ഒരു ഐഡന്റിറ്റിയുടെ ആവശ്യകത?

അനൂപും സുധയും കുറച്ചുകാലം യൂണിയന്‍ ഓഫീസിലും മെഡിക്കല്‍ ക്വാര്‍ട്ടേഴ്സിലുമായി താമസിച്ചു, ദമ്പതികള്‍ക്ക് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് നിയോഗി മനസ്സിലാക്കുന്നത് വരെ. സുധ ഭരദ്വാജ് കഥ പറയുന്നു. (അല്‍പാ ഷായുടെ ' The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും - ഭാഗം 10)

Update: 2024-07-31 11:30 GMT
Advertising

''എന്റെ അമ്മ വളരെ അസന്തുഷ്ടയായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ഗണിതശാസ്ത്രത്തില്‍ എം.ഫില്‍ തുടങ്ങിയിട്ടേയുള്ളൂ. അവരുടെ കണ്ണില്‍, യൂണിവേഴ്സിറ്റി സുരക്ഷയില്‍ എനിക്ക് മുന്നില്‍ തിളങ്ങുന്ന അക്കാദമിക് കരിയര്‍ ഉണ്ടായിരുന്നു. എന്നാല്‍, ആക്ടിവിസത്തിന്റെ അജ്ഞാതവും അനിശ്ചിതത്വം നിറഞ്ഞതുമായ ലോകത്തേക്ക് ചാടാന്‍ ഞാന്‍ ആഗ്രഹിച്ചു. സത്യത്തില്‍ അമ്മ വളരെ സങ്കടത്തിലായിരുന്നു,'' സുധ ഭരദ്വാജ് പറഞ്ഞു.

സുധ തന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ടും വിവാഹവും ഒരു വര്‍ഷത്തിനു ശേഷം പി.എച്ച്.ഡി പഠനവും ഉപേക്ഷിച്ചു. ഇരുപത്തിയഞ്ചാം വയസ്സില്‍, തനിക്ക് പരിചിതമായ ജീവിതം പൂര്‍ണ്ണമായും ഉപേക്ഷിച്ച്, ദല്ലി രാജ്ഹാരയിലെ നഗ്നപാദരായ ഖനിത്തൊഴിലാളികള്‍ക്കൊപ്പം കഴിയാന്‍ അവള്‍ പദ്ധതിയിടുകയായിരുന്നു; ഒരു ആദര്‍ശ സ്വപ്നത്തിനായി.

''നീ ഇതെല്ലാം ഒരു ഗംഭീരമായ സാഹസികതയായി കരുതുന്നു. പിന്നീട് നിനക്ക് ഖേദിക്കേണ്ടി വന്നേക്കാം. ഇത്രയും വര്‍ഷങ്ങള്‍ സ്വയം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പിന്നീട് നിനക്ക് തോന്നിയേക്കാം,'' സുധയുടെ അമ്മ അവളോട് പറഞ്ഞു.

''അതോര്‍ത്ത് വിഷമിക്കണ്ട!'' സുധ തിരിച്ചടിച്ചു. ''തനിച്ചായതിനാലും മകളെ ഡല്‍ഹിയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാലും മകള്‍ തന്റെ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാലും തന്റെ സ്വാര്‍ഥതയ്ക്കായ് അമ്മ കാരണങ്ങള്‍ നിരത്തുകയാണെന്നും'' സുധ പറഞ്ഞു.

യൂണിയനുവേണ്ടി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ ചെയ്യേണ്ടിവന്നാല്‍, മധ്യവര്‍ഗക്കാരുടെ മിനിമം സുഖസൗകര്യങ്ങള്‍ നിറവേറ്റുന്ന ക്യാബിനുകളില്‍ സീറ്റ് ഉറപ്പിക്കുന്നതിന് പകരം, തീവണ്ടികളിലെ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ അവള്‍ യാത്രചെയ്തു.

''ഞാന്‍ യുവതിയും എടുത്തുചാട്ടക്കാരിയുമായിരുന്നു,'' സുധ പറഞ്ഞു. ''അമ്മമാരും പെണ്‍മക്കളും തമ്മില്‍ വഴക്കിടുമ്പോള്‍ തടസ്സങ്ങളൊന്നുമില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പിന്നീട് ഖേദിക്കേണ്ടിവരുന്ന പല കാര്യങ്ങളും നിങ്ങള്‍ അപ്പോള്‍ പറയും.''

''വാസ്തവത്തില്‍, അമ്മയ്ക്ക് ചില നല്ല ഉപദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. ഞാന്‍ ഒരു പ്രൊഫഷണലാകണമെന്നും ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കണമെന്നും അവര്‍ ആഗ്രഹിച്ചു.''

