ഉള്ളൊഴുക്ക്: വികാരത്തിനും വിചാരത്തിനുമിടയില്‍

അമ്മയായിരിക്കുക എന്ന അവസ്ഥയും അമ്മയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുറത്തേക്കെന്നതിനേക്കാള്‍ നല്ലത് അകത്തേക്ക് ഒഴുകുന്നതാണ് എന്ന തിരിച്ചറിവില്‍ അഞ്ജുവിനെ എത്തിക്കുന്ന ഘടകങ്ങളാണ് വീണ്ടു വിചാരത്തിന് വിധേയമാക്കേണ്ടത്. |ഉള്ളൊഴുക്ക് സിനിമയുടെ ആസ്വാദനം

Update: 2024-06-22 12:49 GMT
Advertising

ഏത് അഴുക്കിനെയും ഉള്ളില്‍ വഹിച്ച് ഒഴുകുക, ഒഴുകും തോറും ഒഴുക്കു വര്‍ധിക്കുക, വീണ്ടും വീണ്ടും തെളിനീരായി മാറുക... ഒഴുക്കുകളെല്ലാം ഒരൊറ്റ വഴിയായി, മഹാസമുദ്രത്തില്‍ വിലയിക്കുമെന്നതും സ്‌നേഹമെന്ന രണ്ടക്ഷരത്തില്‍ അഭയം തേടുമെന്നതും ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ അഭ്രാവിഷ്‌കാരമാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്.

പുണ്യ - പാപസങ്കല്‍പങ്ങള്‍ വ്യക്തി-കാല-ദേശ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പരിണാമിയായിരിക്കും. നമ്മുടെ ഗുണപാഠകഥകളും സാമൂഹിക-സദാചാരകഥകളും ഇവയ്ക്കനുഗുണമായി പുതിയ രൂപങ്ങളില്‍, ഭാവങ്ങളില്‍ ആവിഷ്‌കരിക്കപ്പെടും. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് കര്‍ത്താവ് അരുളി ചെയ്‌തെങ്കില്‍ 'വിതച്ചത് കൊയ്യും' എന്നൊരു ബൈബിള്‍ വചനം കൂടിയുണ്ട്. പാപിയെ സ്‌നേഹിക്കുക, പാപത്തെ വെറുക്കുക എന്ന വചനം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പാപബോധത്തെക്കുറിച്ചുള്ള മതസങ്കല്‍പം എത്ര ശക്തമാണെന്ന് ബോധ്യമാകും. വ്യഭിചാരം, വിവാഹേതരബന്ധങ്ങള്‍ എന്നിവയെ നിഷിദ്ധമായി കാണുമ്പോള്‍ തന്നെ, പാണ്ഡവന്മാരുടെ ജനന കഥയും ലോത്തിന്റെയും പെണ്‍മക്കളുടേയും കഥയുമെല്ലാം ഇവയ്ക്കു വിരുദ്ധമല്ലേ എന്നൊരു ചോദ്യം മനസ്സിലുയര്‍ത്താന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയും ചെയ്യും.

മകന്റെ സന്തോഷത്തിനായി ഒരു പെണ്‍കുട്ടിയെ ബലിയാടാക്കുന്നതില്‍ വലിയ തെറ്റൊന്നും കാണാതിരുന്നത് തറവാട്ടുമഹിമയിലുള്ള ഊറ്റം മാത്രമല്ല, അചഞ്ചലമായ ദൈവവിശ്വാസം കൊണ്ടു കൂടിയാണെന്നത് അല്‍പം അമ്പരപ്പിക്കുക കൂടി ചെയ്യും. എന്നാല്‍, ഉദാരവതിയായ ഒരു തറവാട്ടമ്മയെപ്പോലെ തന്റെ മരുമകള്‍ക്ക് സമ്പത്ത് കൈമാറാനുള്ള അവരുടെ സന്നദ്ധത മനുഷ്യ നന്മയിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ, കുടുംബം-സാമൂഹിക ബന്ധങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവര്‍ മതാധിഷ്ഠിത മൂല്യവിചാരങ്ങളെ തരാതരം പോലെ ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ ഉപേക്ഷിക്കുന്നതും കാണാന്‍ കഴിയും.

