ഇഫ്‌ളു കാമ്പസ്: കള്ളക്കേസ് ചുമത്തി വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താനാവില്ല - നൂറ മൈസൂന്‍
ഹൈദരാബാദ് ഇഫ്‌ളു കാമ്പസില്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നു. മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട, മലയാളിയും ഫ്രറ്റേണിറ്റി ഇഫ്‌ളു യൂണിറ്റ് പ്രസിഡണ്ടുമായ നൂറ മൈസൂന്‍ സമരപശ്ചാത്തലം പങ്കുവെക്കുന്നു.
രാജ്യത്തെ സുപ്രധാനമായ ഭാഷാ സര്‍വകലാശാലയായ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ (ഇഫ്‌ളു) വെച്ച് ഒരു വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതിഷേധിക്കുകയും അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന ഒരേയൊരു കാരണം കൊണ്ട് തെലങ്കാന പൊലീസ് എഫ്.ഐ.ആര്‍ ചുമത്തുകയും അന്യായമായ വകുപ്പുകള്‍ ചേര്‍ത്ത് വേട്ടയാടുകയും ചെയ്യുന്ന പതിനൊന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ എഴുതുന്നതാണ് ഈ കുറിപ്പ്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാമ്പസിലെ ഒരു വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ വാര്‍ത്ത ഞാനറിയുന്നത്. ഹോസ്റ്റലിന് താഴെ ഇറങ്ങുമ്പോഴേക്കും ഒരു വലിയ കൂട്ടം വിദ്യാര്‍ഥികള്‍ അവിടെയുണ്ടായിരുന്നു. വിദ്യാര്‍ഥികളോട് സംസാരിച്ചപ്പോഴാണ് ഈ വിഷയത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് മനസ്സിലാവുന്നത്. ഒക്ടോബര്‍ 18ന് രാത്രി 10 മണിയോടടുത്താണ് കാമ്പസിലെ ഒരു വിദ്യാര്‍ഥിനിക്ക് രണ്ട് പുരുഷന്മാരില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. തുടര്‍ന്ന് അബോധാവസ്ഥയിലായ അതിജീവിതയെ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കാതിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫുകള്‍. സംഭവം ഹോസ്റ്റല്‍ വാര്‍ഡന്‍ യൂണിവേഴ്‌സിറ്റി പ്രോക്ടറെ രാത്രി തന്നെ വിവരമറിയിച്ചുവെങ്കിലും പ്രോക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
കാമ്പസിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് റിഡ്രസ്സല്‍ കമ്മറ്റിയായ സ്പര്‍ഷ് (SPARSH) പുനഃസംഘടിപ്പിക്കുക, ഈ കമ്മിറ്റിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുക, കമ്മിറ്റിയില്‍ LGBTQIA+ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാര്‍ഥികള്‍ സമരം ചെയ്തിട്ട് 24 മണിക്കൂര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഈ സംഭവം നടക്കുന്നത്. ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ അഞ്ച് മണിയോടെ എല്ലാവരും യൂണിവേഴ്‌സിറ്റി പ്രോക്ടറുടെ ക്വാട്ടേഴ്‌സിന് മുന്നില്‍ സംഗമിക്കുകയുണ്ടായി. എകദേശം ഇരുനൂറിലധികം വരുന്ന വിദ്യാര്‍ഥികള്‍ അവിടെ എത്തുമ്പോഴേക്കും പ്രോക്ടറും സെക്യൂരിറ്റി ഗാര്‍ഡുമാരും പുറത്തേക്ക് എത്തിയിരുന്നു.
അക്ഷരാര്‍ഥത്തില്‍ കാമ്പസ്, പൊലീസ് സേനയുടെ തേര്‍വാഴ്ചക്ക് വിട്ടുകൊടുത്ത അവസ്ഥയായിരുന്നു. അമ്പതില്‍ പരം വരുന്ന പൊലീസ് സേന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വലിച്ചിഴച്ച് നീക്കം ചെയ്യാനുള്ള ശ്രമം നടത്തി. വിദ്യാര്‍ഥികളുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം ആരെയും പിടിച്ചുകൊണ്ടുപോകാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കിലും ഉന്നത അധികാരികളായ വൈസ് ചാന്‍സിലറെയും പ്രോക്ടറെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് പുറത്തിറക്കാന്‍ പൊലീസ് വഴിയൊരുക്കി.
ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലറും പ്രോക്ടോറിയല്‍ ബോര്‍ഡ് അംഗങ്ങളും രാജി വെക്കണമെന്നുമായിരുന്നു കാമ്പസിലെ വിദ്യാര്‍ഥികളുടെ ആവശ്യം. കൂടാതെ വൈസ് ചാന്‍സലര്‍ നേരിട്ട് വന്ന് അഭിസംബോധന ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ പ്രോക്ടറോട് ആവശ്യപ്പെട്ടു. പ്രോക്ടര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഇത് ഒരു 'ചെറിയ വിഷയമാണെന്ന്' ('small incident') പ്രസ്താവിക്കുകയും അതുവഴി വിഷയത്തെ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. അതിജീവിതയുടെ വിശദാംശംങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നിരിക്കെ, അതിജീവിതയുടെ ഐഡന്റിറ്റിയെക്കുറിച്ച് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ വിദ്യാര്‍ഥികളോട് പരസ്യമായി ചോദിച്ചതും യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് തന്നെയാണ്.
തുടര്‍ന്ന് അതിജീവിതയുടെ ആവശ്യ പ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ചില അധ്യാപകരുടെ സാന്നിധ്യം കൂടെ ആവശ്യപ്പെടുകയും ചെയ്തു. പുലര്‍ച്ചെ അഞ്ച് മണിക്ക് പ്രോക്ടറുടെ ക്വാട്ടേഴ്‌സിന് മുന്നില്‍ തുടങ്ങിയ സമരം വൈകുന്നേരം 4.30 നാണ് അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങിന് മുന്നിലേക്ക് മാറുന്നത്. ഈയൊരു 12 മണിക്കൂറിനിടയില്‍ ഒരിക്കല്‍ പോലും വിദ്യാര്‍ഥികളെ കൃത്യമായി അഭിസംബോധന ചെയ്യാനോ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ അധികാരികള്‍ തയ്യാറായിരുന്നില്ല. രാത്രി വൈകിയും തുടര്‍ന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഇരുനൂറില്‍ പരം വിദ്യാര്‍ഥികളില്‍ നിന്നും അഞ്ച് പ്രതിനിധികളെ വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്താന്‍ അധികാരികള്‍ ക്ഷണിച്ചുവെങ്കിലും മുഴുവന്‍ വിദ്യാര്‍ഥികളെയും വൈസ് ചാന്‍സിലര്‍ നേരിട്ട് വന്ന് അഭിസംബോധന ചെയ്യണമെന്ന ആവശ്യത്തില്‍ ഞങ്ങള്‍ ഉറച്ചുനിന്നു.
പൊലീസ് വിദ്യാര്‍ഥികളോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ കൃത്യമായ മറുപടി ലഭിക്കുന്നത് വരെയും ഞങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെയും സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി അധികാരികളെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് ഫോഴ്‌സ് വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനും സമരം നിര്‍ത്തിവെപ്പിക്കാനും ശ്രമിച്ചത്. അക്ഷരാര്‍ഥത്തില്‍ കാമ്പസ്, പൊലീസ് സേനയുടെ തേര്‍വാഴ്ചക്ക് വിട്ടുകൊടുത്ത അവസ്ഥയായിരുന്നു. അമ്പതില്‍ പരം വരുന്ന പൊലീസ് സേന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വലിച്ചിഴച്ച് നീക്കം ചെയ്യാനുള്ള ശ്രമം നടത്തി. വിദ്യാര്‍ഥികളുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം ആരെയും പിടിച്ചുകൊണ്ടുപോകാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കിലും ഉന്നത അധികാരികളായ വൈസ് ചാന്‍സിലറെയും പ്രോക്ടറെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് പുറത്തിറക്കാന്‍ പൊലീസ് വഴിയൊരുക്കി.
വിഷയങ്ങളെല്ലാം മറച്ചുവെക്കാനും യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ വഴി തിരിച്ചുവിടാനുമാണ് ഇത്തരത്തില്‍ ഒരു വിഷയം പ്രോക്ടര്‍ പരാതിയിലേക്ക് വലിച്ചിഴച്ചത്. ഒരു സഹപാഠിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സമാധാനപരമായി സമരം നടത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളില്‍നിന്ന് 11 പേരെ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയും 153 (A) പോലുള്ള ഈ സമരവുമായി യാതൊരു തരത്തിലും ബന്ധപ്പെടുത്താനാവാത്ത കലാപ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഞങ്ങളെ കള്ളക്കേസിലകപ്പെടുത്തുകയും ചെയ്ത യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെയും തെലങ്കാന പൊലീസിന്റെയും നടപടി അങ്ങേയറ്റം അന്യായവും വിദ്യാര്‍ഥികളോടുള്ള കടുത്ത നീതി നിഷേധവുമാണ്.