ഒരു പ്രൊഫസര്‍, ഒരു അധ്യാപിക, ഒരു ഡോക്ടര്‍, സുധ വിശദീകരിച്ചു; പ്രത്യേകം നിര്‍വചിക്കപ്പെട്ട ഒരു സ്പെഷ്യലിസ്റ്റ്, സമൂഹത്തിന് ആവശ്യമായ തിരിച്ചറിയാവുന്ന റോള്‍ ഉള്ള ഒരാള്‍, സ്ഥിരതയോടും ശമ്പളത്തോടും കൂടിയ തൊഴിലുള്ള ഒരാള്‍. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജീവിതം ദുഷ്‌കരമായിരുന്നു, പ്രത്യേകിച്ചും പുരുഷാധിപത്യമുള്ള ഇന്ത്യയില്‍. ഒരു പ്രൊഫഷണല്‍ ഐഡന്റിറ്റി, പുരുഷാധികാര സമൂഹത്തില്‍, സ്ത്രീകള്‍ക്ക് ചില യാന്ത്രിക അധികാരവും പദവിയും ബഹുമാനവും നല്‍കുന്നു.

''എന്റെ അമ്മയ്ക്ക് യഥാര്‍ഥ ആശങ്കകളുണ്ടായിരുന്നു,'' സുധ സമ്മതിച്ചു. ''ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച പോലുള്ള ഒരു സംഘടനയില്‍ ചേരുന്നതിലൂടെ എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, നിങ്ങളോടുള്ള പെരുമാറ്റമെന്തായിരിക്കും, എത്രകാലം അവിടെ ഉണ്ടായിരിക്കും എന്നൊന്നും നിങ്ങള്‍ക്കറിയില്ല. എല്ലാത്തിലും തികഞ്ഞ അനിശ്ചിതത്വങ്ങളാണ്''.

എന്നാല്‍, ആ സമയത്ത് സുധ അമ്മയോട് പറഞ്ഞു, ''ഞാന്‍ പോവുകയാണ്, പ്രസ്ഥാനത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും അത് ഞാന്‍ ചെയ്യും''.

സുധ 1986-ല്‍ ദല്ലി രാജ്ഹാരയിലേക്ക് താമസം മാറി. അവളുടെ സുഹൃത്ത് അനൂപ് ഒരു വര്‍ഷം മുമ്പ് ഷഹീദ് ഹോസ്പിറ്റലില്‍ ആരോഗ്യ പ്രവര്‍ത്തകനായി ചേര്‍ന്നിരുന്നു. സുധയ്ക്ക് അത്തരമൊരു തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. അവള്‍ അനൂപില്‍ ആകൃഷ്ടയായിരുന്നു, അതേസമയം അവനെ പിന്തുടരുകയല്ല എന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ നിന്ന് വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ വേര്‍പെടുത്താന്‍ സുധ ആഗ്രഹിച്ചു. യൂണിയനില്‍ ചേരാന്‍ അവള്‍ ശരിക്കും ആഗ്രഹിച്ചതുകൊണ്ടാണ് പോകുന്നതെന്ന് ഉറപ്പാക്കുക; അല്ലാതെ താല്‍ക്കാലികം മാത്രമായ പുതിയ ചില ബന്ധങ്ങള്‍ കാരണമല്ലെന്നും.

സുധ ഏതാനും വര്‍ഷങ്ങള്‍ പലതരം വഴികള്‍ പരീക്ഷിച്ചു. ഹോഷംഗബാദിലെ ഒരു എന്‍.ജി.ഒയ്‌ക്കൊപ്പം ഒരു വര്‍ഷം ചെലവഴിച്ചു. (ഭീമ കൊറേഗാവ് കേസില്‍ അവരോടൊപ്പം അറസ്റ്റിലായ) ഗൗതം നവ്‌ലാഖ ആരംഭിച്ച ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ ഹിന്ദി പതിപ്പായ സാഞ്ജ യുടെ വിവര്‍ത്തകയായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ദല്ലി രാജ്ഹാരയിലേക്കുള്ള ഏതാനും യാത്രകള്‍ക്ക് ശേഷം അവിടേക്ക് മാറണമെന്ന് സുധയ്ക്ക് ബോധ്യപ്പെട്ടു.

