ലെസ്ലി ദിവാന്റെയും ട്രാന്‍സ്ആറ്റമിക് പവറിന്റെയും കഥ

ഒരിക്കലും ഉരുകിയൊലിച്ചുപോകാത്ത, ആണവ മാലിന്യം വിനിയോഗിക്കുന്ന, നിലിവിലുള്ളതിനേക്കാളും പാതിമാത്രം നിര്‍മാണച്ചെലവ് വരുന്ന ഒരു ആണവ റിയാക്ടര്‍ നിര്‍മിക്കാന്‍ നമുക്ക് സാധിക്കുമെങ്കിലോ? എന്നായിരുന്നു ലെസ്ലി ദിവാന്റെ ചോദ്യം.

Update: 2024-09-11 05:36 GMT
Advertising

ലെസ്ലി ദിവാന്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറല്‍ ബിരുദം നേടിയ യുവതിയാണ്. തന്റെ പഠനത്തിന് ശേഷം, 28ാമത്തെ വയസ്സില്‍, Transatomic Power എന്നൊരു കമ്പനി സ്ഥാപിച്ച് അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചാര്‍ജ്ജെടുത്ത ലെസ്ലി ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യം ഉയര്‍ത്തി. ''What If We Could Build a Nuclear Reactor That Costs Half as Much, Consume Nuclear Waste, and Will Never Melt Down?'

ഒരിക്കലും ഉരുകിയൊലിച്ചുപോകാത്ത, ആണവ മാലിന്യം വിനിയോഗിക്കുന്ന, നിലിവിലുള്ളതിനേക്കാളും പാതിമാത്രം നിര്‍മാണച്ചെലവ് വരുന്ന ഒരു ആണവ റിയാക്ടര്‍ നിര്‍മിക്കാന്‍ നമുക്ക് സാധിക്കുമെങ്കിലോ? എന്നായിരുന്നു ആ ചോദ്യം. MITയുടെ Technological Reviewവില്‍ ലെസ്ലിയുടെ ബയോഫീച്ചര്‍ ആര്‍ട്ടിക്ക്ള്‍ ആയി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലൂടെയായിരുന്നു ഈ ചോദ്യം. (ഇതോടൊപ്പമുള്ള ചിത്രം കാണുക) 


മോള്‍ട്ടണ്‍ സാള്‍ട്ട് റിയാക്ടറുകളെ (Molten Salt Reactor) സംബന്ധിച്ച പഴയ ബോധ്യങ്ങളില്‍ പുതിയ ചില പരിഷ്‌കാരങ്ങള്‍ വരുത്തി അവതരിപ്പിക്കുകയായിരുന്നു ലെസ്ലി ദിവാന്‍. അതിന്റെ ഫലം, അവരുടെ അഭിപ്രായത്തില്‍, ''ഈ റിയാക്ടര്‍ ഫാക്ടറികളില്‍ നിര്‍മിച്ച്, റെയില്‍ മാര്‍ഗം ആവശ്യമുള്ളിടത്തേക്കെത്തിക്കാവുന്ന അത്രയും ഒതുക്കമുള്ളതാണ്. മാത്രമല്ല, സാധാരണ നിലയ്ക്ക് റിയാക്ടര്‍ നിര്‍മാണത്തിനേക്കാള്‍ ചെലവ് കുറഞ്ഞതുമാണ്''. തന്റെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ലെസ്ലി ഇത്രയും കൂടി പറഞ്ഞു: ''ഈ റിയാക്ടര്‍ മാതൃക ഒരു വര്‍ഷം ഒരു ടണ്ണോളം ആണവ മാലിന്യം ഉപയോഗപ്പെടുത്തുന്നതുകൂടിയായിരിക്കും. ഏതാനും കിലോഗ്രാം മാലിന്യം മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ''.

സാങ്കേതികവിദ്യാ മേഖലയില്‍ നടന്നുവരുന്ന ഗവേഷണങ്ങളുടെയും അവയുടെ വിജയത്തിന്റെയും കഥകള്‍ ഏറെ കൊട്ടിഘോഷിച്ച് നമ്മുടെ മുന്നിലേക്ക് എത്തിച്ചുതരുന്നവര്‍ പറയാതെ വിട്ടുപോകുന്ന ചില പിന്നാമ്പുറ കഥകള്‍ കൂടിയുണ്ട്.

ലെസ്ലി ദിവാന്റെയും ട്രാന്‍സ്ആറ്റമിക് പവറിന്റെയും ഈ അവകാശവാദം ആണവോര്‍ജ ഗവേഷണ രംഗത്ത് വലിയ ആഹ്ലാദം പരത്തി. ഇങ്ങ് കേരളത്തിലെ മലയാള മനോരമയില്‍പ്പോലും ആണവോര്‍ജത്തിന്റെ പുതുതരംഗത്തെപ്പറ്റി ലേഖനമെഴുതപ്പെട്ടു. ഓരോ പഞ്ചായത്തിലും ഒരു ആണവ നിലയം പണിയാന്‍ പറ്റുന്നത്രയും സുരക്ഷിതവും ചെലവു കുറഞ്ഞതും ഒതുക്കമുള്ളതും ആയിരിക്കും പുതിയ ആണവ യുഗത്തിലെ നിലയ മാതൃകകള്‍ എന്നായി വായ്ത്താരികള്‍.