വിശ്രമമില്ലാതെ തുടര്‍ന്ന സമരം അന്ന് രാത്രി താത്കാലികമായി അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായി. നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ ഈ രാത്രിക്ക് ശേഷം യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താനും ജനശ്രദ്ധ വഴിതിരിച്ചു വിടാനും ശ്രമിച്ചു. അതിന്റെ ഭാഗമായി ഈ സമരവുമായി യാതൊരു ബന്ധവുമില്ലാത്ത, സംഘാടകര്‍ തന്നെ പിന്‍വലിച്ച ഫലസ്തീന്‍ സാഹിത്യ ചര്‍ച്ചയുമായി വിദ്യാര്‍ഥി പ്രതിഷേധത്തെ ബന്ധപ്പെടുത്തി ഞങ്ങള്‍ ആറ് മലയാളികളുള്‍പ്പെടെ 11 പേര്‍ക്കെതിരെ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇസ്‌ലാമോഫോബിക് നരേറ്റീവുകള്‍ പടച്ചെടുത്ത് സമരത്തില്‍ വിള്ളലുണ്ടാക്കി പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ ഗൂഢനീക്കമാണിതെന്ന് വ്യക്തമാണ്. ലൈംഗികാതിക്രമ വിഷയത്തില്‍ അതിജീവിതയുടെ ആവശ്യപ്രകാരം പ്രോക്ടര്‍ തന്നെ വിളിച്ചു വരുത്തിയ വിശ്വസ്തരായ യൂണിവേഴ്‌സിറ്റി അധ്യാപകരെപ്പോലും തെറ്റായി ചിത്രീകരിക്കുന്നതാണ് ഈ എഫ്.ഐ.ആര്‍.
വളരെ ചെറിയ ഭൂവിസ്തൃതിയുള്ള, നൂറില്‍ പരം സെക്യൂരിറ്റി ജീവനക്കാരുള്ള, എല്ലായിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു കാമ്പസിലെ മൂന്നാമത്തെ ഗേറ്റില്‍ നിന്നും വളരെ ചെറിയ ദൂരത്തിലാണ് ഈ ദാരുണ സംഭവം നടന്നതെന്നത് യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയെ എടുത്തു കാണിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളെല്ലാം മറച്ചുവെക്കാനും യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ വഴി തിരിച്ചുവിടാനുമാണ് ഇത്തരത്തില്‍ ഒരു വിഷയം പ്രോക്ടര്‍ പരാതിയിലേക്ക് വലിച്ചിഴച്ചത്. ഒരു സഹപാഠിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സമാധാനപരമായി സമരം നടത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളില്‍നിന്ന് 11 പേരെ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയും 153 (A) പോലുള്ള ഈ സമരവുമായി യാതൊരു തരത്തിലും ബന്ധപ്പെടുത്താനാവാത്ത കലാപ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഞങ്ങളെ കള്ളക്കേസിലകപ്പെടുത്തുകയും ചെയ്ത യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെയും തെലങ്കാന പൊലീസിന്റെയും നടപടി അങ്ങേയറ്റം അന്യായവും വിദ്യാര്‍ഥികളോടുള്ള കടുത്ത നീതി നിഷേധവുമാണ്. ലൈംഗിക അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനിയെ അപമാനിക്കുന്ന തരത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളും ഒരു കേന്ദ്ര സര്‍വകലാശാലയായിട്ടും വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ വന്ന വീഴ്ചയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
യൂണിവേഴ്‌സിറ്റി പരാതി നല്‍കിയതും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും തീര്‍ച്ചയായും ഈ സമരത്തെ പരാജയപ്പെടുത്താനും വിഷയത്തിന്റെ ഗൗരവത്തെ ഇല്ലാതാക്കാനുമാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇരുപത് മണിക്കൂറിലേറെ അതിജീവിതയുടെ നീതിക്ക് വേണ്ടി സമരം ചെയ്തപ്പോള്‍ അതില്‍ നിന്നും 11 വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയതും, അതില്‍ സമരം നടക്കുമ്പോള്‍ കാമ്പസില്‍ ഇല്ലാതിരുന്ന വിദ്യാര്‍ഥിയെ വരെ ഉള്‍പ്പെടുത്തിയതും ഈ സമരം ഇല്ലാതാക്കാനുള്ള യൂണിവേഴ്‌സിറ്റി അധികാരികളുടെ കുതന്ത്രം എടുത്തു കാണിക്കുന്നു.
ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കള്ളക്കേസുകള്‍ ചുമത്തി ഈ പോരാട്ടം ഇല്ലാതാക്കിക്കളയാമെന്നത് കേവല വ്യാമോഹം മാത്രമാണ്. ലൈംഗികാതിക്രമ പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതിനും കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുന്നതിനും മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഞങ്ങള്‍ ആവശ്യപ്പെടുന്നു.