ഉള്ളൊഴുക്കിലെ ലീലാമ്മ തന്റെ കുടുംബ മഹിമയിലും സമ്പത്തിലും ഭാഗ്യ നിര്‍ഭാഗ്യങ്ങളിലും തികഞ്ഞ ആത്മവിശ്വാസമുള്ളവളാണ്. പക്ഷേ, അകാലത്തില്‍ അന്തരിച്ച ഭര്‍ത്താവും രോഗിയായിരുന്ന മകനും ഉത്തരവാദിത്തങ്ങളല്ലാതെ മമത അവശേഷിപ്പിച്ചിരുന്നില്ലെന്ന് അവര്‍ തിരിച്ചറിയാന്‍ വൈകിപ്പോയി. മകന്റെ സന്തോഷത്തിനായി ഒരു പെണ്‍കുട്ടിയെ ബലിയാടാക്കുന്നതില്‍ വലിയ തെറ്റൊന്നും കാണാതിരുന്നത് തറവാട്ടുമഹിമയിലുള്ള ഊറ്റം മാത്രമല്ല, അചഞ്ചലമായ ദൈവവിശ്വാസം കൊണ്ടു കൂടിയാണെന്നത് അല്‍പം അമ്പരപ്പിക്കുക കൂടി ചെയ്യും. എന്നാല്‍, ഉദാരവതിയായ ഒരു തറവാട്ടമ്മയെപ്പോലെ തന്റെ മരുമകള്‍ക്ക് സമ്പത്ത് കൈമാറാനുള്ള അവരുടെ സന്നദ്ധത മനുഷ്യ നന്മയിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. 


പ്രാഞ്ചിയേട്ടന്‍ സിനിമയിലെ സെയിന്റ് ചോദിക്കുന്നതും പോലെ, ഇന്നലെ വരെ നമ്മുടേതായിരുന്നതെല്ലാം നമ്മുടെ തന്നെയാണോ എന്നൊരു സംശയം എപ്പോഴും ഉള്ളില്‍ പേറി ജീവിക്കാന്‍ വിധിക്കപ്പെട്ട അഞ്ജു എന്ന കഥാപാത്രം പ്രേക്ഷകനില്‍ സഹതാപം ജനിപ്പിക്കും. രോഗിയായ ഭര്‍ത്താവ്, പ്രണയാതുരനായ കാമുകന്‍, തന്റെ ഇഷ്ടങ്ങള്‍ക്ക് വില നല്‍കാതെ വിവാഹം കഴിപ്പിച്ചയച്ച മാതാപിതാക്കള്‍, തന്നെ ജീവനു തുല്യം സ്‌നേഹിക്കുന്ന അമ്മായിയമ്മ, പല വിധ ചോദ്യങ്ങളുയര്‍ത്താന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന നാട്ടുകാര്‍ - ഇവരെല്ലാം കാമനകള്‍ക്കും വിധികള്‍ക്കുമിടയില്‍ അവളെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. വീട്ടുകാരെ ഉപേക്ഷിക്കുകയും അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനായി മാത്രം ഒറ്റയ്ക്ക് ഇറങ്ങി നടക്കുകയും ചെയ്യുന്ന ഒരാള്‍ വീണ്ടു വിചാരത്തിന് വിധേയനാകേണ്ടി വരുമെന്ന സാമ്പ്രദായിക സങ്കല്‍പത്തിലേക്ക് സിനിമയുടെ ക്ലൈമാക്‌സ് അനായാസമായി സഞ്ചരിക്കുന്നു എന്നത് ഉള്ളൊഴുക്കിന്റെ ശക്തി കുറയ്ക്കുന്നുണ്ട്.

