രക്തദാന ദിനാചരണം ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍; ജൂണ്‍ 14 ലോക രക്തദാന ദിനം

ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.

Update: 2024-06-14 05:03 GMT
Advertising

രക്തദാനം മനുഷ്യമനസ്സുകളിലെ നന്മയുടെ നേര്‍കാഴ്ച എന്ന് ഓര്‍മപ്പെടുത്തികൊണ്ട് എല്ലാ വര്‍ഷവും ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിച്ചു പോരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യരെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളോടുള്ള നന്ദി പറച്ചിലുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ജീവിതത്തിലെ മറ്റെന്ത് തിരക്കിനേക്കാളും വിലയര്‍ഹിക്കുന്നതാണ് ഒരു ജീവനെന്ന യാഥാര്‍ഥ്യം ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. 'ദാനത്തിന്റെ ഇരുപതാം വര്‍ഷം: രക്തദാതാക്കള്‍ക്ക് നന്ദി!' എന്നാണ് 2024 ലെ രക്തദാന ദിന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ലോകമെമ്പാടുമുള്ള രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റികളും സംഘടനകളും ഈ പ്രമേയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിപുലമായ കാമ്പയിന്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.

ഈ വര്‍ഷത്തെ രക്തദാന ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍:

1. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സംഭാവന ചെയ്ത സന്നദ്ധ രക്തദാതാക്കളോടുള്ള നന്ദി അറിയിക്കലും അവര്‍ക്കുള്ള അംഗീകാരവും.

2. ദേശീയ രക്തദാന പരിപാടികളുടെ നേട്ടങ്ങളും വെല്ലുവിളികളും പ്രദര്‍ശിപ്പിക്കുകയും മികച്ച പരിശീലനങ്ങളും അറിവുകളും പങ്കിടുക.

3. സുരക്ഷിതമായ രക്ത ട്രാന്‍സ്ഫ്യൂഷനായി സ്ഥിരമായതും സൗജന്യവുമായ രക്തദാനത്തിനെ പ്രോത്സാഹിപ്പിക്കുക.

4. യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ പതിവായി രക്തദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും അതുവഴി രക്തതാനത്തിന്റെ വൈവിധ്യവും സുസ്ഥിരതയും വര്‍ധിപ്പിക്കുകയും ചെയ്യുക.

ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള 18 നും 65 നും ഇടയില്‍ പ്രായവും 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മല്‍ ആയിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് രക്തദാനം ചെയ്യാം. രക്തദാനത്തിലൂടെ ഒരു ജീവന്റെ തുടിപ്പിന് രക്ഷയേകുന്നതോടൊപ്പം തന്നെ രക്തദാതാവിന്റെ ശരീരത്തില്‍ പുതിയ രക്തകണികകള്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരം പ്രേരിപ്പിക്കുകയും രക്തം നവീകരിക്കുന്നതിന് സഹായകമാകുകയും ചെയ്യുന്നു. മാത്രമല്ല, ഇതുവഴി രക്തത്തിന്റെ അപര്യാപ്തയെ വലിയ തോതില്‍ നേരിടാന്‍ സാധിക്കുന്നു. ഒരു പുണ്യ കര്‍മം എന്നതിലുപരി ഇത് ഓരോരുത്തരുടെയും കടമയാണ് എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. എങ്കിലും ഈ വിഷയത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചിലഘടകങ്ങള്‍ കൂടിയുണ്ട്.

1 . എച്ച്.ഐ.വി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല.

2. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍, പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.

3. മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.

4. സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.

ടാറ്റൂ, ബോഡി പിയേഴ്സിങ് ഇവ ചെയ്തവര്‍ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്. രക്തദാനത്തിന് മുന്‍പും ശേഷവും പോഷകാഹാര സമൃദ്ധമായ ഭക്ഷണം കഴിക്കുകയും രക്തദാനം കഴിഞ്ഞാലുള്ള കുറച്ചു നേരത്തെ വിശ്രമവും അത്യാവശ്യമാണ്.

5. പുരുഷന്മാര്‍ക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും, സ്ത്രീകള്‍ക്ക് നാലുമാസം കൂടുന്തോറും രക്തം ദാനം ചെയ്യാം.

ആരോഗ്യമേഖല ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിന് ബദലായി ഒരു കൃത്രിമരക്തം കണ്ടുപിടിക്കാത്തതുകൊണ്ട് തന്നെ രക്തദാനത്തിന്റെ പ്രാധാന്യം ഏറെ പ്രസക്തമാണ്. ശസ്തക്രിയ സമയങ്ങളില്‍ രോഗിയില്‍ നിന്നും നേരത്തെ രക്തം ശേഖരിച്ചു വെക്കുന്നുണ്ടെങ്കില്‍ പോലും ചില സമയങ്ങളില്‍ പുതിയ രക്തം ആവശ്യമായി വരാറുണ്ട്. കൂടാതെ പ്രസവ സമയങ്ങളില്‍ ഉള്ള അമിതമായ രക്തസ്രാവം, പ്ലേറ്റ്‌ലൈറ്റുകളുടെ അപര്യാപ്തത മൂലം അസുഖങ്ങള്‍ പിടിപെടുക തുടങ്ങിയ അവസരങ്ങളിലും രക്തം സ്വീകരിക്കേണ്ടി വരാറുണ്ട്. സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ലഭ്യമാകൂ. ആവശ്യമായി വരുന്ന രക്തത്തിന്റെ വലിയ ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ സ്വീകരിച്ചാല്‍ ഒരു രോഗിക്കും രക്തത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ടി വരില്ല. 


തിരുവനന്തപുരം ശ്രീചിത്ര മെഡക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍ രക്തം നല്‍കുന്നു.

നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്കു, ഹീമോഫീലിയ തുടങ്ങിയ രോഗാവസ്ഥകളിലും ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തം അത്യന്താപേക്ഷിതമായി വരുന്നു. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നിലൂഫര്‍ സുല്‍ത്താന

Writer

Similar News