന്നോട് വരുമെന്നും പ്രതീക്ഷിക്കാം. ഒരു തരത്തില്‍ ഡബ്‌ളിയുസിസിയിലെ അംഗങ്ങളും അന്‍വറും പോരാട്ടം നടത്തുന്നത് ഒരേ രീതിയിലാണ് എന്ന് മനസ്സിലാക്കാം. അഥവാ, സര്‍ക്കാറുമായി സഹകരിച്ച് അതില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ട് തന്നെ നീതിക്കായി പോരാടുകയാണ്. ഈ പോരാട്ടത്തില്‍ പാര്‍ട്ടിയിലെ വലിയ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ട് എന്നുള്ളത് ശുഭ പ്രതീക്ഷ നല്‍കുന്നു.