അഞ്ജുവിന്റെ ഇഷ്ടങ്ങളും സ്വേച്ഛാഗമനങ്ങളും എടുത്തുചാട്ടമായിരുന്നു എന്നൊരു പാരമ്പര്യ മൂല്യ സങ്കല്‍പത്തിലേക്കെത്തിക്കുവാനും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുമുള്ള ശ്രമം ലീലാമ്മയുടെ ഉള്ളൊഴുക്കാണ് കൂടുതല്‍ ശക്തമായത് എന്ന വിലയിരുത്തലിലാണ് സിനിമ അവസാനിക്കുന്നതും, കഥയുടെ പല ഘട്ടങ്ങളിലുള്ള ദൗര്‍ബല്യത്തെ തുറന്നു കാണിക്കുന്നതും. തന്റെ മകന്റെ അവകാശിയെ അത്യധികം ഉത്സുകതയോടെ കാത്തിരിക്കുന്ന അമ്മയും പാപബോധം ഉള്ളില്‍ പേറുന്ന മരുമകളും തങ്ങളുടെ കടമ നിര്‍വഹിച്ചു എന്ന സമാധാനത്തില്‍ കഴിയുന്ന അഞ്ജുവിന്റെ അച്ഛനമ്മമാരും വിധിയെ അല്ലാതെ ആരെ പഴിക്കാന്‍ എന്ന് ചിന്തിക്കുന്ന ബന്ധുമിത്രാദികളും ഉള്ളൊഴുക്കില്‍ പുതിയ സാധ്യതകള്‍ ഒന്നും തന്നെ തുറന്നിടുന്നില്ല. വിവാഹവും രോഗവും പ്രണയവും പ്രതീക്ഷിക്കുന്ന പാതകളില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ഒരു മരണവും ശവമടക്കിനായുള്ള കാത്തിരിപ്പും ആര്‍ത്തു പെയ്യുന്ന മഴയും മലയാള സിനിമയില്‍ അത്ര പുതുമയുള്ള ഒരു പ്ലോട്ടുമല്ല. 'ഈ മ യൗ'വില്‍ അപ്പന്റെ ശവമടക്കം നടത്താന്‍ ശ്രമിക്കുന്ന കടപ്പുറത്തുകാരനായ മകന്റെ സംഘര്‍ഷം നിറഞ്ഞ ഒരു ദിവസത്തിന്റെ ചിത്രീകരണം ലിജോ ജോസ് പെല്ലിശ്ശേരി അതിമനോഹരമായി ചിത്രീകരിച്ചത് മലയാളികള്‍ കണ്ടിട്ടുള്ളതാണ്. മഴയുടെ ചിത്രീകരണം പൊതുവേ ദുഃഖാര്‍ദ്രമായ സിനിമകളില്‍ കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഷാജി എന്‍. കരുണിന്റെ പിറവി, കമലിന്റെ പെരുമഴക്കാലം എന്നിവ ഓര്‍ക്കാതെ വയ്യ. 2018ലെ വെള്ളപ്പൊക്കം വിതച്ച ദുരിതങ്ങള്‍ ചിത്രീകരിച്ച ജൂഡ് ആന്റണിയുടെ 2018 എവരി വണ്‍ ഈസ് എ ഹീറോ എന്ന സിനിമയും മഴയും വെള്ളവും ഓരോ സീനിലും പലതരത്തില്‍ ആവര്‍ത്തിച്ച സിനിമയാണ്. ഓരോ മഴയിലും വെള്ളത്തിലാകുന്ന കുട്ടനാടിന്റെ ദുരിതം വളരെ ഭംഗിയായി ചിത്രീകരിക്കാന്‍ ഉള്ളൊഴുക്കില്‍ സാധിച്ചിട്ടുണ്ട്. മരിച്ചയാളെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വെള്ളം കൊണ്ട് വീര്‍ത്ത മണ്ണിന്റെ മാറിടം സിനിമയിലെ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. 


തോമസു കുട്ടിയുടെ മരണം ഏല്‍പ്പിക്കുന്ന അനാഥത്വത്തെ മറികടക്കാനാണ് അഞ്ജുവെന്ന പിടിവള്ളിയില്‍ ലീലാമ്മ മുറുകെ പിടിക്കുന്നത്. തന്റെ ജീവിതം ഒരു വിധവയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല എന്ന ഉള്‍ബോധ്യത്തിലാണ് വീട്ടില്‍ നിന്ന് പുറത്തേക്കൊഴുകാന്‍ അഞ്ജുവും ആഗ്രഹിക്കുന്നത്. അമ്മയായിരിക്കുക എന്ന അവസ്ഥയും അമ്മയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുറത്തേക്കെന്നതിനേക്കാള്‍ നല്ലത് അകത്തേക്ക് ഒഴുകുന്നതാണ് എന്ന തിരിച്ചറിവില്‍ അഞ്ജുവിനെ എത്തിക്കുന്ന ഘടകങ്ങളാണ് വീണ്ടു വിചാരത്തിന് വിധേയമാക്കേണ്ടത്.