പുതിയ റിയാക്ടര്‍ മാതൃകയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മില്യണ്‍ കണക്കിന് ഡോളറുകള്‍ Transatomic Powerലേക്ക് ഒഴുകിയെത്തി. 2016 ആയപ്പോഴേക്കും വേള്‍ഡ് ഇക്കണോമിക് ഫോറം ലെസ്ലി ദിവാനെ 'young global leader' ആയി തെരഞ്ഞെടുത്തു. 2017-ഓടെ ആണവ ഗവേഷണ മേഖലയിലെ വിദഗ്ധര്‍ ലെസ്ലിയുടെ പുതിയ റിയാക്ടര്‍ മാതൃക പരിശോധിച്ചു. ഈ റിയാക്ടര്‍ മാതൃകയെ അവര്‍ വിശേഷിപ്പിച്ചത് 'walk-away safe'' എന്നായിരുന്നു.

കാര്യങ്ങള്‍ അങ്ങിനെ ഭംഗിയായി കടന്നുപോകവെ, MITയിലെ തന്നെ മറ്റൊരു ന്യൂക്ലിയര്‍ ഫിസിസിസ്റ്റായ കോര്‍ഡ് സ്മിത് (Kord Smith) ട്രാന്‍സ്ആറ്റമിക് പവറിന്റെ പുതിയ നിലയ മാതൃകയില്‍ ഗുരുതരമായ ചില പിഴവുകള്‍ കണ്ടെത്തി.

MITയുടെ Technological Reviewവില്‍ അദ്ദേഹം എഴുതി: 'ഒരു നിശ്ചിത അളവിലുള്ള യുറേനിയത്തില്‍ നിന്നും അവര്‍ വിശദീകരിക്കുന്ന അത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന ട്രാന്‍സ്ആറ്റമിക് പവര്‍ അവകാശവാദം തീര്‍ച്ചയായും ''അടിസ്ഥാന ഭൗതികശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് നിരക്കുന്നതല്ല''.

കോര്‍ഡ് സ്മിത് എംഐടിയിലെ തന്നെ ഫാക്കല്‍റ്റിയായിരുന്നതു കാരണം ട്രാന്‍സ്ആറ്റമിക് പവറിനോട് പുതിയ റിയാക്ടര്‍ മാതൃകയുടെ പരീക്ഷണ പ്രവര്‍ത്തനം ആവശ്യപ്പെടാന്‍ കഴിഞ്ഞു. പുറത്തുള്ള ആരെങ്കിലും ആയിരുന്നെങ്കില്‍ അത്തരത്തിലൊന്ന് ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ലെന്നും അറിയുക. സ്മിത്തിന്റെ ആവശ്യപ്രകാരം നടന്ന പരീക്ഷണത്തില്‍ കമ്പനിയുടെ അവകാശവാദം പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. (ട്രാന്‍സ് ആറ്റമിക് പവറിന്റെ പുതിയ റിയാക്ടര്‍ മാതൃകയ്ക്ക് പച്ചക്കൊടി കാണിച്ച ആണവ ശാസ്ത്രജ്ഞര്‍ക്ക് സ്‌ത്രോത്രം )

എന്തിനേറെ പറയുന്നു. ലെസ്ലി ദിവാന്റെ പുതിയ ആണവ റിയാക്ടര്‍ മാതൃകയുടെ കഥ അവിടെ അവസാനിച്ചു. 2018 സെപ്തംബറില്‍ ലെസ്ലി ദിവാന്‍ എഴുതി. ''ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും, ന്യായമായ സമയപരിധിക്കുള്ളില്‍ റിയാക്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ട്രാന്‍സ്ആറ്റമിക് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്.'' https://www.technologyreview.com/2018/09/25/240126/nuclear-startup-to-fold-after-failing-to-deliver-reactor-that-ran-on-spent-fuel/

ലെസ്ലി ദിവാന്റെയും ട്രാന്‍സ്ആറ്റമിക് പവറിന്റെയും കഥ ഇവിടെ പറഞ്ഞത് ഒരു കാര്യം സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. സാങ്കേതികവിദ്യാ മേഖലയില്‍ നടന്നുവരുന്ന ഗവേഷണങ്ങളുടെയും അവയുടെ വിജയത്തിന്റെയും കഥകള്‍ ഏറെ കൊട്ടിഘോഷിച്ച് നമ്മുടെ മുന്നിലേക്ക് എത്തിച്ചുതരുന്നവര്‍ പറയാതെ വിട്ടുപോകുന്ന ചില പിന്നാമ്പുറ കഥകള്‍ കൂടിയുണ്ടെന്ന് സൂചിപ്പിക്കാനാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News