അനൂപും സുധയും കുറച്ചുകാലം യൂണിയന്‍ ഓഫീസിലും മെഡിക്കല്‍ ക്വാര്‍ട്ടേഴ്സിലുമായി താമസിച്ചു, ദമ്പതികള്‍ക്ക് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് നിയോഗി മനസ്സിലാക്കുന്നത് വരെ. അയിരുകള്‍ നിറച്ച ട്രക്കുകള്‍ ഇരമ്പിയോടുന്ന റോഡിനോട് ചേര്‍ന്ന്, ഒരു ഖനിത്തൊഴിലാളിയുടെ ഒറ്റ മുറി വീട് താമസത്തിനായി ലഭിച്ചു, ദമ്പതികള്‍ അവിടേക്ക് താമസം മാറി.

എന്നും രാവിലെ ചാണകപ്പൊടിയും ചെളിയും കലര്‍ത്തി വീടും അടുപ്പും വൃത്തിയാക്കാനും അടുപ്പില്‍ തീപൂട്ടാനും കിണറ്റില്‍ നിന്ന് വെള്ളമെടുക്കാനും സുധ പഠിച്ചു. യൂണിയനുവേണ്ടി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ ചെയ്യേണ്ടിവന്നാല്‍, മധ്യവര്‍ഗക്കാരുടെ മിനിമം സുഖസൗകര്യങ്ങള്‍ നിറവേറ്റുന്ന ക്യാബിനുകളില്‍ സീറ്റ് ഉറപ്പിക്കുന്നതിന് പകരം, തീവണ്ടികളിലെ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ അവള്‍ യാത്രചെയ്തു. ചിലപ്പോഴെങ്കിലും പി.ജി വോഡ്ഹൗസിന്റെ ഹാസ്യ നോവലുകള്‍ വായിച്ച് ചിരിക്കാന്‍ കഴിയാത്തത് അവള്‍ക്ക് നഷ്ടമായിത്തോന്നി. എങ്കിലും മൊത്തത്തില്‍, 'ഡിക്ലാസിംഗിന്റെ' മുഴുവന്‍ പ്രക്രിയയും തന്നെ വിനയാന്വിതയാക്കിയതായി അവള്‍ തിരിച്ചറിഞ്ഞു.

ദല്ലി രാജ്ഹാരയില്‍ ടോയ്‌ലറ്റുകള്‍ ഇല്ലെന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ''വയലുകളില്‍ പോകുക എന്നത് ഒരു വെല്ലുവിളിയായിരുന്നു, പ്രത്യേകിച്ച് പന്നികള്‍ ചുറ്റിലുമുണ്ടായിരിക്കെ. അവയെ അടിക്കാന്‍ വടി കരുതേണ്ടി വന്നു'', സുധ പറഞ്ഞു.

''നിങ്ങള്‍ ചെറുപ്രായത്തിലാണെങ്കില്‍, ഭൗതിക സൗകര്യങ്ങളാണ് നിങ്ങളുടെ പ്രശ്‌നങ്ങളില്‍ ഏറ്റവും ലഘുവായത്. അവയുടെ നഷ്ടം നിങ്ങള്‍ക്ക് സഹിക്കാവുന്നതേയുള്ളൂ.'' സുധ പറഞ്ഞു, സുഹൃത്തുക്കളെ ഉണ്ടാക്കുന്നതാണ് കൂടുതല്‍ പ്രധാനം. കാരണം, അതാണ് നിങ്ങളെ നിലനിര്‍ത്തുന്നത്. യൂണിയന്‍ ഒരു വലിയ കുടുംബം പോലെയായിരുന്നു, തൊഴിലാളികള്‍ സുധയെ അവരുടെ സംരക്ഷണത്തില്‍ നിര്‍ത്തി. 


ചുറ്റുമുള്ളവരുടെ ജനന-മരണ-വിവാഹ ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുത്ത് സാമൂഹിക ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു. വനിതാ വിഭാഗം അവരുടെ യോഗങ്ങളില്‍ സുധയെ പങ്കെടുപ്പിച്ചു. പൊതുവേദിയില്‍ സംസാരിക്കാന്‍ അവര്‍ ആദ്യമായി ആവശ്യപ്പെട്ടത് സുധ ഓര്‍ത്തു; അവളുടെ കാല്‍മുട്ടുകള്‍ വല്ലാതെ വിറച്ചു, അവള്‍ക്ക് പാട്ട് പാടാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. അവള്‍ അത് യൂണിയന്റെ കീഴിലുള്ള ഹൈസ്‌കൂളില്‍ പഠിപ്പിച്ചു. കൂടാതെ അയല്‍പക്കത്തെ കുട്ടികള്‍ക്ക് അവരുടെ ബോര്‍ഡ് പരീക്ഷകളില്‍ വിജയിക്കാന്‍ സഹായിക്കുന്നതിനായി ട്യൂഷന്‍ ക്ലാസ്സുകളും നടത്തി.