രാജീവ് എന്ന കഥാപാത്രം പുരുഷന്റെ ദൗര്‍ബല്യങ്ങളെ കോര്‍ത്തിണക്കി നിര്‍മിച്ചെടുത്തതാണ്. പ്രണയം - വിവാഹം - സൗഹൃദം എന്നതിനപ്പുറം കന്യകയല്ലാത്ത ഒരുവളെ സ്വീകരിക്കേണ്ടി വരുന്ന പുരുഷന്‍ വലിയ ഔദാര്യമാണ് പ്രകടിപ്പിക്കുന്നത് എന്ന പരമ്പരാഗത വിശ്വാസവും പണത്തോടുള്ള ആര്‍ത്തിയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയും അയാളുടെ നന്മകളുടെ തിളക്കം ചോര്‍ത്തിക്കളയുന്നു. അയാളൊരു ഹിന്ദിക്കാരനാണ് എന്നത് ഈ ദൗര്‍ബല്യങ്ങളുടെ കാരണമായി മലയാളി പ്രേക്ഷകര്‍ക്ക് സ്വേച്ഛ പോലെ തിരഞ്ഞെടുക്കാം. 


| സിനിമയുടെ ചിത്രീകരണവേളയില്‍ സംവിധായകന്‍ ക്രിസ്‌റ്റോ ടോമി, ഊര്‍വശി, പാര്‍വതി തിരുവോത്ത്

ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിക്കുന്നു എന്നതാണ് ഉള്ളൊഴുക്കിന്റെ ഹൈലൈറ്റ്. അഭിനേതാക്കള്‍ എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് രണ്ടുപേരും. അന്തഃസംഘര്‍ഷങ്ങളെ ഭാവഭേദങ്ങളിലൂടെ മാത്രമല്ല, നടപ്പിലും ഇരുപ്പിലും മറ്റു ചലനങ്ങളിലും വരെ അനുഭവിപ്പിക്കാന്‍ രണ്ടുപേര്‍ക്കും സാധിച്ചിരിക്കുന്നു.

സിനിസ്ഥാന്‍ ഫിലിം കമ്പനി, മുംബൈ സംഘടിപ്പിച്ച അഖിലേന്ത്യാ തിരക്കഥാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ ഫ്യൂണറല്‍ എന്ന കഥയാണ് അദ്ദേഹം ഉള്ളൊഴുക്ക് എന്ന സിനിമയാക്കിയത്. കറി ആന്റ് സയനൈഡ് എന്ന അദ്ദേഹത്തിന്റെ ഡോക്യുഫിക്ഷനും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രേക്ഷക പ്രീതിയാര്‍ജിച്ചിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും സിനിമയുടെ തുടക്കം മുതല്‍

ഒടുക്കം വരെ ഒരു പിരിമുറുക്കം നിലനിര്‍ത്തിയിട്ടുണ്ട്. ഷെഹനാദ് ജലാലിന്റെ ക്യാമറയും ഗംഭീരമായിട്ടുണ്ട്. പ്രത്യേകിച്ചും കായലിലെ സീനുകള്‍ അതിമനോഹരമാണ്. ശവമഞ്ചം വഹിച്ചുകൊണ്ടുള്ള തോണി യാത്രയുടെ വൈഡ് ആംഗിള്‍ ലോങ്ങ് ഷോട്ട് എന്നും ഓര്‍മിച്ചു വെക്കാവുന്നതാണ്. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും ഓര്‍മകളുടെ സ്‌നേഹപാശത്തില്‍ കുടുങ്ങിക്കിടക്കുന്നതു പോലെ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വി.കെ ഷാഹിന

Writer

Similar News