ഇതിനിടയില്‍ സുധ ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അവള്‍ കത്തുകള്‍ പരിഭാഷപ്പെടുത്തി, കവറുകളില്‍ നിറച്ചു, യൂണിയന്‍ ഓഫീസ് വൃത്തിയാക്കി. പലപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ അവള്‍ കുഴങ്ങി. ''ചിലപ്പോള്‍ ഉള്ളില്‍ ഒരു വിറയല്‍ അനുഭവപ്പെട്ടു, ഞാന്‍ ഇവിടെ എന്താണ് ചെയ്യുന്നത്? എന്റെ മധ്യവര്‍ഗ പശ്ചാത്തലവും അതിന്റെ വ്യക്തിപരവും കരിയറിസ്റ്റ് മൂല്യങ്ങളും കാരണം എന്റെ ഉള്ളില്‍ ഒരു കലഹം നടക്കുകയായിരുന്നു,'' സുധ സമ്മതിച്ചു.

''എന്നാല്‍, ദല്ലി രാജ്ഹാരയില്‍ നടക്കുന്ന പരീക്ഷണം എന്റെ വ്യക്തിഗത താല്‍പ്പര്യങ്ങളേക്കാള്‍ വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നിയതിനാല്‍ അത്തരം കലഹങ്ങളെ ഞാന്‍ മാറ്റിനിര്‍ത്തി. എനിക്ക് എന്ത് റോള്‍ നല്‍കിയാലും പ്രശ്നമല്ല, ആരാലും ശ്രദ്ധിക്കപ്പെടാതെ ജോലി ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമില്ലെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. വ്യക്തിപരമായി ഞാന്‍ എന്തു ചെയ്യുന്നുവെന്നോ, എന്റെ റോള്‍ എന്താണെന്നതോ അല്ല മറിച്ച്, യൂണിയന്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു പ്രധാന കാര്യം.

''വാസ്തവത്തില്‍,'' സുധ പറഞ്ഞു, ''ഞാന്‍ യൂണിയന്റെ അനിവാര്യ ഭാഗമാണെന്ന് എനിക്ക് തോന്നിത്തുടങ്ങുന്നതിന്, മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി സമീപിക്കാവുന്ന ഒരാളായി, കാര്യമായ എന്തെങ്കിലും ചെയ്യുന്ന ഒരാളായി എനിക്ക് സ്വയം ബോധ്യപ്പെടുന്നതിന് പതിനഞ്ച് വര്‍ഷക്കാലമെടുത്തു,.''

''ഇന്ന് പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്ന പല യുവാക്കളും തങ്ങളുടെ പ്രാധാന്യം അനുഭവിക്കാന്‍ പതിനഞ്ച് മാസങ്ങള്‍, ചിലപ്പോള്‍ പതിനഞ്ച് ദിവസം പോലും കാത്തിരിക്കാന്‍ തയ്യാറല്ല; വ്യക്തിവാദത്താല്‍ അവര്‍ വളരെയധികം ജീര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. അതില്‍നിന്നും വ്യത്യസ്തയാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. വളരെ എളിമയുള്ള വ്യക്തിയായിരുന്ന അമ്മയായിരുന്നു എന്റെ മാതൃക.''

എങ്കിലും നിയോഗി തന്റെ വിഷമാവസ്ഥ തിരിച്ചറിഞ്ഞിരുന്നു, സുധ വിവരിച്ചു. സുധ, അവള്‍ വളര്‍ന്നുവന്ന സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചതും, എന്തെങ്കിലും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും, എന്നാല്‍, വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു റോള്‍ അവള്‍ക്ക് അവിടെ ഉണ്ടായിരുന്നില്ലെന്നതും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സുധയ്ക്ക് എപ്പോഴും ഒരു സഹായിയോ ഭാര്യയോ ആയിരിക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം മനസ്സിലാക്കി.

അവള്‍ അവിടെ ജോലി ചെയ്യാന്‍ തുടങ്ങി. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ദിവസം, നിയോഗി അവളെ വിളിച്ച് പറഞ്ഞു, ''ഇത്രയും കാലം നിനക്ക് ഒരു ജോലിയും ഇല്ലെന്ന് വിഷമിക്കുകയായിരുന്നു. ഇന്നുമുതല്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ വീട്ടില്‍ കാത്തിരിക്കുന്ന വിധത്തില്‍ വളരെയധികം ജോലി ഞാന്‍ നിങ്ങളെ എല്‍പ്പിക്കുവാന്‍ പോകുകയാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അല്‍പാ ഷാ

Writer

Similar News